കില്‍ഡെയര്‍ :അയര്‍ലണ്ടിലെ കില്‍ഡെയറിലെ കില്‍കോക്കില്‍ മലയാളി യുവാവ് മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.കോട്ടയം ചിങ്ങവനം സ്വദേശി മനോജ് സക്കറിയ (37) എന്നയാളാണ് മരണപ്പെട്ടത്.
ഡിസംബര്‍ 27 നാണ് മനോജ് അയര്‍ലണ്ടില്‍ ആദ്യമായി എത്തിയത്. ന്യൂമോണിയ ബാധിതനായിരുന്നുവെന്ന് പറയപ്പെടുന്നു. ഇന്നലെ രാത്രി അടുക്കളയില്‍ വെള്ളം കുടിയ്ക്കാനെത്തിയ മനോജ് അവിടെ കുഴഞ്ഞു വീഴുകയായായിരുന്നു എന്നാണ് നിഗമനം. ഭാര്യ ഷിജി കില്‍കോക്കിലെ പാര്‍ക്ക് ഹൌസ് നഴ്സിംഗ് ഹോമിലെ നഴ്സാണ്. ആറ് മാസം മുമ്പാണ് ഷിജിയും ഇവിടെ ജോലിക്കെത്തിയത്.
മനോജിന്റെ ആകസ്മിക നിര്യാണവാര്‍ത്ത അറിഞ്ഞു കില്‍കോക്കിലെ മലയാളികളെല്ലാം തന്നെ ഇവരുടെ ഭവനത്തില്‍ എത്തിയിട്ടുണ്ട്. കില്‍കോക്ക് പള്ളിയിലെ ക്യുറേറ്ററും,വോയിസ് ഓഫ് പീസ് മിനിസ്ട്രി ഡയറക്ടറുമായ ഫാ.ജോര്‍ജ് അഗസ്റ്റിന്‍ ഓഎസ്ബിയും സ്ഥലത്തെത്തിയിരുന്നു.
ഗാര്‍ഡ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
മാസ്റ്റര്‍പീസില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെയും അദ്ദേഹത്തെ ആദ്യമായി കണ്ടതിന്റെയുമൊക്കെ വിശേഷം പങ്കുവെയ്ക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഒരു അഭിമുഖത്തിലാണ് പണ്ഡിറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയില്‍ ക്ലാപ്പ് ബോര്‍ഡ് അടിക്കുന്നത് പോലും എന്തിനാണെന്ന് അറിയാത്തവരാണ് നിന്നെ വിമര്‍ശിക്കുന്നത്, അവരോട് പോകാന്‍ പറ എന്ന മമ്മൂട്ടിയുടെ പഞ്ച് ഡയലോഗ് തനിക്ക് ഏറെ പ്രചോദനമായെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
മമ്മൂക്കയോടൊപ്പം അഭിനയിക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. സ്വന്തം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂക്കയുടെ സെറ്റില്‍ എത്തിയപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. ഞാന്‍ ദൂര ഒതുങ്ങിനിന്നു. അപ്പോഴാണ് മമ്മൂക്ക അന്വേഷിച്ചെന്ന് ഒരാള്‍ വന്നു പറഞ്ഞത്. ഓടിച്ചെന്ന് അനുഗ്രഹം വാങ്ങി. എന്തിനാണ് മാറി നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ടെന്‍ഷനാണെന്ന് പറഞ്ഞു. പേടിക്കേണ്ട കാര്യമൊന്നും ഇല്ലല്ലോ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി. സിനിമയില്‍ എന്തിനാണ് ക്ലാപ്‌ബോര്‍ഡ് അടിക്കുന്നത് എന്ന് പോലും അറിയാത്തവരാണ് നിന്നെ വിമര്‍ശിക്കുന്നതെന്നും അവരോട് പോയി പണി നോക്കാന്‍ പറയെന്നുമുള്ള പഞ്ച് ഡയലോഗ് മമ്മൂക്ക പറഞ്ഞത് പ്രചോദനമായി.
