Latest News

1968ല്‍ പത്ത് ലക്ഷം പേരുടെ ജീവനെടുത്ത ഹോംഗ്കോംഗ് പനിയെ വെല്ലുന്ന ഓസ്ട്രേലിയന്‍ പനി ഈ വിന്ററില്‍ ബ്രിട്ടനിലേക്ക് എത്തുന്നുവെന്ന് മുന്നറിയിപ്പ്. ഈ പനി ഓസ്ട്രേലിയയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് ബാധിക്കുകയും അവിടുത്തെ ആരോഗ്യ സര്‍വീസ് ഇതിനെ നേരിടാന്‍ പാടുപെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ പനി ബ്രിട്ടനെയും വേട്ടയാടാനെത്തുമെന്നാണ് നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റിയിലെ പബ്ലിക്ക് ഹെല്‍ത്ത് എക്സ്പര്‍ട്ടായ പ്രഫ. റോബര്‍ട്ട് ഡിങ് വാള്‍ വെളിപ്പെടുത്തുന്നത്.

വര്‍ഷം തോറും ഏതാണ്ട് 3000ത്തോളം ഓസ്ട്രേലിയക്കാരാണ് ഈ പനി ബാധിച്ച് മരണമടയുന്നത്. ഈ വര്‍ഷവും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ 73 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധ സംവിധാനം താറുമാറായ പ്രായമായവരെയാണ് ഈ പനി കൂടുതലായി ബാധിച്ച് അപകടം വരുത്തുന്നത്. വിക്ടോറിയയിലെ ഒരു കെയര്‍ഹോമില്‍ എട്ട് പേരാണ് ഈ പനി ബാധിച്ച് മരിച്ചിരിക്കുന്നത്. അഞ്ച് മുതല്‍ ഒമ്പത് വയസ് വരെയുള്ള കുട്ടികളെയും ഈ പനി കൂടുതലായി ബാധിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയയില്‍ നിന്നുമുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിലവിലുള്ള വാക്സിന്‍ എച്ച്3എന്‍2വിനെ നേരിടാന്‍ പര്യാപ്തമല്ലെന്നാണ് ലോകാരോഗ്യസംഘടനയിലെ ശാസ്ത്രജ്ഞന്മാര്‍ ആശങ്കപ്പെടുന്നത്. മാര്‍ച്ചിലായിരുന്നു ഇതിനെ നേരിടുന്നതിനുള്ള വാക്സിന്‍ നിര്‍മ്മിച്ചത്. വാക്സിന്‍ ഇതിനെ നേരിടാന്‍ ഫലപ്രദമല്ലാത്തതിനാലാണ് ഓസ്ട്രേലിയയില്‍ പനി പടര്‍ന്ന് പിടിക്കാന്‍ കാരണമായതെന്ന് ചില ശാസ്ത്രജ്ഞന്മാര്‍ ആരോപിച്ചിരുന്നു.

65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് ഈ പനി കൂടുതല്‍ അപകടസാധ്യതയുണ്ടാക്കുന്നത്. ലോംഗ് സ്റ്റേ റെസിഡെന്‍ഷ്യല്‍ കെയര്‍ ഹോമുകളില്‍ താമസിക്കുന്നവര്‍ , ഗര്‍ഭിണികള്‍ തുടങ്ങിയവരും ശ്രദ്ധിക്കേണ്ടതാണ്. ആറ് മാസം പ്രായമുള്ളവര്‍ മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാവുന്നതാണ്. എന്നാല്‍ പ്രമേഹം ബാധിച്ചവര്‍ വാക്സിനെടുക്കുമ്പോള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. യുകെയിലും ഇതിനായുള്ള വാക്സിന് ഫലപ്രദമല്ലെന്ന ആശങ്കയും ശക്തമാണ്. ഈ പനി ഗുരുതരമായാല്‍ അത് ന്യൂമോണിയ ആയി മാറാന്‍ സാധ്യതയേറെയാണ്. കൂടാതെ ഹൃദയം, മസ്തിഷ്‌കം, വൃക്കകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിലും തകരാറുണ്ടാക്കി ഗുരുതരാവസ്ഥയിലാക്കാനും ഈ പനിക്ക് കഴിവുണ്ട്.

