വെമ്പായം ഇരിഞ്ചയത്തുണ്ടായ ബസ് അപകടത്തിന്റെ വ്യാപ്തി കുറച്ചത് നാട്ടുകാരുടെ സമയോചിത ഇടപെടല്‍. ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ട ബസില്‍നിന്ന് യാത്രക്കാരെ വേഗത്തില്‍ പുറത്തെത്തിച്ചതിനാല്‍ കൂടുതല്‍ ജീവഹാനി ഒഴിവായി. അപകടവാര്‍ത്ത അറിഞ്ഞയുടന്‍ 25 ആംബുലന്‍സുകളാണ് സ്ഥലത്തേക്ക് കുതിച്ചെത്തിയത്. നാട്ടുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. നെടുമങ്ങാട് അഗ്നിരക്ഷാസേനയും ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു.
കാട്ടാക്കട കീഴാറൂരില്‍നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തില്‍പ്പെട്ടത്. ബന്ധുക്കളായിരുന്നു ഇവരിലേറെയും. കുട്ടികളും ബസിലുണ്ടായിരുന്നു. വളവും തിരിവുമുള്ള റോഡിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാത്രി 10:20-ഓടെ നെടുമങ്ങാട്-വെമ്പായം റോഡില്‍ ഇരിഞ്ചയത്തിനു സമീപമായിരുന്നു അപകടം. കാട്ടാക്കട സ്വദേശി ദാസിനി(61)യാണ് മരിച്ചത്. 40 പേര്‍ക്കു പരിക്കേറ്റു. 49 പേരാണ് ബസിലുണ്ടായിരുന്നത്. 26 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഏഴു കുട്ടികള്‍ എസ്.എ.ടി. ആശുപത്രിയിലും ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലാത്ത 15 പേര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണുള്ളത്.
അപകടത്തിന്റെ ശബ്ദവും യാത്രക്കാരുടെ നിലവിളിയും കേട്ടയുടന്‍ ഇവിടേക്ക് യുവാക്കളടക്കമുള്ള നാട്ടുകാര്‍ ഓടിയെത്തിയിരുന്നു. പത്തുമിനിറ്റിനകം പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാനായി എന്നതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. ബസ് വെട്ടിപ്പൊളിച്ചാണ് അതിനുള്ളിലുള്ളവരെ പുറത്തെത്തിച്ചത്. റോഡരികിലെ അഴുക്കുചാലിനു മുകളിലേക്കാണ് ബസ് വീണത്. വീഴ്ചയില്‍ അഴുക്കുചാലിന്റെ സ്ലാബ് തകര്‍ന്നു. യാത്രക്കാര്‍ ഈ സ്ലാബിനിടയിലൂടെ ഓടയിലേക്കു വീണു. ഇവരെയെല്ലാം മിനിറ്റുകള്‍ക്കകം പുറത്തെടുക്കാന്‍ നാട്ടുകാര്‍ക്കു കഴിഞ്ഞു. ഈ റോഡിലൂടെ വാഹനഗതാഗതം പൊലീസ് തടഞ്ഞതും രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. ഒരു മണിക്കൂറിനകം ബസ് നിവര്‍ത്തി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാനും കഴിഞ്ഞു.
നിരന്തരം അപകടമുണ്ടാകുന്ന കൊടുംവളവിലാണ് അപകടം ഉണ്ടായത്. വളവില്‍ നിയന്ത്രണം നഷ്ടമായപ്പോള്‍ റോഡിന്റെ ഒരു വശത്തേക്ക് ബസ് മറിഞ്ഞുവീഴുകയായിരുന്നു. വേഗത്തിലുണ്ടായ വീഴ്ചയില്‍ ബസിലുണ്ടായിരുന്നവര്‍ തെറിച്ചുവീണാണ് പരിക്കേറ്റത്. മരിച്ച ദാസിനിക്ക് ശരീരത്തില്‍ മുറിവുണ്ടായിരുന്നില്ല. തലയ്ക്കാണ് പലര്‍ക്കും പരിക്കേറ്റിട്ടുള്ളത്.
ദിശ എന്ന സംഘടന നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ. ഹണി റോസ് വിഷയത്തിൽ ചാനൽ ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലും രാഹുൽ നടത്തിയ പ്രതികരണങ്ങൾക്ക് എതിരെ ആയിരുന്നു പരാതി. സംഭവത്തിൽ പൊലീസിനോട് കമ്മീഷൻ റിപ്പോർട്ട് തേടി.
ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്. കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.
അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രധാന വാദം. ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ലെന്നും അതിനാലാണ് താന്‍ വിമര്‍ശിച്ചതെന്നും തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ രാഹുല്‍ ഹൈക്കോടതിയില്‍ വാദമുയര്‍ത്തി.
ബോബി ചെമ്മണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ രാഹുൽ ഈശ്വർ നടത്തിയ പരാമർശങ്ങളെത്തുടർന്നാണ് ഹണി റോസ് നിയമനടപടി സ്വീകരിച്ചത്. പൊതുമധ്യത്തിൽ രാഹുൽ നടത്തുന്ന പരാമർശങ്ങളെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലാണ് താനും കുടുംബവും എന്ന് ഹണി വ്യക്തമാക്കിയിരുന്നു.
ആണ്‍സുഹൃത്തായിരുന്ന ഷാരോണ്‍ രാജിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന്‍ നിര്‍മലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീറാണ് വിധി പ്രസ്താവിച്ചത്. കുറ്റക്കാർക്കുള്ള ശിക്ഷ കോടതി നാളെ പ്രസ്താവിക്കും.
പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്.
പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍.ഷാരോണിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് ഗ്രീഷ്മ കൊന്നുവെന്നാണ് കേസ്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്‌സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
ഒക്ടോബര്‍ 14-ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തി. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു.
കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. 2021 ഒക്ടോബര്‍ മുതലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2022 മാര്‍ച്ച് നാലിന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം ഉറപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു.
നവംബറില്‍ ഷാരോണിന്റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ബന്ധം ഉപേക്ഷിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. പക്ഷേ, വിട്ടുപോകാന്‍ ഷാരോണിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. കൊല നടത്താന്‍ സഹായിച്ചുവെന്നാണ് അമ്മ സിന്ധുവിനെതിരേയും അമ്മാവന്‍ നിര്‍മല്‍കുമാര്‍ നായര്‍ക്കെതിരേയുമുള്ള കുറ്റം.
റോമി കുര്യാക്കോസ്
യു കെ: ഒ ഐ സി സി (യു കെ) – യുടെ ആഭിമുഖ്യത്തിൽ യു കെയിൽ വർധിച്ചു വരുന്ന ഗാർഹിക പീഡനങ്ങൾക്കെതിരെയും നിയമവശങ്ങൾ വിശദീകരിച്ചുകൊണ്ടും ജനുവരി 18ന് (ശനിയാഴ്ച) ഓൺലൈൻ ചർച്ചാക്ലാസുകൾ സംഘടിപ്പിക്കും. യു കെ സമയം രാത്രി 8 മണിക്ക് ‘Speak Up Against Domestic Violence’ എന്ന് പേരിൽ സൂം (ZOOM) പ്ലാറ്റ്ഫോം മുഖേന സംഘടിപ്പിക്കുന്ന ചർച്ചാ ക്ലാസ്സിൽ ബഹു. കേംബ്രിഡ്ജ് കൗൺസിൽ മേയറും ഇംഗ്ലണ്ട് & വെയ്ൽസ് സീനിയർ കോർട്ട് സോളിസിറ്ററും യു കെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ Hon. Rt. Cllr ബൈജു തിട്ടാല, ബഹു. ആഷ്ഫോർഡ് പാർലമെന്റ് അംഗം സോജൻ ജോസഫ് എംപി, സാമൂഹ്യ പ്രവർത്തകൻ സിബി തോമസ്, മുൻ പോലീസ് ഉദ്യോഗസ്ഥൻ ദീപക് സദാശിവൻ തുടങ്ങി യു കെയിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
അറിഞ്ഞോ അറിയാതെയോ യു കെയിൽ മലയാളികൾ അകപ്പെടുന്ന, പ്രത്യേകിച്ച് ഗാർഹിക പീഡന വകുപ്പുകൾ സംബന്ധമായ കേസുകൾ പെരുകുന്നതും ശിക്ഷ ലഭിക്കുന്നത് തുടർക്കഥയാവുന്ന സാഹചര്യമാണ് ഇപ്പോൾ യു കെയിൽ. മലയാളികൾ അകപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ അസാധാരണമായ വർദ്ധനവാണ് അടുത്തിടെയായി കണ്ടുവരുന്നതെന്ന് യു കെയിലെ പോലിസ് ഉദ്യോഗസ്ഥർ തന്നെ അടുത്തിടെ പറഞ്ഞിരുന്നു.
