സ്വന്തം ലേഖകന്‍
സ്റ്റാഫോര്‍ഡ്ഷയര്‍: എട്ടാമത് കോതനല്ലൂര്‍ സംഗമത്തിന് തുടക്കം. ഇന്നലെ സ്റ്റാഫോര്‍ഡ്ഷയറിലെ സ്‌മോള്‍വുഡ് മാനര്‍ സ്‌കൂളിലാണ് സംഗമം ആരംഭിച്ചത്. കോട്ടയം ജില്ലയിലെ കോതനല്ലൂരിലും പരിസരങ്ങളിലും നിന്നായി യുകെയിലേക്ക് കുടിയേറിയവരുടെ സംഗമം നാളെ സമാപിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും താമസവും കേരളീയ ശൈലിയിലുള്ള ഭക്ഷണവും സ്വിമ്മിംഗ് പൂള്‍ സൗകര്യവും ഇവിടെ ഒരുക്കിയിരിയിട്ടുണ്ട്.
രണ്ട് രാത്രികളും രണ്ട് പകലുകളുമായി നടക്കുന്ന സംഗമത്തിന് ഇന്നലെ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് ഇന്നും സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് സംഘാടകര്‍ അറിയിച്ചു. ഞായറാഴ്ച സൈക്കിള്‍ റേയ്‌സ് നടക്കുന്നതിനാല്‍ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 2.30 വരെ ഫാം ഹൗസ് റോഡ് അടച്ചിടുമെന്നതിനാല്‍ നാളെ വരുന്നവര്‍ രാവിലെ 7 മണിക്കു മുമ്പായി എത്തിച്ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കോതനല്ലൂരില്‍ നിന്നും പരിസരങ്ങളില്‍ നിന്നും യുകെയില്‍ എത്തിയ എല്ലാവരെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നതായും സംഘാടകര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ കമ്മിറ്റി അംഗങ്ങളില്‍ നിന്നോ കോതനല്ലൂര്‍ സംഗമത്തിന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നോ ലഭിക്കുന്നതായിരിക്കും.
വിലാസം
Smallwood manner school,
Uttoxeter,
Staffordshire ,
ST14 8NS.
സ്വന്തം ലേഖകന്‍
സ്വിന്‍ഡൻ : സാമൂഹിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ ബ്രിട്ടീഷ് എംപയര്‍ മെഡല്‍ മലയാളിക്ക്. 2007-ല്‍ സ്വിന്‍ഡനിലേക്ക് കുടിയേറിയ റോയി സ്റ്റീഫനാണ് ബിഇഎം ലഭിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും യു.കെയില്‍ വ്യാപകമായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്കാണ് ഈ അംഗീകാരം നല്‍കപ്പെടുന്നത്. ജൂണ്‍ 17-ാം തീയതി ലണ്ടന്‍ ഗസറ്റിലും മറ്റ് ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചശേഷം അതാത് കൗണ്ടിയുടെ ലോര്‍ഡ് ലെഫ്റ്റനനിന്റെ ഓഫീസ് ആണ് ഈ അവാര്‍ഡ് നല്‍കുന്നത്. പിന്നീട് ബ്രിട്ടീഷ് രാജ്ഞിയുടെ ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് കുടുംബസമേതം ക്ഷണിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നതാണ്. ഈ വര്‍ഷം ഒരു മലയാളിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത് ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനമായി മാറുകയാണ്.
