Latest News

നയന്‍താര നിവിന്‍പോളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി. നടന്‍ അജു വര്‍ഗ്ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്കാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സാറ്റലൈറ്റ് തുകയേക്കാള്‍ അധികമാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിവിന്‍-നയന്‍താര കോംപിനേഷനിലുള്ള പ്രതീക്ഷയാണ് ഈ ഉയര്‍ന്ന തുകയ്ക്ക് കാരണം.

ഏഷ്യാനെറ്റിന്റെ മാധവനും ഒത്തു നില്‍ക്കുന്ന ചിത്രം അജു വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മറക്കാനാവാത്ത ഈ വിഷു കൈനീട്ടത്തിന് ഒരായിരം നന്ദിയെന്നും അജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അജുവിന്റെ നിര്‍മ്മാണ കമ്പനിയുടെ പേര് ഫണ്‍ടാസ്റ്റിക്ക് ഫിലിം എന്നാണ്.

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ ഇനിയും രണ്ടു മാസങ്ങള്‍ കൂടി കഴിയണം.

വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രമെന്നാണ് ഇതേക്കുറിച്ച് നേരത്തെ ധ്യാന്‍ നല്‍കിയ വിശദീകരണം. തളത്തില്‍ ദിനേശന്റെ കഥാപാത്രവുമായി ചില സാമ്യങ്ങളുണ്ടെങ്കിലും എല്ലാം അങ്ങനെയല്ല. വടക്കുനോക്കിയന്ത്രത്തിന്റെ റീമേക്കല്ല ചിത്രമെന്നും ധ്യാന്‍ പറഞ്ഞിരുന്നു.

നിലവില്‍ കായംകുളം കൊച്ചുണ്ണിയുടെ തിരക്കുകളിലാണ് നിവിന്‍ പോളി. ഹേയ് ജൂഡാണ് നിവിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം.

കൊരട്ടി: കൊരട്ടിയിലെ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വീണ്ടും പ്രതിഷേധം. താല്‍ക്കാലികമായി ചുമതലയേല്‍ക്കാന്‍ എത്തിയ വികാരിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. കാണിക്ക സ്വര്‍ണം വിറ്റതില്‍ പള്ളിയ്ക്കു നഷ്ടപ്പെട്ട തുക തിരിച്ചടയ്ക്കാതെ ഒത്തുതീര്‍പ്പിന് ഇല്ലെന്ന കടുത്ത നിലപാടിലാണ് ഇടവക വിശ്വാസികള്‍.
കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്ക് രൂപത താല്‍ക്കാലികമായി നിയോഗിച്ച വികാരി ഫാ.ജോസഫ് തെക്കിനിയത്തിനെ വിശ്വാസികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. രാവിലെ അഞ്ചേക്കാലിന് വികാരി കുര്‍ബാന ചൊല്ലിയെങ്കിലും മറ്റുള്ള കുര്‍ബാനയ്ക്കു വിശ്വാസികള്‍ സമ്മതിച്ചില്ല. രണ്ടു കാര്യങ്ങളാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത്. കാണിക്ക സ്വര്‍ണം വിറ്റതിലെ ക്രമക്കേടിലൂടെ പള്ളിയ്ക്കു നഷ്ടമായ പണം തിരിച്ചുകിട്ടണം. പള്ളിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണം. ഈ ആവശ്യങ്ങള്‍ നടപ്പാക്കാതെ കൊരട്ടി പള്ളിയില്‍ യാതൊരു ഒത്തുതീര്‍പ്പിനും വിശ്വാസികള്‍ ഇല്ല. മൂന്നും നാലും മാസം കഴിഞ്ഞ ശേഷം നടപടിയെടുക്കാമെന്ന നിലപാടിലാണ് രൂപത നേതൃത്വം. കാലതാമസം വരുത്തി പ്രശ്നം മയപ്പെടുത്തി കൊണ്ടുവരാനുള്ള രൂപതയുടെ ശ്രമവും ഇതോടെ പാളി.