സൗദിയില്‍ മലയാളി നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെ.വി മത്തായിയുടെ മകള്‍ ജിന്‍സിയെയാണ് (26) കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഖസീം പ്രവിശ്യയിലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയിലാണ് ജിന്‍സി ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിവരെ മുറിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ചിരുന്ന ജിന്‍സി പിന്നീട് കുളിമുറിയില്‍ കയറി. ഏറെ വൈകിയിട്ടും കാണാത്തതിനാല്‍ ഒപ്പം താമസിക്കുന്നവര്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിന്റെ സഹായത്തോടെ വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് ജിന്‍സിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തില്‍ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു

ബ്രിട്ടീഷ് രാജകുമാരിയായ ഡയാനയോടൊപ്പം താന്‍ ഒരു രാത്രി യാതൊരു പ്രശ്‌നവും കൂടാതെ കിടന്നുറങ്ങിയിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. 2000ല്‍ ഒരു സ്വകാര്യ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ സംഗതി ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഹോട്ടസ്റ്റായ മൂന്നാമത്തെ വനിതയാണ് ഡയാന രാജകുമാരിഎന്നും ട്രംപ് പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും സുന്ദരികളായ പത്ത് വനിതകളില്‍ മൂന്നാമത്തെ ആളാണ് ഡയാന. എന്നാല്‍ ലോകത്തിന് അത് മനസ്സിലായില്ലെന്നും അഭിമുഖത്തില്‍ ട്രംപ് അഭിപ്രായപ്പെടുന്നു. അതേ അഭിമുഖത്തില്‍ തന്നെ സ്വന്തം ഗേള്‍ ഫ്രണ്ടായ മെലാനിയയെ കുറിച്ചും ആദ്യ ഭാര്യ ഇവാനയെ കുറിച്ചും സൂചിപ്പിക്കുന്നതും കേള്‍ക്കാം. ജൂലിയ റോബര്‍ട്ട്‌സ്, മിഷേല്ല ഫിഫര്‍, സിന്‍ഡി ക്രോഫോര്‍ഡ്, പാള്‍ട്രൗ, ആഞ്ചലീന ജോളി തുടങ്ങിയവരാണ് ട്രംപിന്റെ ‘ലോക സുന്ദരി’ പട്ടികയിലുള്ള മറ്റുള്ളവര്‍.

ഡയാനയുടെ സൗന്ദര്യത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും ട്രംപ് അഭിമുഖത്തിനിടെ പറയുന്നുണ്ട്. ശാരീരിക അളവുകളെ കുറിച്ചുള്ള പരാമര്‍ശം പോലും ട്രംപ് നടത്തുന്നതുകേള്‍ക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുന്‍പ് സ്ത്രീകള്‍ എച്ച്‌ഐവി പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവതാരകന്‍ സ്‌റ്റേര്‍ണും ട്രംപും ഷോയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

സോളർ  കമ്മിഷൻ അന്തിമറിപ്പോർട്ട് ഇന്ന് ൈവകിട്ട് മൂന്നുമണിക്ക് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചതിന് ശേഷമേ പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി ലഭിക്കുകയുള്ളു. റിപ്പോര്‍ട്ടുമായി ജസ്റ്റിസ് ശിവരാജന്‍ ഒന്‍പതരയോടെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.  റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും  നോക്കാം ധൈര്യമായിരിക്ക്’ എന്ന് കമ്മിഷന്‍ പ്രതികരിച്ചു.  തന്റെ തിരുവനന്തപുരം യാത്ര പിന്നാക്ക വിഭാഗ കമ്മീഷന്‍ സിറ്റിങ്ങില്‍ പങ്കെടുക്കാനെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു.  പ്രത്യേക വാഹനത്തിലാണ് റിപ്പോര്‍ട്ട് അടങ്ങിയ കെട്ടുകള്‍ കൊണ്ടുപോകുന്നത്.

മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ടു ഒരു വര്‍ഷം പിന്നിട്ടു. മണിയുടെ മരണം കൊലപാതകമാണോ അല്ലയോ എന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണമുണ്ടായിട്ടില്ല. ഇതിനെ ചുറ്റിപറ്റി പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ ഒരുകാലത്ത് മലയാള സിനിമയില്‍ നായികയായി തിളങ്ങി നിന്നിരുന്ന അഞ്ജു അരവിന്ദ് മണി മരിക്കുന്നതിന്റെ തലേദിവസം രാത്രിയില്‍ പാഡിയില്‍ എത്തിരുന്നു എന്നും ആരോപണവും ഉയര്‍ന്നു. അതില്‍ യാതൊരു വസ്തുതയും ഇല്ല എന്ന് അഞ്ജു അരവിന്ദ് പറയുന്നു. കലാഭവന്‍ മണിയുമായി ഇത്രയധികം സൗഹൃദങ്ങളുള്ള ഒരാളെ കാണാന്‍ ചിലപ്പോള്‍ അവിടെ ആരേങ്കിലും ചെന്നിരിക്കാം അത് താനല്ല എന്ന് അഞ്ജു അരവിന്ദ് പറയുന്നു.
മണിയുടെ ആദ്യ സിനിമയായ അക്ഷരത്തില്‍ കൂടിയാണു താനും സിനിമയില്‍ എത്തിയത്. വലിയ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ മണിക്കൊപ്പം കുറച്ചു ഷോകള്‍ പങ്കെടുത്തിരുന്നു. സഹായിക്കുന്ന മനസാണു മണിച്ചേട്ടന്. അദ്ദേഹം എന്നേയും സഹായിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ കഴിഞ്ഞിരുന്ന എനിക്ക് ഷോകള്‍ നല്‍കി അദ്ദേഹം സഹായിച്ചു. മണിച്ചേട്ടന്‍ അവസാനം ചെയ്ത ഷോയിലും ഞാന്‍ ഉണ്ടായിരുന്നു. എനിക്ക് ഇതു സംബന്ധിച്ച് മറയ്ക്കാന്‍ ഒന്നും ഇല്ല. അതുകൊണ്ട് കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിയില്ല. ഒരുമിച്ച് സ്‌റ്റേജ് ഷോകള്‍ ചെയ്യുന്ന സമയത്ത് ഞാന്‍ പറഞ്ഞിട്ടുണ്ട് അച്ഛന്മാര്‍ കുടിക്കുന്നതു മക്കള്‍ക്കു വലിയ വിഷമം ആയിരിക്കുമെന്ന്. പ്രത്യേകിച്ച് പെണ്‍മക്കള്‍ക്ക്. പക്ഷേ അദ്ദേഹത്തിന് എന്തെങ്കിലും അസുഖം ഉള്ളതായി അറിയില്ല എന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അഞ്ജു പറഞ്ഞു

യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. നിയമാനുസൃത നടപടി മാത്രമാണ് ഇതെന്നാണ് പോലീസിന്റെ വിശദീകരണം.

എറണാകുളം വൈറ്റില ജംഗ്ഷനില്‍വച്ചാണ് കഴിഞ്ഞയാഴ്ച കുമ്പളം സ്വദേശിയായ ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡ്രൈവറെ മര്‍ദ്ദിച്ച സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞുവച്ചാണ് പോലീസിന് കൈമാറിയത്. എന്നാല്‍ യുവതികള്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയത്. ഇതേക്കുറിച്ചുള്ള പരാതിയില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഷെയര്‍ ടാക്സി വിളിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവിലായിരുന്നു യുവതികളുടെ മര്‍ദ്ദനം.

എന്നാല്‍ ഡ്രൈവര്‍ തങ്ങളെ അസഭ്യം പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യുവതികള്‍ ആരോപിച്ചിരുന്നു. ഡ്രൈവര്‍ ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയ ആളുകളാണ് തങ്ങളെ തടഞ്ഞുവച്ചതെന്നും യുവതികള്‍ ആരോപിച്ചിരുന്നു. അതേസമയം, യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന ടാക്‌സി ഡ്രൈവറുടെ പരാതി പൂര്‍ണ്ണമായും സത്യമാണെന്ന് സംഭവത്തിലെ ഏക ദൃക്‌സാക്ഷി ഷിനോജ് വെളിപ്പെടുത്തിയിരുന്നു.

സൂര്യ ടിവി പരിപാടിയിലെ മമ്മൂട്ടിയെക്കുറിച്ചുള്ള പരാമര്‍ശത്തിന് നടി അന്ന രേഷ്മ രാജനെ മമ്മൂട്ടി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി റിമ കല്ലിങ്കല്‍. 65 വയസുള്ള നടന് തന്റെ അച്ഛനായി അഭിനയിക്കാന്‍ കഴിയും എന്ന് പറഞ്ഞതിനാണോ ലിച്ചി പരിഹസിക്കപ്പെടുന്നതെന്ന് റിമ ചോദിക്കുന്നു. മമ്മൂട്ടിക്ക് ആ വേഷം അഭിനയിക്കാനാവില്ലെന്നാണോ രേഷ്മയെ പരിഹസിക്കുന്നവര്‍ കരുതുന്നതെന്നും റിമ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

കൗരവര്‍ ഓര്‍മ്മയില്ലേ? അതുപോലെ മമ്മൂട്ടിക്ക് നിസാരമായി അത്തരം റോളുകള്‍ ചെയ്യാനാകും. അദ്ദേഹം വളരെ ഗംഭീ നടനാണ്. 70കാരനായും 30കാരനായും അഭിനയിച്ചാല്‍ അദ്ദേഹത്തെ നാം സ്വീകരിക്കും. ശോഭന, ഉര്‍വശി, രേവതി എന്നിവരും അങ്ങനെ ചെയ്തിട്ടുള്ളവരാണ്. പ്രായ, ലിംഗഭേദമില്ലാതെ കാപട്യങ്ങളില്ലാതെ ഇത്തരം കാര്യങ്ങള്‍ അംഗീകരിച്ചിട്ടുള്ളവരാണ് നാം. എന്നിട്ടും ലിച്ചിയെ ട്രോള്‍ ചെയ്ത് നമ്മുടെ ഈ പേര് കളയുന്നത് ആരാണ്. എന്ത് പ്രശ്‌നമാണ് ഇവിടെയുള്ളത്? എന്തിനാണ് ലിച്ചി മാപ്പ് പറയുന്നത്? എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ റിമ ഉന്നയിക്കുന്ന ചോദ്യം.

മമ്മൂട്ടിയും ദുല്‍ഖറുമൊത്ത് അഭിനയിച്ചാല്‍ ആരെ നായകനാക്കും എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ലിച്ചിക്ക് വിനയായത്. ദുല്‍ഖര്‍ നായകനായി അഭിനയിച്ചോട്ടെ മമ്മൂട്ടി അച്ഛനും എന്ന് നല്‍കിയ മറുപടിയില്‍ പ്രകോപിതരായ മമ്മൂട്ടി ആരാധകര്‍ ലിച്ചിയുടെ പേജില്‍ തെറിവിളിയുമായെത്തി. പിന്നീട് വിശദീകരണവുമായി ഫേസ്ബുക്ക് ലൈവ് നടത്തിയ ലിച്ചി പൊട്ടിക്കരയുകയും ചെയ്തിരുന്നു.

ഭാര്യയുടെ കാമുകനെ കഷ്ണങ്ങളാക്കിയ വിനോദിന്റെ മക്കള്‍ക്ക് തലചായ്ക്കാനിടമില്ല : കഴിഞ്ഞിരുന്ന മാരുതിവാനില്‍ നിന്നും ഒഴിപ്പിച്ചു ; വാടകവീട് തപ്പി പോലീസ്

