Latest News

അഞ്ച് ദിവസമായി തുടരുന്ന നാവിക സേനയുടെ തിരച്ചില്‍ ഇന്ന് വൈകുന്നേരം അവസാനിക്കും.ചികിത്സയ്ക്കായി എത്തി കാണാതായ ലിത്വേ നിയ സ്വദേശി ലിഗക്കായി കടലില്‍ നടത്തിയ തിരച്ചിലും വിഫലമായി . കാണാതായ ലിഗയെത്തേടിയെത്തി അക്രമം അഴിച്ച് വിട്ട് കേരളപ്പോലിസിന് തലവേദനയായ ഭര്‍ത്താവിനെ ഇന്ന് പുലര്‍ച്ചെ അധികൃതര്‍ നാട്ടിലേക്ക് വിമാനം കയറ്റി വിട്ടു. ചൊവ്വരയിലെ റിസോര്‍ട്ടില്‍ അക്രമം നടത്തിനയതിന് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആന്‍ഡ്രൂസിനെ ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് ദുബൈ വിമാനത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് വിഴിഞ്ഞം സി.ഐ ഷിബുവിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് പറഞ്ഞയച്ചു.

മടങ്ങാനായി ഇയാളുടെ മാതാവ് എംബസി മുഖാന്തിരം വിമാന ടിക്കറ്റ് എടുത്ത യച്ചിരുന്നു.ഇതിനിടയില്‍ ലിഗയെ കണ്ടെത്തുന്നതിനുള്ള അവസാനവട്ട തെരച്ചില്‍ നാവികസേനയിലെ മുങ്ങല്‍ വിദഗ്ദര്‍ രാവിലെ തന്നെ ആരംഭിച്ചു. കോവളത്തെ എല്ലാ ബീച്ചുകളും വിഴിഞ്ഞം മേഖലയും പാറയിടുക്കുകളും അരിച്ച് പെറുക്കുന്ന സംഘം വൈകുന്നേരത്തോടെ ദൗത്യം അവസാനിപ്പിക്കും.

കഴിഞ്ഞ മാസം 14 ന് പോത്തന്‍കോട്ടുള്ള ആയൂര്‍വേദ ആശുപത്രിയില്‍ നിന്ന് കാണാതായ ലിഗയെ കര മുഴുവനും പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ യുവതിയെ എത്രയും പെട്ടെന്ന് കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കടല്‍പ്പരിശോധനക്കായി സര്‍ക്കാര്‍ നാവികസേനയുടെ സഹായം തേടി.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മുതല്‍ കൊച്ചിയില്‍ നിന്നുള്ള നാവിക സേനയുടെ ആറംഗ മുങ്ങല്‍ വിദഗ്ധര്‍ ആധുനിക സംവിധാനങ്ങളുമായി കോവളത്തെത്തി പരിശോധന ആരംഭിച്ചു.ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട ലിഗ ഓട്ടോയില്‍ കോവളം ബീച്ചില്‍ എത്തിയിരുന്നു. അവിടെ നിന്ന് എങ്ങോട്ട് പോയെന്ന വിവരം ഇതുവരെയും അധികൃതര്‍ക്ക് കിട്ടിയിട്ടില്ല . വിഷാദ രോഗത്തിനടിമയായ ലിഗ ഏതെങ്കിലും വിധം കടലില്‍ വീണിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് നാവിക സേനയെ രംഗത്തിറക്കിയത്.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് 5 വര്‍ഷം തടവ്. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് സല്‍മാന്‍ ഖാന് 6 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. സംഭവത്തില്‍ സല്‍മാന്‍ ഖാനെ കൂടാതെ നടി തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ ഇവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി.

കേസില്‍ നടന്‍ അപ്പീല്‍ പോകാനാണ് സാധ്യത. സമാന കേസില്‍ 2007ലുണ്ടായ വിധിയെ തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ ഒരാഴ്ച ജയില്‍ വാസം അനുഭവിച്ചിരുന്നു. പിന്നീട് താരത്തെ കോടതി കുറ്റവിമുക്തനാക്കി. 1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ലോക്കേഷനില്‍ വെച്ചാണ് സല്‍മാന്‍ ഖാന്‍ കൃഷ്ണ മൃഗത്തെ വേട്ടയാടി പിടിക്കുന്നത്.

സല്‍മാന് ഏറ്റവും കൂടിയ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. 2002ല്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ സല്‍മാനെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. അന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെഷന്‍സ് കോടതി വിധിച്ച അഞ്ചു വര്‍ഷം കഠിനതടവാണ് ഹൈക്കോടതി അന്ന് റദ്ദാക്കിയത്.

