പ്രമുഖ ഭോജ്പുരി നടിയും മോഡലുമായ അഞ്ജലി ശ്രീവാസ്തവ (29) മരിച്ചനിലയില്‍. മുംബൈ ജൂഹുവിലെ അപ്പാര്‍ട്ടുമെന്റിലാണ് അഞ്ജലിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ബന്ധുക്കള്‍ തുടര്‍ച്ചയായി ഫോണ്‍ ചെയ്തിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് അപ്പാര്‍ട്ടുമെന്റ് ഉടമയെ ബന്ധുക്കള്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയാള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ അഞ്ജലിയെ കണ്ടെത്തിയത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
അതേസമയം, അഞ്ജലിക്ക് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമൊന്നുമില്ലെന്നും സന്തോഷത്തോടെ തന്നെയാണ് മകള്‍ ജീവിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു. നിരവധി ഭോജ്പുരി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഞ്ജലി ‘കേഹു ത ദില്‍ മേം ബാ’ എന്ന സിനിമയിലാണ് ഒടുവില്‍ അഭിനയിച്ചത്.
നടി കൃതികയുടെ മൃതദേഹവും കഴിഞ്ഞ ആഴ്ച മുംബൈയിലെ ഫ് ളാറ്റില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ജലിയുടെ മരണവും. സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക് ആദ്യ ദിവസം ലഭിച്ചത് വൻ ജനപിന്തുണ. 20,42,740 രൂപയാണ് ആദ്യ ദിവസത്തെ മെട്രോയുടെ വരുമാനം. യാത്രക്കാർ ഒന്നടങ്കം കൊച്ചി മെട്രോയിലേക്ക് തള്ളിക്കയറിയപ്പോൾ ആദ്യ ദിവസം തന്നെ മോട്രോ ശുഭ പ്രതീക്ഷകളാണ് മുന്നോട്ട് വയ്ക്കുന്നത്.
രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള വരുമാനമാണ് 20 ലക്ഷം രൂപ കഴിഞ്ഞത്. ഈ സമയത്തിനിടെ 62,320 പേരാണ് മെട്രോ ട്രയിനിൽ യാത്ര ചെയ്തത്. ദിവസം പൂർത്തിയാകാൻ മൂന്ന് മണിക്കൂറുകൾ പിന്നെയും ബാക്കി നിൽക്കുമ്പോഴാണ് കളക്ഷൻ 20 ലക്ഷം തൊട്ടത്.
ഇന്ന് രാവിലെ മെട്രോയുടെ ആദ്യ സർവ്വീസിൽ തന്നെ ഇടം പിടിക്കാൻ ജനങ്ങൾ പുലർച്ചെ തന്നെ പാലാരിവട്ടം സ്റ്റേഷനിൽ എത്തിയിരുന്നു. നാല് മണിക്ക് തന്നെ ആളുകൾ എത്തിച്ചേർന്നു. പിന്നീട് ആറ് മണിയാകുമ്പോഴേക്കും പ്രതീക്ഷിച്ചതിലും നീണ്ട ക്യൂവാണ് മെട്രോ സ്റ്റേഷനിൽ ഉണ്ടായിരുന്നത്.
അറ്റ്‌ലസ് രാമചന്ദ്രന്‍, ആ പേര് മലയാളികള്‍ അത്ര വേഗം മറക്കില്ല . ഒരുകാലത്ത് നമ്മുടെ ടിവി സ്ക്രീനുകളില്‍ നിറഞ്ഞു നിന്ന അത്ലസ് രാമചന്ദ്രന്‍ എന്ന മനുഷ്യന്റെയും കുടുംബത്തിന്റെയും കഥ കേട്ട് മറന്നു പല സിനിമാക്കഥകളെ വെല്ലുന്നതാണ്. അപ്രതീക്ഷിതമായി ബിസിനസ് രംഗത്ത് നേരിട്ട തിരിച്ചടികള്‍ അദ്ദേഹത്തെ ഗള്‍ഫിലെ ജയിലറയില്‍ കൊണ്ടെത്തിച്ചു. മകളും മരുമകനും കൂടി കേസില്‍ ഉള്‍പെട്ടു ജയിലിലായത്തോടെ ഭര്‍ത്താവിനെ ജയിലില്‍ നിന്ന് രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര രാമചന്ദ്രന്‍ ഏകാംഗ യുദ്ധം നയിക്കുകയാണ്.