വികാരി മാത്യു മണവാളനെ രൂപത നേതൃത്വം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പകരം താല്‍ക്കാലികമായി എളംകുളം പള്ളിയിലെ വികാരിയെ കൊരട്ടിയിലേയ്ക്കു നിയോഗിക്കുകയായിരുന്നു. വികാരിയെ മാറ്റിയതോടെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രൂപത നേതൃത്വം. പള്ളിയ്ക്കു നഷ്ടപ്പെട്ട സ്വര്‍ണവും പണവും പകരം വയ്ക്കാതെ, പ്രശ്നങ്ങള്‍ തീരില്ലെന്ന് ഇതോടെ ഉറപ്പായി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെ പരസ്യമായി മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച വൈദികനാണ് മാത്യു മണവാളന്‍. മാധ്യമങ്ങളുമായി കൊരട്ടി പള്ളിയിലെ പ്രശ്നം ചര്‍ച്ച ചെയ്യരുതെന്ന് രൂപത നേതൃത്വം വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. കര്‍ദ്ദിനാളിനെതിരെ വൈദികര്‍ക്ക് മാധ്യമങ്ങളോട് പറയാമെങ്കില്‍ കൊരട്ടി പള്ളിയിലെ പ്രശ്നങ്ങളും പറയുമെന്നാണ് വിശ്വാസികളുടെ നിലപാട്.

കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ (20) രാവിലെ 9.30 മുതല്‍ കാണാതായത്. എന്നാല്‍ കാണാനില്ലെന്ന് ചുണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി 25 ദിവസം പിന്നിടുമ്പോഴും ജെസ്‌ന എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇരുട്ടില്‍ത്തന്നെ.

കാണാതായ ദിവസം രാവിലെ എട്ടു മണിയോടെ ജെസ്ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടതാണ്. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങുകിയത്. ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്നയെ കുറിച്ച് വിവരമൊന്നും ഇല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാല്‍ ജെസ്നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്.

ജെസ്നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജെസ്ന ഉപയോഗിച്ചിരുന്ന ഫോണും കോള്‍ലിസ്റ്റും പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. അതിനാല്‍ തന്നെ കേസ് ഏറെക്കുറേ വഴിമുട്ടിയ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോല്‍ ജെസ്‌ന കയ്യില്‍ ഒന്നും കരുതിയിട്ടുമില്ല.

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദീപ മനോജ് എന്ന് സാമൂഹ്യ പ്രവര്‍ത്തക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടിയിരിക്കുകയാണ്.

ദീപ മനോജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്;

പ്രിയപ്പെട്ടവരേ… കഴിഞ്ഞ മാർച്ച്‌ 22 നു Jesna Maria James എന്ന ഈ കൊച്ചു മിടുക്കിയെ കാണാതായിട്ട് ഇന്ന് 20 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.. ഇന്ന് അവളുടെ പപ്പയോടും ചേച്ചിയോടും സംസാരിക്കാൻ എനിക്കായി.. എന്റെ പാപ്പൻ വഴി ഞാൻ ജെയിംസ് ചേട്ടന്റെ നമ്പർ മേടിച്ചു..

കണ്ണീരോടെ ജെയിംസ് ചേട്ടൻ മകളുടെ വരവിനായി കാത്തിരിക്കുന്നു.. കാഞ്ഞിരപ്പള്ളി st. ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി ആണ് ജെസ്‌ന . കൂട്ടുകെട്ടുകളോ അനാവശ്യ സംസാരമോ ഒന്നുമില്ലാത്ത ഈ കൊച്ചു മിടുക്കി പഠനത്തിൽ മാത്രം ശ്രദ്ധ പുലർത്തിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.. അവളുടെ ചേച്ചി ഗദ്ഗദങ്ങൾക്കു നടുവിൽ പറഞ്ഞു തന്ന കഥയാണ് നിങ്ങളോട് പങ്കു വക്കുന്നത്.. അവരുടെ അമ്മ ന്യുമോണിയ ബാധിച്ചു 9 മാസം മുൻപ് ഇഹലോക വാസം വെടിഞ്ഞു.. ആ വേദന ഈ കുഞ്ഞുങ്ങളെ വല്ലാതെ തളർത്തിയിരുന്നു.. ചേച്ചി എറണാകുളത്തു പഠിക്കുന്നു.. സഹോദരൻ അമൽ ജ്യോതിയിലും.. അമ്മയുടെ മരണശേഷം വീട്ടിൽ പപ്പക്കും സഹോദരനും ആഹാരം ഉണ്ടാക്കാൻ കഴിയാത്തതിൽ തന്റെ ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ചു അവൾ വീട്ടിൽ നിന്നും കോളേജിൽ പോയി വരികയായിരുന്നു….
സാമ്പത്തികമായും ഭദ്രമായ കുടുംബമായിരുന്നു കുന്നത് ജെയിംസ് ചേട്ടന്റേത്.. കൺസ്ട്രക്ഷൻ ജോലികളിൽ തിരക്കാണെങ്കിലും ഭാര്യയുടെ വിയോഗത്തിന് ശേഷം മക്കളുടെ കാര്യത്തിൽ ഒരമ്മയുടെ സ്നേഹം കൂടി നൽകാൻ ജെയിംസ് ചേട്ടൻ ശ്രദ്ധിച്ചിരുന്നു എന്ന് നാട്ടുകാരും മക്കളും സാക്ഷ്യം നൽകുന്നു..

