ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം . ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കർമ്മങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. രൂപതയുടെ വിവിധ ഇടവക മിഷൻ കേന്ദ്രങ്ങളിൽ ക്രിസ്മസ് രാത്രിയിൽ പിറവിത്തിരുനാൾ തിരുക്കർമ്മങ്ങളും , ക്രിസ്മസ് ദിനത്തിൽ വിശുദ്ധ കുർബാനകളും ക്രമീകരിച്ചിട്ടുള്ളതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു .
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും , രൂപതയുടെ വിവിധ ഇടവകകളിലും ,മിഷനുകളിലും ,നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയക്രമം , മിഷൻ ഡയറക്ടര്മാരുടെ കോൺടാക്ട് ഡീറ്റെയിൽസ് തിരുക്കർമ്മങ്ങൾ നടക്കുന്ന പള്ളിയുടെ മേൽവിലാസം എന്നിവ റീജിയൻ തിരിച്ചു തയ്യാറാക്കിയത് താഴെ നൽകുന്നു .











ബിർമിങ്ഹാം .കാത്തലിക് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ കമ്മീഷൻ ഫോർ കൊയർ കമ്മീഷൻ ഒരുക്കുന്ന ഓൾ യൂകെ കരോൾ ഗാനമത്സരം ” 2023” ഡിസംബർ 23 ന് ബെർമിങ്ഹാമിലെ ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിൽ വെച്ച് ഈ വരുന്ന ഡിസംബർ 23 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ നടത്തപ്പെടുന്നു.
ഈ വർഷം മുതൽ ആരംഭിക്കുന്ന കരോൾ ഗാനമത്സരം ” 2023” ൽ യൂകെയിലുള്ള എല്ലാ ക്രിസ്‌തീയ സഭകളിലുള്ളവർക്കും, സംഘടനകൾക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്.ഒന്നാം സമ്മാനം £500 ട്രോഫി, രണ്ടാം സമ്മാനം £300 ട്രോഫി, മൂന്നാം സമ്മാനം £200 ട്രോഫിയുമാണ്.
നേരത്തെ വൂസ്റ്ററിൽ നടത്തുവാനുദ്ദേശിച്ചിരുന്ന മത്സരം പിന്നീട് ബെർമിങ്ഹാമിലെ ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിലേക്ക് മാറ്റുകയായിരുന്നു.മത്സരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായ തായി സംഘാടകർ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഫാ. ജോസ് അഞ്ചാനിക്കൽ: 07534967966
ജോമോൻ മാമ്മൂട്ടിൽ: 07930431445
വേദിയുടെ വിലാസം:
Our Lady of the Rosary and St Thérèse of Lisieux Church
Bridge Road
Saltley,Birmingham
B8 3BB

ഫാന്റസാഫ്: വിൻസെൻഷ്യൽ കോൺഗ്രിഗേഷൻ നയിക്കുന്ന കുടുംബ വിശുദ്ധീകരണ റസിഡെൻഷ്യൽ ധ്യാനം പാന്റസാഫ് വിൻസെൻഷ്യൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.ഫെബ്രുവരി 23,24,25 തീയതികളിലായി നടത്തപ്പെടുന്ന താമസിച്ചുള്ള ത്രിദിന ധ്യാനം പ്രശസ്ത ധ്യാന ഗുരുവും, ഫാമിലി കൗൺസിലറുമായ ഫാ. പോൾ പാറേക്കാട്ടിൽ വി സി നയിക്കും.
” കർത്താവായ യേശുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും” (അപ്പസ്തോല പ്രവർത്തനം 16 :31) എന്ന തിരുവചനത്തിലൂന്നിക്കൊണ്ടുള്ള ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാന ചിന്തകളും, ശുശ്രുഷകളും ആല്മീയ വിശുദ്ധീകരണത്തിനും, നവീകരണത്തിനും അനുഗ്രഹദായകമാവും.
വലിയ നോമ്പുകാലത്തിലൂടെ വിശുദ്ധ വാരത്തിലേക്കുള്ള തീർത്ഥയാത്രയുടെ ഒരുക്കത്തതിനും,ആല്മീയ-ആദ്ധ്യാൽമിക വളർച്ചക്കും, ദൈവീക കൃപകൾ പ്രാപിക്കുന്നതിനും കുടുംബ വിശുദ്ധീകരണ ധ്യാനത്തിലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.
പരിശുദ്ധ ജപമാല സമർപ്പണത്തിനായും, കുരിശിന്റെ വഴിക്കുമായി ധ്യാന കേന്ദ്രത്തിന്റെതായ കുന്നിൻ പ്രദേശത്ത് വീഥിയൊരുക്കി ഗ്രോട്ടോകൾ സ്ഥാപിച്ച് പ്രത്യേകമായി സംവിധാനം ചെയ്തിട്ടുള്ള ഫ്രാൻസിസ്കൻ ഫ്രയറിൽ വ്യക്തിപരമായും ഗ്രൂപ്പുകളായും നിത്യേന സന്ദർശകർ എത്തി പ്രാർത്ഥിച്ചു മടങ്ങാറുണ്ട്.