ഭർത്താവിന്റെ ശതകോടികളുടെ ബിസിനസ് സ്ഥാപനങ്ങളിലേക്ക് ഒരിക്കൽ പോലും കടന്നു ചെല്ലാത്ത, വീട്ടമ്മയായി ഒതുങ്ങിക്കഴിയുകയായിരുന്ന ഇന്ദിര ഇപ്പോൾ, ഈ 68 ാം വയസിൽ രാപ്പകലില്ലാതെ ഓടിനടക്കുകയാണ്. ഭർത്താവ് പടുത്തുയർത്തിയ ബിസിനസ് സ്ഥാപനങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടു വരാനും ജയിലിൽ കഴിയുന്ന ഭർത്താവിനെ വീണ്ടും പുറത്തെത്തിക്കാനും .
2015 ഓഗസ്റ്റ് 23ന് അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റു ചെയ്യപ്പെട്ടതിനു ശേഷം ഇന്ദിര രാമചന്ദ്രന്‍ ആദ്യമായി ഒരു പ്രമുഖ വിദേശമാധ്യമത്തിലൂടെയാണ് മനസു തുറന്നത്. ’21 മാസമായി എന്റെ ഭര്‍ത്താവ് ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില അനുദിനം വഷളാവുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വീല്‍ ചെയറിലാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. ഇപ്പോള്‍ ഞാന്‍ തനിച്ചാണ്. കടുത്ത നിരാശയിലും വിഷാദത്തിലുമാണ്.’-ഇന്ദിര രാമചന്ദ്രന്‍ പറയുന്നു.
‘മിക്കവാറും ഞാനും ജയിലിലാകും. ആ ഭയത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. ചില ബാങ്കുകള്‍ എനിക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വീട്ടുവാടക കൊടുക്കാന്‍ പോലും ഇപ്പോള്‍ എന്റെ കൈയില്‍ പണമില്ല. എന്തു വന്നാലും എന്റെ ഭര്‍ത്താവിനെ ജയില്‍ മോചിതനാക്കാന്‍ ഞാന്‍ പരിശ്രമിക്കും.’-ഇന്ദിര രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവിന്റെ ബിസിനസിനെ കുറിച്ച് യാതൊന്നും അറിയാത്ത ഭാര്യയാണ് ഇന്ദിര. ഒന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല. പൊലീസ് പിടിച്ചു കൊണ്ടു പോകുമ്പോള്‍ ഇത്രയും വലിയ ദുരന്തം പ്രതീക്ഷിച്ചില്ല എന്ന് ഇന്ദിര പറയുന്നു.
‘എല്ലാവരും ഇപ്പോള്‍ എന്നെ അന്വേഷിക്കുന്നത് പണത്തിനു വേണ്ടിയാണ്. ജീവനക്കാരില്‍ ഒരു വിഭാഗം കൂട്ടത്തോടെ വീട്ടില്‍ കയറി വന്നു. 50 ലക്ഷം ദിര്‍ഹം വിലയുളള രത്‌നങ്ങള്‍ 15 ലക്ഷം ദിര്‍ഹത്തിന് വിറ്റാണ് അവരെ പറഞ്ഞു വിട്ടത്.’- ഇന്ദിര പറഞ്ഞു.
