Latest News

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥയെ വെടിവെച്ച കേസില്‍, യുവതിയുടെ ഭര്‍ത്താവിനെതിരേ പീഡനപരാതിയുമായി പ്രതിയായ വനിതാ ഡോക്ടര്‍. ഷിനിയുടെ ഭര്‍ത്താവ് സുജിത്ത് നായര്‍ ബലപ്രയോഗത്തിലൂടെ നിരവധി തവണ പീഡിപ്പിച്ചെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതായും ഡോക്ടര്‍ പരാതി നല്‍കി. തുടര്‍ന്ന് സുജിത്തിനെതിരേ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. പ്രതിയായ ഡോക്ടറെ മൂന്നു ദിവസം കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

2021-ല്‍ പാരിപ്പള്ളിയിലും കൊല്ലത്തും വെച്ച് ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ, ചോദ്യംചെയ്യലിനിടെ വനിതാ ഡോക്ടര്‍ പോലീസിനോടു പറഞ്ഞത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തുടര്‍ന്ന് സുജീത് മാലദ്വീപിലേക്ക് കടന്നുകളഞ്ഞെന്നും വനിതാ ഡോക്ടറുടെ മൊഴിയിലുണ്ട്. ഇക്കാലയളവില്‍ വനിതാ ഡോക്ടറും സുജിത്തും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഒരുമിച്ചു ജോലിചെയ്തിരുന്നു. സുജീത്തുമായുള്ള സൗഹൃദം ഇല്ലാതായതിന്റെ പകയും നിരാശയുമാണ് ഷിനിക്ക് നേരെയുള്ള ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. വനിതാ ഡോക്ടര്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രാക്ടിസ് ചെയ്യുമ്പോഴാണ് അവിടെ പിആര്‍ഒ ആയിരുന്ന സുജീത്തുമായി പരിചയപ്പെടുന്നത്.

സൗഹൃദം നടിച്ചെത്തിയാണ് സുജിത്ത് ബലപ്രയോഗത്തിലൂടെ പീഡനത്തിരയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. സൗഹൃദം തുടര്‍ന്ന് പലതവണ ചൂഷണംചെയ്തതായും പരാതിയുണ്ട്. പിന്നീട് സുജിത്ത് സൗഹൃദത്തില്‍നിന്നു പിന്മാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഇയാള്‍ ജോലിനേടി മാലദ്വീപിലേക്കു പോയി. പലതവണ സുജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തന്നെ മനഃപൂര്‍വം ഒഴിവാക്കിയാണ് ഇയാള്‍ മറ്റൊരിടത്തേക്കു കടന്നതെന്നും ഡോക്ടര്‍ സംശയിച്ചു. ഇതിലുള്ള വൈരാഗ്യത്തിലാണ് സുജിത്തിന്റെ ഭാര്യ ഷിനിയെ ഡോക്ടര്‍ ആക്രമിച്ചത്.

ശാരീരികബന്ധത്തിനു താത്പര്യമില്ലാതിരുന്നയാളെ ലൈംഗികമായി പീഡിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സുജിത്തിനെതിരേ പോലീസ് കേസെടുത്തിട്ടുള്ളത്. സുജിത്തിനെ അടുത്ത ദിവസം പോലീസ് ചോദ്യംചെയ്യും.

പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ. 2022 ജൂലൈ 6-ന് പുറപ്പെടുവിച്ചതും ഈ വർഷം ജൂണിൽ കാലഹരണപ്പെട്ടതുമായ കരട് വിജ്ഞാപനത്തിന് സമാനമാണ് പുതിയ വിജ്ഞാപനവും. ആറ് സംസ്ഥാനങ്ങളിലെ 56,800 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനാണ് നീക്കം.കേരളത്തിലെ 131 വില്ലേജുകൾ ഇതിൻ്റെ പരിധിയിൽ വരും. വയനാട്ടിൽ നിന്ന് 13 വില്ലേജുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ മുണ്ടക്കൈയിൽ 300ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഉരുൾപൊട്ടലിന് പിന്നാലെയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയത്. ഇത് അഞ്ചാം തവണയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കുന്നത്. പലതവണ ചർച്ചകൾ നടന്നെങ്കിലും അന്തിമ വിജ്ഞാപനം പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല. 2023ൽ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടിയിരുന്നു. ഈ കാലാവധി ജൂണിൽ അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ വിജ്ഞാപനം ഇറക്കിയത്.

സിനിമാതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്ന പേരിലുള്ള വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ പിഴവുകൾ വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 2014ലാണ് താരം എറണാകുളം ചെമ്പുമുക്കിൽ വീട് നിർമിച്ചത്. എറണാകുളത്തെ പി.കെ. ടൈൽസ് സെൻറർ, കേരള എ.ജി.എൽ വേൾഡ് എന്നീ സ്ഥാനങ്ങളാണ് നഷ്ട പരിഹാരം നൽകേണ്ടത്.

എറണാകുളം ചെമ്പുമുക്കിൽ 2014ലാണ് ഹരിശ്രീ അശോകൻ വീട് പണിതത്. മേല്പറഞ്ഞ സ്ഥാപനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ വിരിക്കുകയും ചെയ്തിരുന്നു. എൻ എസ് മാർബിൾ വർക്സിൻ്റെ ഉടമ കെ എ പയസിൻ്റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്.

വീടിൻ്റെ പണികൾ പൂർത്തിയായി നാല് വർഷം എത്തിയപ്പോൾ തറയോടുകളുടെ നിറം മങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ എത്താൻ തുടങ്ങുകയും ചെയ്തു. 2018 ഫെബ്രുവരിയിൽ നോട്ടീസ് അയച്ചത് അടക്കം എതിർകക്ഷികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് നടൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 300 കടന്നു.ഇന്ന് 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്.ഇതോടെ മരണസംഖ്യ 314 ആയി. തെരച്ചിൽ പുരോഗമിക്കുമ്പോൾ ഇനിയും 200 ലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം.വെള്ളാർലേ സ്‌കൂളിന് സമീപത്ത് വ്യാപക പരിശോധന നടക്കുകയാണ്. ഒറ്റപ്പെട്ടുപോയ നാലുപേരെ സൈന്യം തെരച്ചിലിൽ കണ്ടെത്തി.

ദുരന്തം 49 കുട്ടികളെ ബാധിച്ചതായി വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. 28 കുട്ടികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 206 പേരെക്കുറിച്ച് ഇപ്പോഴും ഒരു വിവരവും കിട്ടിയിട്ടില്ല. 130 ശരീരഭാഗങ്ങളുടെ ഡിഎൻഎ ടെസ്റ്റ് നടത്തും. കാണാതായവരെ മൊബൈൽ ലൊക്കേഷൻ നോക്കി കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. രണ്ടു സ്‌കൂളുകൾ തകർന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച തീരുമാനം പിന്നീട് എടുക്കും.

നാലാം നാൾ ഒമ്പത് മൃതദേഹങ്ങളും അഞ്ച് ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. 116 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആറു സോണുകളായി തിരിഞ്ഞ് തെരച്ചിൽ നടക്കുകയാണ്. വെള്ളാർമല സ്‌കൂളിന്റെ പരിസരം കേന്ദ്രീകരിച്ചും ചാലിയാറിലും ഇരുവഴിഞ്ഞി പുഴയിലുമെല്ലാം തെരച്ചിൽ നടക്കുകയാണ്. രക്ഷാപ്രവർത്തനത്തിനിടയിലും കനത്തമഴ തുടരുകയാണ്.

