Latest News

എന്ത് ഒരാളുടെ വീഴ്ച കൊണ്ട് മറ്റൊരാളുടെ മരണം സംഭവിക്കുമോ  എല്ലാവരുടെയും ചോദ്യം അതായിരിക്കും എന്നാല്‍ , ഇവിടെ അതു സംഭവിച്ചിരിക്കുന്നു. കൊളംബിയയിലെ ആറാം നിലയില്‍നിന്ന് നഴ്‌സ് താഴേക്കു വീണു. താഴെനിന്ന ഡോക്ടറുടെ തലയിലേക്കാണ് വീണത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ ഉടന്‍തന്നെ മരിച്ചു. കാലി നഗരത്തിലെ ആശുപത്രിയിലാണ് സംഭവം. നഴ്‌സ് മരിയ ഇസബെല്‍ ഗോണ്‍സാലസാണ് താഴേയ്ക്കു വീണത്. ഇവര്‍ക്കു ശരീരത്തില്‍ ഒടിവുകള്‍ മാത്രമാണ് സംഭവിച്ചത്. ഡെല്‍ വാലി യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ വിദ്യാര്‍ഥി ഡോക്ടര്‍ ഇസബെല്‍ മുനോസാണ് മരിച്ചത്. നഴ്‌സ് കെട്ടിടത്തിനു മുകളില്‍നിന്നു വീഴാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ലണ്ടന്‍: ഇതുവരെയുള്ള റിപ്പോർട്ട് അനുസരിച്ചു 17  പേരുടെ മരണത്തിനിടയാക്കിയ ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തത്തില്‍ ടവറിന്റെ 23ാം നിലയില്‍ രണ്ടു കുട്ടികള്‍ക്കൊപ്പം കുടുങ്ങിയ അമ്മ തങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മരണമുഖത്തുനിന്ന് ഫെയ്‌സ്ബുക്കില്‍ ലൈവ് വിഡിയോ പോസ്റ്റ് ചെയ്തു. ഇവരെയും കുട്ടികളെയും കണ്ടെത്താന്‍ കഴഞ്ഞിട്ടില്ല. ആയിരക്കണക്കിനു പേരാണ് വിഡിയോ കണ്ട് ഇവരുടെ ജീവനു വേണ്ടി പ്രാര്‍ഥിക്കുന്നത്. റാനിയ ഇബ്രാഹിം എന്ന മുപ്പതുകാരിയാണ് മൂന്നും അഞ്ചും വയസുള്ള രണ്ടു കുട്ടികള്‍ക്കൊപ്പം ഫ്‌ളാറ്റില്‍ കുടുങ്ങിയത്. ആരെങ്കിലും രക്ഷിക്കൂ എന്ന് അവര്‍ അലറി വിളിക്കുന്നതു ദൃശ്യങ്ങളില്‍ കേള്‍ക്കാം.

[ot-video][/ot-video]

കത്തുന്ന കെട്ടിടത്തില്‍നിന്നു പുറത്തേക്കു കടക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. വീടിന്റെ വാതില്‍ തുറക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ സുഹൃത്ത് തടയുന്നുണ്ട്. കെട്ടിടം മുഴുവന്‍ തീപിടിച്ചിരിക്കുന്നു. നമ്മള്‍ എങ്ങിനെ പുറത്തുകടക്കും എന്നു റാനിയ ചോദിക്കുന്നതു കേള്‍ക്കാം. മുകള്‍നിലയിലും പലരും കുടുങ്ങിയതായി ഇവര്‍ പറയുന്നുണ്ട്.

വിഡിയോ കണ്ടു പരിഭ്രാന്തരായ റാനിയയുടെ സുഹൃത്തുക്കള്‍ അവരുടെ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നതിനാല്‍ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് റാനിയയുടെ സുഹൃത്തുക്കള്‍ സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈജിപ്തിലുള്ള റാനിയയുടെ ഭര്‍ത്താവും ലണ്ടനിലേക്കു തിരിച്ചു.

