Latest News

പള്ളി വികാരി ചമഞ്ഞ് വീട്ടിലെത്തിയയാൾ വൃദ്ധയുടെ ഒരു പവന്റെ സ്വർണ വളയുമായി കടന്നു. പറവൂർ ഗലീലിയ പറയകാട്ടിൽ മേരി ഫ്രാൻസിസിന്റെ വളയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. മേരി ഫ്രാൻസിസ് മാത്രം വീട്ടിലുണ്ടായിരുന്ന സമയം പാന്റ്സും ഷർട്ടും ധരിച്ചെത്തിയ ഒരാൾ താൻ ഇറ്റലിയിലെ പള്ളി വികാരിയാണെന്ന് പരിചയപ്പെടുത്തി. വീടിന് ഐശ്വര്യമില്ലെന്നും മേരി ഫ്രാൻസിസിന് വളരെയധികം പ്രയാസങ്ങളുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഇത് മാറാൻ താൻ പ്രാർത്ഥന നടത്താമെന്ന് പറഞ്ഞ് മേരിയുടെ തലയിൽ കൈ കൊണ്ട് ഉഴിഞ്ഞ ശേഷം കൈയിൽക്കിടന്ന വള ഊരിയെടുത്തു. എന്തിനാണ് വള ഊരിയതെന്ന് ചോദിപ്പോൾ പ്രാർത്ഥനക്കാണെന്നും വൈകിട്ട് 5 മണിക്ക് തിരികെ നൽകാമെന്നും പറഞ്ഞ് ഇവിടെ നിന്ന് കടന്നുകളഞ്ഞു. വൈകിട്ട് ഇയാളെ കാണാതിരുന്നതിനെത്തുടർന്ന് മേരി ഫ്രാൻസിസ് പുന്നപ്ര സ്റ്റേഷനിൽ പരാതി നൽകി. സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

വെസ്റ്റ് യോർക്ക്ഷയറിലെ വെയ്ക്ഫീൽഡിൽ താമസിക്കുന്ന റോഷൻ കിടങ്ങന്റെ മാതാവ് തൃശ്ശൂർ വേലൂർ കിടങ്ങൻ ആന്റോയുടെ ഭാര്യയുമായ ഫിലോമിന (60 ) നിര്യാതയായി . മൃതസംസ്ക്കാരശുശ്രൂഷകൾ വേലൂർ സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിൽ വച്ച് തിങ്കളാഴ്ച (01-08-2022) ഉച്ചകഴിഞ്ഞ് 4 മണിക്ക് നടത്തപ്പെടും.

