ബെഡ്ഫോർഡ്: വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള ബെഡ്ഫോർഡ് സെൻറ് അൽഫോൻസാ പ്രോപോസ്ഡ് മിഷനിൽ പരിശുദ്ധ ദൈവമാതാവിന്റെയും, ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാളും, ഇടവക ദിനാഘോഷവും ഒക്ടോബർ മാസം 21 , 22, 23 തീയതികളിലായി ഭക്തിപുരസരം കൊണ്ടാടുന്നു. ഒക്ടോബർ 13 മുതൽ ആരംഭിക്കുന്ന ദശദിന ജപമാല സമർപ്പണവും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും 22 നു നടക്കുന്ന മുഖ്യ തിരുന്നാളോടെ സമാപിക്കും.
ഒക്ടോബർ 21 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി ഫാ.എബിൻ നീരുവേലിൽ തിരുനാളിന് ആമുഖമായി കൊടിയേറ്റ് കർമ്മം നടത്തി ദിവ്യബലി അർപ്പിക്കുന്നതാണ്.

പ്രധാന തിരുന്നാൾ ദിനമായ ഒക്ടോബർ 22 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് അർപ്പിക്കുന്ന ആഘോഷപൂർവ്വമായ സമൂഹബലിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു സന്ദേശം നൽകും. തിരുന്നാളിനോടനുബന്ധിച്ച് സീറോ മലബാർ സഭയുടെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ നൊവേനയും നടത്തുന്നതാണ്. തുടർന്ന് ലുത്തീനിയ ആലപിച്ചു കൊണ്ട് ദേവാലയം ചുറ്റി നടത്തുന്ന പ്രദക്ഷിണം പ്രധാന വേദിയായ ജോൺ ബനിയൻ സെന്ററിൽ സമാപിക്കും.
ഇടവക ദിനാഘോഷത്തിൽ നടക്കുന്ന പാരീഷ് ഭക്ത സംഘടനകളുടെയും, സൺഡേ സ്കൂളിന്റെയും വാർഷികത്തിൽ ബിബിളിക്കൽ സ്കിറ്റും, കലാ പരിപാടികളും അരങ്ങേറും. തിരുന്നാൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

തിരുന്നാൾ സമാപന ദിനമായ ഒക്ടോബർ 23 ന് തിങ്കളാഴ്ച മരിച്ചവിശ്വാസികളുടെ തിരുന്നാൾ കൊണ്ടാടും. വൈകുന്നേരം 5 മണിക്ക് തിരുനാൾ കൊടിയിറക്കിയ ശേഷം സകല മരിച്ചവർക്കുവേണ്ടിയുള്ള കുർബാനയും, ഒപ്പീസും നടത്തപ്പെടും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ബെഡ്ഫോർഡ് കേന്ദ്രീകരിച്ചു സീറോമലബാർ സമൂഹം ആഘോഷിക്കുന്ന മൂന്നാമത് തിരുന്നാളിന്റെ ഭാഗമായി നടത്തുന്ന പാരീഷ് ഡേയ്ക്ക് വിശാലമായ കാർ പാർക്കിംഗ് സൗകര്യവും, കൂടുതൽ ആളുകളെ ഉൾക്കൊള്ളുവാൻ സൗകര്യപ്രദവും, പള്ളിയുടെ സമീപത്തുള്ളതുമായ ജോൺ ബനിയൻ സെന്ററാണ് വേദിയാവുക.
ജപമാല മാസത്തിൽ മാതൃവണക്കമായി ആഘോഷിക്കുന്ന ദശദിന ജപമാലയിലും വി. അൽഫോൻസയുടെ നൊവേനയിലും തിരുനാളിലും ഭാഗഭാക്കാകുവാനും, മാദ്ധ്യസ്ഥവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഇടവകാംഗങ്ങളേവരെയും ക്ഷണിക്കുന്നതായി പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. എബിൻ നീരുവേലിൽ വി സി അറിയിച്ചു. തിരുന്നാളിന് പ്രസുദേന്തിമാരും, സ്‌പോൺസർമാരും ആകുവാൻ താല്പര്യമുള്ളവർ തിരുന്നാൾ
കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
മാത്യു കുരീക്കൽ ( കൺവീനർ), രാജൻ കോശി, ജയ്മോൻ ജേക്കബ്, ജോമോൻ മാമ്മൂട്ടിൽ, ജൊമെക്സ് കളത്തിൽ, ആന്റോ ബാബു, ജെയ്‌സൺ ജോസ് തുടങ്ങിയവരുമായി ബന്ധപ്പെടാവുന്നതാണ്.