തീപിടിത്തമുണ്ടായതിനെ തുടര്‍ന്നു റാനിയ കുട്ടികള്‍ക്കൊപ്പം താഴത്തെ നിലയിലുള്ള സുഹൃത്തിന്റെ ഫ്‌ളാറ്റിലെത്തി. ഇവരെയൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തീയെയും പുകയേയും അവഗണിച്ചാണ് അവര്‍ വിഡിയോ ഷൂട്ട് ചെയ്തു ഫെയ്‌സ്ബുക്ക് ലൈവില്‍ പോസ്റ്റ് ചെയ്തത്. ‘എല്ലാവരും എന്നോടു ക്ഷമിക്കുക, ഗുഡ്‌ബൈ’ എന്ന് റാനിയ 2.45ന് ഒരു സുഹൃത്തിനു സ്‌നാപ്ചാറ്റില്‍ മെസേജ് ചെയ്തിട്ടുണ്ട്.

ഏകാധിപതി കിം ജോങ് ഉന്നിന്റെ  തടവില്‍ നിന്ന് പുറത്തെത്തിയ യുഎസ് വിദ്യാര്‍ത്ഥിയുടെ നരകയാതനകള്‍ കേട്ട് ലോകം ഞെട്ടി. ഉള്ളുരുക്കുന്ന കഥകള്‍ വിദ്യാര്‍ത്ഥിയുടെ വീട്ടുകാരാണ് വെളിപ്പെടുത്തിയത്. ഉത്തരകൊറിയ വിട്ടയച്ചതിനെ തുടര്‍ന്ന് വിമാനമാര്‍ഗമാണ് യുഎസ് വിദ്യാര്‍ത്ഥി ഒട്ടോ വാമ്പിയറിനെ എത്തിച്ചത്. വിദ്യാര്‍ത്ഥിയുടെ കുടുംബമാണ് ഞെട്ടിക്കുന്ന ക്രുരതകള്‍ പുറത്തുവിട്ടത്. 17 മാസങ്ങള്‍ക്കു ശേഷമാണ് തടവില്‍ നിന്ന് വിട്ടയച്ചത്.

നരകയാതനയെ തുടര്‍ന്ന് സ്വബോധം നഷ്ടപ്പെട്ട വാമ്പിയര്‍ ഒരു വര്‍ഷത്തോളമായി കോമയിലായിരുന്നു. പിന്നാലെ തളര്‍ന്നുപോയ ഇയാള്‍ക്ക് പതിവായി ഉറക്ക ഗുളിക നല്‍കിക്കൊണ്ടേയിരുന്നു. ഉത്തരകൊറിയയിലെ ശിക്ഷാകാലം അതികഠിനമായിരുന്നുവെന്നും മകന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും മോശമാണെന്നും കുടുംബം വ്യക്തമാക്കി. വിമാനത്തില്‍ നിന്ന് ആംബുലന്‍സില്‍ കയറ്റിയാണ് ആശുപത്രിയിലേയ്ക്ക് വിദ്യാര്‍ത്ഥിയെ മാറ്റിയത്.

വെര്‍ജീനിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ ഒട്ടോ വാമ്പിയര്‍ പുതുവര്‍ഷാഘോഷത്തിനായി ടൂറിസ്റ്റുകള്‍ക്കൊപ്പം ഉത്തരകൊറിയയില്‍ എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹോട്ടലില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ബാനര്‍ മോഷ്ടിച്ചുവെന്ന കുറ്റം ആരോപിച്ചായിരുന്നു അറസ്റ്റ്. കുറ്റം വാമ്പിയര്‍ സമ്മതിച്ചിരുന്നു. രാഷ്ട്രീയ മുദ്രാവാക്യം രേഖപ്പെടുത്തിയ ബാനര്‍ താന്‍ എടുത്തു മാറ്റിയെന്നും മൊഴി നല്‍കിയിരുന്നു. 15 വര്‍ഷത്തേയ്ക്കാണ് ശിക്ഷ വിധിച്ചത്. നിസാര കുറ്റത്തിനു  നല്‍കിയ കഠിന ശിക്ഷ ആഗോള തലത്തില്‍ വന്‍ വിവാദമായിരുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ ശിക്ഷ ഇളവു ചെയ്തതെന്നാണ് സൂചനകള്‍.

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി. തന്റെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണ്. സ്വാമി ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സ്വാമിക്കെതിരെ ഗൂഢാലോചന നടത്തിയത് തനിക്കും കുടുംബത്തിനും അറിയാവുന്ന അയ്യപ്പദാസ് എന്നയാളും കൂട്ടാളികളും ചേര്‍ന്നാണെന്ന് സ്വാമിയുടെ അഭിഭാഷകന് അയച്ച കത്തില്‍ യുവതി ആരോപിക്കുന്നു.

കുട്ടിക്കാലം മുതല്‍ വീടുമായി അടുപ്പമുള്ള സ്വാമി ഒരിക്കലും പീഡിപ്പിച്ചിട്ടില്ലെന്നും കത്തിലുണ്ട്. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയ്ക്കൊപ്പം യുവതിയുടെ വെളിപ്പെടുത്തലുള്ള കത്തും കോടതി ഫയലില്‍ സ്വീകരിച്ചു. നടന്ന സംഭവങ്ങളെ കുറിച്ച് യുവതി കത്തില്‍ പറയുന്നതിങ്ങനെ:

ഗംഗേശാനന്ദ മകളെ പോലെയാണ് തന്നെ കണ്ടിരുന്നത്. 16ാം വയസ്സ് മുതല്‍ പീഡിപ്പിച്ചെന്ന ആരോപണം പോലീസ് മൊഴിയില്‍ എഴുതിച്ചേര്‍ത്തതാണ്. അയ്യപ്പദാസ് എന്നയാളെ തനിക്കും കുടുംബത്തിനുമെന്ന പോലെ ഗംഗേശാനന്ദയ്ക്കും പരിചയമുണ്ട്. ഗംഗേശാനന്ദ പണം അപഹരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അയ്യപ്പദാസാണ് തന്നെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍, അയ്യപ്പദാസും മനു എന്ന മനോജ് മുരളിയും അജി എന്ന അജിത് കുമാറും ചേര്‍ന്നുള്ള പദ്ധതിയാണെന്ന് പിന്നീടാണ് മനസിലായത്.

ഗൂഢാലോചനയുടെ ഭാഗമായി സമീപവാസിയായ എഡിജിപി ബി.സന്ധ്യയുമായി ബന്ധപ്പെടാനും കാര്യങ്ങള്‍ പറയാനും അയ്യപ്പദാസ് പറഞ്ഞിരുന്നു. എന്നാല്‍, സന്ധ്യയ്ക്ക് തന്റെ കുടുംബത്തോടും ഗംഗേശാനന്ദയോടും ശത്രുതയുള്ളതിനാല്‍ അവരുമായി ബന്ധപ്പെട്ടില്ല. സംഭവദിവസം കത്തി നല്‍കിയതും ജനനേന്ദ്രിയം മുറിക്കാന്‍  തന്നോട് നിര്‍ദ്ദേശിച്ചതും അയ്യപ്പദാസ്  ആണ്. എന്നാല്‍, രാത്രി ഗംഗേശാനന്ദയുടെ അടുത്ത് പോയെങ്കിലും തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

പിന്നീട് ഗംഗേശാന്ദയുടെ നിലവിളി കേട്ട് താന്‍ വീടിന് പുറത്തക്കോടുകയായിരുന്നു. അയ്യപ്പദാസ് നിര്‍ദ്ദേശിച്ചപ്രകാരം ബി.സന്ധ്യയുടെ വീട്ടിലെത്തി കോളിംഗ് ബെല്‍ അമര്‍ത്തിയെങ്കിലും തുറക്കാത്തതിനാല്‍ 100ലേക്ക് വിളിക്കുകയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കഥ മൊത്തം തകിടം മറയുകയായിരുന്നു. മൊഴി പലതവണ പോലീസ് തിരുത്തിയെഴുതി. വായിക്കാനറിയാത്തത് മൂലം എന്താണ് എഴുതിവെച്ചതെന്ന് പരിശോധിക്കാനും സാധിച്ചില്ല.