തന്റെ സിനിമകളുടെ ജോലികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരു സര്‍പ്രൈസ് പറയാനുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. കാര്യങ്ങളൊക്കെ ഒത്തുവന്നാല്‍ തമിഴില്‍ ഒരു സൂപ്പര്‍ സ്റ്റാറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നും സന്തോഷ് വെളിപ്പെടുത്തി. എന്നാല്‍, ആരാണ് ആ സൂപ്പര്‍സ്റ്റാര്‍ എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞില്ല.
ഞാന്‍ അട്ടപ്പാടിയില്‍ ഭക്ഷ്യസാധനങ്ങള്‍ നല്‍കിയപ്പോഴും നേഴ്‌സുമാരുടെ സമരത്തിന് പിന്തുണ നല്‍കിയപ്പോഴും എന്റെ പ്രശസ്തിക്ക് വേണ്ടിയാണെന്ന് ചിലര്‍ കളിയാക്കി. ഇതൊക്കെ ചെയ്തിട്ട് വേണോ മലയാളികള്‍ക്ക് എന്നെ അറിയാന്‍ എന്നായിരുന്നു സന്തോഷിന്റെ പ്രതികരണം.
‘റിയാലിറ്റി ഷോയില്‍നിന്ന് ലഭിച്ച പണത്തിന്റെ പകുതിയാണ് അട്ടപ്പാടിയിലും മറ്റും ചെലവഴിച്ചത്. ഓണം ആഘോഷിച്ചത് അവര്‍ക്കൊപ്പമാണ്. സിനിമയില്‍നിന്ന് കിട്ടിയ പണമാണ് അടുത്തിടെ എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി നല്‍കിയത്. ഇതൊന്നും ഒരു ചാനലുകാരെയും അറിയിച്ചില്ല. കോളനിയുടെ അവസ്ഥ കണ്ടപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ പണം നല്‍കാന്‍ സാധിക്കുന്നവര്‍ അത് ചെയ്യണമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഒരുപാട് പേര്‍ സഹായിക്കാന്‍ മുന്നോട്ടുവന്നു അവരെയൊക്കെ കോളനിക്കാരുമായി കണക്ട് ചെയ്ത് കൊടുക്കുകയും ചെയ്തു. അതിലും നെഗറ്റീവ് കണ്ട ആളുകളുണ്ടായിരുന്നു’- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
കോഴിക്കോട്: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭുമി ഇടപാട് വിവാദത്തിന് പിന്നാലെ സീറോ മലബാര്‍ സഭയില്‍ പൊട്ടിത്തെറി രൂപപ്പെട്ടിരിക്കുകയാണ്. സഭാ നിയമങ്ങള്‍ ലംഘിക്കപ്പെട്ടതായി സര്‍ക്കുലര്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ വിവാദത്തിന് പിന്നില്‍ മാര്‍ ആലഞ്ചേരിക്കെതിരായ ഗൂഢാലോചനയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
ജോര്‍ജ് ആലഞ്ചേരിയെ കര്‍ദിനാള്‍ സ്ഥാനത്തു നിന്നു ഒഴിവാക്കണമെന്ന് ഒരു വിഭാഗം വൈദികര്‍ തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനിടെ കെ.സി.വൈ.എമ്മിന്റെ മുന്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗവും മാധ്യമ പ്രവര്‍ത്തകയുമായ ഷെറിന്‍ വില്‍സണിന്റെ പോസ്റ്റും ചര്‍ച്ചയാവുകയാണ്.
ഭൂമി ഇടപാടുമായി ബന്ധപെട്ടു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒട്ടേറെ വൈദികര്‍ രംഗത്ത് വന്നിരിക്കുന്നു. അതില്‍ ഒരു വൈദികന്‍ ഒരു ചാനലില്‍ ‘സഭയില്‍ അരുതാത്തതു നടക്കുമ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ ധാര്‍മ്മികതയ്ക്കുചേരുന്നതല്ലെന്ന്’ പ്രവസ്ഥാപന നടത്തിയിരുന്നു. വൈദികരുടെ ഈ ‘ധാര്‍മ്മികത’ ഇതിനു മുന്‍പും സഭയില്‍ അനിഷ്ടങ്ങള്‍ നടന്നപ്പോള്‍ എവിടെപ്പോയി എന്നാണ് ഷെറിന്‍ ചോദിക്കുന്നത്.
ഷെറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
വൈദികരെല്ലാം പാവാടാ
(HE SAYS ‘CEASAR WAS AMBITIOUS, AND BRUTUS AN HONORABLE MAN–!’)
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപെട്ടു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒട്ടേറെ വൈദികര്‍ രംഗത്ത് വന്നിരിക്കുന്നു..അതില്‍ ഒരു വൈദികന്‍ ഒരു ചാനലില്‍ പറയുന്നത് കേട്ടു ‘സഭയില്‍ അരുതാത്തതു നടക്കുമ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ ധാര്‍മ്മികതയ്ക്കുചേരുന്നതല്ലെന്ന്’ ഈ കുറിപ്പെഴുതാന്‍ ആ വൈദികനാണ് പ്രചോദനം .
(പക്ഷെ ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നിങ്ങള്‍ക്കു പരിചയമുള്ളവരുമായി ഒരു സാദൃശ്യവുമില്ല ..സാദൃശ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം)
ധാര്‍മ്മികത !
*കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു വൈദികന്‍ പീഡിപ്പിച്ചപ്പോള്‍ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ
*തൃശ്ശൂരില്‍ വീട്ടമ്മയുമായി വൈദികന്‍ നാടുവിട്ടപ്പോള്‍ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?
* അങ്ങ് മലബാറില്‍ വൈദികനില്‍ നിന്ന് കന്യാസ്ത്രിക്ക് ദിവ്യഗര്‍ഭമുണ്ടായപ്പോള്‍ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?
* മനുഷ്യക്കടത്തു കേസില്‍ കെസിബിസി യുവജന കമ്മീഷന്‍ സെക്രട്ടറി ആയിരുന്ന വൈദികന്‍ അകത്തായപ്പോഴും ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?
*സഭയുടെ ആശുപത്രി നിര്‍മ്മാണത്തിലേക്ക് പിതാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് സംഭാവന ചെയ്യണമെന്നും മാതാവ് അനുഗ്രഹിക്കുമെന്നും പറഞ്ഞ് സ്പിരിച്യുവല്‍ ബ്‌ളാക്‌മെയിലിംഗ് നടത്തിയ വൈദികരെയും കണ്ടിട്ടുണ്ട്.
* സഭയുടെ സ്ഥാപനങ്ങളില്‍ കൈക്കൂലി വാങ്ങി അഡ്മിഷനും ജോലിയും നല്‍കുകന്നത് കണ്ടിട്ടും എന്തേ മറ്റു വൈദികര്‍ പ്രതികരിച്ചില്ല?
* സഭയുടെ വിവിധ സംഘടനകളിലെ തെരഞ്ഞെടുപ്പ് സമയത്തു സ്വന്തം ആളുകളെ തലപ്പത്തെത്തിക്കാന്‍ തരം താണ കളികള്‍ കളിക്കുന്ന വൈദികരെ കണ്ടിട്ടുണ്ട്
* ഇടവക പള്ളി പുതുക്കി പണിയാന്‍ ഏല്പിച്ച കോണ്‍ട്രാക്ടര്‍ ഇടവകക്കാര്‍ പിരിച്ചു നല്‍കിയ പണം അനധികൃതമായി കൈക്കലാക്കിയപ്പോള്‍ കൂട്ടുനിന്നവൈദികനെ കണ്ടിട്ടുണ്ട്
* തിരുനാള്‍ ആഘോഷത്തില്‍ ബാക്കി വന്ന തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയ വൈദികനെയും കണ്ടിട്ടുണ്ട്
* നോട്ട് നിരോധനം വന്നപ്പോള്‍ പ്രേക്ഷിതപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന വൈദികന്‍ കണക്കു കാണിക്കാനും നിരോധിക്കപ്പെട്ട നോട്ടുകള്‍ വല്ലവിധേനയുംമാറ്റിയെടുക്കാനും നെട്ടോട്ടമോടിയതും അധികൃതര്‍ പറഞ്ഞു കേട്ടിട്ടുണ്ട്
* ജന്മനാ പൊക്കം കുറഞ്ഞതിന്റെ പേരില്‍ ഒരു കുട്ടിയോട് അള്‍ത്താരയില്‍ ഇനി നീ കയറേണ്ട ആദ്യം പൊക്കം വെക്കട്ടെ എന്ന് പറഞ്ഞ വൈദികനെ കണ്ടിട്ടുണ്ട്
* ഇടവകയിലെ ശവക്കല്ലറകള്‍ കോടികള്‍ക്കു വില്‍ക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തവര്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്ത വൈദികനെയും കണ്ടിട്ടുണ്ട്
* ലളിതമായി ജീവിക്കാന്‍ സഭയിലെ മക്കളോട് പറഞ്ഞിട്ടു കോടികളുടെ കാറില്‍ ചുറ്റുന്നവരെയും കണ്ടിട്ടുണ്ട്
* ആശുപത്രി പണിയാനായി ഒരു പ്രദേശത്തെ സ്ഥലം വാങ്ങിയപ്പോള്‍ സ്ഥലം വില്‍ക്കാതിരുന്ന വീട്ടുകാരെ വില്‍ക്കാന്‍ നിര്ബന്ധിതരാക്കിയ വൈദികരെയുംകണ്ടിട്ടുണ്ട്
* കോളേജില്‍ അഡ്മിഷന്‍ കൊടുത്ത കോഴ്‌സസിന്റെ ക്ലാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞു ഡിഗ്രി തന്നെ മാറ്റി വിദ്യാര്‍ത്ഥികളെ ചതിച്ചു പണം ഉണ്ടാകുന്നവൈദികരെയും കണ്ടിട്ടുണ്ട്
*ക്ലാസ്സിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ഗുണ്ടായിസം കാണിക്കുന്ന വൈദികരെയും കണ്ടിട്ടുണ്ട്
* സാധാരണക്കാരന് മറ്റു സഭയില്‍ നിന്ന് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ പള്ളിയില്‍ നടത്താന്‍ സമ്മതിക്കാതിരിക്കുക, പക്ഷെ സമ്പന്നന്‍ ആണെങ്കില്‍ ക്രിസ്തവരല്ലാത്തവരുടെ വിവാഹം വരെ പള്ളിയില്‍ വെച്ച് നടത്തി കൊടുത്ത വൈദികരെയും കണ്ടിട്ടുണ്ട്
* സഭയിലെ സത്യങ്ങള്‍ വിളിച്ചു പറയുന്നവരെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയുന്നവൈദികരെയും കണ്ടിട്ടുണ്ട്
ഇനിയും അക്കമിട്ടു നിരത്താന്‍ ഏറെയുണ്ട്!
പക്ഷെ ഇത്രയൊക്കെയാണേലും നമ്മുടെ വൈദികര്‍ ഒരു തെറ്റും ചെയ്തിട്ടില്ലാട്ടോ
വില്യം ഷേക്സ്പിയറിന്റെ ജൂലിയസ് സീസര്‍ എന്ന കൃതിയില്‍ മാര്‍ക്ക് ആന്റണി നടത്തുന്ന പ്രസംഗത്തിലെ ഒരു വരിയാണ് ഓര്‍മ്മ വരുന്നത്…BRUTUS SAYS ‘CEASAR WAS AMBITIOUS, AND BRUTUS AN HONORABLE MAN–!’