കോട്ടയം: ഭാര്യയുടെ കാമുകനെ കഷ്ണങ്ങളാക്കിയ കൊലപാതകക്കേസില്‍ പ്രതികളായ മാതാപിതാക്കള്‍ തടവറയിലായതോടെ സമൂഹം ഒറ്റപ്പെടുത്തിയ നാലു കുട്ടികള്‍ക്കു വീടൊരുക്കി പോലീസ്. ഓഗസ്റ്റ് 23നു പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷിനെ കൊന്ന കേസില്‍ പ്രതികളായ വിനോദ്കുമാര്‍ (കമ്മല്‍ വിനോദ്38), ഭാര്യ കുഞ്ഞുമോള്‍ (34) എന്നിവരെ വാടക വീട്ടില്‍ നിന്നും വീട്ടുടമ ഇറക്കി വിട്ടതിനെ തുടര്‍ന്ന് മക്കളേയും കൊണ്ട് മുത്തശ്ശി തങ്കമ്മ തെരുവില്‍ ഒരുമാസമായി തെരുവില്‍ അലയുകയായിരുന്നു.

വീട് കിട്ടാതായ സാഹചര്യത്തില്‍ സബ്ജയിലിന് സമീപത്ത് തന്നെ ആക്രിക്കാരനില്‍ നിന്നും 15,000 രൂപയ്ക്ക് വാങ്ങിയ മാരുതിവാനില്‍ താമസിക്കുകയായിരുന്ന ഇവരെ കഴിഞ്ഞ ദിവസം രാത്രി പോലീസ് ഇവിടെ നിന്നും രാത്രി ഒഴിപ്പിക്കുകയും മൂന്നിടത്തായി പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇളയ പെണ്‍കുട്ടിയെ തോട്ടയ്ക്കാട് ഇന്റഫെന്റ് ജീസസ് ശിശുഭവനിലും മൂത്ത മൂന്ന് ആണ്‍കുട്ടികളെ തിരുവഞ്ചൂര്‍ ജൂവനൈല്‍ ഹോമിലും തങ്കമ്മയെ കോട്ടയം സാന്ത്വനത്തിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.

കൊലപാതകത്തിന് പിന്നാലെ ദമ്പതികളും ജയിലിലായതോടെ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും ഉടമ ഇറക്കിവിട്ടിരുന്നു. വേറെ വീടു തെരഞ്ഞെങ്കിലും ആരും വാടകവീട് കൊടുക്കാനും തയ്യാറല്ല. കുടുംബം ആശ്രയമില്ലാതെ തെരുവിലായ സാഹചര്യത്തില്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും 5,000 രൂപ പ്രതിമാസ വാടകവീട് തരപെടുത്തി ആവശ്യമായ സൗകര്യമൊരുക്കാന്‍ പോലീസ് നടപടി ആരംഭിച്ചു. പോലീസ് നല്‍കുന്ന ഉറപ്പില്‍ വാടകവീട് ശരിയാക്കി ഇവരെ താമസിപ്പിക്കും.

കോട്ടയം നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വന്നുപോകുന്നതിന് സൗകര്യപ്രദമായ കോട്ടയം, മണര്‍കാട്, നാട്ടകം, പരിപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ വാടകവീട് കണ്ടെത്താനാണ് ശ്രമം. മാതാപിതാക്കള്‍ അറസ്റ്റിലായതോടെ മുത്തശിയെയും ചെറുമക്കളെയും വാടക വീട്ടില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്നു ആക്രിക്കടയില്‍ നിന്നു വാങ്ങിയ മാരുതി വാനിലായിരുന്നു അഞ്ചു പേരുടെയും താമസം. ഇതു ശ്രദ്ധയില്‍പ്പെട്ടാണു പോലീസ് അടിയന്തിര നടപടി സ്വീകരിച്ചത്. അതേസമയം കുട്ടിക ളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ജില്ല ശിശുക്ഷേമസമിതി തീരുമാനിച്ചു. ജില്ല െചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.യു.മേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഓഗസ്റ്റ് 23 നായിരുന്നു പയ്യപ്പാടി സ്വദേശിയായ സന്തോഷിനെ കൊന്ന് പല കഷ്ണങ്ങളാക്കി പുതുപ്പള്ളിയില്‍ പാടത്ത് ഉപേക്ഷിച്ച കേസില്‍ വിനോദ് കുമാറും കൂട്ടുപ്രതിയായ ഭാര്യ കുഞ്ഞുമോളും ജയിലിലായത്. പിതാവിനെ ചവുട്ടി കൊന്ന കേസില്‍ വിചാരണ നേരിടുന്ന വിനോദ് മീനടത്തെ പീടികപ്പടിയിലെ വാടക വീട്ടില്‍ താമസിക്കുമ്പോഴാണ് സന്തോഷിനെ കൊലപ്പെടുത്തിയത്. ഇതോടെ കുടുംബത്തെ വാടക വീട്ടില്‍ നിന്നും ഇറക്കിവിട്ടു. രണ്ടു ദിവസം കോട്ടയത്തെ ഒരു അഗതി മന്ദിരത്തില്‍ അഭയം തേടിയെങ്കിലും അവിടെ കഴിയാനാകാതെ വന്നതോടെ തെരുവിലേക്ക തിരിച്ചു പോകുകയായിരുന്നു. ഒരുമാസത്തോളം ഇവര്‍ തെരുവിലായിരുന്നു.

