Latest News

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും നാടന്‍പാട്ട് കലാകാരനുമായ രാജേഷ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. കായംകുളം സ്വദേശിയായ യാസീന്‍ മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജേഷിനെ കൊലപ്പെടുത്താനെത്തിയ ക്വട്ടേഷന്‍ സംഘത്തെ സഹായിച്ചയാളാണ് യാസീന്‍. നേരത്തെ ക്വട്ടേഷന്‍ സംഘത്തിന് താമസം സൗകര്യം നല്‍കിയ സനു എന്നയാള്‍ പോലീസ് പിടിയിലായിരുന്നു.

മാര്‍ച്ച് 27ന് പുലര്‍ച്ചെ രണ്ടുമണിയോടെ ആറ്റിങ്ങല്‍ മടവൂരിനടുത്ത് വെച്ച് നാലംഗ ക്വട്ടേഷന്‍ സംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയത്. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഖത്തറില്‍ വ്യവസായിയായ ഓച്ചിറ തെക്ക് കൊച്ചുമുറി നായമ്പരത്ത് കിഴക്കതില്‍ പത്തിരി സത്താറാണ് രാജേഷിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ നിര്‍ദേശ പ്രകാരം അലിഭായി എന്നറിയപ്പെടുന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം നടത്തിയത്.

സംഭവത്തിന് ശേഷം പ്രതികള്‍ രാജ്യം വിട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. സത്താറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണ്. സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് ഭാഷ്യം. ഖത്തറില്‍ ജിംനേഷ്യം പരിശീലകനായ ഓച്ചിറ സ്വദേശി അലിഭായി എന്ന സാലിഹ ബിന്‍ ജലാല്‍ ഉള്‍പ്പെടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍നിന്നു ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടെ അസ്ഥികൂടം ലഭിച്ച കേസില്‍ പോലീസിന്റെ അന്വേഷണത്തിനു വീണ്ടും തടസം. ശകുന്തളയുടെ മകള്‍ അശ്വതി നുണ പരിശോധനയ്ക്കു  തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചതാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനു തലവേദനയായത്.

പോലീസിനോട് ആദ്യം നുണ പരിശോധനയ്ക്കു തയ്യാറാണെന്ന് പറഞ്ഞ അശ്വതി കോടതിയില്‍ എത്തിയപ്പോള്‍ അഭിഭാഷകന്‍ മുഖേന നിലപാട് മാറ്റുകയായിരുന്നു. മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന അശ്വതിയുടെ കാമുകന്‍ സജിത്തിലേക്ക് എത്താനുള്ള വഴിയാണ് ഇതോടെ അടഞ്ഞത്.

ശകുന്തളയുടെ മൃതദേഹം ലഭിച്ചതിന്റെ അടുത്ത ദിവസം സജിത്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഉറപ്പായതോടെ സജിത്ത് ആത്മഹത്യ ചെയ്തതാകാമെന്ന നിലപാടാണ് പോലീസിനുള്ളത്.  അശ്വതി നുണ പരിശോധനയ്ക്കു വിധേയയാക്കി ദൂരൂഹതകളുടെ ചുരുളഴിക്കാമെന്നാണ് പോലീസ് കരുതിയത്. പ്രശ്‌നത്തില്‍ വീണ്ടും ആലോചിച്ച ശേഷം നിലപാട് അറിയിക്കാന്‍ കോടതി അശ്വതിയുടെ അഭിഭാഷകന്  നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അശ്വതി നുണ പരിശോധനയ്ക്കു തയാറായില്ലെങ്കില്‍ കൂടുതല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് മുന്നോട്ടു പോകുമെന്ന് എറണാകുളം സൗത്ത് സിഐ സിബി ടോം പറഞ്ഞു. അശ്വതിയുടെ മൊഴികളില്‍ വൈരുദ്ധ്യം  കണ്ടതോടെയാണ് നുണ പരിശോധനയുടെ സാധ്യതകള്‍ തേടിയത്.

ചോദ്യം ചെയ്യാന്‍ ഇനി ആരും ബാക്കിയില്ല. എങ്കിലും അന്വേഷണത്തിനിടയില്‍ കണ്ടെത്തിയ ചില കാര്യങ്ങളുടെ വെളിച്ചത്തില്‍ മുന്നോട്ടു പോകാനുള്ള ശ്രമമാണു പോലീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി ഏഴിന് കുമ്പളം ടോള്‍ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിലാണു വീപ്പ കണ്ടെത്തിയത്.

വീപ്പയില്‍നിന്നു ലഭിച്ച മൃതദേഹം സ്ത്രീയുടെതാണെന്നു പരിശോധനയില്‍ തെളിഞ്ഞിരുന്നു. കാലുകള്‍ കൂട്ടിക്കെട്ടി വീപ്പയില്‍ തലകീഴായി ഇരുത്തി കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം.  അല്‍പ വസ്ത്രം ധരിച്ചിരുന്ന മൃതദേഹത്തോടൊപ്പം മൂന്ന് 500 രൂപ നോട്ടുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇടത് കണങ്കാലില്‍ ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ കന്പിയിട്ടിട്ടുള്ളതായി കണ്ടെത്തി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് അപകടത്തില്‍ പരിക്കേറ്റ ഇത്തരം ശസ്ത്രക്രിയ നടത്തിയവരെ സംബന്ധിച്ചു നടത്തിയ അന്വേഷണമാണ് ശകുന്തളിയിലേക്കെത്തിച്ചത്. മകള്‍ അശ്വതിയുടെ ഡിഎന്‍എയുമായി അസ്ഥികൂടത്തിനു പൊരുത്തമുണ്ടെന്നു കണ്ടെത്തിയതോടെ അന്വേഷണ സംഘം ശകുന്തളയാണു മരിച്ചതെന്ന് ഉറപ്പു വരുത്തി.

യുകെയിലെ ആംബുലന്‍സുകളുടെ പ്രവര്‍ത്തനം താറുമാറാകുന്നു. ആംബുലന്‍സ് വാഹനങ്ങളില്‍ തെറ്റായ ഇന്ധനം നിറയ്ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ആംബുലന്‍സിന് ആവശ്യമായ ഇന്ധനം ഏതെന്ന് തിരിച്ചറിയാന്‍ കഴിയാതെ വരുന്ന ക്രൂ അംഗങ്ങള്‍ തെറ്റായ ഇന്ധനം നിറയ്ക്കുന്നു. ഇത് കാരണം ദിവസങ്ങളോളം ആംബുലന്‍ പ്രവര്‍ത്തനരഹിതമാകും. ഡീസലിന് പകരം പെട്രോള്‍ നിറച്ചാല്‍ വാഹനത്തിന്റെ എഞ്ചിന് തകരാറ് സംഭവിക്കും. ഇതോടെ ദിവസങ്ങളോളം നീളുന്ന റിപ്പയറിംഗ് ജോലികള്‍ ആവശ്യമായി വരികയും അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യാനുസരണം ആംബുലന്‍സുകള്‍ ലഭ്യമാകാതെ വരികയും ചെയ്യും. ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്‍എച്ച്എസിന് സ്വന്തമായുള്ള ബങ്കറിംഗ് ഹബ്ബുകളില്‍ പോലും ഇത്തരം പിഴവുകള്‍ ഉണ്ടാകുന്നുണ്ട്.

2012 മുതല്‍ യുകെയില്‍ ഇത്തരത്തിലുള്ള 769 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രൂ അംഗങ്ങളുടെ അശ്രദ്ധയാണ് തെറ്റായ ഇന്ധനം നിറയ്ക്കുന്നതിന് കാരണമാകുന്നത്. പാരാമെഡിക്കുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന സംബന്ധിച്ച നിര്‍ദേശങ്ങള്‍ എന്‍എച്ച്എസ് അധികൃതര്‍ നല്‍കാറുണ്ട്. ഇത് സംബന്ധിച്ച ഓഡിയോ അലര്‍ട്ട് ആംബുലന്‍സ് ക്രൂ അംഗങ്ങള്‍ക്ക് നല്‍കാറുണ്ടെങ്കിലും പല സമയങ്ങളില്‍ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്. എആന്‍ഇ ഡിപാര്‍ട്ട്‌മെന്റുകളിലെ ജീവനക്കാരുടെ അപര്യാപ്തത ആംബുലന്‍സ് ട്രസ്റ്റുകളെ കാര്യമായി ബാധിക്കാറുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ഉപയോഗിച്ച് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. അടിയന്തര സമയങ്ങളില്‍ പോലും ജീവനക്കാരുടെ അപര്യാപ്തത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

വിന്ററില്‍ ആംബുലന്‍സ് സ്റ്റാഫുകളുടെ അപര്യാപ്തത വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. വിന്ററിലെ പ്രതിസന്ധി മറികടക്കാന്‍ ടാക്‌സികള്‍ വരെ ഉപയോഗിക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയിരുന്നു. ജീവനക്കാരുടെ ലഭ്യതയിലുള്ള കുറവ് ആംബുലന്‍സ് വാഹനങ്ങളിലുണ്ടാകുന്ന കുറവും പൊതുജനാരോഗ്യ രംഗത്തെ സാരമായി ബാധിക്കും. തെറ്റായ ഇന്ധനം നിറയ്ക്കുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷിക്കുന്നതില്‍ വീഴ്ച്ച വരുത്തുമെന്നും നികുതിപ്പണം പാഴാവുന്നതിന് കാരണമാകുമെന്നും കാംമ്പയിനേഴ്‌സ് പറയുന്നു. സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വീസിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതാണ്ട് 156 ആംബുലന്‍സിലാണ് തെറ്റായ ഇന്ധനം നിറച്ചിരിക്കുന്നത്. ഈ ആംബുലന്‍സുകള്‍ റിപ്പയര്‍ ചെയ്യുന്നതിനായി ഏതാണ്ട് 51,500 പൗണ്ട് ചെലവ് വന്നിട്ടുണ്ട്.

