ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ എൽഎസ്ഡി സ്റ്റാമ്പ് കേസിൽ കുടുക്കാനുള്ള ഇന്റർനെറ്റ് ഫോൺകോളിന്റെ ഉറവിടം ബ്രിട്ടനാണെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇന്റർനെറ്റ് കോളിനു പിന്നിൽ ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ നാരായണദാസാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കേസിന്റെ ഏറ്റവും പുതിയ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് ഷീല സണ്ണി.
വാർത്തയിലൂടെയാണ് നാരായണദാസിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതെന്ന് ഷീല സണ്ണി പറഞ്ഞു. ‘ഇയാളും ഞാനുമായി ഒരു ബന്ധവുമില്ല, മരുമകളുടെ അനിയത്തിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് കേട്ടത്. മറ്റൊരു ചാനലിലുള്ള ആൾക്കാരാണ് ഇതേ കുറിച്ച് തന്നോട് പറയുന്നതെന്ന് ഷീല സണ്ണി ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇവർ ഒരുമിച്ച് ബംഗളൂരുവിൽ താമസിക്കുകയാണെന്ന വിവരവും അറിഞ്ഞിട്ടുണ്ടെന്നും ഷീല സണ്ണി കൂട്ടിച്ചേർത്തു.
‘മരുമകളുടെ അനിയത്തി പറഞ്ഞിട്ട് നാരയണദാസ് ചെയ്തതായിരിക്കാം. അയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലല്ലോ. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കും. എന്നെ അറിയാത്ത വ്യക്തിക്ക് ഇങ്ങനെയൊരു കാര്യം എന്നോട് ചെയ്യേണ്ട കാര്യമില്ലല്ലോ. ഞങ്ങൾ തമ്മിൽ ഒരു വൈരാഗ്യവുമില്ല. അങ്ങനെ അറിയാത്ത ഒരു വ്യക്തി എന്നോട് ഈ ചതി ചെയ്യേണ്ട കാര്യമില്ലല്ലോ’- ഷീല ചോദിക്കുന്നു.
‘അറസ്റ്റ് ചെയ്ത അന്ന് മുതൽ ഇന്ന് വരെ മരുമകളും കുടുംബവും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ജയിലിലായിരുന്ന സമയത്ത് മരുമകളോട് ഇതേ കുറിച്ച് സംശയം പറഞ്ഞിരുന്നു. എന്നാൽ അനിയത്തി അങ്ങനെ ഒന്നും ചെയ്യില്ലെന്നാണ് പറഞ്ഞത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം മകനും ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ആദ്യം ഞങ്ങൾ എല്ലാം ഒരുമിച്ചായിരുന്നു താമസിച്ചത്. എന്നാൽ പ്രശ്നങ്ങൾക്ക് ശേഷം വേറെ വേറെ വീടുകളിലാണ് താമസിക്കുന്നത്’.
‘ഈ സംഭവം നടക്കുമ്പോൾ ഒന്നര വർഷമായി മകന്റെ കല്യാണം കഴിഞ്ഞിട്ട്. ഒരു വൈരാഗ്യം വരേണ്ട സമയം അപ്പോൾ ആയിട്ടില്ല. മരുമകളുടെ അനിയത്തിയുമായി ഒരു കുഴപ്പമുണ്ടായിട്ടില്ല. തലേദിവസം കൂടി വീട്ടിൽ വന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. അവർക്ക് എന്താണ് എന്നോട് വൈരാഗ്യം, എന്തിനാണ് ഈ ചതി ചെയ്തത് എന്ന് എനിക്കറിയില്ല. ചിലപ്പോൾ എന്നെ വീട്ടിൽ നിന്ന് ഒഴിവാക്കാനായിരിക്കാം. നിസാര കാരണങ്ങൾ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കാൻ സാധിക്കില്ല എന്നവർക്കറിയാം. അപ്പോൾ ഇങ്ങനെ ഒരു കാരണം ഉണ്ടാക്കി ഒഴിവാക്കാനായിരിക്കും. അല്ലെങ്കിൽ എന്റെ ഇറ്റലിയിലേക്കുള്ള യാത്ര മുടക്കാനായിരിക്കാം’- ഷീല പറഞ്ഞു.
