Latest News

ഹൃദയാഘാതം മൂലം മലയാളി നഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു. തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ ബാബു തോമസ് – ഇ.സി ത്രേസ്യ ദമ്പതികളുടെ മകൾ മിഷ ബാബു തോമസ് (40) ആണ് മരിച്ചത്.

സിഡ്നി ജോർദാൻ സ്പ്രിംഗ്സിലായിരുന്നു താമസം. ഓസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്നു. ഭര്‍ത്താവ്: ജിതിൻ ടി ജോര്‍ജ് (തോപ്പിൽ കളത്തിൽ, തിരുവല്ല). മക്കള്‍: ഇസബെല്ല (12), ബെഞ്ചമിൻ (8). സംസ്കാരം പിന്നീട് നടക്കും.

മിഷ ബാബു തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കേരള സാംസ്കാരിക വകുപ്പിനുകീഴിലുള്ള മലയാളം മിഷന്റെ പ്രഥമ പ്രവാസി സാഹിത്യ പുരസ്ക്കാരത്തിന് യുകെ പ്രവാസി ശ്രീകാന്ത് താമരശ്ശേരിയുടെ ഡിസി ബുക്സ് പുറത്തിറക്കിയ ‘കടൽ കടന്ന കറിവേപ്പുകൾ’ എന്ന കവിതാ സമാഹാരം തെരഞ്ഞെടുക്കപ്പെട്ടു.

ലോകമാതൃഭാഷാ ദിനമായ ഫെബ്രുവരി21 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ ബഹു കേരള മുഖ്യമന്ത്രി ഉദ്ഘാടനകർമ്മം നിർവ്വഹിക്കുന്ന ‘മലയാണ്മ’ യിൽ 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്ക്കാരം കൈമാറുമെന്ന് സാംസ്ക്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ നിയമസഭാ മീഡിയാ റൂമിൽ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു.ചടങ്ങിൽ വിവിധ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കൾ പങ്കെടുക്കും. പ്രശസ്‌ത കവിയും ഐ എം ജി ഡയറക്‌ടറുമായ കെ ജയകുമാർ ഐ എ സ് , പ്രശസ്‌ത സാഹിത്യ നിരൂപകനും മാധ്യമ പ്രവർത്തകനുമായ ഡോ പി കെ രാജശേഖരൻ, മലയാളം മിഷൻ ഡയറക്‌ടർ മുരുകൻ കാട്ടാക്കട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. കേരള നിയമസഭ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

ടീനേജ് ജീവിതത്തിൽ നിന്നുപോയ കവിതയെഴുത്ത് കോവിഡ്കാലത്താണ് ശ്രീകാന്ത് പുനരാരംഭിച്ചത്.കൈരളി ടിവിയുടെ കവിതാ റിയാലിറ്റി ഷോ ആയ മാമ്പഴം സീസൺ 2 വിലെ ഒന്നാം സ്ഥാനക്കാരനാണ് ജാഗ്വാർ ലാൻഡ് റോവർ യുകെ യിൽ എൻജിനീയറായ ശ്രീകാന്ത് താമരശ്ശേരി.

ബർമിംഗ്ഹാമിലെ ബി സി എം സി യിൽ അംഗമായ ശ്രീകാന്ത് താമരശ്ശേരി മുൻ യുക്മ കലാപ്രതിഭകൂടിയാണ് . എൻജിനീയറായ ഗായത്രിയാണ് ഭാര്യ .രണ്ടുകുട്ടികൾ ആദിത്യ & ആനന്ദ.

പുരസ്ക്കാരത്തിനർഹമായ ‘കടൽകടന്ന കറിവേപ്പുകൾ’ എന്ന പുസ്തകം ഗ്രന്ഥകാരന്റെ കയ്യൊപ്പോടുകൂടി ആവശ്യമുള്ളവർ 07721008774 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് മൂന്ന് പാർട്ടികൾ ആഹ്വാനംചെയ്ത ഹർത്താൽ വയനാട്ടിൽ പുരോഗമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റംചെയ്ത് നാട്ടുകാർ. പുൽപ്പള്ളി ടൗണിൽ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ നാട്ടുകാർ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. രോഷാകുലരായി ജനക്കൂട്ടം ജീപ്പ് വളയുകയായിരുന്നു.

ജീപ്പിന് പോലീസ് സംരക്ഷണം നൽകിയെങ്കിലും ജനങ്ങളുടെ രോഷപ്രകടനവും പ്രതിഷേധവും തുടർന്നു. ടി.സിദ്ദിഖ് എംഎൽഎ ഉൾപ്പടെയുള്ളവർ നിയന്ത്രിക്കാനെത്തിയെങ്കിലും നാട്ടുകാർ വകവെച്ചില്ല. പ്രതിഷേധം മൊബൈലിൽ ചിത്രീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതോടെ അദ്ദേഹത്തിന് നേരെയും കൈയേറ്റ ശ്രമമുണ്ടായി. തുടർന്ന് ജീപ്പിന് മുകളിൽ വനംവന്യജീവി വകുപ്പ് എന്നെഴുതിയ റീത്ത് വെച്ചു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡവും പ്രതിഷേധക്കാർ ജീപ്പിന് മുകളിൽ വച്ചു.

വയനാട്ടിൽ ഒരാഴ്ചയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേരാണ് മരിച്ചത്.വനംവകുപ്പും സർക്കാരും സംരക്ഷണമൊരുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ആളുകൾ പ്രതിഷേധിക്കുന്നത്. ജില്ലയിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും ഇന്ന് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്.

പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരൻ വെള്ളച്ചാലിൽ പോൾ (55) ആണ് വെള്ളിയാഴ്ച കാട്ടായാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം വെച്ചുള്ള പ്രതിഷേധം നടക്കുന്നതിനിടെയാണ് വനവകുപ്പ് ജീപ്പ് ഇതിലൂടെ കടന്നുപോയത്. ഈ ജീപ്പിന് നേരെയാണ് ജനങ്ങൾ അക്രമാസക്തരായത്.

പുൽപ്പള്ളി പാക്കത്ത് ആനയുടെ ചവിട്ടേറ്റ് ഗുരുതരമായ പരുക്കേറ്റയാൾ മരിച്ചു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരണത്തിന് കീഴടങ്ങിയത്. രാവിലെ 9.30ന് ചെറിയമല ജങ്ഷനിലാണ് കാട്ടാന ആക്രമിച്ചത്. ഭാര്യ: സാനി. മകൾ: സോന (പത്താം ക്ലാസ് വിദ്യാർഥി)

ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോൾ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചിൽ ചവിട്ടി. പോളിന്റെ വാരിയെല്ലുൾപ്പെടെ തകർന്നിരുന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവര്‍ ഒച്ചവെച്ച്‌ കാട്ടാനയെ ഓടിച്ചു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇതിനിടെ മാനന്തവാടി ആശുപത്രിയിൽ തടിച്ചുകൂടിയ ജനം ചികിത്സ വൈകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. കൂടുതൽ ജനം സംഘടിച്ചതോടെ സബ് കലക്ടറുൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് പ്രശ്നം തണുപ്പിച്ചത്. ഇതിനിടെ എയർ ആംബുലൻസ് എത്തിയെങ്കിലും ഉപയോഗിക്കാനായില്ല. പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടത്.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രദേശത്ത് മൂന്നു കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ജീപ്പിന് നേരെ പാഞ്ഞടുത്തതായും നാട്ടുകാര്‍ പറഞ്ഞു

രണ്‍വീർ സിംഗിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശക്തിമാൻ’. സോണി പിക്ചേഴ്സ് ഇന്ത്യയായിരുന്നു ‘ശക്തിമാൻ’ ചിത്രം വരുന്നുവെന്ന പ്രഖ്യാപനം നടത്തിയത്.

സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്‍വീർ സിംഗിന്റെ ‘ഡോണ്‍ 3 ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമായിരിക്കും ശക്തിമാൻ ചിത്രീകരണം ആരംഭിക്കുക എന്നും റിപ്പോർട്ടില്‍ പറയുന്നു.

ടോവിനോ തോമസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയ നടൻമാർ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും, രണ്‍വീറും ബേസിലും ഒരുമിക്കുവെന്ന് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ നിരവധി അഭ്യുഹങ്ങള്‍ പുറത്തു വന്നിരുന്നു. പാൻ ഇന്ത്യൻ ചിത്രമായാണ് ശക്തിമാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട് പ്രകാരം പറയുന്നത്.

അങ്ങനെയെങ്കില്‍ ബേസില്‍ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കള്‍, അണിയറ പ്രവർത്തകർ തുടങ്ങിയ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‍തിരുന്ന ശക്തിമാൻ പരമ്ബരയുടെ ചലച്ചിത്ര രൂപമാണ് ചിത്രം. 1997 മുതല്‍ 2000 ന്റെ പകുതി വരെ 450 എപ്പിസോഡു കാലമായാണ് ‘ശക്തിമാൻ’ സംപ്രേഷണം ചെയ്‍തത്. കരണ്‍ ജോഹറിൻ്റെ സംവിധാനത്തില്‍ ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രമാണ് രണ്‍ബീറിന്റെ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമ . ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക.

സിഎംആർഎലുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തെ ചോദ്യം ചെയ്തുള്ള കേസിൽ എക്സാലോജിക്കിനു തിരിച്ചടി. എസ്എഫ് ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് ഡയറക്ടറുമായ വീണ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. വിധിയുടെ വിശദവിവരങ്ങള്‍ ശനിയാഴ്ച രാവിലെ 10.30-ന് നല്‍കാമെന്ന് കോടതി വ്യക്തമാക്കി. എസ്എഫ്‌ഐഒ അന്വേഷണം തുടരാം. അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.

റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റൊരു വകുപ്പ് ചുമത്തി സമാന്തര അന്വേഷണം നടത്തുന്നതിനെയാണ് എക്സാലോജിക് ചോദ്യം ചെയ്തത്. എന്നാൽ, സിഎംആർഎലിൽനിന്ന് 1.72 കോടി രൂപ എക്സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ഗുരുതര കുറ്റമാണെന്നും വിപുലമായ അധികാരമുള്ള ഏജൻസി തന്നെ അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ വാദിച്ചു.

മാസപ്പടി വിവാദത്തിൽ വീണയെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ നീക്കം നടത്തുന്നതിനിടെയാണു ഹൈക്കോടതിയിൽ ഹർജി എത്തിയത്. ബെംഗളൂരുവിലെയും എറണാകുളത്തെയും റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) എക്സാലോജിക്–സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്നാണു കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇൻറിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. തുടർന്ന് അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറി. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണു നിർദേശം.

എസ്എഫ്ഐഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്സാലോജിക് ഹാജരാക്കണമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. എസ്എഫ്ഐഒ നോട്ടിസിന് വീണാ വിജയൻ മറുപടി നൽകണമെന്നും നിർദ്ദേശമുണ്ട്. വിധി പറയുന്നതു വരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ കോടതി തടഞ്ഞിരുന്നു.

കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം. എസ്എഫ്‌ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് വീണയുടെ ഹര്‍ജി.സിഎംആര്‍എലും എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി വിവിധ രേഖകള്‍ ആവശ്യപ്പെട്ടു വീണയ്ക്ക് എസ്എഫ്‌ഐഒ സമന്‍സ് നല്‍കിയിരുന്നു. നേരത്തേ സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും നേരിട്ടുള്ള പരിശോധനയ്ക്കു മുന്നോടിയായി നല്‍കിയ നോട്ടിസാണ് വീണയുടെ കമ്പനിക്കും നല്‍കിയത്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകളാണ് നല്‍കേണ്ടത്.

ബാബു മങ്കുഴിയിൽ

ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ സിനിമ കോമഡി രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഉല്ലാസ് പന്തളം നയിക്കുന്ന കോമഡി മ്യൂസിക്കൽ ഇവന്റ്, ഉല്ലാസം 2024…….ഏപ്രിൽ 6നു ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു.

മലയാളികളുടെ ഇന്നത്തെ ഏറ്റവും ഗ്യാരണ്ടിയുള്ള കോമഡി താരമാണ് ഉല്ലാസ് പന്തളം. കഴിഞ്ഞ മഹാമാരിക്കാലത്തു വീടുകളിൽ ഒതുങ്ങിക്കഴിയേണ്ട അവസ്ഥയിൽ പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ഉല്ലാസ്കോമഡികളായിരുന്നു.ടെലിവിഷൻ ചാനലുകളിലെ കോമഡി ഷോകളിലും, സ്റ്റേജ് പ്രോഗ്രാമു കളിലും മിന്നും താരമാണ് ഉല്ലാസ് പന്തളം. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പ്രോഗ്രാമിലൂടെയാണ് ഉല്ലാസ് ശ്രദ്ധിക്കപ്പെട്ടത്.

വിശുദ്ധപുസ്തകം, കുട്ടനാടൻ മാർപ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങി ഹാസ്യ നിരയുള്ള അമ്പതോളം സിനിമയിലും മലയാളത്തിലെ എല്ലാ ടെലിവിഷൻ ചാനലുകളിലും കോമഡി ഷോ അവതരിപ്പിക്കുന്ന ഉല്ലാസ് പന്തളം മലയാളികളുടെ പ്രിയ താരം ആണ്…

ഉല്ലാസിനോടൊപ്പം, അറാഫത് കൊച്ചിൻ, ജയ്ലേഷ് , ഐശ്വര്യ, അനീഷ്, ബ്ലെസ്സൻ തുടങ്ങി ആറോളം കലാകാരന്മാരാണ് ഇപ്സ്വിച്ചിലെത്തുന്നത്.

ജീവൻ ടിവി യിലെ ആപ്പിൾ ക്രോർ എന്ന സംഗീത പരിപാടിയിലൂടെ ആണ് ഗായകൻ ജയ്ലേഷും, ഗായിക ഐശ്വര്യയും മലയാളികൾക്ക് പ്രിയങ്കരമാകുന്നത്….

അനീഷ് തിരുവനന്തപുരം സാഗര ഓർക്കസ്ട്രയിലെ മിന്നും താരം ആണ്….

അമൃത ടിവി യിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ സൂപ്പർ ട്രൂപ്പിലെ വിന്നർ ആയിരുന്നു കൊച്ചിൻ ഗോൾഡൻഹിറ്റ്സ്.

പതിന്നാല് ട്രൂപ്പുകൾ മാറ്റുരച്ച റിയാലിറ്റി ഷോയിൽ വിജയം കൈവരിച്ചത് അറഫാത്ത് കൊച്ചിന്റെ, കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് ആയിരുന്നു .

ആൾക്കൂട്ടത്തിൽ ഒരുവൻ, ഹാദിയ , അമ്മച്ചി കൂട്ടിലെ പ്രണയകാലം മാർട്ടിൻ, ഫെയ്സ് ഓഫ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് അറഫാത്ത് കൊച്ചിൻ……

അറിയപ്പെടുന്ന കീബോർഡ് പ്ലെയറും ഗിത്താറിസ്റ്റുമാണ് ബ്ലെസ്സൻ…..

കൂടാതെ,

Flytoez dance കമ്പനിയും അസോസിയേഷന്റെ കുട്ടികളും മുതിർന്നവരും ചേർന്നുള്ള ത്രസിപ്പിക്കുന്ന ഡാൻസ് പെർഫോമൻസ്കളും കൂടിച്ചേരുമ്പോൾ ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ഗംഭീരമാകു മെന്നുറപ്പാണ്.

നല്ലൊരു സായാഹ്നം കുടുംബസമേതം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുവാൻ ഏവരെയും ഏപ്രിൽ 6 ശനിയാഴ്ച വെകുന്നേരം ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് സ്കൂളിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

വിസ അനുമതികളെല്ലാം നിലവിലുള്ള ഈ കലാകാരന്മാർ ഏപ്രിൽ 4 മുതൽ മെയ്‌ 8 വരെ യുകെയിലങ്ങോളമിങ്ങോളം പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു.

മിതമായ നിരക്കിൽ സ്റ്റേജ് ഷോ ബുക്ക്‌ ചെയ്യുന്നതിന് സമീപിക്കുക

അറാഫത് കൊച്ചിൻ (വാട്സാപ്പ് നമ്പർ )07596582222.

ജോബി തോമസ്

ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹിക്കുന്ന നൈറ്റ് വിജിൽ “എഫാത്താ” ഇന്ന് വൈകിട്ട് 9 ന് ബേസിംഗ്സ്റ്റോക്ക് സെന്റ് ജോസഫ് ദേവാലയത്തിൽ ആരംഭിക്കും. അറിയപ്പെടുന്ന ആത്മീയ പ്രഭാഷകനുമായ ബ്രദർ പോളി ഗോപുരൻ & ടീം ആണ് ഇത്തവണത്തെ നൈറ്റ് വിജില്‍ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നത് . രാത്രി 9 മുതൽ 12.30 വരെയാണ് നൈറ്റ് വിജിൽ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ഓരോ മാസത്തിലെയും മൂന്നാം വെള്ളിയാഴ്ച നടത്തുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നത് സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷന്റെ ഭാഗമായുള്ള ബേസിംഗ് സ്റ്റോക്ക് മാസ് സെന്ററാണ് . കുരിശിന്റെ വഴി, ദൈവസ്തുതിപ്പുകൾ, വചനപ്രഘോഷണം, മധ്യസ്ഥ പ്രാർത്ഥനകൾ, ദിവ്യ കാരുണ്യ ആരാധന. പരിശുദ്ധ കുർബ്ബാന എന്നിവയും നൈറ്റ് വിജിൽ ശുശ്രൂഷകളുടെ ഭാഗമായി ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.

കത്തോലിക്കാ വിശ്വാസ സമൂഹം ഈ വർഷത്തെ വലിയ നോമ്പാചരണത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ആദ്യ ആഴ്ചയിലെ വെള്ളിയാഴ്ചയായ ഇന്ന് നടത്തുന്ന ഈ ദൈവിക ശുശ്രൂഷകളിൽ സംബന്ധിച്ച് അർത്ഥപൂർണ്ണമായ ആത്മീയ ചൈതന്യവും ദൈവാനുഭവവും ലഭിക്കുവാനായി ബേസിംഗ്സ്റ്റോക്കിലെയും സമീപപ്രദേശങ്ങളിലെയും മുഴുവൻ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പള്ളിയുടെ വിലാസം: St Joseph’s Catholic Church, Basingstoke, RG22 6TY.
Date & Time:
16 th February 2024, 9 PM-12.30AM
കൂടുതൽ വിവരങ്ങൾക്ക്:
ജോബി തോമസ്: 07809209406
ഷജില രാജു : 07990076887

സ്റ്റീവനേജ്: യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠ നേടുകയും, സംഗീതാസ്വാദകർ ആവേശപൂർവ്വം കാത്തിരിക്കുകയും ചെയ്യുന്ന സെവൻ ബീറ്റ്‌സ് – സർഗ്ഗം സ്റ്റീവനേജ് സംഗീതോത്സവത്തിനു ഇനി പത്തുനാൾ. ‘ടീം ലണ്ടന്റെ’ ബാനറിൽ സജി ചാക്കോയുടെ നേതൃത്വത്തിൽ 14 അംഗങ്ങൾ ചേർന്നൊരുക്കുന്ന ഓഎൻവി മെഡ്ലി, സ്റ്റീവനേജ് ‘സർഗ്ഗ താളം’ ട്രൂപ്പ് അവതരിപ്പിക്കുന്ന 21 അംഗ ശിങ്കാരി മേളം, യു കെ യിലെ പ്രഗത്ഭരായ 20 ൽ പരം യുവ ഗായകർ ആലപിക്കുന്ന ഓ എൻ വി ഗാനാമൃതം ഒപ്പം അതി സമ്പന്നമായ നൃത്ത-സംഗീത-ദൃശ്യ വിരുന്നും ചേരുമ്പോൾ 7 ബീറ്റ്സ് സംഗീതോത്സവം സ്റ്റീവനേജിൽ നവചരിത്രം കുറിക്കും.

സെവൻ ബീറ്റ്സിന്റെ ഏഴാമത് വാർഷീക സംഗീത-നൃത്തോത്സവ വേദിയായ വെൽവിൻ സിവിക്ക് സെന്ററിൽ ഫെബ്രുവരി 24 ന് ശനിയാഴ്ച കലാമാമാങ്കത്തിൽ ഓ എൻ വി ക്കു യു കെ കണ്ട ഏറ്റവും വലിയ പാവന സ്മരണയും, സംഗീതാദദരവുമാവും മഹാകവിയുടെ ആരാധകവൃന്ദത്തോടൊപ്പം വെൽവിനിൽ സമർപ്പിക്കുക.

തികച്ചും സൗജന്യമായി പ്രവേശനം അനുവദിക്കുന്ന സെവൻ ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഒരുക്കങ്ങൾ സ്റ്റീവനേജിൽ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

യു കെ യിലേ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ മാസ്റ്റർ ഓഫ് സെറിമണിയായി തിലകം ചാർത്തിയിട്ടുള്ള പ്രശസ്ത കലാകാരായ സാലിസ്ബറിയിൽ നിന്നുള്ള പപ്പൻ, ലൂട്ടനിൽ നിന്നുള്ള വിന്യാ രാജ്, വെയിൽസിൽ നിന്നുള്ള അരുൺ കോശി, ലണ്ടനിൽ നിന്നുള്ള ജിഷ്മാ മെറി എന്നിവർ ഒന്നിച്ചു അണിനിരക്കുന്നുവെന്ന പ്രത്യേകതയും ‘സെവൻ ബീറ്റ്‌സ്-സർഗ്ഗം സ്റ്റീവനേജ്’ സംഗീത സദസ്സിനു സ്വന്തം.

സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്ത-നൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന അരങ്ങിൽ, സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുള്ള സുവർണ്ണാവസരമാവും വേദി സമ്മാനിക്കുക.

ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം വിനിയോഗിക്കുക.

സെവൻ ബീറ്റ്‌സ്-സർഗ്ഗം സ്റ്റീവനേജ് സംയുക്ത കലാനിശ അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്നാവും ആസ്വാദകർക്കായി ഒരുക്കുക. യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാൽ‍മക പ്രതിഭയുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ വേദിയിൽ പുറത്തെടുക്കുമ്പോൾ ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു മെഗാ കലാ വസന്തമാവും സ്റ്റീവനേജ് വെൽവിനിൽ വിരിയുക.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവം അതിന്റെ സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977

വേദിയുടെ വിലാസം:
CIVIC CENTRE ,WELWYN , STEVENAGE, AL6 9ER

പട്ടാഴി വടക്കേക്കരയില്‍ നിന്നും വ്യാഴാഴ്ച ഉച്ചമുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. ഏറത്തുവടക്ക് നന്ദനത്തില്‍ ആദേശിന്റെയും സരിതയുടെയും മകന്‍ ആദിത്യന്‍ (14), മണ്ണടി നേടിയകാല വടക്കേതില്‍ അനിയുടെയും ശ്രീജയുടെയും മകന്‍ അമല്‍ (14) എന്നിവരാണ് മരിച്ചത്.

വെണ്ടാര്‍ ശ്രീവിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. രാവിലെ ട്യൂഷന് പോയിട്ട് മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ച മുതല്‍ നാട്ടുകാരും പോലീസും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാര്‍ വീടിനടുത്തുള്ള കല്ലടയാറ്റിലെ പാറക്കടവില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുളിക്കാന്‍ ഇറങ്ങുമ്പോള്‍ കാല്‍വഴുതി വീണതാകാം എന്ന് സംശയിക്കുന്നതായി പത്തനാപുരം പോലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved