ന്യൂഡല്‍ഹി: ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്ക്കി. ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും ഹാദിയക്ക് പഠനവുമായി മുന്നോട്ട് നീങ്ങാമെന്നും കോടതി വ്യക്തമാക്കി. ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തില്‍ ഇടപെടില്ലെന്നും കോടതി അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ നിയമവശം മാത്രം പരിഗണിച്ച കോടതി വിവാഹം നിയമപരമാണെന്ന് വിധിക്കുകയായിരുന്നു.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലൂടെ രണ്ടുപേരുടെ വിവാഹം റാദ്ദാക്കാന്‍ കഴിയുമോയെന്നാണ് കോടതി പരിശോധിച്ചത്. ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. നവംബര്‍ 27ന് കോടതി ഹാദിയയെ നേരിട്ട് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ഇതിനു ശേഷമാണ് സേലത്തെ ഹോമിയോ മെഡിക്കല്‍ കോളേജില്‍ തുടര്‍ പഠനത്തിനായി ഹാദിയയെ അയക്കാന്‍ കോടതി ഉത്തരവിട്ടത്.

കഴിഞ്ഞ മേയ് 24-നാണ് ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. ഹാദിയയുടെ പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു നടപടി. നിര്‍ബന്ധിച്ച് മതം മാറ്റിയെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം അയക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.