‘മരുമകളുടെ അനിയത്തിയുടെ ക്യാരക്ടർ വേറെയാണ്. ബംഗളൂരുവിലാണ് അവൾ പഠിക്കുന്നത്. എല്ലാ ആഴ്ചയും വിമാനത്തിലാണ് നാട്ടിലേക്ക് വന്ന് പോകുന്നത്. എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ ബംഗളൂരുവിൽ മോഡലാണെന്ന് പറയും. എന്നാൽ ഒരു ചിത്രങ്ങളും ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. ആരോ അവളെ സ്‌പോൺസർ ചെയ്യുന്നുണ്ടെന്നാണ് പറഞ്ഞത്. അത് ആരാണെന്നും ഞങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ല, വീട്ടുകാർക്കും അറിയില്ല. അവൾ ബംഗളൂരുവിൽ എവിടെയാണ് താമസിക്കുന്നത് പോലും അറിയില്ല’- ഷീല സണ്ണി പറയുന്നു.
‘ഒരു ദിവസം വീട്ടിൽ വന്നപ്പോൾ മരുമകളും അനിയത്തിയും മകന്റെ മൊബൈൽ ഷോപ്പിലേക്ക് പോയിരുന്നു. എന്റെ വണ്ടി എടുത്താണ് അവർ പോയത്. അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നു. മക്കളെ പോലെയാണ് അവരെ കരുതിയത്. എനിക്കും ഒരു മകളുണ്ടല്ലോ. അവരാണ് എന്നെ ചതിച്ച് ജയിലലടച്ചത്. ഞാൻ ഒരു ക്രൂരത്തിയായ അമ്മായിയമ്മ ഒന്നുമല്ല, എനിക്ക് എല്ലാവരോടും സ്‌നേഹമായിരുന്നു’-ഷീല സണ്ണി പറഞ്ഞു.
ഓയൂര്‍ മരുതമണ്‍ പള്ളി കാറ്റാടിയില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ പിടിയിലായതിന്റെ 70-ാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. എം.എം.ജോസ് കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2023 നവംബര്‍ 27-ന് വൈകിട്ട് 4.20-നാണ് കാറിലെത്തിയ മൂന്നംഗ സംഘം ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സഹോദരനോടൊപ്പം ട്യൂഷനായി പോവുകയായിരുന്ന കുട്ടിയെ റോഡില്‍ കാറില്‍ പിന്തുടര്‍ന്ന സംഘം കാറിനുള്ളിലേക്കു വലിച്ചുകയറ്റുകയായിരുന്നു. സഹോദരന്‍ ജോനാഥന്‍ ഇതിനെ ചെറുത്തെങ്കിലും അവനെ പുറത്തേക്കുതള്ളി പെണ്‍കുട്ടിയുമായി സംഘം കടന്നു. പോലീസും നാട്ടുകാരും നാടാകെ കുട്ടിക്കായി തിരയുമ്പോള്‍ രാത്രി ഏഴരയോടെ പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോണ്‍ വിളിയെത്തി. നാടകീയമായ മണിക്കൂറുകള്‍ക്കൊടുവില്‍ അടുത്ത ദിവസം ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഡിസംബര്‍ ഒന്നിന് തമിഴ്‌നാട്ടിലെ പുളിയറയില്‍ നിന്നാണ് പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാലയത്തില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെ പോലീസ് പിടികൂടിയത്. കടബാധ്യത തീര്‍ക്കാന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നാണ് കേസ്. ആയിരത്തോളം പേജുള്ള കുറ്റപത്രത്തില്‍ 160-ഓളം സാക്ഷികളും 150-ഓളം തൊണ്ടി മുതലുകളും ഉണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍വിളിയാണ് പ്രതികളിലേക്കെത്താന്‍ പോലീസിനു സഹായകമായത്.
പ്രതികളുടെ ശബ്ദ സാമ്പിള്‍, കൈയക്ഷരം പരിശോധന ഉള്‍പ്പടെയുള്ള ഫോറന്‍സിക് തെളിവുകളാണ് കേസില്‍ നിര്‍ണായകമായിട്ടുള്ളത്. അറസ്റ്റ് ചെയ്തവര്‍ അല്ലാതെ പുതിയ പ്രതികളൊന്നും കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെയും നിഗമനം. കേരളത്തെ രണ്ടു ദിവസം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ റെക്കോഡ് വേഗത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് ബർമിങ്ഹാമിൽ നടക്കും. സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ യിലെ ആത്മീയ നേതൃത്വം റവ.ഡോ.കുര്യാക്കോസ് തടത്തിൽ ശുഷ്രൂഷകളിൽ മുഖ്യ കാർമ്മികത്വം വഹിക്കും.പ്രമുഖ വചന പ്രഘോഷകൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും. ബർമിങ്ഹാം അതിരൂപതയിലെ മോൺസിഞ്ഞോർ ഫാ. മാർക്ക് ക്രിസ്പ്, യുകെയിലെ മലയാളി കുടിയേറ്റങ്ങളുടെ തുടക്കംമുതൽ അനേകം വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിത നവീകരണത്തിന് വഴിതെളിച്ച അനുഗ്രഹീത ശുഷ്രൂഷകൻ ഡോ : ജോൺ ഡി എന്നിവർ കൺവെൻഷനിൽ പങ്കെടുക്കും.