ഇവൾ എവിടെ ?? 20 ദിവസങ്ങൾ കഴിഞ്ഞിട്ടും ജെയിംസ് ചേട്ടൻ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്തിട്ടും ഇവളെ എന്ത് കൊണ്ടു കണ്ടെത്താൻ കഴിഞ്ഞില്ല.. FIR ഫയൽ ചെയ്തിട്ടും അന്വേഷണം എങ്ങും എത്തിയില്ല…

ദയവായി നിങ്ങൾ share ചെയ്യൂ.. ഇവളെ കണ്ടെത്താൻ നിങ്ങളുടെ ഒരു share നാകുമെങ്കിൽ നമുക്കതു ചെയ്യാം… തളർന്ന കുടുംബത്തെ കൈ പിടിച്ചു ഉയർത്താൻ നിങ്ങൾ എന്നെ സഹായിക്കില്ലേ ???

തന്റെ കുഞ്ഞിക്കുതിരയെ തിരക്കി പോയതായിരുന്നു അവൾ. എട്ടു വയസുകാരി, കാട്ടിൽ പെട്ട് കുതിരയ്ക്ക് ആപത്തു പറ്റുമോയെന്ന് ആ കുഞ്ഞു മനസ് ആശങ്കപ്പെട്ടിരിക്കണം. പക്ഷേ തന്നെ കാത്താണ് ഹിംസ്രജന്തുക്കൾ പതിയിരിക്കുന്നതെന്ന് അവൾ കരുതിക്കാണില്ല.

ലോകം നടുങ്ങിയ ഈ ക്രൂരകൃത്യത്തിന് ചുക്കാൻ പിടിച്ചത് വെറും പതിനഞ്ച് വയസ് മാത്രം പ്രായമുളള ബാലന്‍. മുഖ്യപ്രതിയായ അറുപത്തിരണ്ടുകാരനായ സാഞ്ചി റാമിന്റെ മരുമകൻ. തെമ്മാടി ചെറുക്കനായിരുന്നു അവൻ. ചെറുപ്പം മുതൽ അവൻ സൃഷ്ടിച്ച തലവേദനയ്ക്ക് ഒരു കയ്യും കണക്കുമില്ലെന്ന് ബന്ധുക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗുർജാർ വിഭാഗത്തിൽപ്പെട്ട ഒരു കൂട്ടം ആളുകളുമായി തല്ല് ഉണ്ടാക്കിയതിന് അടുത്തിടെ പൊലീസിന്റെ പിടിയിലായിരുന്നു ഇവന്‍. ജനവാസ മേഖലയിൽ മദ്യപിച്ചതിനാണ് ഗുർജാർ വിഭാഗത്തിൽപ്പെട്ടവർ മകനെ മർദ്ദിച്ചതെന്ന് അമ്മ പറയുന്നു.

എന്റെ മകൻ നേരെ വഴിക്കു നടക്കണമെന്ന് എനിക്ക് താത്പര്യമുണ്ടായിരുന്നു. ഞാൻ തന്നെയാണ് അവനെ പൊലീസിന് ഏൽപ്പിച്ചു കൊടുത്തത്. അമ്മ അവകാശപ്പെട്ടു. എന്നാൽ തന്റെ മകൻ ഈ ക്രൂരകൃത്യം ചെയ്തുവെന്ന് സമ്മതിക്കാൻ അവർ തയ്യാറായില്ല.

പതിനഞ്ച് വയസ് മാത്രം പ്രായമുളള ഈ ബാലനിൽ മുസ്‌ലിംകളോട് അടങ്ങാത്ത പക ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മാസങ്ങൾക്കു മുൻപ് നടന്ന സംഘട്ടനവും ഈ വൈരാഗ്യം വർധിപ്പിച്ചുണ്ടാകാം. അവൻ നന്നായി മദ്യപിക്കുകയും പുക വലിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ രാത്രി പുറത്തിറങ്ങാൻ ഭയമായിരുന്നു– കുറ്റവാളിയായ ബാലന്റെ അടുത്ത ബന്ധു പറയുന്നു.