ഇങ്ങിനെയൊക്കെയാണെങ്കിലും അറ്റ്‌ലസ് രാമചന്ദ്രനെ ജയില്‍ മോചിതനാക്കാനുളള ശ്രമങ്ങള്‍ ഇന്ദിര തുടരുകയാണ്. മസ്‌ക്കറ്റിലെ രണ്ട് ആശുപത്രികള്‍ വിറ്റ് താത്കാലിക കടങ്ങള്‍ വീട്ടും. കടമെടുത്ത 22 ബാങ്കുകളില്‍ 19 എണ്ണം താത്കാലികമായി നിയമനടപടികള്‍ നിര്‍ത്തി വച്ച് തിരിച്ചടവ് സംബന്ധിച്ച് ചര്‍ച്ചയാകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത ശേഷം നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് 2015 ഓഗസ്റ്റ് 23നാണ് ദുബായി പൊലീസ് 75കാരനായ അറ്റ്‌ലസ് രാമചന്ദ്രനെ അറസ്റ്റു ചെയ്തത്. അന്നുമുതല്‍ അദ്ദേഹം ജയിലിലാണ്. 340 ലക്ഷം ദിര്‍ഹത്തിന്റെ ചെക്കുകളാണ് മടങ്ങിയത്.
സത്യസന്ധനായ മനുഷ്യനായിരുന്ന അദ്ദേഹം വിപണിയില്‍ കഴിഞ്ഞ മൂന്ന് ദശകത്തിനിടെ സത്പേര് മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. ജയിലില്‍ കഴിയുന്നതിനാല്‍ കടംവീട്ടുന്നതിന് സ്വത്തുക്കള്‍ വില്‍ക്കുന്നത് സംസരിക്കാനോ മറ്റോ കഴിയുന്നില്ല – ഇന്ദിര പറഞ്ഞു. അദ്ദേഹത്തിന് മനുഷിക പരിഗണനയെങ്കിലും നല്‍കണമെന്നാണ് തന്റെ ദൃഡമായ ആവശ്യമെന്നും അവര്‍ പറഞ്ഞു.
റിയാലിറ്റി ഷോയില്‍ ഒപ്പം പങ്കെടുത്ത പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നു നടനും സംവിധായകനുമായ നിര്‍മ്മാതാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്ന രചന എന്ന പെണ്‍കുട്ടിയോടായിരുന്നു കന്നട സംവിധായകന്‍ ഹുച്ച വെങ്കിട്ട വിവാഹഭ്യര്‍ത്ഥ നടത്തിയത്. എന്നാല്‍ രചന അതു നിരസിച്ചു. ആ വിഷമത്തില്‍ വെങ്കിട്ട് ഫിനോല്‍ കുടിക്കുകയായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
താന്‍ മരിക്കുകയാണ് എന്നു പറഞ്ഞ് വെങ്കിട്ട് രചനയ്ക്കു എസ് എം എസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്നു പെണ്‍കുട്ടിയുടെ പ്രതികരണം പുറത്തു വന്നു. റിയാലിറ്റി ഷോയ്ക്ക് വേണ്ടി വെങ്കിട്ടിന്റെ ജോഡിയാകാമെന്നു ഞാന്‍ സമ്മതിച്ചിരുന്നു. അദ്ദേഹം അത്ര മാന്യമായാണു പെരുമാറിരുന്നത്. എന്നാല്‍ ഞാന്‍ ഒരിക്കലും അദ്ദേഹത്തെ പ്രണയിച്ചിരുന്നില്ല എന്നു രചന പറയുന്നു. ഇതിനു മുമ്പും ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കിയ ആളാണ് ഹുച്ച വെങ്കിട്ട്. പ്രശസ്ത സിനിമ താരം രമ്യയെ താന്‍ വിവാഹം ചെയ്തിട്ടുണ്ട് എന്ന അവകാശവാദവുമായി ഒരിക്കല്‍ ഇയാള്‍ രംഗത്ത് എത്തിരുന്നു. രമ്യ വെങ്കിട്ടിനെതിരെ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.
നടനും മിമിക്രി കലാകാരനുമായ സാജൻ പളളുരുത്തി മരിച്ചതായി സോഷ്യൽ മീഡിയയിൽ വ്യാജവാർത്ത. ഇന്നു രാവിലെ മുതലാണ് സാജൻ മരിച്ചതായി വ്യാജവാർത്ത പ്രചരിച്ചത്. അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പമാണ് വ്യാജ വാർത്ത പുറത്തുവന്നത്.
