തണുപ്പ് കാല അരക്ഷിതകളുടെ ബാക്കിപത്രമായ വൈറസ് രോഗങ്ങൾ യുകെയിൽ പടർന്നു പിടിക്കുന്നു. യുകെ ആകമാനം മുൾമുനയിൽ നിർത്തിക്കൊണ്ട് അഞ്ചാംപനി വ്യാപകമായി പടരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു ദശകത്തിനിടെ കാണാത്ത തോതിലേക്ക് യുകെയില്‍ അഞ്ചാംപനി കേസുകള്‍ കുതിച്ചുയര്‍ന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ആഴ്ച മാത്രം ഇംഗ്ലണ്ടില 118 പേര്‍ക്ക് വൈറസ് പിടിപെട്ടതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ സാക്ഷ്യപ്പെടുത്തുന്നു. ജനുവരിയിൽ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 465 – ൽ എത്തിയതുമായി തട്ടിച്ചു നോക്കുമ്പോൾ പകുതി കേസുകളും ഇംഗ്ളണ്ടിൽ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
വെസ്റ്റ് മിഡ്ലാന്‍ഡ്സാണ് രോഗത്തിന്റെ പ്രധാന ഉത്ഭവകേന്ദ്രമെങ്കിലും, ബര്‍മിംഗ്ഹാം മേഖല കേന്ദ്രീകരിച്ചാണ് അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗവ്യാപനം ചെറുക്കാനുള്ള പ്രവര്‍ത്തനം വിജയകരമാകുന്നില്ലെന്നാണ് ഇതിൽ നിന്നും വ്യാക്തമാകുന്നത്.
2013 – ല്‍ പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ഉയര്‍ന്ന കേസുകളാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ലണ്ടനിലും കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ആശങ്കകൾ വർധിപ്പിക്കുന്നു.
“വൈറസ് ആശങ്കപ്പെടുത്തുന്ന നിലയില്‍ തുടരുകയാണ്. കുട്ടികള്‍ പൂര്‍ണ്ണമായി സുരക്ഷിതരാണെന്ന് ഉറപ്പാക്കണം” യുകെഎച്ച്എസ്എയിലെ കണ്‍സള്‍ട്ടന്റ് എപ്പിഡെമോളജിസ്റ്റ് ഡോ. വനേസാ സാലിബാ പറഞ്ഞു.
വ്യാപന ശേഷി വളരെ കൂടുതലായി ഉള്ള അഞ്ചാം പണി വൈറസുകൾ, ഇടങ്ങളിൽ നിന്നും ഇടങ്ങളിലേക്ക് എളുപ്പത്തിൽ പടരാനുള്ള സാധ്യത ഏറെയാണ്. കുട്ടികളെയാണ് രോഗം പ്രധാനമായി ബാധിക്കുന്നതെന്ന് രക്ഷിതാക്കളും അറിഞ്ഞിരിക്കണം. ചിലരില്‍ ഇത് വളരെ ഗുരുതരവും, ജീവിതം മാറ്റിമറിക്കുന്നതുമായി മാറും.
പ്രഹരശേഷി കൂടുതലെങ്കിലും, കൃത്യമായ വാക്സിനേഷനിലൂടെ തടയാന്‍ കഴിയുന്ന രോഗമാണ് അഞ്ചാം പനി. എത്രയും പെട്ടെന്ന് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷ ഒരുക്കണമെന്നും ഡോ. സാലിബാ കൂട്ടിച്ചേർത്തു.
അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. സാൻമറ്റേയോയിൽ താമസിക്കുന്ന കൊല്ലം സ്വദേശികളായ നാലംഗ കുടുംബമാണ് മരണപ്പെട്ടത്. കൊല്ലം ഫാത്തിമാമാതാ കോളജിലെ മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57-ൽ ഡോ.ജി.ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യയും കിളികൊല്ലൂർ പ്രിയദർശിനി നഗർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗറിന്റെയും ജൂലിയറ്റിന്റെയും മകളുമായ ആലീസ് പ്രിയങ്ക (40), ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്.
ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45 നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തണുപ്പിനെ പ്രതിരോധിക്കാൻ ഉപയോഗിച്ച ഹീറ്ററിൽ നിന്നുള്ള വാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗൂഗിളിൽ ജോലിചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ച് സ്റ്റാർട്ടപ്പ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായിരുന്നു.
ആറ് വർഷങ്ങൾക്ക് മുമ്പാണ് കുടുംബം അമേരിക്കയിലേക്ക് പോയത്. അതിനുശേഷം നാട്ടിലേക്ക് വന്നിട്ടില്ല. ആലീസിന്റെ അമ്മ ജൂലിയറ്റും ഇവർക്കൊപ്പം അമേരിക്കയിലായിരുന്നു. ഞായറാഴ്ചയാണ് ജൂലിയറ്റ് അവിടെനിന്ന് നാട്ടിലേക്ക് തിരിച്ചത്. തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരത്തെത്തി ആലീസിനെ വിളിച്ചിരുന്നു. അതിനുശേഷം ഇരുവരേയും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. അവിടെയുള്ള സുഹൃത്തുക്കൾ വഴി ആനന്ദിന്റെ വീട്ടിൽ അന്വേഷിച്ചെങ്കിലും വീട് തുറന്നില്ല. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി പൂട്ടുതുറന്നപ്പോഴാണ് ഒരുമുറിയിൽ നാലുപേരേയും മരിച്ച നിലയിൽ കണ്ടത്.
വീടിനുളളില്‍ മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യാസഹോദരന്‍ അറസ്റ്റില്‍. പത്തനംതിട്ട ആങ്ങമൂഴി കൊച്ചാണ്ടി കാരയ്ക്കല്‍ അജി (50)യെയാണ് കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഭാര്യാസഹോദരന്‍ മഹേഷിനെ (42) ചൊവ്വാഴ്ച രാവിലെയാണ് മൂഴിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
അജിയുടെ മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ പൊലീസ് കണ്ടെത്തിയതാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. കൊലപാതക സൂചന ലഭിച്ചതോടെ പൊലീസ് അന്വേഷണം ആ വഴിക്ക് വ്യാപിപ്പിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ വീട് തുറന്നുനോക്കിയപ്പോഴാണ് അജിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെളളിയാഴ്ച മഹേഷും അജിയും ഒന്നിച്ചു മദ്യപിക്കുന്നത് കണ്ടിരുന്നുവെന്ന സമീപവാസികളുടെ മൊഴിയും നിര്‍ണായകമായി.
മദ്യപാനത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. മഹേഷ് അജിയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപള്ളി ഭാഗത്ത് പ്രക്കാട്ടുങ്കൽ വീട്ടിൽ വാമവിഷ്ണു എന്നു വിളിക്കുന്ന വിഷ്ണുദേവൻ (26) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ഒക്ടോബർ എട്ടാം തീയതി പുലർച്ചെ 1:30 മണിയോടുകൂടി ഗൃഹനാഥനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വെളുപ്പിനെ പായിപ്പാട് സ്വദേശിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇവർ ഗൃഹനാഥനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കല്ലുകൊണ്ട് തലയ്ക്കിടിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. ഇവർക്ക് ഗൃഹനാഥനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് ഗൃഹനാഥനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മറ്റു പ്രതികളായ ഷൈബിൻ, ശ്യാം കുമാർ, നിർമ്മൽ എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് മുഖ്യപ്രതിക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ ഗോവയിൽ നിന്നും പിടികൂടുകയായിരുന്നു.