മക്കൾ :- റോഷൻ (യുകെ) , ബിന്ധിയ, പരേതനായ ജെറി.
മരുമക്കൾ :- സിജി (യുകെ) , ജോയ്

റോഷൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലിവര്‍പൂള്‍ : ഇംഗ്ലണ്ടിലെ നോര്‍ത്ത്‌ വെസ്റ്റ് കേന്ദ്രമാക്കി വേൾഡ്‌ മലയാളി കൗണ്‍സിലിന്റെ പുതിയ പ്രോവിന്‍സ്‌ രൂപീകരിച്ചു. കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി ആഗോള തലത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ രണ്ടാമത്തെ പ്രൊവിന്‍സിനാണ്‌ നോര്‍ത്ത്‌ വെസ്റ്റില്‍ തുടക്കമായത്‌. ജൂലൈ 24ന്‌ സൂം പ്ലാറ്റ് ഫോമിലൂടെ നടന്ന ചടങ്ങില്‍ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ ചെയര്‍മാന്‍ ശ്രീ ജോളി തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യൂറോപ്പ്‌ റീജിയന്‍ പ്രസിഡന്റ്‌ ശ്രീ ജോളി എം പടയാറ്റില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ വൈസ്‌ പ്രസിഡന്റ് ശ്രീ തോമസ്‌ അറമ്പന്‍കുടി നോര്‍ത്ത്‌ വെസ്റ്റ് ഇംഗ്ലണ്ട് പ്രോവിന്‍സിന്റെ രൂപീകരണം സംബന്ധിച്ച ഓദ്യോഗിക പ്രഖ്യാപനം നടത്തി. തുടര്‍ന്ന്‌ നോര്‍ത്ത്‌ വെസ്റ്റ് ഇംഗ്ലണ്ട്‌ പ്രൊവിന്‍സ്‌ ചെയര്‍മാന്‍ ശ്രീ ലിദീഷ്‌രാജ് പി തോമസ് നിയുക്ത ഭാരവാഹികളെ സദസ്സിന്‌ പരിചയപ്പെടുത്തി. തദവസരത്തില്‍ പ്രോവിന്‍സ്‌ രൂപീകരണത്തിന്‌ ഗ്ലോബല്‍ റീജിയണല്‍ ഭാരവാഹികളുടെ നിസീ മമായ സഹകരണത്തിന്‌ നന്ദി പറഞ്ഞിതിനൊപ്പം പ്രോവിന്‍സ്‌ രൂപീകരണത്തിന്‌ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ വേള്‍ഡ്‌ മെഡിക്കല്‍ ഫോറം പ്രസിഡന്റ്‌ ശ്രീ ജിമ്മി മൊയലന്‍ ലോനപ്പന്‌ നന്ദി പറയുകയും ചെയ്തു.

ശ്രീ പി സി മാത്യു, ശ്രീ ഗ്രിഗറി മേടയില്‍, ശ്രീ പിന്റോ കണ്ണംപള്ളി, ശ്രീ തോമസ്‌ കണ്ണങ്കേരില്‍, ശ്രീ ജോസ്‌ കുമ്പിളുവേലില്‍, ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍, ശ്രീ രാജു കുന്നക്കാട് , ശ്രീ ബാബു ചെമ്പകത്തിനാല്‍ തുടങ്ങിയവര്‍ പുതിയ പ്രോവിന്‍സിനും നിയുക്ത ഭാരവാഹികള്‍ക്കും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന്‌ ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ ഗോപാല പിള്ള നിയുക്ത ഭാരവാഹികള്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. യൂറോപ്പ്‌ റീജിയന്‍ സെക്രട്ടറി ശ്രീ ബാബു തോട്ടപ്പള്ളി നന്ദി പ്രകാശിപ്പിച്ചു. ശ്രീമതി മേഴ്‌സി തടത്തില്‍ മോഡറേറ്ററായിരുന്നു.

പുതിയ ഭാരവാഹികളായി ലിദീഷ്‌രാജ് പി തോമസ് (ചെയര്‍മാന്‍), ലിജി ജോബി (വൈസ്‌ ചെയര്‍മാന്‍), ഡോ. ബിന്റോ സൈമണ്‍ (വൈസ്‌ ചെയര്‍മാന്‍, സെബാസ്ററ്യൻ ജോസഫ്‌ (പ്രസിഡന്റ്‌ ), ഫെമി റൊണാള്‍ഡ്‌ തോണ്ടിക്കല്‍ (വൈസ്‌ പ്രസിഡന്റ്‌), ബിനു വര്‍ക്കി (വൈസ്‌ പ്രസിഡന്റ്‌), ആല്‍വിന്‍ ടോം (സെക്രട്ടറി) വിഷ്ണു നടേശന്‍ (ജോ. സെക്രട്ടറി), ലിന്റന്‍ പി ലാസര്‍ (ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത്‌ ഗണേശന്‍, വര്‍ഗീസ്‌ ഐപ്പ്‌, ജിനോയ്‌ മാടന്‍, സുനിമോന്‍ വര്‍ഗീസ്‌, ജിതിന്‍ ജോയി, ബെന്‍സണ്‍ ദേവസ്യ, ഷിബു പോള്‍ എന്നിവരാണ്‌ ഏക്ടിക്യൂട്ടിവ്‌ കമ്മറ്റി അഗംങ്ങള്‍. 1995 ലാണ്‌ ന്യുജഴ്‌സി ആസ്ഥാനമായി വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ രൂപീകൃതമായത്. ഈ വര്‍ഷം ജൂണ്‍ 23 മുതല്‍ 26 വരെ ബഹ്റൈനില്‍ നടന്ന പത്തൊന്‍പതാമത്‌ ഗ്ളോബല്‍ സമ്മേളനത്തിന്‌ ശേഷം ആദ്യമായി രൂപികരിക്കുന്ന പ്രൊവിന്‍സാണ്‌ ഇംഗ്ലണ്ടിലെ നോര്‍ത്ത്‌ വെസ്റ്റിലേത്‌.

