ജൂൺ ഒമ്പത് വെള്ളിയാഴ്ച്ച മുതൽ ഞായറാഴ്ച വരെ രാജ്യത്ത് ബാങ്കുകൾ പ്രവർത്തിക്കില്ല. വെള്ളിയാഴ്ച ശിവരാത്രിയും ശനിയാഴ്ച നാലാം ശനിയും ഞായർ പൊതു അവധിയും ആയതിനാൽ ഈ മൂന്നു ദിവസങ്ങളിലും ബാങ്കുകൾ തുറന്നു പ്രവർത്തിക്കില്ല. തിങ്കളാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെങ്കിലും ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കിനെത്തുടർന്നു ചൊവ്വാഴ്ച വീണ്ടും ബാങ്കുകൾ അടച്ചിടും.
തുടർച്ചയായി അവധി ദിവസങ്ങൾ വരുന്നതിനാൽ പണം നിക്ഷേപിക്കാൻ സി ഡി എമ്മിനെയും പിൻവലിക്കാനും മറ്റുമായി എ ടി എമ്മിനെയും ആശ്രയിക്കേണ്ടതായി വരും. തിരക്ക് വർധിക്കുമ്പോൾ എടിഎമ്മിൽ പണം തീർന്നു പോകാനും സാധ്യതയുണ്ട്. ഇത്തവണ രണ്ടായിരം രൂപാ നോട്ടുകൾ എ ടി എമ്മുകളിൽ നിറക്കാനാണ് ബാങ്കുകളുടെ തീരുമാനം. അതുകൊണ്ടു തന്നെ 500,100 രൂപ നോട്ടുകൾ പിൻവലിക്കാൻ സാധിക്കില്ല. നിലവില്‍ 10,000 രൂപയാണ് ഒരു ദിവസം എ ടി എമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയുന്നത്.
ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വെടിവയ്പ്. ഇതേസമയം തന്നെ തെക്കന്‍ ടെഹ്നഹ്‌റാനിലെ ഇറാനിയന്‍ വിപ്ലവ നേതാവ് അയത്തുള്ള റൗള ഖൊമേനിയുടെ ശവകുടീരത്തില്‍ സ്‌ഫോടനം ഉണ്ടായതായും റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഭീകരാക്രമണമാണെന്ന് പ്രാഥമിക സൂചന. പാര്‍ലമെന്റ് മന്ദിരവും പരിസരവും പര്‍ൂണ്ണമായും സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഷിയാ മുസ്ലീം പുരോഹിതനും ഇസ്ലാമിക റിപ്പബ്ലിക സ്ഥാപക നേതാവുമാണ് ഖൊമേനി.
ബുധനാഴ്ച രാവിലെയാണ് വെടിവയ്പ് നടന്നത്. പാര്‍ലമെന്റിനുള്ളില്‍ സുരക്ഷാ ജീവനക്കാരും തീവ്രവാദികളും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് തസ്‌നീം ന്യുസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേറ്റവരില്‍ സുരക്ഷാ ജീവനക്കാരും ഉദ്യോഗസ്ഥരുമുണ്ട്. അക്രമികളില്‍ ഒരാള്‍ കീഴടങ്ങിയതായും സൂചനയുണ്ട്. പാര്‍ലമെന്റ് മന്ദിരം അടച്ചു. ഖൊമേനിയുടെ ശവകുടീരത്തില്‍ എത്തിയ അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
മൂന്ന് അക്രമികള്‍ ഉണ്ടെന്നാണ് സൂചന. ഇവര്‍ ആരാണെന്നോ ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്താണെന്നോ വ്യക്തമല്ല. അക്രമികളില്‍ ഒരാളുടെ പക്കല്‍ പിസ്റ്റളും മറ്റു രണ്ടു പേരുടെ കയ്യില്‍ എ.കെ-47 തോക്കുകളുമുണ്ടെന്ന് പാര്‍ലമെന്റംഗം ഏലിയാസ് ഹസരത്തി ഒരു ടെലിവിഷണ്‍ വെബ്‌സൈറ്റിനോട് വ്യക്തമാക്കി.
മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പിനുള്ള കാലിവില്‍പന നിരോധനം രാജ്യമാകെ ചര്‍ച്ചക്ക് വഴിയൊരുക്കുമ്പോള്‍ ബീഫിന് അനുകൂലമായ നിലപാടാണ് തനിക്കുള്ളതെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. താനൊരു മാംസഭുക്കാണെന്ന് തുറന്നു പറഞ്ഞ ബിജെപി മുന്‍ അദ്ധ്യക്ഷന്‍ കൂടിയായ വെങ്കയ്യ ഭക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിലൂടെ രാജ്യത്തുള്ള ജനങ്ങളെ മുഴുവന്‍ സസ്യഭുക്കുകളായി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ചിലരുടെ പ്രചാരണം. എന്നാല്‍ ഭക്ഷണം കഴിക്കുക എന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ തിരഞ്ഞെടുപ്പിന് അനുസരിച്ചാണ്. എന്താണ് കഴിക്കേണ്ടത് എന്ത് കഴിക്കാന്‍ പാടില്ല എന്ന് തീരുമാനിക്കേണ്ട് അത് കഴിക്കുന്നവരില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നാണ്.
കേന്ദ്രത്തിന്റെ തീരുമാനത്തിന്റെ മറവില്‍ ഭക്ഷണത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാണ് ഇപ്പോഴത്തെ പലരുടേയും ശ്രമം. താന്‍ ബിജെപി മുന്‍ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ച ആളാണ്. ആ കാലയളവില്‍ താന്‍ മാംസഭുക്കുമായിരുന്നെന്നും മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ വെങ്കയ്യ നായിഡു വ്യക്തമാക്കി.
യുഎസ് ദേശീയ സ്‌പെല്ലിങ് ബീ മല്‍സരത്തില്‍ ഒന്നാമതെത്തിയ മലയാളി വിദ്യാര്‍ത്ഥിനി അനന്യ വിനയ് (12) ക്കെതിരെ സിഎന്‍എന്‍ ചാനല്‍ അവതാരകയുടെ വംശീയ പരാമര്‍ശം. കഴിഞ്ഞയാഴ്ച വാഷിങ്ടനില്‍ നടന്ന പ്രശസ്തമായ സ്‌ക്രിപ്‌സ് നാഷനല്‍ സ്‌പെല്ലിങ് ബീ മല്‍സരത്തില്‍ ഒന്നാമതെത്തിയ അനന്യയെ അവതാരകരായ അലിസിന്‍ കാമിറോടയും ക്രിസ് കോമോയും ചേര്‍ന്നാണ് അഭിമുഖം നടത്തിയത്.
അഭിമുഖത്തിനിടെ കാമിറോടയാണ് അനന്യയോട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ പ്രശസ്തമായ ‘covfefe’എന്ന അസംബന്ധപദത്തിന്റെ സ്‌പെല്ലിങ് ചോദിച്ചത്. അനന്യ അതിന്റെ നിര്‍വചനവും മൂലഭാഷയും ഏതെന്ന് ചോദിച്ചു. വാക്കിന്റെ സ്‌പെല്ലിങ് കണ്ടെത്താന്‍ ആത്മാര്‍ഥമായി പരിശ്രമിച്ച പെണ്‍കുട്ടി ഒടുവില്‍ ‘cofefe’എന്നാണ് സ്‌പെല്ലിങ് പറഞ്ഞത്.
യഥാര്‍ഥ സ്‌പെല്ലിങ് covfefe എന്നാണെന്നു വ്യക്തമാക്കിയ കാമിറോട, ‘ഇത് അസംബന്ധപദമാണ്. അതുകൊണ്ട് ഇതിന്റെ ഉദ്ഭവം യഥാര്‍ഥത്തില്‍ സംസ്‌കൃതം ആണോ എന്നു ഞങ്ങള്‍ക്ക് ഉറപ്പില്ല. സംസ്‌കൃതമായിരിക്കുമല്ലോ നിങ്ങള്‍ പതിവായി ഉപയോഗിക്കുന്നത്’ എന്നുകൂടി കൂട്ടിച്ചേര്‍ത്തു. കാമിറോട നടത്തിയ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്.
ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ-പാക് മത്സരം കാണാൻ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിൽ വിവാദ ഇന്ത്യൻ വ്യവസായി വിജയ് മല്യ എത്തിയത് ഇന്ത്യൻ മാധ്യമങ്ങൾ വലിയ വാർത്തയാക്കിയതിന് പിന്നാലെ ഇതിനു മറുപടിയെന്നോണം വിജയ് മല്യയുടെ പുതിയ ട്വീറ്റ് എത്തി. എജ്ബാസ്റ്റണിൽ താനെത്തിയതു സംബന്ധിച്ച് വലിയ വാർത്താ പ്രാധാന്യമാണ് മാധ്യമങ്ങൾ നൽകിയത്. തുടർന്നുള്ള ഇന്ത്യയുടെ എല്ലാ മത്സരങ്ങളും കാണാനും കളിക്കാരെ സന്തോഷിപ്പിക്കാനും താൻ എത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Wide sensational media coverage on my attendance at the IND v PAK match at Edgbaston. I intend to attend all games to cheer the India team.