2007-ല്‍ സ്വിന്‍ഡനിലേക്ക് കുടിയേറിയ റോയി സ്റ്റീഫന്‍ വിവിധ സാമൂഹിക സംഘടനകളിലെ നിറസാന്നിധ്യമാണ്. വില്‍ഷെയര്‍ മലയാളി അസോസിയേഷനിലൂടെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ തുടങ്ങി, പിന്നീട് യുകെയുടെ പല ഭാഗങ്ങളിലുള്ള വിവിധ സംഘടനകളില്‍ ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് വിജയകരമായി പ്രവര്‍ത്തിച്ച് മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍ നേടുവാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായവ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ സാമ്പത്തിക ആനുകൂല്യം കൗണ്‍സിലുകളില്‍ നിന്നും അതുപോലെയുള്ള ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും നേടിയെടുക്കാനുള്ള കഴിവാണ്. ബ്രിട്ടീഷ് സമൂഹവുമായി ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം അദ്ദേഹത്തിന്റെ എല്ലാ പദ്ധതികളിലും പ്രതിഫലിച്ച് കാണുവാന്‍ സാധിക്കും.
യുകെയിലെ തിരക്കേറിയ ജീവിതത്തില്‍ ഫുള്‍ടൈം ജോലിയും ചെയ്ത് കുടുംബത്തെയും നോക്കി, മൂന്ന് രജിസ്ട്രേഡ് ചാരിറ്റികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധ്യമായത് അത്ഭുതാവഹമാണ്. ഇത് തന്നെയായിരിക്കാം അദ്ദേഹത്തിന് ഈ അവാര്‍ഡ് നല്‍കുവാന് ബ്രിട്ടീഷ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. സ്വിന്‍ഡനിലെ ബക്ക്ഹെര്‍സ്റ്റ് കമ്മ്യൂണിറ്റി സെന്‍ഡര്‍, വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍, യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന്‍ എന്നീ സംഘടനകള്‍ക്ക് പുറമെ യുകെയിലെ സീറോ മലബാര്‍ സഭ കമ്മിറ്റിയിലും, യുക്മയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
യു.കെ.കെ.സി.എ യുടെ എല്ലാ യൂണിറ്റുകളിലും ബിഗ് ലോട്ടറി ഫണ്ടിന്റെ സഹായത്തോടെ ഇന്‍സ്പെയര്‍ യു.കെ.കെ.സി.എ എന്ന പേരില്‍ നടത്തിയ അര്‍ദ്ധദിന സാഹിത്യ ശില്‍പശാലകളും സ്വിന്‍ഡനിലെ മലയാളം ലൈബ്രറിയും മുടങ്ങാതെയുള്ള ന്യൂസ് ലെറ്ററുകളുടെ ഏറെ ജനശ്രദ്ധ നേടിയ പ്രവര്‍ത്തനങ്ങളാണ്. ഈ അടുത്ത കാലത്ത് അവിവ കമ്മ്യൂണിറ്റി ഫണ്ടിന്റെ സഹായത്തോടെ ക്നാനായ സമരിറ്റന്‍സ് എന്ന സംഘടനയ്ക്ക് വേണ്ടി ‘കുടുംബം സമൂഹത്തിന്റെ ആണിക്കല്ല് എന്ന വിഷയത്തില്‍ യുകെയുടെ പലഭാഗങ്ങളിലും അര്‍ദ്ധദിന സെമിനാറുകള്‍ സംഘടിപ്പിച്ചും നാട്ടിലുള്ള പാവപ്പെട്ട വ്യക്തികളെ സഹായിക്കുവാനുള്ള ധനസമാഹരണം നടത്തിയും യുകെയിലുള്ള മലയാളി കുടുംബങ്ങളോട് നിരന്തരം ഇടപഴകി പ്രവര്‍ത്തിക്കൊണ്ടിരിക്കുന്നു.
റോയി സ്റ്റീഫന്റെ മികവുറ്റ പ്രവര്‍ത്തനങ്ങളെ ആദരിച്ചുകൊണ്ട് 2015-ല്‍ സ്വിന്‍ഡന്‍ ബോറോ കൗണ്‍സില്‍ പ്രൈഡ് ഓഫ് സ്വിന്‍ഡന്‍ അവാര്‍ഡ് നല്‍കിയിരുന്നു. 2015ലെ ബ്രിട്ടീഷ് മലയാളിയുടെ ന്യൂസ് മേക്കര്‍ അവാര്‍ഡിന്റെ ഫൈനല്‍ ലിസ്റ്റിലും ഇടം നേടിയിരുന്നു. ബ്രിട്ടീഷ് എംപയര്‍ അവാര്‍ഡ് ലഭിച്ച റോയി സ്റ്റീഫന് മലയാളം യുകെയുടെ അഭിനന്ദനങ്ങള്‍
കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സംസ്‌കാരം ഇന്നു നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന് അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. മെത്രാന്മാരും വൈദികരും സഹകാര്‍മികരായി പങ്കെടുക്കും. തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി വചനസന്ദേശം നല്‍കും.