 

വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കും ദാരുണാന്ത്യം. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇടുക്കി ചക്കുപള്ളം സ്വദേശികളായ ഇവർ പത്തു വർഷമായി പത്തനംതിട്ട കുമ്പനാട് ആണ് താമസിക്കുന്നത്. മരിച്ച ചാണ്ടി മാത്യു പാസ്റ്റർ ആണ്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഒരു ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന KL-01-AJ-2102 മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. 20 മിനിറ്റോളം കാർ വെള്ളത്തിൽ മുങ്ങിക്കിടന്നെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. പുറകിലുണ്ടായിരുന്ന കാർ കാണ്മാനില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചതനുസരിച്ച് നാട്ടുകാരാണ് ആദ്യഘട്ടത്തിൽ തിരിച്ചിൽ നടത്തിയത്. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന എത്തിയാണ് കാർ കരക്കെത്തിച്ചത്.

വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യഘട്ടത്തിൽ അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കാറിലുണ്ടായിരുന്നു വിദ്യാർത്ഥിനിയുടെ കോളേജ് ഐഡി കാർഡിലെ വിവരങ്ങളിൽ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. പരുമലയിലെ കോളേജിലെ വിദ്യാർത്ഥിനിയാണെന്ന് വ്യക്തമായതോടെ ഇതനുസരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

ആൺസുഹൃത്തിനൊപ്പം ഭാര്യയെ കണ്ടതിൽ രോഷം പൂണ്ട് ഭാര്യയെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. മരത്തിൽ കെട്ടിയിട്ട ശേഷമാണ് ക്രൂരമായി മർദ്ദിച്ചത്. സുഹൃത്തിനെ മറ്റൊരു മരത്തിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ ഖമേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭാര്യയെ കയറുകൊണ്ട് മരത്തിൽ കെട്ടിയിട്ട ശേഷം വടികൊണ്ട് അടിക്കുന്നതാണ് വീഡിയോയിൽ ഉളളത്. ഏഴു മണിക്കൂറോളം ഭർത്താവ് ഭാര്യയെ മരത്തിൽ കെട്ടിയിട്ടുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ ഭർത്താവും ഭർതൃസഹോദരനും ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ, ദേശീയ വനിതാ കമ്മിഷനും (എൻസിഡബ്ല്യു) കേസെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൻസിഡബ്ല്യു ചെയർപഴ്‌സൺ രേഖ ശർമ രാജസ്ഥാൻ ഡിജിപിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

തമിഴ്‌നാട് ക്ഷേത്രത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ വിഗ്രഹം വാഷിംഗ്ടണ്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്. 1929ല്‍ നാഗപട്ടണത്തെ കൈലാസനാഥ സ്വാമി ശിവന്‍ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ചോള രാജ്ഞി സെംബിയന്‍ മഹാദേവിയുടെ വെങ്കല വിഗ്രഹമാണ് വാഷിംഗ്ടണ്‍ ഡിസിയിലെ ഫ്രീര്‍ ഗാലറി ഓഫ് ആര്‍ട്ടില്‍ കണ്ടെത്തിയത്.