രാജേഷിന്റെ കൊലപാതകത്തിൽ പുതിയ വഴിത്തിരിവുകൾ. രാജേഷിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് വിശദീകരിച്ച്‌ രാജേഷിന്റെ കാമുകിയുടെ മുൻ ഭർത്താവും ഖത്തറിലെ മലയാളി വ്യവസായിയുമായ അബ്ദുള്‍ സത്താറാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. രാജേഷിനെ കൊല്ലാന്‍ മടവൂരിലെത്തിയ സാലിഹ് ഇപ്പോള്‍ ഖത്തറിലുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു. തന്റെ ജിമ്മിലെ ജീവനക്കാരനാണ് സാലിഹ്. ഞാന്‍ ഇന്നും സാലിഹിനെ കണ്ടിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

തന്റെ മുന്‍ഭാര്യയുമായി രാജേഷിന് ബന്ധമുണ്ടെന്നും സാത്താര്‍ അഭിമുഖത്തില്‍ സമ്മതിക്കുന്നു. നമ്മള്‍ക്ക് അറിയാത്ത കാര്യം. ബന്ധം വേര്‍പ്പെടുത്തി. ഡൈവേഴ്‌സ് നോട്ടീസ് വരെ കൊടുത്തു. സാലിഹ് എന്ന ആള്‍ എന്റെ ജിമ്മിലെ ജോലിക്കാരനാണ്. അവന്‍ ഇവിടെയുണ്ട്. സാറെ ഒരു കാര്യം പറയാം. വായില്‍ നാക്കുണ്ടെങ്കില്‍ ആരേയും കുറ്റക്കാരനാക്കാം. ഞാന്‍ ഇതില്‍ കുറ്റക്കാരനല്ല. ഇതിന് പിറകേ പോയിട്ടുമില്ല. കൊലയില്‍ ഒരു ബന്ധവുമില്ല. തന്റെ മുന്‍ ഭാര്യയാണ് ക്വട്ടേഷന്‍ കൊടുത്തത് എന്ന ആരോപണത്തെ കുറിച്ച്‌ പ്രതികരിക്കാനും സത്താര്‍ തയ്യാറയില്ല. തനിക്ക് ഖത്തറില്‍ ട്രാവല്‍ ബാനുണ്ടെന്നും സത്താര്‍ സമ്മതിക്കുന്നു. നമുക്കൊരു ഡൗട്ട് തോന്നി. ബന്ധം വേണ്ടെന്ന് വച്ചു. പിന്നീട് അതിന് പിറകേ പോയിട്ടില്ല.

ഡൈവേഴ്‌സ് ആയിട്ട് മൂന്ന് മാസമായി. ഇപ്പോൾ സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളിലാണ്. താനും ഒരു യുവാവ് ആണെല്ലോ. തനിക്കും കിട്ടും പെണ്ണ്. കമ്മലിട്ടവള്‍ പോയാല്‍ കടക്കനിട്ടവര്‍ വരും. അത്രയേ ഉള്ളൂ. ഞാന്‍ കൊലപാതകം ചെയ്താല്‍ മക്കള്‍ എവിടെ പോകും. എത്രകാലം മക്കളെ സഹോദരിമാര്‍ നോക്കും. ജനിച്ചാല്‍ ഒരുവട്ടമേ മരണമുള്ളൂ… ആരേയും പേടിയില്ല. നൃത്താധ്യാപികയെ ഖത്തറില്‍ വച്ചാണ് കല്യാണം കഴിച്ചത്. മൂന്ന് മാസത്തോളമായി ബന്ധം വേര്‍പ്പെടുത്തിയത്. കഴിഞ്ഞ റമദാന് ഞാന്‍ നാട്ടിലായിരുന്നു. അതുകൊണ്ട് പലതും അറിയില്ല. പാര്‍ലര്‍ തുടങ്ങിയപ്പോള്‍ കടമായി. ലോണ്‍ എടുത്താണ് പാര്‍ലര്‍ തുടങ്ങിയത്. അതേ വരെ കുഴപ്പമില്ലായിരുന്നു. പാര്‍ലര്‍ തുടങ്ങിയപ്പോള്‍ പാളിച്ച പറ്റി.

അറിയാന്‍ വയ്യാത്തതില്‍ കൈവച്ചപ്പോള്‍ നാട്ടിലെ ഒരു കോടി രൂപയോളം പോയി. നാല് ലക്ഷം റിയാല്‍ കടമുണ്ട്. ട്രാവല്‍ ബാനുണ്ട്. മുന്‍ ഭാര്യയ്ക്കും ട്രവാല്‍ ബാനുണ്ട. ലോണില്‍ അവരും ഉണ്ട്.  കമ്പനിയുടെ പാര്‍ട്ണറായിരുന്നു അവര്‍. സിഗ്നേച്ചര്‍ അഥോറിട്ടിയും ആയിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് ട്രാവല്‍ബാനുണ്ട്. 2010ലായിരുന്നു  കമ്പനി തുടങ്ങിയതെന്നും അഭിമുഖത്തില്‍ വിശദീകരിക്കുന്നു. സാലിഹ് ജിമ്മിലുണ്ട്. അവര്‍ക്കും ഇപ്പോള്‍ ജോലിയില്ല. എല്ലാം അടച്ചിട്ടിരിക്കുകയാണ്. കേരളാ പൊലീസ് തന്നെ വിളിച്ചിട്ടില്ല. സാലിഹിനേയും വിളിച്ചിട്ടില്ല. എല്ലാ ന്യൂസും ഞാന്‍ കാണുന്നുണ്ട്. പത്രത്തില്‍ കാണുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാണുന്നുണ്ട്. എല്ലാം കാണുന്നുണ്ട്.

ഇതിന്റെ പിന്നില്‍ ഞാനൊന്നും ചെയ്യുന്നില്ല. എനിക്ക് ഇവിടെ നിന്ന് പോണമെങ്കില്‍ നാല് ലക്ഷം റിയാല്‍ വേണം. എനിക്ക് തന്തേയും തള്ളയേയും ഉണ്ട്. ഈ പണം കൊടുത്ത് കേസ് ഒഴിവാക്കിയാലേ ഇവിടെ നിന്ന് പോകാന്‍ പറ്റൂ. ഇത്തരത്തിലുള്ള ഞാന്‍ എങ്ങനെ ക്വട്ടേഷന്‍ കൊടുക്കും. അതു ചെയ്താല്‍ മക്കള്‍ക്കാണ് പേരുദോഷം. ഞാന്‍ അത് ചെയ്താല്‍ ജീവിതകാലം മുഴുവന്‍ മക്കളാണ് അനുഭവിക്കുന്നത്. ഖത്തറില്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതായി പൊലീസ് സംശയിക്കുന്ന ഓച്ചിറ സ്വദേശി ഖത്തറിലെ സ്വകാര്യ എഫ്‌എം റേഡിയോയിലാണ് തന്റെ നിലപാടുകള്‍ വിശദീകരിച്ചത്.

എന്നാൽ തന്റെ മുന്‍ ഭര്‍ത്താവിന് രാജേഷിന്റെ കൊലയില്‍ പങ്കുണ്ടെന്ന തരത്തില്‍ നൃത്താധ്യാപിക മൊഴി നല്‍കിയിട്ടുണ്ട്.കൊലയ്ക്ക് പിന്നില്‍ ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവ് സത്താറാണെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഖത്തർ പോലീസ് നിരീക്ഷണത്തിലാണ് പ്രതികളായ സാലിഹും, സത്താറും. സാലിഹിനും സത്താറിനുമായി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലർ ഖത്തർ പൊലീസിന് കൈമാറി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഡി.ജി.പി തലത്തിൽ തുടങ്ങിയിട്ടുണ്ട്. അന്വേഷണ സംഘം ഖത്തറിലെത്തി കേസിന്റെ കൂടുതൽ വിവരങ്ങൾ പോലീസിന് കൈമാറും. ഇതിനായി ഇന്ത്യൻ എംബസിയുടെ സഹായം തേടിയിട്ടുണ്ട്.

ഓച്ചിറ നിവാസികളാണ് സത്താറും സാലിഹും. നാട്ടിൽ ഡ്രൈവറായിരുന്ന സത്താർ പതിനഞ്ച് വർഷം മുമ്പ് ഡ്രൈവർ വിസയിൽ ഗൾഫിൽ ജോലിക്കെത്തിയത്. സ്കൂളിൽ ഡ്രൈവറായി ജോലിനോക്കുന്നതിനിടെയാണ് അവിടെ നൃത്താദ്ധ്യാപികയായിരുന്ന ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്റ്റ്യൻ യുവതിയുമായി അടുപ്പത്തിലായത്. തുടർന്ന് ഇരുവരും വിവാഹം കഴിച്ചു. യുവതി മതം മാറി സഫിയയെന്ന പേരും സ്വീകരിച്ചു. ഗൾഫിൽതന്നെ ഇരുവരും തുടർന്നു. ഇരുവർക്കും ജോലിയും, നൃത്താദ്ധ്യാപികയെന്ന നിലയിൽ പുറത്ത് പരിശീലനത്തിന് പോയി നേടിയ പണവും സഫിയയുടെ ജീവിതത്തിന്റെ സ്വഭാവം മാറ്റി.

നാട്ടിൽ പലയിടത്തും ആഡംബര വീടുകളും വസ്തുക്കളും വാങ്ങിക്കൂട്ടിയ ഇവർ ഗൾഫിൽ ജിംനേഷ്യമുൾപ്പെടെ ബിസിനസ് ശൃംഖലകളും പടുത്തുയർത്തി. രണ്ട് പെൺകുട്ടികളുടെ അമ്മയായ സഫിയ വിവാഹം കഴിഞ്ഞ തൊട്ടടുത്ത വർഷങ്ങളിൽ തന്നെ സത്താറുമായി മാനസികമായി അകന്നിരുന്നു. സത്താറിന് മറ്റുപല വിവാഹേതര ബന്ധങ്ങളും ഉണ്ടായിരുന്നതായി സഫിയ സംശയിച്ചിരുന്നു. ഇതിനിടയിലായിരുന്നു റേഡിയോ ജോക്കിയായ രാജേഷുമായി സഫിയ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന രാജേഷിന് ജീവിതത്തിൽ ഏറെ പ്രതീക്ഷ നൽകിയ ബന്ധമായിരുന്നു ഇത്. സത്താറിന്റെ പണമുപയോഗിച്ച്‌ സ്റ്റുഡിയോ തുടങ്ങാനും ചെന്നൈയില്‍ ബിസിനസ് ആരംഭിക്കാനും യുവതി രാജേഷിനെ സഹായിച്ചിരുന്നു. രാജേഷ് ചെന്നൈയിലേക്ക് മാറിയ ഉടൻ ഖത്തറില്‍ ഡാന്‍സ് സ്‌കൂളുകള്‍ നടത്തിയിരുന്ന സഫിയയും ചെന്നൈയിലേക്ക് പോകാന്‍ പ്ലാനിട്ടിരുന്നു. ചെന്നൈയിൽ സെറ്റിലാകുന്നതിന് മുമ്പായി എല്ലാം ജോലികളും തീർക്കാനായിരുന്നു വൈകിയും സ്റ്റുഡിയോയിൽ രാജേഷ് നിന്നിരുന്നത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് സഫിയ രാജേഷുമായി സംസാരിച്ചിരുന്നു. സ്റ്റുഡിയോയിൽ രാജേഷ് ഉണ്ടെന്ന വിവരം സഫിയയ്ക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളു. കൊലയാളികൾ ഇതെങ്ങനെ അറിഞ്ഞുവെന്നുള്ളത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.  ഇതിന് പിന്നില്‍ എന്തെങ്കിലും അജണ്ടയുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുമ്പോൾ നൃത്താധ്യാപികയുമായി രാജേഷ് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇതിന് ശേഷം ഫെയ്‌സ് ബുക്കില്‍ അവര്‍ രാജേഷ് സുഖംപ്രാപിക്കുമെന്ന തരത്തില്‍ പോസ്റ്റും ഇട്ടു. കൂട്ടുകാരെ ആക്രമണ വിവരം വിളിച്ചറിയിക്കുകയും ചെയ്തു. ഇതിലെല്ലാം ദുരൂഹത കാണുകയാണ് രാജേഷിന്റെ സുഹൃത്തുക്കളും. അതുകൊണ്ട് തന്നെ ഖത്തറിലുള്ള യുവതിയെ പൊലീസ് ചോദ്യം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. വലിയ ബുദ്ധി രാജേഷിന്റെ കൊലയ്ക്ക് പിന്നിലുണ്ടായിരുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാകുന്നത്.