തന്നെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ സമയത്താണ് ഉദ്യോഗസ്ഥര്‍ മൊഴി എഴുതിയത്. തിരിച്ചെത്തിയപ്പോള്‍ തന്റെ ഒപ്പ് രേഖപ്പെടുത്തുക മാത്രമായിരുന്നു. അതേ ദിവസം തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ മാറി മാറി തന്നെ കണ്ട് കെട്ടിച്ചമച്ച കഥ അംഗീകരിക്കാനും അമ്മയും ഗംഗേശാനന്ദയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് പറയാനും ആവശ്യപ്പെട്ടെന്നും കത്തില്‍ യുവതി ആരോപിയ്ക്കുന്നു. വീട്ടുകാരെ കാണാന്‍ അനുവദിച്ചതുമില്ല. മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും കഥ ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിച്ചെന്നും കത്തില്‍ പറയുന്നു.

ലണ്ടന്‍ നഗരത്തിലെ ഫ്ലാറ്റില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തില്‍ അനേകരെ രക്ഷിച്ചത്‌ റംസാന്‍ നോമ്പ്. റംസാന്‍വ്രതത്തിനായി നേരത്തേ എഴുന്നേറ്റ കെട്ടിടത്തിലെ ഇസ്‌ളാമിക കുടുംബങ്ങളാണ് പലരേയും രക്ഷിച്ചത്. ഗ്രെന്‍ഫെല്‍ ടവറിനെ അഗ്നിമൂടുമ്പോള്‍ ഇവര്‍ അയല്‍ക്കാരെയും മറ്റും വളിച്ചുണര്‍ത്തി.

വ്രതാരംഭത്തിന് മുമ്പായി പുലര്‍ച്ചെയുള്ള ഭക്ഷണത്തിനായി എഴുന്നേല്‍ക്കുമ്പോഴാണ് തീ പിടുത്തം കണ്ടെത്തിയത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന അപകടം മനസ്സിലാക്കുകയും ഇവര്‍ ഓടി നടന്ന് വാതിലുകളിലും മറ്റും അടിച്ച് ആള്‍ക്കാരെ വിളിച്ചുണര്‍ത്തുകയും ആയിരുന്നു.  കെട്ടിടത്തിലെ ഫയര്‍ അലാറം ഇതിനകം പ്രവര്‍ത്തനരഹിതമാകുകയും ചെയ്തിരുന്നതായി ഇവര്‍ പറഞ്ഞു.

ഭൂമിയിലെ നരകം എന്നായിരുന്നു രക്ഷപ്പെട്ടവര്‍ സാഹചര്യത്തെ വിശേഷിപ്പിച്ചത്. 12 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. പരിക്കേറ്റ 50 പേരില്‍ 18 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നും വിവരമുണ്ട്. അതിനിടയില്‍ സംഭവം അന്വേഷിക്കാന്‍ പ്രധാനമന്ത്രി തെരേസാ മേ ഉത്തരവിട്ടു കഴിഞ്ഞു. കെട്ടിടത്തില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചതായും പറയുന്നുണ്ട്.

കൊച്ചി മെട്രൊയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്തരാണ്. ഡിഎംആര്‍സിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി മെട്രൊയുടെ അവസാനവട്ട ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മെട്രൊ ഉദ്ഘാടനത്തിനായിട്ട് പൂര്‍ണമായും സജ്ജമായി. തന്നെ ഉദ്ഘാടന ചടങ്ങിലെ വേദിയിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ പരാതിയോ പരിഭവമോ ഇല്ല.
പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. തന്നെ ഒഴിവാക്കിയത് മാധ്യമങ്ങളാണ് വിവാദമാക്കുന്നത്. ക്ഷണിച്ചാല്‍ വേദിയിലുണ്ടാകും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കൊച്ചി മെട്രൊയുടെ സര്‍വീസ് ആരംഭിക്കുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയുളള 13 കിലോമീറ്ററാണ്. ആലുവ മുതല്‍ പേട്ട വരെയുളളതാണ് മെട്രൊയുടെ ആദ്യഘട്ടം. രണ്ടാം ഘട്ടമായി ഉദ്ദേശിക്കുന്നത് കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയും പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുമുളള ഭാഗമാണ്.

അമേരിക്കന്‍ ഹൗസ്‌ ഓഫ് റെപ്രസെന്‍റേറ്റീവ് അംഗങ്ങള്‍ക്ക് നേരെ നടന്ന വെടിവെയ്പ്പില്‍ യുഎസ് പാര്‍ലമെന്റ് അംഗവും റിപബ്ലിക്കന്‍ പാര്‍ട്ടി പ്രമുഖനുമായ സ്റ്റീവ് സ്കാലിസിന് ഗുരുതര പരിക്ക്. വെടിയേറ്റ സ്കാലിസിനെ അത്യാസന്ന നിലയില്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാഷിങ്ടണിനടുത്ത് വിര്‍ജീനിയയിലുള്ള ബേസ്ബോള്‍ ഫീല്‍ഡില്‍ വെച്ചായിരുന്നു ആക്രമണം. കാരുണ്യ പ്രവര്‍ത്തനകള്‍ക്കായി സംഘടിപ്പിക്കുന്ന ബേസ്ബോള്‍ മത്സരത്തിന്റെ പരിശീലനത്തിനെത്തിയ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെയായിരുന്നു വെടിവെയ്പ്പ്. മറ്റ് നാല് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. 66കാരനായ ജെയിംസ് ഹോഡ്കിന്‍സണ്‍ എന്ന വ്യക്തിയാണ് വെടിയുതിര്‍ത്തത് എന്നാണ് കരുതുന്നത്. പൊലീസ് വെടിവെയ്പ്പില്‍ ഇയാള്‍ കൊല്ലപ്പെട്ടു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .

Image result for lawmaker-steve-scalise-injured-in-gop-baseball-shooting-in-us
ആക്രമണത്തിന് പിന്നാലെ തന്നെ മറ്റൊരു പാര്‍ലമെന്റ് അംഗം ക്ലോഡിയ ടെന്നെയ്ക്ക് ഭീഷണി ഇമെയില്‍ ലഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഒരാള്‍ വീണു, ഇനി 216 പേര്‍ കൂടി, സമ്പന്നര്‍ക്ക് വേണ്ടി സാധാരണക്കാരെ ഉപദ്രവിക്കുമ്പോള്‍ അതിനുള്ള പ്രായശ്ചിത്തം നിങ്ങളുടെ ജീവന്‍ തന്നെ’ എന്നാണ് ഇമെയിലിലെ സന്ദേശം. ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവയായിരുന്നു ടെന്നെ.

Image result for lawmaker-steve-scalise-injured-in-gop-baseball-shooting-in-us
നേരത്തെ സോഷ്യല്‍ മീഡിയയിലും മറ്റും ട്രംപിനും റിപബ്ലിക്കന്‍ എംപിമാര്‍ക്കും എതിരെ വെടിയുതിര്‍ന്നെന്ന് കരുതുന്ന ജെയിംസ് ഹോഡ്കിന്‍സണ്‍ രോഷാകുലനായി പ്രതികരിച്ചിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരെയുള്ള രാഷ്ട്രീയ ആക്രമണമാണോ എന്ന കാര്യം പൊലീസ് സ്ഥിതികരിച്ചിട്ടില്ല. എന്നാല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കെതിരായ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമായിരുന്നു ജെയിംസ് ഹോഡ്കിന്‍സണ്‍. ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രസിഡന്റല്ലെന്നും റിപബ്ലിക്കന്‍ പാര്‍ട്ടിയെ അവസാനിപ്പിക്കണമെന്നും റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കായുള്ള നരകത്തിലേക്കുള്ള പാത തെളിഞ്ഞിരിക്കുന്നു എന്നുമെല്ലാം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

Image result for lawmaker-steve-scalise-injured-in-gop-baseball-shooting-in-us

കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടിയാണ് റിപബ്ലിക്കന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങള്‍ തമ്മിലുള്ള മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ ഏഴ് മണിക്കാണ് ആക്രമണം നടന്നത്. ഈ സമയത്ത് 20 എംപിമാരും 2 സെനറ്റര്‍മാരും ഇവിടെയുണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലണ്ടനില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തം  സുരക്ഷാവീഴ്ചയാണെന്ന് ആരോപണമുയര്‍ന്നതോടെ പ്രധാനമന്ത്രി തേരേസ മേയെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ഇതിനിടയില്‍ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് തേരേസ മേ ഉത്തരവിട്ടു.  അപകടത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്.

ബ്രിട്ടനില്‍ തുടരെയുണ്ടായ മൂന്ന് ഭീകരാക്രമണങ്ങള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി തേരേസ മേയ്ക്ക്  തിരിച്ചടി നല്‍കിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ അപകടം.  കെട്ടിടത്തില്‍ തീപിടിത്ത സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് പ്രദേശവാസികള്‍ നേരത്തെ നല്‍കിയിരുന്നു എന്ന വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.  ഇത് അവഗണിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണമാണ് പ്രതിപക്ഷം ആയുധമാക്കുന്നത്.

സുരക്ഷയ്ക്കുള്ള ബജറ്റ് വിഹിതം വെട്ടികുറച്ച തേരേസ മേ സര്‍ക്കാരിന് അപകടത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബീന്‍ ആരോപിച്ചു.  സംഭവം തിരിച്ചടിയാകുമെന്ന മനസ്സിലാക്കിയതോടെ അപകടത്തെ കുറിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിച്ച്  തേരേസ മേ രംഗത്തെത്തിയിട്ടുണ്ട്. ഇത് നല്‍കുന്ന പാഠം ഉള്‍ക്കൊള്ളുമെന്നും മേ വ്യക്തമാക്കി.

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടാന്‍ തയ്യാറെടുക്കുന്നതിനിടെ കളിക്കളത്തേക്കാള്‍ പോര് കാണികള്‍ക്കിടയില്‍. ഇന്ത്യന്‍ ടീമിനെ അപമാനിക്കുന്ന തരത്തില്‍ വിവിധ ഫോട്ടോകളാണ് ബംഗ്ലാ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.
ഇതില്‍ ഇന്ത്യന്‍ പതാക ധരിച്ച പട്ടിയ്ക്ക് മുകളിലേക്ക് ബംഗ്ലാദേശിന്റെ പതാക പതിച്ച കടുവ ചാടി വീഴുന്ന ചിത്രം ഏറെ വൈറലായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം അതിവേഗം പ്രചരിക്കുന്നുണ്ട്. അതെസമയം ബംഗ്ലാ ആരാധകരുടെ പ്രകോപനത്തിന് കളികളത്തില്‍ ടീം ഇന്ത്യ മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. വ്യാഴാഴ്ചയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം നടക്കുന്നത്.

ഇത് ആദ്യമായല്ല ഇന്ത്യക്കാരെ അപമാനിക്കുന്ന രീതിയില്‍ ബംഗ്ലാദേശുകാര്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യ കപ്പ് ഫൈനലിന് മുന്‍പ് ധോനിയുടെ തല വെട്ടിയെടുത്ത രീതിയില്‍ പിടിച്ചു നില്‍ക്കുന്ന തസ്‌കിന്‍ അഹ്മദിന്റെ ചിത്രവും വിവാദമായിരുന്നു.

2015ല്‍ കട്ടറിന്റെ വ്യാജ പരസ്യം നല്‍കി ബംഗ്ലാദേശി പത്രവും ഇന്ത്യന്‍ താരങ്ങളെ അപമാനിച്ചിരുന്നു. ധോനി, കോഹ്ലി, ധവാന്‍, രഹാനെ, രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ മുടി പകുതി മുറിച്ച് നില്‍ക്കുന്ന രീതിയിലായിരുന്നു ചിത്രം പത്രത്തില്‍ നല്‍കിയത്.

റോഹ്ത്തക്: യോഗഗുരു ബാബ രാംദേവിനെതിരെ ജാമ്യമില്ലാ വാറണ്ട്. ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തല വെട്ടണമെന്ന പ്രസ്താവനയിലാണ് നടപടി. റാഹ്ത്തക് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഗോയലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വിവാദ പ്രസ്താവനയില്‍ കഴിഞ്ഞ മാര്‍ച്ച് 12ന് കോടതി ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്നാണ് ജാമ്യമില്ലാ വാറന്റിന് ഉത്തരവിട്ടത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു വിവാദ പ്രസ്താവന രാംദേവ് നടത്തിയത്. താന്‍ ഭരണഘടന അനുസരിക്കുന്നുണ്ടെന്നും ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ തലവെട്ടുമായിരുന്നെന്നുമായിരുന്നു പ്രസംഗത്തിനിടെ രാംദേവിന്റെ പരാമര്‍ശം. ആര്‍എസ്എസ് സംഘടിപ്പിച്ച സദ്ഭാവന സമ്മേളനത്തില്‍ സംസാരിക്കുമ്പോളായിരുന്നു ഇത്.

‘ഭാരത മാതാവിനെ ആദരിക്കില്ലെന്ന് ഏതെങ്കിലും ഒരു മതം നിലപാട് സ്വീകരിക്കുകയാണെങ്കില്‍ അത്തരമൊരു മതത്തിന് രാജ്യത്തോട് താത്പര്യമില്ലെന്നാണ് കാണിക്കുന്നത്. ചില തൊപ്പി വെച്ച ആളുകള്‍ എഴുന്നേറ്റ് നിന്ന് പറയും നിങ്ങള്‍ എന്റെ തലയറുത്താലും ഞാന്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ തയ്യാറല്ലെന്ന്. ഈ രാജ്യത്ത് ഒരു നിയമ വ്യവസ്ഥയുണ്ട്. നമ്മള്‍ രാജ്യത്തെ നിയമ വ്യവസ്ഥയെ അംഗീകരിക്കുന്നവരാണ്. അല്ലെങ്കില്‍, ഭാരത് മാതാവിനോട് അനാദരവ് പ്രകടിപ്പിക്കുന്ന ഒരാളെയല്ല ലക്ഷകണക്കിന് ആളുകളുടെ തല നമുക്ക് അറുത്തെടുക്കാമായിരുന്നു. ആരെങ്കിലും ഇത്തരത്തില്‍ പറയാനുള്ള ധൈര്യം കാണിക്കുകയാണെങ്കില്‍ അത് അരാജകവാദികള്‍ക്ക് വളരാനുള്ള തണലാകും. എന്നാണ് രാംദേവ് പറഞ്ഞത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504 വകുപ്പനുസരിച്ച് (സമാധാനം ലംഘിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം), ഇന്ത്യന്‍ പീനല്‍ കോഡ് 506 (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി കേസെടുത്തത്. ജാമ്യാപേക്ഷയില്‍ ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവേക്കാന്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരീഷ് ഗോയല്‍ ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 14ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടും അനുസരിക്കാത്തതിനാലാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved