Latest News
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലണ്ടൻ ശിവരാത്രി നൃത്തോത്സവം ശനിയാഴ്ച 24 ഫെബ്രുവരി 2024 ന് യു. കെ. സമയം വൈകിട്ട് 4.30 ന് ക്രോയിഡണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വിപുലമായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.
യു. കെ. യിലെ പ്രമുഖ കലാകാരന്മാർക്കൊപ്പം യുവപ്രതിഭകളേയും അണിനിരത്തുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിന്, മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഈ വർഷവും നേതൃത്വം നൽകുന്നത് യു. കെ. യിലെ അനുഗ്രഹീത കലാകാരിയായ ആശ ഉണ്ണിത്താൻ ആണ്.
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ കുരുന്നുകളുടെ നൃത്തച്ചുവടുകളോടെ ആരംഭിക്കുന്ന നൃത്തോത്സവത്തിൽ, യു. കെ. യിലെ പ്രമുഖ കലാകാരന്മാരോടൊപ്പം വളർന്നു വരുന്ന യുവതലമുറയിലെ നർത്തകരും പങ്കെടുക്കും. യുവതലമുറയിലെ നർത്തകർക്ക് പ്രോത്സാഹനം നല്കുന്നതിനും, നമ്മുടെ ക്ഷേത്രകലകളെ ഇംഗ്ലണ്ടിന്റെ മണ്ണിൽ വേരുകൾ നല്കി വളർത്തുന്നതിനും വേണ്ടിയാണ് ഓരോ വർഷവും ലണ്ടൻ ശിവരാത്രി നൃത്തോത്സവം നടത്തപ്പെടുന്നത്.
നല്ലവരായ എല്ലാ യു. കെ. മലയാളികളേയും, മറ്റു സഹൃദയരേയും, 11 -മത് ലണ്ടൻ ശിവരാത്രി നൃത്തോത്സവ നൃത്തകലാസന്ധ്യയിലേക്ക് ലണ്ടൻ ഹിന്ദു ഐക്യവേദി പ്രതിനിധികൾ സ്നേഹപൂർവ്വം, ഭഗവത്നാമത്തിൽ സ്വാഗതം ചെയ്യുന്നു.
ഫെബ്രുവരി മാസത്തെ പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക –
Asha Unnithan: 07889484066, Vinod Nair: 07782146185, Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬.

സി.പി.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനെ കൊലപ്പെടുത്തിയതിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് സൂചന. കൊലപാതകം സംബന്ധിച്ച് രാഷ്ട്രീയാരോപണത്തിന് സി.പി.എം. മുതിർന്നിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഏതെങ്കിലും രാഷ്ട്രീയസംഘടനയ്ക്ക് പങ്കുണ്ടെന്നോ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നോ പറയുന്നില്ലെന്ന് സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനൻ പ്രസ്താവനയിൽ പറഞ്ഞു.

കീഴടങ്ങിയ പ്രതി പെരുവട്ടൂർ പുറത്തോന അഭിലാഷി (30)നെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഉത്തരമേഖലാ ഐ.ജി. സേതുരാമൻ ഉൾപ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥർ വ്യാഴാഴ്ച അർധരാത്രിയോടെ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവർ പ്രതിയെ ചോദ്യംചെയ്യുന്നതായാണ് വിവരം.

പെരുവട്ടൂരിനും മുത്താമ്പിക്കും ഇടയിലുള്ള ചെറിയപ്പുറം പരദേവതാ ക്ഷേത്രോത്സവത്തിനിടയിൽ ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണം. ആൾക്കൂട്ടത്തിൽനിന്ന് മാറി ഗാനമേള കേൾക്കുന്നതിനിടെ അക്രമിയെത്തി പിറകിലൂടെ വെട്ടി വീഴ്ത്തുകയായിരുന്നു. ഗാനമേളയിലെ ശബ്ദംകാരണം അക്രമം നടന്നത് ജനങ്ങൾ പെട്ടെന്ന് അറിഞ്ഞിരുന്നില്ല. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്ഷേത്രത്തിലെ സി.സി.ടി.വി.യിൽ അക്രമംനടന്ന കുറച്ചുഭാഗം പതിഞ്ഞതായി അറിയുന്നു. സി.സി.ടി.വി.യുള്ള മുറി പോലീസ് പൂട്ടി സീൽചെയ്തു. കൊയിലാണ്ടി സി.ഐ. മെൽവിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.

സംഘർഷം വ്യാപിക്കാതിരിക്കാൻ എല്ലാ ജാഗ്രതയും പുലർത്തുന്നതായി പോലീസ് അറിയിച്ചു. സ്ഥലത്തേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ, മുൻ എം.എൽ.എ. എ.പ്രദീപ്കുമാർ തുടങ്ങിയ നേതാക്കൾ വിവരമറിഞ്ഞ് കൊയിലാണ്ടിയിലെത്തി. നാടിനുവേണ്ടി നിരന്തരം പ്രവർത്തിക്കുന്ന വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ആണ്‍ കുഞ്ഞ് ജനിക്കാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ട രീതി എഴുതി തയാറാക്കി വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ കൈമാറിയ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍ ‘ കൊല്ലം സ്വദേശിനിയായ 39 കാരിയാണ് ഹര്‍ജി നല്‍കിരിക്കുന്നത്.

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം വിലക്കുന്ന നിയമ പ്രകാരം നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാറിന്റെ വിശദീകരണം തേടി.

2012 ഏപ്രില്‍ 12 നായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹര്‍ജിക്കാരിയുടെ വിവാഹം. ഇംഗ്ലീഷ് മാസികയില്‍ വന്ന കുറിപ്പ് മലയാളത്തിലാക്കി അന്ന് വൈകിട്ട് ഭര്‍ത്താവും മാതാപിതാക്കളും കൂടി തനിക്ക് നല്‍കി. ഇത് തയാറാക്കിയത് ഭര്‍ത്താവിന്റെ പിതാവാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടും ഹര്‍ജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

ഭര്‍ത്താവുമൊന്നിച്ച്‌ ലണ്ടനില്‍ താമസിച്ചു വരുമ്പോള്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഹര്‍ജിക്കാരി നാട്ടിലേക്ക് മടങ്ങി. 2014 ല്‍ പെണ്‍കുട്ടി ജനിച്ചതോടെ ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും ഉപദ്രവം വര്‍ധിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

തൃക്കടിത്താനം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന നിർദ്ധനയും ഭവനരഹിതയുമായ വിദ്യാർത്ഥിനിക്ക് ഒരു വീട് നിർമ്മിച്ചു നൽകുന്നതിനായി അധ്യാപകരും സഹപാഠികളും എസ് ബി കോളേജിലെ നാഷണൽ സർവീസ് സ്കീമും കൈകോർക്കുന്നു. വീട് വെയ്ക്കാനുള്ള ആദ്യ പടിയായി
ആവശ്യമായ സ്ഥലം വാങ്ങുന്നതിലേക്ക് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും സഹപാഠികളും.

ഹയർ സെക്കൻ്ററി സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആസിയ അജീബിന് ഭവനം നിർമിക്കാനാണ് സുമനസുകൾ കൈകോർക്കുന്നത് . ക്ലേശം നിറഞ്ഞ ഭൗതിക സാഹചര്യങ്ങളാൽ ബുദ്ധിമുട്ടിയാണ് ആസിയയുടെ അഞ്ചംഗ കുടുംബം കഴിയുന്നത്.പ്രതികൂല സാഹചര്യങ്ങളിലും പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാർത്ഥിനിക്ക് ഒരു വീട് നിർമ്മിച്ചു നൽകുവാൻ ചങ്ങനാശ്ശേരി എസ്.ബി കോളജ് നാഷണൽ സർവ്വീസ് സ്ക്കീം സന്നദ്ധമായിട്ടുണ്ട്. സ്വന്തമായി വസ്തു ഇല്ലാത്തതിനാൽ ഭവന നിർമ്മാണം പ്രതിസന്ധി നേരിടുന്നു. ഈ വിദ്യാർത്ഥിക്ക് വീട് നിർമ്മിക്കാനുള്ള സ്ഥലം വാങ്ങുന്നതിന് അധ്യാപകരും പി റ്റി എ യും നടത്തുന്ന ശ്രമത്തിലേക്ക് സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നു.