പശ്ചിമ ലണ്ടനിലെ ലാറ്റിമെറിലെ പ്രശസ്തമായ ഗ്രെന്‍ഫെല്‍ ടവറിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ഇവിടെ പൊതു ജന പ്രതിഷേധം ശക്തമാകുന്നു. അപകടത്തിന് ഇരകളായവരെ പ്രധാനമന്ത്രി തെരേസ മെയ് സന്ദർശിച്ചതിന് തൊട്ടടുത്ത വരെ നൂറ് കണക്കിനാളുകൾ പ്രതിഷേധവുമായി എത്തി.
അപകടത്തെ തുടർന്ന് വീട് നഷ്ടമായവരെ ഉടൻ പുനരധിവസിപ്പിക്കുക, ഇവർക്ക് ആവശ്യമായ എല്ലാം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. തെരേസ മെയ് അപകടത്തിൽ പെട്ടവരോട് സംസാരിച്ച് നിന്ന ഹാളിന് പുറത്ത് എത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ എണ്ണം 30 ആയതായി ഇന്നലെ റിപ്പോർട്ട് വന്നിരുന്നു. ഇതിൽ മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് അപകടത്തിൽ രക്ഷപ്പെട്ടവർക്ക് വസ്ത്രവും ഭക്ഷണവും അടക്കമുള്ള അവശ്യസേവനങ്ങൾ ലഭ്യമാക്കാൻ അഞ്ച് മില്യൺ പൗണ്ട് പ്രധാനമന്ത്രി തെരേസ മെയ് അനുവദിച്ചു.
കെട്ടിടത്തിലുണ്ടായിരുന്ന 70 ആളുകളെയും കാണാതായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീപിടിത്തത്തിൽ ഇരകളായവരെക്കുറിച്ച് യാതൊരു വിവരവും പൊലീസ് പുറത്തുവിടാതിരുന്നതിനെ തുടർന്ന് പ്രതിഷേധം ശക്തമായപ്പോഴാണ് പൊലീസ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.
തദ്ദേശവാസികളാണ് വിവരങ്ങൾ മറച്ചുവച്ച പൊലീസിനും അഗ്നിശമന സേനയക്കുമെതിരെ കയർത്തത്. ഇതേ തുടർന്ന് മെട്രോപൊളിറ്റൻ പൊലീസ് കമാന്റർ സറ്റുവർട് കന്റിയാണ് മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക പുറത്തുവിട്ടത്.
മരിച്ച മുപ്പത് പേരിൽ ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചവരുടെ പട്ടിക ഇനിയും ഉയരാനാണ് സാധ്യതയെന്നും ഇദ്ദേഹം വ്യക്തമാക്കിയതോടെ തീപിടിത്തത്തിന്റെ ഏകദേശ ചിത്രം പുറത്തുവന്നു.
70 ശതമാനം പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇവർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലോ അല്ലെങ്കിൽ പൂർണ്ണമായും അഗ്നിക്കിരയാവുകയോ ചെയ്തുവെന്നാണ് പൊലീസ് അനുമാനം.