പ്രശസ്തമായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഇന്നത്തെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ 2009 ൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനുമുള്ളസൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ, ജപമാല, തിരുസ്വരൂപങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന, രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239.
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
കൺവെൻഷൻ സെന്ററിന്റെ ഏറ്റവും അടുത്തുള്ള ട്രെയിൻ സ്റ്റേഷൻ,
Sandwell & Dudley
West Bromwich
B70 7JD.
സ്റ്റീവനേജ്: കഴിഞ്ഞ ആറു വർഷങ്ങളായി സംഗീത-നൃത്ത സദസ്സുകളൊരുക്കി യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിക്കുകയും, ചാരിറ്റി ഈവന്റ് എന്നനിലയിൽ നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങുകയും ചെയ്ത 7 ബീറ്റ്‌സ് സംഗീതോത്സവ വേദിക്കു ‘ഹെൽത്ത് ആൻഡ് സേഫ്റ്റി’ സാങ്കേതികത്വ കാരണങ്ങളാൽ മാറ്റം വരുത്തി. സ്റ്റീവനേജിനടുത്ത വിശാലമായ ഓഡിറ്റോറിയവും, മറ്റു സവിശേഷതകളും, പാർക്കിങ്ങ് സൗകര്യവുമുള്ള വെൽവിൻ സിവിക്ക് സെന്ററിലേക്കാണ് വേദി മാറ്റിയിരിക്കുന്നത്. സൗജന്യപ്രവേശനം നൽകുന്ന സെവൻ ബീറ്റ്സിന്റെ സീസൺ 7 മുൻ നിശ്ചയപ്രകാരം ഫെബ്രുവരി 24 നു ശനിയാഴ്ച തന്നെ അരങ്ങേറും.
7 ബീറ്റ്സിന്റെ സംഗീത-നൃത്ത അരങ്ങുകൾ കലാസ്വാദകർക്കിടയിൽ നേടിയ സ്വീകാര്യതയിൽ ഏഴാം വർഷത്തിലേക്കുള്ള ജൈത്ര യാത്രയിൽ അതിന്റെ സീസൺ 7 നു ഇത്തവണ പങ്കാളിളാവുക പ്രമുഖ സാസ്കാരിക-സാമൂഹിക മലയാളി കൂട്ടായ്‌മയായ “സർഗ്ഗം സ്റ്റീവനേജ്” ആണ്.
മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി പാവന സ്മരണയും സംഗീതാദദരവും, തദവസരത്തിൽ അർപ്പിക്കും.
യു കെ യിലേ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ ആംഗറിങ്ങിൽ താരശോഭ ചാർത്തിയിട്ടുള്ള കലാകാരായ സാലിസ്ബറിയിൽ നിന്നുള്ള പപ്പൻ, ലൂട്ടനിൽ നിന്നുള്ള വിന്യാ രാജ്, വെയിൽസിൽ നിന്നുള്ള അരുൺ കോശി, ലണ്ടനിൽ നിന്നുള്ള ജിഷ്മാ മെറി എന്നിവർ സദസ്സിനെ തങ്ങളുടെ സരസവും ആകർഷകവുമായ വാക്‌തോരണിയിലൂടെ കയ്യിലെടുക്കും.
സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്തനൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന ചുവടുകളും, ഭാവപകർച്ചകളും, മുദ്രകളും, ഒപ്പം സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന ആകർഷകങ്ങളായ വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുള്ള സുവർണ്ണാവസരമാവും വേദി സമ്മാനിക്കുക.
