Latest News

യു.കെ.യില്‍ കെയറര്‍ വിസ വാഗ്ദാനംചെയ്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഡയറക്ടര്‍ അറസ്റ്റില്‍. കണ്ണൂര്‍ ഗോപാല്‍ സ്ട്രീറ്റിലെ സ്റ്റാര്‍നെറ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ പയ്യാവൂര്‍ കാക്കത്തോട് സ്വദേശി പെരുമാലില്‍ പി.കെ.മാത്യൂസ് ജോസി(31) നെയാണ് തളിപ്പറമ്പില്‍നിന്ന് കണ്ണൂര്‍ എ.സി.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. സ്ഥാപനം പോലീസ് പൂട്ടി.

കൊല്ലം പുത്തന്‍തുറ സ്വദേശി ദീപ അരുണിന്റെ പരാതിയിലാണ് അറസ്റ്റ്. യു.കെ.യില്‍ വിസ വാഗ്ദാനംചെയ്ത് 5,95,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. വിവിധ ജില്ലകളില്‍നിന്നായി 11 പരാതികള്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്.

തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. എറണാകുളം സ്വദേശികളായ പി.ഹാജിറയുടെ 12 ലക്ഷവും കെ.സജിനയുടെ 5.9 ലക്ഷവും തിരുവനന്തപുരം സ്വദേശികളായ പ്രിയങ്കയുടെ ഒന്‍പതുലക്ഷവും പല്ലവിയുടെ 5.4 ലക്ഷം രൂപയും നഷ്ടമായി.

പണം നഷ്ടമായവര്‍ എന്‍.ആര്‍.ഐ. സെല്ലിലും നോര്‍ക്കയിലും പരാതി നല്‍കിയിരുന്നു. തട്ടിപ്പിനിരയായ ആറുപേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണസംഘത്തില്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.സുഭാഷ് ബാബു, എസ്.ഐ.മാരായ പി.പി.ഷമീല്‍, സവ്യ സച്ചി, അജയന്‍ എന്നിവരുമുണ്ടായിരുന്നു. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 45 ലക്ഷം രൂപ പിന്‍വലിച്ച് തിരുവനന്തപുരത്തെ ഒരു വ്യക്തിക്ക് നല്‍കിയതായി പോലീസ് കണ്ടെത്തി. ഈ വ്യക്തിയെ കണ്ടെത്താന്‍ പോലീസ് ശ്രമമാരംഭിച്ചു. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.

അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി സ്‌പേസ് എക്‌സ് തലവൻ ഇലോണ്‍ മസ്‌ക്. പത്ത് ലക്ഷം ആളുകളെ ചൊവ്വയിലേക്ക് അയക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് മസ്‌ക് എക്‌സില്‍ കുറിച്ചു.

ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിയ റോക്കറ്റ് ആണെന്നും ഇത് ഒരിക്കല്‍ നമ്മളെ ചൊവ്വയില്‍ കൊണ്ടുപോകുമെന്നുമുള്ള അടിക്കുറിപ്പോടുകൂടി എക്‌സില്‍ പങ്കുവെച്ച സ്‌പേസ് എക്‌സിന്റെ സ്റ്റാ‌ര്‍ഷിപ്പ് റോക്കറ്റിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മസ്‌ക് ഇക്കാര്യങ്ങള്‍ കുറിച്ചത്.

ചൊവ്വയില്‍ മനുഷ്യര്‍ താമസം തുടങ്ങുമ്പോള്‍ ഭൂമിയില്‍ നിന്നു വേണം ആദ്യഘട്ടത്തിൽ ജീവനോപാധികൾ ലഭിക്കാൻ. എന്നാല്‍ ചൊവ്വയില്‍ ജീവിക്കുന്നവര്‍ക്ക് സ്വയംപര്യാപ്തത നേടാനാകണം എന്നത് മസ്‌കിന്റെ സ്വപ്‌നങ്ങളിലൊന്നാണ്. ഇത്തരം സ്വയംപര്യാപ്തത നേടണമെങ്കില്‍ ബൃഹത്തായ സന്നാഹങ്ങള്‍ വേണമെന്നും അതിന് അതിനൂതന സാങ്കേതികവിദ്യകള്‍ ഉരുത്തിരിച്ചെടുക്കേണ്ടതായുണ്ട് എന്നും മസ്കിന് അറിയാം.

ചൊവ്വയുമായി ബന്ധപ്പെട്ട തന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സ്റ്റാര്‍ഷിപ്പ് സഹായകമാവുമെന്നാണ് മസ്‌കിന്റെ അവകാശവാദം. ഇപ്പോൾ മറ്റൊരു രാജ്യത്തേക്ക് വിമാനയാത്ര നടത്തുന്നത് പോലെയായിരിക്കും ഒരിക്കല്‍ ചൊവ്വയിലേക്കുള്ള യാത്രയെന്നും ശതകോടീശ്വരൻ പറയുന്നു.

ചൊവ്വയില്‍ മനുഷ്യരുടെ കോളനി സ്ഥാപിക്കാനുള്ള പദ്ധതി ഒരു തരത്തില്‍ മനുഷ്യർ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത് പോലെയാണെന്ന് മസ്ക് മുമ്പ് പറഞ്ഞിരുന്നു.

യുഎസിലെ കലിഫോർണിയയില്‍ സാൻ മറ്റേയോയില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് സംശയം.കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ഫാത്തിമമാതാ കോളജ് മുൻ പ്രിൻസിപ്പല്‍ പട്ടത്താനം വികാസ് നഗർ സ്‌നേഹയില്‍ ഡോ.ജി.ഹെന്റിയുടെയും റിട്ട. അദ്ധ്യാപിക ശാന്തമ്മയുടെയും മകൻ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ട ആണ്‍കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരാണു മരിച്ചത്.

ആനന്ദും ഭാര്യയും 2016ല്‍ അമേരിക്കൻ കോടതിയില്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയിരുന്നുവെന്നാണ് മാധ്യമ റിപ്പോർട്ട്. 2017ല്‍ വിവാഹ മോചനം അനുവദിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും ഇരുവരും ഒരുമിച്ചുവെന്നാണ് റിപ്പോർട്ട്. വിവാഹ മോചനത്തിന് ശേഷം ഇവർക്കിടയില്‍ അനുരജ്ഞനം ഉണ്ടായി എന്നാണ് സൂചന. അതിന് ശേഷമാണ് ഇരട്ടക്കുട്ടികളുടെ ജനനം. ടികെഎം എൻജിനിയറിങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് ആലിസ് പ്രിയങ്ക. ഈ ദമ്ബതികളുടേതെന്ന് കരുതുന്ന വിവാഹ മോചന രേഖകള്‍ ഇന്റർനെറ്റിലുണ്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഈ കുടുംബത്തില്‍ പ്രശ്‌നമുള്ളതായി അയല്‍ക്കാർക്ക് അറിയത്തുമില്ല. ഇതെല്ലാം കേസിനെ ദുരൂഹതയിലേക്ക് കൊണ്ടു പോകുന്നു.

ഭാര്യയേയും മക്കളേയും ആനന്ദ് കൊന്നതാകാമെന്ന നിഗമനത്തിലാണ് അന്വേഷണം. കുട്ടികളെ വിഷം കൊടുത്തും ഭാര്യയെ വെടിയുതിർത്തും ആനന്ദ് കൊന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ് മോർട്ടത്തില്‍ മരണ സമയം തെളിഞ്ഞാല്‍ മാത്രമേ ഇതില്‍ വ്യക്തത വരൂ. മുൻകൂട്ടി ഉറപ്പിച്ചായിരുന്നു കൊല. അതുകൊണ്ട് തന്നെ തോക്കടക്കം ആനന്ദ് കരുതിയിരുന്നു. തോക്ക് എവിടെ നിന്ന് സംഘടിപ്പിച്ചു എന്നതില്‍ അടക്കം അന്വേഷണം വരും. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ ബന്ധുക്കളുടെ മൊഴിയും എടുക്കും.