‘സ്നേഹ ഭവനം’ പദ്ധതിയിലേക്ക് നൽകാൻ കഴിയുന്ന തുക താഴെ നൽകിയിരിക്കുന്ന അക്കൗണ്ട് നമ്പറിൽ നിക്ഷേപിക്കാൻ അപേക്ഷിക്കുന്നു.

Beneficiary Name: Thrickodithanam Service Co-operative Bank Ltd

Account No : 67385135680
lFSC Code : SBLN0070385
Branch : SBI THRICKODITHANAM
G pay No : 9446174756 (Sajeena)

 

വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാന്‍ സലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്.

വന്യജീവി സംരക്ഷണവും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കലും ഒരുപോലെ പ്രധാനമാണ്. പ്രശ്‌നക്കാരായ വന്യമൃഗങ്ങളെ പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടെന്നും വയനാട്ടില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.

ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വന്യജീവികളെ കൊല്ലാന്‍ ഉത്തരവിടാം. ഇതിന് നിയമഭേദഗതി ആവശ്യമില്ല. കേരളത്തിന് 2022-23 ല്‍ 15.82 കോടി രൂപ നല്‍കിയിരുന്നു. ഈ തുക ഉപയോഗിച്ച്‌ ജനങ്ങളെ സംരക്ഷിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് കേന്ദ്രം 10 ലക്ഷം രൂപ വീതം നല്‍കുന്നുണ്ട്. വന്യജീവികളെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്കാകുമെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

ആളെക്കൊല്ലി കാട്ടാനയായ ബേലൂര്‍ മഖ്‌നയുടെ ലൊക്കേഷന്‍ ജനങ്ങളെ അപ്പപ്പോള്‍ അറിയിക്കാന്‍ സംവിധാനം ഒരുക്കണം. വന്യജീവി പ്രതിരോധത്തിന് പദ്ധതി സമര്‍പ്പിച്ചാല്‍ കൂടുതല്‍ തുക അനുവദിക്കുന്നത് പരിഗണിക്കും. കേരളവും തമിഴ്‌നാടും കര്‍ണാടകവും തമ്മിലുള്ള ഏകോപനം ഉറപ്പാക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം മുന്‍കൈ എടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
പദയാത്രയിലെ ‘പാട്ടു’ വിവാദം; ബിജെപി ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രന്‍

വയനാട്ടിലെത്തിയ കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കലക്ടറേറ്റിന് മുന്നില്‍ വെച്ച്‌ കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ സാധിച്ച കെ എസ് യു പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ എസ് യു ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരാണ് അറസ്റ്റിലായത്.

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിച്ചു.ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഈ ജില്ലകളിൽ താപനില ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. നിലവിലുള്ളവയേക്കാൾ 2 ഡിഗ്രി മുതൽ 3 ഡിഗ്രി വരെയാണ് താപനില ഉയരാനാണ് സാധ്യത.

കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, തൃശൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയുമായി താപനില ഉയരാമെന്ന് കാലവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പകൽ 11 മണി മുതൽ 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ തട്ടുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും നിർജ്ജലീകരണം തടയുന്നതിനായി ആവശ്യമായ ശുദ്ധജലം കുടിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇടുക്കി നെടുംകണ്ടത്ത് പതിനേഴുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചില്ലുപാറ കപ്പിത്താൻപറമ്പിൽ അശ്വതിയെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ ജോലിക്കുപോയ സമയത്താണ് മരണം സംഭവിച്ചത്.

വീട്ടിൽ ഒറ്റയ്ക്കായിരുന്ന അശ്വതിയെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്നു ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടത്തെ സ്വകാര്യ കോളജിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അശ്വതി.

സിപിഐ ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി. 26-ാം തീയതിയായിരിക്കും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുക.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കണം എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. മന്ത്രി ജി.ആര്‍. അനിലിന്റെ പേരും ഉണ്ടായിരുന്നുവെങ്കിലും പന്ന്യന്‍ രവീന്ദ്രനാണ് വിജയസാധ്യതയെന്നും വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതി എന്നതിന്റെ അടിസ്ഥാനത്തിലാണ് പന്ന്യനെ വീണ്ടും തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ തീരുമാനമായത്.

തൃശ്ശൂര്‍- വി.എസ്. സുനില്‍കുമാര്‍, വയനാട്- ആനി രാജ, മാവേലിക്കര- സി.എ. അരുണ്‍കുമാര്‍ എന്നിവരെയും കളത്തിലിറക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച തീരുമാനമായത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകും.

തിരുവനന്തപുരത്ത് ഇന്നുചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് ജില്ലകളില്‍ നിന്നും അതാത് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ആവശ്യപ്പെടുകയായിരുന്നു. അതിനനുസരിച്ച് ജില്ലാ കമ്മറ്റികള്‍ മുന്നോട്ടുവെച്ച് ലിസ്റ്റില്‍ നിന്നാണ് അന്തിമപട്ടിക ഉണ്ടാക്കിയിരിക്കുന്നത്.

ആരോഗ്യം, സേവനം, സൗഹൃദം എന്നീ ആശയങ്ങളെ മുൻനിർത്തി 2023-ൽ ആരംഭിച്ച ഒരു സൗഹൃദ കൂട്ടായ്മയാണ് കേരള സൂപ്പർ കിങ്‌സ് സ്പോർട്സ് ക്ലബ്, മാഞ്ചസ്റ്റർ. ഈ കൂട്ടായ്മയിൽ ഏകദേശം 25 അംഗങ്ങൾ ഒരേ മനസോടും ചിന്താഗതിയോടും കൂടെ പ്രവർത്തിച്ചുവരുന്നു. കേവലം ഒരു സൗഹൃദ കൂട്ടായ്മയിൽ ആരംഭിച്ചു ഇന്ന് മാഞ്ചസ്റ്ററിലേ എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കയാണ് കെ.എസ്.കെ.

കെ.എസ്.കെ- യെ സംബന്ധിച്ചു അഭിമാന വർഷം ആയിരുന്നു കടന്നു പോയ 2023. ആദ്യമായി പങ്കെടുത്ത ക്രിക്കറ്റ്‌ ടൂർണമെന്റിൽ തിളക്കമാർന്ന വിജയം കാഴ്ച വെക്കാൻ അവർക്ക് കഴിഞ്ഞു. ശക്തരായ 7 ടീമുകളെ പിന്തള്ളി ലീഗ് മത്സരങ്ങളിൽ മൂന്നാമതായും പിന്നീട് ലീഗ് മത്സരങ്ങളിൽ ഒന്നാമത്തെത്തിയവരെ വെറും കാഴ്ചക്കാർ ആക്കി ആ ട്രോഫി ക്ലബ്ബിൽ എത്തിച്ചപ്പോൾ ആ വിജയത്തിന്റെ മധുരം പത്തിരട്ടിയായീ.

BUT ITS JUST THE BEGINNING……
കേവലം 10 അംഗങ്ങൾ ആയി തുടങ്ങിയ കൂട്ടായ്മ അങ്ങ് വളർന്നു, ഇന്ന് 25 അംഗങ്ങളോട് കൂടിയ ഒരു ശക്തമായ ഗ്രൂപ്പ്‌ ആയീ അതു മാറി. ജനുവരി 27,2024 ൽ ഒരു ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് എന്നൊരു ആശയം ടീം അംഗങ്ങളുടെ ഇടയിൽ നിന്ന് വരുകയും, അതു നടത്താൻ ടീം തീരുമാനിക്കുകയും ചെയ്തു. 30- ൽ പരം ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ഒരു വിജയമാക്കാൻ ടീമിലെ എല്ലാ അംഗങ്ങളും തോളോട് തോൾ ചേർന്ന് പരിശ്രമിച്ചു.

കായികം, സൗഹൃദം എന്നീ മേഖലകളിൽ ഒതുങ്ങി നിൽക്കാതെ സേവന രംഗത്തേക്ക് കൂടി തിരിയാൻ ടീമും ടീം മാനേജ്മെന്റ് കൂടെ ചിന്തിക്കുകയും, അതിനപ്രകാരം മാഞ്ചേസ്റ്ററിലേ മറ്റു സംഘടനകളുമായി ചേർന്ന് പല സേവന പ്രവർത്തനങ്ങളും ചെയ്യാൻ കെ.എസ്.കെ- ക്കു കഴിഞ്ഞു. അതു വഴി പലർക്കും ഒരു കൈത്താങ്ങായി കെ.എസ്.കെ മാറി.

സേവന രംഗത്ത് ഒരു പുത്തൻ ചുവടു വേപ്പിന് ഒരുങ്ങുകയാണ് കെ.എസ്.കെ. “Grateful Giving ” എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വളരെ പ്രതീക്ഷയോടെ ആണ് കെ.എസ്.കെ നോക്കികാണുന്നത്. ഈ പദ്ധതിയിലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും “, Alder Hey Children’s Hospital” നു നൽകാനാണ് ടീം തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 1000 പൗണ്ട് കണ്ടെത്താൻ ആണ് ടീം ശ്രമിക്കുന്നത്.

https://www.justgiving.com/page/keralasuperkings

[email protected]
Contact.-07712803434

നോര്‍ക്ക റൂട്ട്സ് എറണാകുളം മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുവേണ്ടി മാര്‍ച്ച് 07ന് കോട്ടയത്ത് ജില്ലാക്യാമ്പ് സംഘടിപ്പിക്കുന്നു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ്‌ ഹാളില്‍ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. ഇതിനായി നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക് ലിസ്റ്റുകളുടെ (ഇംപ്രൂവ്മെന്റ്‌, സപ്ലി ഉള്‍പ്പടെ) അസ്ലലും പകര്‍പ്പുകളും അറ്റസ്റ്റേഷനായി ഹാജരാക്കണം. മെഡിക്കല്‍ ഡിഗ്രി/ഡിപ്പോമ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി അസ്സല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്‌. അപേക്ഷകനു പകരം ഒരേ അഡ്രസ്സിലുള്ള നോമിനിക്ക്‌ ഫോട്ടോ ഐഡി പ്രൂഫുമായി ഹാജരാകാം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍/ഇ -പെയ്മെന്റ്, യു.പി.ഐ അധിഷ്ഠിത മൊബൈല്‍ ആപ്പുകള്‍ മുഖേന മാത്രമേ ഫീസ്‌ ഒടുക്കാന്‍ കഴിയൂ.

വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ (Personal Documents) അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും.ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ നോര്‍ക്ക റൂട്ട്സിന്‍റെ എറണാകുളം സെന്ററിൽ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല.

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷന്‍, എം.ഇ.എ, അപ്പോസ്റ്റില്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.

കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്‌സ് വഴി അറ്റസ്‌റ്റേഷനു നല്‍കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2371810/2371830 നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

RECENT POSTS
Copyright © . All rights reserved