— Vijay Mallya (@TheVijayMallya) June 6, 2017
ഇന്ത്യ-പാക് മത്സരത്തിൽ വിജയ് മല്യ സ്റ്റേഡിയത്തിലിരുന്നു മത്സരം കാണുന്നതിന്‍റെയും സുനിൽ ഗവാസ്കറുമായി സംസാരിക്കുന്നതിന്‍റെയും ചിത്രങ്ങളാണ് പുറത്തുവന്നത്. നേരത്തേ, ബ്രിട്ടൻ പോലീസായ സ്കോട്‌ലൻഡ് യാർഡിന്‍റെ പിടിയിലായ വിജയ് മല്യക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു.
9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയതാണ് മല്യ. ബ്രിട്ടൻ പോലീസായ സ്കോട്‌ലൻഡ് യാർഡിന്‍റെ പിടിയിലായ വിജയ് മല്യക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. വൻതുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകൾ ചേർന്ന കണ്‍സോർഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. മല്യ രാജ്യം വിട്ടതും തിരിച്ചു ഇന്ത്യയിലേക്ക് കൊണ്ട് വരാനാകാത്തതും മോദി സർക്കാറിന് തിരിച്ചടിയായിരുന്നു.
കൊച്ചി കായലിൽ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ക്രോണിന് അല്കസാണ്ടറുടെ പങ്കു സ്ഥിരീകരിക്കുന്നത് ഇനിയും വൈകും. ക്രോണിന് തന്റെ ഫോണില്‍നിന്നു മിഷേലിനു വാട്സ് ആപ് മുഖാന്തരവും അല്ലാതെയും അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇത് വീണ്ടെടുക്കാനായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് ഫോണ്‍ അയച്ചെങ്കിലും അവിടുത്തെ സംവിധാനങ്ങള്‍ ഉപയോഗിച്ചു സന്ദേശങ്ങള്‍ വീണ്ടെടുക്കാനാവില്ലെന്നുള്ള മറുപടിയാണ് ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്നത്. ഫോണിലെ വിവരങ്ങള്‍ ലഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക്കിന്റെ സഹായം തേടിയിരിക്കുകയാണ് ഇപ്പോള്‍ അന്വേഷണ സംഘം.
കൊച്ചി കായലിൽ പിറവം സ്വദേശിനിയായ മിഷേലിന്റെ മൃതദേഹം കണ്ടെത്തിയിട്ട് ഇന്നു മൂന്നു മാസം തികയുകയാണ്. ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണ്‍ അയച്ചിട്ടു രണ്ടര മാസത്തിലേറെയായപ്പോഴാണ് തിരുവനന്തപുരം ലാബില്‍ നിന്നു വിവരങ്ങള്‍ തിരിച്ചെടുക്കാൻ കഴിയില്ലെന്ന് മറുപടി ലഭിച്ചിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ക്രോണിന്റെ മേലുള്ള കുറ്റം ഇതോടെ തെളിയിക്കാനാകുമോയെന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ചിനും അവ്യക്തതയുണ്ട്.
ക്രോണിന് മാനസികമായി സമ്മര്‍ദത്തിലാക്കിയതാണ് മിഷേലിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. എന്നാല്‍, ഇതു തെളിയിക്കണമെങ്കില്‍ ഫോണിലെ സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ ലഭിക്കണം. മിഷേലിനെ കാണാതായതിനു തലേന്നു ക്രോണിന്റെ ഫോണില്‍നിന്നു മിഷേലിന് 57 സന്ദേശങ്ങള്‍ അയക്കുകയും നാലു തവണ വിളിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അതേസമയം, മിഷേല്‍ മരിച്ച ശേഷം അയച്ച സന്ദേശങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. മിഷേലും താനുമായി പ്രശ്നങ്ങളൊന്നുമില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം അയച്ചതാണ് ഈ സന്ദേശങ്ങളെന്നാണു നിഗമനം. നമുക്ക് ഒരുമിച്ചു ജീവിക്കേണ്ടേ, എന്തിന് എന്നെ വേണ്ടെന്നുവച്ചു, എന്തിനാണ് എന്നോടിങ്ങനെ തുടങ്ങിയ വാക്കുകളാണ് ഈ സന്ദേശങ്ങളിലുണ്ടായിരുന്നത്. മരണവിവരം അറിഞ്ഞശേഷവും മിഷേലിന്റെ ഫോണിലേക്ക്12 എസ്എംഎസുകളാണ് ക്രോണിന് അയച്ചത്. എന്നാല്‍, സംഭവ ദിവസവും തലേന്നുമായി അയച്ച 89 എസ്എംഎസുകള്‍ ഡീലീറ്റ് ചെയ്തുവെന്നാണ് സംശയിക്കുന്നത്. ഈ സന്ദേശങ്ങള്‍ ലഭിക്കുന്നതിനായാണ് ക്രൈംബ്രാഞ്ച് ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കു അയച്ചത്.
