യുകെയിലെ മാഞ്ചസ്റ്റർ കേന്ദ്രീകരിച്ച് കഴിഞ്ഞ പത്തൊൻപത് വർഷമായി കർമ്മനിരതമായി പ്രവർത്തിച്ച് വരുന്ന ട്രാഫോർഡ് മലയാളി അസോസിയേഷൻ (TMA) 2024 പ്രവർത്തനവർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു.
ജോർജ് തോമസ്(പ്രസിഡൻറ്),സ്റ്റാൻലി ജോൺ(സെക്രട്ടറി),ആദർശ് സോമൻ(ട്രഷറർ),ഗ്രെയിസൺ കുര്യാക്കോസ് (വൈസ് പ്രസിഡൻറ്),ബിബിൻ ബേബി(ജോയിൻറ് സെക്രട്ടറി) എന്നി പദവികളിലേക്കും ഡാലിയ ഡോണി,റ്റൈബി കുര്യാക്കോസ്,റോഷ്ണി സജിൻ,സരിക ശ്രീകാന്ത് എന്നിവരെ പ്രാഗ്രാം കോർഡിനേറ്റേഴ്സ് ആയിട്ടും ക്രിസ് കുര്യാക്കോസ്,അലിന സ്റ്റാൻലി എന്നിവരെ യൂത്ത് കോർഡിനേറ്റേഴ്സ് ആയിട്ടുമാണ് തെരെഞ്ഞടുത്തത്.
കഴിഞ്ഞ പത്തൊൻപത് വർഷങ്ങളിലായി യുകെയിൽ പ്രവർത്തിക്കുന്ന മികച്ച സംഘടനകൾക്കായി ഏർപ്പെടുത്തിയ വിവിധ അവാർഡുകൾ നേടിയെടുത്തിട്ടുള്ള TMA ഈ വർഷവും അംഗങ്ങൾക്കായി കലാ സാംസ്കാരിക മേഖലകളിൽ നിരവധി നൂതന പരിപാടികൾ ആസൂത്രണം ചെയ്തതായി പ്രസിഡൻറ് ജോർജ് തോമസ് അറിയിച്ചു.
യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ വാർത്തകൾ കൃത്യമായി മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു വരുന്നതിനു ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞങ്ങളുടെ പുതിയ ഷോർട്ട് ഫിലിമിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും യുകെ ടെൽഫോഡിൽ വെച്ച് നടന്നു, വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.
യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മയാണ് ഡെസ്പരാഡോസ് ഫിലിം കമ്പനി. യുട്യൂബിൽ വൻവിജയമായി മാറിയ ‘ദി നൈറ്റ്’ ന് ശേഷം ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്യുന്ന പുതിയ കോമഡി ഷോർട്ട് ഫിലിം ‘യുകെ മല്ലു ഫ്രസ്ട്രേറ്റഡ്’ ന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും യുകെയിലെ ടെൽഫോഡിൽ വെച്ച് നടന്നു.
ജിഷ്ണു വെട്ടിയാർ കഥയും തിരക്കഥയും തയ്യാറാക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ.
എഡിറ്റിങ് ശ്യാം കൈപ്പിള്ളി, സംഗീതം ഋതു രാജ്, വസ്ത്രാലങ്കാരം ചിപ്പി മോഹൻ, ആർട്ട് മാത്തുക്കുട്ടി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് , ഷൈൻ അഗസ്റ്റിൻ, അനുരാജ് പെരുമ്പിള്ളി.
സഹനിർമ്മാതാവ് രമ്യ രഞ്ജിത്ത് ആദ്യ ഷോട്ടിന് ക്ലാപ്പ് നൽകി. ക്യാമറ സ്വിച്ച് ഓൺ നിർവഹിച്ചത് ശ്രീജ കണ്ണൻ.
ഹാസ്യത്തിന് പ്രാധാന്യം നൽകി പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ ടോം ജോസഫ്, ജിഷ്ണു വെട്ടിയാർ, ഡിസ്‌ന പോൾ, ശിൽപ ജിഷ്ണു, ജോർജ് ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. വരുന്ന വിഷുവിന് ചിത്രം യുട്യൂബിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
കൊച്ചിയിലെ ബാർ ഹോട്ടലില്‍ വെടിവയ്പ്പ്. രണ്ടു പേർക്ക് പരിക്കേറ്റു. ബാർ ജീവനക്കാരായ സിജിൻ, അഖില്‍ എന്നിവർക്കാണ് പരുക്കേറ്റത്.സിജിന്റെ വയറിലും അഖിലിന്റെ കാലിലുമാണ് പരിക്ക്. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. നിലവില്‍ ഇരുവരും നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കത്രിക്കടവ് എടശ്ശേരി ബാറില്‍ ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. മദ്യപിക്കാനെത്തിയവരും ബാർ ജീവനക്കാരും തമ്മില്‍ സംഘർഷമുണ്ടാകുകയായിരുന്നു.മദ്യം നല്‍കുന്നത് സംബന്ധിച്ച തർക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.
നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. എയർ പിസ്റ്റല്‍ ഉപയോഗിച്ചാണ് ഇവർ ആക്രമണം നടത്തിയത്. ബാർ മാനേജരെ ആദ്യം മർദ്ദിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് വെടിവയ്പ്പിലേക്ക് എത്തിയത്. ആക്രമണത്തിന് പിന്നാലെ പ്രതികള്‍ കാറില്‍ കടന്നുകളഞ്ഞതായാണ് വിവരം. സംഭവത്തില്‍ നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
വയനാട്ടില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്ന് തുടരുമെന്ന് വനംവകുപ്പ്. ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയുടെ സിഗ്നല്‍ ലഭിക്കുന്നതനുസരിച്ച് രാവിലെ തന്നെ ദൗത്യം പുനരാരംഭിക്കും. രാത്രി പട്രോളിങ്ങുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയതോടെ ഞായറാഴ്ച ദൗത്യം താത്കാലികമായി നിര്‍ത്തിയതിനെതിരെയുള്ള പ്രതിഷേധം നാട്ടുകാര്‍ അവസാനിപ്പിച്ചു.
വനംവകുപ്പിന്റെ 13 ടീമും പോലീസിന്റെ അഞ്ച് ടീമുമാണ് പട്രോളിങ് നടത്തുന്നത്. ഒരു സംഘം ആനയെ നിരീക്ഷിക്കും. പ്രദേശത്ത് മൂടല്‍മഞ്ഞുള്ള കാലാവസ്ഥായാണെന്ന് ചൂണ്ടിക്കാട്ടിയ സി.സി.എഫ്. കെ.എസ്. ദീപ രാവിലെ അഞ്ചരയോടെ ദൗത്യം പുനരാരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം, കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി തിരുനെല്ലി പഞ്ചായത്തിലേയും മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു. നഗരസഭയിലെ കുറുക്കന്‍ മൂല (12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലാണ് അവധി.
ഒരു കുടുംബത്തിലെ മൂന്നുപേരുടെ വിയോഗത്തിന്റെ ഞെട്ടലില്‍ ആണ് നാട്. ബന്ധുവീട്ടില്‍ വിരുന്നിനെത്തിയവര്‍ അറിഞ്ഞിരുന്നില്ല അവരെ കാത്തിരുന്നത് മരണക്കയമാണെന്ന്. പുഴയില്‍ കുളിക്കുന്നതിനിടെ ആയിരുന്നു ഒരു കുടുംബത്തിലെ മൂന്ന് പേര് മുങ്ങി മരിച്ചത്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരി പൊയ്യ പുളിക്കമണ്ണില്‍ക്കടവിലായിരുന്നു ദാരുണമായ അപകടം നടന്നത്.
കുന്നമംഗലം കാരിപ്പറമ്ബതക്ക് സിദ്ധാര്‍ത്ഥന്റെ ഭാര്യ സിന്ധു(മിനി 48), ഇവരുടെ മകളും വൈത്തിരി കാവുമന്നം രാജേഷിന്റെ ഭാര്യയുമായ ആതിര(25), പൊയ്യ കുഴിമണ്ണില്‍ ഷിനിജയുടെയും ഷാജിയുടെയും മകന്‍ അദ്വൈത്(13) എന്നിവരാണ് മരിച്ചത്. ഷിനിജ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അദ്വൈതിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു സിന്ധുവും ആതിരയും. വൈകിട്ട് എല്ലാവരും ചേര്‍ന്ന് പൊയ്യ കടവില്‍ കുളിക്കാനായി പോയതായിരുന്നു. ഇതിനിടെ അദ്വൈത് പുഴയില്‍ മുങ്ങിപ്പോയി. രക്ഷിക്കാനായി ഇറങ്ങിയ ആതിരയും സിന്ധുവും ഷിനിജയും അപകടത്തില്‍പ്പെടുകയായിരുന്നു. അദ്വൈതിന്റെ കുടുംബം രണ്ട് വര്‍ഷം മുമ്ബ് മാത്രമാണ് ഇവിടെ താമസമാക്കിയത്. അതുകൊണ്ടുതന്നെ പുഴയെ കുറിച്ച് കുടുംബത്തിന് ധാരണയുണ്ടായിരുന്നില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.