പാമ്പാടി പള്ളിക്കത്തോട് മുണ്ടന്‍ കവലയില്‍ കഞ്ചാവു വിൽപ്പന നടത്തിയതു ചോദ്യം ചെയ്യാനെത്തിയ യുവാവ് മർദ്ദനമേറ്റു മരിച്ചു. പാമ്പാടി പാറയ്ക്കൽ ഉല്ലാസ് ആണ് മരിച്ചത്. തെക്കേൽ അജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി അജേഷ് സ്ഥിരം കഞ്ചാവു വില്‍പ്പക്കനക്കാരനാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

തുമ്പോളി ഭാഗത്തുള്ള അജേഷിന്റെ വീട്ടില്‍ വച്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഒരാൾ അജേഷിന്റെ വീട്ടിലേക്കു പോകുന്നത് വഴിയിരികിൽ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരുന്ന ഉല്ലാസ് കണ്ടു. ഇയാൾ കഞ്ചാവ് വാങ്ങാനാണ് അജേഷിന്റെ വീട്ടിൽ പോകുന്നതെന്ന സംശയത്തെ തുടർന്ന് ഇതു ചോദ്യം ചെയ്യാൻ കൂട്ടുകാരനെയും കൂട്ടി ഉല്ലാസ് അജേഷിന്റെ വീട്ടിലെത്തുകയായിരുവെന്നു.

എന്നാൽ, വീടിനുള്ളിൽ ഉല്ലാസും അജേഷുമായി സംസാരിക്കുന്നതിനിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്നു ദൃക്സാക്ഷികൾ പറയുന്നു. തിരികെ മടങ്ങിയ ഉല്ലാസ് വീണ്ടും കൂട്ടുകാരെയും കൂട്ടി അജേഷിനെ ചോദ്യം ചെയ്യാനെത്തി. ഇതിനിടെ അജേഷ് കമ്പി വടിയെടുത്തു തലയുടെ പുറകിൽ അടിച്ചതോടെ ഉല്ലാസ് ബോധരഹിതനായി വീഴുകയായിരുന്നു. കൂട്ടുകാർ ഉടൻ ഉല്ലാസിനെയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഉല്ലാസ് മരിച്ചിരുന്നു.

അടിയേറ്റ ഉല്ലാസിനു പരുക്ക് മാത്രമെ ഉള്ളുവെന്നു കരുതി അജേഷും തൊട്ടുപിന്നാലെ ആശുപത്രിയില്‍ ചികൽസ തേടാനെത്തി. ഉല്ലാസ് മരിച്ച വിവരം അറിഞ്ഞ അജേഷ് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് എത്തി പിടികൂടുകയായിരുന്നു. ഭാര്യയെ കൊന്ന കേസില്‍ അജേഷിന്റെ പിതാവ് വർഷങ്ങൾ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതേ തുടർന്നു ഒറ്റക്കായാരുന്നു അജേഷിന്റെ താമസം.

കോളജ് വിദ്യാര്‍ഥികളടക്കം ഒന്‍പതുമലയാളികള്‍ നൂറ്റിയെട്ടുകിലോ കഞ്ചാവുമായി ബെംഗളൂരുവില്‍ പിടിയിലായി. ഒഡീഷയില്‍ നിന്ന് ബെംഗളൂരുവിലേയ്ക്ക് കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്. കേരളത്തിലടക്കം കഞ്ചാവ് വില്‍പന നടത്തുന്ന വന്‍സംഘമാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.

തൃശൂർ സ്വദേശികളായ നൈനേഷ്, ഷിനാസ്, നബീൽ, മുഷ്താഖ്. കൊച്ചി സ്വദേശികളായ അനസ്,പ്രജീൽദാസ്, ഷാഫി. തിരുവനന്തപുരം സ്വദേശിസാജൻ, മലപ്പുറം സ്വദേശി അക്ഷയ്കുമാർ, എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇവരുപയോഗിച്ചിരുന്ന രണ്ടു കാറുകളില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബെംഗളൂരു ഇന്ദിരാനഗറിലുള്ള നൈനേഷിന്റെ വീട്ടിൽ നിന്നും പൊലീസ് കഞ്ചാവ് കണ്ടെടുത്തു. വിവിധ സംസ്ഥാനങ്ങളിലായി കഞ്ചാവ് വില്‍പന നടത്തുന്ന വന്‍ സംഘത്തിന്റെ തലവനാണ് നൈനേഷ് എന്നും, ഇയാള്‍ക്കെതിരെ കേരളത്തിലും കര്‍ണാടകയിലും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ടി.സുനീൽകുമാർ പറഞ്ഞു.