കാണാതായതിന് തലേന്ന് അയച്ച സന്ദേശത്തില്‍, മിഷേലിനെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. മിഷേലിന്റെ ഫോണിലേക്ക് അവസാനം വന്ന കോള്‍ ക്രോണിന്റെതാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളുടെയും കോളുകളുടെയും അടിസ്ഥാനത്തിലാണ് ക്രോണിനെതിരേ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.
മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതാവുന്നത്. വൈകുന്നേരം കലൂര്‍ പള്ളിയില്‍ പ്രാര്‍ഥിക്കാനായി ഹോസ്റ്റലില്‍ നിന്നിറങ്ങിയ മിഷേല്‍ പള്ളിയില്‍ നിന്നിറങ്ങി ഗോശ്രീ പാലത്തിലേക്കു നടക്കുന്നതു വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. മിഷേല്‍ കായലിലേക്ക് ചാടുന്നതു കണ്ട ആരെയെങ്കിലും കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഏറെ ശ്രമിച്ചെങ്കിലും ദൃക്സാക്ഷികളാരും രംഗത്തുവന്നിട്ടില്ല. മിഷേലിനെ പാലത്തില്‍ കണ്ടതായി വൈപ്പിന്‍ സ്വദേശി അമലും മൊഴി നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിക്കുമ്പോഴാണ് മരണം ആത്മഹത്യയെന്ന് പോലീസ് അനുമാനിക്കുന്നത്.
ചോദ്യം ചെയ്യലും മറ്റും കഴിഞ്ഞതോടെ ക്രോണിനു കോടതി ജാമ്യവും അനുവദിച്ചിരുന്നു. മരണം ആത്മഹത്യയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇതു സ്ഥിരീകരിക്കണമെങ്കില്‍ ക്രോണിൻ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ ലഭിക്കണമെന്നു ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദര്ശന് വ്യക്തമാക്കി.
പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ സഹായിക്കാമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ഉറപ്പുനല്‍കിയെന്ന വെളിപ്പെടുത്തലുമായി സരിത നായര്‍. സംഭവത്തെ കുറിച്ചു ക്രൈംബ്രാഞ്ചിന് സരിത എസ് നായര്‍ പരാതിയും നല്‍കി.
കോണ്‍ഗ്രസ് ദേശീയ നേതാവിന്റെ മകന്റെയും യുഡിഎഫ് ഘടകകക്ഷിയിലെ പ്രമുഖ നേതാവിന്റെയും പേരുകളാണ് പരാതിയില്‍ പരാമര്‍ശിക്കുന്നത്. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത 2016 ജൂലൈയില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പുനരന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതി.
ചില പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ സഹായിക്കാമെന്ന് നേതാവിന്റെ മകന്‍ വാക്ക് നല്‍കിയെന്നും സരിത പറയുന്നു. താനുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പരടക്കം നല്‍കിയാണ് സരിതയുടെ പരാതി. ഖനനക്കേസിലും എംബിബിഎസ് പ്രവേശന അഴിമതിക്കേസിലും പ്രതിയായ ആളാണ് നേതാവിന്റെ മകനെ പരിചയപ്പെടുത്തിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരിചയപ്പെടുത്താമെന്ന് ഉറപ്പുനല്‍കിയതും ഈ വ്യക്തിയാണെന്നും വ്യക്തമാക്കുന്ന പരാതിയില്‍ ഒരു ഡിവൈഎസ്പിയുടെയും അമേരിക്കന്‍ വ്യവസായിയുടെയും പേരുളളതായിട്ടാണ് വിവരം.