യു കെ യിൽ നിരവധി പുതുമുഖ ഗായകർക്കും കലാകാർക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവും പ്രതിഭയും തെളിയിക്കുവാൻ അവസരം ഒരുക്കിയിട്ടുള്ള സെവൻ ബീസ്റ്റ്സ് സംഗീതോത്സവത്തിൽ ‘സ്റ്റീവനേജിന്റെ സ്വന്തം ശിങ്കാരി മേളം’ അടക്കം വിവിധ കലാവിസ്മയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക.
7 ബീറ്റ്‌സ് സംഗീതോത്സവത്തിൽ ഏഴാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്. ഡൂ ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ്, കറി വില്ലേജ് കാറ്ററേഴ്‌സ് & റെസ്റ്റോറന്റ് സ്റ്റീവനേജ്, ജോയി ആലുക്കാസ്,മലബാർ ഗോൾഡ് , ടിഫിൻ ബോക്സ് എന്നിവരും 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു പ്രയോജകരായി ഈ ചാരിറ്റി ഇവന്റിന് സപ്പോർട്ട് ചെയ്യുന്നുണ്ട്.
7 ബീറ്റ്‌സ്-സർഗ്ഗം സംയുക്ത കലാനിശ അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്നാവും ആസ്വാദകർക്കായി ഒരുക്കുക. യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാൽമക പ്രതിഭയുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു മെഗാ കലാ വിരുന്നാവും സ്റ്റീവനേജ് വെൽവിനിൽ ഒരുങ്ങുക. സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977
വേദിയുടെ വിലാസം:
CIVIC CENTRE ,WELWYN , STEVENAGE,
AL6 9ER
സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തിലെത്തിയ ‘ഫൈറ്റര്‍’ സിനിമക്കെതിരെ വക്കീല്‍ നോട്ടീസ്. ഹൃത്വിക് റോഷന്റെയും ദീപിക പദുക്കോണിന്റെയും കഥാപാത്രങ്ങള്‍ യൂണിഫോമില്‍ ചുംബിക്കുന്ന രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അസം സ്വദേശിയും വ്യോമസേനാ വിംഗ് കമാന്ററുമായ സൗമ്യ ദീപ് ദാസാണ് സിനിമക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. യൂണിഫോം ധരിച്ച് ചുംബിക്കുന്ന രംഗത്തിലൂടെ വ്യോമസേനയെ അപമാനിക്കുന്നുവെന്നാണ് ആരോപണം.
ഇന്ത്യന്‍ വ്യോമസേനയുടെ യൂണിഫോം വെറും വസ്ത്രമല്ല. ദേശ സുരക്ഷയുടെയും നിസ്വാര്‍ഥ സേവനത്തിന്റെയും ധീരതയുടെയും അച്ചടക്കത്തിന്റെയും ത്യാഗത്തിന്റെയും അടയാളമാണിത്. ഫൈറ്ററിലെ ചുംബനരംഗം വ്യോമസേനയ്ക്ക് അപമാനമാണ്. ദേശത്തെ സ്‌നേഹിക്കുന്ന തങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നു. യൂണിഫോം ധരിച്ചുകൊണ്ട് നടത്തുന്ന ഇത്തരം ചെയ്തിങ്ങള്‍ മൂല്യത്തിന് നിരക്കാത്തതാണ്- നോട്ടീസില്‍ പറയുന്നു.
വ്യോമസേനാ സംഘം ഭീകരാക്രമണത്തെ നേരിടുന്നതാണ് സിനിമയുടെ ഇതിവൃത്തം. യുദ്ധ വിമാനത്തിന്റെ പൈലറ്റുമാരായ ഷംഷേര്‍ പത്താനിയ, മിനാല്‍ റാത്തോഡ് എന്നീ കഥാപാത്രങ്ങളെ യഥാക്രമം ഹൃത്വിക് റോഷനും ദീപിക പദുക്കോണും അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയപ്പോഴും വ്യോമസേനയെ അപമാനിച്ചുവെന്നാരോപിച്ച് ചിലര്‍ രംഗത്ത് വന്നിരുന്നു. ഹൃത്വികിന്റെയും ദീപികയുടെയും കഥാപാത്രങ്ങളുടെ ഒരു ഇന്റിമേറ്റ് രംഗത്തില്‍ ദീപിക മോണോക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ഒരു വിഭാഗം രംഗത്ത് വന്നത്.