ഇതൊക്കെ ഈ കേരളത്തില്‍, നമ്മുടെ സിറോ മലബാര്‍ സഭയില്‍ നടന്നപ്പോഴൊന്നും വാ തുറക്കാന്‍ മടികാണിച്ച വൈദിക ശ്രേഷ്ഠന്മാര്‍ ഇപ്പൊ കാണിക്കുന്ന ഈധാര്‍മികത ഇനിയങ്ങോട്ടെങ്കിലും എല്ലാ വിഷയത്തിലും കാണിച്ചാല്‍ മതിയായിരുന്നു. കാര്‍ഡിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തെറ്റ് ചെയ്‌തെന്നോ ഇല്ലെന്നോഞാന്‍ പറയുന്നില്ല..തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെ…
ഇവരിലൊന്നും പെടാതെ വൈദികവൃത്തി അതിന്റെ എല്ലാ പവിത്രതയോടെയും മുന്നോട്ടുകൊണ്ടുപോകുന്ന ധാരാളം വൈദികരെയും കണ്ടിട്ടുണ്ടെന്നുകൂടി കൂട്ടിച്ചേര്‍ത്തുകൊള്ളട്ടെ …
എന്ന്
ഷെറിന്‍ വില്‍സണ്‍
(കെസിവൈഎമ്മിന്റെ മുന്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗമെന്ന നിലയില്‍ ഇവരെ കുറച്ചു കൂടുതല്‍ അടുത്തറിയാനുള്ള അവസരം കിട്ടിയതും ഈ കുറിപ്പെഴുതാന്‍ സഹായകരമായിട്ടുണ്ടേ ?? …അതോടെ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്നു പറയേണ്ടതില്ലല്ലോല്ലെ)
കൊച്ചി: സീറോ മലബാര്‍ സഭയില്‍ ഉയര്‍ന്നു വന്ന ഭൂമിയിടപാട് ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് കത്ത്. ഒരു വിഭാഗം വിശ്വാസികളാണ് പോപ്പിന് കത്തയച്ചത്. കര്‍ദിനാള്‍ മാല്‍ ആലഞ്ചേരിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
സഭയില്‍ കള്ളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടന്നുവെന്ന ആരോപണവും മാര്‍പാപ്പയ്ക്കുള്ള പരാതിയില്‍ ഉന്നയിക്കപ്പെടുന്നു. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ പ്രതിനിധി വി.ജെ.ഹെല്‍സിന്തിന്റെ പേരിലാണ് കത്ത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നിരുന്നത്.
ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കുന്നതിനായാണ് ഭൂമി വിറ്റതെന്നും ഇതില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്നുമുള്ള ആരോപണങ്ങളുമായി ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തിയിരുന്നു. ഭൂമിയിടപാടില്‍ ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് മാര്‍ പാപ്പയ്ക്ക് അയച്ചുകൊടുക്കാന്‍ വൈദിക സമിതി തീരുമാനിച്ചിരുന്നു.
മലപ്പുറം ജില്ലയിലെ മമ്പാട് പ്രദേശത്ത് മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ മുസ്തഫയെ വീടു കയറി ആക്രമിക്കുകയും സ്ത്രീകളെയും കുട്ടികളെയും അടക്കം ഭീഷണിപ്പെടുത്തുകയും ചെയ്ത ഗുണ്ടാസംഘങ്ങള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്ത സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. വീടുകയറി ആക്രമിച്ച മാഫിയാസംഘങ്ങള്‍ക്കെതിരെ ഉന്നതതലത്തില്‍ വരെ പരാതികള്‍ നല്‍കിയിട്ടും ഒരു എഫ്‌ഐആര്‍ പോലും ഇടാന്‍ പോലീസ് ഇതേവരെ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ചുള്ള പരാതികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പരാതികള്‍ നല്‍കുകയും അതുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന പശ്ചിമഘട്ട സംരക്ഷണ സമിതിയുടേയും മറ്റു പരിസ്ഥിതി സംഘടനകളുടെയും നേതാക്കള്‍ക്കെതിരെ വീണ്ടും അക്രമ ഭീഷണി മുഴക്കുകയും അവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം ഏറെ നിര്‍ഭാഗ്യകരമാണ്.
ഈ മാഫിയകള്‍ക്ക് പിന്നില്‍ ഉന്നത ബന്ധം ഉണ്ട് എന്നത് വ്യക്തവും ആണ്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമം പാലിക്കപ്പെടുന്നു എന്നും അത് ലംഘിക്കുന്നവര്‍ക്ക് എതിരെ നടപടി എടുക്കുന്നുവെന്നും ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ നിയമലംഘനം ചൂണ്ടിക്കാട്ടുന്നവരെ ആക്രമിക്കുന്ന മാഫിയകളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ആം ആദ്മി പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നു. ഈ നാട്ടിലെ ഭൂമിയും വനവും പുഴകളും സംരക്ഷിക്കപ്പെടുന്നത് ഒരു കൂട്ടം നിസ്വാര്‍ത്ഥ യായ പരിസ്ഥിതി സംരക്ഷകരുടെ പ്രവര്‍ത്തന ഫലമായി ആണ് എന്നത് കാണേണ്ടതുണ്ട്. ഭരണ-പ്രതിപക്ഷങ്ങള്‍ മിക്കപ്പോഴും ഇത്തരം പരിസ്ഥിതി സംരക്ഷണങ്ങള്‍ക്ക് സഹായകരമായ നിലപാടുകള്‍ എടുക്കുന്നില്ല എന്നുമാത്രമല്ല പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നവര്‍ക്ക് അനുകൂലമായ നിലപാട് എടുക്കുകയും ചെയ്യുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ആം ആദ്മി പാര്‍ട്ടി രേഖപ്പെടുത്തുന്നു
വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി മോഷ്ടാക്കളുടെ വെടിയേറ്റ് മരണമടഞ്ഞു. അര്‍ഷാദ് വോറ എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ചിക്കാഗോയിലെ ഡോള്‍ട്ടന്‍ ക്ലാര്‍ക്ക് ഗ്യാസ് സ്റ്റേഷനില്‍ ആണ് സംഭവം നടന്നത്. ഗ്യാസ് സ്റ്റേഷനില്‍ നടന്ന വെടിവെപ്പില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഗ്യാസ് സ്റ്റേഷനിലെ ഷോപ്പില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് വെടിവെപ്പ് ഉണ്ടായത്. കടയില്‍ മോഷണം നടത്തുന്നതിനിടയില്‍ കടയിലേക്ക് കയറി വന്ന അര്‍ഷാദിനു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മോഷ്ടാക്കള്‍ രണ്ട് പേരുണ്ടായിരുന്നു. കൊല നടത്തിയതിന് ശേഷം ഇവര്‍ ഓടി രക്ഷപെട്ടു. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ ഇത് വരെ ആരെയും പിടികൂടിയിട്ടില്ല. അക്രമികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 12000 ഡോളര്‍ ഇനം പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം: ഗണേഷിന്റെ പാർട്ടി എൻ സി പി യിൽ ചേർന്ന് മന്ത്രിയാകാൻ ശ്രമിക്കുകയാണ് എന്ന വാർത്ത വന്നതിന് പുറകെ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് ഗണേഷ് കുമാര്‍ എം.എല്‍.എയുമായി കൂടിക്കാഴ്ച നടത്തി. പത്തനാപുരത്തെ ഗണേഷിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. അതേസമയം, സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് എം.എല്‍.എയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള കൂടിക്കാഴ്ചയായി ഇതിനെ കണ്ടാല്‍ മതിയെന്നും എം.എല്‍.എയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ദിലീപിനെ ഇടതുപക്ഷ എം.എല്‍.എയായ ഗണേഷ് കുമാര്‍ സന്ദര്‍ശിക്കുകയും താരത്തിന് അനുകൂല നിലപാട് എടുത്തതും നേരത്തെ ഏറെ വിമര്‍ശനത്തിന് വഴി വച്ചിരുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗണേഷ് അടക്കമുള്ള സിനിമാക്കാരുടെ ജയിലിലേക്കുള്ള പ്രവാഹമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമുള്ള ദിലീപിന്റെ സന്ദര്‍ശനം ഏറെ ആകാംക്ഷകള്‍ക്കാണ് വഴി വച്ചിരിക്കുന്നത്. ഇരുവരും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയില്‍ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ കെയ്‌റോയിലെ ഹെല്‍വാന്‍ ജില്ലയിലെ മാര്‍ മിന പള്ളിയിലാണ് വെടിവെപ്പുണ്ടായത്. ആയുധ ധാരികളായ രണ്ടുപേര്‍ പള്ളിയില്‍ പ്രവേശിക്കുകയും ജനങ്ങള്‍ക്കുനേരെ നിറയൊഴിക്കുകയുമായിരുന്നു.
ഇവിടെ അടുത്ത ആഴ്ച നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി പോലീസിനെ വിന്യസിപ്പിച്ചിരുന്നു. ഇവര്‍ക്കു നേരെയുണ്ടായ വെടിവെപ്പിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തിരിച്ചടിയില്‍ ആക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെന റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബറില്‍ 28 പേരുടെ മരണത്തിന് ഇടയാക്കിയ കോപ്റ്റിക് കത്തീഡ്രലില്‍ നടന്ന ബോംബാക്രമണവും ഏപ്രിലില്‍ ഓശാന ഞായര്‍ ദിവസമുണ്ടായ ആക്രമണവും ഭീകരര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടടുത്തിട്ടില്ല.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി ഏഴിന് നടക്കുന്ന ഓര്‍ത്തഡോക്‌സ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പോലീസ് സുരക്ഷ ശക്തമാക്കി. പള്ളികള്‍ക്കു പുറമെ മറ്റ് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
ആ ക്രിസ്മസ് ദിവസം തന്നെ അക്ഷയ് സ്വന്തം അമ്മയെ കൊലപ്പെടുത്തി. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ അക്ഷയ് അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്മ ദീപയെ കൊന്ന രീതിയും അക്ഷയ് പൊലീസിനോട് വിശദീകരിക്കുകയും ചെയ്തു.
കോടതിയിൽ ഹജരാക്കി റിമാന്റ് ചെയ്യിപ്പിച്ചു. എന്നാല്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തിയതില്‍ അക്ഷയ്ക്ക് ഇപ്പോഴും യാതൊരു വിധത്തിലുള്ള വിഷമവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ സംഭവത്തില്‍ കൊല്ലപ്പെട്ട ദീപയ്ക്കെതിരേ ഭർത്താവും മൊഴി നൽകി. കുവൈറ്റിൽ നിന്നും എത്തിയ അശോകനും മകള്‍ അനഘയും ദീപയുടെ വഴവിട്ട ബന്ധങ്ങളെപ്പറ്റിയാണ് മൊഴിനല്‍കിയതെന്ന് പോലീസ്.
കേസില്‍ മകനും എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ മകന്‍ അക്ഷയ് അറസ്റ്റിലായതിനു പിന്നാലെയാണ് അശോകന്റെ വെളിപ്പെടുത്തല്‍. രണ്ടുവര്‍ഷമായി ദീപ ഭര്‍ത്താവും മകളുമായി ഒരുതരത്തിലുള്ള ബന്ധവും പുലര്‍ത്തിയിരുന്നില്ല. എല്‍.ഐ.സി അഡൈ്വസര്‍ ജോലി ഉപേക്ഷിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ദീപ തയാറായില്ലെന്നും അശോകന്‍ പറയുന്നു.
ക്രിസ്മസ് ദിനത്തില്‍ സിനിമ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍നിന്ന് ആരോ ഇറങ്ങിയോടുന്നത് കണ്ടെന്നാണ് മകന്‍ ആദ്യം പോലീസിനോടു പറഞ്ഞത്. അമ്മയുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് ബന്ധുകള്‍ക്കും അറിയാമായിരുന്നെന്നും മൊഴിയിലുണ്ട്. അതിനാലാണ് ആത്മഹത്യയാണെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചതും അമ്മയെ കാണാനില്ലെന്ന് ചേച്ചിയെ ധരിപ്പിച്ചതും. ക്രിസ്മസ് കേക്ക് വാങ്ങാനുള്ള പണം ദീപയില്‍നിന്ന് വാങ്ങിയശേഷമാണ് അക്ഷയ് കൊലയ്ക്ക് തുനിഞ്ഞതെന്ന് അന്വേഷണ സംഘം പറയുന്നു.
സപ്ലിമെന്ററി പരീക്ഷയ്ക്ക് ട്യൂഷന് പോകുന്നതിനായി ഫീസ് ആവശ്യപ്പെട്ടത് തര്‍ക്കത്തിലേക്കു നയിച്ചെന്നും ഇതു കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നും പിന്നീട് അക്ഷയ് മൊഴി മാറ്റി. അമ്മയുടെ മരണത്തിലല്ല, ഭാവിജീവിതം അവതാളത്തിലായതിലാണു ദുഖമെന്നും അക്ഷയ് പോലീസിനോട് പറഞ്ഞത്. ദീപയുടെ മൊബൈല്‍ ഫോണിലേക്കു വന്ന കോളുകളെ കേന്ദ്രീകരിച്ചും അന്വേഷണവും മുന്നോട്ടുനീങ്ങുന്നുണ്ട്. ചാത്തന്‍സേവയുമായി ബന്ധപ്പെട്ട് ഒരാളെയും പോലീസ് സംശയിക്കുന്നു.
നടി പാര്‍വതിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയ്ക്ക് പിന്തുണയുമായി കസബയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്. പ്രിന്റോയ്ക്ക് ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്താണ് നിര്‍മാതാവ് ജോബി ജോര്‍ജ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രിന്റോയ്ക്ക് ഓസ്‌ട്രേലിയയിലോ ദുബായിലോ, യുകെയിലോ തന്റെ മരണം വരെ ജോലി വാഗ്ദാനം ചെയ്യുന്നതായാണ് ജോബി ജോര്‍ജിന്റെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. അതേസമയം പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ കൂടി ഇന്ന് പിടിയിലായി. കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് പിടിയിലായത്.പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഇയാള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സന്ദേശം അയച്ചതായി പോലീസ് കണ്ടെത്തി.
മോനേ, നിനക്ക് കഴിയുമെങ്കില്‍ നിന്റെ നമ്പര്‍ അയച്ച് താ. അല്ലെങ്കില്‍ എന്റെ ഓഫീസിലേക്കോ എന്റെ വീട്ടിലേക്കോ നിനക്ക് വരാം. എന്റെ മരണം വരെ ഞാന്‍ നിനക്ക് ജോലി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലോ ദുബായിലോ യുകെയിലോ ഓസ്‌ട്രേലിയിലോ ലോകത്തിന്റെ ഏത് കോണില്‍ വേണമെങ്കിലും ഞാന്‍ ജോലി മേടിച്ച് തരും’ എന്നാണ് ജോബിയുടെ കുറിപ്പ്. മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പാര്‍വതിയുടെ പരാതിയിലാണ് പെയിന്റിംഗ് പണിക്കാരനായ വടക്കാഞ്ചേരി സ്വദേശി സിഎല്‍ പ്രിന്റോ കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
കടുത്ത മമ്മൂട്ടി ആരാധകനായ പ്രിന്റോ നടിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. പ്രിന്റോയെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുണ്ടായി. മുന്‍പ് കസബയെ വിമര്‍ശിച്ച പാര്‍വതിയെയും ഗീതു മോഹന്‍ദാസിനെയും ‘ആന്റി’ എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് ജോബി പോസ്റ്റ് ചെയ്ത കുറിപ്പും ഏറെ ചര്‍ച്ചയായിരുന്നു. ‘ഗീതു ആന്റിയും ,പാര്‍വതി ആന്റിയും അറിയാന്‍ കസബ നിറഞ്ഞ സദസില്‍ ആന്റിമാരുടെ ബര്‍ത്‌ഡേ തീയതി പറയാമെങ്കില്‍ എന്റെ ബര്‍ത്‌ഡേ സമ്മാനമായി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും’ എന്നായിരുന്നു അന്ന് ജോബി കുറിച്ചത്.