 

മനാമ: ബഹ്‌റൈനിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ, പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി. പടിഞ്ഞാറന്‍ തീരമായ ഖലീജ് അല്‍ ബഹ്‌റൈന്‍ എന്ന സ്ഥലത്താണ് ശേഖരം കണ്ടെത്തിയത്. രാജ്യത്തിന് വലിയ സാമ്പത്തിക മുന്നേറ്റം നടത്താന്‍ പുതിയ എണ്ണ ശേഖരം സഹായിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ബഹ്‌റൈന്‍ എണ്ണ ഉത്പാദന പട്ടികയില്‍ താഴെത്തട്ടില്‍ നില്‍ക്കുന്ന രാജ്യമാണ്. എന്നാല്‍ പുതിയ നിക്ഷേപം കണ്ടെത്തിയതോടെ ഇതില്‍ മാറ്റം വരും.

ഏകദേശം 80 ബില്യണ്‍ ബാരല്‍ എണ്ണ പുതിയ സ്ഥലത്ത് നിന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇവിടെ നിന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ എണ്ണ ഉത്പാദനം ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എണ്ണ കൂടാതെ വന്‍ തോതിലുള്ള പ്രകൃതി വാതക നിക്ഷേപവും പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. 10 ട്രില്യണ്‍ ക്യുബിക് അടി മുതല്‍ 20 ട്രില്യണ്‍ ക്യുബിക് അടിവരെ പ്രകൃതി വാതകനിക്ഷേപമുണ്ടെന്നാണ് കരുതുന്നത്.

നിലവില്‍ രണ്ട് എണ്ണപ്പാടങ്ങളാണ് ബഹ്‌റൈന് സ്വന്തമായുള്ളത്. അവിടെ നിന്ന് പ്രതിദിനം 50,000 ബാരല്‍ ക്രൂഡ് ഓയില്‍ രാജ്യം ഉദ്പാദിപ്പിക്കുന്നുണ്ട്. പ്രദേശവാസികള്‍ക്കൊപ്പം വിദേശീയര്‍ക്കും പ്രതീക്ഷയുണ്ടാക്കുന്നതാണ് പുതിയ എണ്ണ നിക്ഷേപം. ബഹ്‌റൈനിലെ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന വളര്‍ച്ച കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അത് ഗുണം ചെയ്യും.

സൽമാൻ ഖാനും മറ്റ് അ‍ഞ്ചുപേരും 1998 ഒക്ടോബർ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്നാണു കേസ്. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി രാജസ്‌ഥാനിലെ ജോധ്‌പൂരിൽ എത്തിയപ്പോഴാണ് കൻകാനി ഗ്രാമത്തിനു സമീപം ഗോധ ഫാമിൽ കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്നത്. സൽമാനായിരുന്നു ജിപ്സി ഓടിച്ചിരുന്നത്. മാനുകളുടെ കൂട്ടത്തെ കണ്ടപ്പോൾ വാഹനം നിർത്തി വെടിവയ്ക്കുകയായിരുന്നു. രണ്ടു മാനുകൾ ചാകുകയും ചെയ്തു.

വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിനു റജിസ്റ്റർ ചെയ്ത കേസിൽ ജോധ്പുർ കോടതിയിൽ മാർച്ച് 28നു വാദം പൂർത്തിയായിരുന്നു. ആറു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വിധി കേൾക്കാൻ രാവിലെത്തന്നെ സൽമാൻ ഖാൻ കോടതിയിലെത്തിയിരുന്നു.മറ്റുള്ള നടീനടന്മാരും തങ്ങളുടെ കുടുംബാഗങ്ങൾക്കൊപ്പം കോടതിയിലെത്തി. വിധിപ്രസ്താവത്തിനു മുന്നോടിയായി വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

മാനുകളെ വേട്ടയാടിയതിനു റജിസ്റ്റർ ചെയ്യപ്പെട്ട കേസിനൊപ്പം അനധികൃതമായി ആയുധം കൈവശം വച്ചെന്ന കേസിൽ നേരത്തേ സൽമാനെതിരെ കുറ്റവിമുക്തനാക്കിയിരുന്നു.

Related image

കൃഷ്ണമൃഗം അഥവാ കരിമാന്‍. കാണാന്‍ അതിസുന്ദരന്‍. പാവത്താന്‍. പക്ഷെ തൊട്ടാല്‍ വിവരമറിയും

നിയമത്തിന്റെ പരിരക്ഷ അത്രയ്ക്കുണ്ട് ഈ മനോഹര മൃഗത്തിന്. ക്യാമറയ്ക്കു മുന്നില്‍ വിജയിച്ച ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ പക്ഷെ പരാജയപ്പെട്ടത് കൃഷ്ണമൃഗത്തിനു മുന്നിലാണ്.

വന്‍തോതില്‍ വംശനാശഭീഷണി നേരിടുന്ന വിഭാഗമാണ് ഇവ. ആന്ധ്രാപ്രദേശിന്റെ സംസ്ഥാനമൃഗം. രാജസ്ഥാനിലും ഗുജറാത്തിലും കാണപ്പെടുന്നു. പാക്കിസ്ഥാനിലും ബംഗ്ളാദേശിലും നിരവധിയുണ്ടായിരുന്നെങ്കിലും ഇന്ന് ഇന്ത്യയില്‍ മാത്രമായി അവശേഷിക്കുന്നു. ശരീരത്തിന്റെ മുകൾ‌ഭാഗത്തിനു കറുപ്പും കീഴ്ഭാഗത്തിനു വെള്ളനിറവും പിരിഞ്ഞ കൊമ്പുകളും ആൺമൃഗങ്ങളിൽ കണ്ടുവരുന്നു. നീളന്‍ കൊമ്പുകള്‍ ഇവയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പെൺ‌മൃഗങ്ങൾക്ക് മുകൾഭാഗത്ത് മഞ്ഞനിറമാണുണ്ടാവുക. ആൺ‌മൃഗങ്ങളേക്കാൾ അല്പം ചെറുതായ ഇവയ്ക്ക് കൊമ്പുകളുണ്ടാവില്ല. പൂർണ്ണവളർച്ചയെത്തിയ മൃഗത്തിനു ഏതാണ്ട് 120സെ.മീ.നീളവും 31-45 കി.ഗ്രാം ഭാരവും കൊമ്പുകൾക്ക് 60സെ.മീ നീളവും കാണാം. 12-16 വർഷം വരെയാണ്‌ ആയുസ്സ്.

തുറന്ന പുൽമേടുകളിലാണ് കാടുകളിൽ കാണുന്നതിലധികം കൃഷ്ണമൃഗങ്ങളെ കാണുക. പുല്ലുതന്നെയാണ് പ്രധാന ഭക്ഷണമെങ്കിലും താഴെവീണുകിടക്കുന്ന കായ്കനികളും, ചെടിനാമ്പുകളും, പൂവുകളും ഭക്ഷിക്കാറുണ്ട്. ഒരു മുതിർന്ന ആണിന്റെ കീഴിലുള്ള 10 മുതൽ 30 വരെയുള്ള കൂട്ടങ്ങളായി ഇവയെ കണ്ടുവരുന്നു. നല്ല കാഴ്ചശക്തിയും ശ്രവണശക്തിയും ഓടാനുള്ള കഴിവുമാണ് ഇരപിടിയരിൽ നിന്നു രക്ഷപെടാൻ പ്രകൃതി ഇവയ്ക്കു നൽകിയിട്ടുള്ള സഹായം. പുല്ല്, ചെറിയ ചെടികൾ എന്നിവ ഭക്ഷിയ്ക്കുന്ന ഇവയുടെ ആവാസസ്ഥാനം സമതലങ്ങളിലാണ് . നാലു മീറ്റർ ഉയരത്തിൽ ചാടാനും ഏകദേശം മണിക്കൂറിൽ 90 കി.മീ വരെ ഓടാനും ഇവയ്ക്ക് കഴിവുണ്ട്.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 40 ലക്ഷം കൃഷ്ണമൃഗങ്ങൾ ഇവിടുണ്ടായിരുന്നെന്നാണ് ഏകദേശ കണക്ക്. വംശനാശം വന്ന ഇന്ത്യൻ ചീറ്റയുടെ പ്രധാന ഇരയായിരുന്നു കൃഷ്ണമൃഗങ്ങൾ. ഇന്ന് വന്യജീവീസങ്കേതങ്ങളിലായി 40,000 -ൽ താഴെ കൃഷ്ണമൃഗങ്ങളേ അവശേഷിച്ചിട്ടുള്ളു. മനുഷ്യൻ നടത്തുന്ന വേട്ടയും ആവാസവ്യവസ്ഥയുടെ നാശവുമാണ് വംശനാശത്തിന്റെ കാരണം. ഇന്ന് രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും മധ്യേന്ത്യയിൽ അവിടവിടെയായി ചില ചെറുസംഘങ്ങളായും, തെക്കേ ഇന്ത്യയിൽ – കർണാടകയിലെ തുംകൂർ ജില്ലയിലെ ജയമങ്കലി ബ്ലാക്ബക് റിസേർവിലും മാത്രമാണ് കൃഷ്ണമൃഗങ്ങൾ അവശേഷിക്കുന്നത്.

നേപ്പാളിലും വളരെ കുറച്ച് കൃഷ്ണമൃഗങ്ങളുണ്ട്. മാംസത്തിനും തോലിനും കൊമ്പിനും വിനോദത്തിനുമായുള്ള വേട്ടയാടലും, ആവാസവ്യവസ്ഥയിൽ കാർഷിക-വ്യവസായ പുരോഗതി ലക്ഷ്യം വച്ചുള്ള വികസന പദ്ധതികളുമാണ്‌ കൃഷ്ണമൃഗങ്ങളെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. 1900 -നു മുമ്പൊക്കെ രാജാക്കന്മാർ അവർ ഇണക്കിവളർത്തിയ ചീറ്റകളെ ഉപയോഗിച്ചു ഇവയെ വേട്ടയാടിയിരുന്നു. രാജസ്ഥാനിലെ ബിഷ്ണോയി ഗോത്രക്കാർ കൃഷ്ണമൃഗങ്ങളെ ആരാധനാ ഭാവത്തിൽ കണ്ട് സംരക്ഷിക്കുന്നുണ്ട്. മറ്റെല്ലാ‍യിടത്തും വേട്ടയാടപ്പെടുന്നു. ഇന്ത്യയിൽ 1972-ലെ വന്യജീവി സംരക്ഷണനിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗമാണ് കൃഷ്ണമൃഗം. വനങ്ങളിലേയ്ക്കു മേയാൻ വിടുന്ന കന്നുകാലികളിൽ നിന്നും ലഭിക്കുന്ന സാംക്രമിക രോഗങ്ങൾ കൊണ്ടും, വിനോദസഞ്ചാരികളും മറ്റും ഉപേക്ഷിച്ചു പോകുന്ന ദഹിക്കാത്ത വസ്തുക്കൾ ഭക്ഷിക്കുന്നതുകൊണ്ടും ഇവ കൂടുതലായി ചത്തൊടുങ്ങുന്നു

റിയാദ്: സൗദിയില്‍ വീണ്ടും സിനിമാ തീയേറ്റുറകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചു. മൂന്ന് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷമാണ് സൗദിയില്‍ തീയേറ്ററുകള്‍ വരാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷമാണ് തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്ന നിയമത്തില്‍ സൗദി ഭരണകൂടം ഭേദഗതി വരുത്തിയത്.

തീയേറ്റര്‍ ഇല്ലാത്ത അപൂര്‍വ്വം രാജ്യങ്ങളിലൊന്നായിരുന്ന സൗദി അറേബ്യ. മറ്റുള്ള മിക്ക ഇസ്ലാമിക രാജ്യങ്ങളില്‍ നിലവില്‍ സിനിമാ തിയേറ്ററുകള്‍ ഉണ്ട്. നിയമത്തില്‍ അയവു വരുത്തിയതോടെ തീയേറ്റര്‍ തുടങ്ങാന്‍ അനുമതി ആവശ്യപ്പെട്ട് അമേരിക്കന്‍ തീയേറ്റര്‍ കമ്പനിയായ എ.എം.സി. എന്റര്‍ടെയിന്‍മെന്റിന് സൗദി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.

ഈ മാസം 18-ന് ആദ്യ തീയേറ്റര്‍ റിയാദില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 ഓളം നഗരങ്ങളിലായി 40 തീയേറ്ററുകള്‍ എ.എം.സി തുറക്കും.

ജോധ്പുര്‍: സിനിമ സെറ്റില്‍ വെച്ച് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് സല്‍മാന്‍ ഖാന് 6 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. എന്നാല്‍ കേസില്‍ നടന്‍ അപ്പീല്‍ പോകാനാണ് സാധ്യത. സമാന കേസില്‍ 2007ലുണ്ടായ വിധിയെ തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ ഒരാഴ്ച ജയില്‍ വാസം അനുഭവിച്ചിരുന്നു. എന്നാല്‍ പിന്നീട് താരത്തെ കോടതി കുറ്റവിമുക്തനാക്കി.

1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ലോക്കേഷനില്‍ വെച്ചാണ് സല്‍മാന്‍ ഖാന്‍ കൃഷ്ണ മൃഗത്തെ വേട്ടയാടി പിടിക്കുന്നത്. സംഭവത്തില്‍ സല്‍മാന്‍ ഖാനെ കൂടാതെ നടി തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ ഇവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി.

സല്‍മാന് ഏറ്റവും കൂടിയ ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. 2002ല്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ സല്‍മാനെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. അന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെഷന്‍സ് കോടതി വിധിച്ച അഞ്ചു വര്‍ഷം കഠിനതടവാണ് ഹൈക്കോടതി അന്ന് റദ്ദാക്കിയത്.

87 മില്യണ്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി ഫെയിസ്ബുക്ക്. പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കേംബ്രിഡ്ജ് അനലറ്റിക്ക 50 മില്യണ്‍ ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ത്തിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം 87 മില്യണ്‍ ആളുകളുടെ ഡാറ്റ ബ്രിട്ടീഷ് കമ്പനി ചോര്‍ത്തിയെന്നാണ് കരുതുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയിലിയുടെ വെളിപ്പെടുത്തല്‍ ഫെയിസ്ബുക്കിന് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. ഓഹരി വിപണിയില്‍ ഉള്‍പ്പെടെ ഫെയിസ്ബുക്കിന് തകര്‍ച്ച നേരിടേണ്ടി വന്നു. ഉപഭോക്താക്കളുടെ എണ്ണം കുറയാനും ഡാറ്റ ബ്രീച്ച് കാരണമായിട്ടുണ്ട്. സംഭവത്തില്‍ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് ഫെയിസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്ത് വരികയും ചെയ്തിരുന്നു.

ഡാറ്റ ബ്രീച്ച് നേരത്തെ കരുതിയിരിക്കുന്നതിനേക്കാളും കൂടുതല്‍ ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായിട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡാറ്റ ചോര്‍ന്നവരില്‍ 1.1 മില്യണ്‍ ഉപഭോക്താക്കള്‍ ബ്രിട്ടനില്‍ നിന്നുള്ളവരാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചോര്‍ത്തിയ ഡാറ്റ ഉപയോഗിച്ചതായി ആരോപണമുണ്ടായിരുന്നു. ട്രംപ് അനുകൂല വികാരം നേടിയെടുക്കുന്നതിന് ആ ഡാറ്റ ഉപയോഗപ്പെടുത്തിയതായിട്ടാണ് കരുതുന്നത്. ഞങ്ങള്‍ കൂടുതല്‍ കരുതല്‍ കാണിക്കണമായിരുന്നു. മുന്നോട്ടുള്ള ഘട്ടങ്ങളില്‍ അതുണ്ടാകും സക്കര്‍ബര്‍ഗ് പറഞ്ഞു. ഫെയിസ്ബുക്ക് ചിലര്‍ക്ക് സ്വകാര്യ താത്പര്യങ്ങള്‍ക്കായി വിവരങ്ങള്‍ നല്‍കിയെന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അത് ഉപയോഗിച്ചുവെന്നത് ശുഷ്‌കിച്ച മനസ്ഥിതിയായി മാത്രമെ കാണാന്‍ കഴിയൂ എന്ന് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.

ഡാറ്റ ബ്രീച്ചുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കുന്നതിനും കണ്ടെത്തുന്നതിനും ഇന്റേണല്‍ ഓഡിറ്റിംഗ് നടത്താന്‍ സക്കര്‍ബര്‍ഗ് തീരുമാനിച്ചിട്ടുണ്ട്. ആളുകളുടെ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ ഐഡികളും മറ്റു സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയതിന് ശേഷം ഫെയിസ്ബുക്കില്‍ സെര്‍ച്ച് സെറ്റിംഗ്‌സ് ഉപയോഗിച്ച് ഐഡി കണ്ടെത്തുന്ന ഫീച്ചര്‍ ഫെയിസ്ബുക്ക് നിര്‍ത്തലാക്കിയിട്ടുണ്ട്. വ്യക്തി വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ രീതി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. പ്രൈവസി പബ്ലിക് ആയി ഡിഫോള്‍ട്ട് സെറ്റ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ ചോര്‍ത്താന്‍ പെട്ടന്ന് സാധിക്കും. ഇത്തരം മാര്‍ഗം ഉപയോഗിച്ചും ഡാറ്റ ചോര്‍ത്താമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു.

ലണ്ടന്‍: ആഡംബര ജീവിതത്തിനായി ഇന്ത്യന്‍ വംശജയായ ഫിനാന്‍സ് ചീഫ് ചാരിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് അടിച്ചു മാറ്റിയത് 1 മില്യന്‍ പൗണ്ട്. ജൂബിലി ഹാള്‍ ട്രസ്റ്റ് എന്ന ചാരിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് ഇവര്‍ തന്റെ ബാര്‍ക്ലേയ്‌സ് അക്കൗണ്ടിലേക്ക് 905,150.85 മാറ്റിയതായാണ് കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിന്റെ നാറ്റ് വെസ്റ്റ് അക്കൗണ്ടിലേക്ക് 20,817.50 മാറ്റിയ സംഭവത്തിലും ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. ഏഴ് വര്‍ഷങ്ങള്‍ക്കിടെയാണ് ചസ്ജിത്ത് വര്‍മ്മയെന്ന 37 കാരി ഇത്രയും തട്ടിപ്പ് നടത്തിയത്. സ്വന്തം ഇവന്റ് സ്ഥാപനത്തിന്റെ ഇന്‍വോയ്‌സുകളിലാണ് ഭര്‍ത്താവ് സഞ്ജയ് ശര്‍മക്ക് ഇവര്‍ പണം നല്‍കിയിരിക്കുന്നത്.

കാന്‍കൂണിലേക്ക് യാത്ര പോകാനായി ചെലവായ 14,000 പൗണ്ട്, പുതിയ മെഴ്‌സിഡസ് ബെന്‍സ് കാറിന് ചെലവായ പണം, മൈക്കിള്‍ ബൂഡിന്റെ സംഗീതപരിപാടിക്കും ന്യൂയോര്‍ക്ക് നിക്ക്‌സ് ബാസ്‌കറ്റ്‌ബോള്‍ ടീമിന്റെ പ്രകടനം കാണാനുമായി വിഐപി ടിക്കറ്റെടുക്കാനുള്ള തുക തുടങ്ങിയവ തട്ടിയെടുത്ത പണത്തില്‍ നിന്നാണ് നല്‍കിയത്. പോപ് ഇതിഹാസം ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ ലാസ് വേഗാസ് ഷോയില്‍ ഒരു മീറ്റ് ആന്‍ഡ് ഗ്രീറ്റ് പാക്കേജില്‍ പങ്കെടുക്കാനും ഈ പണം ദമ്പതികള്‍ ഉപയോഗിച്ചതായി വ്യക്തമായി.

ഈ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ചസ്ജിത്ത് വര്‍മ്മയ്ക്ക് ആറ് വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. സഞ്ജയ് വര്‍മ്മയ്ക്ക് തടവുശിക്ഷ വിധിച്ചെങ്കിലും അത് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് ഫെബ്രുവരിയില്‍ ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. ഒരു പ്രൈമറി സ്‌കൂളിന്റെ അക്കൗണ്ടില്‍ നിന്ന് 31,382 പൗണ്ട് മോഷ്ടിച്ചതിന് സ്‌നെയേഴ്‌സ്ബ്രൂക്ക് ക്രൗണ്‍ കോടതിയും ചസ്ജിത്ത് കുറ്റക്കാരിയാണെന്ന് വിധിച്ചിരുന്നു. ഈ കേസില്‍ 6 മാസത്തെ അധിക ശിക്ഷ കൂടി അനുഭവിക്കണം.

പച്ചക്കറിവില കുറയ്ക്കാന്‍ കുറുക്കുവഴി അവതരിപ്പിച്ച് മോറിസണ്‍സ്. രൂപവൈകല്യമുള്ള പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് വില്‍പനക്കെത്തിച്ചുകൊണ്ടാണ് മോറിസണിന്റെ പരീക്ഷണം. പച്ചക്കറികള്‍ പാഴാകുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പുതിയ നീക്കം ഗുണം ചെയ്യും. ഇപ്പോള്‍ വിലകുറച്ചിരിക്കുന്ന പച്ചക്കറികള്‍ ഗുണമേന്‍മയുള്ളവ തന്നെയായിരിക്കുമെന്നും ചെറിയ രൂപവ്യത്യാസങ്ങളാണ് ഇവയുടെ വിലയില്‍ വ്യത്യാസം വരാന്‍ കാരണമെന്നും മോറിസണ്‍സ് പറയുന്നു. വില്‍പനക്കെത്തിച്ചിരിക്കുന്ന മുളകുകലില്‍ ചിലത് വളഞ്ഞതും ചെറുതും നിറവ്യത്യാസമുള്ളതുമായിരിക്കും പക്ഷേ ഇവയ്ക്ക് സാധാരണ മുളകിന്റെ എരിവുണ്ടാകുമെന്നും സൂപ്പര്‍മാര്‍ക്കറ്റ് വ്യക്തമാക്കി.

സാധാരണ പച്ചക്കറികളേക്കാള്‍ ഇവയ്ക്ക് 39 ശതമാനം വിലക്കുറവാണ് നല്‍കിയിരിക്കുന്നത്. ചെലവ് കുറയ്ക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഈ പച്ചക്കറികള്‍ ഉപകാരപ്രദമായിരിക്കും. ഫുഡ് വെയിസ്റ്റിനെക്കുറിച്ച് ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കേട്ടശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മോറിസണ്‍സ് എത്തിച്ചേര്‍ന്നത്. രൂപവ്യത്യാസമുള്ള പച്ചക്കറികള്‍ക്ക് പുറമേ പഴവര്‍ഗ്ഗങ്ങളും വിപണിയിലെത്തിക്കാന്‍ മോറിസണ്‍സിന് പദ്ധതിയുണ്ട്. അവോക്കാഡോ, കിവി തുടങ്ങിയ സീസണല്‍ ഫലങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ് നല്‍കാന്‍ ഇതിലൂടെ കഴിയുമെന്നാണ് അവകാശവാദം.

ഫ്രോസണ്‍ ഉല്‍പ്പന്നങ്ങളിലും ഇത്തരമൊരു വിപണി മോറിസണ്‍സ് ലക്ഷ്യമിടുന്നുണ്ട്. ബെറി മിക്‌സിന്റെ ഒരു കിലോഗ്രാം പാക്കറ്റാണ് അവതരിപ്പിച്ചത്. ഇതിന് ടെലിവിഷന്‍ പരസ്യവും നല്‍കാന്‍ പദ്ധതിയുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ജനപ്രീതിയുണ്ടാക്കുന്നതിനായാണ് പരസ്യം നല്‍കുന്നത്. 22 രാജ്യങ്ങളില്‍ നിന്നാണ് ഈ പച്ചക്കറികളും പഴങ്ങളും എത്തിക്കുന്നതെന്നും സൂപ്പര്‍മാര്‍ക്കറ്റ് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved