അതുല്യ കലാകാരന്‍ ഇന്നസെന്റ് വിട പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ ഓര്‍മ്മകളാണ് സോഷ്യല്‍ മീഡിയയില്‍ താരങ്ങളും ആരാധകരും ഒരു പോലെ പങ്കുവയ്ക്കുന്നത്. ആലപ്പി അഷ്‌റഫ് പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തില്‍ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് അഷ്‌റഫ് പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകര്‍ത്ത അഭിനയ മികവ് എന്നും നിലനില്‍ക്കും’ എന്നാണ് ചിത്രത്തിനൊപ്പം സംവിധായകന്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരുനോക്കു കാണാനായി നിരവധിയാളുകളാണ് എത്തുന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയില്‍ എത്തിച്ചു.
ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെയാണ് തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. വൈകിട്ടോടെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് മലയാളികളുടെ ഇഷ്ട നടന്റെ സംസ്‌കാരം.
കേരളത്തിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമായ ചങ്ങനാശ്ശേരി എസ് ബി കോളേജിൽ പഠിച്ച് അവിടെത്തന്നെ ഒരു ദശാബ്ദകാലത്തോളം അധ്യാപകൻ. ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത വിദ്യാഭ്യാസം. 22 വർഷം ചങ്ങനാശ്ശേരി രൂപതയുടെ അധ്യക്ഷൻ എന്ന നിലയിൽ കേരളത്തിൻറെ ആധ്യാത്മിക സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ തിളങ്ങി നിന്ന വ്യക്തിത്വം. കാലം ചെയ്ത പൗവത്തിൽ പിതാവിന് വിശേഷണങ്ങൾ ഏറെയാണ്. സീറോ മലബാർ സഭയുടെ കിരീടം എന്നാണ് ബെനഡിക്ട് പതിനാറാം മാർപാപ്പ പിതാവിനെ വിശേഷിപ്പിച്ചത്.

സഭയുടെയും രൂപതയുടെയും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുമ്പോഴും പിതാവ് സാധാരണക്കാർക്കും സമീപസ്ഥനായിരുന്നു. സെമിനാരിയിലെ തുടക്കക്കാരായ വൈദിക വിദ്യാർത്ഥികൾക്കു പോലും അവർ അയക്കുന്ന കത്തുകൾക്ക് പിതാവ് സ്വന്തം കൈപ്പടയിൽ മറുപടി എഴുതുമായിരുന്നു. ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ ലൈബ്രേറിയനും തിരുവല്ല മുത്തൂർ സെൻറ് ആന്റണീസ് ചർച്ചിന്റെ ഇടവക വികാരിയുമായ ഫാ. സ്കറിയ പറപ്പള്ളി പിതാവിനെ ഓർമ്മിക്കുന്നത് സെമിനാരി കാലഘട്ടത്തിൽ പിതാവ് അയച്ച കത്തുകളിലൂടെയും സ്നേഹ സമ്മാനമായി തന്ന പുസ്തകങ്ങളിലൂടെയും ആണ്. ഫാ. സ്കറിയ പറപ്പള്ളി ഫേസ്ബുക്കിൽ പങ്കുവെച്ച അനുസ്മരണം വായിക്കാം.
ചില എഴുത്തുകൾ എന്നും സൂക്ഷിച്ചു വയ്ക്കേണ്ടവയാണ്. മൈനർ സെമിനാരിക്കാലം തൊട്ട് മടക്കത്തപാലിൽ മറുപടി കിട്ടും എന്ന ഉറപ്പോടെ എഴുതിയിരുന്ന കത്തുകൾ അത് പവ്വത്തിൽ പിതാവിനു മാത്രം ഉള്ളതാണ്. ഇംഗ്ലീഷ് ഭാഷയിൽ പിച്ചവച്ചു തുടങ്ങുന്ന പൗരോഹിത്യപരിശീലനത്തിൽ വെറും തുടക്കക്കാരൻ മാത്രമായ ഒരു കൗമാരക്കാരന്റെ വാക്കുകളെ ഒരു അതിരൂപതയുടെ മുഴുവൻ അദ്ധ്യക്ഷൻ തന്റെ യഥാർത്ഥമായ തിരക്കുകൾക്കിടയിലും ക്ഷമയോടെ വായിച്ചു മറുപടി എഴുതുന്നു എന്നത് ഇന്ന് ചിന്തിക്കുമ്പോൾ അത്ഭുതമാണ്.
സെമിനാരിക്കാലത്തെ ഒരോ അവധിക്കും എല്ലാ സെമിനാരിക്കാരെയും വ്യക്തിപരമായി കാണാൻ കാണിച്ച താല്പര്യവും സെമിനാരി റിപ്പോർട്ട് എന്ന ഭയത്തെ സ്നേഹോപദേശങ്ങളാക്കി മാറ്റിയതും അന്നേ അത്ഭുതത്തോടെ അനുഭവിച്ചതാണ്. രാവിലെ എത്രനേരത്തേ പാർലറിൽ എത്തിയാലും പിതാവ് വായിച്ച് ചുളുക്കം വീഴാത്ത ഒരു പത്രം പോലും കിട്ടില്ല എന്നതും അത്ഭുതമായിരുന്നു. വാർധക്യകാലത്ത് ആശുപത്രിയിൽ കണ്ടുമുട്ടിയപ്പോൾ, മുറിയിൽ കാണാൻ എത്തിയാൽ കാര്യങ്ങൾ കൃത്യമായി ചോദിച്ചറിഞ്ഞ് എപ്പോഴും പുസ്തകങ്ങൾ സമ്മാനമായിത്തന്ന് യാത്രയാക്കുന്ന പിതാവ് ദീർഘനേരം സംസാരിച്ചത് സ്നേഹപൂർവ്വമായ കൗതുകത്തോടും അത്ഭുതത്തോടും കേട്ടിരുന്നതോർക്കുന്നു. ഓർമ്മയുടെ താളുകൾക്ക് ചുളിവുവീണു എന്നു തോന്നിയ കാലത്തും സാമൂഹികരംഗത്തും സഭയിലും പറയേണ്ടവ തികഞ്ഞ വ്യക്തതയോടെ പറയുന്നത് അത്ഭുതമല്ലാതെ മറ്റെന്താണ്. എന്നും അത്ഭുതങ്ങൾ സമ്മാനിച്ച് അത്ഭുതങ്ങളുടെ ലോകത്തേക്ക് യാത്രയാകുന്ന പ്രിയ പിതാവേ ഇനിയുമേറെ അത്ഭുതങ്ങൾ അങ്ങുവഴി തുടർന്നും ഞങ്ങൾക്കു ലഭിക്കാൻ ഇടയാകട്ടെ .
ഉത്തര്‍പ്രദേശിലെ എറ്റയില്‍ ‘ഗ്രീഷ്മ മോഡല്‍’ കൊലപാതകം. യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനീയത്തില്‍ വിഷം കലക്കി കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. നാരായണ്‍ സ്വദേശിനിയായ ചിത്രയാണ് കാമുകനായ അങ്കിതിനെ കൊന്നത്. മറ്റൊരാളെ വിവാഹം കഴിച്ച ചിത്ര അങ്കിതുമായി ബന്ധം തുടര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് വ്യക്തമായ പദ്ധതിയിട്ട ശേഷം കാമുകനെ കൊല്ലുകയായിരുന്നു. അങ്കിതിന്റെ ഫോണ്‍ രേഖകളാണ് കൊലപാതകത്തിന് പിന്നിലെ ദുരൂഹതയഴിച്ചത്. കേസിലെ പ്രതികളായ കാമുകിയും ഭര്‍ത്താവും സഹോദരനും ഒളിവിലാണ്.
ഏറെ നാളായി പ്രണയത്തിലായിരുന്നു ചിത്രയും അങ്കിതും. ഇരുവരും വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചിത്രയുടെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തോട് താല്‍പര്യമില്ലായിരുന്നു. ഇതോടെ വീട്ടുകാരുടെ ഇഷ്ടപ്രകാരം ചിത്ര ബുലന്ദ്ഷഹര്‍ സ്വദേശിയായ ഹേമന്തിനെ വിവാഹം കഴിച്ചു. എന്നാല്‍ പ്രണയം അവസാനിപ്പിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ഇവര്‍ പരസ്പരം നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം അറിഞ്ഞ ചിത്രയുടെ സഹോദരന്‍ അമിത് അങ്കിതിനോട് കടുത്ത ദേഷ്യത്തിലായിരുന്നു.
ഒരു ദിവസം ചിത്ര എടാട്ട് ബസ് സ്റ്റാന്‍ഡില്‍ വെച്ച് അങ്കിതിനെ ഫോണില്‍ വിളിച്ചെന്നാണ് വിവരം. തുടർന്ന് തന്നെ കാണാനെത്തിയ അങ്കിതിന് യുവതി ശീതളപാനീയത്തില്‍ വിഷം കലക്കി കൊടുത്തു. കുറച്ചു നേരം സംസാരിച്ച ശേഷം ചിത്ര സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. എന്നാല്‍ ശീതളപാനീയം കുടിച്ച ശേഷം ബസില്‍ കയറിയ അങ്കിതിന്റെ ആരോഗ്യനില മോശമായി. മെയിന്‍പുരിയിലേക്കുള്ള യാത്രക്കിടെ ഇയാള്‍ സഹോദരനെ ഫോണില്‍ വിളിച്ച് ചിത്ര ശീതളപാനീയത്തില്‍ എന്തോ കലക്കി നല്‍കിയെന്ന് പറഞ്ഞു. പിന്നാലെ അവശനിലയിലായ ഇയാളെ മെയിന്‍പുരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്കിടെ അങ്കിത് മരിച്ചു.
ആശുപത്രിയില്‍ അങ്കിത് അവസാന ശ്വാസമെടുക്കും മുമ്പ് ചിത്ര വിളിച്ചു. ‘ഹലോ ഹലോ’ എന്ന് ഇയാള്‍ പതിഞ്ഞ ശബ്ദത്തില്‍ ഫോണെടുത്ത് സംസാരിച്ചു. ഇതോടെ ‘ഒന്നും സംഭവിച്ചില്ലെങ്കില്‍ തൂങ്ങിമരിക്കണം, ഗുഡ് ബൈ’ എന്ന് ചിത്ര മറുപടി നല്‍കി. ശരിയെന്ന് അങ്കിതും പറഞ്ഞു. പിന്നാലെ നിനക്ക് വേണമെങ്കില്‍ മറ്റെന്തെങ്കിലും ഭക്ഷണം കൂടി തരാമായിരുന്നുവെന്നും അങ്കിത് പരിഹസിച്ചു. ഇതോടെ ഇങ്ങനെ തന്നെ മരിച്ചേക്കണമെന്ന് പറഞ്ഞ് യുവതി ഫോണ്‍ കട്ട് ചെയ്തു. ഈ കോള്‍ റെക്കോഡ് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ നിന്ന് അങ്കിത് മരിച്ചോ ഇല്ലയോ എന്നറിയാനാണ് ചിത്ര വിളിച്ചതെന്ന് വ്യക്തമാകുന്നുണ്ട്.
ഇത് കൂടാതെ മറ്റൊരു കോള്‍ റെക്കോര്‍ഡിംഗില്‍ കാമുകി അങ്കിതിനോട് തന്നെ കാണാന്‍ വരാന്‍ നിര്‍ബന്ധിക്കുന്നതുമുണ്ട്. മാര്‍ച്ച് 16ന് വരുന്നതിനെക്കുറിച്ച് അങ്കിത് കാമുകിയോട് പറയുന്നു. ഇത്തരത്തിൽ കൊലപാതകത്തിനുള്ള സമ്പൂര്‍ണ പദ്ധതി ചിത്ര നേരത്തെ തന്നെ തയ്യാറാക്കിയിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി സംഭാഷണങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. അങ്കിതിന്റെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്
അങ്കിതിന്റെ ബന്ധുക്കളുടെ പരാതിയില്‍ ചിത്ര, ഭര്‍ത്താവ് ഹേമന്ത്, കാമുകിയുടെ സഹോദരന്‍ അമിത് എന്നിവര്‍ക്ക് എതിരെ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയെന്നും കുടുംബാംഗങ്ങള്‍ നല്‍കിയ തെളിവുകള്‍ കൂടി പരിഗണിച്ച് പ്രതികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ലണ്ടൻ: ലോകസഭാംഗത്വം റദ്ദാക്കപ്പെട്ട പ്രതിപക്ഷ നേതാവും, വയനാട് എംപി യുമായിരുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ ലണ്ടൻ പാർലമെന്റ് സ്‌ക്വയറിൽ നടത്തിയ പ്രതിഷേധം അണപൊട്ടിയൊഴുകി. പാർലിമെന്റ് സ്‌ക്വയറിൽ ഗാന്ധി പ്രതിമക്ക് മുമ്പിൽ പുഷ്‌പാഞ്‌ജലി സമർപ്പിച്ചതിനു ശേഷമാണ് പ്രതിഷേധ പരിപാടികൾ ആരംഭിച്ചത്.

രാഹുൽ ഗാന്ധിയെ പാർലിമെന്റിൽ നിന്നും അയോഗ്യനാക്കിയ, ബിജെപി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെയും, സംഘപരിവാർ ഗൂഡാലോചനകൾക്കെതിരെയും ഐഒസി ഗ്ലോബൽ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ആഗോള തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലണ്ടൻ പാർലമെന്റ് സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധം ശ്രദ്ധേയമായി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് സംഘടിപ്പിച്ച പ്രതിഷേധ യോഗം ദേശീയ പ്രസിഡണ്ട് കമൽ ദളിവാൽ ഉദ്ഘാടനം ചെയ്തു. ‘ഇന്ത്യൻ ജനതയുടെ പ്രതീക്ഷയും പ്രത്യാശയുമായ ജനകീയ നേതാവിനെ ഭാരതജനത ആഗ്രഹിക്കുന്ന തലത്തിലെത്തിച്ചു നൽകുവാനായി എന്ത് വിലനൽകുവാനും സംരക്ഷിക്കുവാനും ഓരോ കോൺഗ്രസ്സുകാരനും ബാധ്യതയുണ്ടെന്നും, മാതൃ രാജ്യത്തെ അധോഗതിയിലേക്കും, അരക്ഷിതാവസ്ഥയിലേക്കും നയിക്കുന്ന മോഡി സർക്കാരിനെ താഴെയിറക്കുവാൻ ഏവരും ഒറ്റക്കെട്ടായി രാഗത്തിറങ്ങുവാൻ പ്രതിജ്ഞാബദ്ധരാണെന്നും’ ഉദ്ഘാടന പ്രസംഗത്തിൽ കമൽ ഉദ്‌ബോധിപ്പിച്ചു.

നാഷണൽ വൈസ് പ്രഡിഡണ്ട് ഗുർമിന്ദർ രന്തവാ തന്റെ പ്രസംഗത്തിൽ ‘ലോകത്തിനു മുമ്പിൽ മുൻകാല ഭരണ നേതാക്കൾ ഉണ്ടാക്കിയെടുത്ത പ്രശസ്തിയും, അഭിമാനവും, ആജ്ഞാ ശക്തിയും, മതേതര ജനാധിപത്യ മുഖവും, സ്ത്രീകളുടെയും, പെൺകുട്ടികളുടെയും സുരക്ഷയും, ചെറുകിട ബിസിനെസ്സുകാരുടെയും കർഷകരുടെയും നിലനിൽപ്പും മോഡി ഭരണത്തിൽ താറുമാറായ അവസ്ഥയിലേക്ക് കൂപ്പു കുത്തുമ്പോൾ ജനഹിതത്തിനനുകൂലമായി പോരാടുന്ന രാഹുൽ ഗാന്ധിയെ നിശ്ശബ്ദനാക്കി തുറങ്കലിൽ അടച്ചിടുവാനുള്ള വ്യാമോഹം ജീവൻ കൊടുത്തും ഭാരത ജനത തടയുമെന്ന്’ പറഞ്ഞു.
തുടർന്ന് പ്രസംഗിച്ച ചേതൻ ശർമ്മ ‘വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് രാഹുലിനെ പാർലമെന്റിൽ നിന്നും അയോഗ്യനാക്കി, വീണ്ടും ഇലക്ഷൻ പ്രഖ്യാപിക്കുമ്പോൾ അതിലും കടുത്ത പരാമർശങ്ങൾക്ക് നിത്യേന എത്ര പേർ അയോഗ്യതക്കും, തെരഞ്ഞെടുപ്പിനുമുള്ള അവസരം ഉണ്ടാക്കുന്നുണ്ടാവുമെന്നും, സ്വന്തം ഭരണ തട്ടകത്തിൽ 160 ഓളം ക്രിമിനൽ കേസുകളിലെ പ്രതികൾ പാർലമെന്റിൽ സ്വൈര്യ വിഹാരം നടത്തുന്നുവെന്ന വസ്തുത ഗൗരവത്തോടെ വീക്ഷിക്കുവാൻ ഭാരത ജനതക്കുള്ള സമയമായിക്കഴിഞ്ഞുവെന്നും’ ഉദ്‌ബോധിപ്പിച്ചു.

‘അദാനി, ഷെൽ കമ്പനിയുടെ പേരിൽ ഇറക്കിയ 20,000 കോടിയുടെ കണക്കു ചോദിക്കുമ്പോൾ ജയിൽ ആണ് ഉത്തരമെങ്കിൽ ഭാരത മക്കൾ ഇതേ ചോദ്യങ്ങൾ ആവർത്തിക്കുമെന്നും അന്ന് ജയിലഴികൾ മതിയാവാതെ വരുമെന്നും’ സുധാകർ ഗൗഡ അഭിപ്രായപ്പെട്ടു.
‘LIC, SBI പോലുള്ള പൊതുമുതൽ അദാനിയുടെ നിക്ഷേപത്തിൽ വെച്ച് കൊടുത്ത ബിജെപി യുടെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കു ഭാവിയിൽ അതെ തുറുങ്കലുകൾ കാത്തിരിക്കുന്നുവെന്നോർമ്മിക്കണമെന്ന്’ സുജു ഡാനിയേൽ പറഞ്ഞു.

‘തലമുറകളിലൂടെ ഭാരതത്തിനു ഭരണ നേതൃത്വം നൽകി ജീവൻ വരെ ദാനം ചെയ്യേണ്ടി വന്ന മാഹാരഥന്മാരുടെ പിന്തലമുറക്കാരനെ ജയിലഴി എന്ന ഉമ്മാക്കി കാണിച്ചു ഭയപ്പെടുത്തുവാൻ മോദിയും സംഘികളും ആയിട്ടില്ല’ എന്ന് തോമസ് ഫിലിഫ്പ പറഞ്ഞു.
പ്രിയംവദ താക്കൂർ നടത്തിയ പ്രസംഗത്തിൽ ‘ഇന്ത്യയുടെ പരമമായ ഭരണഘടനയും, ജനാധിപത്യ മതേതര മൂല്യങ്ങളും സ്വാതന്ത്ര അവകാശങ്ങളും ഇല്ലാതാക്കുവാനുള്ള തലത്തിലേക്ക് നയിക്കുന്ന സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കുന്നതിനുള്ള അവസാന ആണിയാവും രാഹുൽ ഗാന്ധിക്കെതിരെയെടുത്ത നടപടിയെന്ന്’ അടിവരയിട്ടു പറഞ്ഞു.
അപ്പച്ചൻ കണ്ണഞ്ചിറ, ബിജു ജോർജ്, ജോർജ്ജ് ജേക്കബ്, അഷ്‌റഫ്, ജോർജ്ജ്, അശ്വതി നായർ, ജോയൽ, ജോൺ ചാൾസ് മണി, അഷ്റ അംജ്ജും, ഇമാം ഹഗ്, രാകേഷ് ബിക്കുമണ്ഡൽ, ബൽജിന്ദർ ജയിൻപുരി,ബിബിൻ ബോബച്ചൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

പാർലമെന്റിനു അഭിമുഖമായും മഹാത്‌മാ ഗാന്ധിയോട് ചേർന്ന് നിന്നും ആവേശപൂർവ്വം വിളിച്ച ‘വെള്ളക്കാരെ തുരത്തിയ ഞങ്ങൾ കൊള്ളക്കാരെ തുരത്തിടും തീർച്ച’ ‘രാഹുൽ ഗാന്ധി നയിച്ചോളൂ, ഭാരത ജനത പിന്നാലെ’ ‘മോഡി-അദാനി ബന്ധങ്ങൾ, ഇന്ത്യാ രാജ്യത്തിനു ബാദ്ധ്യത’ തുടങ്ങിയ മുദ്രാവാക്യങ്ങളാൽ മുഖരിതമായ പ്രതിഷേധ പരിപാടി വികാരോജ്ജ്വലമായി.
പ്രതിഷേധ പരിപാടിയുടെ കോർഡിനേറ്ററും, ഐഒസി വക്താവുമായ അജിത് മുതയിൽ നടത്തിയ നന്ദി പ്രകാശനത്തോടെ ഒന്നാം ഘട്ട പ്രതിഷേധ പരിപാടി സമാപിച്ചു.
പ്രശസ്ത മലയാള സിനിമാനടന്‍ ഇന്നസെന്റിന്റെ വിയോഗം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. ഇന്നസെന്റിന്റെ മരണ കാരണം കാന്‍സറല്ലെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വി പി ഗംഗാധരന്‍.
അദ്ദേഹത്തിന് കാന്‍സര്‍ രോഗം മടങ്ങി വന്നതല്ല. കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് ഇന്നസെന്റിന്റെ മരണകാരണമെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ നടനും മുന്‍ എം പിയുമായ ഇന്നസെന്റിന്റെ അന്ത്യം.
എഴുപത്തിയഞ്ച് വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീ്ഡ്രല്‍ ദേവാലയത്തില്‍ നടക്കും. മന്ത്രി പി.രാജീവാണ് ഇന്നസെന്റിന്റെ മരണവാര്ത്ത സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ദ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇക്കാര്യം അറിയിച്ചത്.
അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. മൃതദേഹം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ചു. രാവിലെ 8 മുതൽ 11 വരെയാണ് ഇവിടെ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനും ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരം.
ഇന്നലെ രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. നൃത്തശാല (1972) ആണ് ആദ്യസിനിമ. 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ചിത്രം: മഴവിൽക്കാവടി) നേടി. ശ്രദ്ധേയമായ ഏതാനും മലയാള സിനിമകളുടെ നിർമാതാവുമാണ്. 2000 മുതൽ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു.
1979ൽ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായ അദ്ദേഹം 2014ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിന്റെ പി.സി.ചാക്കോയ്ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു. 2019ൽ ബെന്നി ബഹനാനോടു പരാജയപ്പെട്ടു. തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 മാർച്ച് നാലിന് ഇരിങ്ങാലക്കുടയിലാണ് ജനനം.
കോവിഡ് മൂലം ശ്വാസകോശ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനരഹിതമായതും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മലയാള സിനിമയില്‍ ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ നാലുപതിറ്റാണ്ട് നിറഞ്ഞുനിന്ന പ്രതിഭയാണ് വിടവാങ്ങിയത്. ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 18 വര്‍ഷം താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റായിരുന്നു. അറുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു, നൃത്തശാലയാണ് ആദ്യചിത്രം. മഴവില്‍ക്കാവടിയിലെ അഭിനയത്തിന് സഹനടനുള്ള സംസ്ഥാന പുരസ്കാരം നേടി. 2014 മുതല്‍ 2019 വരെ ചാലക്കുടിയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു.
ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. വളരെ നാളുകളായി അര്‍ബുദരോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. 2021 ലാണ് അദ്ദേഹത്തിന് നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ സ്ഥിരീകരിച്ചത്. തുടര്‍ന്ന് എയിംസില്‍ ഉള്‍പ്പെടെ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി സിനിമയില്‍ സജീവമായ ശേഷം ഇക്കൊല്ലം വീണ്ടും ആരോഗ്യനില
വഷളാവുകയായിരുന്നു.ഇന്ന് രാത്രി പത്തുമണിയോടെ എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയിലധികമായി അദ്ദേഹം അവിടെ ചികല്‍സയിലായിരുന്നു
1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ എത്തി. പില്‍ക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു.
ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
ആലപ്പുഴയിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര തൈവെളിയിൽ വീട്ടിൽ അനിലിന്റെ മക്കളായ അദ്വൈത്, അനന്തു എന്നിവരാണ് മരിച്ചത്. എട്ട്, ആറ് ക്ലാസിലെ വിദ്യാർഥികളാണ് ഇരുവരും. പറവൂർ കുറുവപ്പാടെത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിലായിരുന്നു ഇരുവരും.
ശനിയാഴ്ച രാത്രി 9.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ഇരുവരും മടങ്ങി വരാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറുവ പാടത്തിനടുത്തുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് ഇരുവരും പോയതായി വിവരം ലഭിച്ചു.പാടത്തിന്റെ പുറം ബണ്ടിലൂടെ രണ്ട് പേരും ചേർന്ന് നടന്നുപോകുന്നതായി കണ്ടുവെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ച് ഫയർഫോഴ്സ് ഉൾപ്പെടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പാടത്ത് കൃഷിയില്ലാത്തതിനാൽ വെള്ളം കയറ്റിയിട്ടിരുന്നു. പുറം ബണ്ടിലെ കുഴിയും നീന്തി വേണം യാത്ര ചെയ്യാൻ. ഇതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം.
അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിജേഷിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു. കുമളിക്ക് സമീപം തമിഴ്നാട് അതിർത്തിയിലെ വനപ്രദേശത്തുനിന്നാണ് ഇയാൾ പിടിയിലായത്. അനുമോളെ കഴുത്ത് ഞെരിച്ച് കൊന്നു കട്ടിലിനടിയില്‍ പുതപ്പുകൊണ്ട് കെട്ടിവെച്ച് കടന്നു കളഞ്ഞ വിജേഷ് ആറു ദിവസത്തിനു ശേഷമാണ് കട്ടപ്പന പോലീസ് പിടിയിലായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് വിജേഷിനു പിന്നാലെയായിരുന്നു. വിജേഷിനെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസ് ഇന്ത്യാ ടുഡേയോട് പറഞ്ഞത്.
ദാമ്പത്യ കലഹങ്ങളാണ് ക്രൂരമായ കൊലയ്ക്ക് വഴിവെച്ചത് എന്നാണ് വിജേഷ് പോലീസിനോട് പറഞ്ഞത്. വിജേഷ് മര്‍ദ്ദിക്കുന്നത് പതിവായപ്പോള്‍ അനുമോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് പ്രകോപനമായത്. വിജേഷ് മദ്യപിച്ച് വരുന്നതിനെ ചൊല്ലി വിജേഷും അനുമോളും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. അനുമോളെ കൊന്ന അന്നും വിജേഷ് മദ്യപിച്ചാണ് വന്നത്. പെട്ടെന്നുള്ള പ്രകോപനവും മദ്യവുമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പോലീസിനോട് വിജേഷ് പറഞ്ഞത്. കൊല നടത്തിയതില്‍ പിടി വീഴും എന്ന് അറിയാമായിരുന്നുവെന്നും വിജേഷ് മൊഴി നല്‍കിയിട്ടുണ്ട്. തമിഴ്നാട് തേനിയിലും കമ്പത്തുമാണ് ഈ ദിവസങ്ങളില്‍ തങ്ങിയത്. തിരികെ കുമളിയില്‍ എത്തിയപ്പോഴാണ് വിജേഷിന് പിടി വീണത്.
വിജേഷിന്റെ മൊബൈല്‍ ഫോണ്‍ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ പിടിയിലായത്. കാഞ്ചിയാർ ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു അനുമോൾ. 17ന് സ്കൂളിലെത്തിയ അനുമോൾ പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷത്തിന്റെ തിരക്കിലായിരുന്നു. പക്ഷേ, അന്നേ ദിവസം അനുമോൾ സ്കൂളിലെത്തിയില്ല. മകൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് വിജേഷ് അനുവിന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നു. അവർ വിളിച്ചപ്പോൾ യുവതിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.
മകളെ കാണാതായി എന്ന് മനസിലാക്കി അനുമോളുടെ മാതാപിതാക്കള്‍ വന്നെങ്കിലും കിടപ്പുമുറിയില്‍ കടക്കാന്‍ സമ്മതിക്കാതെ വിജേഷ് ഗോപ്യമായി ഇവരെ ഒഴിവാക്കി. ഇതിനിടയില്‍ വിജേഷും മുങ്ങി. മാതാപിതാക്കള്‍ വീണ്ടും വീട്ടില്‍ വന്നപ്പോള്‍ വിജേഷ് ഇല്ലായിരുന്നു. ഇവര്‍ വീടിനു അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കട്ടിലിന്നടിയില്‍ മകളുടെ ജഡം പൊതിഞ്ഞുവെച്ചത് കണ്ടത്. അപ്പോഴേക്കും ദുര്‍ഗന്ധവും വമിച്ചിരുന്നു.
അനുമോളുടെ ഫോണ്‍ പിന്നെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫോൺ കണ്ടുകിട്ടിയത്. ഇത് ഒരാള്‍ക്ക് വിറ്റ് അതിന്റെ പണവുമായാണ് വിജേഷ് മുങ്ങിയത്. 5000 രൂപയ്ക്കാണ് ഫോൺ വിറ്റത്. ഒടുവില്‍ നിരന്തര അന്വേഷണത്തിന്നൊടുവില്‍ വിജേഷും പോലീസ് പിടിയിലായി.
ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവാസി യുവാവ് ലോഡ്ജിൽ ആത്മഹത്യചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തിൽ ബൈജു രാജു(40) ആണ് കായംകുളത്തെ ലോഡ്ജിൽ ജീവനൊടുക്കിയത്. യുവാവ് മരിക്കുന്നതിന് മുമ്പ് ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലെ വാസ്തവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ ബെെജു രാജുവിൻ്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. യുവാവിൻ്റെ ഭാര്യയായ ഇലന്തൂർ സ്വദേശിനി ന്യൂസിലാൻഡിലേക്ക് തിരികെപോയതായാണ് പൊലീസ് പറയുന്നത്. ബൈജുവിൻ്റെ വീട്ടുകാരുടെയും ഭാര്യവീട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം നടന്നുവരികയാണെന്നും അതേസമയം ഇതുവരെ ആർക്കെതിരേയും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
അതേസമയം ബെെജുവിൻ്റെ ഭാര്യവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബൈജുവിൻ്റെ പിതാവ് രാജു രംഗത്തെത്തി. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബൈജുവിൻ്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ സംഭവങ്ങൾ രാജു വ്യക്തമാക്കുന്നുണ്ട്. ന്യൂസിലാൻഡിൽ ആദ്യം പോയത് ബെെജുവിൻ്റെ ഭാര്യയാണ്. രണ്ടുവർഷത്തിനുശേഷമാണ് മകൻ ന്യൂസിലാൻഡിൽ എത്തുന്നതെന്നും രാജു പറയുന്നു. ഇതിനിടയിൽ ബൈജുവിൻ്റെ ഭാര്യയും ടിജോ എന്നു പറയുന്ന വ്യക്തിയും തമ്മിൽ അരുതാത്ത ബന്ധങ്ങൾ ഉണ്ടാവുകയായിരുന്നു എന്നാണ് പിതാവ് പറയുന്നത്. മകൻ അവളെ എത്തിയശേഷം ഇക്കാര്യം അറിയുകയും ഇതു സംബന്ധിച്ച് ഇവർ തമ്മിൽ സംസാരം ഉണ്ടാവുകയും ചെയ്തതായും രാജു പറയുന്നുണ്ട്. അവൻ അവിടെ എത്തി ഒന്നര വർഷത്തിനുശേഷം അവർ തമ്മിൽ പിണങ്ങുന്നു. മറ്റൊരാളുമായുള്ള ഭാര്യയുടെ ബന്ധം അവൻ അറിഞ്ഞതാണ് പിണക്കത്തിന് കാരണം. ഇതിൻ്റെ പേരിൽ വഴക്കും മറ്റു പ്രശ്നങ്ങളുമുണ്ടായി. ഇതിൻ്റെ പേരിൽ ഭാര്യയുടെ സഹോദരനുമായി മകൻ വഴക്കായി. തുടർന്ന് മകനെതിരെ ഗാർഹിക പീഡനം ആരോപിച്ച് ഭാര്യ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
പോലീസ് എത്തി വിവരങ്ങൾ ശേഖരിച്ച് മടങ്ങി. പിന്നീട് ന്യൂസിലാൻഡിൽ ഇരുവരും രണ്ട് വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. ഇതിനിടയിൽ മകളോട് പറയാതെ മകൻ്റെ ഭാര്യ കുഞ്ഞുമായി നാട്ടിലേക്ക് വരികയായിരുന്നു. അപ്പോൾ ആ റൂമിലുണ്ടായിരുന്ന മകൻ്റെ സാധനങ്ങൾ മറ്റൊരാളെ ഏൽപ്പിച്ച് മകൻ്റെ കയ്യിൽ കൊടുക്കുവാൻ പറഞ്ഞിട്ടാണ് അവർ നാട്ടിലേക്ക് വന്നത്. കുഞ്ഞിനെയും കൊണ്ട് അവർ നാട്ടിലേക്ക് വന്നത് മകൻ അറിഞ്ഞില്ല. പിന്നീട് ഈ സാധനങ്ങൾ കയ്യിൽ കിട്ടിയപ്പോഴാണ് മകൻ ഇക്കാര്യം അറിയുന്നത്. ഇതിനു മുൻപ് മകൻ്റെ സമ്പാദ്യം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കി എന്നും പിതാവ് ആരോപിക്കുന്നുണ്ട്. ഭാര്യയുടെ അമ്മ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഏജൻ്റ് ആയിരുന്നു. ഈ സ്ഥാപനത്തിലേക്ക് മകൻ 26 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തിരുന്നു എന്നും പിതാവ് ആരോപിക്കുന്നുണ്ട്. എന്നാൽ ഈ സ്ഥാപനം പൊളിയുകയായിരുന്നു. മകൻ്റെ ആ പണം മുഴുവൻ നഷ്ടപ്പെട്ടു. വലിയ രീതിയിലുള്ള കമ്മീഷൻ കൈപ്പറ്റിക്കൊണ്ടാണ് മകൻ്റെ ഭാര്യയുടെ അമ്മ മകനെ ഈ കമ്പനിയിൽ ഡെപ്പോസിറ്റ് ചെയ്യിപ്പിച്ചതെന്നും പിതാവ് പറയുന്നു. മകൻ്റെ ഭാര്യയുടെ സഹോദരന് നാട്ടിൽ പലിശയ്ക്ക് പണം നൽകുന്ന ഏർപ്പാട് ഉണ്ടായിരുന്നു. അതിനായി പലപ്പോഴും പണം വാങ്ങിയിരുന്നത് മകൻ്റെ കയ്യിൽ നിന്നാണ്. ആ പണവും നഷ്ടപ്പെട്ടെന്നും പിതാവ് പറയുന്നുണ്ട്.
നാട്ടിലേക്ക് തിരിച്ചുവന്നശേഷം ന്യൂസിലാൻഡിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു ബൈജു രാജുവിനെന്നും പിതാവ് പറയുന്നുണ്ട്. അവിടെ കേസും മറ്റുമായി പ്രശ്നങ്ങളായിരുന്നു. ന്യൂസിലാൻ്റിൽ നിന്നും നാട്ടിലെത്തിയ മകൻ വീട്ടിൽ വന്നില്ല. പകരം കായംകുളത്തെ ലോഡ്ജിൽ ആയിരുന്നു അവൻ താമസിച്ചിരുന്നത്. അവൻ്റെ അമ്മ മാനസിക പ്രശ്നങ്ങളുമായി ആശുപത്രിയിൽ കഴിഞ്ഞു വരികയാണ്. നാട്ടിലെത്തിയതിന് പിന്നാലെ മകൻ തന്നെയും കൂട്ടി അമ്മയെ ചികിത്സിക്കുന്ന ആശുപത്രിയിൽ എത്തിയിരുന്നുവെന്നും പിതാവ് പറഞ്ഞു. അമ്മയെ അവിടെ ആജീവനാന്തം നോക്കുവാനുള്ള സൗകര്യങ്ങളൊക്കെ ചെയ്തിട്ടാണ് മകനും അച്ഛനും മടങ്ങിയത്. ഏകദേശം 3.5 ലക്ഷം രൂപ അവിടെ അന്ന് ഡെപ്പോസിറ്റ് ചെയ്തു. ഇതിൽനിന്നെല്ലാം മകൻ ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നതെന്നും അച്ഛൻ ചൂണ്ടിക്കാട്ടുന്നു.
മകനെ പലതവണ താൻ വീട്ടിലേക്ക് വിളിച്ചിരുന്നു എന്നും അച്ഛൻ പറയുന്നുണ്ട്. എന്നാൽ അവൻ വന്നില്ല. 24-ാം തീയതി തിരിച്ചു പോവുകയാണെന്ന് പറഞ്ഞു. എയർപോർട്ടിൽ താനും കൂടി വരാമെന്ന് പറഞ്ഞപ്പോൾ വേണ്ട എന്നാണ് അവൻ മറുപടി പറഞ്ഞത്. രാത്രിയിലാണ് താൻ പോകുന്നതെന്നും അച്ഛനും ബുദ്ധിമുട്ടാകുമെന്നും അവൻ പറഞ്ഞപ്പോൾ താൻ മറ്റൊന്നും കരുതിയില്ല. അവൻ്റെ മരണം നടന്നശേഷം ആറന്മുള പോലീസ് സ്റ്റേഷനിൽ നിന്നും അവൻ്റെ ഭാര്യയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഭാര്യ ന്യൂസിലാൻഡിൽ ആണെന്ന് മറുപടിയാണ് വീട്ടിൽ നിന്നും ലഭിച്ചത്.
മകൻ്റെ ഭാര്യയാണ് ആദ്യം ന്യൂസിലാൻഡിലേക്ക് പോയത്. അതുകഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞാണ് മകൻ ഇവിടെ നിന്നും പോകുന്നത്. ഈ രണ്ടു വർഷക്കാലയളവിൽ മകൻ്റെ ഭാര്യക്ക് ടോജോ എന്നു പറയുന്ന വ്യക്തിയുമായി ബന്ധം ഉണ്ടായിരുന്നു എന്നാണ് അവിടെ എത്തിയപ്പോൾ മകന് മനസ്സിലായത്. എന്നാൽ അതുവരെയുള്ള കാര്യങ്ങൾ എന്തായിരുന്നാലും അത് താൻ മറക്കാൻ ഒരുക്കമാണെന്നും ഇനിയുള്ള ജീവിതം നന്നായി മുന്നോട്ടു പോകണം എന്നുമാണ് മകൻ ആഗ്രഹിച്ചിരുന്നതെന്നും അച്ഛൻ പറയുന്നു. ഈ ബന്ധം മുന്നോട്ട് നന്നായി പോകുന്നില്ലെന്ന് കണ്ട താൻ പലതവണ വിവാഹമോചനം നടത്താൻ ഉപദേശിച്ചിരുന്നു. എന്നാൽ തന്നെക്കൊണ്ട് അതിന് കഴിയില്ല എന്നാണ് അവൻ പറഞ്ഞത്. എല്ലാം നഷ്ടപ്പെട്ട്, മാനസികമായി തകർന്ന്, ഇനി തിരിച്ചു വരാൻ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് മകൻ ആത്മഹത്യ ചെയ്തതൊന്നും അച്ഛൻ പറയുന്നു. മകൻ്റെ ആത്മാവിന് നീതി വാങ്ങിക്കൊടുക്കുക എന്നത് തൻ്റെ ഉത്തരവാദിത്തമാണെന്നും ഇതുമായി ബന്ധപ്പെട്ട് കേസുമായി മുന്നോട്ടു പോകാൻ തന്നെയാണ് തൻ്റെ തീരുമാനമെന്നും പിതാവ് പറയുന്നു.