ഇവിടുത്തെ നിയമവശങ്ങളുടെ അറിവില്ലായ്മ കൊണ്ട് കേസുകളിൽ അകപ്പെട്ടു പോകുന്നവർക്കും പരാതിപ്പെടാൻ കഴിയാത്തവർക്കുമായി, ഉത്തരവാദിത്വപെട്ട സംഘടനയെന്ന നിലയിലും സാമൂഹിക പ്രതിബദ്ധതാ വിഷയങ്ങളിലുള്ള ഇടപെടലിന്റെ ഭാഗമായുമാണ് ഒ ഐ സി സി (യു കെ) – യുടെ ആഭിമുഖ്യത്തിൽ ഒരു വിദഗ്ധ പാനലിനെ അണിനിരത്തിക്കൊണ്ട് ഇത്തരത്തിൽ ചർച്ചാ ക്ലാസുകൾ സംഘടിപ്പിക്കുന്നതെന്ന് നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.
നിരവധി ആളുകൾ കേരളത്തിൽ നിന്നും യു കെയിലേക്ക് കുടിയേറുന്ന ഈ അവസരത്തിൽ, ഇവിടുത്തെ നിയമങ്ങളെയും അവകാശങ്ങളെയും കുറിച്ച് ഒരു അവബോധം സൃഷ്ടിച്ചാൽ ഇത്തരത്തിലുള്ള വിഷയങ്ങൾക്ക് ഒരു പരിധി വരെ ശമനമുണ്ടാകും.
സെമിനാറിൽ പങ്കാളികളാകുന്നവർക്ക് തങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും വിദഗ്ധരുമായി പങ്കുവയ്ക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും എന്നും ഓ ഐ സി സി (യു കെ) ഭാരവാഹികൾ പറഞ്ഞു.
Zoom Link:
https://us06web.zoom.us/j/88675047413?pwd=4GPGwzIcFXqTfE7B773VnchmDobQeL.1
Meeting ID: 886 7504 7413
Passcode: 216739
എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തി. അടിയേറ്റ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണന്‍, ഭാര്യ ഉഷ മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. മരുമകന്‍ ജിതിനാണ് ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലുള്ളത്. അയല്‍വാസിയായ റിതു ജയന്‍ ആണ് ക്രൂരകൃത്യം നടത്തിയത്.
ആക്രമണത്തിന് ശേഷം ബൈക്കില്‍ പോലീസ് സ്‌റ്റേഷനിലെത്തിയ പ്രതിയെ പോലീസ് പിടികൂടി. അയല്‍വാസികളുമായി നിരന്തരം തര്‍ക്കമുണ്ടാക്കിയിരുന്ന റിതു സംഭവദിവസവും തര്‍ക്കത്തിലേര്‍പ്പെട്ട ശേഷമാണ് കൊലപാതകം നടത്തിയത്.
ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പേരില്‍ മുമ്പ് മൂന്ന് കേസുകളുണ്ട്. രണ്ടുതവണ റിമാന്‍ഡിലായിരുന്നതായും പോലീസ് വ്യക്തമാക്കി. ലഹരി ഉപയോഗിച്ചായിരുന്നു പ്രതി നിരന്തരം ശല്യമുണ്ടാക്കിയിരുന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ബെംഗളൂരുവില്‍നിന്ന് രണ്ടുദിവസം മുമ്പാണ് പ്രതി നാട്ടിലെത്തിയതെന്നും പോലീസ് വ്യക്തമാക്കി.
റിതുവിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് പോലീസില്‍ പലതവണ പരാതിപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ അത്തരത്തില്‍ ആരുംപരാതി എഴുതി നല്‍കിയിരുന്നില്ലെന്ന് എറണാകുളം റൂറല്‍ എസ്പി പറഞ്ഞു. ഇയാള്‍ മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാള്‍ പോലീസില്‍നിന്ന് രക്ഷപ്പെട്ടിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.
കലൂരില്‍ നടന്ന നൃത്ത പരിപാടി കാണാനെത്തിയപ്പോള്‍ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഇന്ന് ആശുപത്രിവിടുമെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഉമ തോമസ് ആദ്യ ദിവസങ്ങളില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഉമ തോമസിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പരസഹായത്തോടെ എഴുന്നേറ്റിരിക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നു.
ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സയിലൂടെയാകും ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുക. അപകടത്തെത്തുടര്‍ന്ന് പതിനൊന്ന് ദിവസം ഉമ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.
ഡിസംബര്‍ 28ന് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്ത പരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്ക് പറ്റിയത്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് പന്ത്രണ്ടായിരത്തോളം നര്‍ത്തകരെ അണിനിരത്തി നടത്തിയ പരിപാടിയായിരുന്നു ഇത്.
നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.
ഗോപന്‍സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് കരുതുന്നത്. വിശദമായ റിപ്പോര്‍ട്ടും വൈകാതെ ലഭ്യമാകും. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.
പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വി.എച്ച്.പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെ, കല്ലറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഏറ്റുവാങ്ങില്ലെന്നായിരുന്നു ഗോപന്‍സ്വാമിയുടെ മകനും കുടുംബാംഗങ്ങളും ആദ്യം പറഞ്ഞിരുന്നത്. ആചാരങ്ങള്‍ ലംഘിച്ച് മൃതദേഹം പുറത്തെടുത്തതിനാലാണ് ഏറ്റുവാങ്ങാന്‍ ഇവര്‍ ആദ്യം വിസമ്മതിച്ചത്. എന്നാല്‍, വി.എച്ച്.പി. നേതാക്കളടക്കം ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയും മൃതദേഹം ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. അതേസമയം, മൃതദേഹം നേരത്തെ ‘സമാധി ഇരുത്തി’യെന്ന് പറയുന്ന കല്ലറയില്‍തന്നെ വീണ്ടും സംസ്‌കരിക്കുമോ എന്നതില്‍ വ്യക്തതയില്ല.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഗോപന്‍സ്വാമിയുടെ സമാധിയിടം പൊളിച്ചുതുടങ്ങിയത്. സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. സ്ലാബ് പൊളിച്ചുമാറ്റിയതിന് പിന്നാലെ കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളില്‍ മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം കല്ലറയ്ക്കുള്ളില്‍നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി.
മൃതദേഹം പൂര്‍ണമായും അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗോപന്‍സ്വാമിയുടെ മകനെയും പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിന് മുമ്പ് സബ് കളക്ടറും പോലീസ് ഉദ്യോഗസ്ഥരും ഗോപന്‍സ്വാമിയുടെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിച്ചു. കുടുംബാംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായി സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു.
ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ(LMHS) ആഭിമുഖ്യത്തിൽ 11 ജനുവരി 2025 ന് നടത്തിയ അയ്യപ്പ വിളക്ക് മഹോത്സവത്തിൽ പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങളും മണ്ഡല കാല വ്രതത്തിന്റെ പുണ്യവും, സായുജ്യവും ദർശന സൗഭാഗ്യവും നേടിയാണ് മടങ്ങിയത്.
ലിവർപൂൾ കെൻസിങ്‌ടൺ മുത്തുമാരിയമ്മൻ ക്ഷേത്രo തന്ത്രി ശ്രീ. പ്രതാപൻ ശിവനിൽ നിന്നും സമാജം പ്രസിഡന്റ് ശ്രീ ദീപൻ കരുണാകരൻ ഭദ്രദീപം ഏറ്റുവാങ്ങി തിരിതെളിയിച്ചതോടെ പ്രൗഢഗംഭീരമായ ചടങ്ങുകൾക്ക് തുടക്കമായി. ശരണം വിളികളാലും, മന്ത്രോചാരണങ്ങളാലും മുഖരിതമായ ഭക്തിസന്ദ്രമായ അന്തരീക്ഷത്തിൽ ആരംഭിച്ച അയ്യപ്പ പൂജ ഗണപതി ആവാഹനത്തോടും കലശപൂജയോടും കൂടിയാണ് ആരംഭിച്ചത്. തുടർന്ന് ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ ചെണ്ട വിദ്യാർത്ഥികൾ ശ്രീ.സായി ആശാന്റെ നേതൃത്വത്തിൽ പാണ്ടിയും പഞ്ചാരിയും കൊട്ടി കയറിയപ്പോൾ കാണികൾക് നയനമനോഹരവും കാതുകളിൽ ഇമ്പമുണ്ടാക്കുന്ന ദൃശ്യനുഭൂതി ആണ് സമ്മാനിച്ചത്. എൽ.എം.എച്ച്.എസിൻ്റെ കുഞ്ഞുങ്ങളുടെ താലപൊലിയുടെയും, വർണ്ണ ശബളമായ കൊടി തോരണങ്ങളുടെയും അകമ്പടിയോടുകൂടി നടന്ന കലശപൂജ പ്രദക്ഷിണം ഭക്തജനങ്ങൾക്ക് ഭക്തിസാന്ദ്രമായ ഒരു ദൃശ്യവിരുന്നായി.
കർപ്പൂര പ്രിയന്റെ നെയ്യഭിഷേകം കാണുക എന്നുള്ളത് ഏതോ ഒരു ജന്മപുണ്യമായി തന്നെയാണ് ലോകമെങ്ങും ഉള്ള അയ്യപ്പഭക്തർ കാണുന്നത്. പ്രതികൂല കാലാവസ്ഥയിലും കാർഡിനൽ ഹീനൻ സ്കൂളിൽ എത്തിച്ചേർന്ന അയ്യപ്പഭക്തർക്ക് ആത്മീയവും ഭക്തി സാന്ദ്രവും ആയ ഒരു അയ്യപ്പവിളക്കിൻ്റെ അനുഭവമേകി.
അയ്യപ്പ മഹോത്സവത്തിന്റെ പ്രധാന ഭാഗമായ നെയ്യഭിഷേകം ഭക്തിയുടെ ആഴവും ആത്മസമർപ്പണത്തിന്റെ പവിത്രതയും പ്രതിഫലിപ്പിക്കുന്ന ഒരു ചടങ്ങായിരുന്നു. സർവ്വാഭൂഷിത അലങ്കാരങ്ങൾ അണിഞ്ഞ അയ്യപ്പ ഭഗവാൻ്റെ രൂപം ലിവർപൂളിലെ ഭക്ത ജനങ്ങളുടെ മനസ്സിൽ ഭക്തിയുടെയും വിശ്വാസത്തിൻ്റെയും അയ്യപ്പ ഭഗവാൻ്റെ അനുഗ്രഹം നിറഞ്ഞ അന്തരീക്ഷവും മനസ്സും നിറച്ച അനുഭൂതിയായ് തന്നെ നിറഞ്ഞു.
തുടർന്ന് ഭക്തജനങ്ങളെ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് അതിവിശേഷമായ വിളക്ക് പൂജ മുഖ്യ കർമ്മിയുടെ കാർമ്മികത്വത്തിൽ നടന്നു.
ഇംഗ്ലണ്ടിലെ മികച്ച ഭജൻ സംഘങ്ങളിൽ ഒന്നായ ഭാവലയ ഭജൻസ് ഭക്തിസാന്ദ്രമായ സംഗീതത്തിലൂടെ ഭക്തജനങ്ങളുടെ മനസ്സു നിറച്ചു. കൂടാതെ ഏറ്റവും വിശിഷ്ടമായ രണ്ട് ക്ഷേത്രകലാരൂപങ്ങൾ കൂടെ ഈ വർഷത്തെ അയ്യപ്പ വിളക്കിന് വർണ പകിട്ടേകി. പൗരാണിക കാലത്ത് തന്നെ അമ്പലനടയിൽ ഏറ്റവും പ്രാധാന്യം കിട്ടിയിരുന്ന സോപാനസംഗീതം ഇടയ്ക്കയുടെ താളത്തോടെ ഭംഗിയായി അയ്യപ്പ പൂജയ്ക്ക് സമർപ്പണമായി അർപ്പിച്ച ശ്രീ രഞ്ജിത്ത് ശങ്കരനാരായണൻ ഇതിനു വേണ്ടി മാത്രം സ്കോട്ട്‌ലാൻഡിൽ നിന്നും വന്നതാണ്. അദ്ദേഹത്തിൻറെ കൂടെ സംഗീതമാലപിച്ച ദമ്പതിമാരായ ശ്രീ ദാസും സഹധർമ്മിണി ശ്രീമതി സീതയും അയ്യപ്പവിളക്കിന് മാറ്റേകി .
യൂ കെ യിൽ തന്നെ ആദ്യം ആയി ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച അയ്യപ്പൻ്റെ ചിന്തുപാട്ട് ഹൃദയത്തിൽ ഭക്തിയുടെ മറ്റൊരു മാറ്റൊലിയായി. തുടർന്ന് നടന്ന പടി പൂജ ഭക്തിയുടെയും ആത്മീയതയുടെയും അന്തരീക്ഷം തന്നെ സൃഷ്ടിച്ചു. ശബരിഗിരി വാസനെ ഹരിവരാസനം പാടിയുറക്കി കൊണ്ട് ഈ വർഷത്തെ അയ്യപ്പ വിളക്ക് പൂജയുടെ പരിസമാപ്തി കുറിച്ചു. തുടർന്ന് നടന്ന പ്രസാദ വിതരണത്തോടൊപ്പം ആടിയ നെയ്യ്, ശബരിമലയിൽ നിന്നും എത്തിച്ച അരവണ എന്നിവയും വിതരണo ചെയ്തു.
അയ്യപ്പവിളക്കിൽ എടുത്തു പറയേണ്ട മുഖ്യ സവിശേഷത ആയിരുന്നു സമാജം സെക്രട്ടറി. ശ്രീ. സായികുമാർ ന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളും വോളന്റീർസ് ഉം ചേർന്ന് ഒരുക്കിയ ഉപദേവത പ്രതിഷ്ഠ ഉൾപ്പടെ ഉള്ള മണ്ഡപം. അതിനുശേഷം സമാജത്തിലെ തന്നെ അംഗമായ ശ്രീ. അനന്ദുവും വോളന്റീർസ് ഉം ചേർന്ന് ഒരുക്കിയ സ്വാദിഷ്ടമായ അന്നദാനത്തിൽ പങ്കെടുത്തു ഭക്തർ സംതൃപ്തിയോടെ മടങ്ങി. വീണ്ടും ഒരു മണ്ഡലകാലത്തിന്റെ, വ്രത ശുദ്ധിയുടെയും ശരണം വിളികളുടെ നാളുകളുടെ കാത്തിരിപ്പിനായി
ജാതി മത ഭേദമന്യേ എല്ലാ സർവ്വചരാചരങ്ങൾക്കും നന്മയുടെ നല്ല നാളുകൾ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട്……..
ലോകാ സമസ്ത സുഖിനോ ഭവന്തു
എതിര്‍പ്പും പ്രതിഷേധവും ശക്തമായ സാഹചര്യത്തില്‍ വന നിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. നിലവിലെ ഭേദഗതിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ല. വന നിയമ ഭേദഗതിയില്‍ സര്‍ക്കാരിന് വാശിയില്ലെന്നും നിയമ ഭേഗതി വേണ്ടെന്ന് വെക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
1961 ലെ വന നിയമത്തില്‍ ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ തുടങ്ങുന്നത് 2013 ലാണ്. യുഡിഎഫ് ഭരണകാലത്താണ് അത്. മനപൂര്‍വ്വം വനത്തില്‍ കടന്നു കയറുക, വനമേഖലയിലൂടെ സഞ്ചരിക്കുക, വാഹനം നിര്‍ത്തുക തുടങ്ങിയവ കുറ്റകരമാക്കുന്നതാണ് ഭേദഗതി. അതിന്റെ തുടര്‍ നടപടികളാണ് പിന്നീടുണ്ടായത്. ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാതെ സര്‍ക്കാര്‍ മുന്നോട്ടു പോകില്ല.
കര്‍ഷകര്‍, മലയോര മേഖലയില്‍ താമസിക്കുന്നവര്‍ എന്നിവരുടെ ന്യായമായ താല്‍പര്യത്തിനെതിരെ ഒരു നിയമവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ല. ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ്. വനസംരക്ഷണ നിയമത്തിലും ഇതാണ് സര്‍ക്കാരിന്റെ നിലപാട്.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് ജനങ്ങള്‍ സംരക്ഷിക്കപ്പെടണം. ജനങ്ങളെ ആശങ്കയിലാക്കുന്ന ഒരു ഭേദഗതിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ല. അതിനാല്‍ തന്നെ വനം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രം സാധിക്കുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിന് പ്രധാന തടസമായി നില്‍ക്കുന്നത് കേന്ദ്ര നിയമമാണ്. 38,863 ചതുരശ്ര മീറ്റര്‍ ആണ് കേരളത്തില്‍ വനം. ജന സാന്ദ്രതയും ഭൂമി ശാസ്ത്ര രീതികളും കണക്കില്‍ എടുത്താകണം എല്ലാ നിയമങ്ങളും നടപ്പാക്കേണ്ടത്. അതേസമയം വനം സംരക്ഷിക്കപ്പെടുകയും വേണം. നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ സരോജിനിയുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
വിസി നിയമനവുമായി ബന്ധപ്പെട്ട യുജിസി കരട് നിയമ ഭേദഗതിക്കെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാകുന്നതാണ് ഭേദഗതി. സര്‍വ്വകലാശാലകളില്‍ ഇനി കേന്ദ്രം ഭരിക്കും എന്ന സന്ദേശമാണ് യുജിസി ഭേദഗതി നല്‍കുന്നത്.