1929ല്‍ ഹാഗോപ് കെവോര്‍കിയന്‍ എന്ന വ്യക്തിയില്‍ നിന്നാണ് ഗാലറി അധികൃതര്‍ വിഗ്രഹം വാങ്ങുന്നത്. ഇതെത്ര തുകയ്ക്കാണെന്ന് അറിവില്ല. 1962ല്‍ കെവോകിയന്‍ അന്തരിച്ചു. ഇദ്ദേഹം ആരില്‍ നിന്നാണ് വിഗ്രഹം വാങ്ങിയതെന്ന കാര്യത്തില്‍ അന്വേഷണമാരംഭിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. 2015ല്‍ വിഗ്രഹം മ്യൂസിയത്തില്‍ കണ്ടുവെന്ന് രാജേന്ദ്രന്‍ എന്നയാളാണ് ആദ്യം വിവരം പോലീസിനെ അറിയിക്കുന്നത്. ഇദ്ദേഹമിക്കാര്യം ക്ഷേത്രം അധികൃതരുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.

പിന്നീട് കേസ് പോലീസിന്റെ ഐഡല്‍ വിംഗിന് കൈമാറി. ജയന്ത് മുരളി, പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍ ദിനകരന്‍, എന്നിവര്‍ കേസ് വേഗത്തിലാക്കുകയും പോലീസ് ഇന്‍സ്‌പെക്ടര്‍ ഇന്ദിരയുടെ കീഴിലുള്ള പ്രത്യേക സംഘത്തിന് കൈലാസനാഥ സ്വാമി ക്ഷേത്രത്തിലെ ശിലാ ലിഖിതങ്ങള്‍ കൈമാറുകയും ചെയ്തു. ക്ഷേത്രത്തില്‍ 60 വര്‍ഷത്തിലധികം വര്‍ഷം ജോലി ചെയ്തവരോട് അന്വേഷിച്ചാണ് വിഗ്രഹം ക്ഷേത്രത്തിലേത് തന്നെയെന്ന് സ്ഥിരീകരിക്കുന്നത്. വിഗ്രഹം ക്ഷേത്രത്തില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ചോളരാജവംശത്തിലെ ശക്തയായ രാജ്ഞിയായിരുന്നു സെംബിയന്‍ മഹാദേവി. ഭര്‍ത്താവായ കാന്തരാദിത്യന്റെ മരണ ശേഷം ഇവര്‍ രാജ്യത്ത് ക്ഷേത്രങ്ങള്‍ പണിയുന്നതിലും കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ ചെലുത്തി. പരമ്പരാഗത രീതിയിലുള്ള ഇഷ്ടികക്കെട്ടിടങ്ങള്‍ മാറ്റി ക്ഷേത്രങ്ങള്‍ ഗ്രാനൈറ്റ് ഉപയോഗിച്ച് നിര്‍മിക്കുന്നത് സെംബിയന്‍ മഹാദേവിയുടെ കാലത്താണ്. അറുപത് വര്‍ഷത്തിന് മുകളില്‍ ചോളരാജ്യം ഭരിച്ച രാജ്ഞിയുടെ വിഗ്രഹമാണ് കണ്ടെത്തിയിരിക്കുന്നത്.

പാപ്പൻ സിനിമ മികച്ച അഭിപ്രായങ്ങളുമായി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. സുരേഷേ ഗോപിയും മകൻ ഗോകുൽ സുരേഷും സ്‌ക്രീൻ പങ്കുവെയ്ക്കുന്നു എന്ന പ്രത്യേകതയും ഉണ്ട് ഈ ചിത്രത്തിന്. ഇതിനിടെ, സിനിമയെക്കുറിച്ചും അച്ഛനുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ഗോകുൽ സുരേഷ് മനസ് തുറന്നിരിക്കുകയാണ്.

സിനിമ ആസ്വദിച്ചുതുടങ്ങിയ കാലംമുതൽ അച്ഛന്റെ ഫാൻബോയ് ആണ് താനെന്നാണ് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗോകുൽ പറയുന്നത്. ഇപ്പോൾ ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ്.