മസ്‌കറ്റ്: ഒമാനില്‍ സ്വദേശിവത്കരണം മൂലം മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം പ്രധാനമായും ആരോഗ്യ മേഖലയില്‍ ജോലിയിലുള്ള നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് തൊഴില്‍ നഷ്ടമാകുക. 415 വിദേശി നഴ്‌സുമാര്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നു. 80 വിദേശ ഡോക്ടര്‍മാരെ മാറ്റി സ്വദേശികളെ നിയമിക്കാനാണ് ഏറ്റവും അവസാനമായി തീരുമാനിച്ചിരിക്കുന്നതെന്നാണ് ഒമാന്റെ സര്‍ക്കാര്‍ ഔദ്യോഗിക മാധ്യമമായ ഒമാന്‍ ഒബ്‌സര്‍വര്‍ പുറത്തുവിട്ട വാര്‍ത്ത.
ആരോഗ്യമേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വദേശി ഡോക്ടര്‍മാര്‍ക്കായി ആരോഗ്യമന്ത്രാലയം നടത്തിയ പ്രവേശന പരീക്ഷ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ ഉടന്‍ തന്നെ ഇവരെ നിയമിക്കാനാണ് തീരുമാനം. കൂടാതെ പ്രവേശന യോഗ്യതകള്‍ പൂര്‍ത്തിയാക്കിയ 120 ദന്തഡോക്ടര്‍മാരേയും സ്വദേശികളില്‍ നിന്നു തന്നെ നിയമിക്കാന്‍ തീരുമാനമായതായും റിപ്പോര്‍ട്ടുകളുണ്ട്.
മലയാളികളടക്കം 415 നേഴ്‌സുമാര്‍ക്ക് നേരത്തെ തന്നെ ലഭിച്ച നോട്ടീസ് പ്രകാരം അടുത്ത മാസം ഒന്ന് വരെ മാത്രമേ ജോലിയില്‍ തുടരാന്‍ ആവുകയുള്ളൂ. ആരോഗ്യമേഖലയിലെ സ്വദേശിവത്കരണം നിലവില്‍ 65 ശതമാനമായി ഒമാനില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കാലങ്ങളായി ജോലിയില്‍ പരിചയമുള്ള വിദേശികളെ മാറ്റി പുതിയ ആളുകളെ എടുക്കുന്നത് ആരോഗ്യ സേവന രംഗത്തെ മോശമായി ബാധിക്കുമെന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
ക്രിസ്ത്യാനിയായ ഡോ. ജേക്കബിനെ വിവാഹം കഴിച്ച് അമേരിക്കയില്‍ സെറ്റില്‍ ചെയ്ത മാതു മതംമാറിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷേ, മതം മാറിയതിനു പിന്നിലെ യഥാര്‍ത്ഥ കാരണം അതല്ലെന്ന് മാതു പറയുന്നു.
‘അമര’ത്തില്‍ അഭിനയിക്കുന്ന കാലത്തേ ഞാന്‍ ക്രിസ്തുമതത്തില്‍ വിശ്വസിച്ചുതുടങ്ങിയിരുന്നു. അതിനു പിന്നില്‍ എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. ‘കുട്ടേട്ട’നു ശേഷം എന്നെത്തേടി വളരെ നല്ലൊരു റോളെത്തി, ‘പെരുന്തച്ചനി’ലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളില്‍ മോനിഷ അഭിനയിച്ചു തുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി ഞാന്‍. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നില്‍ ഞാന്‍ കരഞ്ഞുപ്രാര്‍ഥിച്ചു.
വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോണ്‍കോളെത്തി, ‘അമര’ത്തില്‍ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. ‘പെരുന്തച്ച’ന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാനായി വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു. വീണ്ടും വിളിച്ചപ്പോള്‍ അമ്മയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. അന്നുമുതല്‍ ഞാന്‍ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂര്‍ണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റില്‍ കാര്‍ഡില്‍ മാതു എന്നു തന്നെയാണ് വന്നിരുന്നത്. വിവാഹം ചെയ്തത് ക്രിസ്ത്യനെ ആണ്. മക്കളെയും ആ വിശ്വാസപ്രകാരം വളര്‍ത്തുന്നു. മുടങ്ങാതെ പള്ളിയില്‍ പോകും. പ്രാര്‍ഥനയാണ് എന്നെ തുണയ്ക്കുന്നത്, അതാണ് എന്റെ ശക്തിയും, മാതു പറയുന്നു.
ജ്യേഷ്ഠന് വേണ്ടി പെണ്ണുകാണല്‍ ചടങ്ങിനു എത്തിയ അനുജന്‍ ചേട്ടന് വേണ്ടി കണ്ട പെണ്ണുമായി പ്രണയത്തിലാകുക. ആറ് മാസത്തിന് ശേഷം വിവാഹ വേദിയില്‍ വെച്ച് ജ്യേഷ്ഠനെ തള്ളിമാറ്റി വധുവിനു അനുജന്‍ താലിചാര്‍ത്തുക. സിനിമാ കഥകളെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ഒരു വിവാഹവേദിയില്‍ നടന്നത്.
തിരൂപ്പൂരിനടുത്ത് ചെല്ലാറപ്പാട്ടിയിലുള്ള കാമരാജിന്റെ രണ്ടാമത്തെ മകന്‍ രാജേഷിന്റെ വിവാഹമായിരുന്നു നിശ്ചയിച്ചിരുന്നത്. രാജപാളയം സ്വദേശിയായ കാളീശ്വരിയായിരുന്നു വധു. തിരുപ്പൂരിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിനായി വധുവിന്റെ ബന്ധുക്കള്‍ ദിവസങ്ങള്‍ക്ക് മുമ്പേ തിരുപ്പൂരില്‍ എത്തിയിരുന്നു. വിവാഹ ദിവസം ഇരു കുടുംബങ്ങളും രാവിലെ തന്നെ ക്ഷേത്രത്തിലെത്തി. ചടങ്ങുകളനുസരിച്ച് വരനും വധുവുമൊക്കെ കാരണവന്മാരുടെ അനുഗ്രഹം വാങ്ങി. പൂജകള്‍ക്ക് ശേഷം താലി വരന്റെ കൈയ്യില്‍ കൊടുത്ത ശേഷം വധുവിന്റെ കഴുത്തില്‍ ചാര്‍ത്താന്‍ പൂജാരി ആവശ്യപ്പെട്ട സമയത്തായിരുന്നു കഥയിലെ ട്വിസ്റ്റ്.
വരന്‍ രാജേഷിന്റെ അനിയന്‍ വിനോദ് അവിടേക്ക് ഓടിയെത്തി രാജേഷിനെ തള്ളി താഴെയിട്ടു. ബന്ധുക്കളെല്ലാം അമ്പരന്ന് നില്‍ക്കെ തന്റെ പോക്കറ്റില്‍ കരുതിയിരുന്ന താലിയെടുത്ത് വിനോദ് വധുവിന്റെ കഴുത്തില്‍ കെട്ടി. കോപാകുലരായ ബന്ധുക്കളെല്ലാം ചേര്‍ന്ന് വിനോദിനെ തല്ലാന്‍ നോക്കിയപ്പോഴും വധുവിന് മാത്രം ഒരു ഭാവ വ്യത്യാസവുമില്ല. ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വിനോദ് ഒടുവില്‍ ആ രഹസ്യം തുറന്നു പറഞ്ഞു. താനും കാളീശ്വരിയും തമ്മില്‍ പ്രണയത്തിലായിരുന്നു.
ആറ് മാസം മുമ്പ് ജ്യേഷ്ഠന്റെ വിവാഹ നിശ്ചയ സമയത്താണ് ഇരുവരും ആദ്യമായി കണ്ടത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയബദ്ധരായി പോയത്രെ. പിന്നെ ഫോണ്‍ വഴി ബന്ധം ദൃഢമായി. വിവാഹത്തിന് തൊട്ട് മുമ്പ് വരെ ആരോടും പറയാതെ ഇവര്‍ സംഗതി രഹസ്യമാക്കി വെച്ചു. കാളീശ്വരിയും വിനോദും എല്ലാം നേരത്തെ തീരുമാനിച്ചിരുന്നുവെന്നറിഞ്ഞതോടെ ബന്ധുക്കളും പല തട്ടിലായി. ഏറെ നേരത്തെ സംസാരങ്ങള്‍ക്കൊടുവില്‍ എന്തായാലും കെട്ടിയ താലി അങ്ങനെ തന്നെ ഇരുന്നോട്ടെയെന്ന് തീരുമാനിച്ചു. വിനോദ് വധുവിന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. എല്ലാം കണ്ടു താലികെട്ടാന്‍ വന്ന ചേട്ടന്‍ മാത്രം ശശിയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.