Latest News

കാരൂർ സോമൻ, ചാരുംമൂട്

കേരളത്തിലെ പെൺകുട്ടികളോട് മുഖ്യമന്ത്രി പറഞ്ഞത് നിലമറിഞ്ഞു വിത്ത് വിതയ്ക്കണമെന്നാണ്. ആത്മാഭിമാനമുള്ള പെൺകുട്ടികൾ അത് പറയും. എന്നാൽ ഇത് എത്ര പേരോട് പറയും? അവിടെ നിയമങ്ങളാണ് ഉണർന്നു പ്രവർത്തിക്കേണ്ടത്. കേരളത്തിൽ തുടരെ സ്ത്രീധന ആത്മഹത്യകൾ, പീഡന മരണങ്ങൾ സംഭവിക്കുന്നു.  ഈ ദുരാചാരം നിലനിൽക്കുന്ന ഒരു ദേശ൦  നവോത്ഥാന  കേരളമെന്ന് പറയാൻ നമ്മുക്ക് ലജ്ജയില്ലേ?  സ്ത്രീധനം ചോദിച്ചുവരുന്നവനെ പടിയടച്ചു പിന്ധംവയ്ക്കാൻ കുടുംബത്തിലുള്ളവർക്ക് സാധിക്കാത്തത് എന്താണ്?  നിയമങ്ങളെ കാറ്റിൽ പറത്തുന്ന കുറ്റവാളികളെ നേരിടാൻ പുതിയ മാർഗ്ഗങ്ങളുണ്ടാകണം.  വിവാഹം നടക്കുന്നതിന് മുൻപ് തന്നെ സ്ത്രീയുടെ ജീവിതം ഉറപ്പു വരുത്താൻ രണ്ട് വീട്ടുകാരിൽ നിന്നും സർക്കാർ സത്യവാങ് മുദ്രപത്രത്തിൽ എഴുതി വാങ്ങണം.  ഈ വിവാഹബന്ധത്തിൽ യാതൊരു സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നുള്ളത്. ഇത്തരത്തിൽ ആത്മഹത്യ, പീഡനമുണ്ടായാൽ രണ്ട് വീട്ടുകാരേയും ഇരുമ്പഴിക്കുള്ളിലാക്കാൻ സാധിക്കും. ഈ കാട്ടാള വർഗ്ഗത്തെ പുറത്തുവിടരുത്.   സ്ത്രീധന വേരിൽ   വളർന്നു പന്തലിച്ചു് കിടന്ന വൃക്ഷത്തിൽ മെഡിക്കൽ കോളേജിലെ പഠിച്ചുവളർന്ന  ഒരു യുവ ഡോക്ടർ  ഷഹന കൂടി ജീവനൊടുക്കിയപ്പോൾ കേരളത്തിലെ പഠന നിലവാരം ഏറെക്കുറെ മനസ്സിലായി.  പ്രണയമെന്ന വികാരത്തിൽ സത്യം തിരിച്ചറിയാതെ വിഡ്ഢിവേഷം കെട്ടിയാടിയ വിദ്യാസമ്പന്നയായ  പെൺകുട്ടി. ഇങ്ങനെ  പച്ചപ്പുല്ലു കണ്ട പശുവിനെപോലെ പ്രണയിച്ചുനടക്കുന്ന പെൺകുട്ടികൾ എത്രയോ ബുദ്ധിശൂന്യരാണ്.   ഒരു പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദികൾ ആരൊക്കെയാണ്?

 പെൺകുട്ടികളുടെ  ജീവിതങ്ങളെ  തീച്ചൂളയിലേക്ക് തള്ളിവിടുന്ന  പെങ്കോന്തന്മാർ നിയമങ്ങളെ ഭയന്നിരുന്നെങ്കിൽ, തൂക്കിലേറ്റിയിരുന്നെങ്കിൽ  ആത്മഹത്യകൾ പെരുകില്ലായിരുന്നു.  ഇതിനൊപ്പം നമ്മെ അമ്പരിക്കുന്നത് ഈ ആത്മഹത്യക്ക് പിന്നിൽ   മെഡിക്കൽ പി.ജി.അസോസിയേഷൻ പ്രസിഡന്റ് പദം അലങ്കരിക്കുന്ന ഡോ.റുവൈസ് എന്നാണ്.  ഇങ്ങനെ ഓരോ മണ്ഡലങ്ങളിൽ, സ്ഥാപനങ്ങളിൽ എത്രയോ നേതാക്കന്മാർ മറ്റാരുമറിയാതെ  സമൂഹത്തിൽ അഴിഞ്ഞാടുന്നു. സ്ത്രീകൾ ഭയന്ന് പുറത്തൊന്നും പറയാറില്ല.  ഒന്നര കിലോ സ്വർണ്ണം ഏക്കറുകണക്കിന് ഭൂമി ആവശ്യപ്പെട്ടന്നാണ് പോലീസ് കോടതിയിൽ കൊടുത്തിരിക്കുന്ന കുറ്റപത്രം. ഈ വരേണ്യവർഗത്തെ എതിർത്ത് തോൽപ്പിക്കാൻ ധൈര്യമില്ലതെ എല്ലാം സമ്മതിച്ചുകൊടുക്കുന്നതിന്റെ ഫലമാണ് പെൺകുട്ടികൾ  ശവപ്പറമ്പിലേക്ക് പോകുന്നത്. ഇന്ന് ആഡംബര വിവാഹമടക്കം  പന്തലുകളിൽ കടന്നുവരുന്ന മുഖ്യാതിഥികൾ മത-രാഷ്ട്രീയ    നേതാക്കന്മാരാണ്. കേരളത്തിൽ  സ്ത്രീധന മരണങ്ങൾ സംഭവിക്കുമ്പോൾ നമ്മുടെ എഴുത്തുകാരെപോലെ ഇവരും മൗനികളാണ്.

വിദ്യാസമ്പന്നരായവർ മറ്റുള്ളവർക്ക് മാതൃകയാകുന്നതിന് പകരം ആത്മഹത്യ ചെയ്യാൻ മറ്റ് പെൺകുട്ടികളെ പ്രേരിപ്പിക്കുന്നു. ഇവർ പഠിച്ചുകുട്ടിയത് എന്താണ്?  ഇവർ രണ്ടുപേരും പരീക്ഷകൾ ജയിച്ചത് നേരായ മാർഗ്ഗത്തിലാണോ?  ഇത്തരക്കാർക്ക് മാർക്ക് വാരിക്കോരിക്കൊടുത്തു് വിജയിപ്പിച്ചതാണോ അല്ലെങ്കിൽ ഇവർക്കായി മറ്റാരെങ്കിലും പിൻവാതിലിലൂടെ  പരീക്ഷയെഴുതിയോ? സഞ്ചിയെടുത്തവരെല്ലാം വൈദ്യന്മാരാകുന്ന കാലമാണല്ലോ. ഒരു കുട്ടിയെ വളർത്തി വലുതാക്കി പഠിപ്പിച്ചതിന് മാതാപിതാക്കൾക്ക് മകൾ  കൊടുത്ത പ്രതിഫല൦.  ഇതുപോലുള്ള കുട്ടികൾ   സ്വന്തം കുടുംബത്തെ പകൽ വെളിച്ചത്തിൽ നിന്ന് അന്ധകാരത്തിലേക്ക് തള്ളിയിടുകയല്ലേ? സാക്ഷര കേരളത്തിലെ യുവജനങ്ങൾ പഠിക്കുന്നതും ബിരുദങ്ങൾ നേടുന്നതും ജീവിത പ്രതിസന്ധികൾ വരുമ്പോൾ ഏക മാർഗ്ഗം ആത്മഹത്യ എന്ന മരമണ്ടൻ ആശയ൦ നടപ്പിലാക്കാനാണോ?  പഠനങ്ങളിൽ ആശയ ദാരിദ്ര്യമുണ്ടോ?  പ്രായപൂർത്തിയായ ഒരു പെണ്ണ് വിവാഹം കഴിക്കണമെന്ന നിർബന്ധബുദ്ധി എന്തിനാണ്? അവർക്ക് ഒറ്റക്ക് സ്വതന്ത്രമായി ജീവിച്ചുമരിച്ചൂടെ? 

ഗൾഫിലും, കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളിലും സ്ത്രീധനം പെണ്ണിനാണ് നൽകുന്നത്. അത് വിലപ്പിടിപ്പുള്ള വസ്തുക്കളെക്കാൾ ആടുമാടുകളാണ്.  വികസിത രാജ്യങ്ങളിൽ ഈ സമ്പ്രദായമില്ല. സാമൂഹ്യ സാംസ്കാരിക മേഖലയിൽ വായിച്ചു വളർന്നവർക്ക് പൈശാചിക പരിപാടികൾക്ക് കൂട്ടുനിൽക്കാൻ സാധിക്കില്ല.  നമ്മുടെ നാട്ടിൽ തൃശൂർ പൂരത്തിന് ആനകളുടെ നെറ്റിപട്ടത്തിൽ കാണുന്നതുപോലെ  സ്വർണ്ണ തിളക്കം  വിവാഹദിവസം പെണ്ണിന്റെ നെറ്റിയിലും  നെഞ്ചിലും ശരീരമാകെ പ്രദർശിപ്പിക്കാറുണ്ട്. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ തൃശൂർ പുരംപോലെ അവളെ പ്രദർശനവസ്തുവാക്കുന്ന ഒരേയൊരു ദിവസമാണ് വിവാഹ ദിനം. ആ പവിഴപ്രഭയിൽ പുഞ്ചിരിക്കുന്ന മാതാപിതാക്കൾ.   സ്വർണ്ണാഭരണങ്ങൾ ഊർന്നുവീണുപോകാതെ നോക്കി നിൽക്കുന്ന ഭർത്താവിന്റ വീട്ടുകാർ.  ആ സ്വർണ്ണകിലുക്കം കണ്ട് രസിക്കുന്ന വിരുന്നുണ്ണാൻ വന്നവർ. വിഭവസമൃദ്ധമായ സദ്യ വലിച്ചുവാരിവിഴുങ്ങി  പുറത്തുവന്നിട്ട് അതിനും കുറ്റം പറയും. മലയാളിയുടെ സഹജമായ സ്വഭാവ ഗുണങ്ങളാണല്ലൊ  പരദൂഷണം, അസൂയ, പൊങ്ങച്ചം.   ഒരു സ്ത്രീയുടെ ശരീരശോഭ സ്വർണ്ണത്തിൽ പൊതിയുന്ന ആനയെഴുന്നെള്ളത്തു്  കേരളത്തിലല്ലാതെ ലോകത്തു് മറ്റെങ്ങും കാണില്ല. ഈ വിവാഹ ധൂർത്തു കണ്ടാണ് പാവങ്ങൾ വീടുവരെ പണയപ്പെടുത്തി പെൺകുട്ടികളുടെ വിവാഹം നടത്തുന്നത്.  ധനസമ്പത്തിൽ അഹംഭാവവും പൊങ്ങച്ചവുമുള്ളവരാണ്  സ്വർണ്ണചങ്ങലയിട്ട് പെൺകുട്ടികളെ ആഘോഷവസ്തുവാക്കുന്നത്. സ്വന്തം മകൾ പോന്നെന്ന് ജന്മം കൊടുത്ത മാതാപിതാക്കൾക്കുപോലുമറിയില്ല. പൊന്നിൻകുടത്തിന് സ്വർണ്ണപൊട്ട് ആവശ്യമില്ല അതാണ് പാശ്ചാത്യരുടെ അറിവിന്റെ സംസ്കാരം.  കുട്ടികളെ വായിച്ചുവളർത്താതിന്റെ ദുരന്തമാണ് ഇന്ന് കാണുന്നത്. 

മനുഷ്യരെ ഭിന്നിപ്പിച്ചു് ഭരിക്കുന്ന, സ്വാർത്ഥതയുടെ മേലങ്കിയണിഞ്ഞരിക്കുന്ന ദൈവ പുത്രപുത്രിമാർക്കും,  ജാതി മത ദേവീദേവന്മാർക്കും  ഇതിൽ നിന്ന് ഒളിച്ചോടാൻ സാധിക്കുമോ? ആത്മാവിൽ കോട്ടകൾ പണിതുയർത്തുന്നവർക്ക് എത്രമാത്രം ആത്മീയ അവബോധം ഈ പെൺകുട്ടിയിൽ വളർത്താൻ സാധിച്ചു? മതബോധനം എന്ന പേരിൽ എന്താണ് കുട്ടികളെ പഠിപ്പിക്കുന്നത്? വിവാഹം നടത്താനും, മാസവരി പിരിക്കാനും, വിശ്വാസത്തിന്റെ മറവിൽ സമ്പത്തുണ്ടാക്കാനും, ജാതിപറഞ്ഞു വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലേക്ക് പോകാനുമാണോ ഇവർ  പഠിപ്പിക്കുന്നത്? ഈ അന്ധതയുടെ മതിലുകൾ എന്നാണ് പൊളിഞ്ഞുവീഴുക?

പെണ്ണിന്റെ പെട്ടിയിലെ കനം നോക്കി വിവാഹം കഴിക്കുന്ന വിദുഭോഷൻമാർ കേരളത്തിൽ വർദ്ധിക്കുന്നു. നമ്മുടെ പാഠ്യപദ്ധതിയിൽ സ്ത്രീധനമെന്ന വിഷപാമ്പിനെപറ്റി എന്താണ് പഠിപ്പിക്കുന്നത്? വിദ്യാഭ്യാസം ഒരു സാമൂഹ്യ ഉത്തരവാദിത്വമെങ്കിൽ സമൂഹത്തിൽ നടമാടുന്ന സ്ത്രീധന പിശാചിനെപ്പറ്റി ഇച്ഛാശക്തിയോടെ സംസാരിക്കാൻ ഒരു പെൺകുട്ടി എന്തുകൊണ്ട് തയ്യാറാകുന്നില്ല?  ഒരു സ്ത്രീ പുരുഷന് അടിമയായും അടിയറവ്വെച്ച്  ജീവിക്കണമെന്നാണോ  പഠിപ്പിക്കുന്നത്? ഇങ്ങനെയുള്ള വിഷയങ്ങളിൽ സുപ്രധാനങ്ങളായ പഠനപദ്ധതികളാണ് സർക്കാർ തയ്യാറാക്കേണ്ടത്?  യുവജന കമ്മീഷൻ, വനിതാ കമ്മീഷൻ ഇനിയുമുള്ളത് അറിയില്ല. ഖജനാവ് കാലിയാക്കുന്ന ഈ കൂട്ടരുടെ  തൊഴിലെന്താണ്?  ഒരാൾ ആത്മഹത്യ ചെയ്യുമ്പോൾ നിയമത്തിനും അപഗ്രഥത്തിനും  അനുശോചനവും  തെളിവെടുപ്പ് നടത്താതെ പെൺകുട്ടികൾക്ക് വേണ്ടുന്ന കർമ്മപദ്ധതികൾ തയ്യാറാക്കി അവരിൽ ആത്മവിശ്വാസം വളർത്തുകയാണ് വേണ്ടത്. ഈ കമ്മീഷൻ വഴി ആദിവാസി, പിന്നോക്ക സമുദാ യത്തിലുള്ളവർ, പട്ടിണിപ്പാവങ്ങൾക്ക് എന്തെങ്കിലും പാഠ്യപദ്ധതി തയ്യാറാക്കി നടപ്പിൽ വരുത്തിയിട്ടുണ്ടോ?  ഇങ്ങനെപോയാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെയവസ്ഥയെന്താണ്?

വികസിത രാജ്യങ്ങളിൽ നിന്ന്  ധാരാളം  പുരോഗമനാശയങ്ങൾ ദരിദ്ര രാജ്യങ്ങളും തലച്ചോർ വളരാത്ത രാജ്യങ്ങളും കടമെടുത്തിട്ടുണ്ട്. സ്ത്രീകളുടെ വിഷയത്തിൽ മാത്രം ഈ പുരോഗമനമില്ലാത്തത് എന്താണ്? സ്ത്രീകൾക്ക് തുല്യത എന്തുകൊണ്ട് കൊടുക്കുന്നില്ല? വികസിത രാജ്യങ്ങളിലെ  സ്ത്രീകൾ സന്തുഷ്ടരായി ജീവിക്കുന്നതുപോലെ നമ്മുടെ സ്ത്രീകൾ സന്തുഷ്ടരാണോ?  ഇവിടുത്തെ പുരുഷന്മാർക്ക് സ്ത്രീകളെ ഭയമാണ്. ഇന്ത്യൻ  സ്ത്രീകൾ എന്തുകൊണ്ടാണ് പുരുഷന്മാരെ ഭയന്ന് ജീവിക്കുന്നത്?  സ്ത്രീകൾ രാപകൽ ഒരു ഭയമോ ഭീതിയോ കൂടാതെ സഞ്ചരിക്കുമ്പോൾ നമ്മുടെ സ്ത്രീകൾ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ ഭയക്കുന്നത് എന്താണ്? വിവാഹിതരാകുന്ന സ്ത്രീകൾക്ക് പുരുഷനേക്കാൾ പ്രായക്കൂടുതലാണ്. വിവാഹത്തിന് നമ്മുടെ സ്ത്രീകൾക്ക് പ്രായം കുറഞ്ഞിരിക്കണമെന്ന നിർബന്ധമെന്താണ് ? അടുക്കളയിൽ പുരുഷന് തുല്യ പങ്കാളിത്വമില്ലാത്തത് എന്താണ്? ഇങ്ങനെ എണ്ണിയാൽ തീരാത്ത പഠനനിലവാരമുയർത്തേണ്ട വിഷയങ്ങൾ മലയാളിയുടെ മുന്നിലുണ്ട്.  സമൂഹം നേരിടുന്ന നീറുന്ന വിഷയങ്ങളെപറ്റി സൂക്ഷമമായി പഠിക്കാനും അതിന് പരിഹാരം കണ്ടെത്തി പെൺകുട്ടികളെ ധൈര്യശാലികളായി  പഠിപ്പിക്കുവാനുമാണ്  വിദ്യാഭ്യാസ രംഗത്തുള്ളവർ ശ്രദ്ധ ചെലുത്തേണ്ടത്  അല്ലാതെ വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കയല്ല ചെയ്യേണ്ടത്.  പെൺകുട്ടികൾക്ക് കൊടുക്കുന്നതുപോലുള്ള ബോധവൽക്കരണ ക്ലാസ്സുകൾ ആൺകുട്ടികൾക്കും അനിവാര്യമാണ്.  

1961 ൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്നിട്ടും പെൺകുട്ടികൾ ജീവൻ വെടിയുന്നു. നിയമത്തിൽ വിവാഹചിലവുകൾപോലും കുറ്റകരമാണ്. സ്ത്രീധനം വാങ്ങാൻ പ്രേരണ ചെലുത്തുമെങ്കിൽ അഞ്ചു് വർഷം  തടവും ശിക്ഷയും കിട്ടും. സർക്കാർ ജോലിക്കാരെങ്കിൽ സ്ത്രീധനം ആവശ്യപ്പെടില്ലെന്ന് സത്യവാങ് രേഖമൂലം നൽകണം. കേരളത്തിൽ 28 കുടുംബകോടതികൾ പെരുകാൻ കാരണം സ്ത്രീ പീഡനങ്ങൾ, വിവാഹ മോചനങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ തെളിവാണ്.  ജനങ്ങളുടെ നന്മക്ക് വേണ്ടി നമ്മുടെ നിയമവ്യവസ്ഥിതിയിൽ കാതലായ മാറ്റങ്ങൾ വരുത്തി ആരുടേയും സ്വാധിനത്തിന് വഴങ്ങാതെ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഏർപ്പെടുത്തണം. വികസിത രാജ്യങ്ങളിൽ ഏതെങ്കിലും മന്ത്രിമാർ ഇടപെട്ടാൽ പിന്നീടയാൾ ആ കസേരയിൽ കാണില്ല. രാഷ്ടിയ അജണ്ടയല്ല നടപ്പാക്കേണ്ടത് അതിലുപരി ജനങ്ങളുടെ ജനാധിപത്യ അജണ്ടയാണ് നടപ്പാക്കേണ്ടത്.

കുരങ്ങന്റെ കൈയിലെ പൂമാലപോലെ പെൺകുട്ടികളുടെ ജീവിതം തട്ടിക്കളിക്കുന്നതുകൊണ്ടാണ് നാഷണൽ ക്രൈം ബ്യുറോ കണക്കനുസരിച്ഛ് 2022 ൽ സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെട്ടത് 12 പേരും കഴിഞ്ഞ 15 വർഷത്തിനിടയിൽ 260 പേരാണ്. എത്ര പേരെ തൂക്കിലേറ്റി?   ഈ മത രാഷ്ട്രീയ പിന്തിരിപ്പൻ നയങ്ങളും നിയമങ്ങളും തുടർന്നാൽ ആത്മഹത്യകൾ പെരുകും.  അടൂരിലെ ഉത്രയെ കൊന്നതുപോലെ സ്ത്രീധനമെന്ന വിഷപാമ്പിനെവിട്ട് കടിപ്പിക്കുന്ന മാതാപിതാക്കൾ, ഭർത്താക്കന്മാർ, കാമുകന്മാർ, പോലീസ്. ഭരണ സംവിധാനങ്ങൾ, സമൂഹം എല്ലാവരും കൂട്ടുപ്രതികളാണ്. സമൂഹത്തിൽ ശുചിത്വബോധം വളർത്തുന്നതുപോലെ ഈ കുട്ടരിലെ നാറിയ മനസ്സാണ്  ആദ്യം ശുദ്ധികരിക്കേണ്ടത്.

ബിനോയ് എം. ജെ.

നിങ്ങൾ സുന്ദരമായ ഒരു മുഖം കാണുന്നതായി സങ്കല്പിക്കുക. അത് നിങ്ങളിലെ ചില സൗന്ദര്യസങ്കല്പങ്ങളെ ഉണർത്തുന്നു. നിങ്ങൾ അതിന്റെ പിറകേ കൂടുന്നു. നിങ്ങൾ കാണുന്ന മുഖം സുന്ദരമാണെങ്കിലും അത് സൗന്ദര്യത്തിന്റെ മൂർത്തിമത്ഭാവമൊന്നുമല്ല. അത് കുറെയൊക്കെ സുന്ദരമാണ്; കുറെയൊക്കെ വിരൂപവുമാണ്. അതങ്ങനെയാവാനേ വഴിയുള്ളൂ.. അതിനാൽതന്നെ അത് നിങ്ങളുടെ മനസ്സിൽ ഉണർത്തുന്ന സങ്കൽപവും പാതി സുന്ദരവും പാതി വിരൂപവുമാണ്. അത് നിങ്ങളിൽ അനന്താനന്ദം ജനിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. മാത്രവുമല്ല
നിങ്ങളിലെ സങ്കൽപത്തെ ഉണർത്തിയ ബാഹ്യവസ്തുവിനോട് നിങ്ങൾക്ക് സ്വാഭാവികമായും തോന്നുന്ന ആസക്തിയും, ആശ്രയത്ത്വവും, അടിമത്തവും കാലക്രമത്തിൽ നിങ്ങളെ പ്രശ്നങ്ങളിൽ കൊണ്ടുവന്ന് ചാടിക്കുന്നു. കാരണം അതില്ലാതെ നിങ്ങളിലെ സങ്കൽപത്തിന് നിലനിൽക്കുവാനാകുന്നില്ല. നിങ്ങൾ പ്രണയത്തിലാകുന്ന സുന്ദരി നിങ്ങളെ ഉപേക്ഷിച്ചുപോയാൽ അവളോടൊപ്പം നിങ്ങളുടെ സങ്കൽപവും തിരോഭവിക്കുവാൻ വെമ്പൽ കൂട്ടുന്നു. അത് നിലനിൽപിനു വേണ്ടി കേഴുന്നു. നിങ്ങൾ നിരാശയിലേക്ക് വീഴുകയും ചെയ്യുന്നു.

ഇപ്രകാരം ബാഹ്യവസ്തുക്കൾ നമ്മുടെ ഉള്ളിലെ അത്യുദാത്തങ്ങളായ ചില സങ്കൽപങ്ങളെ ഉണർത്തുന്നു. മനുഷ്യൻ വീടു കെട്ടുന്നതും, ഉദ്യാനങ്ങൾ നിർമ്മിക്കുന്നതും, നഗരങ്ങൾ രൂപകൽപന ചെയ്യുന്നതുമെല്ലാം ഉള്ളിലുള്ള ചില സങ്കൽപങ്ങളെ ഉണർത്തുവാൻ വേണ്ടി മാത്രമാണ്.ഇതിനപ്പുറം ഒരു ധർമ്മം ബാഹ്യയാഥാർത്ഥ്യത്തിനോ,ബാഹ്യ പ്രപഞ്ചത്തിനോ, കർമ്മത്തിനോ ഇല്ല. ഇപ്രകാരം നാം ബാഹ്യയാഥാർത്ഥ്യത്തിന്റെ സഹായത്താൽ ആന്തരിക സങ്കൽപങ്ങളെ ഉണർത്തുമ്പോൾ രണ്ടു തരം വൈഷമ്യങ്ങൾ സംഭവിക്കുന്നു. ഒന്നാമതായി ആന്തരിക സങ്കൽപങ്ങളെ അതിന്റെ പൂർണ്ണതയിൽ ഉണർത്തുവാൻ ബാഹ്യയാഥാർത്ഥ്യം അസമർത്ഥമാകുന്നു. രണ്ടാമതായി ബാഹ്യയാഥാർത്ഥ്യവുമായി നാമൊരുതരം ആസക്തിയെ വളർത്തിയെടുക്കുന്നു. ഇതാണ് മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം. ഈ പ്രശ്നം പരിഹരിക്കുന്നതിന് അൽപം വിപ്ലവാത്മകമായി ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മിലെ ആന്തരിക സങ്കൽപങ്ങളെ ഉണർത്തുവാൻ വാസ്തവത്തിൽ ബാഹ്യയാഥാർത്ഥ്യത്തിന്റെ ആവശ്യമുണ്ടോ? ബാഹ്യയാഥാർത്ഥ്യത്തോടുള്ള ഈ ആശ്രയത്തം എത്രമാത്രം ആരോഗ്യപ്രദമാണ്? ബാഹ്യലോകത്തിന്റെ സഹായമില്ലാതെ ആന്തരിക സങ്കൽപങ്ങളെ ഉണർത്തുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?അങ്ങനെയൊരു മാർഗ്ഗമുണ്ടെങ്കിൽ പിന്നീട് നമുക്ക് ബാഹ്യലോകത്തിന്റെ ആവശ്യം ഒട്ടും തന്നെയില്ല.

സങ്കൽപത്തെ ഉണർത്തുവാൻ സങ്കൽപം തന്നെ ധാരാളം മതിയാകും. അതിന് ബാഹ്യയാഥാർത്ഥ്യത്തിന്റെ ആവശ്യം ഒട്ടും തന്നെയില്ല. അത് നാം സ്വയം പരിശീലിക്കണം എന്ന് മാത്രം. നിങ്ങളിലെ സ്ത്രീ സങ്കൽപത്തെ ഉണർത്തുവാൻ നിങ്ങളുടെ പുറത്ത് സ്ത്രീ ഉണ്ടാവണമെന്ന് നിർബന്ധമൊന്നുമില്ല. പകരം നിങ്ങൾ കണ്ണടച്ചു പിടിച്ച് അത്യന്തം സുന്ദരിയായ ഒരു പെൺകുട്ടിയെ മനസ്സിൽ സങ്കല്പിക്കുക. ആദ്യമൊക്കെ നിങ്ങൾ കണ്ടിട്ടുള്ള ഏതെങ്കിലും പെൺകുട്ടിയുടെ രൂപമാവും മനസ്സിൽ തെളിയുക. പക്ഷേ അതിന് സൗന്ദര്യം പോരാ. അതിനാൽതന്നെ കണ്ണടച്ചു പിടിച്ചുകൊണ്ട് കൂടുതൽ കൂടുതൽ സൗന്ദര്യമുള്ള ഒരു പെൺകുട്ടിയെ മനസ്സിൽ സങ്കല്പിക്കുക. അവളുടെ സൗന്ദര്യം വർദ്ധിച്ചുവർദ്ധിച്ചുവരട്ടെ. ഇത് കുറെനാൾ അഭ്യസിച്ചു കഴിയുമ്പോൾ പരിപൂർണ്ണയായ ഒരു പെൺകുട്ടിയുടെ (ideal lady) രൂപം നിങ്ങളുടെ മനസ്സിൽ തെളിഞ്ഞു വരും. അവളുടെ സൗന്ദര്യത്തിൽ നിങ്ങൾ തല കറങ്ങി താഴെ വീഴട്ടെ! ഇതിൽ നിങ്ങൾ വിജയിച്ചു കഴിഞ്ഞാൽ പിന്നീട് നിങ്ങൾ ഈ ലോകത്തിലെ വൈരൂപ്യം കലർന്ന സ്ത്രീ സൗന്ദര്യത്തിനു പിറകേ അധികം ഓടുകയില്ല.

നാം ജീവിക്കുന്ന സമൂഹം അത്രനല്ല ഒരു സമൂഹമൊന്നുമല്ല. അതാണ് നമ്മുടെ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം. പരിപൂർണ്ണമായ ഒരു സമൂഹം വാർത്തെടുക്കണമെന്ന് നാം സ്വപ്നം കാണുന്നുവെങ്കിലും അതത്ര പ്രായോഗികവുമല്ല. എന്നാൽ പരിപൂർണ്ണമായതും അത്യന്തം പകിട്ടേറിയതുമായ ഒരു സമൂഹസങ്കൽപം നമ്മുടെ ഉള്ളിൽ ഉറങ്ങി കിടപ്പുണ്ട്. അതിനെ ഉണർത്തിയെടുക്കുവാൻ ഉള്ള ശക്തി ബാഹ്യസമൂഹത്തിന് ഒട്ടില്ല താനും. അതിനാൽതന്നെ അത്യന്തം ഭാസുരമായ ആ സാമൂഹിക സങ്കൽപത്തെ ആന്തരികമായി തന്നെ ഉണർത്തിയെടുക്കുവിൻ. കാറൽ മാർക്സ് ചെയ്തതുപോലെ പരിപൂർണ്ണമായതും കുറവുകളില്ലാത്തതുമായ ഒരു സമൂഹത്തെ സ്വപ്നം കണ്ടു തുടങ്ങുവിൻ. മാർക്സിന്റെ സ്വപ്നം ഒരു പാഴ്വേലയായി പോയി എന്ന് നിങ്ങൾ കരുതുന്നുണ്ടോ? അത് ലോക ചരിത്രത്തിന്റെ ഗതിയെ തന്നെ തിരിച്ചു വിട്ട കാര്യം നമുക്കറിവുള്ളതാണ്. ഇതേ വ്യായാമം തന്നെ നാമും ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങളുടെ ആദർശലോകത്തെ സ്വപ്നം കണ്ടു തുടങ്ങുവിൻ. അതിന്റെ പ്രഭാവലയത്തിൽ നിങ്ങൾ ഒരുന്മാദത്തിലേക്ക് വഴുതി വീഴട്ടെ. അതിൽ നിങ്ങൾ വിജയിച്ചാൽ പിന്നീട് നിങ്ങൾ അപൂർണ്ണമായതും പിടിയിൽ നിൽക്കാത്തതുമായ ഈ ബാഹ്യസമൂഹത്തിന് പിറകേ അധികം ഓടുകയില്ല.

ബാഹ്യയാഥാർത്ഥ്യത്തെ നാം ആസ്വദിക്കുന്നു. കാരണം അത് നമ്മിലുറങ്ങിക്കിടക്കുന്ന ആന്തരിക സങ്കൽപത്തെ ഭാഗികമായെങ്കിലും ഉണർത്തുന്നു. എന്നാൽ ബാഹ്യയാഥാർത്ഥ്യം പരിപൂർണ്ണമാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അത് കുറെയൊക്കെ വിരൂപവും അപകടം പിടിച്ചതുമാണ്. പുരമുകളിൽ നിന്നും താഴേക്ക് ചാടിയാൽ നിങ്ങളുടെ കാൽ ഒടിയുക തന്നെ ചെയ്യും. എന്നാൽ നിങ്ങളുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന പരിപൂർണ്ണമായ ആന്തരിക സങ്കൽപത്തിൽ ഇങ്ങനെ ഒരു പ്രശ്നമുണ്ടാകുവാൻ വഴിയില്ല. അത്യന്തം പകിട്ടേറിയ ആ ആന്തരിക സങ്കൽപത്തെ ബാഹ്യപ്രപഞ്ചത്തിന്റെ സഹായമില്ലാതെ തന്നെ ഉണർത്തിയെടുക്കുവിൻ. കണ്ണടച്ചു പിടിച്ചു കൊണ്ട് കുറവുകളില്ലാത്ത ആ ലോകത്തെ ഭാവനയിൽ കാണുക. അതിന്റെ മാസ്മരികതയിൽ നിങ്ങൾ ബോധം കെട്ടു താഴെ വീഴട്ടെ. അതിൽ നിങ്ങൾ വിജയിച്ചാൽ പിന്നെ വിരൂപവും അപകടം പിടിച്ചതുമായ ഈ ലോകത്തിന്റെ പിറകേ നിങ്ങൾ അധികം ഓടുകയില്ല.

ഇപ്രകാരം സങ്കൽപശക്തി ഉപയോഗിച്ച് ബാഹ്യലോകത്തിന്റെ പരിമിതികൾക്കും അപ്പുറം പോകുവാൻ മനുഷ്യന് കഴിയും. അങ്ങിനെ ബാഹ്യലോകവുമായുള്ള അടിമത്തത്തിന്റെ ചങ്ങലകളെ തകർക്കുവിൻ. നമുക്ക് വേണ്ടത് സ്വാതന്ത്ര്യമല്ലേ? യാഥാർത്ഥ്യത്തോടുള്ള അടിമത്തം മായാബന്ധനം തന്നെയാണ്. നിങ്ങളിൽ വസിക്കുന്ന ഈശ്വരൻ സങ്കൽപത്തിനും അപ്പുറത്താണ്. സങ്കൽപത്തിലൂടെ അതിലേക്ക് പ്രവേശിക്കുവിൻ. അപ്പോൾ നിങ്ങളെ ദുഃഖിപ്പിക്കുവാൻ യാഥാർഥ്യത്തിന് സാധിക്കുകയില്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

മാവേലിക്കരയില്‍ ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന് ചാടി മരിച്ചു. മാവേലിക്കര പുന്നമൂട് ആനക്കുട്ടില്‍ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ പിതാവുമായ ശ്രീമഹേഷാണ് ട്രെയിനില്‍നിന്ന് ചാടി മരിച്ചത്. കേസിലെ വിചാരണയ്ക്കായി വെള്ളിയാഴ്ച ആലപ്പുഴയിലെ കോടതിയില്‍ കൊണ്ടുവന്നശേഷം തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് പോകുന്നവഴി ശാസ്താംകോട്ടയില്‍വെച്ചാണ് ഇയാള്‍ ട്രെയിനില്‍നിന്ന് ചാടിയത്.

2023 ജൂണ്‍ ഏഴിന് വൈകിട്ട് ഏഴരയോടെയാണ് ഇയാള്‍ സ്വന്തം മകളായ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയശേഷം സ്വന്തം അമ്മയേയും പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ശ്രീമഹേഷ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. നേരത്തേ മാവേലിക്കര സബ് ജയിലില്‍വെച്ച് ഇയാള്‍ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

നക്ഷത്രയെ കൊലപ്പെടുത്തുന്നതിന് ഒന്നരവര്‍ഷം മുൻപ് ഇയാളുടെ ഭാര്യ വിദ്യ ജീവനൊടുക്കിയിരുന്നു. ഭാര്യയുടെ മരണശേഷം പുനര്‍വിവാഹത്തിനു ശ്രീമഹേഷ് ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു വനിതാ സിവില്‍ പോലീസ് ഓഫീസറുമായി ശ്രീമഹേഷിന് വിവാഹാലോചന നടത്തിയിരുന്നെങ്കിലും മഹേഷിന്റെ സ്വഭാവത്തില്‍ അസ്വാഭാവികതയുണ്ടെന്നറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍നിന്നു പിന്‍മാറുകയായിരുന്നു.

മകളുള്ളതിനാലാണ് പുനര്‍വിവാഹം നടക്കാത്തതെന്നു ചിന്തിച്ചുണ്ടായ വിരോധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.

ശ്രീമഹേഷിന്റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ

മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 9.35നായിരുന്നു അന്ത്യം. കെ കരുണാകരൻ, ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്നു. ആറ് തവണ എംഎൽഎ ആയിരുന്നു.

1940 ഏപ്രിൽ 22ന് തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങന്റെയും പാറുക്കുട്ടിയുടെയും മകനായി ജനിച്ചു. തൃശൂർ കേരള വർമ കോളേജിൽ നിന്ന് ബിരുദം നേടി. അഭിഭാഷകൻ കൂടിയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലേയ്‌ക്ക് ചുവടുവച്ചത്. 1967 മുതൽ 1970 വരെ സംഘടനയുടെ തൃശൂർ ജില്ലാ പ്രസിഡന്റായിരുന്നു. 1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തിൽ നിന്നും 1987, 1991,1996, 2001 വർഷങ്ങളിൽ കൊടകര നിയോജന മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991 മുതൽ 1994 വരെ കെ കരുണാകരന്റെയും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി സർക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. ഹൈക്കോടതി പരാമർശത്തെ തുടർന്ന് രാജി വച്ചു. 2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളിൽ കൊടകരയിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സി രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു.

വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നൂറനാട് തത്തമുന്ന മുറിയിൽ വടക്കേകാലായിൽ അനന്ദുവാണ് (24) നൂറനാട് പൊലീസിന്റെ പിടിയിലായത്. 28കാരിയെ പ്രതി കഴിഞ്ഞ കുറച്ചുനാളുകളായി പിറകെ നടന്ന് ശല്യപ്പെടുത്തുകയും തന്നെ കല്യാണം കഴിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഏഴാംതീയതി രാത്രി യുവതിയുടെ വീടിന് സമീപം വച്ച് പെൺകുട്ടിയെ ഒപ്പം വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു. വഴങ്ങാതിരുന്നതിന് യുവാവിന്റെ ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ പെൺകുട്ടിയുടെ മൂക്ക് പൊട്ടി. തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അവിടെ നിന്ന് ഓടി രക്ഷപ്പെട്ട പെൺകുട്ടി നൂറനാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതി കഴിഞ്ഞ ദിവസം ചാരുംമൂട് നിന്നാണ് അറസ്റ്റിലായത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

സി.ഐ പി.ശ്രീജിത്ത്, എസ്.ഐമാരായ എസ്.നിതീഷ്, സുബാഷ് ബാബു, സി.പി.ഒ മാരായ മനു, കണ്ണൻ, ഷിബു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ബിനു ജോർജ്

കവൻട്രി : ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പതിനൊന്നു ഗായകസംഘങ്ങൾ. മാലാഖമാരുടെ സ്വർഗീയ സംഗീതത്തോടൊപ്പം അവർ ചേർന്നു പാടിയപ്പോൾ കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഉയർന്നു കേട്ടത് ശാന്തിയുടെയും പ്രത്യാശയുടെയും സുവർണ്ണഗീതങ്ങൾ.

കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ ൯ ശനിയാഴ്ച്ച കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഗർഷോം ടിവിയും , ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ ജോയ് ടു ദി വേൾഡ് കരോൾ ഗാന മത്സരത്തിന്റെ ആറാം പതിപ്പിൽ പങ്കെടുത്തത് യുകെയിലെ മികച്ച പതിനൊന്ന് ഗായകസംഘങ്ങൾ. ‘ജോയ് ടു ദി വേൾഡ്’ സീസൺ 6 ഓൾ യുകെ കരോൾ ഗാന മത്സരത്തിൽ കിരീടം ചൂടിയ കവൻട്രി വർഷിപ്പ് സെന്ററിന് ആയിരം പൗണ്ട് കാഷ് അവാർഡും ‘ജോയ് ടു ദി വേൾഡ്’ വിന്നേഴ്സ് ട്രോഫിയും ലഭിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ പള്ളികളെയും , സംഘടനകളെയും പ്രതിനിധീകരിച്ചു എത്തിയ പതിനൊന്നു ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ ഹെർമോൻ മാർത്തോമാ ചർച്ച് മിഡ്ലാൻഡ്സ് രണ്ടാം സ്ഥാനവും,ഹാർമണി ഇൻ ക്രൈസ്റ്റ് ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെന്റ് ജെയിംസ് മാർത്തോമാ ചർച്ച് ലണ്ടൻ നാലാം സ്ഥാനവും, സഹൃദയ ടൺബ്രിഡ്ജ് വെൽസ് അഞ്ചാം സ്ഥാനവും നേടി. ഈ വർഷം മുതൽ ഏർപ്പെടുത്തിയ ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്ററ് അപ്പിയറൻസ്’ അവാർഡിന് ബിർമിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷൻ അർഹരായി. രണ്ടാം സ്ഥാനം നേടിയ ടീമിന് അഞ്ഞൂറ് പൗണ്ടും ട്രോഫിയും , മൂന്നാം സമ്മാനം നേടിയ ടീമിന് ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും , നാലും അഞ്ചും ടീമുകൾക്കു ട്രോഫിയും സമ്മാനിച്ചു.

കവൻട്രി സെന്റ്. ജോൺ വിയാനി കാത്തലിക് ചർച്ച് വികാരി റവ. ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുത്ത് പരിപാടി ഉത്‌ഘാടനം ചെയ്തു. ചർച്ച് ഓഫ് ഗോഡ് യുകെ ആൻഡ് യൂറോപ്പ് ഓവര്സീർ റവ. ഡോ. ജോ കുര്യൻ, കവൻട്രി വർഷിപ്പ് സെന്റർ ചർച്ച് മിനിസ്റ്റർ പാസ്റ്റർ ജിജി തോമസ് എന്നിവർ ക്രിസ്മസ് സന്ദേശം നൽകി സംസാരിച്ചു.

ചലച്ചിത്ര പിന്നണി ഗായിക ഡെൽസി നൈനാൻ, ഗായകനും മ്യൂസിഷ്യനുമായ അജിത് യോഗി, കംപോസറും സംഗീതജ്ഞനുമായ സാബു ജോസ്, ഗായകനും സുവ്‌സേഷകനുമായ ഡോ. ബ്ലെസൻ മേമന എന്നിവർ അതിഥികളായി എത്തിയിരുന്നു. കരോൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി.

മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ഡെൽസി നൈനാൻ, അജിത് യോഗി, സാബു ജോസ്, ഡോ. ബ്ലെസൻ മേമന, ദീപേഷ് സ്കറിയ, മനോജ് തോമസ്, ഗർഷോം ടി വി ഡയറക്ടർമാരായ ജോമോൻ കുന്നേൽ , ബിനു ജോർജ്, ലണ്ടൻ അസാഫിയൻസ് സെക്രട്ടറി സുനീഷ് ജോർജ്, ബാൻഡ് ലീഡർ ജോയ് തോമസ്, ജോയ് ടു ദി വേൾഡ് ചീഫ് കോ-ഓർഡിനേറ്റർ ജോഷി സിറിയക് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയ് ടു ദി വേൾഡ് സീസൺ 7 2024 ഡിസംമ്പർ 7 നു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഓക്സ്ഫോർഡ് റീജണൽ മിഷനുകൾക്കായി ഒരു ഏകദിന ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഡിസംബർ 23 ന് ശനിയാഴ്ച നോർത്താംപ്ടണിൽ ക്രമീകരിച്ചിരിക്കുന്ന ബൈബിൾ കൺവെൻഷനിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധബലി അർപ്പിച്ചു സന്ദേശം നൽകുന്നതാണ്.
പ്രശസ്ത ധ്യാന ഗുരുവും, സീറോ മലബാർ യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും,ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങൾക്ക് രചനയും സംഗീതവും നൽകിയിട്ടുമുള്ള ഫാ. ബിനോജ് മുളവരിക്കൽ ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കൺവെൻഷൻ നയിക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറും, തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH തിരുവചനങ്ങൾ   പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം നൽകുകയും ചെയ്യും.
ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കൺവെൻഷൻ രാവിലെ ഒമ്പതരക്ക് പരിശുദ്ധ ജപമാല സമർപ്പണത്തോടെ  ആരംഭിച്ച്‌ വൈകുന്നേരം നാലു മണിയോടെ സമാപിക്കും. രാവിലെ 10:30 നു ബിഷപ്പ് ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധബലി അർപ്പിക്കുന്നതാണ്.
സീറോ മലബാർ ഓക്സ്ഫോഡ് റീജണൽ കോർഡിനേറ്റർ ഫാ. ഫാൻസ്വാ പത്തിൽ, നോർത്താംപ്ടൺ മിഷൻ ഡയറക്ടർ ഫാ.എൽവീസ്‌ കോച്ചേരിൽ MCBS എന്നിവർ സഹകാർമികത്വം വഹിക്കുകയും, വിവിധ ശുശ്രുഷകൾക്കു നേതൃത്വം നൽകുകയും ചെയ്യും.
തിരുവചന ശുശ്രുഷ, പാപസങ്കീർത്തനം, അനുരഞ്ജനം എന്നിവയിലൂടെ മനസ്സിനെയും ശരീരത്തെയും ആല്മീയമായ തീക്ഷ്ണതയിൽ ഒരുക്കി, ലോകരക്ഷകനെ വരവേൽക്കുവാൻ സജ്ജമാകുന്നതിന്, തിരുപ്പിറവിക്ക്‌ ഒരുക്കമായി നടത്തുന്ന ബൈബിൾ കൺവെൻഷൻ ഏറെ അനുഗ്രഹദായകമാവും.
തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേർന്ന് ദൈവീക കൃപകൾ പ്രാപിക്കുന്നതിനു ഏവരെയും സ്‌നേഹപൂര്‍വ്വം ബൈബിൾ കൺവെൻഷനിലേക്ക്  ക്ഷണിച്ചു കൊള്ളുന്നതായി ഫാ. ഫാൻസ്വാ, ഫാ.എൽവിസ് ഇവാഞ്ചലൈസേഷൻ ഓക്സ്ഫോഡ്‌ റീജണൽ കോർഡിനേറ്ററുമാരായ ബൈജു ജോസഫ്, സുബിൻ ജോസഫ് എന്നിവർ അറിയിച്ചു.
കുമ്പസാരത്തിനും, സ്പിരിച്യുൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ക്രമീകരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ബൈജു ജോസഫ്-07846450451,സുബിൻ കെ ജോസഫ്- 07469685399
Venue: St. Gregory the Great RC Church, 22 Park Avenue North
Northampton, NN3 2HS

ഒരു കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ട കൂടത്തായി കൊലക്കേസിനെ ആസ്പദമാക്കി നെറ്റ് ഫ്ലിക്സ് ഒരുക്കുന്ന കറി ആൻഡ് സയനൈഡ് ; ദി ജോളി കേസ് എന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവും മലയാളിയുമായ ക്രിസ്റ്റോ ടോമിയാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ. ഡിസംബർ 22ന് ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ഡോക്യുമെന്ററിയുടെ ട്രെയിലർ ഇന്ന് പുറത്തിറങ്ങി.

കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ,​ അഭിഭാഷകർ,​ ജോളിയുടെ മകൻ,​ കുടുംബാംഗങ്ങൾ ,​ ജോളിയുടെ അയൽക്കാർ,​ സുഹൃത്തുക്കൾ,​ ബന്ധുക്കൾ എന്നിവരെ ട്രെയിലറിൽ കാണാം. അഭിഭാഷകൻ ആളൂരിനെയും കാണിക്കുന്നുണ്ട്. മലയാളം,​ ഇംഗ്ലീഷ്,​ ഹിന്ദി ഭാഷകളിൽ ഡോക്യുമെന്ററി സ്ട്രീം ചെയ്യും. ഇതാദ്യമായാണ് കേരളത്തിൽ നിന്നൊരു കേസ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയാക്കുന്നത്. ജോളി പല രഹസ്യങ്ങളും ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പലതും ചുരുളഴിയാനുണ്ടെന്നും ട്രെയിലറിൽ വ്യക്തമാക്കുന്നു.

2019ലാണ് കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. പൊന്നാമറ്റം കുടുംബത്തിലെ തുടർച്ചയായ ദുരൂഹമരണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് കുടുംബാംഗമായ ജോളി ജോസഫാണെന്ന വിവരമാണ് പുറത്തുവന്നത്. 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് പൊന്നാമറ്റം ടോം തോമസ്,​ ഭാര്യ അന്നമ്മ മാത്യു,​ മകൻ റോയ് തോമസ്,​ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ,​ ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി. മകൾ ആൽഫിൻ എന്നിവർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫാണ് ആറ് കൊലപാതകങ്ങൾക്കും പിന്നിലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ ആറുപേര്‍ക്ക് പങ്കുള്ളതായി പോലീസ്. പരസ്പരം അറിയാമായിരുന്ന ഇവര്‍ ഗുരുഗ്രാമിലെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് തൊട്ടുമുമ്പ്‌ പ്രതികള്‍ താമസിച്ചിരുന്ന ഗുരുഗ്രാമിലെ വീട്ടില്‍ ഡല്‍ഹി പോലീസ് പരിശോധന നടത്തി.

‘പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരും പിടികൂടിയ നാലുപ്രതികളും ഗുരുഗ്രാമിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ സംഭവം ആസൂത്രിതമാണെന്നാണ് കണ്ടെത്തല്‍. പ്രതികളിലാരുടെയും ഫോണുകള്‍ കണ്ടെത്തിയിട്ടില്ല. പോലീസ് ഫോണിനായി തിരയുകയാണ്’, പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നാലു വര്‍ഷമായി പ്രതികള്‍ തമ്മില്‍ പരിചയമുണ്ട്. കുറച്ചുദിവസം മുന്‍പാണ് പാര്‍ലമെന്റില്‍ പ്രതിഷേധിക്കാനുള്ള പദ്ധതി ഇവര്‍ ആസൂത്രണം ചെയ്തത്. ഇതിനുമുന്നോടിയായി സ്ഥലത്ത് നിരീക്ഷണവും നടത്തിയിരുന്നു.

സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ലോക്‌സഭയുടെ ശൂന്യവേളയില്‍ അക്രമം നടത്തിയത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്.

അതേസമയം, സംഭവം അന്വേഷിക്കാന്‍ കേന്ദ്രം സമിതിയെ നിയോഗിച്ചു. സി.ആര്‍.പി.എഫ്. ഡി.ജി. ദയാല്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മറ്റ് സുരക്ഷാ ഏജന്‍സികളില്‍നിന്നുള്ള അംഗങ്ങളും വിദഗ്ധരും സമിതിയിലുണ്ടാവും. വീഴ്ചകള്‍ കണ്ടെത്തി തുടര്‍നടപടി ശുപാര്‍ശ ചെയ്യാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമിതി എത്രയും വേഗം സമര്‍പ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

വിശ്വാസം പ്രഘോഷിക്കാനും ദൈവത്തിൻറെ സാന്നിധ്യം ജനങ്ങളിൽ എത്തിക്കുന്നതിനായും യൂറോപ്പിൽ ഒരു പുതിയ ന്യൂസ് ചാനൽ പിറവിയെടുത്തു. ഷെകെയ്ന ന്യൂസ് യൂറോപ്പ് ഉദ്ഘാടനം ചെയ്തത് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആണ് .

ഡിസംബർ 9-ാം തീയതി രാവിലെ 10 മണിക്ക് ഏഴു തിരികളുള്ള മെനോറാ ദീപം തെളിയിച്ചാണ് അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തത്.

മാർ ജോസഫ് സ്രാമ്പിക്കലിനൊപ്പം ബ്രദർ സന്തോഷ് കരുമത്തറ, ഷെകെയ്ന യൂറോപ്പ് കോഡിനേറ്റർ ബ്രദർ വിന്നർ വിവിധ രൂപതാ പ്രതിനിധികളുമാണ് ഉദ്ഘാടന കർമ്മത്തിൽ തിരികൾ തെളിച്ചത്. ഷെകെയ്ന എന്ന പേരു പോലെ ദൈവത്തിൻറെ സാന്നിധ്യമാകാൻ ഷെകെയ്ന ന്യൂസിന് കഴിയട്ടെ എന്ന് മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിട്ട് നമ്മുടെ കുഞ്ഞുങ്ങൾക്കും തലമുറകൾക്കും വിശ്വാസത്തിൻറെ അടിത്തറ പകർന്നു നൽകുകയാണ് ഷെകെയ്നയുടെ ഉദ്ദേശലക്ഷ്യമെന്ന് തൻറെ പ്രസംഗത്തിൽ ഷെകെയ്ന ന്യൂസിന്റെ അമരക്കാരനായ സന്തോഷ് കരുമത്തറ പറഞ്ഞു.

Copyright © . All rights reserved