കരൾ രോഗത്തെത്തുടർന്ന് മിമിക്രി കലാകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കലാഭവൻ സാജൻ ഇന്നു രാവിലെ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരിച്ചത് സാജൻ പളളുരുത്തിയാണെന്ന് വ്യാജവാർത്തകൾ പുറത്തുവന്നത്. ഇതിനെതിരെ സാജൻ പളളുരുത്തി രംഗത്ത് വന്നിട്ടുണ്ട്.
”ഫെയ്സ്ബുക്കിൽ എന്റെ ചിത്രം ചേർത്തുവച്ചാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്. ആ വാർത്തയുടെ സത്യാവസ്ഥ എനിക്കറിയില്ല. എന്തായാലും അങ്ങനെ ചെയ്തത് ശരിയായില്ല. നിങ്ങളത് വിശ്വസിക്കണ്ട. ഞാനിപ്പോൾ ഒരു സിനിമയുടെ ലൊക്കേഷനിലാണ്. എല്ലാവരും എന്നെ വിളിക്കുന്നുണ്ട്. അതു കൊണ്ടാണ് താൻ നേരിട്ട് വന്നതെന്നും” സാജൻ പളളുരുത്തി ഫെയ്സ്ബുക്ക് വിഡിയോയിൽ പറഞ്ഞു.
എറണാകുളം പുതുവൈപ്പിൽ ഐഒസി എൽപിജി ടെർമിനൽ വിരുദ്ധ സമരത്തിന് പിന്നിൽ തീവ്രവാദികളാണെന്ന് എറണാകുളം റൂറൽ എസ്പി എവി ജോർജ് . കഴിഞ്ഞ ദിവസം സമരത്തിനിടെ തീവ്രവാദ ബന്ധമുള്ള ചിലരെ കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
സമരക്കാര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും ഇത്ര വലിയ സമരത്തിന് സ്ത്രീകളും കുട്ടികളും സ്വമേധയാ ഇറങ്ങുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരെ ക്രൂരമായി അടിച്ചൊതുക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് റൂറല്‍ എസ്പിയുടെ പരാമര്‍ശം. എന്നാല്‍ പൊലീസിന്റെ ആരോപണം ജനകീയ സമരത്തെ തകര്‍ക്കാനാണെന്ന സമരസമിതി വ്യക്തമാക്കി. ഡിസിപി യതീഷ് ചന്ദ്രയെ മാറ്റുംവരെ ശക്തമായ സമരം തുടരുമെന്നും ഇവര്‍ അറിയിച്ചു.
പൊലീസ് അറസ്റ്റ് ചെയ്ത സ്ത്രീകളെ ജാമ്യത്തില്‍ വിട്ടെങ്കിലും ഇവര്‍ സ്റ്റേഷന്‍ വിട്ടു പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവരെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.
ജനകീയ സമരത്തിൽ പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് വൈപ്പിനിലും കൊച്ചിയിലും നടക്കുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. നിരവധി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.
നാലുമാസത്തിലേറെയായി നടന്നു വരുന്ന സമരത്തിനെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ തുടർച്ചയായി സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ളവരെ അതിക്രൂരമായാണ് പൊലീസ് നേരിട്ടിരുന്നത്.
സ്ത്രീകളും കുട്ടികളും അടക്കം 70 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം ഐഒസി പ്ലാന്റ് നിർമ്മാണത്തിനെതിരെ സമരം ചെയ്യാൻ പാടില്ലെന്ന പേരിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ സമര പന്തലിലെത്തിയ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് കണ്ണിൽകണ്ടവരെയെല്ലാം തല്ലി ഓടിക്കുകയും സമരപന്തൽ പൊളിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സമരസമിതി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
ഹർജി അടുത്ത മാസം നാലിനു പരിഗണിക്കാനിരിക്കെ വിധി വരുന്നവരെ പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നു സമര സമിതി നേതാക്കൾ കഴിഞ്ഞ ദിവസം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു. സമര സമിതിയുടെ ആവശ്യം അംഗീകരിക്കുകയും ഇത് പ്രകാരം മന്ത്രി യോഗത്തിൽ ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഈ ഉറപ്പ് ഐഒസി ലംഘിച്ച് ഇന്നലെ നിര്‍മ്മാണ പ്രവൃത്തി തുടരുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ മലയാള സിനിമ അവാര്‍ഡ് ചടങ്ങായ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുവാനിരുന്ന സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ മൂലം പരിപാടിക്ക് എത്തിച്ചേരുന്നതല്ല എന്ന് സംഘാടകര്‍ അറിയിച്ചു. പകരമെത്തുന്നത് ബോളിവുഡ് സിനിമയിലെ മുടിചൂടാ മന്നനായ അനില്‍ കപൂര്‍ ആണ്. നാല്‍പ്പത് വര്‍ഷക്കാലത്തിലധികമായി ഇന്ത്യന്‍ സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുന്ന സൂപ്പര്‍ താര സാന്നിദ്ധ്യമാണ് അനില്‍ കപൂര്‍. രണ്ട് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡും നേടിയിട്ടുള്ള അനില്‍ കപൂര്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും തലയെടുപ്പുള്ള നടന്മാരില്‍ ഒരാള്‍ കൂടിയാണ്.
ഓണത്തിന് റിലീസ് ചെയ്യേണ്ട ലാല്‍ജോസ് ചിത്രമായ ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകള്‍ മൂലമാണ് മോഹന്‍ലാല്‍ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന് എത്തില്ല എന്നറിയിച്ചിരിക്കുന്നത്. യുകെയിലെ ലാല്‍ ആരാധകരെ അദ്ദേഹത്തിന്‍റെ തീരുമാനം അല്‍പ്പം നിരാശയിലാക്കുമെങ്കിലും അനില്‍ കപൂറിന്‍റെ സാന്നിദ്ധ്യവും നിറപ്പകിട്ടാര്‍ന്ന മറ്റ് പ്രോഗ്രാമുകളും അവാര്‍ഡ് നൈറ്റിന്റെ ആവേശം ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കും എന്ന വിശ്വാസത്തിലാണ് സംഘാടകരായ ആനന്ദ് ടിവിയുടെ അണിയറ പ്രവര്‍ത്തകര്‍.
മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്ന ഷോയില്‍ താരങ്ങള്‍ തന്നെ അവതരിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നത് കൊണ്ട് തന്നെ യൂറോപ്പ് മലയാളികള്‍ക്ക് ലഭിക്കുന്ന ഒരപൂര്‍വ്വ അവസരമാണ് ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന്റെ ഭാഗമാവുക എന്നത്. യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയരായ നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍, എക്കാലത്തെയും മികച്ച നടിമാരായ മഞ്ജു വാര്യര്‍, ഭാവന, അഭിനയ ചക്രവര്‍ത്തിമാരായ മുകേഷ്, ഇന്നസെന്‍റ്, സുരാജ് വെഞ്ഞാറമൂട്, സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വൈശാഖ്, ഗായകന്‍ എം.ജി. ശ്രീകുമാര്‍ തുടങ്ങി വളരെ വലിയ ഒരു താരനിര തന്നെ അവാര്‍ഡ് നൈറ്റില്‍ അണി നിരക്കുന്നുണ്ട്.
ഭാവന അവതരിപ്പിക്കുന്ന നൃത്തവും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഹാസ്യ പരിപാടികളും അവാര്‍ഡ് നൈറ്റില്‍ മറ്റ് ആകര്‍ഷണങ്ങളാകും. ജൂണ്‍ 24 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതലാണ് ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന് തുടക്കം കുറിക്കുന്നത്. മാഞ്ചസ്റ്റര്‍ നഗരത്തിന്‍റെ അഭിമാനമായ o2 അപ്പോളോയിലാണ് അവാര്‍ഡ് നൈറ്റ് അരങ്ങേറുന്നത്.
ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന്റെ ടിക്കറ്റുകളുടെ സിംഹഭാഗവും ഇപ്പോള്‍ തന്നെ വിറ്റ് തീര്‍ന്നിരിക്കുകയാണ്. എങ്കിലും ഇനിയും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് അവസാന സമയത്തെ തിരക്കില്‍ നിന്നും ഒഴിവാകാനുള്ള അവസരം ലഭ്യമാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ആര്‍ക്കെങ്കിലും മോഹന്‍ലാല്‍ ഷോയില്‍ നിന്നും പിന്മാറിയത് മൂലം പ്രോഗ്രാം കാണേണ്ട എന്നുണ്ടെങ്കില്‍ അവര്‍ക്ക് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.
അവാര്‍ഡ് നൈറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും ആനന്ദ് മീഡിയയുടെ 02085866511 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ലണ്ടനില്‍ വീണ്ടും യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി ഭീകരാക്രമണം. വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബറിപാര്‍ക്ക് പള്ളിക്ക് സമീപമാണ് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്. സംഭവത്തില്‍ ഒരാള്‍ മരിച്ചുവെന്നാണ് പ്രാഥമിക വിവരം.
ലണ്ടന്‍ സമയം രാത്രി 12.20നായിരുന്നു സംഭവം. ഇത് ഒരു അപകടമാണോ അതോ ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍ ഏറെ നേരം അവ്യക്തതയുണ്ടായിരുന്നു. പിന്നിടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചത്.
നടന്നത് അപകടമല്ലെന്നും ആളുകളെ മനപൂര്‍വ്വം കൊല്ലാനുറച്ചാണ് അക്രമികള്‍ വാന്‍ ഓടിച്ച് കയറ്റിയതെന്നും മുസ്ലീം കൗണ്‍സില്‍ ഫോര്‍ ബ്രിട്ടന്‍ പിന്നീട് വ്യക്തമാക്കി. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നടന്നത് ഒരു സുപ്രധാന സംഭവമാണെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് വ്യക്തമാക്കി. റംസാന്റെ ഭാഗമായുള്ള പ്രാര്‍ത്ഥനകള്‍ക്കായി പള്ളിയിലെത്തിയവരാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ സമരാഹ്വാനവുമായി ഇടയലേഖനം. തലശ്ശേരി അതിരൂപതയിലെ പള്ളികളിലാണ് ഇന്നലെ ഇടയലേഖനം വായിച്ചത്. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്ട് പുറപ്പെടുവിച്ച ഇടയലേഖനം ഇന്നലെ കുര്‍ബാന മധ്യേ വായിക്കുകയായിരുന്നു. പടിപടിയായി മദ്യം നിരോധിക്കുമെന്ന പ്രഖ്യാപിതനയത്തില്‍ നിന്നുള്ള തിരിച്ചുപോക്കും സമൂഹത്തോടുള്ള വെല്ലുവിളിയുമാണ് സര്‍ക്കാരിന്റെ മദ്യനയമെന്നാണ് ഇടയലേഖനം പറയുന്നത്.
വഴിനീളെ മദ്യഷാപ്പുകള്‍ തുറന്നുവെച്ചിട്ട് മദ്യം വര്‍ജിക്കണമെന്ന് പറയുന്നതില്‍ ആത്മാര്‍ഥതയില്ല. തിരഞ്ഞെടുപ്പ് കാലത്ത് മദ്യമുതലാളിമാരും ഇടതുമുന്നണിയും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ ബാക്കിപത്രമാണ് ഇത്. ഇക്കാര്യത്തില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചാല്‍ തെറ്റ് പറയാനാകില്ല. ഏതാനും ബാറുടമകളുടെ നന്മയ്ക്കു വേണ്ടിയാണ് പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള തീരുമാനം. തീരുമാനത്തിനെതിരെ ധാര്‍മികബോധമുള്ള, ജനനന്മ കാംക്ഷിക്കുന്ന എല്ലാവരും പ്രതിഷേധിക്കുകയും ജനദ്രോഹപരമായ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യണം.
