ലണ്ടനില്‍ വീണ്ടും യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി ഭീകരാക്രമണം. വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബറിപാര്‍ക്ക് പള്ളിക്ക് സമീപമാണ് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്. സംഭവത്തില്‍ ഒരാള്‍ മരിച്ചുവെന്നാണ് പ്രാഥമിക വിവരം.
ലണ്ടന്‍ സമയം രാത്രി 12.20നായിരുന്നു സംഭവം. ഇത് ഒരു അപകടമാണോ അതോ ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍ ഏറെ നേരം അവ്യക്തതയുണ്ടായിരുന്നു. പിന്നിടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചത്.
നടന്നത് അപകടമല്ലെന്നും ആളുകളെ മനപൂര്‍വ്വം കൊല്ലാനുറച്ചാണ് അക്രമികള്‍ വാന്‍ ഓടിച്ച് കയറ്റിയതെന്നും മുസ്ലീം കൗണ്‍സില്‍ ഫോര്‍ ബ്രിട്ടന്‍ പിന്നീട് വ്യക്തമാക്കി. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നടന്നത് ഒരു സുപ്രധാന സംഭവമാണെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് വ്യക്തമാക്കി. റംസാന്റെ ഭാഗമായുള്ള പ്രാര്‍ത്ഥനകള്‍ക്കായി പള്ളിയിലെത്തിയവരാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ സമരാഹ്വാനവുമായി ഇടയലേഖനം. തലശ്ശേരി അതിരൂപതയിലെ പള്ളികളിലാണ് ഇന്നലെ ഇടയലേഖനം വായിച്ചത്. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്ട് പുറപ്പെടുവിച്ച ഇടയലേഖനം ഇന്നലെ കുര്‍ബാന മധ്യേ വായിക്കുകയായിരുന്നു. പടിപടിയായി മദ്യം നിരോധിക്കുമെന്ന പ്രഖ്യാപിതനയത്തില്‍ നിന്നുള്ള തിരിച്ചുപോക്കും സമൂഹത്തോടുള്ള വെല്ലുവിളിയുമാണ് സര്‍ക്കാരിന്റെ മദ്യനയമെന്നാണ് ഇടയലേഖനം പറയുന്നത്.
വഴിനീളെ മദ്യഷാപ്പുകള്‍ തുറന്നുവെച്ചിട്ട് മദ്യം വര്‍ജിക്കണമെന്ന് പറയുന്നതില്‍ ആത്മാര്‍ഥതയില്ല. തിരഞ്ഞെടുപ്പ് കാലത്ത് മദ്യമുതലാളിമാരും ഇടതുമുന്നണിയും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ ബാക്കിപത്രമാണ് ഇത്. ഇക്കാര്യത്തില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചാല്‍ തെറ്റ് പറയാനാകില്ല. ഏതാനും ബാറുടമകളുടെ നന്മയ്ക്കു വേണ്ടിയാണ് പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള തീരുമാനം. തീരുമാനത്തിനെതിരെ ധാര്‍മികബോധമുള്ള, ജനനന്മ കാംക്ഷിക്കുന്ന എല്ലാവരും പ്രതിഷേധിക്കുകയും ജനദ്രോഹപരമായ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യണം.
മദ്യപാനമെന്ന സാമൂഹിക വിപത്തിനെ എതിര്‍ക്കുന്നത് സഭയ്ക്ക് സമൂഹത്തോട് ധാര്‍മിക ഉത്തരവാദിത്വമുള്ളതുകൊണ്ടാണ്. ജനനന്മയ്ക്കുവേണ്ടിയുള്ള ധാര്‍മികശബ്ദത്തെ അപമാനിച്ചും പുച്ഛിച്ചും അടിച്ചമര്‍ത്താമെന്ന ധാരണ ഭരണാധികാരികള്‍ക്ക് വേണ്ട. മദ്യ പിശാചിനെതിരെ സമരം തുടരുമെന്നും ഇടയലേഖനം പറയുന്നു.
ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരില്‍ ഇന്ത്യയ്ക്ക് തോല്‍വി. 180 റണ്‍സിനു ആണ് തോല്‍വി. 339 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ട് കളത്തിലിറങ്ങിയ ഓപ്പണര്‍ രോഹിത് ശര്‍മ്മ പൂജ്യത്തിന് പുറത്തായപ്പോള്‍ നായകന്‍ വിരാട് കോഹ്ലി അഞ്ചു റണ്‍സിന് പുറത്തായി. ഒമ്പതാം ഓവറില്‍ 22 പന്തില്‍ 21 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ ഔട്ടായി. പാകിസ്താനുവേണ്ടി മുഹമ്മദ് ആമിറാണ് മൂന്നു വിക്കറ്റും വീഴ്ത്തിയത്. 12-ാം ഓവറില്‍ ഷദബ് ഖാന്‍ യുവരാജിനെ പുറത്താക്കി. 31 പന്തില്‍ 22 റണ്‍സാണ് യുവി നേടിയത്. ഹസന്‍ അലിയുടെ പന്തില്‍ ഇമാദ് വാസിമിന്റെ ക്യാച്ചില്‍ ധോണിയും പുറത്തായി. 16 പന്തില്‍ നാല് റണ്‍സാണ് ധോണി നേടിയത്.
ടോസ് നഷ്ടപ്പെടുത്തി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തിരുന്നു. ഇന്ത്യക്കെതിരെ ആദ്യം ബാറ്റു ചെയ്ത് ഓപ്പണര്‍ ഫഖര്‍ സമാനാണ് സെഞ്ചുറി (114) നേടി പാകിസ്താനെ ഉയര്‍ന്ന സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍ സമാനാന്റെ കന്നി ഏകദിന സെഞ്ചുറിയാണിത്.
ഓപ്പണിങ് വിക്കറ്റില്‍ അസ്ഹര്‍ അലിയുമൊത്ത് സമാന്‍ കൂട്ടിച്ചേര്‍ത്ത 128 റണ്‍സാണ് പാക്ക് ഇന്നിങ്സിന്റെ നട്ടെല്ല്. അസ്ഹര്‍ അലി അര്‍ധസെഞ്ചുറി നേടി. സമാന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ഷുഐബ് മാലിക്കുമായി ബാബര്‍ മൂന്നാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു.
20 റണ്‍സെടുക്കുന്നതിനിടയില്‍ മാലികിന്റെയും ബാബറിന്റെയും വിക്കറ്റുകള്‍ നഷ്ടപ്പെട്ട പാകിസ്താനായി അവസാന ഓവറില്‍ മുഹമ്മദ് ഹഫീസും (57) ഇമാദ് വസീമും അടിച്ചു തകര്‍ക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 7.3 ഓവറില്‍ 71 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. 37 പന്തില്‍ 57 റണ്‍സുമായി ഹഫീസും 21 പന്തില്‍ 25 റണ്‍സുമായി ഇമാദ് വസീമും പുറത്താകാതെ നിന്നു. 10 ഓവറില്‍ 44 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ ഒരു വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരും ഓരോ വിക്കറ്റും വീഴ്ത്തി.
യുക്മ വെയില്‍സ് റീജിയണല്‍ കായികമേളയ്ക്ക് ആവേശോജ്ജ്വലമായ സമാപനം. യുക്മ വെയില്‍സ് റീജിയനില്‍ ഉള്‍പ്പെടുന്ന എല്ലാ അസോസിയേഷനുകളില്‍ നിന്നുമായി നിരവധി കായിക താരങ്ങള്‍ പങ്കെടുത്ത റീജിയണല്‍ കായികമേള ഈ വര്‍ഷം യുക്മ നടത്തിയ റീജിയണല്‍ കായികമേളകളില്‍ ഏറ്റവും മികച്ചതായിരുന്നു. പങ്കെടുത്തവരുടെ എണ്ണം കൊണ്ടും സംഘാടക മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട കായികമേള എന്നും ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന ഒന്നായിരുന്നു. റീജിയണിലെ ശക്തരായ അസോസിയേഷനായ സ്വാന്‍സി മലയാളി അസോസിയേഷന്‍റെ ആതിഥേയത്വത്തില്‍ ആയിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് രജിസ്ട്രേഷനോട് കൂടിയായിരുന്നു കായികമേളയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് കായികമേളയുടെ ഉദ്ഘാടനം നടന്നു. യുക്മ വെയില്‍സ് റീജിയണല്‍ പ്രസിഡണ്ട് ബിനു കുര്യാക്കോസിന്‍റെ അദ്ധ്യക്ഷതയില്‍ സ്വാന്‍സി മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ബിജു മാത്യു ആണ് കായികമേള ഫ്ലാഗ് ഓഫ് ചെയ്തത്. റീജിയണല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. യുക്മ മുന്‍ നാഷണല്‍ ജോയിന്‍റ് സെക്രട്ടറി ബിജു തോമസ് പന്നിവേലില്‍ ആശംസകള്‍ അര്‍പ്പിച്ചു. റീജിയണല്‍ ഭാരവാഹികളായ സിബി ജോസഫ് പറപ്പള്ളി, ജയകുമാര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മത്സര സജ്ജരായി ഒരുങ്ങി വന്ന കായിക താരങ്ങള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ തീരുമാനിച്ച് അണിനിരന്നപ്പോള്‍ ഓരോ മത്സരവും അത്യന്തം വീറും വാശിയും നിറഞ്ഞതായി. കാണികളുടെ നിര്‍ലോഭമായ പ്രോത്സാഹനം കൂടിയായപ്പോള്‍ മത്സരങ്ങള്‍ ആവേശഭരിതമായി. ട്രാക്ക് ഇനങ്ങളിലെ മത്സരങ്ങളുടെ ശേഷം നടന്ന വടംവലി മത്സരം റീജിയണിലെ കരുത്തന്മാരുടെ പ്രകടനത്തിന്‍റെ നേര്‍ക്കാഴ്ചയായി മാറി. വടംവലിയില്‍ ആതിഥേയ അസോസിയേഷനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ട്രോഫി കരസ്ഥമാക്കിയത് കാര്‍ഡിഫ് മലയാളി അസോസിയേഷനാണ്.
സ്വാന്‍സി മലയാളി അസോസിയേഷന്‍ നല്‍കിയ മികച്ച ആതിഥ്യം കായികമേളയുടെ മറ്റൊരു സവിശേഷതയായി മാറി. ചരിത്രത്തിലാദ്യമായി ഒരു റീജിയണല്‍ കായികമേളയില്‍ പങ്കെടുത്ത മുഴുവനാളുകള്‍ക്കും സൗജന്യ ഭക്ഷണം ഒരുക്കി നല്‍കുക വഴി ആതിഥ്യമര്യാദയുടെ അവസാന വാക്കായി സ്വാന്‍സി മലയാളി അസോസിയേഷന്‍ മാറുകയുണ്ടായി.
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ സ്വാന്‍സി മലയാളി അസോസിയേഷന്‍
മത്സരത്തില്‍ ഏറ്റവുമധികം പോയിന്‍റുകള്‍ കരസ്ഥമാക്കി സ്വാന്‍സി മലയാളി അസോസിയേഷന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയപ്പോള്‍ ശക്തമായ മത്സരം കാഴ്ച വച്ച കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ കേവലം മൂന്ന് പോയിന്‍റ് വ്യത്യാസത്തില്‍ ആണ് റണ്ണേഴ്സ് അപ്പ് ആയി മാറിയത്. വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷനാണ് മൂന്നാം സ്ഥാനം. മെല്‍വിന്‍ ജോണ്‍ (എസ്എംഎ), ഫിയ പോള്‍ (സി എം എ), ജോഷ്വ ബോബി (സിഎംഎ), മരിയ ടോമി (എസ്എംഎ), ജിയോ റെജി (എസ്എംഎ), ലൗബി ബിനോജി (എസ്എംഎ), ജസ്റ്റിന്‍ (സിഎംഎ), ബിജു പോള്‍ (സിഎംഎ), സിസി വിന്‍സെന്റ് എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്മാര്‍ ആയി.
റീജിയണല്‍ മത്സരത്തിലെ വിജയികള്‍ക്ക് ജൂണ്‍ 24ന് മിഡ്ലാന്‍ഡ്സില്‍ നടക്കുന്ന നാഷണല്‍ കായികമേളയില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ട്. എല്ലാ വിജയികള്‍ക്കും ട്രോഫിയും മെഡലുകളും വിതരണം ചെയ്തതോടെ അത്യന്തം മനോഹരമായ ഒരു കായികമേളയ്ക്ക് സമാപനം കുറിച്ചു. ബിജു മാത്യു, ജേക്കബ് ജോണ്‍, ജിജി ജോര്‍ജ്ജ്, ലിസി റെജി, സിബി ജോസഫ്, ജയന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. കായികമേളയെ ഒരു വന്‍ വിജയമാക്കി തീര്‍ക്കാന്‍ ശ്രമിച്ച എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിക്കുന്നതായി റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.
മലയാളി യുവതിക്ക് വിമാനത്തിനുള്ളില്‍ സുഖ പ്രസവം. ദമാമില്‍നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനയാത്രക്കിടെയാണു സംഭവം. വിമാനം മുംബൈയിലിറക്കിയശേഷം യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റി.
ദമാമില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ജെറ്റ് എയര്‍വേസ് 569 വിമാനത്തില്‍വച്ചു ആണ് യുവതിക്കു പ്രസവവേദന അനുഭവപ്പെട്ടത്. ഇക്കണോമി ക്ലാസില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്നീട് ഫസ്റ്റ്ക്ലാസിലെത്തിച്ചു. വിമാനക്കമ്പനി ജീവനക്കാരും, യാത്രക്കാരിയായ നഴ്‌സും ചേര്‍ന്നാണ് യുവതിക്കു പരിചരണം നല്‍കിയത്. പിന്നീടു യുവതി പ്രസവിച്ചു.
പാക്കിസ്ഥാനിലെ കറാച്ചിക്കു മുകളിലൂടെ സഞ്ചരിക്കുമ്പോഴാണു പ്രസവം നടന്നതെന്നു വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരോടു പറഞ്ഞു. ഏതാണ്ട് ഒന്നര മണിക്കൂറിനുശേഷം വിമാനം മുംബൈയിലിറക്കി. ശേഷം, വിമാനത്താവളത്തിലെതന്നെ ആംബുലന്‍സിലാണു യുവതിയെയും കുഞ്ഞിനെയും മുംബൈയിലെ ആശുപത്രിയിലേക്കു മാറ്റിയത്. യുവതിക്കും കുഞ്ഞിനും ആരോഗ്യസംബന്ധമായി കുഴപ്പമൊന്നുമില്ലെന്നും എന്നാല്‍ യാത്രതുടരുന്നത് സുരക്ഷിതമല്ലെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, യുവതിക്കൊപ്പം മറ്റാരുമുണ്ടായിരുന്നില്ല എന്നതിനാല്‍ അവരുടെ പേരുവിവരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതര്‍ പങ്കുവച്ചില്ല. യുവതിയുടെ ടിക്കറ്റിലെ വിവരങ്ങള്‍വച്ചു ബന്ധുക്കളെ ബന്ധപ്പെടുമെന്നു വിമാനകമ്പനി ജീവനക്കാര്‍ യാത്രക്കാര്‍ക്ക് ഉറപ്പുനല്‍കി. രണ്ടുമണിക്കൂറോളം മുംബൈ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനം പതിനൊന്നേകാലോടെ കൊച്ചിയിലേക്കു പറന്നു.
സര്‍പ്രൈസിനായി കണ്ണടച്ച് നില്‍ക്കാന്‍ ഭര്‍ത്താവ് പറഞ്ഞപ്പോള്‍, സ്നേഹമയിയായ ഭാര്യ മനസ്സില്‍ കണ്ടത് നെക്ലേസോ, കമ്മലോ അങ്ങനെ എന്തെങ്കിലും ഒരു സ്നേഹോപഹാരമായിരുന്നിരിക്കാം, പക്ഷേ ക്രൂരതയുടെ നേര്‍സാക്ഷ്യമായ ആ ഭര്‍ത്താവ് ഉപഹാരത്തിന് പകരം പ്രതീക്ഷയോടെ കണ്ണടച്ചു നിന്ന ഭാര്യയെ പിന്നില്‍ നിന്ന് വയര്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊന്നു. ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന ഈ കൊലപാതകം നടന്നത്. 24 കാരനായ മനോജ് കുമാറാണ് ഭാര്യ കൊമളിനെ കഴുത്തില്‍ വയര്‍ മുറുക്കി കൊലപ്പെടുത്തിയത്. തര്‍ക്കം പരിഹരിക്കാനായി ഒരു ഉപഹാരവുമായി വരുന്നുണ്ടെന്നാണ് മനോജ് കുമാര്‍ കോമളത്തെ അറിയിച്ചത്. നേരില്‍ കണ്ട് കുറച്ചുനേരം ഇരുവരും സംസാരിച്ചുനിന്നു. കുറച്ചുനേരത്തിന് ശേഷം തിരിഞ്ഞ് കണ്ണടച്ച് നില്‍ക്ക് ഒരു സര്‍പ്രൈസ് തരാം എന്ന് മനോജ്കുമാര്‍ പറഞ്ഞു. കോമള്‍ അങ്ങനെ നിന്നു, പക്ഷേ അത് തന്റെ ജീവനെടുക്കുന്ന സര്‍പ്രൈസായിരിക്കുമെന്ന് അവര്‍ നിനച്ചിട്ടുണ്ടാവില്ല. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. കോമളത്തിന് പരപുരുഷ ബന്ധമുണ്ടെന്ന മനോജ് കുമാറിന്റെ സംശയം പലപ്പോഴും വഴക്കിന് കാരണമായിരുന്നു. കഴിഞ്ഞ കുറച്ചുമാസമായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് വെള്ളിയാഴ്ച കോമളത്തെ വിളിച്ച് പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കാം വടക്കന്‍ ഡല്‍ഹിയിലെ ബോണ്ട പാര്‍ക്കിലേക്ക് വരാന്‍ മനോജ് ആവശ്യപ്പെട്ടത്.
പാര്‍ക്കിലെത്തിയപ്പോഴാണ് കൈയില്‍ കരുതിയിരുന്ന വയര്‍ ഉപയോഗിച്ച് ഇയാള്‍ കൃത്യം നടത്തിയത്. കൊലനടത്തിയ ശേഷം കോമളിന്റെ മൃതദേഹം ബഞ്ചില്‍ കിടത്തി ഇയാള്‍ സ്ഥലം വിട്ടു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച മനോജ്കുമാര്‍ താന്‍ എങ്ങനെയാണ് ഭാര്യയെ ഒരു പാഠംപഠിപ്പിച്ചതെന്ന് അവരോട് വിവരിച്ചു. യാദൃച്ഛികമായി പട്രോളിങ്ങിനിടെ ഇത് കേള്‍ക്കാനിടയായ ഒരു പോലീസുകാരനാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മൃതദേഹം പാര്‍ക്കില്‍ നിന്ന് ആറ് മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ശേഷം കണ്ടെത്തുകയും ചെയ്തു. മദ്യലഹരിയിലായതിനാല്‍ എവിടെയാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് കൃത്യമായി പറയാന്‍ കഴിയാതിരുന്നതാണ് തിരച്ചില്‍ ബുദ്ധിമുട്ടിലാക്കിയത്.
അപവാദപ്രചാരണത്തില്‍ മനംനൊന്ത യുവദമ്പതിമാര്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. പൂഴിക്കള പുന്നൂക്കാവ് റോഡില്‍ പാടുവീട്ടില്‍ പരേതനായ വേലായുധന്റെ മകന്‍ ഹരീഷ് (കണ്ണന്‍-23), ഭാര്യ അബിത (20) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
ഹരീഷ് എരുമപ്പെട്ടിയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍സ് പണിക്കാരനാണ്. അബിത ആല്‍ത്തറയിലെ സ്വകാര്യസ്ഥാപനത്തില്‍ കംപ്യൂട്ടര്‍ വിദ്യാര്‍ഥിയാണ്. പ്രണയവിവാഹിതരായ ഇവര്‍ ദലിത് കുടുംബാംഗങ്ങളാണ്. ആത്മഹത്യാപ്രേരണ നടന്നിട്ടുള്ളതായാണ് പ്രാഥമികനിഗമനമെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ എട്ടോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. ഹരീഷിന്റെ അമ്മ രജനിയും സഹോദരി ബിജിതയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മുറി തുറക്കാത്തതിനെത്തുടര്‍ന്ന് അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോഴാണ് ഇരുവരെയും കെട്ടിത്തൂങ്ങിയനിലയില്‍ കണ്ടത്. പുലര്‍ച്ചെ അഞ്ചോടെ അമ്മ ഹരീഷിനെ പുറത്തുകണ്ടിരുന്നു.