മരിച്ച ആനന്ദ് സുജിത്ത് ഹെന്റിയുടെയും ഭാര്യ ആലീസ് പ്രിയങ്കയുടെയും ശരീരത്തില്‍ വെടിയേറ്റ പാടുകളുള്ളതായാണ് റിപ്പോർട്ട്. മൃതദേഹങ്ങള്‍ക്കു സമീപത്തുനിന്ന് പിസ്റ്റള്‍ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി ആനന്ദ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. അതേസമയം, രണ്ടു കുട്ടികള്‍ മരിച്ചത് എങ്ങനെയെന്നതില്‍ ദുരൂഹത തുടരുകയാണ്. ഇക്കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. മരണം വിഷവാതകം ശ്വസിച്ചാണെന്നായിരുന്നു പ്രാഥമിക നിഗമനം. തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററില്‍ നിന്നുയർന്ന വാതകം ഉറക്കത്തില്‍ ശ്വസിച്ചതാകാം മരണ കാരണമെന്നാണു ബന്ധുക്കള്‍ സംശയിച്ചിരുന്നത്. അമേരിക്കൻ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45ന്) പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കിളികൊല്ലൂർ വെളിയില്‍ വീട്ടില്‍ പരേതനായ ബെൻസിഗർജൂലിയറ്റ് ദമ്ബതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് അവിടെ നിന്നു നാട്ടിലേക്കു തിരിച്ചത്. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസിനെ വിളിച്ചിരുന്നു. കൊല്ലത്തെ വീട്ടിലെത്തിയ ശേഷം ഇരുവർക്കും വാട്‌സാപ് മെസേജ് അയച്ചു. ഒരാള്‍ മാത്രമാണ് മെസേജ് കണ്ടത്. തിരിച്ചു വിളിക്കാഞ്ഞതിനെ തുടർന്ന് അമേരിക്കയിലുള്ള ഒരു ബന്ധുവിനെ ജൂലിയറ്റ് വിവരം അറിയിച്ചു. അദ്ദേഹം ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചു. അങ്ങനെയാണ് മരണം പുറംലോകത്ത് എത്തിയത്.

ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നിയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തി പൂട്ടു തുറന്നപ്പോഴാണ് ഒരു മുറിയില്‍ നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാർട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഏഴു വർഷം മുൻപാണ് കുടുംബം അമേരിക്കയിലേക്കു പോയത്. അതിനു ശേഷം തിരികെ വന്നിട്ടില്ല. ആലീസിന്റെ പ്രസവവും അവിടെ തന്നെയായിരുന്നു.

ആനന്ദിന്റെ സഹോദരൻ അജിത് ഹെന്റി അമേരിക്കയിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അജിത് അവിടെ എത്തിയ ശേഷമേ തീരുമാനിക്കൂ. എല്ലാ സാധ്യതകളും അന്വേഷണത്തില്‍ നിറയ്ക്കാനാണ് അമേരിക്കൻ പൊലീസിന്റെ തീരുമാനം.

അടുക്കളയില്‍ നിന്നും സാനിറ്റൈസർ ഉപയോഗിക്കുന്നതിനിടെ അടുപ്പില്‍നിന്നു തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. തലയോലപ്പറമ്പ് വെള്ളൂർ മേവെള്ളൂർ വേലംമാട്ടേല്‍ വി സി.ദിലീപിന്റെയും സിത്താരയുടെയും മകൻ സാരംഗാണ് (13) ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ജനുവരി 19നു വൈകിട്ട് അടുക്കളയിലെ അടുപ്പിനു സമീപം നിന്നിരുന്ന സാരംഗിന്റെ കയ്യില്‍ ഉണ്ടായിരുന്ന സാനിറ്റൈസർ അടുപ്പിലേക്കു മറിഞ്ഞതിനെ തുടർന്ന് തീ ആളുകയായിരുന്നു.

ഇതോടെ അടുപ്പിന് അരികില്‍ നിന്ന കുട്ടിയുടെ ശരീരത്തിലേക്ക് തീ പടർന്നു. അമ്മയും മൂത്ത സഹോദരൻ ആരോമലും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. കെഎസ്‌ആർടിസിയില്‍ ഡ്രൈവറായ അച്ഛൻ ദിലീപ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ അയല്‍വാസിയും വീട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

പിറവത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരിയിലെ ആശുപത്രിയിലും എത്തിച്ചു. പൊള്ളല്‍ ഗുരുതരമായതിനാല്‍ പിറ്റേദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇന്നലെ രാത്രി 9.30ന് മരിച്ചു. വെള്ളൂർ കെഎം എച്ച്‌എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സംസ്‌കാരം ഇന്നു വൈകിട്ട്.

ചാലിഗദ്ദയില്‍ കര്‍ഷകനെ കൊന്ന ബേലൂര്‍ മഖ്‌നയെന്ന മോഴയെ പിടികൂടാന്‍ ശ്രമിച്ച ദൗത്യസംഘത്തിനുനേരെ പാഞ്ഞടുത്ത് മറ്റൊരു മോഴയാന. ബാവലി വനമേഖലയില്‍ വെച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കിയ ശേഷം ആര്‍.ആര്‍.ടി. ആനയെ തുരത്തുന്നതിനിടയിലാണ് സംഭവം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബേലൂര്‍ മഖ്‌നയെ പിടികൂടാനായി ദൗത്യസംഘം മുന്നോട്ട് പോകുന്നതും ഇതിനിടെ മോഴയാന പിന്നാലെ ഓടി വന്നതോടെ സംഘം തിരിച്ചോടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഒരു തവണ വെടിവെച്ചിട്ടും ആന പിന്തിരിയാതിരുന്നതോടെ വീണ്ടും ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബേലൂര്‍ മഖ്‌നയ്ക്ക് കവചമൊരുക്കുന്ന രീതിയിലായിരുന്നു രണ്ടാമത്തെ മോഴയാനയുടെ പ്രവൃത്തി.

കഴിഞ്ഞദിവസമായിരുന്നു ബേലൂർ മഖ്‌നക്കൊപ്പം മറ്റൊരു മോഴയാനകൂടി ഉള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. കാഴ്ചയില്‍ രണ്ടെണ്ണവും ഒരുപോലെ ഇരിക്കുന്നതിനാല്‍ കഴുത്തില്‍ റേഡിയോ കോളറില്ലെങ്കില്‍ ഇവയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.

വയറ്റിൽ മുഴയുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ 15കാരിയുടെ ആമാശയത്തിൽ നിന്ന് പുറത്തെടുത്തത് രണ്ട് കിലോ മുടി. കഴിഞ്ഞ എട്ടാം തീയതിയാണ് പാലക്കാട് സ്വദേശിയായ പത്താംക്ലാസുകാരിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സി.ടി സ്കാനിംഗിൽ മുഴ ദൃശ്യമായി. എൻഡോസ്കോപ്പിയിൽ ആമാശയത്തിൽ ഭീമൻ മുടിക്കെട്ടാണെന്ന് കണ്ടെത്തുകയായിരുന്നു.

മെഡിക്കൽ കോളേജ് സർജറി വിഭാഗം പ്രൊഫ. ഡോ.വൈ. ഷാജഹാന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുടിക്കെട്ട് പുറത്തെടുത്തത്. സ്ഥിരമായി മുടി കടിച്ചുമുറിച്ച് വിഴുങ്ങുന്ന പ്രകൃതക്കാരിയായിരുന്നു പെൺകുട്ടി.

ആകാംക്ഷയും അധിക സമ്മർദ്ദവുമുള്ള കുട്ടികളിൽ ആപൂർവമായി കാണുന്നതാണ് ‘ട്രൈക്കോ ബിസയർ’ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മുടിവിഴുങ്ങൽ രോഗം. തലമുടി ആമാശയത്തിൽ ആഹാര അംശവുമായി ചേർന്ന് ഭീമൻ ട്യൂമറായി മാറും. ഭക്ഷണത്തോട് താത്പര്യക്കുറവ്, വിളർച്ച, വളർച്ച മുരടിക്കൽ, വിട്ടുമാറാത്ത ക്ഷീണം എന്നിവയാണ് ലക്ഷണം. 28 വർഷത്തെ സേവനത്തിനിടെ ആദ്യമായാണ് ഇത്തരമൊരു അപൂർവ ശസ്ത്രക്രിയ നടത്തുന്നത്

ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്‍റ് പുരോഗമിക്കുന്നു. എക്സല്‍ ലേഷർ സെന്‍ററില്‍ നടന്ന കോവെൻട്രി റീജിയണല്‍ മത്സരങ്ങളുടെ ഉദ്ഘാടനം സമീക്ഷ മുൻ നാഷണല്‍ പ്രസിഡന്‍റ് സ്വപ്ന പ്രവീൺ നിർവഹിച്ചു. കോവെൻട്രി യൂണിറ്റ് പ്രസിഡന്‍റ് ജുബിൻ അയ്യാരില്‍ അധ്യക്ഷത വഹിച്ചു. 24 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഉമാദേവി കിഴക്കേമന, അരുൺ ജേക്കബ്, വിഘ്‌നേഷ് കുമാർ, വിനു പാതായിക്കര എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. അമ്പയർമാരിലെ സ്ത്രീ സാന്നിധ്യം വേറിട്ട കാഴ്ചയായി.

ധനുഷ് വിനോദ് -ബേസിൽ നവാസ് സഖ്യം മത്സരത്തില്‍ വിജയികളായി. ആഷ്‌ലിൻ അഗസ്റ്റിൻ -ജർമി കുര്യൻ സഖ്യം രണ്ടാം സ്ഥാനവും സാക്ഷം ശർമ്മ – ബെൻസൺ ബെന്നി സഖ്യം മൂന്നാം സ്ഥാനവും നേടി. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് പുറമെ നാലാം സ്ഥാനം കരസ്ഥമാക്കിയ അതീത് ഗുരുങ് – സുപർണ്ണ സഖ്യം കൂടി ഗ്രാന്‍റ് ഫിനാലേയിലേക്ക് യോഗ്യത നേടി. ഒന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും ട്രോഫികളും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 101 പൗണ്ടും ട്രോഫികളും, 51 പൗണ്ടും ട്രോഫികളും നല്‍കി. ദി ടിഫിൻ ബോക്സ്‌ കോവെൻട്രി, ലെജൻഡ് സോളിസിറ്റേഴ്‌സ്, ആദിസ് എച്ച് ആർ ആൻഡ് അക്കൗണ്ടൻസി സൊല്യൂഷൻസ്, റോയൽ ഫുട് വെയർ അങ്കമാലി, മാർസോമിലൺ എന്നിവരാണ് സമ്മാനങ്ങള്‍ സ്പോൺസർ ചെയ്തത്. നാഷണൽ ബാഡ്മിന്റൺ കോർഡിനേറ്റർ ജിജു ഫിലിപ്പ് സൈമൺ, ടിഫിൻ ബോക്സ്‌ കോവന്റി മാനേജർ മൊഹമ്മദ്‌ റമീസ്, റോയൽ ഫുട് വെയർ അങ്കമാലി ഉടമ ലൂയിസ് മേനാച്ചേരി, ജുബിൻ അയ്യാരിൽ, യൂണിറ്റ് അംഗങ്ങളായ ദർശന അരുൺ, അബിൻ രാമദാസ്, അഭിഷേക് വിജയനന്ദൻ എന്നിവർ വിജയികള്‍ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ബെർമിങ്ഹാം ഏരിയ സെക്രട്ടറിയും കോവെൻട്രി റീജിയണൽ ബാഡ്മിന്റൺ ടൂർണമെന്റ് കോർഡിനേറ്ററുമായ പ്രവീൺ രാമചന്ദ്രൻ സ്പോൻസർമാർക്കും അമ്പയർമാർക്കുമുള്ള മോമെന്‍റോകളും മെഡലുകളും സമ്മാനിച്ചു. റീജിയണൽ കോർഡിനേറ്റർ ആയ ഹരികൃഷ്ണൻ വളണ്ടിയർമാരെ മെഡലുകള്‍ അണിയിച്ച് ആദരിച്ചു. അടുത്ത മാസം 24ന് കോവൻട്രിയിലാണ് ഗ്രാൻഡ് ഫിനാലെ. അടുത്ത ശനിയാഴ്ച ചെംസ്ഫോഡ് റീജിയണല്‍ മത്സരവും ഞായറാഴ്ച ഗ്ലോസ്റ്റർഷെയർ റീജിയണല്‍ മത്സരവും നടക്കും.

റോമി കുര്യാക്കോസ്

ലണ്ടൻ: ഐഒസി (യു കെ) – കേരള ചാപ്റ്റർ യു കെയിലെ പ്രമുഖ നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ‘നിയമസദസ്സ്’ ഫെബ്രുവരി 25 ഞായറാഴ്ച 01.30 ന് നടത്തപ്പെടും. യു കെയിൽ പ്രാബല്യത്തിൽ വന്ന പുതിയ കുടിയേറ്റ നിയമങ്ങൾ വിശദീകരിച്ചുകൊണ്ടും, പഠനം, തൊഴിൽ സംബന്ധമായി അടുത്തിടെ യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയും ഈ മേഖലയിലെ നിയമ വിദഗ്ധർ ‘നിയമസദസ്സി’ലൂടെ നൽകും.

കാലിക പ്രസക്തവും പ്രാധാന്യമേറിയതുമായ വിഷയത്തിന്റെ ഗൗരവം എല്ലാവരിലേക്കും എത്തുന്നതിനും ജോലി, പഠനം മറ്റ് ആവശ്യങ്ങക്കിടയിലും സമയം ക്രമീകരിച്ചു പങ്കെടുക്കുന്നതിനുമായി ഓൺലൈൻ പ്ലാറ്റഫോം ആയ സൂം (ZOOM) മുഖേനയാണ് പരിപാടി ആസൂത്രണം ചെയ്‌തിരിക്കുന്നത്.

യു കെയിലെ കുടിയേറ്റ നിയമങ്ങളും അനുബന്ധ വിഷയങ്ങളും വിശദമാക്കിക്കൊണ്ട് നിയമ വിദഗ്ധയും പ്രവാസി ലീഗൽ സെൽ – യു കെ ചാപ്റ്റർ പ്രസിഡന്റുമായ ശ്രീമതി. സോണിയ സണ്ണി ‘നിയമസദസ്സി’ൽ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയിൽ സംബന്ധിക്കുന്നവർക്ക് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ പാനലുമായി സംവേദിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയും പരിപാടിയിലൂടെ ലീഗൽ സെൽ നൽകുന്നതാണ്.

വിദ്യാർഥികളുൾപ്പടെ യു കെയിൽ പുതുതായി എത്തിയ ആളുകൾക്ക് വിശദാoശങ്ങൾ വളരെ എളുപ്പത്തിൽ ഗ്രഹിക്കാൻ ഉതകുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന സെമിനാർ, വേണ്ടവിധം പ്രയോജനപെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

ഐഒസി (യു കെ) – കേരള ചാപ്റ്റർ നേതൃത്വം നൽകികൊണ്ട് ഫെബ്രുവരി 25, 1.30 – ന് സൂം (ZOOM) മുഖേന ഒരുക്കുന്ന ‘നിയമസദസ്സ്’ സെമിനാറിലേക്ക് ഏവരെയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നു.

Topic: Niyamasadass

Date: 25 February 2024 (Sunday)

Time : 01.30 PM

Zoom Link:

https://us05web.zoom.us/j/81891852730?pwd=D4sphnt0hLzaYUxZ2mmOFJCevjblxj.1

കൂടുതൽ വിവരങ്ങൾക്ക്:

അപ്പച്ചൻ കണ്ണഞ്ചിറ: +44 7737 956977

റോമി കുര്യാക്കോസ്: +44 7776646163

ജെന്നിഫർ ജോയ്: +44 7791 354511

അജി ജോർജ്: +44 7587 833790

അഡ്വ. ബിബിൻ ബോബച്ചൻ: +44 7442 547939

ജോസ്‌ന സാബു സെബാസ്റ്റ്യൻ

പ്രിയപ്പെട്ട കേശുവേട്ടന് ,

കേശുവേട്ടനവിടെ സുഖമെന്ന് കരുതുന്നു . നമ്മുടെ പ്രേമസുരഭിലമായിരുന്ന ആ കലാലയ ജീവിതത്തിന്റെ പത്താം പടിയിൽ ഞാനിന്നും കേശുവേട്ടനെ പ്രതീക്ഷിച്ചു നിൽക്കുകയാണ് . …

കേശുവേട്ടന്റെ നെറ്റിയിലെ ഒരിക്കലും മാഞ്ഞു കണ്ടിട്ടില്ലാത്ത ആ ചന്ദനക്കുറിയുടെ ഭംഗിയിലാണിന്നുമെന്റെ കിനാക്കൾ ….

കേശുവേട്ടൻ ആദ്യമായി മുട്ടറ്റം മടക്കി കുത്തിയ കൈത്തറിമുണ്ടിന്റെ കോണിൽ എനിക്കായി മാത്രം കരുതിവച്ച ആ നാരങ്ങാ മുട്ടായിയുടെ മധുരമാണിന്നും എന്റെ നാവിൽ ….

കേശുവേട്ടൻ എനിക്കായി എറിഞ്ഞിട്ട മൂവാണ്ടൻ മാങ്ങയുടെ ചൊനപറ്റി ഉണങ്ങിയ എന്റെ പച്ച പട്ടുപാവാടയും….
വൈക്കത്തഷ്ടമിക്ക് കേശവേട്ടനെനിക്ക് മേടിച്ച ….അന്നമ്മ ടീച്ചർ അടിച്ചു പൊട്ടിച്ച ആ കരിവളയും ഇന്നുമെന്റെ ഉറക്കം കെടുത്താറുണ്ട് …

നമ്മളൊന്നിച്ചു നിലാവ് കണ്ട സർപ്പക്കാവിലെ നാഗത്താന്മാരുടെ ദർശന ഓർമകളിന്നുമെന്നെ വല്ലാതെ വേട്ടയാടുന്നു ….

വാലിട്ടെഴുതിയ എന്റെ കണ്ണിലെ കണ്മഷിയാൽ കേശുവേട്ടന്റെ പൊടിമീശ മെല്ലെ കറപ്പിച്ചുകൊണ്ട് ഈ കരിമഷിയിലാണെന്റെ ജീവന സ്തംഭനമെന്ന് പറഞ്ഞപ്പോഴുയർന്ന ആ ഹൃദയസ്തംഭനമിന്നും താണ് അടുത്തതിലേക്ക് പോകാതെയുള്ള ആ ഒരേ നിൽപ്പിലാണിന്നുമെന്റെ ഹൃദയ താളം …..

കലാലയ ചുവരിൽ ചേർത്തുനിർത്തി കേശുവേട്ടനെനിക്ക് തന്ന ആ ആദ്യചുംബന ചൂടിന്റെ താപമിനിയും ഒരു പാരസെറ്റാമോളിനും കുറക്കാനായിട്ടില്ല ….

നമ്മളൊന്നിച്ചു കറങ്ങിയ ഉത്സവപ്പറമ്പിൽ നിന്ന് പിറക്കിയെടുത്ത ബലൂണിന്റെ കഷണങ്ങൾ ഇന്നുമെന്റെ ഹൃദയത്തെ വല്ലാതെ ശ്വാസം മുട്ടിക്കാറുണ്ട് …

പത്താംക്‌ളാസിന്റെ മേശയിൽ ആദ്യമായി കേശുവെട്ടനെന്റെ പേര് കോമ്പസിനാൽ പോറിയിട്ട ആ മുറിവുകളിൽ നിന്നുമിന്നും ചോര വല്ലാതെ പൊടിയുന്നു ….

എന്നിരുന്നാലും നമ്മളെന്നും കൈകോർത്തു ഒരുമിച്ചു നനഞ്ഞ ആ മഴയിൽ ഇന്ന് ഞാനൊരു പ്രതീക്ഷയുടെ കാർമേഘം കാണന്നുണ്ട് . …

നമ്മളൊന്നിച്ചുള്ള ആ ദിവസങ്ങളെ ഞാനെങ്ങനാണ് വർണിക്കുക….

കാറ്റിൽ പറന്നകന്ന ഒരു കടലാസ് തുണ്ടുപോലെ….
അത്തമെത്താൻ കാത്തിരിക്കുന്ന തുമ്പിപ്പോലെ ….
എന്റെ ഹൃദയമിങ്ങനെ പറന്നും…..അകന്നും …

മഴക്കായി കാത്തിരിക്കുന്ന കാലൻ കുടപോലെ ….
എന്റെ ഹൃദയമിങ്ങനെ ചെരിഞ്ഞും, ചാരിയും നിന്നെ പ്രതീക്ഷിച്ചു ഒരു കോണിൽ നിൽക്കുകയാണിപ്പോഴും …

എന്ന് സ്നേഹപൂർവ്വം കേശുവേട്ടന്റെ സ്വന്തം സാറാമ്മ ……

അങ്ങനെ ജീവിതത്തിൽ ആദ്യമായി എഴുതി നോക്കിയ ഒരു പ്രണയലേഖനം, എല്ലാ കൂട്ടുകാർക്കുമായി ….Happy Valentine’s Day

ജേക്കബ് പ്ലാക്കൻ

തുള്ളി തുള്ളി പോകുന്നൊരു പുള്ളിമാനെ ..!
നിൻ കണ്ണിനുള്ളിലോളം തുള്ളുന്നതും പ്രണയമല്ലേ ..?
നാണം കുണുങ്ങിനിൽക്കും
നാലുമണിപ്പൂവേ ..!
കണ്മണി നിന്നുള്ളിലുള്ളതും പ്രണയത്തിൻ വെണ്മണിയല്ലേ ..?

മരമെത്ര വളർന്നാലും ഇലഞ്ഞി പൂവിൻ പ്രേമസൗരഭ്യം പോയ്മറയുമോ ..?
കാലമെത്ര കോലംമിട്ടാലും
മനസ്സിലെ പ്രണയം അസ്തമിക്കുമോ ..?

പ്രണയിനി നീയോർക്കുന്നുവോ ..?നമ്മുക്കായിയന്ന്
പ്രണയത്തിൻ ഫെബ്രുവരി പിറക്കാതിരുന്നൊരു പുണ്യകാലം ..!
സങ്കല്പങ്ങളാൽ നമ്മൾ രാജകുമാരിയും രാജകുമാരനും മായി വാണകാലം …!
നവയൗവനം നമ്മിൽ പൂർണിമ തീർത്ത സ്വപ്‍ന കാലത്ത് ..!
നഷ്ടചന്ദ്രൻ നമ്മെക്കണ്ട് നാണിക്കും സായംസന്ധ്യയിൽ ..!
മിഴികളാൽ നമ്മളന്നാദ്യം തേന്മൊഴിയെഴുതിയ ദിവ്യനേരം ..!
മിന്നാമിനുങ്ങുകളായി നമ്മൾ മാനം മുട്ടെ പറന്നുയർന്നനേരം ..!

കാണുവാൻ വീണ്ടും കാണുവാൻ കൊതിച്ചകാലം ..!കണ്ണുകളാലൊരായിരം കഥകൾ ചൊല്ലിയനാളുകൾ …!
നിൻ തേൻല്ലിചുണ്ടിൽ നിന്നുംമോരുവാക്ക് കാതിലോർത്ത് വെച്ച് മധുനുണഞ്ഞ കാലം …!
നാണത്താൽ പൂക്കും നിൻ നുണക്കുഴികളിലെ കുങ്കുമപ്പൂ നുള്ളിയെടുക്കാൻ …..!
വണ്ട് പോലെ ഞാനന്ന് നിൻപ്പാതകളിൽ പറന്നലഞ്ഞകാലം ..!

കാണുവാൻ വീണ്ടും വീണ്ടും മൊന്നു കാണുവാൻ കൊതിച്ചകാലം ..!
ഈറനിറ്റുവീഴും മുടിച്ചുരുളിൽ പനിനീർപൂവ് ചൂടി നീപോകുമ്പോൾ …!
ഹൃദയത്തിൽ പ്രേമതാമരപ്പൂ വിടർത്തി ഞാൻ കാത്തുനിന്നകാലം ..!

കാലമിന്ന് കോലമിട്ടു നമ്മിലെ വസന്തമെങ്ങോ പോയ്മറഞ്ഞു ..വെങ്കിലും ..!കരളിലന്ന് നമ്മളൊളുപ്പിച്ച പ്രണയത്തിൻ പൊന്മണിമുത്ത് മാഞ്ഞു പോകുമോ …?

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്. 2023 -ലെ മലയാളം യുകെ അവാർഡ് നൈറ്റിൽ പോയറ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് ജേക്കബ് പ്ലാക്കന് ആണ്

Phone # 00447757683814

 

RECENT POSTS
Copyright © . All rights reserved