കുതിരക്കുട്ടി കാട്ടിലുണ്ടെന്ന് പയ്യൻമാർ പറഞ്ഞത് വിശ്വസിച്ച പെൺകുട്ടി അവരുടെ പിന്നാലെ പോയി. പക്ഷേ കുറേ ദൂരം ചെന്നപ്പോൾ അപകടം മണത്ത കുട്ടി തിരിച്ചോടി. പെൺകുട്ടിയെ ബലമായി പിടിച്ചു നിർത്തി മാനാർ എന്ന മയക്കുമരുന്ന് നൽകി ആദ്യം പീഡിപ്പിച്ചത് ഈ ബാലനാണ്. കൂട്ടുകാരൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. സാഞ്ചി റാമിന്റെ മകനും മീററ്റ് സർവകലാശാല വിദ്യാർഥിയുമായ വിശാലിനെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ചതും വിളിച്ചു വരുത്തിയതും ഈ ബാലനാണ്. പൊലീസ് സ്റ്റേഷനിലും ആരെയും കൂസാത്ത ഭാവമായിരുന്നു പയ്യന്. ഈ ചെറുപ്രായത്തിൽ എങ്ങനെയാണ് ഈ കൊടും ക്രുരതയും വിദ്വേഷ്യവും മതസ്പർദ്ദയും ഈ ബാലനിൽ ഉറച്ചുവെന്നതിന് ഉത്തരം കണ്ടെത്താൻ വിഷമിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.

ബാലന്റെ അമ്മാവൻ സാഞ്ചി റാമും 22 വയസുളള ബന്ധുവും പൊലീസിന്റെ പിടിയിലായിരുന്നു. ബകർവാൾ എന്ന മുസ്ലിം നാടോടി സമുദായാംഗമായ വയോധികന്‍റെ വളർത്തുമകളാണ് കൊല്ലപ്പെട്ട പെൺകുട്ടി. തന്റെ രണ്ടു മക്കൾ അപകടത്തിൽ മരിച്ചതിനെ തുടർന്ന് യൂസഫ് 2010 ൽ സഹോദരിയുടെ നവജാത ശിശുവിനെ ദത്തെടുക്കുകയായിരുന്നു.

kathua-girl-grave

                          മൃതദേഹം അടക്കിയത് ഇവിടെ…

വിവിധ മുസ്‌‌ലിം വിഭാഗങ്ങളുടെ വളർച്ച തങ്ങൾക്ക് ഭീഷണിയാണെന്ന് കരുതുന്ന ഡോഗ്ര ഹിന്ദുക്കളാണ് ആ കുരുന്നു പെൺകുട്ടിയുടെ ജീവനെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ബകർ വാളുകളെ പ്രദേശത്തു നിന്ന് ഓടിക്കാൻ സാഞ്ചിറാമിന്റെ മനസിൽ തോന്നിയ ആശയമായിരുന്നു കുരുന്നു പെൺകുട്ടിയുടെ കൊലപാതകം. അതിനു വേണ്ടി സാഞ്ചി റാം തിരഞ്ഞെടുത്ത് സ്വന്തം അനന്തിരവനെയും. സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട ഏറെ സ്വഭാവ ദ്യൂഷ്യങ്ങളുളള പയ്യനെ കള്ളത്തരത്തിലൂടെ പരീക്ഷ ജയിപ്പിച്ച് തരാമെന്ന് പറഞ്ഞാണ് കൂടെ നിർത്തിയതും.

ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതിന് തെളിവില്ലെന്ന നിലപാട് വസ്തുതാ വിരുദ്ധമെന്ന് സീറോ മലബാര്‍ സഭ. തോമാശ്ലീഹാ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ചരിത്ര രേഖകള്‍ ഇത് തെളിയിക്കുന്നുവെന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കുന്നു. സീറോ മലബാര്‍ സഭയുടെ ഉത്ഭവം തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍ നിന്നുമാണ്. വിയോജിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമെന്നും കൂരിയ ബിഷപ് മാര്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു.

ചില ചരിത്രകാരന്മാരും ക്രൈസ്തവ സഭകളും പ്രചരിപ്പിക്കുന്നതുപോലെ തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടില്ലെന്ന് സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞിരുന്നു. ക്രൈസ്തവ സഭകളില്‍ ജാതി നിര്‍ണ്ണായക ഘടകമാണെന്നും തേലക്കാട് പറഞ്ഞിരുന്നു. തോമാശ്ലീഹ ബ്രാഹ്മണരെ ക്രിസ്ത്യാനികളാക്കിയെന്ന തരത്തിലുള്ള മിത്തുകള്‍ തകര്‍ക്കപ്പെടണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന്റെ ഫെയ്‌സ്ബുക് പോസ്റ്റിനെക്കുറിച്ച് പ്രതികരിക്കവേയായിരുന്നു ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.

”ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ തോമാശ്ലീഹാ വന്ന് ബ്രാഹ്മണരെ മാമോദീസാ മുക്കിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധം തന്നെയാണ്. അക്കാര്യം ബെനഡിക്ട് മാര്‍പാപ്പ പോലും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേരളത്തിലെ ചില മതമേധാവികള്‍ അതംഗീകരിക്കാന്‍ തയ്യാറായില്ല. തോമാശ്ലീഹാ കേരളത്തിലെത്തിയെന്നതിന് വ്യക്തമായ തെളിവില്ല,” തേലക്കാട്ട് പറഞ്ഞിരുന്നു

ക്രൈസ്തവ സഭകളില്‍ മെത്രാനെ തിരഞ്ഞെടുക്കുമ്പോള്‍ ജാതി നിര്‍ണ്ണായക ഘടകമാണെന്ന് തേലക്കാട് പറഞ്ഞിരുന്നു. ”ബ്രാഹ്മണ്യത്തിന്റെ കേരളത്തിലേക്കുള്ള വരവോടെയാണ് ക്രൈസ്തവര്‍ക്കിടയില്‍ ജാതിയുടെ വേര്‍തിരിവുകള്‍ കടന്നു വന്നത്. അത് ഇന്നും നിലനില്‍ക്കുന്നു. സുറിയാനി ക്രിസ്ത്യാനികളും ലത്തീന്‍ ക്രിസ്ത്യാനികളും തമ്മില്‍ സാമൂഹ്യപരമായ അന്തരം ഇന്നും നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമല്ലേ?” ”മാര്‍ക്‌സിസത്തിലും ക്രൈസ്തവതയിലും സവര്‍ണ്ണ ജാതിബോധം കടന്നു വന്നതോടെയാണ് രണ്ടിലും ജാതി കാഴ്ചപ്പാടുകള്‍ വേരോടിത്തുടങ്ങിയത്. ഇഎംഎസും പി. ഗോവിന്ദപ്പിള്ളയും പേരിനൊപ്പം വാല്‍ ചേര്‍ക്കുന്നത് ഈ സവര്‍ണ ജാതി ബോധം കൊണ്ടു തന്നെയാണെന്നതില്‍ സംശയമില്ല,” തേലക്കാട്ട് വിശദീകരിക്കുന്നു.

യാക്കോബായ സഭാ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, താന്‍ ഇനി കുടുംബയോഗ വാര്‍ഷികങ്ങളില്‍ പങ്കെടുക്കില്ലെന്നും സഭയില്‍ ജാതിമേധാവിത്തവും സ്വത്വവും പാരമ്പര്യവും ഊട്ടിയുറപ്പിക്കുന്ന കലപാരിപാടികളാണ് കുടുംബ യോഗങ്ങളെന്നും ഫെയ്‌സ്ബുക്കില്‍ എഴുതിയിരുന്നു. ബ്രാഹ്മണരെ തോമശ്ലീഹ മതം മാറ്റിയെന്നത് അബദ്ധമാണെന്നും ബിഷപ് എഴുതിയിരുന്നു.

ഇനി മുതല്‍ കുടുംബയോഗ വാര്‍ഷികം എന്ന പേരില്‍ കേരളത്തില്‍ മെയ്, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ല. കൃത്രിമമായി സൃഷ്ടിച്ചെടുത്ത ‘മേല്‍ജാതി’ സ്വത്വവും പാരമ്പര്യവും ഊട്ടി ഉറപ്പിക്കുവാനുള്ള കലാപരിപടികളാണ് ഇവയില്‍ ഒട്ടേറെയും. ഒന്നുകില്‍ പകലോമറ്റം, അല്ലെങ്കില്‍ കള്ളിയാങ്കല്‍ ഇങ്ങിനെ പോകും ഇവരുടെ എല്ലാവരുടെയും വേരുകള്‍! അവിടെയെല്ലാം ഉണ്ടായിരുന്ന ‘ഇല്ലങ്ങളി’ലെ ബ്രാഹ്മണരെ തോമാശ്ലീഹ ക്രിസ്ത്യാനികളാക്കിയവരാണ് ഈ കുടുംബങ്ങളുടെയെല്ലാം പൂര്‍വ്വികര്‍ പോലും! ഇത്തരം അബദ്ധങ്ങള്‍ എല്ലാം ചേര്‍ത്ത് കുടുംബ ചരിത്രം പുസ്തകവുമാക്കി വക്കും. അടിസ്ഥാന രഹിതവും സവര്‍ണ്ണ ജാതിബദ്ധവും പ്രതിലോമകരവുമായ ഈവിധ മിത്തുകള്‍ തകര്‍ക്കപ്പെടണം വ്യക്തിപരമായ അടുപ്പങ്ങള്‍ കൊണ്ട് ഇത്തരം പല പരിപാടികളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്: കുറ്റബോധമുണ്ട്. ഇനി ആവില്ല, ബിഷപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

കത്വ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ലോകത്തിലെ എല്ലാ പിശാചുക്കളില്‍നിന്നും നിന്നെ ഞാന്‍ സംരക്ഷിക്കുമെന്ന് മകളെ ചേര്‍ത്ത് പിടിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് സണ്ണി ലിയോണ്‍ പറഞ്ഞു.

സണ്ണി ലിയോണിന്റെ ട്വീറ്റ് ഇങ്ങനെ…

പിശാചുകയറിയ എല്ലാത്തില്‍നിന്നും എന്റെ ഹൃദയവും ആത്മാവും നല്‍കി നിന്നെ ഞാന്‍ സംരക്ഷിക്കുമെന്ന് ഉറപ്പു തരുന്നു. നിന്റെ സംരക്ഷണത്തിനായി എന്റെ ജീവന്‍ നല്‍കേണ്ടി വന്നാലും ശരി. പിശാചുക്കളില്‍ നിന്ന് സുരക്ഷിതരാണെന്ന തോന്നല്‍ കുട്ടികള്‍ക്ക് ഉണ്ടാകണം. നമുക്ക് നമ്മുടെ കുട്ടികളെ കുറച്ചു കൂടി ചേര്‍ത്തു പിടിക്കാം. എന്ത് വില കൊടുത്തും അവരെ സംരക്ഷിക്കാം.കഴിഞ്ഞവര്‍ഷമായിരുന്നു സണ്ണിലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പെണ്‍കുട്ടിയെ ദത്തെടുക്കുന്നത്. നിഷ എന്നാണ് കുട്ടിയുടെ പേര്. നിഷ ജീവിതത്തിലേയ്ക്ക് വന്നതോടെ ജീവിതം ആകെ മാറിയെന്നാണ് സണ്ണി പറയുന്നത്.

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഈല്‍ നദിയില്‍ നിന്ന് കണ്ടെത്തിയത് സൗമ്യ തോട്ടപ്പള്ളിയുടെ (38) മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. കൊച്ചി കാക്കനാട് പടമുകള്‍ സ്വദേശിയാണ് സൗമ്യ. സൗമ്യയുടെ ഭര്‍ത്താവിനും മക്കള്‍ക്കുമായുള്ള തെരച്ചില്‍ തുടരുകയാണ്.

പോര്‍ട്‌ലാന്‍ഡില്‍നിന്ന് സാന്‍ ഹൊസേയിലുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച മെറൂണ്‍ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ കരുതുന്നത്.

ഇവര്‍ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം ഡോറ ക്രീക്കിന് അടുത്തുവച്ച് റോഡില്‍നിന്ന് ഈല്‍ നദിയിലേക്ക് വീണതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്താന്‍ ശ്രമം നടത്തിയിരുന്നുവെങ്കിസും വാഹനം പൂര്‍ണമായി ഒഴുക്കില്‍പ്പെട്ട് നദിയില്‍ കാണാതാവുകയായിരുന്നു.

സന്ദീപ് തോട്ടപ്പള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി (ഒന്‍പത്) എന്നിവരെയാണ് ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായത്.

ന്യൂസ് ഡെസ്ക്.

എഡിൻബറോയിൽ മലയാളി നഴ്സ് മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ ഷീജാ ബാബുവാണ് ക്യാൻസർ മൂലം മരിച്ചത്. ലിവിംഗ്സ്റ്റണിലെ പീക്കോക്ക് നഴ്സിംഗ് ഹോമിലെ ജീവനക്കാരിയായിരുന്നു. 43 വയസുള്ള ഷീജാ ഇന്നലെ വൈകുന്നേരം ലിവിംഗ്സ്റ്റണിലെ സെൻറ് ജോൺസ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ആറു മാസം മുമ്പാണ് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. ബാബു എബ്രഹാമാണ് ഭർത്താവ്. മൂന്നു മക്കളുണ്ട്. സ്റ്റെഫാൻ, സൂരജ്, സ്നേഹ.