ആതിരയുടെ ആറ് വയസുള്ള കുട്ടിയും, അദ്വൈതിന്റെ സഹോദരിയും മാത്രമാണ് ആ സമയം കരയില്‍ ഉണ്ടായിരുന്നത്. ഇവരുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ അപകടം ശ്രദ്ധിക്കുന്നത്. അപ്പോഴേക്കും അരമണിക്കൂറോളം പിന്നിട്ടിരുന്നു. ഇതിനിടയില്‍ ഷിനിജയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു. മറ്റു മൂന്നുപേരും ഇതിനോടകം തന്നെ മരിച്ചിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വീട്ടിലെത്തിച്ച് സംസ്‌കരിക്കും.
കാഞ്ഞിരപ്പള്ളിയിൽ കുർബാനയ്ക്കിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഞായറാഴ്ച കുർബാനയ്ക്കിടെയായിരുന്നു സംഭവം. ആനക്കല്ല് നെല്ലിക്കുന്നേൽ അഡ്വ. പോൾ ജോസഫിന്റെ മകൻ മിലൻ പോൾ (16) ആണ് മരിച്ചത്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ഇടവകയിലെ ആൾത്താര ബാലനായിരുന്നു.
കുർബാനയ്ക്കിടെ പെട്ടെന്ന് മിലൻ കുഴഞ്ഞു വീഴുകയായിരുന്നു. ആളുകൾ ഓടി എത്തുമ്പോൾ വായിൽനിന്നു നുരയും പതയും വരുന്ന നിലയിലായിരുന്നു മിലനെ കണ്ടത്. ഉടൻതന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച മിലൻ. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.
ബ്രിട്ടനിൽ മക്കൾക്ക് വിഷാംശമുളള രാസവസ്തു നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സായ മലയാളി യുവതി പിടിയിൽ. പതിമൂന്നും എട്ടും വയസുളള മക്കൾക്ക് വിഷം നൽകിയ ശേഷമാണ് ജിലുമോൾ ജോർജ് (38) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടികളുടെ ശരീരത്തിൽ യുവതി വിഷാംശമുള്ള രാസവസ്തു കുത്തിവയ്ക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ജിലുവിന്റെ ഭർത്താവ് നാട്ടിലാണ്.
ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയെ അറസ്റ്റുചെയ്ത് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോടതിയിൽ ഹാജരാക്കി. യുവതി ഇപ്പോൾ റിമാൻഡിലാണ്. ഇംഗ്ലിഷ് മാദ്ധ്യമങ്ങളിൽ ഈ സംഭവം വെള്ളിയാഴ്ച തന്നെ റിപ്പോർട്ട് ചെയ്തെങ്കിലും ഇത് മലയാളി കുടുംബത്തിലാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ജിലുവിനെതിരെ കൊലപാതകശ്രമത്തിനും ആത്മഹത്യാശ്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്രൈറ്റൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതിയെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. മാർച്ച് എട്ടിന് വീണ്ടും കോടതിയിൽ ഹാജരാക്കും. സസെക്സ് പൊലീസ് ചീഫ് ഇൻസ്പെക്ടർ മാർക്ക് ഇവാൻസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ ഒരു ജീവന്‍രക്ഷിച്ചു. ചേര്‍ത്തല എക്സ്-റേ കവലയ്ക്കു സമീപമുള്ള കൂട്ടുകാരന്റെ വീട്ടിലെത്തി ആത്മഹത്യക്കു ശ്രമിച്ച യുവതിയെയാണ് പോലീസ് വാതില്‍പൊളിച്ചു രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.
ചേര്‍ത്തല പതിനൊന്നാം മൈല്‍ സ്വദേശിനിയായ 40 വയസ്സുള്ള യുവതിയെയാണ് രക്ഷപ്പെടുത്തിയത്. കൂട്ടുകാരനാണ് വിവരം പോലീസിനെ അറിയിച്ചത്.പോലീസെത്തി വീടിന്റെ വാതില്‍ പൊളിച്ചകത്തുകടക്കുമ്പോള്‍ ഇവര്‍ തൂങ്ങിനില്‍ക്കുകയായിരുന്നു. ഇതില്‍നിന്നാണു രക്ഷിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നാണ് വിവരം.
ഭര്‍ത്താവുമരിച്ച യുവതി ഇയാളുമായി സൗഹൃദത്തിലായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലെത്തിയതത്രേ. എസ്.ഐ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജീഷ്, സാബു എന്നിവരെത്തിയാണ് രക്ഷിച്ചത്. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തരമായി നൽകാൻ തീരുമാനം. അജീഷിന്റെ ഭാര്യക്ക് സ്ഥിരം ജോലി നൽകാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സബ്കളക്ടറുടെ ഓഫീസില്‍ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.
നഷ്ടപപരിഹാര തുകയായ പത്ത് ലക്ഷം രൂപ തിങ്കളാഴ്ച അജീഷിന്റെ കുടുംബത്തിന് കെെമാറും. കുടുംബത്തിന് 50 ലക്ഷം രൂപ നൽകണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ബാക്കി 40 ലക്ഷം രൂപ കെെമാറുന്നതുമായി ബന്ധപ്പെട്ട് സർക്കാറിലേക്ക് ശുപാർശ നൽകാനാണ് തീരുമാനം. പണം ലഭിക്കുന്നതിനായി പ്രദേശത്തെ ജനപ്രതിനിധികൾ പ്രയത്നിക്കുമെന്നും യോഗത്തിൽ ധാരണയായതായി തഹസിൽദാർ (ലാൻഡ് ട്രിബ്യൂണൽ) എം.ജെ. അഗസ്റ്റിൻ അറിയിച്ചു.
അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. കുടുംബത്തിന്റെ കടബാധ്യതകള്‍ എഴുതിത്തള്ളുന്ന ആവശ്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ അനുകൂല പരിഗണന നല്‍കും. കാട്ടാനയെ മയക്കുവെടിവച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാനും യോഗത്തിൽ തീരുമാനമായി.
മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്നുതന്നെ തുടങ്ങുമെന്ന് വനംമന്ത്രി അറിയിച്ചു. മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പുലർത്തും. ആളുകൾ ഇപ്പോൾ വൈകാരികമായ അന്തരീഷത്തിലാണ്. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചർച്ചനടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ അജീഷ് (47) കൊല്ലപ്പെട്ടത്. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. മൈസൂരു കാഡ്ബഗരുവില്‍ താമസിക്കുന്ന ചാവക്കാട് സ്വദേശി ഷാജഹാനെ (36) മീനാക്ഷിപുരത്തുനിന്നാണ് കോതമംഗലം പോലീസ് പിടികൂടിയത്. പ്രതിയില്‍നിന്ന് കര്‍ണാടക, തമിഴ്നാട്, കേരള വിലാസത്തിലുള്ള മൂന്ന് വോട്ടര്‍ ഐഡിയും മൂന്ന് പാസ്പോര്‍ട്ടുകളും പിടിച്ചെടുത്തു.
കോതമംഗലം ചേലാട് വാടകയ്ക്ക് താമസിക്കുന്ന സഹോദരങ്ങള്‍ക്ക് യു.കെ.യില്‍ തൊഴില്‍ വിസ നല്‍കാമെന്നു പറഞ്ഞ് 6,14,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റിലായത്. കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട്, നെയ്യാറ്റിന്‍കര, കൊല്ലം, കാഞ്ഞിരപ്പള്ളി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ പത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി സമാനമായ മുപ്പതിലേറെ കേസുകള്‍ പ്രതിയുടെ പേരിലുണ്ട്.
ഏതാനും മാസം കുവൈത്തില്‍ ജോലി ചെയ്തിരുന്ന ഷാജഹാന്‍ അവിടെ നിന്ന് വന്ന ശേഷമാണ് തട്ടിപ്പ് തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.കമ്മിഷന്‍ വ്യവസ്ഥയില്‍ സുഹൃത്തുക്കളാണ് വിദേശത്ത് പോകാന്‍ താത്പര്യമുള്ളവരെ സമീപിച്ച് തൊഴില്‍ വിസയുണ്ടെന്നു പറഞ്ഞ് ഇയാള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. യു.കെ. സിം ഉള്‍പ്പെടെ നാല് സിമ്മുകളാണ് ഇയാള്‍ക്കുള്ളത്. ഉദ്യോഗാര്‍ഥികളെ നേരിട്ട് സമീപിക്കാതെ വീഡിയോ കോള്‍ വഴി ബന്ധപ്പെട്ട് പണം അക്കൗണ്ടില്‍ സ്വീകരിക്കും. ഷാജഹാന്റെ രണ്ട് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഒരു കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് ലഭിച്ച വിവരം.
മീനാക്ഷിപുരത്ത് ഒളിച്ചു കഴിയുകയായിരുന്ന ഷാജഹാനെ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം സാഹസികമായാണ് പിടികൂടിയത്. പോലീസിനെ ആക്രമിച്ച് വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഏറെ ദൂരം പിന്തുടര്‍ന്നാണ് പിടികൂടിയത്.
വാഹനത്തില്‍നിന്ന് വ്യാജ പാസ്പോര്‍ട്ട്, ഉദ്യോഗാര്‍ഥികളുടെ പാസ്പോര്‍ട്ട്, ചെക്ക് ബുക്കുകള്‍, പ്രോമിസറി നോട്ട് എന്നിവ കണ്ടെടുത്തു. ഇന്‍സ്പെക്ടര്‍ പി.ടി. ബിജോയി, എസ്.ഐ.മാരായ അല്‍ബിന്‍ സണ്ണി, കെ.ആര്‍. ദേവസി, സീനിയര്‍ സി.പി.ഒ.മാരായ ടി.ആര്‍. ശ്രീജിത്ത്, നിയാസ് മീരാന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.