മിഡ് ലാൻഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓൾ യു കെ മലയാളി ബാഡ്മിന്റൺ ടൂർണമെൻറ് ബർമിംഗ്ഹാമിൽ. ഒന്നാം സമ്മാനം 500 പൗണ്ട്
മിഡ് ലാൻഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓൾ യുകെ മലയാളി ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. നവംബർ 11-ാം തീയതി സ്റ്റെക്ഫോർഡ് ലെഷർ സെന്ററിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 30 പൗണ്ട് ആണ് രജിസ്ട്രേഷൻ ഫീ.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മത്സരത്തിനായി രജിസ്റ്റർ ചെയ്യാം.
https://forms.gle/KgrC8TxaEYRTzqSZ6
കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
എൽബർട്ട് ജോയ് +44848871488
മെൽവിൻ ജോസ് +447910745785
ഈ വർഷത്തെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നാഷണൽ കലോത്സവം ലീഡ്സ് റീജയണിലെ സ്കൻതോർപ്പിൽ നടക്കും. നേരത്തെ കാന്റബറിയിൽ വച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്.
ഫ്രെഡറിക് ഗഫ് സ്കൂൾ ഗ്രാൻജ് എൽഎൻ, സ്കൻതോർപ്പിലാണ് ഈ വർഷത്തെ ബൈബിൾ കലോത്സവത്തിന്റെ മത്സരങ്ങൾ അരങ്ങേറുന്നത്. വേദിയുടെ പുനർ ക്രമീകരണത്തിന് അടിസ്ഥാനത്തിൽ മത്സരാർത്ഥികളെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ബന്ധപ്പെട്ടവർ നടത്തണമെന്ന് സംഘാടകസമിതിക്ക് വേണ്ടി ഫാ.ജിനോ അരീക്കാട്ട് എം.സി.ബി.എസും., ഫാ.എട്ടുപറയിലും അറിയിച്ചു.

മലയാളിക്ക് മഹോത്സമായി നവംബറിൽ എത്തുന്ന കേരളീയത്തിന്റെ വരവറിയിച്ച് തിരുവനന്തപുരം നഗരത്തിൽ വർണാഭമായ സൈക്കിൾ റാലി നടന്നു. കവടിയാറിൽ നിന്ന് നഗരം ചുറ്റി കനകക്കുന്നിൽ സമാപിച്ച റാലിയിൽ ഇരുനൂറ്റൻപതോളം പേർ പങ്കെടുത്തു. രാവിലെ 7.30ന് കവടിയാറിൽ നിന്നാരംഭിച്ച സൈക്കിൾ റാലി കേരളീയം സ്വാഗത സംഘം ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രിയുമായ വി.ശിവൻകുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. വി.കെ. പ്രശാന്ത് എം.എൽ.എ, കേരളീയം സ്വാഗതസംഘം കൺവീനറും വ്യവസായവകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോർ എന്നിവർ സന്നിഹിതരായിരുന്നു. എൻ.സി.സി. കെ(1) ഗേൾസ് ബറ്റാലിയൻ, ഇൻഡസ് സൈക്ലിങ് എംബസി എന്നിവയുടെ സഹകരണത്തോടെയാണ് കേരളീയം സംഘാടകസമിതി സൈക്കിൾ റാലി സംഘടിപ്പിച്ചത്.
നഗരം കണ്ട ഏറ്റവും വലിയ സൈക്കിൾ റാലിക്കാണ് കേരളീയത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ച പട്ടം ഗേൾസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി തന്മയ അടക്കം വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ എന്നിവർ സൈക്കിൾ റാലിയിൽ പങ്കെടുത്തു. മഞ്ഞയിൽ നീലമുദ്ര പതിപ്പിച്ച കേരളീയത്തിന്റെ ലോഗോയുള്ള ടീഷർട്ടുകളും ധരിച്ചായിരുന്നു സൈക്കിൾ സഞ്ചാരികളുടെ നിറമാർന്ന റാലി. കവടിയാർ ചിൽഡ്രൻസ് പാർക്കിന് മുന്നിൽനിന്നാരംഭിച്ച സൈക്കിൾ റാലി വെള്ളയമ്പലം പാളയം സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ്-പ്രസ് ക്ലബ് നോർത്ത് ഗേറ്റ്-പാളയം-എൽ.എം.എസ്. വഴി കനകക്കുന്നിൽ സമാപിച്ചു.

കേരളമാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള പരിപാടിയാണ് കേരളീയം മന്ത്രി
രാജ്യവും ലോകവും അംഗീകരിച്ച മാതൃകയാണ് കേരളാ മാതൃകയെങ്കിലും അതിനു വേണ്ടത്ര പ്രചാരണം കൊടുക്കാൻ നമുക്കായിട്ടില്ലെന്ന് കേരളീയം2023 സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനാണ് നവംബറിൽ കേരളീയം എന്ന പരിപാടി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ റാലി കവടിയാറിൽ ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി. ഐക്യകേരള വികസനത്തിൽ മാറിവന്ന സർക്കാരുകളെല്ലാം കേരളവികസനത്തിൽ അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളസമൂഹത്തിലെ എല്ലാവരും പങ്കെടുക്കുന്ന പരിപാടിയാണ് കേരളീയമെന്നും മന്ത്രി പറഞ്ഞു.

ഇരുപതു പിന്നിട്ട രണ്ടുമക്കളുടെ അമ്മയായ ഫോർട്ട്കൊച്ചി സ്വദേശി സീനത്ത് സൈക്കിൾ ഓടിക്കാൻ പരിശീലിച്ചിട്ടു തന്നെ രണ്ടുവർഷമേ ആയിട്ടുള്ളു. എങ്കിലും അങ്കണവാടി ടീച്ചർമാരും അയൽക്കൂട്ടം അംഗങ്ങളും വീട്ടമ്മമാരും അടങ്ങുന്ന എഴുന്നൂറ്റൻപതിലേറെ പേർക്കു സൈക്കിൾ ഓടിക്കാൻ പരിശീലനം നൽകിയിട്ടുണ്ട് ഇവർ. സൈക്കിളിങ്ങിൽ താൽപര്യമുള്ള കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും സൗജന്യമായി തന്നെ പരിശീലനം നൽകാൻ സന്നദ്ധയാണ് സീനത്ത്. എല്ലാ സ്ത്രീകളും സൈക്കിൾ ഓടിക്കാൻ പഠിക്കണമെന്നും അതിലൂടെ ആത്മവിശ്വാസം നേടണമെന്നുമാണ് സീനത്ത് പറയുന്നത്. കേരളത്തിന്റെ നേട്ടങ്ങളെ പ്രദർശിപ്പിച്ചുകൊണ്ടു സംസ്ഥാന സർക്കാർ നവംബറിൽ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായുള്ള സൈക്കിൾ റാലിയിൽ പങ്കെടുക്കാൻ മാത്രമായി എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്തിയത് ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനാണെന്നും സീനത്ത് പറയുന്നു.
കൊച്ചി കോർപറേഷൻ സാധാരണക്കാരായ സ്ത്രീകളെ സൈക്കിൾ ഓടിക്കാൻ പരിശീലിപ്പിക്കുന്നതിനായി നടപ്പാക്കിയ റൈഡ് വിത്ത് കൊച്ചി പദ്ധതിയുടെ ഭാഗമായാണ് തന്റെ നാൽപത്തിനാലാം വയസിൽ സീനത്ത് സൈക്കിൾ ചവിട്ടാൻ പഠിച്ചത്. പിന്നീട് രണ്ടുമാസം കഴിഞ്ഞുനടന്ന ആ പദ്ധതിയുടെ രണ്ടാംപതിപ്പിൽ അയൽക്കൂട്ടം അംഗങ്ങളടങ്ങുന്ന മുന്നൂറ് സ്ത്രീകളെ സൈക്കിൾ റൈഡിങ് പരിശീലിപ്പിച്ചുകൊണ്ട് സൈക്കിളിങ് തന്റെ ജീവിതത്തിന്റെ ഭാഗമാക്കി സീനത്ത്. ഈ രണ്ടുവർഷക്കാലം കൊണ്ട് എഴുന്നൂറ്റമ്പതിൽ അധികം സ്ത്രീകളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും അതിൽ 75 വയസുവരെയുള്ള സ്ത്രീകൾ ഉണ്ടെന്നും സീനത്ത് പറയുന്നു. കഴിഞ്ഞമാസം കൊച്ചിയിൽ നടന്ന ഫാൻസി വിമൺ ബൈക്ക് റാലിയുടെ കോഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട് സീനത്ത്. ഇതിനോടകം 22 സൈക്കിൾ റാലികളുടെ സംഘാടകയായും പ്രവർത്തിച്ചിട്ടുണ്ട്.
”കേരളം ഇഷ്ടമാണെന്നു മാത്രമല്ല, കേരളം സ്നേഹമാണെന്നും ഞാൻ പറയും”. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്നു മെഡിക്കൽ പഠനം പൂർത്തിയാക്കി പത്തുവർഷത്തിനുശേഷം ഈ മാസം ഒടുവിൽ നാട്ടിലേക്കു മടങ്ങുന്ന നാഗാലാൻഡ് സ്വദേശി ഡോ. വിസാസൊ കിക്കി കേരളത്തെക്കുറിച്ച് മലയാളത്തിൽ പറയുന്നത് ഇതാണ്.
കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നൽകിയ പിന്തുണയെക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോ നാഗാലാൻഡ് മന്ത്രി ജേക്കബ് ഷിമോമി പങ്കുവച്ചത് ഇതിനോടകം ലക്ഷക്കണക്കിനു പേരാണ് കണ്ടത്. വിസാസോയുടെ ‘കേരള ലവ് സ്റ്റോറി’ പറയുന്ന ‘ കേരള കോണ്രിക്കിൾസ് ഓഫ് എ നാഗാലാൻഡ് ഡോക്ടർ’ എന്ന ഹ്രസ്വവീഡിയോ തലസ്ഥാനത്തു നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി പി.ആർ.ഡിയാണ് തയാറാക്കിയത്.
നാഗാലാൻഡ് മന്ത്രിക്കു പിന്നാലെ സംസ്ഥാന തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷും പങ്കുവച്ചതോടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.
ഗുവാഹത്തിയിൽ വച്ചുണ്ടായ ട്രെയിൻ അപകടത്തേത്തുടർന്നു കാൽപ്പാദം മുറിച്ചുകളയേണ്ടിവന്ന ദുരന്തമേറ്റു വാങ്ങിയ എട്ടാം ക്ലാസുകാരനിൽ നിന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് എം.എസും പൂർത്തിയാക്കിയ ഡോ. വിസാസൊയുടെ യാത്രയ്ക്ക് മലയാളിസ്പർശത്തിന്റെ നൂറുകഥകൾ പറയാനുണ്ട്.
2013ൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയിൽ യോഗ്യത നേടിയ വിസാസൊയുടെ മെഡി. കോളജ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് കൊഹിമയിലെ അധ്യാപകരായ മലയാളി അയൽക്കാരാണ്. അങ്ങനെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തുന്നത്. മലയാളവുമായി വിദൂരബന്ധം ഇല്ലാതിരുന്നിട്ടും കേരളത്തിലെത്തി രണ്ടുവർഷം കൊണ്ട് മലയാളം പഠിച്ചെടുത്ത വിസാസൊ ആശുപത്രിയിലെത്തുന്ന രോഗികളോടു സംസാരിക്കുന്നതും മലയാളത്തിലാണ്. കോഴിക്കോട് ആദ്യമായി നിപ ബാധയുണ്ടായപ്പോൾ നിപ പോരാളികളിലൊരാളായി സേവനരംഗത്തുണ്ടായിരുന്നു വിസാസൊ. കൗമാരത്തുടക്കത്തിലെ ഒരു ട്രെയിൻയാത്രയ്ക്കിടെ സ്റ്റേഷനിൽ ഇറങ്ങിയ വിസാസൊ ട്രെയിൻ വിട്ടു പോകുന്നതു കണ്ടു ചാടിക്കയറിയപ്പോഴുണ്ടായ അപകടത്തിലാണു കാൽപാദം നഷ്ടമായത്. പിന്നീട് കോഴിക്കോട് മെഡിക്കൽ പഠനത്തിനു വന്നപ്പോഴാണ് മുട്ടിനുതാഴെവച്ചു വീണ്ടും ശസ്ത്രക്രിയിലൂടെ മുറിച്ചുനീക്കി കൃത്രിമ ജയ്പുർ കാൽ വച്ചുപിടിപ്പിച്ചത്. തുടർന്ന് സ്വന്തം കോളജിൽവച്ചു തന്നെ കുറച്ചുകൂടി ആയാസരഹിതമായ മറ്റൊരു പൊയ്ക്കാൽ ഘടിപ്പിച്ചു.

നന്നേ ചെറുപ്പത്തിലേ ഒറ്റക്കാലിൽ ജീവിതത്തെ വെല്ലുവിളിയോടെ നോക്കിക്കണ്ട വിസാസൊ നാട്ടിൽനിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെ മാറ്റിനട്ട ജീവിതത്തിൽ മറ്റൊരു വെല്ലുവിളി കൂടി അതുമുതൽ ഏറ്റെടുത്തു; ഓട്ടം. 2015ലെ കൊച്ചി മാരത്തണിൽ പങ്കെടുത്ത വിസാസൊ അതിനുശേഷം എല്ലാ മാരത്തണുകളിലും പങ്കെടുക്കുന്നുണ്ട്. ആരേയും ആശ്രയിക്കാതെ സ്വതന്ത്രനായി ജീവിക്കാനായി ഉപരിപഠനം നാട്ടിൽ നിന്ന് ഏറെ ദൂരെയാക്കിയ വിസാസൊയെ സംബന്ധിച്ച് ആ ഓട്ടം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കലിന്റേയും കൂടെയാണ്.
ഒന്നു മുതൽ പത്തുവരെ സൈനിക് സ്‌കൂളിലായിരുന്നു പഠനം. ഉപരിപഠനം നീണ്ട കാലയളവ് കേരളത്തിലും; ചുരുക്കത്തിൽ എന്നും വീട്ടിൽ നിന്ന് ദൂരെ. ഇത്രനാളും വീടുവിട്ടു നിന്നുവെങ്കിലും അവസരം കിട്ടിയാൽ കേരളത്തിലേക്കു തിരിച്ചുവന്ന് ജോലി ചെയ്യുമെന്നാണ് ഡോ. വിസാസൊ പറയുന്നത്. കേരളത്തിലെ ആരോഗ്യരംഗത്തെക്കുറിച്ച് അത്രയേറെ മതിപ്പോടെയാണ് ഡോ. വിസാസൊ സംസാരിക്കുന്നത്.
ഇവിടുത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും, സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെയും ശൃംഖല അടക്കമുള്ളവയും റഫറൽ സംവിധാനവും ആരോഗ്യ ഇൻഷുറൻസ് കവറേജും എല്ലാം മാതൃകയാക്കണമെന്ന് ഡോ. വിസാസൊ കിക്കി പറയുന്നു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
നമ്മൾ മാതാപിതാക്കൾ ടീനേജ് കുട്ടികളുടെ കൈയ്യിൽ ഗർഭ നിരോധന ഉറകൾ വരെ കൊടുത്തു വിടേണ്ട ഒരു കാലത്താണ് നമ്മളിന്ന് ജീവിക്കുന്നത് .
ഈയിടെ ക്ലാസെടുത്തപ്പോൾ ഈ വിഷയം സംസാരിച്ചപ്പോൾ ഒരു പിതാവിന് മാത്രം അതത്ര ഇഷ്ടപ്പെട്ടില്ല .
എന്നാൽ ഞാനിങ്ങനെ പറയാൻ ചില കാരണങ്ങളുണ്ട് :
ഒന്നാമതായി നമ്മൾ പണ്ട് കണ്ടതും മനസിലാക്കിയതുമായ കാലത്തിലല്ല ഇന്ന് നമ്മുടെ കുട്ടികൾ വളർന്ന് വരുന്നത് . ഇന്ന് നമ്മുടെ സമൂഹത്തിൽ ഒട്ടേറെപ്പേർ bisexual ആണ് (അതായത് ഒരാൾക്ക് രണ്ടു തരത്തിലുമുള്ള ലിംഗക്കാരോടും തോന്നുന്ന ലൈംഗിക ആകർഷണം ) . നമ്മുടെ നാട് അതിൽ എത്രവരെയെത്തിയെന്ന് പറയാൻ കഴിയില്ല . പക്ഷെ പല വെസ്റ്റേൺ കൾച്ചറും അതേപോലെ കോപ്പിയടിക്കുന്ന നമ്മുടെ കുട്ടികളിലേക്ക് ഈ സംസ്‍കാരം വരാൻ കാലതാമസമില്ല . അതേപോലെതന്നെ നമ്മുടെ കുട്ടികളിൽ ഭൂരിപക്ഷവുമിന്ന് വെളിനാടുകളിൽ പഠിക്കാനായി പോകുന്നവരുമാണ് . അതിനാൽ തന്നെ നമ്മൾ മാതാപിതാക്കൾ ഇങ്ങനത്തെ കാര്യങ്ങൾ വളരെ നേരത്തെതന്നെ കുട്ടികളോട് തുറന്ന് പറയേണ്ടത് വളരെ ആവശ്യമാണ് .
സ്വയലിംഗ ആകർഷണം, ഇത് കൂടുതലായി കണ്ടുവരുന്നത് ആൺകുട്ടികളിലാണ് . നമ്മുടെ നാട്ടിൽ ഇപ്പോൾ ഇങ്ങനെയാണെന്ന് പറയുന്നില്ലങ്കിലും പല പാശ്ചാത്യ രാജ്യങ്ങളിലും ആൺകുട്ടികളും ആൺകുട്ടികളും തമ്മിലുള്ള ലൈംഗിക ബന്ധം വളരെ കൂടുതലാണ് . ആറുമാസകാലയളവിൽ തന്നെ 10-12 പാർട്ട്ണേഴ്‌സിനോട് വരെ ലൈംഗിക ബന്ധം പുലർ ത്തുന്ന ചെറുപ്പക്കാർ പാശ്ചാത്യരാജ്യങ്ങളിലുണ്ട് .
ഇതേ ആൺകുട്ടികൾ പിന്നീട് മറ്റു പല പെൺകുട്ടികളുമായും ലൈംഗിക ബന്ധം പുലർത്താൻ കാരണമാകുന്നവരുമാണ് .
ആൺകുട്ടികൾ തമ്മിലുള്ള ശാരീരികബന്ധം HIV ക്ക് കൂടുതൽ കാരണമാകുകയും, പിന്നീടവർ പെൺകുട്ടികളുമായുള്ള ശാരീരികബന്ധം പുലർത്തുന്നതിലൂടെ അവരിലേയ്ക്ക് പകർത്താൻ കാരണമാകുകയും ചെയ്യുന്നുവെന്നത് ഒരു ഒരു മറയില്ലാത്ത സത്യമാണ്.
ആയതിനാൽ ഇങ്ങനെയൊക്കെ നമ്മുടെ ചുറ്റും നടക്കുന്നുണ്ട് എന്ന് നമ്മുടെ കുട്ടികൾക്ക് ഒരറിവ് കൊടുക്കുകയെന്നത് ഒരമ്മയുടെ ഉത്തരവാദിത്വമാണ് . നമ്മുടെ ശരീരം നമ്മുടെ മാത്രം പ്രൈവറ്റ് ആണെന്നും , ആരെയും അതിൽ ഉൾപ്പെടുത്തരുതെന്നും പറഞ്ഞുകൊടുക്കുന്നതിനു കൂടെത്തന്നെ ഇനി ഒരു കാരണവശാൽ നീ അതിന് നിർബന്ധിതയാകുകയാണെങ്കിൽ ഗർഭനിരോധന ഉറ ഉപയോഗിക്കണമെന്നും തുറന്നു തന്നെ പറഞ്ഞു കൊടുക്കേണ്ട ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത് . ഇത് ഗർഭം തടയാൻ മാത്രമല്ല മറിച്ചു മേല്പറഞ്ഞപോലെ പലവിധ ലൈംഗിക രോഗങ്ങളിനിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കാനാകും . ….
ഇന്നത്തെ കാലത്ത് കൊടുത്തു വിടുകയൊന്നും വേണ്ട അവർ വാങ്ങികൊള്ളുമെന്ന് പറയുന്നവരോട് , ഇങ്ങനത്തെ തുറന്നു പറച്ചിലുകൾ നേരത്തെ നടത്തുന്നത് അവർ അങ്ങനെയൊരു സാഹസികതയ്ക്ക് മുതിരാൻ പോലും കാരണമാകാതിരിക്കുമെന്ന് പല റിസേർച്ചും പറയുന്നു .
ഇത് പറഞ്ഞതിൽ എന്നോട് രോക്ഷം കൊണ്ടിട്ടു കാര്യമില്ല , ഇത് തുറന്നു പറയുകയെന്നത് എന്റെ ഉത്തരവാദിത്വമാണ് ….
നമ്മൾ , നമ്മുടെ മക്കൾ ജീവിക്കുന്നത് വളരെ ഫേക്കായ ഒരു ലോകത്താണ് ….
ബോണ്‍മൂത്ത്: യുകെ മലയാളികള്‍ക്ക് കലാവിസ്മയത്തിന്റെ ആവേശരാവൊരുക്കി നീലാംബരി സീസണ്‍ 3. വിവിധ ഘട്ടങ്ങളിലായി നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട പുതുമുഖ ഗായകരും യുകെയിലെ പ്രശസ്ത കലാകാരന്മാരും അണിനിരന്ന നീലാംബരി വന്‍ജനപങ്കാളിത്തംകൊണ്ടും ഏറെ ശ്രദ്ധേയമായി.ഫേണ്‍ഡൗണിലെ ബാരിംഗ്ടണ്‍ തീയറ്ററില്‍ 2.30ന് ആരംഭിച്ച പരിപാടിയില്‍ യുകെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അമ്പതോളം കലാകാരന്മാരാണ് പങ്കെടുത്തത്.

ചലച്ചിത്ര പിന്നണിഗാന രംഗത്തെ അതികായന്മാര്‍ക്കുള്ള ശ്രദ്ധാഞ്ജലിയോടെയായിരുന്നു തുടക്കം. തുടര്‍ന്ന് ജനപ്രിയ ഗാനങ്ങളും എവര്‍ഗ്രീന്‍ ഹിറ്റ്‌സും അടക്കം വിവിധ ഭാഷകളിലുള്ള ചലച്ചിത്രഗാനങ്ങളിലൂടെ ഗായകര്‍ നീലാംബരി വേദി സംഗീതസാന്ദ്രമാക്കി. ചലച്ചിത്രഗാനങ്ങള്‍ക്കു പുറമേ വിവിധ ഭാഷകളിലുള്ള നാടന്‍പാട്ടുകളും ശ്രോതാക്കളുടെ കൈയ്യടി നേടി.സിനിമാറ്റിക്, തീംബേസ്ഡ്, ക്ലാസിക് അടക്കമുള്ള വിവിധ നൃത്ത രൂപങ്ങളും നീലാംബരിക്ക് മാറ്റുകൂട്ടി.

ദൃശ്യം സിനിമയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്‌കിറ്റും വേദിയില്‍ അരങ്ങേറി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ കുരുന്നു പ്രതിഭ ആദില്‍ ഹുസൈന്‍ ആണ് നീലാംബരി സീസണ്‍ 3 ഉദ്ഘാടനം ചെയ്തത്. സ്റ്റീഫന്‍ ഇടിക്കുള, സംഗീത് രഞ്ചന്‍ എന്നിവര്‍ വിശിഷ്ടാതികളായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി കൂടുതല്‍ നിലവാരമുള്ള പരിപാടികള്‍ ഉള്‍പ്പെടുത്താനായതും കൂടുതല്‍ കുരുന്നു പ്രതിഭകള്‍ക്ക് അവസരം നൽകാനായായതും നേട്ടമായി കണക്കാക്കുന്നതായി നീലാംബരിയുടെ അമരക്കാരനായ മനോജ് മാത്രാടന്‍ പറഞ്ഞു. നീലാംബരി സീസണ്‍ ഫോറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്കായുള്ള ഓഡിഷന്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോർത്താംറ്റാൻ മലയാളി അസോസിയേഷന്റെ സ്ഥാപകനും നിലവിലെ പ്രസിഡന്റും. കൈരളി നോർത്താംറ്റാൻ ബ്രാഞ്ച് വൈസ് പ്രസിഡന്റും യുകെയിലെ സാംസ്കാരിക പ്രമുഖനും പൊതുപ്രവർത്തകനുമായ ശ്രീ സുരേഷ് കുമാറിന്റെ പിതാവ് നിരണം, വളഞ്ഞവട്ടം ഉണ്ടിലെത്ത് തെക്കേതിൽ ശ്രീ ഗോപാലകൃഷ്ണൻ (89 ) നിര്യാതനായി. സംസ്കാരം പിന്നീട് . ശ്രീ സുരേഷ് കുമാറിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ മലയാളി അസോസിയേഷൻ നോർത്താമട്ടനും പങ്കുചേരുന്നു.
സുരേഷ് കുമാറിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
അവയവദാനം മഹാദാനം എന്ന മഹത്തായ സന്ദേശം ഉൾകൊള്ളുകൊണ്ട് ലിമ ലിവർപൂൾ, ഡോവ്കോട്ട് ലേബർ ക്ലബ്ബിൽ വച്ച് സംഘടിപിച്ച ബ്ലഡ് സ്റ്റേo സെൽ ഡോണർ രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുത്ത് നിരവധി നല്ലവരായ മലയാളികൾ ബ്ലഡ് സ്റ്റം സെൽ ഡോണർ രജിസ്റ്റർ ചെയ്തു.
എന്താണ് “ Blood stem cell donar registration“ കൊണ്ട് ഉദ്ദേശിക്കുന്നത്?.ഏതെങ്കിലും ക്യാൻസർ രോഗിക്ക് ബ്ളഡിലെ സ്റ്റെം സെൽ ആവശ്യമായി വരുന്ന പക്ഷം അനുയോജ്യമായ ദാദാക്കളെ എത്രയും പെട്ടന്ന് കണ്ടുപിടിക്കുന്നതിനായി നമ്മുടെ വായിൽ നിന്നും സ്വാബ് കളക്റ്റ് ചെയ്ത് നമ്മുടെ ഡീറ്റയിൽസ് റിക്കാർഡ് ചെയ്ത് സൂക്ഷിക്കുന്നതാണ് ഈ പ്രോസസ്സ്.

യുകെയിലെ DKMC, Delete Cancer തുടങ്ങിയവയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന Upahar എന്ന ചാരിറ്റി സംഘടനയും ആയി സഹകരിചാണ് Lima Liverpool ഈ ഇവന്റ് സംഘടിപ്പിച്ചത്.
എത്‌നിക് മൈനോറിറ്റി ഗ്രൂപ്പിലുള്ള നമുക്ക് ഇതേ മൈനോറിറ്റി ഗ്രൂപ്പിൽ ഉള്ളവരുടെ സ്റ്റെം സെൽ മാത്രമേ മാച്ച് ആവുകയുള്ളൂ. അതു തന്നെയാണ് ഇത്തരം ഒരു കാമ്പയിൻ ലിമ സംഘടിപ്പിച്ചതിന്റെ പ്രധാന ഉദ്ദേശവും.