ഷീജാ ബാബുവിന്റെ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉന്നവോയിലെയും കത്വവയിലെയും പീഡനങ്ങൾക്ക് പുറമെ രാജ്യത്ത് വീണ്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വീണ്ടും തുടർക്കഥയാകുന്നു. ഗുജറത്തിലും ഉത്തർപ്രദേശിലുമാണ് സംഭവങ്ങൾ…ഗുജറത്തിൽ 11 കാരിയും ഉത്തർ പ്രദേശിൽ ഒരു ഗർഭണിയുമാണ് പീഡനത്തിനിരകളായത്… ഗുജറാത്തിൽ പതിനൊന്ന് വയസുകാരി ക്രൂരമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടതായിയുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടത് എഎൻഐ വാർത്താ ഏജൻസിയാണ്.

പിഞ്ചുദേഹത്ത് 86 മുറിവുകളുമായി പതിനൊന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണത്തിന് കീഴടങ്ങും മുന്‍പ് ഒരാഴ്ചക്കാലമെങ്കിലും പെണ്‍കുട്ടി മൃഗീയമായി പീഡനത്തിന് ഇരയായിരുന്നതായാണ് നിഗമനം . ഏപ്രിൽ ആറിനാണ് കുട്ടിയുടെ മൃതദേഹം സൂററ്റിൽ നിന്നും കണ്ടെത്തിയത്.പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ മുറിവുകളിൽ നിന്ന് തടികൊണ്ടുള്ള ആയുധം ഉപയോഗിച്ചാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. മൃതദേഹം ചതുപ്പ് നിലത്ത് നിന്നും അഴുകിയ നിലയിലാണ് കാണപ്പെട്ടത്. മരിച്ച പെൺകുട്ടിയെ തിരിച്ചറിയാൻ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

മൃതദേഹത്തിലെ മുറിവുകളില്‍ ചിലത് ഏഴ് ദിവസവും ചിലത് ഒരു ദിവസവും പഴക്കമുള്ളതാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതില്‍ നിന്ന് കുട്ടി ചുരുങ്ങിയത് എട്ട് ദിവസമെങ്കിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് കരുതുന്നത്    ലൈംഗിക പീഡനം നടന്നതായുള്ള സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സ്വകാര്യഭാഗങ്ങളിലും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ മുറിവുകളും മരം കൊണ്ടുള്ള ആയുധം കൊണ്ടാണെന്ന് സൂറത്ത് സര്‍ക്കാര്‍ ഹോസ്പിറ്റലിലെ ഫോറന്‍സിക് മേധാവി ഗണേശ് ഗോവ്കര്‍ പറഞ്ഞു. മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല

അതേ സമയം ഉത്തർപ്രദേശിലെ അമേത്തിയിൽ ഗർഭിണിയെ നാലംഗ സംഘം മാനഭംഗത്തിനിരയാക്കി. വെള്ളിയാഴ്ചയാണു സംഭവം. തിലോയിയിലെ ചികിത്സാകേന്ദ്രത്തിലേക്കുപോയ മുപ്പത്തഞ്ചുകാരിയെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. ബോധരഹിതയായ സ്ത്രീയെ ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെടുകയും ചെയ്തു.ഗ്രാമവാസികൾ വിവരമറിച്ചതിനെത്തുടർന്ന് എത്തിയ പോലീസാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ആക്രമണത്തിനിരയായ സ്ത്രീയുടെ ബന്ധുക്കളിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു . മാനഭംഗപ്പെടുത്തിയ നാലു പേരെയും തിരിച്ചറിയാമെന്നു സ്ത്രീ അന്വേഷണ സംഘത്തോടു പറഞ്ഞിട്ടുണ്ട്. ബോധരഹിതയാകും മുമ്പ് രണ്ടുപേർ രക്ഷപ്പെട്ടുവെന്നും ഇവർ പറഞ്ഞു.

കഠ്‌വ, ഉന്നാവ പീഡനങ്ങളില്‍ രാജ്യമാകെ രോഷം അലയടിക്കവേയാണ് പുതിയ സംഭവം പുറത്തെത്തുന്നത്. രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടുമെന്ന് പ്രധാനമന്ത്രി രണ്ട് സംഭവങ്ങളെയും നേരിട്ട് പരാമര്‍ശിക്കാതെ ഇന്നലെ പറഞ്ഞിരുന്നു. കഠ്‌വയില്‍ അതിക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട ശേഷമാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. യുപിയിലെ ഉന്നാവയിലാകട്ടെ പ്രതി ബിജെപി എംഎല്‍എയും

