Latest News

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികനടക്കം മൂന്നുപേർ അറസ്റ്റിൽ. കൊട്ടാരക്കര മൈലം ചരുവിളവീട്ടിൽ കൃഷ്ണൻകുട്ടി (65), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ തെറ്റിക്കുഴി കിഴക്കതിൽ അഭയ്ജിത്ത് (20), ശൂരനാട് വടക്ക് ആനയടി റെനിഭവനത്തിൽ റിന്റു (20) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.

ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയുടെ വീടുമായി അടുപ്പം പുലർത്തി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതിനാണ് കൃഷ്ണൻകുട്ടി പിടിയിലായത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട അഭയ്ജിത്തും റിന്റുവും കുട്ടിയെ കടത്തിക്കൊണ്ടുപോയി പലസ്ഥലത്തും വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രി ആർ ബിന്ദുവിനെ ക്രിമിനലെന്ന് ഗവർണർ വിളിച്ചു. ക്രിമിനലുകള്‍ക്ക് മറുപടിയില്ലെന്നായിരുന്നു ഗവർണറുടെ പരാമര്‍ശം. ഇല്ലാത്ത അധികാരം മന്ത്രി പ്രയോഗിച്ചു. ചാൻസലറോ ചാൻസലർ നിർദേശിക്കുന്ന ആളോ ആകണം അദ്ധ്യക്ഷത വഹിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തില്‍ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ വിമര്‍ശിച്ചതിന് മന്ത്രി മറുപടി നല്‍കിയിരുന്നു. പിന്നാലെയാണ് ഗവര്‍ണര്‍ പരാമര്‍ശവുമായി രംഗത്തെത്തിയത്.

താനാണ് എല്ലാത്തിൻ്റെയും അധികാരി എന്ന തോന്നലാണ് ഗവര്‍ണര്‍ക്കെന്ന് മന്ത്രി വിമര്‍ശിച്ചിരുന്നു. നിയമം ലംഘിച്ചിട്ടില്ലെന്നും സർവ്വകലാശാല ആക്റ്റും സ്റ്റാറ്റ്യൂട്ടും ലംഘിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ചട്ടങ്ങള്‍ പരിശോധിച്ചാല്‍ കാര്യം മനസിലാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. കേരള സർവ്വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായി തന്നെയാണ്. കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. താൻ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഗവർണർക്ക് കോടതിയില്‍ പോകാമല്ലോയെന്നും മന്ത്രി ചോദിച്ചു.

സെനറ്റ് യോഗത്തിലേക്ക് പോകാൻ പ്രൊ ചാൻസർലർക്ക്‌ അധികാരമില്ലെന്ന് ഗവർണർ ആവർത്തിച്ചിരുന്നു. യൂണിവേഴ്‌സിറ്റി നടപടികളില്‍ പ്രൊ ചാൻസലർ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. മിനിമം മരാദ്യ പോലും അവർ കാണിച്ചില്ലെന്നുമായിരുന്നു ഗവർണറുടെ കുറ്റപ്പെടുത്തല്‍.

വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി . കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീടാണ് അദ്ദേഹം ആദ്യം സന്ദർശിച്ചത്. ഏഴ് മണിയോടെയാണ് അദ്ദേഹം അജീഷിന്റെ വീട്ടിലെത്തിയത്. രാഹുൽ ഗാന്ധി അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് സഹായം വേണമെങ്കിലും നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

തുടർന്ന് കഴിഞ്ഞ് ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വാച്ചര്‍ പോളിന്റെ വീട് അദ്ദേഹം സന്ദർശിച്ചു. രാഹുലിന്റെ സന്ദർശനം ആശ്വാസം നല്‍കിയാതായി പോളിന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘എന്റെ മോള്‍ കരയുന്നത് പോലെ ആരും കരയരുത്. വയനാട്ടില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ആശുപത്രിയില്‍ സൗകര്യം വേണം. ഡോക്ടര്‍മാര്‍ വേണം. രാഹുലിന്റെ സന്ദര്‍ശനം ആശ്വാസം നല്‍കി’-. പ്രതീക്ഷയുണ്ടെന്നും പോളിന്റെ ഭാര്യ പറഞ്ഞു. കെ സി വേണുഗോപാൽ എം പി, ടി സിദ്ദിഖ് എംഎൽഎ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

പോളിന്റെ വീട്ടില്‍ നിന്നും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീട്ടിലേക്കാണ് പോയത്. ഇവിടെ നിന്ന് തിരിച്ച രാഹുൽ കൽപറ്റ ഗസ്റ്റ് ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. ശേഷം മാധ്യമങ്ങളെ കാണും. ഉച്ചയോടു കൂടി ഹെലികോപ്റ്റർമാർഗ്ഗം കൽപ്പറ്റയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന രാഹുൽ അവിടെ നിന്ന് ഡൽഹിക്ക് മടങ്ങും. ഭാരത് ജോഡോ ന്യായ് യാത്ര ഒരുദിവസത്തേക്ക് നിർത്തിവച്ചാണ് രാഹുൽ വയനാട്ടിലെത്തിയത്.

സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചൂട് കൂടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ്‌ എഡി ഒരുക്കിയ ‘പ്രേമലു’വിന്റെ തരംഗം ബോളിവുഡിലേക്കും. സൂപ്പര്‍ഹിറ്റില്‍നിന്ന് ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുന്ന ‘പ്രേമലു’വിന്റെ യു. കെ, യൂറോപ്പ് വിതരണാവകാശം ബോളിവുഡ്ഡിലെ ഏറ്റവും വലിയ നിര്‍മ്മാണ-വിതരണ കമ്പനികളില്‍ ഒന്നായ യഷ് രാജ് ഫിലിംസ് സ്വന്തമാക്കി. ചിത്രത്തിന് വിദേശ രാജ്യങ്ങളിൽ പോലും ലഭിക്കുന്ന അഭൂതപൂർവ്വമായ സ്വീകാര്യതയാണ് യഷ് രാജിനെ ആകർഷിച്ചതെന്നുറപ്പാണ്.

ഫെബ്രുവരി ഒൻപതിന് റിലീസായ പ്രേമലുവിന് ആദ്യദിനം മുതല്‍ക്കുതന്നെ ഗംഭീര അഭിപ്രായങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് രണ്ടാം ദിവസം മുതല്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരുന്നു. ഒമ്പതു ദിവസംകൊണ്ട് 27 കോടിയില്‍പ്പരം രൂപയാണ് ചിത്രം ഇതുവരെ നേടിയത്.

നസ്ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണ്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ബോക്സോഫീസ് കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്

ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്‍റിന്‍റെ നോർതാംപ്റ്റൺ റീജിയണല്‍ മത്സരം എലിസബത്ത് വുഡ്‍വില്ലേ സ്കൂളില്‍ നടന്നു. സമീക്ഷ യുകെ നാഷണല്‍ സെക്രട്ടേറിയറ്റ് അംഗവും ബാഡ്മിന്‍റൺ ടൂർണമെന്‍റ് കോർഡിനേറ്ററുമായ ജിജു സൈമൺ ഉദ്ഘാടനം നിർവഹിച്ചു. നാഷണല്‍ സെക്രട്ടേറിയറ്റ് അംഗം അഡ്വ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.

മത്സരത്തില്‍ മാത്യു-ജോയല്‍ സഖ്യം വിജയികളായി. ഷൈജു-ജിതിൻ സഖ്യത്തിനാണ് രണ്ടാം സ്ഥാനം. രഘുവരൻ-സന്ദീപ് സഖ്യം മൂന്നാം സ്ഥാനവും സൂര്യ-ഹബീബ് സഖ്യവും നാലാം സ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനം നേടിയവർ ഗ്രാന്‍റ് ഫിനാലേയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഒന്നാം സ്ഥാനം നേടിയ ടീമിന് 151 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 101 പൗണ്ടും ട്രോഫിയും, 51 പൗണ്ടും ട്രോഫിയും നല്‍കി. ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ്, ആദിസ് എച്ച് ആർ ആന്‍റ് എക്കൌണ്ടൻസി സൊലൂഷൻസ്, തട്ടുകട ദ ടേസ്റ്റ് ഓഫ് ഇന്ത്യ, കളേർസ് ട്രാൻസ്പോർട്ട്, നോർത്താൻസ് മാർട് കേരളീയം, ബി വി ടെക്, മന്ന ഫുഡ് കോർട്ട്, സി മാർട്ട്, എൻ എസ് എൻ ഓട്ടോസ് എന്നിവരാണ് സമ്മാനങ്ങള്‍ സ്പോൺസർ ചെയ്തത്. അഡ്വ. ദിലീപ് കുമാർ, യൂണിറ്റ് സെക്രട്ടറി പ്രബിൻ, അജു, ജോബിഷ്, യൂണിറ്റ് എക്സിക്യൂട്ടീല് മെമ്പർമാരായ ഡോൺ, അജില്‍ ഉണ്ണികൃഷ്ണന്‍, റിജൻ, ജോൺ സേവ്യർ എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

അടുത്ത മാസം 24 കോവെൻട്രിയിലാണ് ഗ്രാൻഡ് ഫിനാലെ മത്സരം നടക്കുന്നത്. 18 റീജിയണുകളില്‍ നിന്നുള്ള കായിക താരങ്ങള്‍ ഫിനാലെയില്‍ കളത്തിലിറങ്ങും. ഒന്നാം സമ്മാനം 1001 പൌണ്ടും സമീക്ഷ യുകെ എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം 501 പൗണ്ടും ട്രോഫിയും, മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 201 പൗണ്ടും ട്രോഫിയും 101പൗണ്ടും ട്രോഫിയും ലഭിക്കും.

അഞ്ജലി ലിൻ്റോ

യുകെയിൽ പ്രസിദ്ധമായ യോർക്ഷയറിലെ കീത്തിലിയിൽ 2022 ൽ രൂപീകൃതമായ പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷനെ ജിൻ്റോ സേവ്യർ നയിക്കും. യുറോപ്പിലേയ്ക്കുള്ള മലയാളികളുടെ രണ്ടാം വരവോടെ നിരവധി മലയാളി അസ്സോസിയേഷനുകളാണ് രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ ജന്മമെടുത്തത്. പുതുതലമുറയുടെ പരിവേഷത്തോടെ രൂപപ്പെട്ട അസ്സോസിയേഷനുകളെല്ലാം ഊർജ്ജസ്വലതയോടെ യുകെയിൽ പ്രവർത്തിക്കുന്നു എന്നത് എടുത്ത് പറയേണ്ടതുണ്ട്.

2020 മുതൽ കീത്തിലിയിൽ എത്തിച്ചേർന്ന മലയാളി സമൂഹത്തിൻ്റെ കൂട്ടായ പ്രവർത്തനത്തിൽ രൂപീകൃതമായ അസ്സോസിയേഷനാണ് പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ . പ്രവർത്തന ശൈലിയിൽ ചുരുങ്ങിയ കാലം കൊണ്ട് യുകെയിൽ ജനശ്രദ്ധ നേടി എന്ന് എടുത്തു പറയേണ്ടതുണ്ട്. പ്രതീക്ഷ രൂപീകൃതമായതിനു ശേഷമുള്ള ആദ്യ വർഷത്തെ പ്രവർത്തനങ്ങൾ അതിനുദാഹരണമാണ്. ഒരു പ്രവാസി മലയാളി അസ്സോസിയേഷൻ എന്ന സംഘടനകൊണ്ട് എന്തെല്ലാം ഉദ്ദേശിക്കുന്നുവോ അതെല്ലാം നിറവേറ്റിക്കൊണ്ടാണ് പ്രതീക്ഷ മലയാളി അസ്സോസിയേഷൻ്റെ മുന്നേറ്റം. കായിക കലാ രംഗത്തെ പ്രവർത്തനങ്ങൾ, ഡാൻസ് ക്ലാസുകൾ, കാറ്ററിംഗ് മേഘലകൾ, ഫോട്ടോഗ്രാഫി, റീൽ നിർമ്മാണം, ഗാനരചനയും സംഗീത സംവിധാനവും കൂടാതെ പാശ്ചാത്യ സമൂഹത്തോട് ചേർന്ന് നിന്നുള്ള പ്രവർത്തനങ്ങളുമെല്ലാം പ്രതീക്ഷയെ മുന്നോട്ട് നയിക്കുന്നു.

നിയുക്ത പ്രസിഡൻ്റ് ജിൻ്റോ സേവ്യറിൻ്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് മുൻതൂക്കം കൊടുത്തു കൊണ്ടുള്ള ഒരു വലിയ ടീമാണ് 2024 ൽ പ്രതീക്ഷയെ നയിക്കുക. പ്രതീക്ഷയുടെ കഴിഞ്ഞ കാല സാരഥികളുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു. അവരിൽ നിന്നും ഉൾക്കൊണ്ട പ്രചോദനത്താൽ വരും വർഷം കൂടുതൽ കാര്യങ്ങൾ പ്രാദേശീക സമൂഹത്തോടൊപ്പം ചേർന്ന് ചെയ്യാനാണ് ആഗ്രഹമെന്ന് പ്രതീക്ഷയുടെ പ്രസിഡൻ്റ് ജിൻ്റോ സേവ്യർ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷനെ നയിക്കുന്നവർ:-
പ്രസിഡൻ്റ് – ജിൻ്റോ സേവ്യർ
സെക്രട്ടറി – ചിന്ദു പ്രതാപൻ
വൈസ് പ്രസിഡൻ്റ് – ലിസ സെലിൻ
ജോയിൻ്റ് സെക്രട്ടറി – ബിനീഷ് ജോൺ
ട്രഷറർ – ജീവൻ സണ്ണി

കമ്മറ്റിയംഗങ്ങൾ :-
ദൃശ്യാ, ലിബിൻ, നീതു, അജീഷ്, ജോമിഷ്, സരിത, നീരജ, എഡ് വിൻ, റിച്ചി, നിമ്മി

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്‌കോട്ട്‌ലന്‍ഡിലെ ഫാള്‍കിര്‍ക് മലയാളികളുടെ കൂട്ടായ്മയായ എഫ്. എം.കെ രൂപംകൊണ്ടിട്ടു ആറ് വര്‍ഷം തികയുന്ന ഈ വേളയില്‍ 2024-2025 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റോബിൻ തോമസ് (പ്രസിഡന്റ്),മെൽവിൻ ആന്റണി (സെക്രട്ടറി), ജെറി ജോസ് (ട്രഷറര്‍), ലിൻസി അജി (വൈസ് പ്രസിഡന്റ്), ജീമോൾ സിജു (ജോയിന്റ് സെക്രട്ടറി,ജോർജ് വര്ഗീസ് (ജോയിന്‍ ട്രഷറര്‍) എന്നിവരാണ് പുതിയ സാരഥികള്‍. ആക്ടിവിറ്റി കോഡിനേറ്റര്‍മാരായി ജിജോ ജോസ് ,സതീഷ് സഹദേവൻ, സിമി ഹഡ്സൺ, മാരിസ് ഷൈൻ എന്നിവരെ തിരഞ്ഞെടുത്തു.

2023മുതല്‍ 2024വരെ കമ്മിറ്റിയെ ആത്മാര്‍ത്ഥമായി നയിച്ച ഫ്രാൻസിസ് മാത്യു , ബിജു ചെറിയാൻ , സണ്ണി സെബാസ്റ്റ്യൻ എന്നിവരെയും മീന സാബു ,ജെയ്‌സി ജോസഫ് ,സജി ജോർജ് ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍മാരായ ടിസ്സൻ തോമസ് ,ലിസി ജിജോ ,ജെസ്സി റോജൻ ,ബിന്ദു സജി എന്നിവരെയും യോഗം പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

2024 -2025വര്‍ഷത്തിലേക്കുള്ള വിവിധ കര്‍മ പരിപാടികള്‍ക്ക് രൂപം കൊടുത്തുകൊണ്ട് കലാകായിക സാംസ്‌കാരിക സാമൂഹിക രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കും എന്നും സംഘടനയെ സ്‌കോട്ട്ലന്‍ഡ് മലയാളികളുടെ അഭിമാനമായി ഉയര്‍ത്തുവാന്‍ എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും അതിനായി എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും പ്രസിഡന്റ് റോബിൻ തോമസ് അഭ്യര്‍ത്ഥിച്ചു.

ഫാ. ഹാപ്പി ജേക്കബ്ബ്

സമൂഹം അകറ്റിനിർത്തുന്നവരെ ചേർത്ത് നിർത്തുവാനും പരിപാലിക്കുവാനും നോമ്പ് നമ്മോട് ആവശ്യപ്പെടുന്നു. ഓരോ ജീവിതത്തിലും വന്നനുഭവിക്കുന്ന കുറവുകളും, ബലഹീനതകളും, പരിമിതികളും പലപ്പോഴും ഇങ്ങനെ ഉള്ളവരെ ഒറ്റപ്പെട്ട ജീവിത അനുഭവങ്ങളിലേക്ക് തള്ളിവിടും . അവരുടെ യാതനകളോ വേദനകളോ നമ്മുടെ സാമൂഹിക ജീവിതങ്ങളിലോ, സാംസ്കാരിക മണ്ഡലങ്ങളിലോ, ആത്മീക തലങ്ങളിലോ എത്തപ്പെടാറുമില്ല. എന്നാൽ ചിലരെങ്കിലും ചില അവസരങ്ങളിൽ തിരിഞ്ഞ് നോക്കി ഇങ്ങനെ ഉള്ളവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരുവാൻ ശ്രമിക്കാറുണ്ട്. എന്നാൽപോലും അവരെ സ്വീകരിക്കുവാനോ, പരിപാലിക്കുവാനോ നമുക്കോ നമ്മുടെ സമൂഹത്തിനോ കഴിയാറുണ്ടോ? നോമ്പിന്റെ ഈ ആഴ്ചയിൽ നമ്മുടെ ചിന്ത അപ്രകാരം ഒരു അത്ഭുതത്തിലേക്ക് ധ്യാനാത്മകമായി ചെന്ന് ചേരാം. വി. ലൂക്കോസ് 5: 12 -16 വലിയ നോമ്പിന്റെ ഒരാഴ്ച പിന്നിടുമ്പോൾ രോഗശാന്തിയുടെയും സമർപ്പണത്തിന്റെയും അനുഭവത്തിൽ നമ്മുടെ കർത്താവിനോടൊപ്പം സഞ്ചരിക്കാം.

1. ദുരിത ബാധിതരെ സുഖപ്പെടുത്തുവാൻ വേണ്ടി പ്രാർത്ഥിക്കാം

ഈ വേദചിന്താ ഭാഗത്ത് കുഷ്ഠം ബാധിച്ച ഒരു രോഗിയെ കർത്താവ് സൗഖ്യപ്പെടുത്തുന്ന ചിന്തയാണ് ‘ ഈ അത്ഭുതകരമായ കണ്ടുമുട്ടൽ രോഗികളേയും, പീഡിതരേയും സുഖപ്പെടുത്തുവാനുള്ള യേശുവിൻറെ അനുകമ്പയും , മനോഭാവവും ശക്തിയും പ്രകടമാക്കുന്നു. നോമ്പിലൂടെ നാം കടന്നു പോകുമ്പോൾ നമ്മുടെ ജീവിതത്തിലും അനുകമ്പയുടെയും രോഗശാന്തിയുടെയും കർത്താവിൻറെ ഈ മാതൃക നമുക്ക് അനുകരിക്കാം. ദുരിതത്തിലും കഷ്ടതയിലും വ്യാധിയിലും, ആസക്തിയിലും കഴിയുന്നവർക്ക് ആശ്വാസവും, പിന്തുണയും, പ്രാർത്ഥനയും നൽകി കൊണ്ട് അവരെ നമുക്ക് സമീപിക്കാം . ദയയുടെയും, അനുകമ്പയുടെയും, പ്രാർത്ഥനയിലൂടെയും പ്രവർത്തികളിലൂടെയും ഇന്നത്തെ ലോകത്ത് വേറിട്ട അനുഭവത്തിൽ ക്രിസ്തുവിൻറെ സൗഖ്യദാനമായ സ്നേഹത്തിൻറെ പ്രതീകങ്ങളായി നമുക്ക് മാറാം.

2. ലോക വേർപാടിന്റെയും പ്രാർത്ഥനയുടെയും ശക്തി.

നാലാം അധ്യായത്തിന്റെ അവസാന ഭാഗത്ത് രോഗശാന്തിയും ശുശ്രൂഷകളും നിറഞ്ഞ ഒരു ദിവസത്തിന് ശേഷം കർത്താവ് ഒരു ഏകാന്ത സ്ഥലത്തേക്ക് പ്രാർത്ഥിക്കാൻ പോയി എന്ന് വായിക്കുന്നു. കർത്താവിൻറെ ജീവിതത്തിലും പ്രേഷിത പ്രവർത്തിയിലും ലോക വേർപാടും പ്രാർത്ഥനയും എത്രമാത്രം പ്രാധാന്യം ഉണ്ട് എന്ന് ഈ ഭാഗം സൂചിപ്പിക്കുന്നു. ദൈനംദിന ജീവിതത്തിൻറെ തിരക്കിലൂടെ നാം പാഞ്ഞ് ഓടുമ്പോൾ ഈ നോമ്പ് കാലം ഇങ്ങനെ ഒരു പുതിയ പാഠം നമുക്ക് നൽകുന്നു. ഏത് പ്രവർത്തനത്തിന് മുൻപായും ഏത് ശുശ്രൂഷ മേഖലയിലും പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും ശക്തിയും ബലവും എത്ര വലുതാണ് എന്ന് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. പ്രാർത്ഥനയുടെ ശക്തിയിലും കരുത്തിലും മുന്നോട്ടുള്ള ജീവിതത്തിൽ നവീകരണവും ശക്തിയും നമുക്ക് കണ്ടെത്താം.

3. പ്രാർത്ഥനയോടൊപ്പം പ്രവർത്തനവും

യേശു ആശ്രാന്തമായി ജനക്കൂട്ടത്തോടൊപ്പം നടക്കുകയും, ശുശ്രൂഷിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും, ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്നത് ഈ ഭാഗത്ത് നാം കാണുന്നു. നാം അനുഭവിക്കുന്ന സൗഖ്യവും കൃപകളും ദൈവ രാജ്യത്തിൻറെ സദ് വാർത്ത ഘോഷിക്കുവാനും ആവശ്യങ്ങളിലായിരിക്കുന്നവർക്ക് ശാന്തിയും പുനസ്ഥാപനവും നൽകുവാൻ ഈ നോമ്പിന്റെ നാളുകൾ സാധ്യമാകണം. യേശുക്രിസ്തുവിൽ നാം അനുഭവിക്കുന്ന പ്രത്യാശയും രോഗശാന്തിയും നമുക്ക് ചുറ്റുമുള്ളവരുമായി പങ്കുവയ്ക്കുന്ന യഥാർത്ഥ സമർപ്പണ വ്യക്തിത്വങ്ങളായി നമുക്ക് ചേരാം.

ജനസാഗര മധ്യേ കർത്താവ് കഴിഞ്ഞപ്പോഴും തടസ്സങ്ങൾ എല്ലാം അതിജീവിച്ച് അവൻറെ സന്നിധിയിലേക്ക് കടന്ന് വന്ന ആ കുഷ്ഠരോഗി നമുക്ക് ഒരു പ്രചോദനം ആകണം. കാരണം തൻറെ സൗഖ്യം കർതൃ സന്നിധിയിൽ എന്ന് അവൻ പരിപൂർണ്ണമായി വിശ്വസിച്ചു. യേശു കൈ നീട്ടി അവനെ തൊട്ടു. അവൻറെ എല്ലാ കുറവുകളും നീങ്ങി അവൻ സൗഖ്യപ്പെട്ടു. സൗഖ്യദാനത്തിന് ശേഷം കർത്താവ് അവനെ ഉപദേശിക്കുന്നു. ആ കാലത്ത് യഹൂദ ജനം പിന്തുടർന്ന ആചാരങ്ങളോടും നിയമങ്ങളോടും ഉള്ള ആദരവും അതിനുമപ്പുറം ആചാരങ്ങൾ ചിട്ടയോടും ശരിയായ രീതിയിലും പാലിക്കാനുള്ള കർത്താവിൻറെ ആഗ്രഹവും അടിവരയിട്ട് ഓർമിപ്പിക്കുന്നു. അത് കൂടാതെ ശുദ്ധീകരണത്തിനായി ഒരു യാഗം അർപ്പിക്കുവാൻ അവനോടുള്ള കൽപ്പന രോഗശാന്തിയുടെ സാധ്യത ചിത്രമാണ് ‘ ശുദ്ധീകരണത്തിനുള്ള നിർദിഷ്ട ആചാരം പിന്തുടരുന്ന പിന്തുടരുന്നതിലൂടെ അവൻറെ പൂർണ്ണ സൗഖ്യത്തിന്റെ അത്ഭുതകരമായ ഇടപെടൽ സമൂഹത്തിന് നൽകുന്നു. നോമ്പിന്റെ ദിനങ്ങൾ അനുഗ്രഹമാകട്ടെ. വിശുദ്ധിയിലേക്കുള്ള പരിശീലനവും പൈശാചികമായ അനുഭവങ്ങളിൽ നിന്നുള്ള രക്ഷയ്ക്കും നമ്മുടെ പ്രാർത്ഥന ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സ്നേഹത്തോടെ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹം സംസ്കരിച്ചു. വീട്ടിലെ പൊതുദർശനത്തിനു ശേഷമാണ് പള്ളിയിലേക്ക് കൊണ്ടുവന്നത്. പുല്‍പ്പള്ളി സെന്റ്. ജോർജ് പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.

മൃതദേഹവുമായുള്ള നാട്ടുകാരുടെ വലിയ പ്രതിഷേധം നേരത്തേ നടന്നിരുന്നു. ഇതിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പോളിന്റെ വീട്ടിലെത്തി സര്‍ക്കാര്‍ തീരുമാനം എ.ഡി.എം. കുടുംബത്തെ വായിച്ചു കേള്‍പ്പിച്ചുവെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. മൃതദേഹം ഇറക്കാന്‍ കഴിയാതിരുന്നതോടെ പോളിന്റെ ഭാര്യയുടെ പിതാവ് മൈക്കിലൂടെ മൃതദേഹം ഇറക്കാനുള്ള സാഹചര്യമൊരുക്കണമെന്നും തങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും അഭ്യര്‍ത്ഥിച്ചു.

RECENT POSTS
Copyright © . All rights reserved