പാന്റസാഫ് റിട്രീറ്റ് സെന്ററിൽ വിശാലമായ താമസ സൗകര്യവും, പാർക്കിങ്ങും വ്യക്തിപരമായ പ്രാർത്ഥനയ്ക്കും, കൗൺസിലിങ്ങിനുമുള്ള സൗകര്യങ്ങളും ഉണ്ട്.
ഫെബ്രുവരി 23 നു വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന മൂന്നു ദിവസത്തെ ധ്യാനം 25 നു ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
[email protected],
Phone: +44 07417494277
Online registration: www.pantasaph.org
Vincentian Divine Retreat Centre,
Franciscan Friary, Monastery Road, Pantasaph,Holywell,CH8 8PE
ഷൈമോൻ തോട്ടുങ്കൽ
പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ 2025 ലെ ജൂബിലി വർഷത്തിന് ഒരുക്കമായി 2024 പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ രൂപത മുഴുവൻ ”ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു”(സങ്കീ 119 : 114) എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ഒരുമിച്ച് വചനം വായിച്ച്, ധ്യാനിച്ച് ജൂബിലിക്കുവേണ്ടി ഒരുങ്ങുന്നു .
2024 ജനുവരി 1 മുതൽ ഒരു ദിവസം ഒരു അധ്യായം (അല്ലെങ്കിൽ ചെറിയ രണ്ടോ മൂന്നോ അധ്യായങ്ങൾ) എന്ന നിലയിൽ വചനപാരായണം ക്രമീകരിക്കുന്നു. രൂപതയിലെ 12 റീജണുകളിൽനിന്നും ”റഹ്മേ ദ്സവ്റാ” (‘Friend’s of Hope’ or ‘പ്രത്യാശയുടെ കൂട്ടുകാർ’) എന്ന പേരിൽ രൂപീകൃതമായിരിക്കുന്ന വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ ചേർന്ന്, അതിൽ നൽകപ്പെടുന്ന ഓരോ ദിവസത്തെയും വചനപാരായണത്തിനുള്ള നിശ്ചിത അധ്യായം വ്യക്തിപരമായി സൗകര്യപ്രദമായ സമയത്ത് വായിക്കുന്നു.
ഓരോ ദിവസവും വായിക്കുന്ന അധ്യായങ്ങളിൽനിന്നും കൗതുകകരമായ അറിവു നൽകുന്ന ഒരു മിനിറ്റിൽ താഴെയുള്ള ശബ്ദ സന്ദേശം ഈ വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ നൽകുന്നതാണ്. അതോടൊപ്പം വായന പൂർത്തിയാക്കുന്ന അധ്യായങ്ങളുടെ സംശയനിവാരണം നടത്തുന്നതിന് ബൈബിൾ പണ്ഡിതരുടെ സഹായവും ലഭ്യമാക്കുന്നതാണ്. എല്ലാ കുടുംബങ്ങളെയും വ്യക്തികളെയും ”റഹ്മേ ദ്സവ്റാ” (Friend’s of Hope) യുടെ തിരുവചനപാരായണ സൗഹൃദ കൂട്ടായ്മയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുരൂപതയിലെ 12 റീജണുകളിൽനിന്നും വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ യിൽ ചേരുന്നതിനുള്ള വാട്ട്സ് ആപ്പ് ലിങ്ക് ചുവടെ ചേർക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് രൂപത ഇയർ ഓഫ് ജൂബിലി കോഡിനേറ്റർ റെവ ഫാ ജോൺ പുളിന്താനത്ത് . ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് എന്നിവരുമായി ബന്ധപ്പെടുക.
എപ്പാർക്കിയിലെ 12 റീജണുകളിൽനിന്നും വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ ചേരുന്നതിനുള്ള വാട്ട്സ് ആപ്പ് ലിങ്ക് ചുവടെ ചേർക്കുന്നു.

ഷൈമോൻ തോട്ടുങ്കൽ
ചിയാം . ലണ്ടൻ സെന്റ് മരിയ ജോൺ വിയാനി മിഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ നടത്തി . ശനിയാഴ്ച ഹിൽ ഹൌസ് സെന്റ് ഹെയ്‌ലർ കമ്മ്യൂണിറ്റി സെന്ററിൽ മിഷൻ ഡയറക്ടറും രൂപത വികാരി ജനറലും ആയ റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ടിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ കാർഷാൾട്ടൻ ആൻഡ് വാല്ലിങ്ടൺ എം പി ശ്രീ ഏലിയറ്റ് ഹെയ്ഡൻ ജോർജ് കോൾബേൺ ഉത്‌ഘാടനം ചെയ്തു .