വൈസ് ചാന്‍സിലറായി വേണ്ടപെട്ടവരെ കൊണ്ട് വരാനുള്ള വളഞ്ഞ വഴി ആണ് ഭേദഗതി. യുജിസി കരട് ചട്ടം പുനപരിശോധിക്കണം. ബിജെപി ഇതര സംസ്ഥാനങ്ങളായി യോജിച്ച് ഭേദഗതിയെ എതിര്‍ക്കുമെന്നും പിണറായി വ്യക്തമാക്കി.
നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയെ മക്കൾ സമാധി ഇരുത്തിയ കല്ലറ തുറന്നു പരിശോധിക്കാനുള്ള ആർ.ഡി.ഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വീട്ടുകാരുടെ ആവശ്യം ഹൈക്കോടതി നിരസിച്ചതോടെ സമാധിസ്ഥലം ഇന്ന് പൊളിക്കും.
ഭൗതികദേഹം പുറത്തെടുത്ത് കനത്ത പൊലീസ് അകമ്പടിയോടെ പോസ്റ്റുമോർട്ടം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയയ്ക്കും.തുടർന്ന് ഭൗതിക ദേഹം എന്തുചെയ്യണമെന്ന് തീരുമാനിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് മക്കൾ സമാധിയിരുത്തിയത്.ഇന്ന് എട്ടുദിവസമാവും.
സമാധി പൊളിക്കാനുള്ള ഉത്തരവ് ജില്ലാ കളക്ടർ അനുകുമാരി ഇന്ന് രാവിലെ പൊലീസിന് കൈമാറും. ഉടൻ പൊളിക്കൽ ആരംഭിക്കും. പ്രദേശത്ത് പൊലീസിനെ വിന്യസിക്കാൻ ഇന്നലെ കളക്ടർ നിർദ്ദേശം നൽകിയതിനെ തുടർന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.ഷാജിയുടെ നേതൃത്വത്തിൽ ഡിവിഷൻ പരിധിയിലെ എസ്.എച്ച്.ഒമാരുടെ യോഗം ചേർന്നു. 200 മീറ്റർ പരിധിയിൽ ആളുകളെ പൂർണമായും മാറ്റി വടം കെട്ടിയും ബാരിക്കേഡ് സ്ഥാപിച്ചും സ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കി.
ആവശ്യമെങ്കിൽ ഭാര്യയെയും മക്കളെയും കരുതൽ തടങ്കലിലാക്കും. ഇതിനുള്ള നിർദ്ദേശവും കളക്ടർ നൽകി. ഇന്നലെ രാത്രി തന്നെ നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസ് സംഘം സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു. പൂവാർ, കാഞ്ഞിരംകുളം, പൊഴിയൂർ, നെയ്യാറ്റിൻകര സ്റ്റേഷനുകളിലെ പൊലീസുകാർക്ക് പുറമേ കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിക്കും. വിവിധ സംഘടനകളുടെ പ്രതിഷേധമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണിത്. പ്രതിഷേധം കാരണംകല്ലറ പൊളിക്കാനുള്ള ആദ്യശ്രമത്തിൽ നിന്ന് പിൻമാറേണ്ടിവന്നിരുന്നു.
ഇൻക്വസ്റ്റ് സ്ഥലം ടാർപൊളിൻ കെട്ടി പൊലീസ് തിരിച്ചിട്ടുണ്ട്. സബ് കളക്ടർ ആൽഫ്രഡ്, നെയ്യാറ്റിൻകര തഹസീൽദാർ നന്ദകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും. ഉച്ചയ്ക്ക് മുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.