തിരിച്ചറിയാൻ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചിട്ടുള്ളത്. മേപ്പാടി പ്രകൃതി ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ സാധിക്കാത്ത ഭൗതികശരീരങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളിൽ സംസ്‌കരിക്കും. കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. ശരീരഭാഗങ്ങളെയും മൃതദേഹമായിട്ടാണ് കണക്കെടുക്കുമ്പോൾ പരിഗണിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പൗലോസ് കുയിലാടൻ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ലഘുചിത്രം ‘തന്ത’ യുകെയിൽ റിലീസ് ചെയ്തു. ജൂലൈ 27 ന് ലീഡ്സിലെ സെൻ്റ്. വിൽഫ്രിഡ്സ് ചർച്ച് ഹാളിൽ സീറോ മലബാർ സഭ ലീഡ്സ് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം , ഫാ. ആഡ്രൂസ് ചെതലൻ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ റിലീസ് കർമ്മം ഔദ്യോഗികമായി നിർവ്വഹിച്ചു. ഫാ. ജോസഫ് വാളുപറമ്പിൽ, നടനും സംവിധായകനുമായ ജേക്കബ് കുയിലാടൻ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
പ്രശസ്ത സിനിമാ സംവിധായകൻ ജോസ് തോമസിൻ്റെ യൂ ടൂബ് ചാനലായ ജോസ് തോമസ് എൻ്റെടൈൻമെൻ്റ്ലൂടെയാണ് ഈ ലഘുചിത്രം റിലീസ് ചെയ്തത്. പൂർണ്ണമായും സംവിധായകൻ ജോസ് തോമസ്സിൻ്റെ മേൽനോട്ടത്തിലാണ് ഈ ലഘുചിത്രം അണിഞ്ഞൊരുങ്ങിയത്.

സ്വപ്ന ജീവികളായവരെ ഹാസ്യാത്മകമായി ചൂണ്ടിക്കാണിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് പൗലോസ് കുയിലാടനാണ്. 46 വർഷം നാടകരംഗത്ത് പ്രവർത്തിച്ച് പരിചയമുള്ള പൗലോസ് കുയിലാടൻ കേരളത്തിലും അമേരിക്കയിലും നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പൗലോസ് കുയിലാടൻ അമേരിക്കൻ മലയാളികളുടെ ഫോമ മുതലായ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.

അഞ്ചന അപ്പുക്കുട്ടൻ, പാർവ്വതി, അവിനാശ്, ജോഹാൻ ജോസ് തോമസ്സ് എന്നിവർ പ്രധാന വേഷമിടുന്നു. ഹെൽത്ത് ആൻ്റ് ആട്സ് യു എസ് എ പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിച്ച ചിത്രം സംവിധായകൻ ജോസ് തോമസാണ് പ്രേക്ഷകരുടെ മുമ്പിലെത്തിക്കുന്നത്. എബി വർഗ്ഗീസ് തിരക്കഥയും ആദർശ് ഛായാഗ്രഹണവും നിർവ്വഹിച്ചു. പശ്ചാത്തല സംഗീതം : സുരേഷ് നന്ദൻ, എഡിറ്റർ: ജിബിൻ ജെയിംസ്, കോസ്റ്റ്യൂം ഡിസൈനർ : സിന്ധു, കലാസംവിധാനം : മാത്യൂസ്, മേക്കപ്പ് : ധർമ്മൻ, സൗണ്ട് ഡിസൈൻ: ബാലു, മെട്രോ ഡി.ഐ: മഡ് ഹൗസ്, ഡിസൈൻ: മീഡിയാ വോ ഫാക്ടർ , വാർത്താ പ്രചരണം: റഹിം പറവൂർ എന്നിവരും നിർവ്വഹിച്ചു. കോട്ടയം, കുറവിലങ്ങാട്ടായിരുന്നു ചിത്രീകരണം നടന്നത്.

അത്യധികം ആവേശകരമായ പ്രതികരണമാണ് തന്ത എന്ന ലഘുചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജൂലൈ 27 ന് ലീഡ്സിൽ വെച്ചു നടന്ന ചിത്രത്തിൻ്റെ റിലീസ് കർമ്മങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഹരീഷ് ദാസ്, ബെന്നി വേങ്ങച്ചേരിൽ, ജേക്കബ് കുയിലാടൻ എന്നിവർ ചേർന്നാണ്. ചിത്രത്തിൻ്റെ പൂർണ്ണരൂപം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/heEjfWYVs0Y?si=835DvmolkDxw5laJ

 

ജോബി തോമസ്

ലണ്ടൻ: ‘ദിവ്യ കുടുംബം’ ആൽബത്തിലെ അനുഗ്രഹീത ഗായകൻ കെസ്റ്റർ ആലപിച്ച ആദിയിൽ താതൻ..നിനച്ച പോലെ..എന്ന ഏറ്റവും പുതിയ കുടുംബ ഗാനം തരംഗമാകുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഈ ഗാനത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചത്.

വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ പരസ്പര സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പാതകളിലൂടെയാണ് കുടുംബജീവിതം കെട്ടിപ്പടുക്കേണ്ടതെന്നും തകരുന്ന കുടുംബ ജീവിതങ്ങളുടെ അടിസ്ഥാന കാരണം ദൈവവിശ്വാസരാഹിത്യമാണെന്നും മാർ ജോസഫ് സ്രാമ്പിക്കൽ സൂചിപ്പിച്ചു. ഡോ. അജി പീറ്ററിന്റെ വിശ്വാസത്തിന്റെയും വചനപ്രഘോഷകൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾകൊണ്ടുമാണ് മറ്റുള്ളവർക്ക് പ്രചോദനമാകുന്ന രീതിയിൽ ഇത്തരത്തിലുള്ള ഒരു സംഗീത ആൽബം ചെയ്യുവാൻ ഇടയാക്കിയതെന്നും ഏതൊരു തകർച്ചക്കും ദൈവവിശ്വാസത്താലും ദൈവിക ഇടപെടലുകൾ കൊണ്ടും മോചനം ലഭിക്കുമെന്നുമുള്ള വലിയ സന്ദേശം ഈ ആൽബത്തിലൂടെ നൽകുവാൻ കഴിഞ്ഞതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ എടുത്തു പറഞ്ഞു. ഈ ഗാനത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ഡോ. അജി പീറ്ററിനെയും പിന്നണിയിൽ പ്രവർത്തിച്ച മുഴുവനാളുകളെയും അഭിനന്ദിക്കുന്നതിനോടൊപ്പം സമൂഹത്തിൽ നല്ല സന്ദേശങ്ങൾ നൽകുന്ന ഇത്തരത്തിലുള്ള നല്ല കലാസൃഷ്ടികൾ ഡോ. അജി പീറ്ററിന് വീണ്ടും ചെയ്യുവാൻ ഇടയാകട്ടെയെന്നും മാർ സ്രാമ്പിക്കൽ ആശംസിച്ചു.

മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോകകേരള സഭാംഗവും ‘ദിവകുടുംബം’ ആൽബത്തിന്റെ ക്രിയേറ്റീവ് കോഡിനേറ്ററുമായ സി എ ജോസഫ് വിശിഷ്ടാതിഥികളെ പ്രകാശന ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.

കോട്ടയം ഗുഡ്ന്യൂസ് ധ്യാനകേന്ദ്രം ഫൗണ്ടർ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ, ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാനും ആനന്ദ് ടീവി മാനേജിംഗ് ഡയറക്ടറും ലോകകേരള സഭാംഗവുമായ എസ്. ശ്രീകുമാർ, കലാഭവൻ ലണ്ടൻ ഡയറക്ടറും യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ ജയ്സൺ ജോർജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ബേസിംഗ്സ്റ്റോക്ക് ബറോ മുൻ കൗൺസിലറും ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും ആത്മീയ പ്രഭാഷകനും ‘ദിവകുടുംബം’ ആൽബത്തിലെ ഗാനങ്ങളുടെ രചയിതാവും സംവിധായകനുമായ ഡോ. അജി പീറ്റർ എല്ലാവർക്കും കൃതജ്ഞത പ്രകാശിപ്പിച്ചു.