ചികിത്സയിൽ കഴിയുന്ന ഭൂരിഭാഗം പേരുടെയും നില അതീവ ഗുരുതരമാണെന്നും ഇവരിൽ പലരും മരിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കിയതോടെ മരണസംഖ്യ നൂറ് കടന്നേക്കുമെന്നാണ് സൂചന. കെട്ടിടം പുതുക്കി പണിതപ്പോൾ അഗ്നിരക്ഷാ സംവിധാനത്തിലെ അപാകതകൾ സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇവിടെ നിലവാരം കുറഞ്ഞ നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
കെട്ടിടത്തിന്റെ പുറംചുമരിൽ തീപിടിച്ച് വളരെ വേഗത്തിൽ ആളിക്കത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രാദേശിക സർക്കാർ ഉടമസ്ഥതയിലുള്ളതാണ് ഈ 24 നില കെട്ടിടം.
തീപിടിത്തം ഉണ്ടായ ശേഷം 40 അഗ്നിശമനസേനാ യൂണിറ്റുകളിൽ നിന്നായി 200 അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ കഠിനമായി പരിശ്രമിച്ചു. മുകളിലത്തെ നിലയിലാണ് ആദ്യം തിപിടിച്ചത്. രണ്ടാമത്തെ നില മുതൽ മുകളിലേക്ക് എല്ലാ നിലയും അഗ്നിക്കിരയായി. മുകൾ നിലകളിലെ താമസക്കാരിൽ ഭൂരിഭാഗം പേർക്കും രക്ഷപ്പെടാൻ സാധിച്ചില്ലെന്നതാണ് മരണസംഖ്യ ഉയർത്തിയത്.
കെട്ടിടത്തിന് അകത്ത് നിന്നും ആളുകള്‍ സഹായത്തിന് വേണ്ടി നിലവിളിക്കുന്നതായി ദൃക്സാക്ഷികള്‍ ബിബിസിയോട് പ്രതികരിച്ചു. ചിലര്ബെഡ്ഷീറ്റുകള് പുതച്ച് കെട്ടിടത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
1974 ൽ നിർമിച്ച ഗ്രെൻഫെൽ ടവറിൽ 140 ഫ്ലാറ്റുകളാണുള്ളത്. ഫ്ലാറ്റിനെ പൂർണമായും തീവിഴുങ്ങിയെന്നും 100 കിലോമീറ്റർ അകലെ വരെ ചാരം വന്നടിഞ്ഞെന്നും ദൃക്സാക്ഷികൾ ഇന്നലെ പറഞ്ഞിരുന്നു.
രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി കെട്ടിടത്തിന് അകത്ത് നിന്നും ടോര്‍ച്ചുകളും മൊബൈല്‍ ടോര്‍ച്ചുകളും ആളുകള്‍ തെളിക്കുന്നുണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രക്ഷപ്പെട്ട രണ്ട് പേരെ ശ്വാസം മുട്ടലുകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. തീപിടിത്തത്തിനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. രാവിലെ 10.15ന് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പ്രൊഫ.കെ.വി.തോമസ് എംം.പി., സുരേഷ് ഗോപി എം.പി., എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ഒ.രാജഗോപാല്‍, മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണനാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വേ, സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍, ജില്ല കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫീറുള്ള, ജില്ല പൊലീസ് മേധാവി എം.പി.ദിനേശ് എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ എം.പി.മാരായ പി.സി.തോമസ്, സി.പി.രാധാകൃഷ്ണന്‍, എന്‍.ഡി.എ. സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി.സംസ്ഥാന കമ്മറ്റി മുന്‍ അധ്യക്ഷരായ പി.എസ്.ശ്രീധരന്‍പിള്ള, പി.കെ.കൃഷ്ണദാസ്, സി.കെ.പദ്മനാഭന്‍, വി.മുരളീധരന്‍, സംസ്ഥാന സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, ജോയിന്റ് സെക്രട്ടറി കെ.സുഭാഷ്, സംഘടന സെക്രട്ടറി എം.ഗണേഷ്, മീഡിയ ഓര്‍ഗനൈസര്‍ പി.ശിവശങ്കര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്.മനോജ്, ജില്ല പ്രസിഡന്റ് കെ.മോഹന്‍ദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍, സെക്രട്ടറി എ.കെ.നാസര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തി.
ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി തോമസ് ചാണ്ടി, കെ.വി.തോമസ് എംപി, മേയർ സൗമിനി ജയിൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ, കെഎംആർഎൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് എന്നിവരും പങ്കെടുക്കും.
മെട്രോയിൽ ഇന്ന് ഉദ്ഘാടന സർവീസ് മാത്രമായിരിക്കും ഉണ്ടാവുക. നാളെ മെട്രോ റൂട്ടിന് ഇരുവശത്തുമുള്ള വൃദ്ധ സദനങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും അന്തേവാസികൾക്കും സ്പെഷൻ സ്കൂൾ വിദ്യാർഥികൾക്കും സൗജന്യയാത്ര. തിങ്കളാഴ്ച രാവിലെ ആറിന് ആലുവയിൽനിന്നും പാലാരിവട്ടത്തുനിന്നും ഒരേസമയം മെട്രോ പതിവു സർവീസ് ആരംഭിക്കും. ഒൻപതു മിനിട്ട് ഇടവേളയിൽ ഇരു ഭാഗത്തുനിന്നും സർവീസുണ്ടാവും. രാത്രി പത്തിനായിരിക്കും അവസാന വണ്ടി. മിനിമം യാത്രാനിരക്കു 10 രൂപയാണ്. 20, 30, 40 എന്നിങ്ങനെയാണു മറ്റു നിരക്ക്.
കൊച്ചിൻ മെട്രോ തത്സമയം ……..
10.15 am: കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ വിമാനമിറങ്ങി. നാവികസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രിയെത്തിയത്.
10.20 am: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍, സുരേഷ് ഗോപി എം.പി., ബി.ജെ.പി. അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പ്രൊഫ.കെ.വി.തോമസ് എം.പി., ചീഫ് സെക്രട്ടറി നളിനി നെറ്റോ, ജില്ലാ കലക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള, ഡി.ജി.പി. സെന്‍കുമാര്‍, ജില്ല പൊലീസ് ചീഫ് എം.പി.ദിനേശ് തുടങ്ങിയവര്‍ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
10.25 am: എൻഡിഎ നേതാക്കളും ബിജെപി നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയവരിലുണ്ട്.
10.32 am: നാവികസേന ആസ്ഥാനത്തുനിന്നും പ്രധാനമന്ത്രിയും സംഘവും പാലാരിവട്ടത്തെ മെട്രോ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു
10.33 am: പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ നാട മുറിച്ചശേഷമാണ് പ്രധാനമന്ത്രി ട്രെയിന്‍ യാത്ര തുടങ്ങുക
10.58 am: പ്രധാനമന്ത്രിയും സംഘവും പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തി
11.05 am: പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാട മുറിച്ച് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു
11.07 am: പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ട്രെയിനിൽ യാത്ര തുടങ്ങി
11.08 am: പാലാരിവട്ടം സ്റ്റേഷനിൽനിന്നു പത്തടിപ്പാലത്തിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മെട്രോമാൻ ഇ.ശ്രീധരൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
11.14 am: പ്രധാനമന്ത്രിയും സംഘവും പത്തടിപ്പാലത്തിലെത്തി
11.15 am: പത്തടിപ്പാലത്തെത്തിയ പ്രധാനമന്ത്രിയും സംഘവും തിരികെ പാലാരിവട്ടത്തേക്ക് യാത്ര തിരിച്ചു
11.22 am: മെട്രോയിൽ യാത്ര ചെയ്ത പ്രധാനമന്ത്രിയും സംഘവും തിരികെ പാലാരിവട്ടം സ്റ്റേഷനിലെത്തി. ഇവിടെനിന്നും കലൂർ സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങിലേക്ക് പോകും
11.27 am: പ്രധാനമന്ത്രിയും സംഘവും റോഡ് മാർഗം കലൂർ സ്റ്റേഡിയത്തിലേക്ക് യാത്ര തിരിച്ചു
11.28 am: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയർ സൗമിനി ജെയിൻ, തോമസ് ചാണ്ടി എംഎൽഎ എന്നിവർ ഉദ്ഘാടന വേദിയിൽ
11.32 am: പ്രധാനമന്ത്രി നരേന്ദ്ര മോദി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെത്തി
11.36 am: മെട്രോ ഉദ്ഘാടന ചടങ്ങ് തുടങ്ങി. ഏലിയാസ് ജോർജ് സ്വാഗത പ്രസംഗം നടത്തി
പെരുംമ്പാവൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു ദുരിത പൂർണ്ണമായ സാഹചര്യത്തിൽ രോഗ കിടക്കയിൽ. വര്‍ഷങ്ങളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്ന പാപ്പു ഒറ്റയ്ക്ക് ഒരു ചെറിയ കുടിലിലാണ് താമസം. കഴിഞ്ഞ ആഴ്ച വാഹനത്തില്‍ നിന്നു വീണു കാലിന് ഗുരുതരമായി പരുക്കേറ്റ പാപ്പു എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ.
