Latest News

മാസ്സ് എന്ന് പറഞ്ഞാല്‍ പോര മരണമാസ്. ടാറ്റയുടെ ചിറകിലേറിയുള്ള എയര്‍ ഇന്ത്യയുടെ തിരിച്ചുവരവിനെ ഇങ്ങനെ വിശേഷിപ്പിച്ചാലും തെറ്റില്ല. നഷ്ടത്തിലേക്ക് കൂപ്പുകുത്തി കേന്ദ്രസര്‍ക്കാര്‍ വിറ്റഴിച്ച എയര്‍ ഇന്ത്യയ്ക്ക് ഇങ്ങനെയൊരു തിരിച്ചുവരവുണ്ടാകുമെന്ന് എതിരാളികള്‍ പോലും കരുതിക്കാണില്ല. ലോകത്തെ മുന്‍നിര വിമാനക്കമ്പനികളെ പോലും ഞെട്ടിച്ചാണ് 470 പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള വമ്പന്‍ കരാറില്‍ എയര്‍ ഇന്ത്യ ഒപ്പിട്ടത്. ഫ്രഞ്ച് വിമാന നിര്‍മാണക്കമ്പനിയായ എയര്‍ബസ്, അമേരിക്കന്‍ കമ്പനിയായ ബോയിങ് എന്നിവയുമായാണ് കരാര്‍. ലോക വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റത്തവണ വിമാനം വാങ്ങല്‍ കരാറാണിത്. ഇതോടെ ആഗോള വ്യോമയാന മേഖലയിലെ മുന്‍നിര ശക്തികളിലൊന്നായി എയര്‍ ഇന്ത്യ മാറും.

സുപ്രധാന കരാര്‍ ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് മാത്രമല്ല യുഎസിനും ഫ്രാന്‍സിനും ബ്രിട്ടണും വലിയ നേട്ടമാണ് സമ്മാനിച്ചത്. ഈ മൂന്ന് രാജ്യങ്ങളിലും ലക്ഷക്കണക്കിന് പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ കരാര്‍ വഴിയൊരുക്കും. ഒരു ഇന്ത്യന്‍ കമ്പനിയുടെ ഇടപാട് വഴി സമ്പന്ന രാജ്യങ്ങളില്‍ ഇത്രയധികം പേര്‍ക്ക് ജോലി ലഭിക്കുമെന്നത് ഒട്ടും ചെറിയ കാര്യമല്ല. ഇടപാടിന് പിന്നാലെ യുഎസും ഫ്രാന്‍സും ബ്രിട്ടണും ഇന്ത്യയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയതും കരാര്‍ വഴി അവര്‍ക്ക് എത്രമാത്രം നേട്ടമുണ്ടെന്നതിന്റെ തെളിവാണ്. ലോക വ്യോമയാന മേഖലയിലും കരാര്‍ വലിയ സാധ്യതകള്‍ തുറക്കും. ഇന്ത്യയുടെ സാമ്പത്തിക-തൊഴില്‍-വിനോദ സഞ്ചാര മേഖലകളിലും ഇത് പ്രതിഫലിക്കും.

എയര്‍ ഇന്ത്യ-ബോയിങ് ഇടപാടിലൂടെ അമേരിക്കയിലെ 44 സംസ്ഥാനങ്ങളിലായി 10 ലക്ഷം തൊഴില്‍ സൃഷ്ടിക്കപ്പെടും. മറ്റാരുമല്ല, ഇരുകമ്പനികളും തമ്മിലുള്ള കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാര്‍ അമേരിക്കന്‍ തൊഴില്‍ രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്ന് വ്യക്തം. ഇരുരാജ്യങ്ങളിലേയും രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള കരാര്‍ സംബന്ധിച്ച വിവരം അമേരിക്കന്‍ പ്രസിഡന്റ് തന്നെ നേരിട്ട് പ്രഖ്യാപിച്ചതിനുള്ള കാരണവും ഇതാണ്. എയര്‍ ഇന്ത്യയുടെ ഇടപാടിനെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച ബൈഡന്‍ ഇതുവഴി ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നും അഭിപ്രായപ്പെട്ടിരുന്നു.

എയര്‍ബസുമായുള്ള കരാര്‍ പ്രഖ്യാപനവും ഇരുരാജ്യങ്ങളിലേയും ഭരണതലവന്‍മാരുടെ സാന്നിധ്യത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ പങ്കെടുത്ത വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ ടാറ്റ സണ്‍സ്‌ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനാണ് കരാര്‍ വിവരം പ്രഖ്യാപിച്ചത്. കരാര്‍ രാജ്യത്തെ വ്യോമയാന മേഖലയിലെ സുപ്രധാന ചുവടുവയ്പ്പെന്നാണ് മോദി വിശേഷിപ്പച്ചത്. ഇതിലൂടെ ഇന്ത്യ-ഫ്രഞ്ച് ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും മോദി പ്രതികരിച്ചിരുന്നു. കരാറിലൂടെ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുകയാണെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത്.

കരാറിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഇടപാടിനെ സ്വാഗതംചയ്തിരുന്നു. പുതിയ വിമാനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏറെയും ബ്രിട്ടണിലാണ് നടക്കുക. കോടികളുടെ നിക്ഷേപവും നിരവധി തൊഴില്‍ സാധ്യതയും കരാറിലൂടെ ബ്രിട്ടണില്‍ ലഭിക്കുമെന്നും ഇന്ത്യയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഋഷി സുനക് വ്യക്തമാക്കിയിരുന്നു.

എയര്‍ബസില്‍നിന്ന് 250 വിമാനങ്ങളും ബോയിങ്ങില്‍നിന്ന് 220 വിമാനങ്ങളും വാങ്ങാനാണ് ധാരണ. അടുത്ത പത്തുവര്‍ഷം ഇതേ കരാറിന്റെ ഭാഗമായി ആവശ്യമെങ്കില്‍ 370 വിമാനങ്ങള്‍കൂടി അധികമായി വാങ്ങാനും കരാറില്‍ വ്യവസ്ഥയുണ്ട്. 470 വിമാനങ്ങള്‍ വാങ്ങിയ അതേ നിരക്കില്‍ തന്നെ 370 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ കഴിയുമെന്ന് ചുരുക്കം. അങ്ങനെയെങ്കില്‍ ആകെ 840 വിമാനങ്ങളാകും എയര്‍ ഇന്ത്യയുടെ ഭാഗമാകുക. ടാറ്റ ഏറ്റെടുത്ത ശേഷം പുതിയ വിമാനം വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ ആദ്യ ഇടപാടാണിത്.

17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യയുടെ ഭാഗമാകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിനുമുമ്പ് 2006ലാണ് അവസാനമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെട്ടത്. അന്ന് 111 വിമാനങ്ങള്‍ വാങ്ങിയതില്‍ 68 എണ്ണം ബോയിങ്ങില്‍ നിന്നും 43 എണ്ണം എയര്‍ബസില്‍ നിന്നുമായിരുന്നു. എയര്‍ ഇന്ത്യയെ അടിമുടി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി പഴക്കംചെന്ന ഈ വിമാനങ്ങളുടെ സ്ഥാനത്തേക്ക് പുത്തന്‍ വിമാനങ്ങളുടെ വരവ്.

3,400 കോടി ഡോളര്‍ (2.80 ലക്ഷം കോടി രൂപ) ചെലവിലാണ് ബോയിങ്ങില്‍നിന്ന് വിമാനം വാങ്ങുക. ഡോളറില്‍ കണക്കാക്കുമ്പോള്‍ ബോയിങ്ങിന്റെ ഇതുവരെയുള്ളതില്‍ മൂന്നാമത്തെ വലിയ കരാറാണിത്. എയര്‍ബസുമായുള്ള കരാര്‍ കൂടി ചേരുമ്പോള്‍ ആകെ ചെലവ് ആറ് ലക്ഷം കോടി രൂപ കടക്കും. ഒന്നിച്ചുള്ള വലിയ ഓര്‍ഡര്‍ ആയതിനാല്‍ തുകയില്‍ വലിയ ഇളവും എയര്‍ ഇന്ത്യയ്ക്ക് ലഭിക്കാം. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന നമ്മുടെ അയല്‍രാജ്യമായ പാകിസ്താന്‍ ഐഎംഎഫ് സഹായത്തിനായി കൈനീട്ടിയിരിക്കുമ്പോഴാണ് ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഇന്ത്യന്‍ കമ്പനിയുടെ കരാര്‍ എന്നതും ശ്രദ്ധേയമാണ്.

ആറ് ലക്ഷം കോടി രൂപ വലിയൊരു സംഖ്യയാണ്. ഇത്ര ഉയര്‍ന്ന തുക മുടക്കി ഒരു കരാറില്‍ ഒപ്പുവെക്കണമെങ്കില്‍ അതിന് പിന്നില്‍ മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടന്നിട്ടുണ്ടാകണം. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയെ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ തന്നെ കരാറിനുള്ള നീക്കങ്ങള്‍ ടാറ്റ ആരംഭിച്ചിരുന്നുവെന്നാണ് വിവരം.

മാസങ്ങള്‍ നീണ്ട രഹസ്യചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറില്‍ അന്തിമ തീരുമാനമെടുത്തത്. ഇക്കഴിഞ്ഞ ഡിസംബറോടെ ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിന് സമീപമുള്ള സെന്റ് ജെയിംസ് കോര്‍ട്ട് ആഡംബര ഹോട്ടലിലായിരുന്നു ചര്‍ച്ചകളുടെ കേന്ദ്രം. ടാറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഹോട്ടലാണിത്. ചര്‍ച്ചകള്‍ക്കായി വിമാന നിര്‍മാതാക്കളും എന്‍ജിന്‍ ഭീമന്‍മാരും ദിവസങ്ങളോളം ഹോട്ടലില്‍ തങ്ങിയിരുന്നുവെന്നും ടാറ്റയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. കേരളം, ഗോവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സീഫുഡ് വിഭവങ്ങള്‍ക്ക് പേരുകേട്ട ഈ ഹോട്ടലില്‍ കഴിഞ്ഞ ഡിസംബറിലെ ഒരുരാത്രിയില്‍ അത്താഴവിരുന്നോടെയാണ് സുപ്രധാന ചര്‍ച്ചകള്‍ അവസാനിച്ചത്.

470 വിമാനങ്ങള്‍ എന്നത് ഇത്ര വലിയ സംഖ്യയാണോ? സ്വഭാവികമായും ചിലരെങ്കിലും സംശയിച്ചേക്കാം. എയര്‍ ഇന്ത്യയില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ ആകെ എണ്ണം അറിഞ്ഞാല്‍ പുതിയ കരാര്‍ എത്രത്തോളം വലുതാണെന്ന് ബോധ്യപ്പെടും. 113 വിമാനങ്ങളാണ് നിലവില്‍ എയര്‍ ഇന്ത്യയ്ക്കുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 26 വിമാനങ്ങള്‍ കൂടി ചേര്‍ത്താലും ആകെ വിമാനങ്ങളുടെ എണ്ണം 140നുള്ളില്‍ ഒതുങ്ങും. എയര്‍ ഏഷ്യ, ടാറ്റയ്ക്ക് പങ്കാളിത്തമുള്ള വിസ്താര എന്നിവ കൂടി ചേര്‍ന്നാലും എണ്ണം 220നപ്പുറം കടക്കില്ല. ഇതിന്റെ ഇരട്ടിയിയേലറെ വിമാനങ്ങളാണ് പുതുതായി വരുന്നത്. ഇതോടെ എയര്‍ ഇന്ത്യയുടെ ആകെ വിമാനങ്ങളുടെ എണ്ണം 600 കടക്കും. രാജ്യത്തെ ആഭ്യന്തര വിമാനയാത്രാ മേഖലയില്‍ ഒന്നാം സ്ഥാനക്കാരായ ഇന്‍ഡിഗോയ്ക്ക് 305 വിമാനമാണുള്ളത്. ഇതിന്റെ ഇരട്ടിയോളം അംഗബലം എയര്‍ ഇന്ത്യ കൈവരിക്കും.

ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനി ഏതാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം പലതരത്തില്‍ നിര്‍വചിക്കാം. വരുമാനം-ആസ്തി-വിപണി വിഹിതം എന്നിവയുടെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ ഡെല്‍റ്റ എയര്‍ലൈന്‍സാണ് ഒന്നാമത്. യാത്രക്കാരുടെ എണ്ണത്തില്‍ ചൈന സതേണ്‍ എയര്‍ ഹോള്‍ഡിങ്‌സും വിമാനങ്ങളുടെ എണ്ണം കണക്കിലെടുത്താല്‍ അമേരിക്കന്‍ എയര്‍ലൈന്‍സുമാണ് ആദ്യ സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുള്ളത് തുര്‍ക്കിഷ് എയര്‍ലൈന്‍സിനാണ്. വിമാനങ്ങളുടെ എണ്ണത്തില്‍ ഒന്നാമതുള്ള അമേരിക്കന്‍ എയര്‍ലൈന്‍സിന് 934 വിമാനമുണ്ട്. ഡെല്‍റ്റാ എയര്‍ലൈന്‍സിന് 910 വിമാനവും അമേരിക്കയിലെ തന്നെ യുണൈറ്റഡ് എയര്‍ലൈന്‍സിന് 861 വിമാനവുമുണ്ട്. 500ലേറെ വിമാനമുള്ള ആറ് കമ്പനികളാണ് ലോകത്തുള്ളത്. ഇക്കൂട്ടത്തിലേക്കാണ് ഇന്ത്യന്‍ കമ്പനിയായ എയര്‍ ഇന്ത്യയും കടന്നുവരുന്നത്.

2023 അവസാനത്തോടെ കരാര്‍പ്രകാരമുള്ള പുതിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യയ്ക്ക് ലഭ്യമായി തുടങ്ങും. 2025 പകുതിയോടെ കൂടുതല്‍ വിമാനങ്ങളും ഒന്നിച്ചെത്തും. ഇതോടെ ടാറ്റയുടെ കൈപിടിച്ച് എയര്‍ ഇന്ത്യ പറപറക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

എയര്‍ ഇന്ത്യയുടെ സുപ്രധാന നീക്കത്തോടെ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നാലെ ആഗോള വ്യോമയാന മേഖലയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യ മാറും. എയര്‍ ഇന്ത്യയുടെ വികസന പദ്ധതികള്‍ ഗള്‍ഫ് രാജ്യങ്ങളിലെ വമ്പന്‍മാരായ എമിറേറ്റ്സിനും ഖത്തര്‍ എയര്‍വേസിനും ഇതിഹാദിനും ഗള്‍ഫ് എയറിനുമാണ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക. ഗള്‍ഫിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും വിമാനത്തിലെ സൗകര്യങ്ങളും വര്‍ധിക്കുന്നതോടെ ഇന്ത്യക്കാരായ യാത്രക്കാര്‍ കൂടുതലായി എയര്‍ ഇന്ത്യയെ ആശ്രയിക്കുമെന്ന് കമ്പനി കരുതുന്നു. ചൈനയെ പിന്നിലാക്കി ലോകത്തെ ഏറ്റവും കുടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറാന്‍ അധികം സമയം വേണ്ടിവരില്ലെന്ന് കണക്കുകള്‍. അങ്ങനെയെങ്കില്‍ രാജ്യത്തെ വ്യോമയാന വിപണി വീണ്ടും വളരും. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ വിമാനങ്ങളും കൂടുതല്‍ സര്‍വീസുകളും ഇടംപിടിക്കും

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ഷംതോറും ഇന്ത്യയില്‍ ഏകദേശം 10 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്. നിലവില്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും പോകുന്ന യാത്രക്കാരുടെ പ്രധാന ട്രാന്‍സിറ്റ് ഹബ്ബ് ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളാണ്. എയര്‍ ഇന്ത്യയുടെ കരാര്‍ യഥാര്‍ഥ്യമാകുന്നതോടെ ഇതില്‍ വലിയ മാറ്റം വരും. ഇതുവരെ ദുബായ്, അബുദാബി, ദോഹ വിമാനത്താവളങ്ങള്‍ പോലെ ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ ഹബ്ബായി മാറും. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഓസ്‌ട്രേയിലയിലേക്കും നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണവും കൂടും. ഇത് ആഗോളതലത്തില്‍ എയര്‍ ഇന്ത്യയുടെ അടിത്തറ വിപുലപ്പെടുത്തും.

137 വിമാനത്താവളങ്ങളാണ്‌ ഇന്ത്യയിലുള്ളത്. ഇതില്‍തന്നെ കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവ ഉള്‍പ്പെടെ 24 എണ്ണം അന്താരാഷ്ട്ര വിമാനത്താവങ്ങളാണ്. അടുത്ത 15 വര്‍ഷത്തിനകം രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം നാനൂറിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 50 പുതിയ വിമാനത്താവങ്ങള്‍ക്ക് അനുമതി നല്‍കിയതും വ്യോമയാന മേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വലിയ പ്രധാന്യം നല്‍കുന്നുവെന്നതിന്റെ തെളിവാണ്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 2000 ത്തോളം വിമാനങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടിവരുമെന്ന് എയര്‍ ഇന്ത്യയുടെ കരാര്‍ പ്രഖ്യാപന വേളയില്‍ മോദിയും പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് വ്യോമയാന മേഖലയില്‍ വലിയൊരു കുതിച്ചുചാട്ടത്തിനാണ് ഇന്ത്യ ശ്രമിക്കുന്നു എന്നതാണ്.

എയര്‍ ഇന്ത്യയുടെ വിമാനക്കരാര്‍ അമേരിക്കയിലും ഫ്രാന്‍സിലും മാത്രമല്ല ഇന്ത്യയിലും ലക്ഷക്കണക്കിന് തൊഴില്‍ സാധ്യതകള്‍ തുറക്കും. നിലവിലുള്ള 113 വിമാനങ്ങള്‍ പറത്താന്‍ എയര്‍ ഇന്ത്യയില്‍ 1600 പൈലറ്റുമാരാണ് ഉള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഏഷ്യ എന്നിവയ്ക്ക് 54 വിമാനങ്ങളുണ്ട്. ഇത് പറത്താനായി ഏകദേശം 850 പൈലറ്റുമാരും വിസ്താരയുടെ 53 വിമാനങ്ങങ്ങള്‍ക്കായി 600ലധികം പൈലറ്റുമാരുമുണ്ട്. പുതിയ 470 വിമാനങ്ങള്‍ സര്‍വീസിന് സജ്ജമാകുന്നതോടെ എയര്‍ ഇന്ത്യയ്ക്ക് 6500 പൈലറ്റുമാരെ ആവശ്യമായി വരും. ഇതിന് പുറമേ കാമ്പിന്‍ ക്ര്യൂ, സാങ്കേതിക, സാങ്കേതികേതര ജീവനക്കാര്‍, പരിപാലനം തുടങ്ങിയ അനുബന്ധ മേഖലകളില്‍ നേരിട്ടും അല്ലാതെയും ഏകദേശം രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

എയര്‍ബസില്‍ നിന്ന് വാങ്ങുന്ന 250 വിമാനത്തില്‍ 40 എണ്ണം വൈഡ് ബോഡി A350 വിമാനങ്ങളാണ്. ഇതിനുതന്നെ A350 1000, A350 900 എന്നീ രണ്ട് വകഭേദങ്ങളുണ്ട്. ഇതില്‍ A350 900 മോഡല്‍ 350 യാത്രക്കാരെ വഹിക്കും. A350 1000 മോഡല്‍ 410 യാത്രക്കാരേയും. ബാക്കിയുള്ള 210 എണ്ണം A 320 നിയോ നാരോ ബോഡി വിമാനങ്ങളാണ്. അതില്‍ 194 ആണ് സീറ്റിങ് കപ്പാസിറ്റി. പ്രധാനമായും 16 മണിക്കൂറിലേറെ പറക്കേണ്ടി വരുന്ന ദീര്‍ഘദൂര റൂട്ടിലാണ് വൈഡ് ബോഡി വിമാനങ്ങള്‍ ഉപയോഗിക്കുക. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള ദീര്‍ഘദൂര സര്‍വീസുകളുടെ എണ്ണം ഇതോടെ വര്‍ധിപ്പിക്കാനാകും.

നാലു മുതല്‍ അഞ്ചു മണിക്കൂര്‍വരെ യാത്രവരുന്ന സര്‍വീസുകള്‍ക്കാണ് നാരോ ബോഡി വിമാനങ്ങള്‍ ഉപയോഗിക്കുക. A350 വിമാനത്തിന് റോള്‍സ് റോയ്‌സിന്റെ എന്‍ജിനാണ് കരുത്തേകുക. ബോയിങ് 777, 787 വിമാനങ്ങളില്‍ ജിഇ എയറോസ്‌പോസിന്റെ എന്‍ജിനുകളും മറ്റുള്ളവയില്‍ സിഎഫ്എം ഇന്റര്‍നാഷണല്‍ എന്‍ജിനും ഇടംപിടിക്കും. ഇതിനും കരാറായിട്ടുണ്ട്.

വലിയ പണം നല്‍കിയാണ് യാത്രയെങ്കിലും അതിനുള്ള മികച്ച സൗകര്യങ്ങളില്ല, സേവനവും അത്ര പോര. നഷ്ടത്തിലോടിയ എയര്‍ ഇന്ത്യയെക്കുറിച്ച് യാത്രക്കാര്‍ക്ക് പരാതികള്‍ പതിവായിരുന്നു. എന്നാല്‍ ഉടമസ്ഥാവകാശം ടാറ്റ നേടിയതോടെ പഴയപോലെ യാത്രക്കാരുടെ പഴി കേള്‍ക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് ഒട്ടും താത്പര്യമില്ല.

നിലവില്‍ മിക്ക വിമാനക്കമ്പനികള്‍ക്കും ഇന്‍-ഫ്ളൈറ്റ് സൗകര്യങ്ങളും സാങ്കേതിക വിദ്യകളും നല്‍കുന്നതും ടാറ്റയാണ്. അതിനാല്‍ സ്വന്തം ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയിലെ സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ അടിമുടി മാറ്റാന്‍ ടാറ്റയ്ക്ക് അധികം സമയംവേണ്ട. ഇതിനുള്ള ശ്രമങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുമുണ്ട്.

സുരക്ഷ, ഉപഭോക്തൃ സേവനം, സാങ്കേതികവിദ്യ, എന്‍ജിനിയറിങ്, നെറ്റ്വര്‍ക്ക്, ഹ്യൂമണ്‍ റിസോഴ്‌സ് എന്നിവയിലെല്ലാം എയര്‍ ഇന്ത്യ വലിയൊരു പരിവര്‍ത്തന യാത്രയിലാണ്. ഈ മാറ്റത്തിനായി ആധുനികവും കാര്യക്ഷമവുമായ പുതിയ വിമാനങ്ങള്‍ അടിസ്ഥാന ഘടകമാണെന്നും പുതിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യയെ ആധുനിക വത്ക്കരിക്കുമെന്നും വിമാനക്കരാറിന് പിന്നാലെ ടാറ്റ വ്യക്തമാക്കിയിരുന്നു.

പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് മുമ്പേ പരിഷ്‌കരണത്തിന്റെ ഭാഗമായി എയര്‍ഇന്ത്യ ഇതിനകം 11 ബി777 വിമാനങ്ങളും 25 എ 350 വിമാനങ്ങളും വാടകയ്ക്ക് എടുത്തിരുന്നു. കെട്ടിലും മട്ടിലും പൂര്‍ണമായൊരു മാറ്റത്തിനാണ് ടാറ്റയുടെ ശ്രമം. കണ്ടുപഴകിയ എയര്‍ ഇന്ത്യയുടെ അകത്തളവും ഇനി മാറും. പൂര്‍ണമായും പുതിയ ക്യാമ്പിന്‍ ഇന്റീരിയര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ വിമാനങ്ങളില്‍ ഉള്‍പ്പെടുത്തും. 2024 മധ്യത്തോടെ ഈ രീതിയിലുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം സര്‍വീസ് തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഒരുകാലത്ത് ഇന്ത്യന്‍ വ്യോമയാന മേഖല അടക്കിവാണിരുന്ന എയര്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത് നടത്തിപ്പിലെ പിടിപ്പുകേടായിരുന്നു. നിരക്ക് കുറഞ്ഞ ബജറ്റ് എയര്‍ലൈന്‍സുകളുടെ കടന്നുവരവോടെ പതനത്തിന്റെ ആക്കം കൂടി. എങ്കിലും ഇന്നും രാജ്യത്തെ ആഭ്യന്തര വിപണിയില്‍ 26 ശതമാനം പങ്കാളിത്തം എയര്‍ ഇന്ത്യക്കുണ്ട്. പകുതിയിലേറെ വിപണി വിഹിതവുമായി (54.9 ശതമാനം) ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോ ആണ് ഒന്നാമത്. ഈ മേധാവിത്വം തിരിച്ചുപിടിക്കുക എന്നതും എയര്‍ ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണ്.

1932-ല്‍ ജെആര്‍ഡി ടാറ്റയുടെ നേതൃത്വത്തിലായിരുന്നു എയര്‍ ഇന്ത്യയുടെ തുടക്കം. 1953ല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കി. നഷ്ടത്തിലായ എയര്‍ ഇന്ത്യയെ നീണ്ട 69 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ടാറ്റ തിരിച്ചുപിടിച്ചത്. ലേലത്തില്‍ 18000 കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കിയാണ് മധുരപ്രതികാരംവീട്ടി എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റ വീണ്ടെടുത്തത്. മുമ്പ് 1990 കാലഘട്ടത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് ഇന്ത്യയില്‍ വിമാനകമ്പനിക്ക് ടാറ്റ ശ്രമിച്ചിരുന്നെങ്കിലും അന്ന് അതിന് അനുമതി ലഭിച്ചില്ല. അതേ ടാറ്റ തന്നെ ഇന്ത്യയുടെ ഔദ്യോഗിക വിമാന സര്‍വീസിനെ തിരിച്ചുപിടിച്ചു.

ഏകദേശം എഴുപതിനായിരം കോടിയുടെ സഞ്ചിത നഷ്ടമുണ്ടാക്കിയ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്നത് 2017ലാണ്. നഷ്ടം സഹിച്ച് ഇനിയും മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് കണ്ട് 2020 ഡിസംബറിലാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചത്. അവസാന റൗണ്ടില്‍ സ്പൈസ് ജെറ്റിനെ മറികടന്നാണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്. ടാറ്റ 18000 കോടി ക്വാട്ട് ചെയ്തപ്പോള്‍ സ്പൈസ് ജെറ്റ് ലേലത്തില്‍ വിളിച്ചത് 15100 കോടി രൂപയായിരുന്നു. 18000 കോടിയുടെ ഇടപാടായിരുന്നെങ്കിലും 2700 കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. ബാക്കി തുക എയര്‍ ഇന്ത്യയുടെ കടമാണ്. അത് ടാറ്റ ഏറ്റെടുത്തു.

പുതിയ വിമാനങ്ങള്‍ ഉള്‍പ്പെടെ എത്തിച്ച് വ്യോമയാന രംഗത്ത് എയര്‍ ഇന്ത്യ ടോപ് ഗിയറില്‍ മുന്നേറ്റം ആരംഭിച്ചതിനാല്‍ രാജ്യത്തെ മറ്റു ബജറ്റ് എയര്‍ലൈന്‍സുകളും പരിഷ്‌ക്കരണ നടപടികള്‍ക്ക് വേഗം കൂട്ടും. ടാറ്റയുമായുള്ള മത്സരത്തിനായി പുതിയ വിമാനങ്ങള്‍ വാങ്ങി അവരും കൂടുതല്‍ ഇടങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും. ഇതുവഴി രാജ്യത്തെ സാമ്പത്തിക രംഗത്തും തൊഴില്‍ മേഖലയിലും തുടര്‍ന്നും കാതലായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

 

നടിയും ഹാസ്യ താരവുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ടെലിവിഷന്‍, സിനിമ രംഗത്ത് ഏറെക്കാലം തിളങ്ങിനിന്ന താരമാണ് സുബി. ചാനല്‍ ഷോകളും നടത്തിയിരുന്നു. കൊച്ചിന്‍ കലാഭവനിലുടെയാണ് സുബി കലാരംഗത്ത് എത്തുന്നത്.

കനക സിംഹാസനം, ഹാപ്പി ഹസ്ബന്‍സ്, തസ്‌കര ലഹള, ്രഡാമ, ഗൃഹനാഥന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിരുന്നു. ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് സുബി സുരേഷ് പ്രക്ഷേകരുടെ മനസ്സില്‍ ഇടംപിടിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്‌റ്റേജ് ഷോകളിലൂടെയും സുബി തിളങ്ങിനിന്നിരുന്നു. യു ട്യൂബ് ചാനലിലൂടെയും സജീവമായിരുന്നു.

കഴിഞ്ഞ മാസം 28നാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്. പിന്നീട് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി നില ഗുരുതരമാകുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച കരള്‍ മാറ്റിവയ്ക്കാന്‍ നിശ്ചയിച്ചിരുന്നു. കരള്‍ പകുത്തുനല്‍കാന്‍ ഒരു ബന്ധു തയ്യാറായി മുന്നോട്ടുവരികയും ശസ്ത്രക്രിയയ്ക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് ഹൃദയത്തിന്റെ പ്രഷര്‍ ഉയരുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. ഇന്നലെ വൈകിട്ട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാവിലെയോടെ മരണമടയുകയായിരുന്നുവെന്ന് നടന്‍ ടിനി ടോം പ്രതികരിച്ചു.

തന്റെ ആരോഗ്യാവസ്ഥയെപ്പറ്റി സുബി മുൻപ് പങ്കുവച്ച ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ദിവസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നതിനെക്കുറിച്ച് തുറന്നുപറയുകയായിരുന്നു സുബി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് തന്റെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് താരം മനസ് തുറന്നത്.

ഞാന്‍ ഒന്ന് വര്‍ക് ഷോപ്പില്‍ കയറി’ എന്ന് പറഞ്ഞുകൊണ്ട് ആണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവച്ചത്. പിന്നാലെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ തന്റെ അസുഖത്തെ കുറിച്ച് സുബി മനസ് തുറക്കുന്നുണ്ട്. എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് ‘വര്‍ക് ഷോപ്പില്‍’ ഒന്ന് കയറേണ്ടി വന്നത്. വേറെ ഒന്നുമല്ലെന്നാണ് താരം പറയുന്നത്. ഷൂട്ടിന് പോകേണ്ടിയിരുന്നതിന്റെ തലേദിവസമാണ് വയ്യാതാകുന്നത്. നെഞ്ചുവേദനയും ശരീരവേദനുമായിരുന്നു. ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. ഇളനീര്‍ വെള്ളം കുടിച്ചപ്പോഴേക്കും ഛര്‍ദ്ദിച്ചു. നെഞ്ചു വേദന അധികമായപ്പോള്‍ ക്ലിനിക്കില്‍ പോയി ഇസിജി എടുത്തിരുന്നുവെങ്കില്‍ അതിലൊന്നും പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാല്‍ പൊട്ടാസ്യം കുറവാണെന്നും അതിന് കഴിക്കാന്‍ മരുന്ന് തരികയും ചെയ്തിരുന്നു. പക്ഷെ താന്‍ ആ മരുന്ന് കഴിച്ചിരുന്നില്ല. വര്‍ക്ക് ഒഴിവാക്കുക എന്നത് തന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പൈസയ്ക്ക് വേണ്ടിയല്ല വെറുതെ ഇരിക്കാന്‍ പറ്റാത്തത് കൊണ്ടാണ്. കൊറോണക്കാലത്ത് കുറേക്കാലം വീട്ടില്‍ ഇരുന്ന് മടുത്തിരുന്നു. ആ സമയത്ത് മരുന്നോ ഭക്ഷണമോ ശ്രദ്ധിക്കില്ല.

ഭക്ഷണം കഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചാല്‍ പോലും കഴിക്കാറില്ല. തോന്നുമ്പോള്‍ മാത്രമാണ് കഴിക്കുന്നത്. എന്നാല്‍ ആ ദുശ്ശീലമാണ് എന്നെ വീഴ്ത്തിയത്. ആഹാരം കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി. കൂടാതെ മഗ്‌നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തില്‍ കുറഞ്ഞു. അതുകാരണം പത്ത് ദിവസത്തോളം ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയായിരുന്നു. മഗ്‌നീഷ്യം ശരീരത്തില്‍ കയറ്റുന്നത് വലിയ പ്രശ്നമല്ലെങ്കിലും പൊട്ടാസ്യം കയറ്റുമ്പോള്‍ ഭയങ്കര വേദനയാണ്. ഇതിന് പുറമെ പാന്‍ക്രിയാസില്‍ കല്ല് ഉണ്ട് പക്ഷെ നിലവിലെ സാഹചര്യത്തില്‍ അത്ര പ്രശ്നമല്ല. എന്നാല്‍ ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ ചിലപ്പോള്‍ പ്രശ്നമായേക്കാം. മരുന്ന് കഴിച്ചിട്ട് മാറിയില്ല എന്നുണ്ടെങ്കില്‍ കീ ഹോള്‍ ചെയ്ത് നീക്കേണ്ടി വരും. പിന്നെ തൈറോയിഡിന്റെ പ്രശ്നമുണ്ട്. ആ മെഡിസിനും ഞാന്‍ കൃത്യമായി എടുക്കാറുണ്ടായിരുന്നില്ല. ഇനി മുതല്‍ അതും ശ്രദ്ധിക്കണണം.’- സുബി പറയുന്നു.

എന്തായാലും താന്‍ ഇപ്പോള്‍ കൃത്യമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്നാണ് സുബി പറയുന്നത്. തന്റെ ഉഴപ്പായിരുന്നു എല്ലാത്തിനും കാരണമെന്നും സുബി പറയുന്നു. വിശന്നാലും മടിച്ചിട്ട് ഭക്ഷണം കഴിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. പച്ചവെള്ളം കുടിച്ച് വയറ് നിറയ്ക്കും, ഒരു നേരം ഒക്കെയാണ് കഴിച്ചിരുന്നതെന്നും സുബി പറയുന്നു. തന്റെ അനുഭവത്തില്‍ നിന്നും പഠിച്ചതാണ് ഇതെല്ലാം. ഇപ്പോള്‍ വലിയ കുഴപ്പങ്ങളൊന്നും ഇല്ല. ജീവിതത്തില്‍ തന്നെ പോലെ അടുക്കും ചിട്ടയും ഇല്ലാതെ നടക്കുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് അറിവ് പകരാന്‍ വേണ്ടിയാണ് താന്‍ ഈ വീഡിയോ പങ്കുവച്ചതെന്നും സുബി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് സുബി. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ഹാസ്യ പരിപാടികളിൽ സജീവമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ സുബി യൂട്യൂബ് ചാനലുമായും സജീവമായിരുന്നു. മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി.

മരിക്കുന്നതിന് 26 മിനിറ്റ് മുമ്പ് ഒരു തുടക്കത്തിന്റെ അവസാനത്ത് നിന്നാണ് മറ്റൊരു തുടക്കം ഉണ്ടാകുന്നത്. വീണ്ടും കാണാം എന്ന് പറഞ്ഞ് ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം മാറ്റിയിരുന്നു. ഇതിന് പിന്നാലെ തന്നെ സുബിയുടെ മരണവാര്‍ത്തയും എത്തിയത് അവിശ്വസനീയമായി.

അഡ്മിനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ നിരവധി പേര്‍ അവിശ്വസനീയമെന്ന് അറിയിച്ചു. സിനിമ ടെലിവിഷന്‍ രംഗത്തെ പ്രമുഖതാരം സുബി സുരേഷ് കരള്‍രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മിമിക്രി രംഗത്ത് നിന്നും ടെലിവിഷന്‍ രംഗത്ത് എത്തിയ താരം ആങ്കറായിട്ടാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് സിനിമാതാരമായി വളരുകയൂം ചെയ്തു.

ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 41 വയസ്സാണ്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

നടി സുബി സുരേഷിന്റെ വിയോഗത്തില്‍ അനുശോചിച്ച് സുഹൃത്തും നടനുമായ ടിനി ടോം. കരള്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. സുബിക്ക് രോഗം ബാധിച്ചത് തികച്ചും അപ്രതീക്ഷിതമാണെന്നും ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും ടിനി ടോം പ്രതികരിച്ചു. സുബിയുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്തിയിരുന്നുവെന്നും അവര്‍ ഏറെ സന്തോഷവതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പത്ത്, പതിനേഴ് ദിവസമായി സുബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരള്‍ സംബന്ധമായ രോഗമായിരുന്നു. സുബിയുടെ ഒരു സുഹൃത്താണ് തന്നെ വിവരം അറിയിച്ചത്. പുറത്ത് അധികം ആരോടും അധികം പറഞ്ഞിരുന്നില്ല. കരള്‍ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുരേഷ് ഗോപി വഴി പലരുമായി ബന്ധപ്പെട്ട് ഒരു എട്ട് ദിവസം കൊണ്ട് ചെയ്യേണ്ട നടപടികള്‍ നാല് ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് കരള്‍ നല്‍കാന്‍ തയ്യാറായത്.

കരള്‍ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ചയോട് കൂടി പൂര്‍ത്തിയാക്കി. പക്ഷേ അതിനിടെ സ്ഥിതി മോശമായി. വൃക്കയില്‍ അണുബാധയുണ്ടായി, മറ്റു അവയവങ്ങളിലേക്കും അത് പടര്‍ന്നു. അതിനിടെ രക്തസമ്മര്‍ദ്ദം കൂടി. അതിനാല്‍ ശസ്ത്രക്രിയ ചെയ്യാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. പക്ഷേ രക്ഷിക്കായില്ലെന്നും ടിനി ടോം പറഞ്ഞു.

പുരുഷമേല്‍ക്കോയ്മയുള്ള കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷന്‍ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.

നടി സുബി സുരേഷ് അന്തരിച്ചു. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം.പ്രശസ്ത ചലച്ചിത്ര നടിയും അവതാരകയുമാണ് സുബി സുരേഷ്.കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ മാറ്റി വയ്ക്കാന്‍ ഉള്‍പ്പടെ ശ്രമിക്കുന്നതിനടെയാണ് സുബിയുടെ മരണം.

മിമിക്രി രംഗത്തിലൂടെയാണ് സുബി കലാരംഗത്തേക്ക് എത്തിയത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനനം ജനിച്ചു. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും, എറണാകുളം സെന്റ്.തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.

സ്‌കൂള്‍ പഠനകാലത്തു തന്നെ നൃത്തം പഠിയ്ക്കാന്‍ തുടങ്ങി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. ടെലിവിഷന്‍ ചാനലുകളിലും സ്‌റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളില്‍ വിവിധതരത്തിലുള്ള കോമഡി റോളുകള്‍ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്‌റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ.. എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛന്‍ -സുരേഷ്, അമ്മ- അംബിക, സഹോദരന്‍ -എബി സുരേഷ്.

കേളകം ഇരട്ടത്തോട് പാലത്തിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. പൊയ്യമല മീശ കവല സ്വദേശിയും സ്കൂട്ടർ യാത്രക്കാരനുമായ വലിയാലക്കളത്തിൽ വിൻസൻ്റ് (40), കൂടെയുണ്ടായിരുന്ന വിൻസൻ്റിൻ്റെ സഹോദരൻ്റെ മകൻ ജോയൽ (18) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രികനായ കൊട്ടിയൂർ പാമ്പറപ്പാൻ സ്വദേശി അമലേഷിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിലാണ്.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്നാണ് പേരാവൂരിലെ സൈറസ് ആശുപത്രിയിൽലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തും വഴി വിൻസൻ്റും ജോയലും മരണപ്പെടുകയായിരുന്നു.

ചുങ്കക്കുന്ന് പള്ളി തിരുനാൾ കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിൻസെൻ്റും ജോയലും. കൊട്ടിയൂർ ഭാഗത്തേക്ക് വരികയായിരുന്ന അമലേഷ് സഞ്ചരിച്ച ബൈക്കുമായാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്നു. ഇരുവരുടെയുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റുമാർട്ടത്തിന് ശേഷം വീട്ടിലെത്തിക്കും.

ക്രിക്കറ്റ് താരം പൃഥ്വി ഷാ തനിക്കെതിരെ നൽകിയ പരാതി വ്യാജമെന്നാരോപിച്ച് സെൽഫി വിവാദത്തിൽ അറസ്റ്റിലായ ഭോജ്‌പുരി നടി സപ്‌ന ഗിൽ. പൃഥ്വി ഷായും സംഘവും തന്നോടാണ് അപമര്യാദയായി പെരുമാറിയതെന്നും പിന്നീട് മാപ്പ് പറയുകയും ചെയ്തെന്നും യുവതി പറയുന്നു. മദ്യലഹരിയിലായിരുന്ന പൃഥ്വി ഷാ തന്റെ സ്വകാര്യ ഭാ​ഗങ്ങളിൽ സ്പർശിച്ചെന്നും യുവതി ആരോപിക്കുന്നു.

താൻ സെൽഫിയും പണവും ആവശ്യപ്പെട്ടെന്നാരോപിച്ചാണ് താരം യുവതിക്കും സംഘത്തിനുമെതിരെ പരാതി നൽകിയത്. എന്നാൽ താരത്തിന്റെ ആരോപണം തെറ്റാണെന്ന് യുവതി പറയുന്നു. വിഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ പൃഥ്വി ഷായും സംഘവും തന്നെയും സുഹൃത്തിനെയും മർദ്ദിക്കുകയായിരുന്നെന്നും യുവതി പറയുന്നു.

ഈ മാസം 16നാണ് സംഭവം നടന്നത്. സാന്താക്രൂസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ അത്താഴം കഴിക്കാൻ പോയ പൃഥ്വി ഷായെ അജ്ഞാതർ സമീപിച്ച് സെൽഫി ആവശ്യപ്പെടുകയായിരുന്നു. ഷാ രണ്ട് പേർക്കൊപ്പം സെൽഫിയെടുത്തു. എന്നാൽ സംഘത്തിലെ മറ്റുള്ളവർക്കൊപ്പവും സെൽഫിയെടുക്കാൻ ഇവർ ആവശ്യപ്പെട്ടു. സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാൻ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞ് ഷാ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

കൂടുതൽ നിർബന്ധിച്ചപ്പോൾ പൃഥ്വിയുടെ സുഹൃത്ത് ഹോട്ടൽ മാനേജരെ വിളിച്ച് പരാതി അറയിച്ചു. പിന്നാലെ സംഘത്തോട് ഹോട്ടൽ വിടാൻ മാനേജർ ആവശ്യപ്പെട്ടു. അത്താഴം കഴിച്ച് ഷായും സുഹൃത്തും ഹോട്ടലിന് പുറത്ത് വരുമ്പോൾ ചിലർ ബേസ്‌ബോൾ ബാറ്റുകളുമായി ആക്രമണം നടത്തുകയായിരുന്നുവെന്ന് സുഹൃത്ത് ആശിഷ് സുരേന്ദ്ര യാദവ് നൽകിയ പരാതിയിൽ പറയുന്നു.

പൃഥ്വി കാറിലുണ്ടായിരുന്ന സമയത്ത് ഇവർ കാറിന്റെ ചില്ല് തകർത്തു. ഇവർ കാറിനെ പിന്തുടരുകയും, ജോഗേശ്വരിയിലെ ലോട്ടസ് പെട്രോൾ പമ്പിന് സമീപം കാർ തടയുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കണമെങ്കിൽ 50,000 രൂപ നൽകണമെന്നും അല്ലാത്തപക്ഷം താൻ കള്ളക്കേസ് കൊടുക്കുമെന്ന് ഒരു യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ ഉന്നയിക്കുന്നു. സംഭവത്തിൽ 8 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗൗതമി നായർ. സെക്കൻഡ് ഷോ എന്ന സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറുന്നത്. ദുൽഖർ സൽമാൻ ആയിരുന്നു ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനാഥ് രാജേന്ദ്രൻ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. ഇദ്ദേഹത്തെ തന്നെയാണ് ഗൗതമി പ്രണയിച്ചു വിവാഹം ചെയ്തത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

അടുത്തിടെ ആയിരുന്നു ഇരുവരും വിവാഹമോചനം നേടിയത്. എന്നാൽ അതിനെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോൾ ആദ്യമായി വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഗൗതമി. അതിനുള്ള കാരണത്തെക്കുറിച്ചും അതിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചും എല്ലാം താരം ഇപ്പോൾ തുറന്നു സംസാരിക്കുകയാണ്.

“ഒരാളുടെ ഐഡിയോളജികൾ ആയി ഒത്തു പോകുന്നില്ലെങ്കിൽ പിന്നെ പിരിയുന്നത് ആണ് നല്ലത്. ഞാൻ എന്ന വ്യക്തി ഇവിടെ ഉണ്ട് എന്ന് നമ്മൾ തന്നെ മറ്റുള്ളവരെ അറിയിക്കണം. സിനിമകളിൽ ഇപ്പോൾ ഒരുപാട് പുതിയ ആളുകൾ വന്നിരിക്കുകയാണ്. ഞാൻ ഇപ്പോഴും അഭിനയിക്കാൻ തയ്യാറായി നിൽക്കുകയാണ്. പക്ഷേ ഈ കാര്യം സിനിമയിലെ പലർക്കും അറിയില്ല. പലരും എന്നോട് ചോദിക്കുന്നത് ഇപ്പോൾ അഭിനയിക്കുന്നുണ്ടോ എന്നൊക്കെയാണ്. ഇനി ഞാൻ സംവിധാനം മാത്രമേ ചെയ്യുകയുള്ളൂ എന്നാണ് പലരും വിചാരിച്ചിരിക്കുന്നത്” – ഗൗതമി പറയുന്നു.

“2018 എന്ന സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓം ശാന്തി ഓശാന എന്ന സിനിമയിൽ റാണി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുവാൻ എന്നെയായിരുന്നു സംവിധായകൻ ആദ്യം വിളിച്ചത്. അന്ന് എനിക്ക് പോകുവാൻ പറ്റിയില്ല. അതുകൊണ്ടാണ് ജൂഡ് തന്നെ അടുത്ത സിനിമയായ 2018 എന്ന സിനിമയിലേക്ക് വിളിച്ചപ്പോൾ പോകുവാൻ തീരുമാനിച്ചത്” – ഗൗതമി പറയുന്നു.

വിവാഹമോചന വാർത്തകൾ പുറത്തേക്ക് വരുന്നതിൽ വലിയ താല്പര്യമില്ലാതിരുന്നതുകൊണ്ടാണ് അത് തുറന്നു പറയാതിരുന്നത് എന്നും ഗൗതമി പറയുന്നു. പിരിഞ്ഞു എങ്കിലും ഇപ്പോഴും ഭർത്താവിനെ കുറിച്ച് ആളുകൾ ചോദിക്കുമ്പോൾ താൻ മറുപടി പറയാറുണ്ട് എന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് എന്നും മെസ്സേജുകളും കോളുകളും എല്ലാം ചെയ്യാറുണ്ട് എന്നും സിനിമയിൽ കാണുന്നതുപോലെ ഡ്രാമയൊന്നും ജീവിതത്തിൽ ഇല്ലായിരുന്നു എന്നും താരം കൂട്ടിച്ചേർക്കുന്നു. ഇപ്പോൾ രണ്ടുപേരും വളരെ ഹാപ്പിയാണ് എന്നും തമ്മിൽ തർക്കങ്ങൾ ഒന്നും ഇല്ല എന്നും അടുത്തിടെ ഒരു തെറാപ്പി അറ്റൻഡ് ചെയ്തിരുന്നു എന്നും താരം പറയുന്നു.

2012 വർഷം മുതൽ ഇരുവരും തമ്മിൽ ആയിരുന്നു എന്നും പിന്നീട് 2017 വർഷത്തിലാണ് വിവാഹം ചെയ്തത് എന്നും അത് പക്ഷേ മൂന്നുവർഷം മാത്രമേ നീണ്ടു നിന്നുള്ളൂ എന്നുമാണ് താരം പറയുന്നത്. തമ്മിൽ ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നും അതുകൊണ്ടുതന്നെ ഇരുവരും പിരിയുവാൻ തീരുമാനിച്ചപ്പോൾ എന്തിനാണ് പിരിയുന്നത് എന്ന് അത്ഭുതമായിരുന്നു വീട്ടുകാർക്ക് എന്നും എന്നാൽ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് അല്ല മറിച്ച് ഐഡിയോളജികൾ ഒത്തു പോകാത്തതുകൊണ്ട് ആണ് പിരിയുവാൻ തീരുമാനിച്ചത് എന്നുമാണ് ഗൗതമി പറയുന്നത്.

 

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത യുക്രെയ്ൻ സന്ദർശനം എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ആധുനിക ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് യുദ്ധമേഖല സന്ദർശിക്കുന്നത്. അമേരിക്ക പോലുള്ള ഒരു രാജ്യത്തിന്റെ പ്രസിഡന്റ് മറ്റ് രാജ്യങ്ങളിലേക്ക് പര്യടനം നടത്തുമ്പോൾ കർശനമായ സുരക്ഷ ഒരുക്കാറുണ്ട്. അദ്ദേഹത്തെ അനുഗമിച്ച് വലിയ വാഹന വ്യൂഹം തന്നെയുണ്ടാകും. എന്നാൽ ബൈഡന്റെ യുക്രെയ്ൻ സന്ദർശനത്തിൽ അങ്ങനെയൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബൈഡന്റെ യുക്രെയ്ൻ സന്ദർശനം മാസങ്ങളോളം ആസൂത്രണം ചെയ്തതും അതീവ രഹസ്യമായി നടത്തിയതുമാണെന്നാണ് വിലയിരുത്തൽ. വൈറ്റ് ഹൗസും യുഎസ് ദേശീയ സുരക്ഷാ ഏജൻസികളിലെ ചില മുതിർന്ന ഉദ്യോഗസ്ഥരും മാസങ്ങളായി ഇതിനെ കുറിച്ച് ആസൂത്രണം ചെയ്തിരുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. നിലവിലെ ആഗോള സാഹചര്യം കണക്കിലെടുത്ത് ഈ പര്യടനം രഹസ്യമായി നടത്തണമെന്നാണ് പദ്ധതി തയ്യാറാക്കിയ ഉദ്യോഗസ്ഥർ വിശ്വസിച്ചിരുന്നത്.

യുക്രെയ്‌നിൽ നേരിട്ട് എത്തുന്നതിന് പകരം പോളണ്ട് വഴി തലസ്ഥാനമായ കീവിൽ എത്തുകയായിരുന്നു. ബൈഡന്റെ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക പ്രത്യേക വിമാനമായ എയർഫോഴ്സ് വൺ ഉപയോഗിച്ചിരുന്നില്ല. പകരം വ്യോമസേനയുടെ ബോയിംഗ് വിമാനം സി-32 തിരഞ്ഞെടുത്തു. എയർഫോഴ്‌സ് വണ്ണിൽ നിന്ന് യുക്രെയ്‌നിലേക്ക് പോകാത്തതിന്റെ പ്രധാന ലക്ഷ്യം റഡാറിന്റെ കണ്ണുകൾ ഒഴിവാക്കുക എന്നതായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ ടീമും അടുത്ത ഉപദേശകരും രണ്ട് മാധ്യമപ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ബൈഡനൊപ്പം വാൾസ്ട്രീറ്റ് ജേർണൽ ജേണലിസ്റ്റ് സബ്രീന സിദ്ദിഖിയും ഫോട്ടോഗ്രാഫറുമാണ് ഉണ്ടായിരുന്നത്. ബൈഡൻ കിയെവിൽ എത്തിയതിന് ശേഷമാണ് അവരുടെ ഫോണുകൾ തിരികെ നൽകിയത്.

വാഷിംഗ്ടണിൽ നിന്ന് ജർമ്മനിയിലെ റാംസ്റ്റീനിലുള്ള യുഎസ് സൈനിക താവളത്തിലേക്ക് ഏഴ് മണിക്കൂറോളം വിമാനം പറന്നു. ഇവിടെ റാംസ്റ്റീനിൽ ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം ഇറക്കി. ഈ സമയം ആരും വിമാനത്തിൽ നിന്ന് ഇറങ്ങിയില്ല. ഇതിന് ശേഷം വിമാനം പോളണ്ടിലേക്ക് പറന്നു. പോളണ്ടിലെത്തിയ ശേഷം ബൈഡൻ കീവിലേക്ക് ട്രെയിനിലാണ് എത്തിയത്.

10 മണിക്കൂറായിരുന്നു ഈ യാത്ര. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അദ്ദേഹം കീവിൽ എത്തിയത്. ഒബാമ പ്രസിഡന്റും വൈസ് പ്രസിഡന്റും ആയിരിക്കുമ്പോഴാണ് അദ്ദേഹം അവസാനമായി യുക്രെയ്‌നിലെത്തിയത്. കീവിലെത്തിയ ബൈഡനെയും അദ്ദേഹത്തിന്റെ ചെറിയ വാഹനവ്യൂഹത്തെയും യുഎസ് അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്ക് സ്വീകരിച്ചു. ഇതിനുശേഷം അദ്ദേഹത്തിന്റെ വാഹനവ്യൂഹം റോഡ് വഴി യുക്രൈൻ പ്രസിഡന്റിന്റെ വസതിയിലെത്തി. അന്നേരമാണ് ബൈഡൻ എത്തിയ വിവരം ലോകം അറിയുന്നത്.

RECENT POSTS
Copyright © . All rights reserved