ഒഡീഷ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും കഞ്ചാവ് എത്തിക്കുന്നത്. ഇത് കേരളത്തിലും, തമിഴ്നാട്ടിലും, ബെംഗളൂരുവിലും വില്‍പന നടത്തും. കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് സംഘം കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. ഒഡീഷയില്‍ നിന്നും ബെംഗളൂരുവിലേയ്ക്ക് കഞ്ചാവ് കൊണ്ടുവരുമെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘത്തെ വലയിലാക്കിയത്.

വൈകിയെത്തിയ സ്പ്രിംഗ് നിരവധി അലര്‍ജി രോഗങ്ങളും ഇതര ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ ഏറെ സാധ്യതകളുണ്ട്. രാജ്യത്തെ അഞ്ചില്‍ ഒരാള്‍ക്ക് സീസണിന്റെ ആരംഭത്തില്‍ തന്നെ ഹേയ് ഫീവര്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. സീസണില്‍ വരാന്‍ പോകുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിന് സഹായമാകുന്ന 9 കാര്യങ്ങള്‍ വായിക്കാം. കുറിപ്പ് തയായാറാക്കിയിരിക്കുന്നത് ന്യൂട്രീഷ്യനിസ്റ്റ് സാറാ ഫ്‌ളവറാണ്.

1. അന്നനാളം

ആരോഗ്യപ്രദമായ അന്നനാളം അലര്‍ജി രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ സഹായിക്കുന്നു. ഹേയ് ഫീവറില്‍ നിന്നും എക്‌സീമയില്‍ നിന്നും രക്ഷിക്കാന്‍ ആരോഗ്യ പൂര്‍ണമായ അന്നനാളത്തിന് കഴിയും. അന്നനാളത്തില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.


2. തേനിന്റെ ഉപയോഗം

പ്രാദേശിക മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന തേന്‍ ഹേയ് ഫീവറിനെ പ്രതിരോധിക്കാന്‍ ഏറെ കഴിവുള്ളവയാണ്. കര്‍ഷകരുടെ അടുക്കല്‍ നിന്ന് നേരിട്ട് ലഭിക്കുന്ന തേനാണ് കൂടുതല്‍ ഫലപ്രദം

3. ബീച്ചുകളിലേക്കുള്ള യാത്രകള്‍

മരങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ സമ്മര്‍ സമയത്ത് പോളണുകള്‍ ധാരാളമായി കാണാറുണ്ട്. ഇവ ശരീരത്തില്‍ വിവിധ തരം അലര്‍ജിക്ക് കാരണമാകുന്നവയാണ്. സൈനസിലെ അണുബാധയ്ക്കും പോളണുകള്‍ കാരണമാകും. എന്നാല്‍ ബീച്ചുകളില്‍ പോളണുകളുടെ അളവ് വളരെ കുറവായിരിക്കും.

4. മദ്യപാനത്തിന്റെ അളവ് ക്രമീകരിക്കുക.

സമ്മറില്‍ സാധാരണയായി ബിയര്‍ ഗാര്‍ഡനിലേക്ക് പോകുന്നആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കാറുണ്ട്. എന്നാല്‍ മദ്യത്തില്‍ ഗണ്യമായ അളവില്‍ ഹിസ്റ്റമിന്‍ അടങ്ങിയിട്ടുണ്ട്. വിവിധ സീസണല്‍ അലര്‍ജികള്‍ക്കും ഇത് കാരണമായേക്കാം. ദിവസം വെറും ഒരു ഗ്ലാസ് മദ്യം കുടിക്കുന്ന വ്യക്തികളില്‍ വരെ അലര്‍ജി സാധ്യതകളുണ്ട്. വൈന്‍ ഉപയോഗിക്കുന്നതും ചൊറിച്ചിലിന് കാരണമായേക്കും.

5. പ്രകൃതി ദത്തമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുക.

മാറി വരുന്ന കാലാവസ്ഥ വിവിധങ്ങളായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. പ്രകൃതി ദത്തമായി വിഭവങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സാഹായിക്കും. ടിഷ്യൂ സെല്‍ സാള്‍ട്ട് ഉപയോഗിക്കുന്നത് രോഗ പ്രതിരോധത്തിന് നല്ലതാണ്.

6. ഹെര്‍ബല്‍ ചായ കുടിക്കാം

വളരെ നാച്യൂറലായ ചില തേയില ഇനങ്ങള്‍ക്ക് ആന്റ്ി-ഹിസ്റ്റാമിന്‍ എഫ്ക്ടുകള്‍ ഉണ്ടാക്കാന്‍ കഴിയുന്നവയാണ്. ഗ്രീന്‍ ടീ, ചമോമൈല്‍, എല്‍ഡര്‍ഫ്‌ളവര്‍, ജിഞ്ചര്‍, പെപ്പര്‍ മിന്റ്, പെരും ജീരകം തുടങ്ങിയവയ്ക്ക് ഹേയ് ഫീവറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.

7. വെളുത്തുള്ളിയുടെ ഉപയോഗം

ഹിസ്റ്റമിന്റെ ഉത്പാദനം തടയുന്നതിന് സഹായകമായ ഭക്ഷ്യ വസ്തുവാണ് വെളുത്തുള്ളി. സമ്മറില്‍ പ്രത്യേകിച്ച് അന്തരീക്ഷത്തില്‍ പോളണ്‍ കൗണ്ട് വര്‍ദ്ധിച്ചിരിക്കുന്ന സമയത്ത് വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് ശരീരത്തിന് നല്ലതാണ്.

8. സ്‌പൈസസിന്റെ ഉപയോഗം

മഞ്ഞളിലെ കുര്‍കുമിന്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററിയായി പ്രവര്‍ത്തിക്കും. കൂടാതെ ഇതിനൊപ്പം കുരുമുളക് കൂടി ചേര്‍ത്ത് കഴിക്കുന്നത് ഇരട്ടി ഫലം ചെയ്യും. മൂക്കിലെ ബ്ലോക്കുകള്‍ മാറാനും സൈനസ് ഇന്‍ഫെക്ഷനില്‍ നിന്ന് മോചനം തേടാനും മുളക് കഴിക്കുന്നത് ഗുണം ചെയ്യും.

9. വൃത്തിയുള്ള വസ്ത്രധാരണം

ഹേയ് ഫീവര്‍ പിടിപെടുന്നതിനെ പ്രതിരോധിക്കുന്നതാനായി സ്വീകരിക്കേണ്ട മറ്റൊരു മുന്‍കരുതല്‍ നടപടിയാണ് വസ്ത്രങ്ങള്‍ വൃത്തിയായ സൂക്ഷിക്കുകയെന്നത്. പുറത്ത് പോയി വരുന്ന ചെറിയൊരു സമയത്തിനുള്ളില്‍ തന്നെ മുടിയിലും വസ്ത്രത്തിലും പോളണുകള്‍ പറ്റിപിടിക്കാനുള്ള സാധ്യതകളുണ്ട്. ഇത് അലര്‍ജിക്കും ഫീവറിനും കാരണമായേക്കും. അലര്‍ജി പിടിപെടാതിരിക്കാന്‍ എപ്പോഴും വസ്ത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നത് നന്നായിരിക്കും.

 

കോട്ടയത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മയെ വാക്കത്തി ഉപയോഗിച്ച് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അൻപതിലേറെ വെട്ടുകളേറ്റ പേരൂർ പൂവത്തുംമൂടിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി രാജമുടി ഓലിക്കൽ വീട്ടിൽ മേരി (67) ആശുപത്രിയിൽ എത്തിക്കുംമുൻപേ മരിച്ചു.മേരിക്കൊപ്പം ഉറങ്ങിക്കിടന്ന ചെറുമകൻ റിച്ചഡിന് (എട്ട്) തലയിൽ വെട്ടേറ്റു. സംഭവത്തിൽ ഭർത്താവ് മാത്യു ദേവസ്യ (പാപ്പച്ചൻ– 70) അറസ്റ്റിലായി.

പൊലീസിന്റെ റിപ്പോർട്ട് അനുസരിച്ച് ആഴത്തിലുള്ള 34 വെട്ടുകളും 20 ചെറുമുറിവുകളും 67 വയസ്സുള്ള ആ വീട്ടമ്മയുടെ ശരീരത്തിലുണ്ടായിരുന്നു. ശരീരഭാഗങ്ങൾ വെട്ടേറ്റുപിളർന്ന നിലയിലായിരുന്നു. മേരിയെ ഭാർത്താവ് മാത്യു ദേവസ്യ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ വിധം കണ്ടു ദേഹപരിശോധന നടത്തിയ പൊലീസുകാർ പോലും അമ്പരന്നു.

സംശയ രോഗിയായ മാത്യുവും ഭാര്യയുമായി വഴക്കു പതിവായിരുന്നെന്നു മക്കൾ മൊഴിനല്‍കി. മൂന്നാമത്തെ മകൾ ജോയ്സിന്റെ ജോലി ആവശ്യങ്ങൾക്കായി കോട്ടയത്തെത്തിയ മാത്യു നാട്ടിലേക്കു മടങ്ങണമെന്നു നിരന്തരം ആവശ്യപ്പെട്ടു വഴക്കിടുമായിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് ഇന്നലെ മേരിക്കു നേരെ ആക്രമണം നടത്തിയതെന്നു പൊലീസ് പറയുന്നു.

മനസ്സിൽ സൂക്ഷിച്ചിരുന്ന പകയും വിദ്വേഷവും മുഴുവൻ 54 വെട്ടുകളിലൂടെ മാത്യു ദേവസ്യ ഭാര്യയോടു തീർത്തു. അതിക്രൂരമായ കൊലപാതകം ചെയ്തിട്ടും കുറ്റബോധത്തിന്റെ ചെറുവികാരം പോലും മാത്യുവിന്റെ മുഖത്തുണ്ടായിരുന്നില്ല.

മേരിയുടെ കഴുത്തിനു വെട്ടുകയായിരുന്നു. മേരിയുടെയും റിച്ചാർഡിന്റെയും അലമുറ കേട്ടിട്ടും മാത്യുവിന്റെ മനസ്സ് അലിഞ്ഞില്ല. വീണ്ടും ‌മേരിയെ തുടരെ വെട്ടി. കട്ടിലിൽ നിന്നു നിലത്തുവീണിട്ടും വെട്ടു തുടർന്നു. സംഭവസമയം വീട്ടിലുണ്ടായിരുന്ന മരുമകൻ സജി ജോസഫ് അറിയിച്ചതനുസരിച്ചു പൊലീസ് എത്തുമ്പോൾ മേരിയുടെ ശരീരഭാഗങ്ങൾ വെട്ടേറ്റു ചിതറിയ നിലയിലായിരുന്നു.

പൊലീസ് ചോദ്യം ചെയ്തപ്പോഴും തെളിവെടുപ്പിനു കൊലപാതകം നടത്തിയ വീട്ടിൽ എത്തിച്ചപ്പോഴും പ്രതി അക്ഷോഭ്യനായിരുന്നു. തെളിവെടുപ്പിനിടയിലും പൊലീസിന്റെ സാന്നിധ്യത്തിൽ പോലും ഇയാൾ ഭാര്യയെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. രണ്ടു മാസം മുൻപാണു മേരിയും മാത്യുവും ഇവിടെ താമസത്തിന് എത്തിയത്. അയൽവീടുകളുമായി അടുപ്പം ഉണ്ടായിരുന്നില്ല.

ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. മാത്യു ദേവസ്യയുടെ സംശയരോഗംമൂലം ഭാര്യ മേരിയുമായി കലഹം പതിവായിരുന്നെന്നു പൊലീസ് പറ‍ഞ്ഞു.

മാത്യുവും മേരിയും റിച്ചഡും ഒരേ മുറിയിലെ രണ്ടു കട്ടിലുകളിലായാണു കിടന്നിരുന്നത്. പുലർച്ചെ പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെ അടുക്കളയിൽ നിന്നു വാക്കത്തി എടുത്ത് കിടപ്പുമുറിയിൽ ചെറുമകനൊപ്പം ഉറങ്ങുകയായിരുന്ന മേരിയെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മരുമകൻ സജി ജോസഫ് ആണു വിവരം ഏറ്റുമാനൂർ പൊലീസിൽ അറിയിച്ചത്. ഈ ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം മേരിയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

ഏറെക്കാലമായി കുടുംബത്തിൽ കലഹം നിലനിന്നിരുന്നതായി മക്കൾ പറയുന്നു.മൂന്നാമത്തെ മകൾ ജോയ്സ് കോട്ടയത്ത് ജോലി ചെയ്യുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് രണ്ടു മാസം മുൻപ് പൂവത്തുംമൂട്ടിൽ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. ജോയ്സിന്റെ ഭർത്താവാണു സജി. വിദേശത്തു ജോലി ചെയ്യുന്ന സജി രണ്ടാഴ്ച മുൻപാണു നാട്ടിലെത്തിയത്.

ഉടൻ തിരിച്ചുപോകുന്നതിനാൽ മക്കളെ നോക്കുന്നതിനും കൂട്ടിനും വേണ്ടിയാണ് ജോയ്സ് മാതാപിതാക്കളെ ഇവിടേക്ക് കൊണ്ടുവന്നത്. ജോയ്സും ഭർത്താവ് സജിയും ഇവരുടെ ഇളയ മകൻ എഡ്വിനും ഒരു മുറിയിലും മേരിയും ചെറുമകൻ റിച്ചഡും മറ്റൊരു മുറിയിലുമാണ് ഇന്നലെ ഉറങ്ങിയത്.