ശരിക്കും ഞാനൊരു പൃഥിരാജ് ഫാനാണ്. തലപ്പാവ്, വാസ്തവം മുതൽ രാജുച്ചേട്ടന്റെ അത്ര ഹിറ്റാവാത്ത ഇടിപ്പടങ്ങൾവരെ എല്ലാം കണ്ടിട്ടുണ്ട്. രജനികാന്തിനേയും ഇഷ്ടമാണെന്നും തമിഴ് സിനിമകളും ആവേശത്തോടെ കാണാറുണ്ടെന്നും ഗോകുൽ പറയുന്നു.

അതേസമയം, സുുരേഷ് ഗോപി വീട്ടിൽ സാധാരണ ഗൃഹനാഥനാണെന്നും വീട്ടിൽവന്നാൽ അങ്ങനെ സിനിമാക്കാര്യങ്ങളൊന്നും സംസാരിക്കാറില്ല. വീട്ടുകാര്യങ്ങളുമായി ഒതുങ്ങിക്കൂടും എന്നുമാണ് ഗോകുൽ പറയുന്നത്.

സുരേഷ് ഗോപി എന്ന വ്യക്തി യഥാർത്ഥത്തിൽ എല്ലാവരോടും സ്‌നേഹമുള്ള ആളാണ്. ആളുകളെ സഹായിക്കാൻ ഇഷ്ടപ്പെടുന്ന മനസ്സാണ് അച്ഛന്റേത്. രാഷ്ട്രീയത്തിനുപരിയായി ഒരുപാടുപേരെ സഹായിച്ചിട്ടുണ്ട്.

എന്നാൽ, അതിനെക്കുറിച്ചുപോലും പലരും മോശമായി സംസാരിക്കുന്നതു കേൾക്കുമ്പോൾ എനിക്ക് ദേഷ്യംവരും. അതിന്റെപേരിൽ പലപ്പോഴും ഞാൻ പ്രതികരിച്ചിട്ടുണ്ട്. സിനിമയ്ക്കകത്തും പുറത്തും ഒരുകാര്യം ചെയ്യാൻ തീരുമാനിച്ചാൽ ആത്മാർഥതയോടെ പൂർത്തിയാക്കാൻ ശ്രമിക്കുന്ന ആളാണ് അച്ഛനെന്നും ഗോകുൽ സുരേഷ് പറയുന്നു.

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു. തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴയാണ്. നിരവധിയിടങ്ങളില്‍ മലവെള്ളപ്പാച്ചിലുണ്ടായി.

കോട്ടയത്ത് വീണ്ടും ഉരുള്‍പൊട്ടി. പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. പൊന്മുടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഓറഞ്ച് അലേര്‍ട്ട് ഉള്ളതിനാല്‍ തിങ്കളാഴ്ച മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാര്‍, കോട്ടൂര്‍, പേപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചതായി തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

കോട്ടയം മൂന്നിലവിലില്‍ ഉരുള്‍പൊട്ടി. മൂന്നിലവിലിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ആളെ കണ്ടെത്തിയിട്ടുണ്ട്. എരുമേലി നോര്‍ത്ത് വില്ലേജില്‍ ശക്തമായ മഴയുണ്ട്. വണ്ടന്‍പതാലില്‍ എട്ട് വീടുകളില്‍ വെള്ളം കയറി. വണ്ടന്‍പതാല്‍ പാലത്തില്‍ കുറച്ചു പേര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുവാനുള്ള നടപടി സ്വീകരിച്ചതായി കാഞ്ഞിരപ്പള്ളി താലൂക്കില്‍ നിന്നും അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കിഴക്കന്‍ മേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഏത് അടിയന്തിര ഘട്ടവും നേരിടാന്‍ തയ്യാറായി ഇരിക്കാന്‍ റവന്യൂ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ് വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

 

കന്നൂരില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയാണ് മരിച്ചത്. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

വീട്ടുകാര്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. അയല്‍ക്കാരാണ് അല്‍ക്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അത്തോളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

യുവതിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. യുവതിയുടെ മൊബൈല്‍ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പൊലീസ് തീരുമാനം.

രണ്ട് മാസം മുമ്പാണ് അല്‍ക്ക വിവാഹിതയായത്. കന്നൂര്‍ എടച്ചേരി പുനത്തില്‍ പ്രജീഷാണ് അല്‍ക്കയെ വിവാഹം ചെയ്തത്.

അമിതമായി സ്വർണാഭരണങ്ങൾ അണിഞ്ഞുനടന്ന സ്ത്രീയെ നേമത്തുനിന്നു തട്ടിക്കൊട്ടുപോയി ആഭരണം കവർന്നശേഷം പൂവച്ചൽ കാപ്പിക്കാട് റോഡിൽ ഉപേക്ഷിച്ചു. നേമം ഇടയ്ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തിൽ പദ്മകുമാരി (52)യെയാണ് തട്ടിക്കൊണ്ടുപോയത്. മണലുവിള ക്ഷേത്രത്തിനു സമീപത്ത് വെച്ച് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കാറിലെത്തിയ സംഘം പദ്മകുമാരിയെ തട്ടിക്കൊണ്ടുപോയത്.

 

ഇവർ ധരിച്ചിരുന്നു ആഭരണങ്ങൾ എല്ലാം തട്ടിയെടുത്തശേഷം രാത്രി എട്ടുമണിയോടെ പദ്മകുമാരിയെ ഉപേക്ഷിക്കുകയായിരുന്നു. കാട്ടാക്കട പോലീസ് സ്ഥലത്ത് എത്തിയാണ് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, പദ്മകുമാരിയെ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുന്നത് ഒരു സ്ത്രീ കണ്ടിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇവർ അറിയിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് റോഡരികിൽ നിന്നും പദ്മകുമാരിയെ കണ്ടെത്തുന്നത്. കാറിലെത്തിയവർ മലയാളവും തമിഴും സംസാരിക്കുന്ന അഞ്ചുപേരാണെന്ന് വീട്ടമ്മ പറഞ്ഞു. നാൽപ്പത് പവനോളം നഷ്ടപ്പെട്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. കാർ ഡ്രൈവർ മലയാളവും ബാക്കിയുള്ളവർ തമിഴുമാണ് സംസാരിച്ചത്.

ശരീരത്തിൽനിന്ന് ആഭരണങ്ങൾ ഉപകരണങ്ങൾ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. കവർച്ച തടയാൻ ശ്രമിച്ച പദ്മകുമാരിയെ സംഘം മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് ഒരു പല്ലും നഷ്ടപ്പെട്ടു. നേമം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. നേമത്തുള്ള ബന്ധുവിന്റെ ആധാരമെഴുത്ത് ഓഫീസിൽ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവം. രാവിലെ മുതൽ സംഘം കാറിൽ പ്രദേശങ്ങളിൽ കറങ്ങിയിരുന്നതായി സംശയമുണ്ട്. സംഭവത്തിൽ നരുവാമൂട്, കാട്ടാക്കട പോലീസ് സംഘം അന്വേഷണം തുടങ്ങി.

പദ്മകുമാരി എപ്പോഴും ആഭരണങ്ങൾ അണിഞ്ഞാണ് നടക്കാറുള്ളതെന്നാണ് നാട്ടുകാരും പറയുന്നത്. വസ്തുവും വീടും വാങ്ങി നൽകുകയും വിൽക്കുകയുമൊക്കെ ചെയ്യുന്ന ഇടനിലക്കാരിയായാണ് പദ്മകുമാരി ജോലി ചെയ്യുന്നത്. അവിവാഹിതയായ പദ്മകുമാരി കുടുംബവീട്ടിൽ ബന്ധുക്കളോടൊപ്പമാണ് താമസം. മുൻപും ഇവരെ തട്ടിക്കൊണ്ടുപയോ സ്വർണം കവർന്നിരുന്നതായി വിവരമുണ്ട്. ഇതേതുടർന്ന് ഇത്രയേറെ ആഭരണങ്ങൾ അണിഞ്ഞ് നടക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

RECENT POSTS
Copyright © . All rights reserved