ജിഷ മരിച്ചപ്പോൾ കിട്ടിയ ആനുകൂല്യങ്ങൾ ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും കൈപ്പറ്റിയെങ്കിലും പാപ്പുവിന് ഇതിൽ നിന്ന് ഒന്നും ലഭിച്ചില്ല. അപകടത്തിന് ശേഷം കിടപ്പിലായ ഇയാൾക്ക് ഭക്ഷണം നല്‍കാനോ സംരക്ഷിക്കാനോ ആരുമില്ല. ഇടിഞ്ഞു വീഴാറായ വീട്ടിലാണ് പാപ്പു കഴിയുന്നത്. എഴുന്നേല്‍ക്കാന്‍ കഴിയാത്തതിനാല്‍ മല മൂത്ര വിസര്‍ജനവും ഇരുളടഞ്ഞ മുറിയിലെ കട്ടിലില്‍ തന്നെയാണ്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തകരെത്തി പരിചരണം നൽകിയിരുന്നു. അടിയന്തിര ചികിത്സ നൽകിയില്ലെങ്കിൽ പാപ്പുവിന്റെ നില ഗുരുതരമാകുമെന്നു ഇവർ അറിയിച്ചു. ജിഷയുടെ ആനുകൂല്യത്തിൽ ഒരു പങ്കു തനിക്കും വേണമെന്നാവശ്യപ്പെട്ട് പാപ്പു കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതുവരെ അതിൽ തീരുമാനം ഒന്നും ആയിട്ടില്ല.
വാഷിങ്ടണ്‍: അമേരിക്കന്‍ പടക്കപ്പല്‍ ജപ്പാന്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴുപേരെ കാണാതായി. ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തിലാണ് സംഭവം.
യുഎസ് നേവിയുടെ യുഎസ്എസ് ഫിറ്റ്‌സ്‌ജെരാള്‍ഡ് എന്ന യുദ്ധക്കപ്പലാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് കപ്പലില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.
കപ്പല്‍ മുങ്ങുന്നത് തടയാന്‍ വെള്ളം പമ്പ്‌ചെയ്ത് പുറത്തുകളഞ്ഞുകൊണ്ടിരിക്കുകയാണ്. കൂടാത ഇതിനെ കരയിലേക്ക് നീക്കാനുള്ള ശ്രമവും തുടങ്ങി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ അമേരിക്കന്‍ നാവികരെ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി.
കാണാതായ നാവികരെ കണ്ടെത്താനായി ജപ്പാന്‍ നാവിക സേന നാല് കപ്പലുകളുെ ഹെലികോപ്റ്ററും ഉപയോഗിച്ച് കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. 330 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് യുഎസ്എസ് ഫിറ്റ്‌സ്‌ജെരാള്‍ഡ്.
വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അല്‍പം ക്ഷമയോടെ കാത്തിരുന്നാല്‍ നികുതിയിനത്തില്‍ വന്‍ ഇളവ് സ്വന്തമാക്കാം. അടുത്ത മാസം 1 മുതല്‍ പുതിയ ചരക്ക് സേവന നികുതി നിലവില്‍ വരികയാണ്.വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച് ജൂലൈ 1 മുതല്‍ പുതിയ വീട് വാങ്ങുന്നവര്‍ക്ക് മാറുന്ന ഈ നികുതി ഗുണം ചെയ്യും. 4.5% സേവന നികുതിയ്ക്ക് പകരമായി 12% ഏര്‍പ്പെടുത്തുന്നതോടെ പരോക്ഷ നികുതികള്‍ ഒഴിവായിക്കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതും, അടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതും, നിര്‍മാണം അടുത്തിടെ കഴിഞ്ഞതുമായ ഫ്‌ളാറ്റുകള്‍ക്ക് പുതിയ നികുതി ഇളവ് ലഭിക്കില്ല. 30 ലക്ഷത്തില്‍ കുറവുള്ള വീടുകള്‍ക്കാണ് പുതിയ നികുതി ഇളവ് ബാധകമാകുക.
മിക്കവാറും സംസ്ഥാനങ്ങളില്‍ വാറ്റും വില്‍പ്പന നികുതിയും വിവരപ്പട്ടികയില്‍ ഉള്‍പ്പെടുത്താറില്ല. പക്ഷേ വില്‍പ്പന വില നല്‍കുമ്പോള്‍ ഇതുകൂടി ചേര്‍ത്തു നല്‍കണമെന്നുമാത്രം. 12% നികുതി എന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍. പക്ഷേ ആഡംബര വീടുകളുടെ കാര്യത്തില്‍ പുതിയ നികുതി എങ്ങനെ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
സിംഹക്കുട്ടിയെ കളിപ്പിച്ച മോഡലിന് കിട്ടിയത് വമ്പന്‍ പണി.ഫോട്ടോഷൂട്ടിനെത്തിയ റഷ്യന്‍ സുന്ദരി സ്റ്റീവ ബില്യാനോവയ്ക്കാണ് സിംഹകുട്ടിയുടെ കൈയ്യില്‍ നിന്നും പണി കിട്ടിയത്.
ബില്യാന ഫോട്ടോഷൂട്ടിന് തയ്യാറായി സിംഹകുട്ടിയെ എടുത്ത് നടന്ന് കൊഞ്ചിക്കുന്നതിനിടയില്‍ ആണ് സംഭവം. ഇതിനിടയില്‍ മോഡല്‍ സിംഹകുട്ടിയെ എടുത്തുയര്‍ത്തി. എന്നാല്‍ ബില്യാനയുടെ കൃത്യം മുഖത്തേക്ക് തന്നെ സിംഹക്കുട്ടി മൂത്രമൊഴിക്കുകയായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി അതിനെ എടുത്തുയര്‍ത്തിയപ്പോഴാണ് കൃത്യമായി പണികിട്ടിയത്. എന്തായാലും സിംഹക്കുട്ടിയോടും സൂക്ഷിച്ച് കളിക്കണമെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്.
ബാങ്കുകളില്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ്. കൂടാതെ 50,000 രൂപയ്ക്ക് മുകളിലുളള ഇടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി. നിലവിലെ ബാങ്ക് അക്കൗണ്ടുകള്‍ ഡിസംബര്‍ 31ന് മുമ്പ് ആധാറുമായി ലിങ്ക് ചെയ്യുകയും വേണം. ഡിസംബര്‍ 31ന് ശേഷം ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകള്‍ വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. കൂടാതെ അക്കൗണ്ട് റദ്ദാക്കുകയും ചെയ്യും. കേന്ദ്ര റവന്യുമന്ത്രാലയത്തിന്റെതാണ് ഉത്തരവ്. പാന്‍ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നുളള കേന്ദ്രനിര്‍ദേശം സുപ്രീംകോടതി ശരിവെച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്.