തലയ്ക്കു വെട്ടേറ്റ റിച്ചഡിന്റെ തലയോട്ടിക്ക് നേരിയ പൊട്ടലുണ്ടെങ്കിലും പരുക്ക് ഗുരുതരമല്ല. തലയ്ക്ക് ആറു തുന്നലുണ്ട്. മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗത്തിലാണു കുട്ടിയിപ്പോൾ. മേരിയുടെ സംസ്കാരം നടത്തി. മറ്റു മക്കൾ: ജസ്റ്റിൻ, ജിഷ, ജോയൽ.

30 വർഷമായി രാജമുടിയിൽ താമസമാക്കിയിരുന്ന മാത്യു ഇടയ്ക്കിടെ കുടുംബവുമായി വഴക്കിട്ട് മാസങ്ങളോളം മാറിത്താമസിച്ചിട്ടുണ്ട്. കോട്ടയം ഡിവൈഎസ്പി സഖറിയ മാത്യു, ഏറ്റുമാനൂർ എസ്എച്ച്ഒ എ.ജെ. തോമസ്, എസ്ഐ കെ.ആർ. പ്രശാന്ത്, എഎസ്ഐ ജയകുമാർ, സിപിഒമാരായ സാജുലാൽ, പ്രമോദ്, ജേക്കബ്, സജീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റു ചെയ്തത്. ആലപ്പുഴയിൽ നിന്നുള്ള ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.

മനുഷ്യരുടെ ലോകത്തെ ജീവിതം നിരാശപ്പെടുത്തുന്നതെന്ന് സ്പാനിഷ് മൗഗ്ലിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാര്‍കോസ് റോഡ്രിഗെസ് പന്തോഹ. സിയെറ മോറേന മലനിരകളിലെ വനത്തില്‍ 12 വര്‍ഷത്തോളം മൃഗങ്ങള്‍ക്കൊപ്പം ജീവിച്ചയാളാണ് മാര്‍കോസ്. ഇപ്പോള്‍ 71 വയസുള്ള ഇദ്ദേഹം റെയ്‌ന്റേ എന്ന ഗ്രാമത്തിലാണ് കഴിയുന്നത്. വനത്തില്‍ നിന്ന് നാട്ടിലെത്തിയതോടെ തന്റെ ജീവിതം വളരെ ക്ലേശം നിറഞ്ഞതായിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. രാഷ്ട്രീയമോ ഫുട്‌ബോളോ എനിക്ക് അറിയില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ എന്നെ പരിഹസിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പിന്നീട് വനത്തിലേക്ക് തിരിച്ചുപോകാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ചെറുപ്പത്തില്‍ ചെന്നായകള്‍ക്കൊപ്പമായിരുന്നു മാര്‍കോസ് ജീവിച്ചത്. നാട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ തന്നെ സഹോദരനായി അവര്‍ കാണുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. ഇപ്പോഴും ചെന്നായകളുടെയും മൃഗങ്ങളുടെയും ശബ്ദമുണ്ടാക്കാന്‍ മാര്‍കോസിന് കഴിയും. ഈ ശബ്ദങ്ങളോട് ചെന്നായകള്‍ പ്രതികരിക്കാറുണ്ടെങ്കിലും പഴയതുപോലെ അവ തന്നെ സമീപിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കോര്‍ദോബ പ്രവിശ്യയില്‍ 1946ലാണ് മാര്‍കോസ് ജനിച്ചത്. മൂന്ന് വയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിതാവ് മറ്റൊരു നഗരത്തിലേക്ക് പുതിയ ജീവിതം തേടിപ്പോയി.

മാര്‍കോസിനെ മറ്റൊരു കര്‍ഷകന് വിറ്റതിനു ശേഷമാണ് പിതാവ് പോയത്. മലനിരകളില്‍ ആടുമേക്കാനും മറ്റും ഇയാള്‍ മാര്‍കോസിനെ പഠിപ്പിച്ചു. പക്ഷേ മാര്‍കോസിന് 7 വയസുള്ളപ്പോള്‍ അയാള്‍ മരിച്ചു. മൃഗങ്ങള്‍ ഭക്ഷിച്ചതൊക്കെ താനും കഴിച്ചു. മൃഗങ്ങളുമായി കുഞ്ഞ് മാര്‍കോസ് ഒരു പ്രത്യേക ബന്ധം തന്നെ സ്ഥാപിച്ചു. ചെന്നായക്കുട്ടികള്‍ മാര്‍കോസുമായി കൂട്ടുകൂടി. അവര്‍ സഹോദരനെപ്പോലെ അവനെക്കരുതി. അമ്മച്ചെന്നായ അവനും ഭക്ഷണം തേടി നല്‍കി. ഒരു പാമ്പ് തന്റെയൊപ്പം കഴിഞ്ഞിരുന്നതായി മാര്‍കോസ് ഓര്‍ക്കുന്നു. ഗുഹക്കുള്ളില്‍ തനിക്കൊപ്പമായിരുന്നു അതിന്റെ വാസം. ആടുകളെ കറന്ന് അതിന് താന്‍ പാലുകൊടുക്കുകയും അതിന് കൂടൊരുക്കി നല്‍കുകയും ചെയ്തിരുന്നു.