മിഷനിലെ മുന്നൂറ്റി അൻപതോളം കുടുംബഅംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി . കൈക്കാരന്മാരായ റോയ് ജോസഫ് , ഐഷ് ലൂക്ക , ഷിബി ജോബി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ നൈസി ടിന്റു ആയിരുന്നു പ്രോഗ്രാം കോഡിനേറ്റർ കാറ്റിക്കിസം ഹെഡ് ടീച്ചർമാരായ വിനീത , മെർലിൻ എന്നിവർ ആയിരുന്നു കലാപരിപാടികൾ ഏകോപിപ്പിച്ചത് .
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മരിച്ചു എന്ന വാർത്ത വളരെ വേഗമാണ് ലോകത്ത് പ്രചരിച്ചത്. എന്നാൽ ദാവൂദ് മരിച്ചിട്ടില്ലെന്നും പൂർണ്ണ ആരോഗ്യവാനായി ഇരിക്കുന്നെന്നും വെളിപ്പെടുത്തി അയാളുടെ അടുത്ത സഹായി ഛോട്ടാ ഷക്കീൽ രംഗത്തു വന്നു. ദാവൂദിനെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇന്റലിജൻസ് വൃത്തങ്ങളും രംഗത്തുവന്നു.
വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ദാവൂദിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണു ദാവൂദെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പിന്നാലെ ദാവൂദ് മരിച്ചു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണമുണ്ടായി. പാക്കിസ്ഥാന്റെ കെയർ ടേക്കർ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കറിന്റേതെന്ന പേരിൽ പ്രചരിക്കുന്ന എക്സ് അക്കൗണ്ടിലെ കുറിപ്പിന്റെ സ്ക്രീൻഷോട്ടാണ് ഇതിൽ പ്രധാനം. ‘‘പാക്കിസ്ഥാലിലെ എല്ലാവർക്കും പ്രിയപ്പെട്ടവനായ ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽ ചെന്ന് മരിച്ചു. കറാച്ചിയിലെ ആശുപത്രിയിലാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.’’ എന്നാണ് ഇതിൽ പറയുന്നത്. എന്നാൽ ഈ ‘വൈറൽ’ സ്ക്രീൻഷോട്ട് വ്യാജമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്
ലണ്ടൻ: മലയാളികൾക്ക് ഏറെ പ്രിയങ്കരമായ “നാവിൽ എൻ ഈശോതൻ നാമം ” എന്ന ഗാനത്തിന്റ രചനയും സംഗീതവും നിർവഹിച്ച, ചലചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ. ഡൊണാൾഡ് മാത്യു രചനയും, സംഗീതവും നിർവ്വഹിച്ചു, സ്വിറ്റസർലണ്ട് കർമ്മഭൂമിയാക്കിയ ശ്രീ എൽബിൻ എബി എന്ന അനുഗ്രഹിത ഗായകന്റെ ആലാപനത്തിൽ “നിഹാരം ”എന്ന തന്റെ മ്യൂസിക് ആൽബത്തിലൂടെ ഈ വർഷത്തെ ക്രിസ്മസ് ഗാനം “സ്നേഹം പിറന്ന രാവ് ”എന്ന മനോഹര സംഗീതം യൂട്യൂബിൽ കഴിഞ്ഞാഴ്ച റിലീസ് ചെയ്തു. യൂട്യൂബിൽ ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ പ്രേഷകരിൽ നിന്നും നല്ല പ്രതികരണം നേടിയെടുക്കുവാൻ ഈ ആൽബത്തിനു കഴിഞ്ഞു.
നിരവധി മ്യൂസിക് ഷോർട്ട് ഫിലിമുകൾക്ക് ജന്മം നൽകിയ പ്രശസ്ത വീഡിയോഗ്രാഫറും, സംവിധായകനുമായ, നമുക്ക് ഏറെ പരിചിതനായ സ്വിറ്റ്സർലണ്ടിലെ ഡോ. ആനന്ദ് ജോർജിന്റെ സംവിധാനത്തിലാണ് ഈ ക്രിസ്മസ് ഗാനം പ്രേഷകരിലെത്തിയിരീക്കുന്നത്. ഈ ഗാനശില്പത്തിന്റെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നതും ഡോ. ആനന്ദ് ജോർജാണ്.
സ്വിറ്റസർലാൻഡിന്റെ വശ്യമനോഹാരിതയിൽ ആണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ചടുലമായ സംഗീതവും, മനോഹരമായ രംഗങ്ങളും അഭിനേതാക്കളുടെ നൈസർഗീകമായ അഭിനയവും ഈ ഗാനത്തെ ജനഹൃദയങ്ങളിലേക്കടുപ്പിക്കുന്നു.
നിരവധി ഗാനാലാപനത്തിലുടെ യൂറോപ്പ് മലയാളികൾക്ക് സുപരിചിതനായ ശ്രീ എൽബിന്റെ ആലാപനത്തിൽ ഈ സംഗിത ശില്പം ഭദ്രമായിരിക്കുന്നു. എൽബിന്റ അഭിനയ കലയോടൊപ്പം ഭാര്യയും നർത്തകിയുമായ സ്മിതയും, കൂടാതെ കുട്ടികളായ എലിസയും, എലിനയും, മാതാപിതാക്കളും ഈ ക്രിസ്മസ് ആൽബത്തിൽ ഭാഗഭാക്കായിരിക്കുന്നതു ആൽബത്തിനു കൂടുതൽ മിഴിവേറുന്നു. അണിയറപ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ.
പൗര്‍ണമിയും തിരുവാതിരനാളും ഒത്തുചേരുന്ന ധനുമാസ രാവ്. ആര്‍ദ്രാവ്രതം നോറ്റ് ഏഴരവെളുപ്പിനുണര്‍ന്ന്, ഗംഗയുണര്‍ത്തലും തുടിച്ചു കുളിയും പാതിരാപ്പൂ ചൂടലുമായി സുമംഗലികളും കന്യകമാരും ആഘോഷങ്ങളില്‍ മുഴുകുന്ന ധനുമാസ തിരുവാതിര.
അഞ്ചു തിരിയിട്ട വിളക്കിനു മുന്നില്‍ നിറപറയും ഗണപതികൂട്ടും ഒരുക്കി ഗണപതി ചുവടുവെച്ചു പഴമയുടെ നല്ല ഓര്‍മ്മകള്‍ ഉണര്‍ത്തിക്കൊണ്ട് ധനുമാസ തിരുവാതിര അതിഗംഭീരമായി കൊണ്ടാടുവാന്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ഒരുങ്ങി കഴിഞ്ഞു. ഈ വരുന്ന ഡിസംബർ 27 -ന് 5 മണി മുതല്‍ 10 മണി വരെ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റി (GMMHC) ധനുമാസ തിരുവാതിര, മാഞ്ചസ്റ്ററിലെ ഗീതാഭവന്‍ ഹിന്ദു ക്ഷേത്രത്തില്‍ വെച്ച് അതിവിപുലമായി ആഘോഷിക്കുകയാണ്. അഞ്ചു മണിയോടുകൂടി അലങ്കാരങ്ങള്‍ മുഴുമിപ്പിച്ചു ഗണപതി സ്തുതിയോടെ ആരംഭിക്കുന്ന തിരുവാതിര ആഘോഷത്തിനു, 10 മണിയോടുകൂടി പാതിരാപ്പൂചൂടി, മംഗളം പാടി സമാപനം കുറിക്കുന്നതാണ്. മുന്‍കാലങ്ങളില്‍ അത്യധികം ഉത്സാഹത്തോടെ വനിതകള്‍ കൊണ്ടാടിയ ധനുമാസ തിരുവാതിര, ഇക്കുറിയും ഗംഭീരമായി തന്നെ ആഘോഷിക്കുവാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്.
തിരുവാതിര വ്രതമെടുത്ത്, വിളക്ക് തെളിയിച്ച്, ഗണപതി സ്തുതിയോടെ തിരുവാതിരപ്പാട്ടുകളുടെയും കൈകൊട്ടലിന്റെയും അകമ്പടിയില്‍ എട്ടങ്ങാടി നേദിച്ച്, തിരുവാതിര പുഴുക്ക്, കൂവ പായസം എന്നിവ ഉണ്ടാക്കി, തുടിച്ച് കുളിച്ച് (സാങ്കല്പികം ) , ദശപുഷ്പം ചൂടി ധനുമാസ പാലാഴി തിര തല്ലുന്ന ആ തിരുവാതിര രാവിലേക്ക്, സമാജത്തിലെ അംഗനമാര്‍ക്കൊപ്പം മറ്റുള്ള സമാജങ്ങളിലെ കുടുംബങ്ങള്‍ക്കും പങ്കെടുക്കുവാനുള്ള അവസരം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
ധനുമാസ തിരുവാതിര ആഘോഷത്തിലേക്കു ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ജിഎംഎംഎച്ച്‌സി ധനുമാസ തിരുവാതിര കോ-ഓര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ അറിയുന്നതിനായി ബന്ധപ്പെടുക
സിന്ധു ഉണ്ണി: 07979 123615
ദീപ ആസാദ്: 07500 892399

ഫാ. ഹാപ്പി ജേക്കബ്ബ്
ക്രിസ്തുമസ്സിന്റെ അനുരണനം “ഉത്തമ സന്ദേശത്തോട് ഉണരുന്ന പ്രതികരണങ്ങൾ ” .
ലോകമെമ്പാടും ഉള്ള സർവ്വ ജനതകളുടെയും ഹൃദയങ്ങളിൽ സുന്ദരമായ ഒരു സന്ദേശം പ്രതിധ്വനിക്കുന്ന കാലമാണല്ലോ ക്രിസ്തുമസ് . ജാതി വർണ്ണ വർഗ്ഗ വ്യത്യാസമെന്യേ സമാധാനവും സന്തോഷവും സ്നേഹവും ആഗ്രഹിക്കുന്ന സർവ്വ മാനവരും ഈ ജനന സന്ദേശവാഹകരാണ്. ആയതിനാൽ ഈ കാലയളവ് ദൈവീക സംഭവങ്ങളുടെ സാരാംശ പ്രതിധ്വനികളായി നാമും അലിഞ്ഞ് ചേരുന്നു. വിശുദ്ധ വേദപുസ്തകത്തിന്റെ ഉൾകാഴ്ചകളുമായി ഇഴ ചേർന്ന് ക്രിസ്തുമസിന്റെ അനുരണന സന്ദേശത്തോടുള്ള ചില പ്രതികരണങ്ങൾ നമുക്ക് ശ്രദ്ധിക്കാം. അവയിൽ ചിലത് നമുക്ക് പാഠങ്ങളാണ്. പല കാരണങ്ങളാൽ പങ്കുകാരാകാതെ വിട്ടുകളഞ്ഞ അനുഭവങ്ങൾ ഉത്തരവാദിത്വം ഏറ്റെടുത്ത് പൂർത്തീകരിക്കേണ്ടതായ കാര്യങ്ങൾ ഇവ ഒക്കെ നമ്മെ ഓർമിപ്പിക്കുന്നു.
I) അത്ഭുതവും വിസ്മയവും .
നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ അരുളി ചെയ്യപ്പെട്ടിട്ടുള്ളതും അത്ഭുതകരവുമായ തിരുജനനം ഇന്നും വിസ്മയമാണ്. അസാധ്യമായി എന്ന് നാം തീർപ്പു കൽപ്പിക്കുന്ന സർവ്വകാര്യങ്ങൾക്കും ദൈവം പരിഹാരകൻ എന്ന് തിരിച്ചറിയുവാൻ കഴിഞ്ഞാൽ ഈ സംഭവം എത്ര വിസ്മയനീയമാണ്. സംശയലേശ മന്യേ നമുക്ക് ഉൾക്കൊള്ളുവാൻ കഴിയും. അല്ലാഞ്ഞാൽ ചില ആളുകളുടെ ആചാരങ്ങളുടെ ചില അനുകരണങ്ങളായി നാം അധപതിക്കും. സ്വർഗ്ഗവും ഭൂമിയും അതുല സന്തോഷത്തിൽ നിറഞ്ഞപ്പോൾ ഇടയരും അഷരണരും അനുഭവിച്ച ഭയഭക്തിയുടെയും പ്രതീക്ഷയുടെയും വൈകാരികമായ പ്രതിധ്വനികളും പ്രവചനങ്ങളുടെ നിവർത്തിയും ആഴവും , മനുഷ്യരാശിയോടുള്ള ദൈവത്തിൻറെ അഗാധമായ സ്നേഹത്തിൻറെ വെളിപ്പെടുത്തലും വിസ്മയം ജനിപ്പിക്കുന്നു. അത്ഭുതവും വിസ്മയവും നമ്മെ കൊണ്ടെത്തിക്കുന്നത് കൺ മുൻപിൽ ജാതം ചെയ്ത ക്രിസ്തുവിൻറെ സന്നിധിയിലാണ്.
2) കാത്തിരിപ്പിന്റെ സന്തോഷം .
ഈ നോമ്പിന്റെ ദിനങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് സന്തോഷകരമായ ഒരു സന്ദേശത്തിലാണ്. യശയ്യാവ് 9 : 6 നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ തോളിൽ ഇരിക്കും, അവന് അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യപിതാവ് സമാധാന പ്രഭു എന്ന പേർ വിളിക്കപ്പെടും. ഈ അത്ഭുത ശിശുവിൻറെ ഓരോ പ്രവർത്തനങ്ങളും ഒരു പേരായി നൽകിയിരിക്കുന്നു. പ്രത്യാശയും വീണ്ടെടുപ്പും വാഗ്ദാനവും എല്ലാം നിറവേറ്റപ്പെടുന്ന സന്തോഷത്തിന്റെ ദിനം ജോസഫും മറിയവും മാത്രമല്ല ദൈവത്തിൻറെ രക്ഷാകരമായ കാത്തിരിപ്പിൽ ഉള്ളത് – മിശിഹായുടെ ആഗമനത്തിനായി കാത്തിരിക്കുന്ന സർവ്വരും ഇതിൻറെ ഭാഗമത്രെ.
3) പ്രതിഫലനങ്ങളുടെ ആഴം.
ഉപരിപ്ലവങ്ങളുടെയും , അത് പോലുള്ള ബന്ധങ്ങളിലും ജീവിക്കുന്ന നമുക്ക് തിരുജന സ്വാധീനം എത്രമാത്രം ആഴത്തിലുള്ളതാണെന്ന് പലപ്പോഴും തിരിച്ചറിയാൻ കഴിയില്ല. ആത്മീകതയിൽ നിറയുമ്പോൾ നമുക്ക് അല്പമെങ്കിലും പ്രാധാന്യം ആഴത്തിൽ മനസ്സിലാക്കുവാൻ കഴിയും . തിരു സാന്നിധ്യം ജീവിതങ്ങളിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു .നിസ്സാര ചെയ്തികൾ പലതും വിളിച്ച് പറഞ്ഞ് അപമാനം പലർക്കും നേടിക്കൊടുക്കുന്ന നാം നന്മകൾക്കും , ഗുണങ്ങൾക്കും നേരെ മുഖം തിരിച്ചുള്ള അനുഭവങ്ങളും ഇല്ലേ? “കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞത് കേട്ട് ആശ്ചര്യപ്പെട്ടു. മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചു കൊണ്ടിരുന്നു. വി. ലൂക്കോസ് 2: 19 ഭൗതികമായ വ്യാപാരങ്ങളെക്കാൾ ഉപരിയായി ഹൃദയത്തിൻറെ പരിവർത്തനം .
4) ഔദാര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതിഫലനങ്ങൾ .
ദൈവം നമുക്കായി ഒരുക്കി നൽകിയ ഈ സ്നേഹത്തിൻറെ സന്ദേശം ജീവിതത്തിൻറെ ഭാഗമാക്കുവാൻ കഴിയില്ലേ? സ്നേഹം ആണ് ദൈവം എന്ന് കർത്താവും നമ്മെ പഠിപ്പിച്ചു. കാണുന്ന സ്നേഹിതനെ സ്നേഹിക്കാത്തവൻ എങ്ങനെ ദൈവത്തെ സ്നേഹിക്കും എന്ന ചോദ്യം അവൻ നമുക്കായി നൽകി. പ്രതിഫലമായ ഒന്നും ആഗ്രഹിക്കാതെ സർവ്വതും ദാനം ചെയ്യുവാൻ ക്രിസ്തുമസ് നമ്മെ പഠിപ്പിച്ചു. ” തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു . വി . യോഹന്നാൻ 3: 16. ദൈവത്തിന്റെ സ്നേഹം അവന്റെ പുത്രന്റെ ദാനത്തിൽ പ്രകടമാക്കിയത് പോലെ, ഈ തിരു ജനനകാലത്ത് സഹജീവികളോട് സ്നേഹവും ഭയവും നാം പ്രകടമാക്കിയേ മതിയാവൂ.
സംക്ഷിപ്തമായ ആശയം ഇതാണ്, ക്രിസ്തുമസിന്റെ സന്ദേശം നമ്മുടെ മധ്യേ ബഹു മുഖ പ്രതികരണങ്ങൾ സജീവമാക്കുന്നു. അവയിൽ പലതും അത്ഭുതം, പ്രതീക്ഷ, പ്രതിഫലനം സ്നേഹവും ഉദാരതയും ജീവിതമാക്കുവാൻ നമ്മെ വിളിക്കുന്നു. നമ്മുടെ നോമ്പും ആചരണവും തിരുജനനത്തിന്റെ യഥാർത്ഥമായ പ്രാധാന്യത്തെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ ആഴത്തിലാക്കുകയും അത് നൽകുന്ന സ്നേഹവും കൃപയും അനുകരിപ്പാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെ .
ആശംസകളോടും പ്രാർത്ഥനയോടും
ഹാപ്പി ജേക്കബ് അച്ചൻ .
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
ഷിബു മാത്യു
യുകെയിലെ അസോസിയേഷനുകൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തന ശൈലിയുമായി സ്കൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡ്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ (ICANL) മുന്നോട്ട്. 2017ൽ രൂപീകരിക്കപ്പെട്ട അസോസിയേഷൻ, സംഘാടന മികവിലൂടെ ഇന്ത്യൻ സമൂഹത്തിൻ്റെ പ്രശംസ പിടിച്ചു പറ്റുകയാണ്. കൃത്യനിഷ്ഠയോടെ ഇവൻ്റുകൾ സംഘടിപ്പിക്കുന്നതിൽ അസോസിയേഷൻ പ്രത്യേക ശ്രദ്ധ നൽകുന്നു. വ്യക്തമായ പ്ളാനിംഗും ഹോംവർക്കും നടത്തി, പ്രോഗ്രാമുകൾ ക്രമീകരിച്ച സമയത്ത് തുടങ്ങി, നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്ത് അവസാനിപ്പിക്കുന്നതിൽ അസോസിയേഷൻ വിജയിച്ചു കഴിഞ്ഞു.

സ്റ്റേജിൽ സംഘാടകരെക്കൊണ്ട് നിറയുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തി, ചീഫ് ഗസ്റ്റിന് സദസിൽ ഇരിപ്പിടമൊരുക്കി, പ്രസംഗങ്ങൾ ഏറ്റവും ചുരുക്കി, പ്രോഗ്രാമുകൾ ഏവരും മുഴുസമയം ഇരുന്നു കൊണ്ട് കാണുകയും കൈയടികളോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അത്യപൂർവ്വതയ്ക്കാണ് അസോസിയേഷൻ തുടക്കം കുറിച്ചിരിക്കുന്നത്. അസോസിയേഷനോട് സഹകരിക്കുന്ന എല്ലാവരെയും തുല്യതയോടെ പരിഗണിച്ച് ഒപ്പം നിറുത്തി മുന്നേറുന്ന സമീപനത്തിൻ്റെ വിജയമാണ് അസോസിയേഷൻ പ്രോഗ്രാമുകളിൽ ദൃശ്യമാകുന്നത്. മലയാളികൾക്കൊപ്പം ഇതര ഇന്ത്യൻ സംസ്ഥാനക്കാർക്കും പ്രോഗ്രാമുകളിൽ തുല്യ പ്രാധാന്യം നല്കുന്ന നയമാണ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നടപ്പിലാക്കുന്നത്. കൂടാതെ ലോക്കൽ ഇംഗ്ലീഷ് കമ്യൂണിറ്റിലെ അംഗങ്ങളെയും ഇവൻറുകളുടെ ഭാഗമാക്കുന്നതിൽ അസോസിയേഷൻ വിജയിച്ചു കഴിഞ്ഞു.

സ്കൻതോർപ്പിലെ ന്യൂലൈഫ് ചർച്ച് ഹാളിലാണ് ഡിസംബർ 2 ശനിയാഴ്ച ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റും അവാർഡ് നൈറ്റും സംഘടിപ്പിക്കപ്പെട്ടത്. ഹള്ളിൽ നിന്നും ഗെയിൻസ്ബറോയിൽ നിന്നും ഗൂളിൽ നിന്നും കമ്മ്യൂണിറ്റി മെമ്പേഴ്സ് സ്കൻതോർപ്പിൽ നടന്ന ഇൻഡ്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺ ഷയർ സംഘടിപ്പിച്ച കൾച്ചറൽ ഫെസ്റ്റിലും അവാർഡ് നൈറ്റിലും ആവേശത്തോടെ പങ്കെടുത്തു. ഒട്ടും സമയം പാഴാക്കാതെ ഷെഡ്യൂളുകൾ കൃത്യതയോടെ പാലിച്ച് ഓരോ പ്രോഗ്രാമും സ്റ്റേജിലെത്തി. ഇന്ത്യയുടെ കലാപാരമ്പര്യം വിളിച്ചോതുന്ന നിരവധി പെർഫോർമൻസുകൾ അരങ്ങിനെ മനോഹരമാക്കി. കോമ്പയറിംഗ് ടീം മനോഹരമായി സ്റ്റേജ് മാനേജ്മെൻറ് നടത്തി. വന്ദേമാതരം പാടി തുടങ്ങിയ ഇവൻറ് ജനഗണമനയോടെ അവസാനിപ്പിച്ചപ്പോൾ നോർത്ത് ലിങ്കൺഷയറിൽ പിറന്നത് ചരിത്ര നിമിഷങ്ങളായിരുന്നു.

എഡ്യൂക്കേഷൻ സിസ്റ്റം ഇൻ ഇംഗ്ലണ്ട് എന്ന ടോപ്പിക്കിൽ ബിനിൽ പോൾ ഷെഫീൽഡ് നയിച്ച സെമിനാറോടെയാണ് ഇവൻറ് തുടങ്ങിയത്. വളരെ വിജ്ഞാനപ്രദമായ ക്ളാസ് ആയിരുന്നുവെന്ന് പങ്കെടുത്തവർ ഒന്നടങ്കം പറഞ്ഞു. അടുത്തയിലെ യുകെയിലേയ്ക്ക് കുടിയേറിയ കുടുംബങ്ങളെ ലക്ഷ്യം വച്ചാണ് സെമിനാർ ഒരുക്കിയത്. തുടർന്ന് നടന്ന കൾച്ചറൽ ഇവൻ്റിൽ അഞ്ച് ഗ്രൂപ്പ്, 14 വ്യക്തിഗത പെർഫോർമൻസുകളും സ്റ്റേജിൽ എത്തി. സ്കൻതോർപ്പിലെ മിടുക്കർക്കും മിടുക്കികൾക്കുമൊപ്പം ഹൾ, ഗെയിൻസ് ബറോ, ഗൂൾ ടീമുകളുടെ പെർഫോർമൻസുകൾ അവിസ്മരണീയ അനുഭവമായി.

ഇൻഡ്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺ ഷയർ നല്കുന്ന എക്സലൻസ് അവാർഡുകൾ ചീഫ് ഗസ്റ്റ് ഡോ.ഉമാ രാജേഷ് സമ്മാനിച്ചു. കമ്യൂണിറ്റി വർക്ക്, ചാരിറ്റി, ആർട്ട്, ബിസിനസ് സെക്ടർ, പ്രൊഫഷൻ, യൂത്ത് കാറ്റഗറികളിൽ വ്യക്തിമുദ്ര പതിപ്പിച്ച പത്തു പേരാണ് അവാർഡുകൾക്ക് അർഹരായത്. ഡോ. സോഫിയ അരിക്കൽ (സ്കൻതോർപ്പ്), വിക്ടോറിയ കോച്ചേരിൽ ജോണി(സ്കൻതോർപ്പ്), ഡോ. ദീപാ ജേക്കബ്(ഹൾ), ജിബി ജോർജ്(ഹൾ), കലാഭവൻ നൈസ് ( ഹൾ), ബോബി തോമസ് ( ഹൾ), അലാൻ്റോ തോമസ് (ഗെയിൻസ്ബറോ) എന്നിവർ അവാർഡുകൾ വേദിയിലെത്തി സ്വീകരിച്ചു. ആനി ജോസഫ് (ഹൾ), ലീനുമോൾ ചാക്കോ ( ഗ്രിംസ്ബി), അമ്പിളി സെബാസ്റ്റ്യൻ മാത്യു (ഗ്രിംസ്ബി) എന്നിവരും അവാർഡിനർഹരായി.

ഇവൻ്റിൻ്റെ ഭാഗമായി സ്കൻതോർപ്പിലെ ഫുഡ് ബാങ്കിനായി നടത്തിയ ഫണ്ട് റെയിസിഗിലൂടെ അഞ്ഞൂറിലേറെ പൗണ്ട് സമാഹരിക്കാൻ കഴിഞ്ഞു. മനം നിറയ്ക്കുന്ന പെർഫോർമൻസുകളും രുചികരമായ വിഭവങ്ങളുമായി സന്തോഷകരമായ മണിക്കൂറുകളാണ് ICANL ഇവൻറ് സമ്മാനിച്ചത്.
ഇവൻ്റിൻ്റെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച ഏവർക്കും ട്രഷറർ ബിജോയി ജോർജ് നന്ദി പറഞ്ഞു.

എൻഎംസി രജിസ്ട്രേഷൻ സെമിനാർ, ക്വിസ് കോമ്പറ്റീഷൻ, സമ്മർ ട്രിപ്പ്, ഓണം ഫെസ്റ്റിവൽ, യോഗാ ക്ളാസ്, ഫുട്ബോൾ കോച്ചിംഗ്, ബാഡ്മിൻ്റൺ ട്രെയിനിംഗ് തുടങ്ങിയവ അസോസിയേഷൻ ഈ വർഷം സംഘടിപ്പിച്ചിരുന്നു. സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിൽ ജോയിൻ ചെയ്ത കേരളത്തിൽ നിന്നുള്ള ന്യൂ റിക്രൂട്ട്സിന് വേണ്ട അടിസ്ഥാന പിന്തുണ നൽകുന്നതിൽ എൻഎച്ച്എസുമായി അസോസിയേഷൻ സഹകരിക്കുന്നുണ്ട്. ഇന്ത്യൻ കമ്മ്യൂണിറ്റിയെ ബാധിക്കുന്ന വിവിധ കാര്യങ്ങൾ നോർത്ത് ലിങ്കൺഷയർ കൗൺസിലിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി അസോസിയേഷൻ ഇടപെടലുണ്ടായി.
ഒരു ചെറിയ സമൂഹത്തിൻ്റെ കൂട്ടായ്മയുടെയും അത്യദ്ധ്വാനത്തിൻ്റെയും പുരോഗമന ചിന്താഗതിയുടെയും വിജയമാണിതെന്ന് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ സെക്രട്ടറി ബിനോയി ജോസഫ് പറഞ്ഞു. യുകെയിലെ ഇന്ത്യൻ സമൂഹത്തിന് മാതൃകയാകുന്ന പ്രവർത്തന ശൈലിയുമായി മുന്നോട്ട് പോകാൻ അസോസിയേഷന് കഴിയട്ടെയെന്ന് പ്രസിഡൻ്റ് നബീൽ മൈതിൻ ആശംസിച്ചു.
ഡിസംബർ 22 ന് ക്രിസ്മസ് കരോൾ, പുൽക്കൂട് മത്സരം, ഡിസംബർ 30 ന് ക്രിസ്മസ് – ന്യൂ ഇയർ സെലബ്രേഷൻ എന്നിവയും ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ സംഘടിപ്പിച്ചിട്ടുണ്ട്.