മദ്യപാനമെന്ന സാമൂഹിക വിപത്തിനെ എതിര്‍ക്കുന്നത് സഭയ്ക്ക് സമൂഹത്തോട് ധാര്‍മിക ഉത്തരവാദിത്വമുള്ളതുകൊണ്ടാണ്. ജനനന്മയ്ക്കുവേണ്ടിയുള്ള ധാര്‍മികശബ്ദത്തെ അപമാനിച്ചും പുച്ഛിച്ചും അടിച്ചമര്‍ത്താമെന്ന ധാരണ ഭരണാധികാരികള്‍ക്ക് വേണ്ട. മദ്യ പിശാചിനെതിരെ സമരം തുടരുമെന്നും ഇടയലേഖനം പറയുന്നു.
ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരില്‍ ഇന്ത്യയ്ക്ക് തോല്‍വി. 180 റണ്‍സിനു ആണ് തോല്‍വി. 339 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ട് കളത്തിലിറങ്ങിയ ഓപ്പണര്‍ രോഹിത് ശര്‍മ്മ പൂജ്യത്തിന് പുറത്തായപ്പോള്‍ നായകന്‍ വിരാട് കോഹ്ലി അഞ്ചു റണ്‍സിന് പുറത്തായി. ഒമ്പതാം ഓവറില്‍ 22 പന്തില്‍ 21 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ ഔട്ടായി. പാകിസ്താനുവേണ്ടി മുഹമ്മദ് ആമിറാണ് മൂന്നു വിക്കറ്റും വീഴ്ത്തിയത്. 12-ാം ഓവറില്‍ ഷദബ് ഖാന്‍ യുവരാജിനെ പുറത്താക്കി. 31 പന്തില്‍ 22 റണ്‍സാണ് യുവി നേടിയത്. ഹസന്‍ അലിയുടെ പന്തില്‍ ഇമാദ് വാസിമിന്റെ ക്യാച്ചില്‍ ധോണിയും പുറത്തായി. 16 പന്തില്‍ നാല് റണ്‍സാണ് ധോണി നേടിയത്.
ടോസ് നഷ്ടപ്പെടുത്തി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തിരുന്നു. ഇന്ത്യക്കെതിരെ ആദ്യം ബാറ്റു ചെയ്ത് ഓപ്പണര്‍ ഫഖര്‍ സമാനാണ് സെഞ്ചുറി (114) നേടി പാകിസ്താനെ ഉയര്‍ന്ന സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍ സമാനാന്റെ കന്നി ഏകദിന സെഞ്ചുറിയാണിത്.
ഓപ്പണിങ് വിക്കറ്റില്‍ അസ്ഹര്‍ അലിയുമൊത്ത് സമാന്‍ കൂട്ടിച്ചേര്‍ത്ത 128 റണ്‍സാണ് പാക്ക് ഇന്നിങ്സിന്റെ നട്ടെല്ല്. അസ്ഹര്‍ അലി അര്‍ധസെഞ്ചുറി നേടി. സമാന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ഷുഐബ് മാലിക്കുമായി ബാബര്‍ മൂന്നാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു.
20 റണ്‍സെടുക്കുന്നതിനിടയില്‍ മാലികിന്റെയും ബാബറിന്റെയും വിക്കറ്റുകള്‍ നഷ്ടപ്പെട്ട പാകിസ്താനായി അവസാന ഓവറില്‍ മുഹമ്മദ് ഹഫീസും (57) ഇമാദ് വസീമും അടിച്ചു തകര്‍ക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 7.3 ഓവറില്‍ 71 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. 37 പന്തില്‍ 57 റണ്‍സുമായി ഹഫീസും 21 പന്തില്‍ 25 റണ്‍സുമായി ഇമാദ് വസീമും പുറത്താകാതെ നിന്നു. 10 ഓവറില്‍ 44 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ ഒരു വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരും ഓരോ വിക്കറ്റും വീഴ്ത്തി.