തൃക്കൊടിത്താനം സ്റ്റേഷൻ എസ്. ഐ അഖിൽദേവ്, എ.എസ്.ഐ സന്തോഷ്, സി.പി.ഓ മാരായ അനീഷ് ജോൺ, അരുൺ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾക്ക് തിരുവല്ല, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്.ഇയാളെ കോടതിയിൽ ഹാജരാക്കി.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) മാസ്റ്റർ ട്രെയിനർ അറസ്റ്റിൽ. ഒട്ടേറെ കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ജാഫർ ഭീമന്റവിടയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായത്. ഒളിവിലായിരുന്നു ജാഫറിനെ, കണ്ണൂരിലെ വീട്ടിൽനിന്നാണ് എൻഐഎ സംഘം പിടികൂടിയത്.
പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡുകൾക്ക് ആയുധപരിശീലനം നൽകിയിരുന്നത് ജാഫറാണെന്നാണ് എൻഐഎ കണ്ടെത്തൽ. എൻഐഎ സംഘവും കേരള പൊലീസിലെ ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ജാഫർ പിടിയിലായത്. 2047നകം കേരളത്തിൽ ഇസ്‍ലാമിക ഭരണം കൊണ്ടുവരുന്നതിനായി വിവിധയിടങ്ങളിലും വിവിധ വ്യക്തികളെ കേന്ദ്രീകരിച്ചും ഭീകരാക്രമണങ്ങൾക്കു പദ്ധതിയിട്ടെന്ന കേസിലാണ് ഭീമന്റവിട ജാഫറിനെ എൻഐഎ പിടികൂടിയത്. കേസിൽ അറസ്റ്റിലാകുന്ന 59–ാമത്തെ വ്യക്തിയാണ് ജാഫർ. ആകെ 60 പേർക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
വിവിധ സമുദായങ്ങളിലെ അംഗങ്ങളെയും നേതാക്കളെയും വധിക്കാൻ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പിഎഫ്ഐ ഹിറ്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു പരിശീലനം നൽകി എന്നതിനു തെളിവുകൾ ലഭിച്ചതായി എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാൻ ഇനി ചെലവേറും. പണമയക്കുമ്പോള്‍ ഈടാക്കുന്ന ഫീസ് 15 ശതമാനം വർധിപ്പിക്കാൻ മണി എക്സ്ചേഞ്ചുകള്‍ക്ക് അനുമതി ലഭിച്ചു.
ഓരോ ഇടപാടിനും രണ്ടര ദിർഹം വരെ അഥവാ 56 രൂപവരെ പ്രവാസികള്‍ അധികം നല്‍കേണ്ടി വരും. മണി എക്സ്ചേഞ്ചുകളില്‍ നേരിട്ടെത്തി പണമയക്കുന്നവർക്കാണ് ഫീസ് വർധന ബാധകമാവുക. എന്നാല്‍, ഇവരുടെ മൊബൈല്‍ ആപ്പ് വഴി പണമയക്കുന്നവരുടെ ഫീസ് വർധിപ്പിക്കേണ്ടതില്ല എന്നാണ് തീരുമാനം. യു.എ.ഇയിലെ എക്‌സ്‌ചേഞ്ച് ഹൗസുകളെ പ്രതിനിധീകരിക്കുന്ന ഫോറിൻ എക്‌സ്‌ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പ് അഥവാ ഫെർജ് ആണ് ഇക്കാര്യം അറിയിച്ചത്.
പതിനഞ്ച് ശതമാനം ഫീസ് വർധിപ്പിക്കുമ്പോള്‍ 1000 ദിർഹമിന് മുകളില്‍ അയക്കാൻ നിലവില്‍ ഈടാക്കുന്ന 23 ദിർഹം 25.5 ദിർഹമായി ഉയരും. ആയിരം ദിർഹത്തിന് താഴെ പണമയക്കുന്നവർക്കുള്ള ഫീസ് 17.5 ദിർഹമില്‍ നിന്ന് 20 ദിർഹമായും വർധിപ്പിക്കും. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് പണമയക്കാനുള്ള ഫീസില്‍ വർധനയുണ്ടാവുന്നതെന്ന് എക്സ്ഞ്ചേ അധികൃതർ പറഞ്ഞു.