ഷാരൂഖ് ഖാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഫൈറ്റര്‍’. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ 300 കോടി പിന്നിട്ടു കഴിഞ്ഞു. ഹൃത്വിക്, ദീപിക എന്നിവരെക്കൂടാതെ അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്ലിക്സ് പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മാണം. വിശാല്‍-ശേഖര്‍ കോമ്പോയാണ് സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം. ഷാരൂഖ് ഖാന്റെ ‘പഠാന്റെ’യും ഛായാഗ്രാഹകന്‍ സത്ചിതായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ഹൈക്കോടതിയില്‍. നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു.
വിചാരണ കോടതി അന്വേഷണം പൂർത്തിയാക്കിയിട്ടും റിപ്പോർട്ടിലെ കണ്ടെത്തല്‍ എന്തെന്ന് അറിയിച്ചില്ലെന്നും പകർപ്പ് ഹർജിയില്‍ പറയുന്നു. അന്വേഷണം നടത്തിയ ജില്ലാ സെഷൻസ്‍ ജഡ്ജിക്ക് ഈ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ നിർദേശം നല്‍കണം എന്നാണ് അതിജീവിതയുടെ ആവശ്യം.
ജനുവരി തുടക്കത്തില്‍ തന്നെ ഈ വിഷയത്തില്‍ അന്വേഷണം പൂർത്തിയായിരുന്നു. അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹർജിക്കാരിയായ അതിജീവിതയോട് കോടതി നിർദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹർജി.
ശ്രീകുമാരി അശോകൻ
പുഴവന്നു മാടിവിളിക്കുന്നു വീണ്ടുമാ
പഴയ ഓർമ്മതൻ കൂട്ടിലേക്കെന്തിന്
കുഞ്ഞുറുമ്പ് വരിവച്ചു പോകുമാ
പൂഴിമണ്ണിന്റെ മാറിലേക്കിന്നിതാ
മഞ്ചാടി വാരിയെറിഞ്ഞു കളിച്ചയാ
കരിവളയിട്ട നനുത്ത കരങ്ങളെ
കൈതോലത്തുമ്പിന്റെ കെട്ടഴിച്ചീടുമ്പോൾ
ചോര പൊടിഞ്ഞൊരാ തളിരണി വിരലിനെ
മഞ്ഞമന്ദാര ചോട്ടിലെന്നോരത്ത്
ചാഞ്ഞിരുന്നൊരാ പാവാടക്കാരിയെ
ആറ്റുവഞ്ചി പൂവുമായ് വന്നെന്റെ
കവിളിൽ പ്രണയം വരച്ച നിമിഷങ്ങളെ
പുഴയരികിലെ കുളമാവിൻ ചോട്ടിലെൻ
ഹൃദയം കവരുവാനെത്തിയ പെണ്ണിനെ
പ്രണയമെത്ര നനുത്ത വികാരമെന്നെന്റെ
ചെവിയിൽ നുള്ളി പതിയെ പറഞ്ഞോളെ
ഇനിയുമെത്ര ജന്മമെടുത്താലും ഞാൻ
നിന്റേതുമാത്രമെന്നോതി മറഞ്ഞോളെ
ഇന്നീ തീരത്ത് കാണുവാനാകുമോ
ഇനിയും സ്വപ്‌നങ്ങൾ പങ്കിടാനാകുമോ
മറവി വന്നു മറച്ച നിമിഷങ്ങളെ
വിരലു തൊട്ടോന്നുണർത്തുവാനാകുമോ
പഴകി പോയൊരെൻ ഓർമചെരാതിൽ
പ്രത്യാശതൻ തിരിതെളിക്കുവാനാകുമോ.
വിവാഹം കഴിഞ്ഞ് 11-ാം ദിവസം ഭര്‍ത്താവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ ഭാവ്നഗര്‍ ജെസാര്‍ സ്വദേശി വാജു ഗോഹില്‍(33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ വാജു ഗോഹിലിന്റെ ഭാര്യ ദീപിക വാസവയെ വീട്ടില്‍നിന്ന് കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് വാജു ഗോഹിലിനെ വീടിന് മുന്നിലെ കട്ടിലില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വാജുവിന്റെ ഭാര്യ ദീപികയാണ് കൃത്യം നടത്തിയതെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തിന് പിന്നാലെ യുവതിയെ വീട്ടില്‍നിന്ന് കാണാതായിട്ടുണ്ട്.
ഉച്ഛല്‍ സ്വദേശിയായ ദീപികയും വാജു ഗോഹിലും ജനുവരി 25-നാണ് വിവാഹിതരായത്. ജെസാര്‍ ഗാവനിലെ വീട്ടിലായിരുന്നു ഇവരുടെ താമസം. ഞായറാഴ്ച രാത്രിയാണ് ദീപിക ഭര്‍ത്താവിനെ ആക്രമിച്ചശേഷം വീട്ടില്‍നിന്ന് കടന്നുകളഞ്ഞത്. വിവരമറിഞ്ഞ് സഹോദരന്‍ പ്രവീണ്‍ ഗോഹില്‍ വീട്ടിലെത്തിയപ്പോള്‍ മരത്തിന് ചുവട്ടിലെ കട്ടിലില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് വാജു ഗോഹിലിനെ കണ്ടെത്തിയത്.
വിവാഹം കഴിഞ്ഞ ആദ്യദിവസം മുതല്‍ ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായാണ് സഹോദരന്‍ പ്രവീണ്‍ പോലീസിന് നല്‍കിയ മൊഴി. തര്‍ക്കത്തിനിടെ ദീപിക തന്റെ സഹോദരനെ ആക്രമിച്ചെന്നാണ് സംശയിക്കുന്നതെന്നും തലയ്ക്ക് പരിക്കേറ്റാണ് സഹോദരന്‍ മരിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.
കോട്ടയം: മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിന് വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി പിസിഎൽ) സിഎസ്ആർ ഫണ്ടിൽ നിന്ന് 68.45 ലക്ഷം അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി അറിയിച്ചു. ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തോമസ് ചാഴികാടൻ എംപി ബിപിസിഎൽ കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഭയരാജ് സിംഗ് ഭണ്ഡാരിക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്.
തീവ്ര പരിചരണ വിഭാഗത്തിന് അടിയന്തിരമായി 5 വെന്റിലേറ്ററുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എംപിക്ക് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പി. കെ ജയകുമാർ നിവേദനം നൽകിയിരുന്നു. 5 പുതിയ വെന്റിലേറ്ററുകൾ കൂടി സ്ഥാപിക്കുന്നതോടെ മെഡിക്കൽ കോളേജിൽ എത്തുന്ന ആയിരക്കണക്കിന് രോഗികൾക്ക് പ്രയോജനകരമാകും. വെന്റിലേറ്റർ ക്ഷാമം മൂലം പലർക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നതും കുറയ്ക്കാൻ കഴിയും എന്ന് തോമസ് ചാഴികാടൻ അറിയിച്ചു.
നേരത്തെ എം പി യുടെ പരിശ്രമഫലമായി സെൻട്രൽ വെയർഹൗസിഗ് കോർപ്പറേഷന്റെ CSR ഫണ്ടിൽനിന്നും അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ വെരിക്കോസ് ലേസർ സർജറി മെഷീനും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ ഈ സംവിധാനം ഉള്ള ഏക മെഡിക്കൽ കോളേജ് ആണ് കോട്ടയത്തേത്. പുറത്ത് 3 ലക്ഷം വരെ ചെലവ് വരുന്ന ലേസർ ശസ്ത്രക്രിയ ഇവിടെ സൗജന്യം ആയാണ് നടത്തുന്നത്.
മികച്ച പാര്‍ലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസ് എം.പി.ക്ക്. പാര്‍ലമെന്റ് ചര്‍ച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ഇടപെടല്‍ തുടങ്ങി സഭാനടപടികളില്‍ പ്രകടിപ്പിച്ച പ്രാഗത്ഭ്യം മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്.
സീതാറാം യെച്ചൂരിക്ക് ശേഷം ഒരു സി.പി.എം. പാര്‍ലമെന്റേറിയനു കിട്ടുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. എന്‍.കെ. പ്രേമചന്ദ്രനു ശേഷം രണ്ടാമത്തെ മലയാളിക്കും.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ശരദ് പവാര്‍, മുലായം സിങ് യാദവ്, ശരദ് യാദവ്, ജയ ബച്ചന്‍, സുപ്രിയ സുലെ, എന്‍ഷികാന്ത് ദുബെ, ഹേമ മാലിനി, ഭാരതി പവാര്‍ തുടങ്ങിയവര്‍ക്കാണ് മുമ്പ് ലോക്മത് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്,
ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ ഡോ. സുഭാഷ് സി. കശ്യപ്, മുന്‍ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പുരസ്‌കാരം സമ്മാനിച്ചു.