യുക്മ കലാഭൂഷണം അവാർഡ് ജേതാവും കലാസാംസ്‌കാരിക പ്രവർത്തകയുമായ ദീപാ നായർ അവതാരകയായി എത്തി ചടങ്ങിനെ സമ്പന്നമാക്കി. മലയാളം മിഷൻ യു കെ മിഡ്‌ലാൻഡ്‌സ് കോർഡിനേറ്ററും ലോകകേരള സഭാംഗവുമായ ആഷിക്ക് മുഹമ്മദ് പ്രകാശ ചടങ്ങിന് വേണ്ട ടെക്നിക്കൽ സപ്പോർട്ട് നൽകി.

ദൈവസ്നേഹം തുളുമ്പുന്ന ‘ദിവ്യ കുടുംബം’ എന്ന സംഗീത ആൽബത്തിലെ ഭക്തിസാന്ദ്രമായ ഗാനങ്ങൾ അതീവ മനോഹാരിതയിൽ ദൃശ്യാവിഷ്കരണം നൽകിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ശ്രീമതി ജോളി പീറ്റർ നിർമ്മാണവും സാംജി ആറാട്ടുപുഴ സംഗീതവും ഡീജോ പി വർഗ്ഗീസ് എഡിറ്റിംഗും ജോസ് ആലപ്പി സിനിമോട്ടോഗ്രാഫിയും നിർവ്വഹിച്ചിട്ടുള്ള ഈ സംഗീത ആൽബം നിരവധി ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു. മികച്ച അഭിപ്രായവുമാണ് രേഖപ്പെടുത്തുന്നത്.

കുടുംബ ജീവിതത്തിൽ ദമ്പതികൾ തമ്മിൽ പരസ്പര സ്നേഹവും ബഹുമാനവും ഐക്യവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഗീത ആൽബത്തിലെ ഗാനങ്ങളിലൂടെയും അവയുടെ ദൃശ്യ ആവിഷ്കാരത്തിലൂടെയും ഡോ അജി പീറ്റർ തുറന്നു കാണിക്കുന്നത്. കുടുംബം എന്നത് സ്നേഹം കൊണ്ടും പങ്കുവയ്ക്കൽ കൊണ്ടും പടുത്തുയർത്തുന്ന ചെറിയ ഒരു ലോകമാണെന്നും പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും ആ ലോകത്തെ സുന്ദരമാക്കാൻ ഓരോ കുടുംബാംഗങ്ങളും പ്രത്യേകിച്ച് ദമ്പതികളും പരിശ്രമിക്കേണ്ടതാണെന്നും എല്ലാവരെയും ഈ സംഗീത ആൽബം ഓർമ്മപ്പെടുത്തുന്നു.

വെർച്വൽ പ്ലാറ്റ്ഫോം ആയ സൂമിലൂടെ നടത്തിയ ‘ദിവ്യ കുടുംബം’ ആൽബം പ്രകാശന ചടങ്ങ് ലൈവ് ആയി ലണ്ടൻ കലാഭവൻ ഫേസ്ബുക്ക് പേജിലൂടെ സംപ്രേഷണം ചെയ്തിരുന്നു.

കെസ്റ്റർ ആലപിച്ച ആദിയിൽ താതൻ..നിനച്ച പോലെ.. എന്ന ഏറ്റവും പുതിയ കുടുംബ ഗാനത്തിന്റെ വീഡിയോ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം എൽ എ യുമായ ചാണ്ടി ഉമ്മൻ ഇന്ന് രാവിലെ 9 മണിക്ക് ശിവഗിരി മഠത്തിന്റെ ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ അഫിലിയേറ്റഡ് സെന്റർ ആയ യു കെ യിലെ ശിവഗിരി ആശ്രമം സന്ദർശിച്ചു. മനുഷ്യത്വമാണ് ഏക മതം എന്ന വിശ്വസിക്കുന്ന ഏവർക്കും യു കെ യിലും സ്ഥാനം ഉണ്ട് എന്ന് കാണുമ്പോൾ അതിയായ സന്തോഷം ഉണ്ടെന്നും ഇന്ത്യയ്ക്ക് വെളിയിലുള്ള ശിവഗിരി ആശ്രമത്തിന്റെ അഭിലേറ്റർ സെന്ററിൽ സന്ദർശിക്കാൻ കഴിഞ്ഞതു മഹാഭാഗ്യമായി കരുതുന്നു. ഗുരുദേവ ദർശനങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുവാൻ ഈ ആശ്രമത്തിന് കഴിയട്ടെ എന്നും ചാണ്ടി ഉമ്മൻ ആശംസിച്ചു. യു കെ യിലെ ശിവഗിരി ആശ്രമത്തിന്റെ പ്രതിഷ്ഠ ചടങ്ങു നടക്കുന്ന സമയത്തു പങ്കെടുക്കാം എന്ന് ഉറപ്പു നൽകുകയും ചെയ്തു.