കഴിഞ്ഞ വർഷം ജൂണിലാണ് ബിജെപി എംഎൽഎയായ സെന്‍ഗാറും അനുയികളും ചേർന്ന് ഉത്തർപ്രദേശിലെ ഉന്നാവയിൽ പെൺകുട്ടയെ പീഡിപ്പിച്ചത് . എന്നാൽ പരാതി നല്‍കിയ യുവതിയുടെ കുടുംബത്തെ ബി ജെ പി പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. മാഖി പോലീസില്‍ പരാതി നൽകിയിട്ടും എം എല്‍ എക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കിയില്ല. എം എല്‍ എയെ ഒഴിവാക്കി പീഡനക്കേസ് രജിസ്റ്റർ ചെയ്യുകയാണ് ഉണ്ടായത്.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെടുകയും തുടർന്ന് ഉന്നാവോ എസ് പി ഉള്‍പ്പെടെയുള്ളവരെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. പിന്നാലെ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പെൺ‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കൾ ഉള്‍പ്പെടെ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രണയം തലയ്ക്കു പിടിച്ചപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയ്‌ക്കൊപ്പം ജീവനൊടുക്കി യുവാവ്. ആലുവയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രണയത്തിന് കണ്ണില്ലെന്നും പറയുമെങ്കിലും ഇതുപോലുള്ള പ്രണയം തലയ്ക്കുപിടിച്ചാല്‍ അത് കുടുംബ ജീവിതങ്ങള്‍ തന്നെ തകര്‍ക്കുന്ന കാഴ്ച്ചകളാണ് ദിവസവും ഉണ്ടാകുന്നത്.

ഇന്നലെ ആലുവയിലുണ്ടായ സംഭവം അതിന് മറ്റൊരു ഉദാഹരണമാണ്. വിവാഹേതര പ്രണയം മരണത്തിലാണ് പലപ്പോഴും കലാശിക്കുക എന്ന സന്ദേശവും. കാമുകനെ അയാള്‍ ജോലിചെയ്യുന്ന കമ്ബനിയില്‍ ചെന്ന് ഭര്‍തൃമതിയായ യുവതി വിളിച്ചുകൊണ്ടുപോയതിന് പിന്നാലെയാണ് സംഭവം.
പിന്നീട് രണ്ടുപേരും ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയാണ് ബന്ധുക്കളേയും നാട്ടുകാരേയും തേടിയെത്തിയത്. ശ്രീമൂലനഗരം കല്ലയം ഏത്താപ്പിള്ളി വീട്ടില്‍ കുഞ്ഞന്റെയും ബേബിയുടെയും മകന്‍ രാഗേഷ് (32), ശ്രീമൂലനഗരം എടനാട് അമ്ബാട്ടുതറ വീട്ടില്‍ ദിവ്യന്റെ ഭാര്യ ശ്രീകല (28) എന്നിവരാണ് മരിച്ചത്. ആലുവ തുരുത്തിന് സമീപം റെയില്‍പാളത്തില്‍ ഇരുവരേയും ട്രെയിനിനു മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ ആറിനാണു മൃതദേഹങ്ങള്‍ കണ്ടത്. തലഭാഗം ചിതറിപ്പോയിരുന്നു.

രാഗേഷിന്റെ ബൈക്കില്‍ തുരുത്തില്‍ എത്തിയ ഇവര്‍ ട്രെയിന്‍ വന്നപ്പോള്‍ പാളത്തിലേക്കു ചാടുകയായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം. രാഗേഷിന്റെ സംസ്‌കാരം നടത്തി. ശ്രീകലയുടെ മൃതദേഹം സ്വദേശമായ നെടുവന്നൂരിലേക്കു കൊണ്ടുപോയി. വീടിനടുത്തുള്ള പൈപ്പ് കമ്പനിയിൽ പ്ലംബറാണ് രാഗേഷ്. ഇയാള്‍ അവിവാഹിതനാണ്.  രണ്ടു കുട്ടികളുടെ അമ്മയാണ് മരണമടഞ്ഞ ശ്രീകല. വെള്ളിയാഴ്ച ഉച്ചയ്ക്കു ശ്രീകല കമ്പനിയില്‍ച്ചെന്നു രാഗേഷിനെ വിളിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പിന്നീട് ഇവര്‍ എങ്ങോട്ടുപോയെന്ന് ആര്‍ക്കും വിവരമില്ല. രാഗേഷിന്റെ വീടിനടുത്താണ് ശ്രീകലയുടെ ഭര്‍തൃവീട്. ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ച്‌ ജീവിക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും കരുതുന്നതായി പൊലീസ് പറയുന്നു.

Copyright © . All rights reserved