മൂന്നുവര്‍ഷം മുന്‍പാണ് ഹരീഷും കൈപ്പമംഗലം വഴിയമ്പലം സ്വദേശി പേരത്ത് ആനന്ദന്റെ മകള്‍ അബിതയും വിവാഹിതരായത്. പ്രണയത്തിലായിരുന്ന ഇരുവരും പ്രായപൂര്‍ത്തിയാകും മുന്‍പുതന്നെ ക്ഷേത്രത്തില്‍ വെച്ചു താലികെട്ടി ഒരുമിച്ചുജീവിക്കുകയായിരുന്നു. കഴിഞ്ഞമാസം എട്ടിന് ഹരീഷുമായുണ്ടായ സൗന്ദര്യപ്പിണക്കത്തെത്തുടര്‍ന്ന് അബിത വീടുവിട്ടുപോയി. അബിതയെ കാണാതായെന്നു പറഞ്ഞ് ഹരീഷ് വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി. പിറ്റേന്ന് വൈകീട്ട് ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് അബിതയെ കണ്ടെത്തി.
വീട്ടില്‍ തിരിച്ചെത്തിയ ഇവര്‍ നല്ല സ്‌നേഹബന്ധത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, ഈ സംഭവത്തെത്തുടര്‍ന്ന് നാട്ടില്‍ വ്യാജപ്രചാരണങ്ങളുണ്ടായി. ചിലര്‍ ഇരുവരെയും പരിഹസിക്കുകയും ചെയ്തു. ഇതുമൂലം ഇവര്‍ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചകേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ഇത് സംബന്ധിച്ച ശുപാര്‍ശ റേഞ്ച്െഎജി: മനോജ് എബ്രഹാം ഡിജിപിക്ക് കൈമാറി. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം.
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടി അടിക്കടി നിലപാടു മാറ്റുന്നതിനാൽ നുണപരിശോധനയ്ക്കു വിധേയയാക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് പോക്സോ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സ്വാമിക്കെതിരെ മൊഴി നൽകിയതു പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണെന്നും അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കേസ് സിബിഐയ്ക്കു കൈമാറണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയും കോടതിയെ സമീപിച്ചിട്ടുണ്ട്. നിലപാടുമാറ്റങ്ങളും പുതിയ വെളിപ്പെടുത്തലും ഒക്കെയായി കുഴഞ്ഞുമറിഞ്ഞ കേസ് നാളെ കോടതി പരിഗണിക്കും. റിമാൻഡ് കസ്റ്റഡിയിൽ കഴിയുന്ന സ്വാമിയുടെ ജാമ്യാപേക്ഷയും നാളെയാണു പരിഗണിക്കുക. പെൺകുട്ടിയെ പണമൊഴുക്കി വശത്താക്കി, കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായാണു പൊലീസ് സംശയിക്കുന്നത്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണു സ്വാമിക്കെതിരെ കേസെടുത്തത്. പൊലീസ് നിർബന്ധിച്ചു സ്വാമിക്കെതിരെ മൊഴി പറയിപ്പിച്ചതാണെങ്കിൽ, മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയപ്പോൾ അക്കാര്യം വെളിപ്പെടുത്താൻ അവസാന വർഷ നിയമവിദ്യാർഥിനി കൂടിയായ പെൺകുട്ടിക്ക് അവസരമുണ്ടായിരുന്നു.
തനിക്ക് ആവശ്യമില്ലാത്ത അവയവം താൻ ഛേദിച്ചെന്നായിരുന്നു ആദ്യഘട്ടത്തിൽ സ്വാമി പൊലീസിനോടു പറഞ്ഞത്. ഫലത്തിൽ വാദിയും പ്രതിയും സാക്ഷികളും ഒക്കെ വാക്കുമാറ്റൽ തുടർക്കഥയാക്കിയതോടെ കുഴങ്ങുന്നതു പൊലീസാണ്.
പോർച്ചുഗലിലെ പെട്രോഗോ ഗ്രാൻഡെ മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 19 പേർ മരിച്ചു. വാഹനത്തില്‍ യാത്ര ചെയ്തവരാണ് തീപിടിത്തത്തില്‍ മരിച്ചതില്‍ ഭൂരിഭാഗം പേരെന്നാണ് വിവരം. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി വീടുകൾ കത്തിനശിച്ചു.
ദശാബ്ദങ്ങള്‍ക്ക് ശേഷം പോര്‍ച്ചുഗലില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ തീപിടിത്തമാണിത്. പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡിസൂസ അപകടസ്ഥലത്തേക്ക് തിരിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ലിസ്ബണില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുളള പെട്രാഗോ ഗ്രാന്‍ഡെയിലാണ് അപകടം ഉണ്ടായത്. ശക്തമായി കാറ്റ് വീശിയതും തീ വ്യാപിക്കാന്‍ കാരണമായി. 19 പേര്‍ മരിച്ചതായി സര്‍ക്കാരാണ് സ്ഥിരീകരിച്ചത്. രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾ അടക്കം 20 പേര്‍ക്ക് പൊളളലേറ്റിട്ടുണ്ട്. രണ്ട് പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഞായറാഴ്ച ഫൈനൽ പോരാട്ടത്തിൽ കൊന്പുകോർക്കുന്പോൾ ഇംഗ്ലണ്ടിൽ മാത്രം 2000 കോടിയുടെ വാതുവെപ്പ് നടക്കുമെന്ന് റിപ്പോർട്ട്. ചൂതാട്ടം ബ്രിട്ടനിൽ നിയമവിധേയമാണ്. ഇത് വാതുവെപ്പ് കൂടുതൽ നടക്കാൻ കാരണമാകുമെന്നും എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആൾ ഇന്ത്യ ഗെയിമിങ് ഫെഡറേഷനാണ് ഇതു സംബന്ധിച്ച കണക്ക് പുറത്ത് വിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
പാക്കിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യക്കാണ് വാതുവെപ്പുകാർക്കിടയിൽ ഡിമാന്റ് കൂടുതൽ. അതുകൊണ്ട് തന്നെ ഇന്ത്യ ജയിക്കുമെന്ന് 100 രൂപക്ക് പന്തയം വെച്ചവർക്ക് ഇന്ത്യ ജയിച്ചാൽ 147 രൂപ ലഭിക്കും. വാതുവെക്കുന്നവർ കുറവായത് കൊണ്ട് തന്നെ പാക്കിസഥാന് അനുകൂലമായി പന്തയം വെച്ച് വിജയിച്ചാൽ 300 രൂപ ലഭിക്കും.
”ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന എല്ലാ മത്സത്തിനും കൂടി ഏകദേശം രണ്ടു ലക്ഷം കോടി രൂപയ്ക്കുള്ള വാതുവെപ്പാണ് നടന്നത്. ഒരു ഫൈനലില്‍ ഇന്ത്യയും പാകിസ്താനും വരുന്നത് പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ്. അതുകൊണ്ടു തന്നെയാണ് വാതുവെപ്പ് കൂടിയതും” ഗെയിമിങ് ഫെഡറേഷന്‍ സിഇഒ റോളണ്ട് ലാന്‍ഡേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.
മത്സരഫലം വാതുവെപ്പിന്റെ ഒരു ഭാഗം മാത്രമാണ്. 10 ഓവറിനുള്ളിലെ മത്സരഫലം നിശ്ചയിച്ചും അതല്ലെങ്കില്‍ ടീം ടോട്ടല്‍ കണക്കുകൂട്ടിയും വാതുവെപ്പ് നടത്താം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാതുവെപ്പ് നിയമവിരുദ്ധമാണ്. പക്ഷേ ഇ-വാലെറ്റും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച് ലണ്ടനിലെ വെബ്‌സൈറ്റുകള്‍ വഴി ഇന്ത്യക്കാരും വാതുവെപ്പില്‍ പങ്കെടുക്കുന്നുണ്ട്.