 

ഇന്ന് രാവിലെ 9:30ക്ക്‌ ആശ്രമത്തിൽ എത്തിയ ചാണ്ടി ഉമ്മനെ സേവനം യു കെ ചെയർമാൻ ശ്രീ ബൈജു പാലയ്ക്കൽ, കൺവീനർ ശ്രീ സജീഷ് ദാമോദരൻ സേവനം യുകെ ഡയറക്ടർ ബോർഡ് മെമ്പേഴ്സ്, നാഷണൽ എക്സിക്യൂട്ടീവ് മെമ്പേഴ്സ്, കുടുംബയൂണിറ്റ് , യുവധർമ്മ സേന ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

 

വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ.ദുരന്തത്തിന് ഇരയായവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഖത്തിൽ പങ്കു ചേരുന്നുവെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ബൈഡൻ പറഞ്ഞു.

ഈ വിഷമഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം അമേരിക്കയുണ്ടാകും. രക്ഷാദൗത്യത്തിൽ ഏർപ്പെട്ട സൈന്യത്തിൻറെയും നാട്ടുകാരുടെയും ധീരത പ്രശംസനീയമാണെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

ഇതുവരെ 291 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തെരച്ചിൽ നടക്കും. ബെയ്‍ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലൻസുകളും എത്തിക്കും. ഇന്ന് ദുരന്ത മേഖലയിൽ തെരച്ചിൽ കൂടുതൽ ഊർജിതമാക്കും.

ആറ് സോണുകളായി തിരിച്ചാണ് ഇന്ന് പരിശോധന നടക്കുക. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തെ സോണും ആണ്. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണുമാണ്. പുഴയുടെ അടിവാരം ആറാമത്തെ സോണാണ്.

സൈന്യം, എൻഡിആർഎഫ്, ഡിഎസ്‌ജി, കോസ്റ്റ് ഗാർഡ്, നേവി, തുടങ്ങിയ വിഭാഗങ്ങൾ സംയുക്തമായാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനം വകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഇതുകൂടാതെ, ചാലിയാർ പുഴയുടെ 40 കിലോമീറ്ററിൽ പരിധിയിൽ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും തെരച്ചിൽ തുടരും.

സംസ്ഥാനത്ത് ഇന്നും വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ ഈ സമയത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കോഴിക്കോട്, മലപ്പുറം ആലപ്പുഴ ഇടുക്കി, എറണാകുളം കോട്ടയം പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിൽ ഇപ്പോൾ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

അതാത് സമയത്തെ കാലാവസ്ഥ അറിയിക്കുന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നൗ കാസ്റ്റ് മുന്നറിയിപ്പിൽ ആണ്. ഈ ഓറഞ്ച് അലർട്ട്. ഓരോ മൂന്ന് മണിക്കൂറിലും ഇതിൽ മാറ്റം വരും. ബാക്കി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശം ഉണ്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം എന്നും അറിയിപ്പ് ഉണ്ട്. ജലാശയങ്ങളിൽ ഇറങ്ങരുത്. മുന്നറിയിപ്പുകൾ അവഗണിക്കരുത്. കേരളാ തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളിൽ കള്ളകടൽ മുന്നറിയിപ്പുണ്ട്.

ഇതെന്നെക്കൊണ്ടാകുന്ന ചെറിയ സഹായമാണ് വയനാട്ടിലെ ജനങ്ങൾക്കായി ഇപ്പോൾ ചെയ്തതെന്നും ആവശ്യം വരുമ്പോൾ ഇനിയും സഹായിക്കുമെന്നും നടൻ മമ്മൂട്ടി. എല്ലാവരും തങ്ങളെക്കൊണ്ട് സാധിക്കും പോലെ ഇവരെ സഹായിക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനിപ്പോൾ ഒരു ചെറിയ സംഖ്യയാണ് നൽകിയത്. വേണ്ടിവന്നാൽ ഇനിയും സാധിക്കുന്നതുപോലെ സഹായിക്കും. നമ്മളെപ്പോലെയുള്ള ആളുകളാണ് അവിടെ കഷ്ടപ്പെടുന്നത്. നമ്മളെ കൊണ്ട് സാധിക്കുന്നപോലെ എല്ലാവരും സഹായിക്കുക. രണ്ടു ദിവസം മുൻപുള്ള അവസ്ഥയല്ല അവരാരുടേയും ഇപ്പോൾ. ബന്ധുക്കളെ നഷ്ടപ്പെട്ട ആളുകളുടെ മാനസികാവസ്ഥ നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. എല്ലാം നഷ്ടപ്പെട്ടവരുടെ അവസ്ഥ നമുക്ക് വന്നാലേ മനസ്സിലാകൂ. നമ്മൾ അതറിഞ്ഞ് പ്രവർത്തിക്കുക. അവരവരാൽ കഴിയുന്നത് ചെയ്യുക. ഇത് ചെറിയൊരു ഇൻസ്റ്റാൽമെന്റാണ്. ആവശ്യം വരുമ്പോൾ ഇനിയും സഹായിക്കും’, മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളം കടവന്ത്ര റീജണൽ സ്പോർട്ട്സ് സെന്ററിലെ വയനാട് ദുരിതാശ്വാസ സഹായ ശേഖരണ കേന്ദ്രത്തിൽ നേരിട്ട് എത്തിയാണ് മമ്മൂട്ടി സ​ഹായം ഏൽപ്പിച്ചത്. സഹായധന ചെക്കുകൾ മമ്മൂട്ടിയിൽ നിന്ന് മന്ത്രി പി.രാജീവും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും ചേർന്ന് ഏറ്റുവാങ്ങി. മമ്മൂട്ടി 20 ലക്ഷം രൂപയും മകൻ ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും സംഭാവനയായി നൽകി.

വയനാട്ടിലെ ദുരന്തഭൂമിയിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന ഓരോരുത്തർക്കും ബിഗ് സല്യൂട്ടുമായി യുവതാരം ദുൽഖർ സൽമാൻ. ധീരതയുടെയും അർപണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ കാണുന്നതെന്ന് അദ്ദേഹം കുറിച്ചു.

‘ഐക്യദാർഢ്യത്തിന്റെയും ധീരതയുടെയും അർപണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടരെ ഞാൻ ഉള്ളുകൊണ്ട് ചേർത്തുപിടിക്കുന്നു. ദൈവം നിങ്ങളുടെ വേദന ശമിപ്പിക്കട്ടെ. സൈനിക ഉദ്യോഗസ്ഥർക്കും പ്രാദേശികതലത്തിൽ രക്ഷാപ്രവർത്തനത്തിനായെത്തുന്ന സന്നദ്ധപ്രവർത്തകർക്കും സഹായിക്കാൻ കരങ്ങൾ നീട്ടുന്ന ഓരോരുത്തർക്കും ബിഗ് സല്യൂട്ട്.

എന്തു സംഭവിച്ചാലും ഒറ്റക്കെട്ടായി നിൽക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുമെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് നമ്മൾ. വയനാടിനും കാലവർഷക്കെടുതിയിൽ നാശം വിതച്ച ഓരോ പ്രദേശത്തിനും എന്റെ പ്രാർഥനകൾ കൂടെയുണ്ടാകും’.– സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ദുൽഖർ സൽമാന്റെ കുറിപ്പ് .

Copyright © . All rights reserved