അതിന് ശേഷമാണ് മാരുതി വാനിലേക്ക് താമസം മാറ്റിയത്. കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണമാല വിറ്റായിരുന്നു ഇവര്‍ ഈ മാരുതി വാന്‍ വാങ്ങിയത്. കോട്ടയം സബ്ജയിലിന് മുന്നിലെ ഒഴിഞ്ഞ കോണിലായിരുന്നു ഇട്ടിരുന്നത്. എന്നാല്‍ വിവരം അറിഞ്ഞ അധികൃതര്‍ ഞായറാഴ്ച രാത്രി ഇവിടെ നിന്നും ഇവരെ മാറ്റി.

കൊലപാതകവും മറ്റും കണ്ടു വളര്‍ന്ന മൂത്ത ആണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. മാസം 12,000 രൂപ പെന്‍ഷന്‍ കിട്ടുന്ന താന്‍ ഒരു വീട് വാടകയ്ക്ക് കിട്ടിയാല്‍ കുട്ടികളെ നോക്കിക്കൊള്ളാമെന്നും പറയുന്ന തങ്കമ്മ കുട്ടികളുമായി വേര്‍പിരിയേണ്ടി വന്നതില്‍ അതീവ ദു:ഖത്തിലായിരുന്നു. പിതാവിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ വിചാരണ നേരിടുന്ന വിനോദ് ഭാര്യയുമായുള്ള ബന്ധത്തിന്റെ പേരിലാണ് സന്തോഷിനെ കൊലപ്പെടുത്തിയത്. ഭാര്യയെ കൊണ്ടു തന്നെ വീട്ടിലേക്ക് സന്തോഷിനെ വിളിച്ചു വരുത്തിയ ശേഷം കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം പല ഭാഗങ്ങളായി മുറിച്ച ശേഷം ചാക്കിലാക്കി പാടത്ത് കൊണ്ടിടുകയായിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ നടന്‍ ദിലീപിന് ഇന്ന് നിര്‍ണായക ദിനം. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി. ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്. ഹൈക്കോടതിയിലും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും മുന്‍പ് രണ്ട് തവണ ഹര്‍ജികള്‍ എത്തിയിരുന്നുവെന്നും തള്ളിക്കളയുകയായിരുന്നു.

അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. കേസിലെ മറ്റു രണ്ട് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ച കാര്യവും ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന് പങ്കില്ലെന്ന് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി.

റിമാന്‍ഡിലായ ദിലീപ് 78 ദിവസമായി ആലുവ സബ് ജയിലിലാണ്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത മാസം നാലു വരെ ഹൈക്കോടതി പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. അതുവരെ നാദിര്‍ഷയെ അറസ്റ്റു ചെയ്യ്‌യാനും പോലീസിന് കഴിയില്ല. കേസില്‍ കാവ്യയെ പ്രതിചേര്‍ത്തിട്ടില്ലെന്നും അതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അറസ്റ്റിന് സാധ്യതയില്ലെന്നും പോലീസ് കോടതിയില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അത് പരിഗണിച്ച കോടതി കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.

കോലഞ്ചേരി: യാക്കോബായ – ഓര്‍ത്തഡോക്‌സ്‌ സഭാ സംഘര്‍ഷത്തെ തുടര്‍ന്നു വരിക്കോലി സെന്റ്‌ മേരീസ്‌ പള്ളി പൂട്ടി. ആര്‍ഡി.ഒയുടെ സാന്നിധ്യത്തില്‍ പള്ളിപൂട്ടി പോലീസ്‌ സീല്‍ ചെയ്‌തു. രണ്ട്‌ ദിവസമായി നിലനില്‍ക്കുന്ന തര്‍ക്കമാണ്‌ ഇന്നലെ സംഘര്‍ഷാവസ്‌ഥയിലെത്തിയത്‌. ഇതേത്തുടര്‍ന്ന്‌ ഇന്നലെ രാവിലെ കുര്‍ബാനയര്‍പ്പിക്കാനെത്തിയ പരിശുദ്ധ കാതോലിക്ക ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവക്ക്‌ പള്ളിയില്‍നിന്നു വൈകിട്ട്‌ അഞ്ചരയോടെയാണു പുറത്തേക്കുപോകാന്‍ കഴിഞ്ഞത്‌. പോലീസ്‌ സംയമനം പാലിച്ചതുമൂലമാണു കൂടുതല്‍ സംഘര്‍ഷം ഒഴിവായത്‌. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന അനിശ്‌ചിതാവസ്‌ഥക്കൊടുവിലാണു പള്ളിപൂട്ടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്‌. സുപ്രീം കോടതി വിധിയെത്തുടര്‍ന്നു പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയുടെ മുഖവാരത്ത്‌ ആലേഖനം ചെയ്‌തിട്ടുള്ള പാത്രിയാര്‍ക്കാ ചിഹ്നം നീക്കം ചെയ്യാന്‍ നടത്തിയ ശ്രമം വിവാദമായിരുന്നു.

കഴിഞ്ഞ ദിവസം പള്ളി പെയിന്റിങ്ങിനിടയില്‍ പാത്രിയാര്‍ക്കാ ചിഹ്നം മറച്ചത്‌ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചിരുന്നു. പോലീസ്‌ ഇടപെട്ട്‌ പൂര്‍വസ്‌ഥിതിയിലാക്കിയതോടെയാണു പ്രശ്‌നത്തിനു പരിഹാരമായത്‌. ഓര്‍ത്തഡോക്‌സ് വികാരിക്കെതിരേ യാക്കോബായ വിഭാഗത്തി ലെ സ്‌ത്രീകള്‍ ചൂലുമായി പ്രതിഷേധിക്കാനെത്തിയിരുന്നു. പോലീസ്‌ എത്തിയാണു വികാരിയെ പുറത്തെത്തിച്ചത്‌. ബൈക്കില്‍ വീട്ടിലേക്കു പോകുന്നതിനിടെ വെണ്ണിക്കുളത്തുവച്ച്‌ വികാരിക്കുനേരെ കൈയേറ്റം നടന്നതിനുപിന്നില്‍ യാക്കോബായ വിഭാഗമാണെന്ന്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തി. വൈദികനുനേരെയുണ്ടായ കൈയേറ്റത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശക്‌തമായ പ്രതിഷേധത്തിനിടെ ഇന്നലെ കാതോലിക്കാ ബാവയാണു പള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചത്‌.

കുര്‍ബാനക്കുശേഷം ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയുടെ മുഖവാരത്തെ പാത്രിയാര്‍ക്കാ ചിഹ്നം വീണ്ടും നീക്കിയെന്ന്‌ യാക്കോബായ വിഭാഗം ആരോപിച്ചു. യാക്കോബായ വിഭാഗത്തിലെ മെത്രാപ്പോലീത്തമാരായ മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌, ഏലിയാസ്‌ മോര്‍ യൂലിയോസ്‌, സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍ എന്നിവരും പള്ളിയുടെ ഗേറ്റിനു മുന്നിലെത്തി. പാത്രിയാര്‍ക്കാ ചിഹ്നം പൂര്‍വ സ്‌ഥിതിയിലാക്കാതെ പിരിഞ്ഞുപോവില്ലെന്ന്‌ യാക്കോബായ വിഭാഗം സ്‌ഥലത്തെത്തിയ പോലീസിനോട്‌ പറഞ്ഞു.

യാക്കോബായ വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ കാതോലിക്കാ ബാവക്കു മടങ്ങിപ്പോകാന്‍ കഴിഞ്ഞില്ല. മൂവാറ്റുപുഴ ആര്‍.ഡി.ഒ: എ. ഷാജഹാന്‍, മൂവാറ്റുപുഴ ഡിവൈ.എസ്‌.പി കെ. ബിജുമോന്‍, പുത്തന്‍കുരിശ്‌ സി.ഐ. എ.എല്‍. യേശുദാസ്‌ എന്നിവര്‍ യാക്കോബായ വിഭാഗവുമായി ചര്‍ച്ച നടത്തി പാത്രിയാര്‍ക്കാ ചിഹ്നം പൂര്‍വ സ്‌ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കാമെന്ന്‌ ഉറപ്പ്‌ കൊടുത്തു. ഇതിനുശേഷം യാക്കോബായ മെത്രാപ്പോലീത്തമാര്‍ സമീപത്തെ ചാപ്പലിലേക്ക്‌ മടങ്ങി.
ഇതിനുശേഷം കാതോലിക്കാ ബാവക്ക്‌ മടങ്ങിപ്പോകാന്‍ പോലീസ്‌ സംരക്ഷണം നല്‍കാന്‍ തയാറായെങ്കിലും യാക്കോബായ വിശ്വാസികളെ റോഡരികില്‍നിന്നു പൂര്‍ണമായും മാറ്റിയാല്‍ മാത്രമേ പോകാന്‍ കഴിയുകയുള്ളുവെന്ന നിലപാട്‌ സ്വീകരിച്ചതോടെയാണ്‌ സംഘര്‍ഷാവസ്‌ഥ നീണ്ടുപോയത്‌. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി കോമ്പൗണ്ടിലും, യാക്കോബായ വിഭാഗം റോഡിലും മുദ്രാവാക്യം വിളിച്ച്‌ നിലയുറപ്പിച്ചു.

ഒടുവില്‍ വൈകിട്ട്‌ അഞ്ചരയോടെയാണു കനത്ത പോലീസ്‌ സംരക്ഷണത്തില്‍ ബാവയും ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയുള്‍പ്പടെയുള്ളവര്‍ മടങ്ങിയത്‌. ഇതിനുശേഷം പള്ളി കോമ്പൗണ്ടില്‍നിന്നും യാക്കോബായ വിശ്വാസികള്‍ക്കു നേരെ കല്ലേറ്‌ ഉണ്ടായെന്ന പരാതിയുണ്ടായി. സംഘര്‍ഷാവസ്‌ഥ തുടരുന്ന സാഹചര്യം കണക്കിലെടുത്താണ്‌ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശാനുസരണം ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പള്ളി പൂട്ടിയത്‌.

തര്‍ക്കത്തിനു കാരണം വിശ്വാസ ധ്വംസനം: യാക്കോബായ സഭ

കൊച്ചി: വരിക്കോലി സെന്റ്‌ മേരീസ്‌ പള്ളിയിലുണ്ടായ തര്‍ക്കങ്ങള്‍ക്കു കാരണം ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന ചിലരാണെന്നു യാക്കോബായ സുറിയാനി സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍.
തങ്ങളുടെ വിശ്വാസാചാരങ്ങള്‍ പാലിക്കാത്ത വൈദികരെ ഇടവകക്കാര്‍ സ്വീകരിക്കില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ഇനിയെങ്കിലും ഓര്‍ത്തഡോക്‌സ്‌ നേതൃത്വം തയാറാകണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

RECENT POSTS
Copyright © . All rights reserved