19-ാമത്തെ വയസിലാണ് മാര്‍കോസിനെ അധികൃതര്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയിലെ ഗ്രാമത്തിലാണ് മാര്‍കോസ് പിന്നീട് കഴിഞ്ഞത്. അവിടെവെച്ച് മാര്‍കോസിന്റെ അച്ഛന്‍ അവനെ തിരിച്ചറിഞ്ഞു. അച്ഛനെ കണ്ടപ്പോള്‍ തനിക്കൊന്നും തോന്നിയില്ല. നിന്റെ ജാക്കറ്റ് എവിടെയെന്നായിരുന്നു അയാള്‍ ചോദിച്ചതെന്ന് മാര്‍കോസ് ഓര്‍ക്കുന്നു. അന്ന് താമസിച്ച ഗുഹ ഇപ്പോള്‍ അവിടെയില്ല. ബംഗ്ലാവുകളും ഇല്ക്ട്രിക് ഗേറ്റുകളുമാണ് അവിടെ പകരം എത്തിയത്. സാധാരണക്കാരെപ്പോലെ ജീവിക്കാന്‍ മാര്‍കോസ് ശ്രമിച്ചുനോക്കി. പക്ഷേ തന്റെ നിഷ്‌കളങ്കത ആളുകള്‍ ചൂഷണം ചെയ്യുന്നതാണ് കാണാന്‍ കഴിഞ്ഞത്. സ്ത്രീകളും സംഗീതവുമാണ് തന്നെ നാട്ടില്‍ പിടിച്ചു നിര്‍ത്തിയതെന്നാണ് മാര്‍കോസ് ബിബിസിയോട് പറഞ്ഞത്.

സ്വന്തം ലേഖകന്‍

ചെല്‍ട്ടന്‍ഹാം : ചെല്‍ട്ടന്‍ഹാമില്‍ താമസിക്കുന്ന ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷനിലെ സജീവ അംഗങ്ങളായ ജിബി ജോസിന്റെയും , ജിനി ജോസിന്റെയും പിതാവ് പി എം മാത്യു ( തമ്പി ) നിര്യാതനായി . അദ്ദേഹത്തിന് 80 വയസായിരുന്നു. ഇരവിപേരൂര്‍ പീടികയില്‍ കുടുംബാംഗമാണ് പി എം മാത്യു. സംസ്കാരം നാളെ 4 മണിക്ക് സെൻറ് മേരീസ് ക്നാനായ യാക്കോബായ പള്ളിയിൽ വച്ച് നടക്കും.  പിതാവിന്റെ സംസ്കാരത്തിൽ പങ്കെടുക്കുന്നതിനായി ജിബിയും , ജിനിയും കുടുംബത്തോടൊപ്പം നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട് . ജൂബി , ജൂലി , ജിബി , ജിനി എന്നിവര്‍ മക്കളാണ് . ജോസ് അലക്സ്‌‌ , മാത്യൂസ് ഇടുക്കുള , ഷാജി , ജെക്കുട്ടി എന്നിവര്‍ മരുമക്കളാണ്‌

പരേതന്റെ നിര്യാണത്തില്‍ ജി എം  എ എക്സിക്യുട്ടീവ്‌ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി .  പി എം മാത്യുവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ ദു:ഖം രേഖപ്പെടുത്തുന്നു.

സൗദി അറേബ്യയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു. അല്‍ അഹ്‌സയിലാണ് തൃശൂര്‍ സ്വദേശി അന്‍വര്‍ ശമീം (48) ഷോക്കേറ്റ് മരിച്ചത്. തമീമി കോണ്‍ട്രാക്ടിങ് കമ്പനിയിൽ ഇലക്‌ട്രീഷ്യനായ അന്‍വർ വെള്ളിയാഴ്ച രാവിലെ അരാംകോ കമ്പനിയുടെ റിഗ്ഗില്‍ ജോലി ചെയ്യുന്നതിനിടെ ജോലിക്കിടയിൽ ഷോക്കേൽക്കുകയായിരുന്നു.

മൃതദേഹം അല്‍ അഹ്‌സ ആശുപത്രിയിലാണുള്ളത്. 15 വര്‍ഷത്തോളമായി സൗദിയിലാണ് ജോലി. കൊടുങ്ങല്ലൂര്‍ ഏറിയാട് കറുകപ്പാടത്ത് അബ്ദുറഹ്മാന്റെയും നഫീസയുടെയും മകനാണ് അന്‍വര്‍ ശമീം. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: തമന്ന, റന.

 

RECENT POSTS
Copyright © . All rights reserved