ഓണ്‍ലൈൻ വിനിമയം പ്രോല്‍സാപ്പിക്കാനാണ് എക്സ്ചേഞ്ചുകളുടെ ആപ്പില്‍ നിന്ന് പണമയക്കാൻ ഇളവ് നല്‍കുന്നത്. പണമയക്കാൻ മണി എക്സ്ചേഞ്ച് ശാഖകളെ ആശ്രയിക്കുന്ന സാധാരണക്കാരായ തൊഴിലാളികളെ ഫിസ് വർധന ബാധിക്കുക. ഇന്ത്യൻ രൂപയില്‍ കണക്കാക്കുമ്പോള്‍ 56 രൂപയോളം പണമയക്കാൻ അധികം നല്‍കണം. അഥവാ 575 രൂപയോളം ഫീസിനത്തില്‍ പ്രവാസികളില്‍ നിന്ന് ഈടാക്കും.
ചന്ദ്രനഗറിൽ സീഡ് ഫാം ക്വാട്ടേഴ്സിൽ വീട് കുത്തിത്തുറന്ന് നാലുപവൻ സ്വർണവും 6,000 രൂപയും കവർന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി 35 വർഷത്തിനുശേഷം പിടിയിൽ. എടപ്പള്ളി കണ്ടങ്ങാകുളം സ്വദേശിയായ നസീറിനെയാണ് (55) എറണാകുളത്തുനിന്ന് കസബ പോലീസ് അറസ്റ്റുചെയ്തത്. 1989-ലാണ് മോഷണം നടന്നത്.
കേരളത്തിലും തമിഴ്നാട്ടിലുമായി നൂറിലധികം ഭവനഭേദനക്കേസിലെ പ്രതിയാണ് നസീറെന്ന് പോലീസ് പറഞ്ഞു. ആളില്ലാത്ത വീടുകൾ നോക്കിവെച്ച് രാത്രിയിലും പകൽസമയത്തും മോഷണം നടത്തിയിട്ടുണ്ട്.
പാലക്കാട് കസബ പോലീസ് പഴയ കേസുകളിൽ പിടികിട്ടാപുള്ളികളെ പിടികൂടുന്നതിനായി പ്രത്യേകസംഘം രൂപവത്കരിച്ചിരുന്നു. അതിനോടനുബന്ധിച്ച് നടന്ന അന്വേഷണത്തിലാണ് നസീർ പിടിയിലായത്.
പാലക്കാട് കസബ സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദ്, സീനിയർ പോലീസ് ഓഫീസർമാരായ ആർ. രാജീദ്. എസ്. ജയപ്രകാശ്, സെന്തിൾകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട്ടെ പടക്കപ്പുരയിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
പടക്കപ്പുരയിൽ രാവിലെ 10.30ഓടെയാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്നും ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
സമീപത്തെ വീടുകളടക്കം നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. ചില്ലുകളും വാതിലുകളും ജനലുകളും തകർന്നു. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. അരകിലോമീറ്റർ അകലെ വരെ കെട്ടിടാവശിഷ്ടങ്ങൾ ചിതറിത്തെറിച്ചു. രണ്ടു കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്‍റെ ആഘാതമുണ്ടായെന്ന് പ്രദേശവാസികൾ പറഞ്ഞു. തൃപ്പൂണിത്തുറ – വൈക്കം റോഡിൽ ഗതാഗത തടസ്സവുമുണ്ടായി.
പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനായാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. അനുമതിയില്ലാതെയാണ് പടക്കപ്പുര പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. ജില്ല കലക്ടർ, ഹൈബി ഈഡൻ അടക്കമുള്ളവർ സ്ഥലത്തെത്തി
കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംപി തോമസ് ചാഴികാടന്‍ മത്സരിക്കും. തിങ്കളാഴ്ച ചേര്‍ന്ന കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. 2024-ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണിത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായിരുന്നു.
2019-ല്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചാണ് തോമസ് ചാഴികാടന്‍ ജയിച്ചത്. അന്ന് ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.എന്‍.വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി മത്സരിച്ച തോമസ് ചാഴികാടന്‍ തോല്‍പിച്ചത്.
സ്റ്റിയറിങ് കമ്മിറ്റിയില്‍ ഒരേയൊരു പേര് മാത്രമേ ഉയര്‍ന്നിരുന്നുള്ളൂവെന്ന് യോഗശേഷം ജോസ് കെ.മാണി പറഞ്ഞു.
1991 മുതല്‍ 2011 വരെ നാലു തവണ ഏറ്റുമാനൂരില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട് തോമസ് ചാഴികാടന്‍. തുടര്‍ച്ചയായ നാല് വിജയങ്ങള്‍ക്ക് ശേഷം 2011-ല്‍ സിപിഎമ്മിലെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. 2016-ലെ തിരഞ്ഞെടുപ്പിലും കുറുപ്പിനോട് വീണ്ടും തോല്‍വി ഏറ്റുവാങ്ങിയ അദ്ദേഹം പിന്നീട് 2019-ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചത്.
1991-ലെ തിരഞ്ഞെടുപ്പിലൂടെ അപ്രതീക്ഷിതമായിട്ടാണ് തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഹോദരന്‍ ബാബു ചാഴികാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിനെത്തുടര്‍ന്നാണ് തോമസ് ചാഴികാടന്‍ രാഷ്ട്രീയരംഗത്തേക്കെത്തിയത്.
സീറോ മലബാർ സാലിസ്ബറി ചർച്ചിന്റെ വാർഷികധ്യാനം ശനി ,ഞായർ എന്നീ ദിവസവങ്ങളിൽ ബിഷപ്‌ഡൗണിലുള്ള ഹോളീ റെഡീമെർ ചർച്ചിൽ നടത്തപ്പെട്ടു.ശനിയാഴ്ച്ച വിശുദ്ധ കുർബാനയോടെ ആരംഭിച്ചു ധ്യാനം നയിച്ചത് സിസ്റ്റർ ആൻ മരിയ SH ആണ്.
ഞായറാഴ്ച്ച രാവിലെ ആരംഭിച്ച ധ്യാനം ആരാധനയോടും വിശുദ്ധ കുർബാനയോടും കൂടി അവസാനിച്ചു.കുട്ടികൾ ഉൾപ്പെടെ ഒട്ടനവധിപ്പേർ വലിയ നോമ്പിന് മുന്നോടിയായി നടന്ന ഈ വാർഷികധ്യാനത്തിൽ സംബന്ധിച്ചു.ഈ വലിയ നോമ്പുകാലത്ത് പ്രത്യേകിച്ച് കുട്ടികളെ ദൈവഭയത്തിലും കുടുംബ പ്രാർഥനകളിൽ കൂടുതൽ ഉത്സാഹമുള്ളവരാക്കി വളർത്താൻ സിസ്റ്റർ ആൻ മരിയയും ഫാദർ തോമസ് പാറേക്കണ്ടത്തിലും പ്രത്യേകം ഓർമ്മപ്പെടുത്തി.
ധ്യാനത്തിലും അതിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയിലും രാജേഷ് ടോം,പ്രിൻസ് മാത്യു,ജ്യോതി മെൽബിൻ എന്നിവരുടെ ഗാനാലാപനം ധ്യാനത്തെയും വിശുദ്ധ കുർബാനയെയും കൂടുതൽ ഭക്‌തിസാന്ദ്രമാക്കി.ഈ ധ്യാനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച പള്ളി കമ്മറ്റി അംഗങ്ങൾക്ക് ഫാദർ തോമസ് പാറേക്കണ്ടത്തിൽ പ്രത്യേകം നന്ദി പറഞ്ഞു.