Latest News

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം തെളിവുകള്‍ നിരത്തി വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥര്‍. മെയ് ഏഴിന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഒന്‍പത് ഭീകര കേന്ദ്രങ്ങളിലെ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞു. ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍, പുല്‍വാമ സ്ഫോടനം എന്നിവയില്‍ പങ്കാളിത്തമുള്ള കൊടുംഭീകരരായ യൂസുഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായും ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് വ്യക്തമാക്കി. ഭീകരവാദത്തിന്റെ ആസൂത്രകരെയും ഭീകര കേന്ദ്രങ്ങളെയും തകര്‍ക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ സൈനിക നടപടി ആസൂത്രണം ചെയ്തതെന്നും അദേഹം പറഞ്ഞു.

അതേസമയം ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി സൈന്യം വ്യക്തമാക്കി. സായുധ സേനയിലെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടമായ സാധാരണക്കാര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതായും അവരുടെ ത്യാഗം എക്കാലവും ഓര്‍മിക്കപ്പെടുമെന്നും ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മെയ് ഏഴിനും പത്തിനും ഇടയില്‍ പാക് സൈന്യത്തിലെ 35-40 സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്ഥാനിലും പാക് അധീന കാശ്മീരിലും ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും സേനാ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അധിനിവേശ കാശ്മീരിലെ അഞ്ച് ഭീകര കേന്ദ്രങ്ങളും പാകിസ്ഥാനിലെ നാല് ഭീകരകേന്ദ്രങ്ങളുമാണ് ഇന്ത്യ തകര്‍ത്തത്. മുസാഫര്‍ ബാദിലെ സവായ് നാല, സൈദ്ന ബിലാല്‍ എന്നിവിടങ്ങളിലുള്ള രണ്ട് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തിരുന്നു. ഗുല്‍പുര്‍, ഭര്‍നാല, അബ്ബാസ് എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളും തകര്‍ത്തു. ബഹവല്‍പുര്‍, മുരിദ്കെ, സര്‍ജല്‍, മെഹ്മൂന ജോയ എന്നീ സ്ഥലങ്ങളിലെ ഭീകര കേന്ദ്രങ്ങളും തകര്‍ത്തു. ഈ കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

1999 ലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം (ഐസി -814) ഹൈജാക്കിങിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ 2019 ലെ പുല്‍വാമ ആക്രമണത്തിലും ഉള്‍പ്പെട്ടവര്‍ ഉള്‍പ്പെടെ നിരവധി പാക് തീവ്രവാദികള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. അതിര്‍ത്തികള്‍ക്കപ്പുറമുള്ള ഭീകരവാദ കേന്ദ്രങ്ങളില്‍ അതീവ ജാഗ്രതയോടെയാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് വ്യക്തമാക്കി.

യുവാവിനെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തൻപുരയ്ക്കൽ ഷക്കീർ ഹുസൈ(36)-നെയാണ് ഞായറാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പീരുമേട് പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ ആരോപിച്ചു. പീരുമേട് പോലീസിൽ പരാതിയും നൽകി.

ടൗണിന് സമീപം വാഗമൺ റോഡിൽ ബിവറേജ് ഔട്ട്‌ലെറ്റിനു സമീപത്തെ റോഡരികിലെ കാറിലാണ് ഷക്കീർ ഹുസൈനെ രാവിലെ ബന്ധുക്കൾ കണ്ടെത്തുന്നത്. ഇദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ ശനിയാഴ്ച രാത്രിമുതൽ അന്വേഷിക്കുകയായിരുന്നു. സ്വന്തം കാറിന്റെ പിൻസീറ്റിലാണ് മൃതദേഹം കിടന്നിരുന്നത്. ഡോർ തുറന്ന നിലയിലായിരുന്നു. പീരുമേട് ഡിവൈഎസ്‌പി അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി, ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിൽ രക്തക്കറ കണ്ടെത്തി. സമീപത്തെ സിസിടിവി പരിശോധിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.

ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണയെ സ്വാഗതംചെയ്ത് ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച, പ്രാര്‍ഥനയ്ക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ വിസ്മയം ലോകത്തിന് പ്രദാനംചെയ്യാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

യുക്രൈനും ഗാസയും ഉള്‍പ്പെടെയുള്ള സംഘര്‍ഷമേഖലകളില്‍ സമാധാനം പുലരട്ടേയെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ സംഭവ വികാസങ്ങളില്‍ അതിയായ ദുഃഖമുണ്ടെന്നും യുക്രൈനില്‍ യഥാര്‍ഥത്തില്‍ സമാധാനം പുലരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. യുദ്ധം ഒരിക്കലും സംഭവിക്കാതിരിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച പല രാജ്യങ്ങളിലും മാതൃദിനം ആഘോഷിക്കുന്നതിനെ അനുസ്മരിച്ച മാര്‍പാപ്പ, സ്വര്‍ഗത്തിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ അമ്മമാര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു.

ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. കാർയാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മാഹി പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, മാഹി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഷിഗിൻ ലാൽ, അഴിയൂർ സ്വദേശി രഞ്ജി എന്നവരാണ് മരിച്ചത്.

ട്രാവലറിലെ എട്ടു പേർക്കും കാറിലുണ്ടായിരുന്ന ഒരാൾക്കും പരിക്കുണ്ട്. ഇവരെ വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് 3.10 ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. കർണാടക സ്വദേശികളായിരുന്നു ട്രാവലിറിൽ ഉണ്ടായിരുന്നത്. മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

യുദ്ധഭീതിയുടെ വക്കിൽ അപ്രതീക്ഷിതമായി ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണ മണിക്കൂറുകള്‍ക്കകം ലംഘിച്ച് പാകിസ്താന്‍. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് രാത്രി 10.45ന് വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിൽ പാകിസ്താന്റെ വഞ്ചന ഔദ്യോഗികമായി തുറന്നു പറഞ്ഞത്. പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായത് അപലപനീയമായ നീക്കമാണ്. ആക്രമണത്തിനെതിരേ സേന ഉചിതമായി നടപടി കൈക്കൊണ്ടിട്ടുണ്ട്. വെടിനിര്‍ത്തല്‍ ധാരണ പാകിസ്താന്‍ ലംഘിച്ച സാഹചര്യത്തില്‍ ആക്രമണത്തെ ശക്തമായി നേരിടാൻ സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്-വിദേശകാര്യ സെക്രട്ടറി അറിയിച്ചു

ഇന്ത്യയുടെയും പാകിസ്താന്റെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർക്കിടയിൽ ഇന്ന് വൈകുന്നേരം ഉണ്ടാക്കിയ ധാരണയുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി നടക്കുകയാണ്. ഈ ലംഘനങ്ങൾക്ക് സായുധ സേന ഉചിതമായ മറുപടി നൽകുന്നുണ്ട്. ഈ ലംഘനങ്ങളെ ഞങ്ങൾ വളരെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഈ ലംഘനങ്ങളെ നേരിടാനും ഗൗരവത്തോടും ഉത്തരവാദിത്തത്തോടും കൂടി സാഹചര്യം കൈകാര്യം ചെയ്യാനും ഉചിതമായ നടപടികൾ സ്വീകരിക്കാനും പാകിസ്താനോട് ഞങ്ങൾ ആവശ്യപ്പെടുന്നു. സായുധ സേന സാഹചര്യം ശക്തമായി നിരീക്ഷിച്ചുവരികയാണ്. അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും അതിർത്തി ലംഘനങ്ങൾ ആവർത്തിക്കുന്ന ഏതൊരു സംഭവത്തെയും ശക്തമായി നേരിടാൻ അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്- വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വൈകിട്ട് അഞ്ച് മണിക്ക് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും പാകിസ്താന്‍ സേന ഇന്ത്യന്‍ അതിര്‍ത്തിയിൽ കശ്മീരിലെ വിവിധ ഭാഗങ്ങളിൽ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു. ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ വിവിധയിടങ്ങളില്‍ പാകിസ്താന്‍റെ ഭാഗത്ത് നിന്ന് മോർട്ടാർ ഷെല്ലിങ്ങും ഡ്രോൺ ആക്രമണ ശ്രമങ്ങളും ഉണ്ടായതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഉധംപുരിൽ പാകിസ്താനി ഡ്രോണ്‍ ആക്രമണശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊമ്പിടിഞ്ഞാലില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (39), മക്കളായ അഭിനന്ദ് (9), അഭിനവ് (4), ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് മരിച്ചതെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. വീടിന് എങ്ങനെ തീ പിടിച്ചെന്നും എപ്പോള്‍ തീപിടിച്ചെന്നും സംബന്ധിച്ച് വ്യക്തതയില്ല. കത്തിനശിച്ച വീടിന് സമീപം മറ്റ് വീടുകളൊന്നും തന്നെയില്ല.

ശനിയാഴ്ച വൈകുന്നേരം വീടിന് സമീപമെത്തിയ പ്രദേശവാസിയാണ് ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയടക്കം കത്തിനശിച്ച നിലയില്‍ കണ്ടത്. ഇവര്‍ നടത്തി പരിശോധനയില്‍ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കിടന്ന അഭിനവിനെ നാട്ടുകാര്‍ ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ വയറിന്റെ ഭാഗത്താണ് പെള്ളലേറ്റിരുന്നത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസും അടിമാലി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. ഈ തിരച്ചിലിലാണ് വീടിനുള്ളില്‍നിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അഭിനവിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഞായറാഴ്ച വിരളടയാള വിദഗ്ദരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിേശാധന നടത്തിയശേഷമേ സംഭവത്തെക്കുറിച്ച് വ്യക്തത വരുള്ളൂ എന്ന് പോലീസ് അറിയിച്ചു. കോവിഡ് കാലത്താണ് ഗൃഹനാഥനായ അനീഷ് മരിച്ചത്. കഴിഞ്ഞ ദിവസം അനീഷിന്റെ മൂന്നാം ചരമവാര്‍ഷികമായിരുന്നു. അനീഷിന്റെ മരണത്തില്‍ കുടുംബം അതീവ ദുഃഖത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടുംബത്തിന് കടബാധ്യതയോ മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളോ ഉള്ളതായി നാട്ടുകാര്‍ക്ക് അറിവില്ല.

സീറോമലബാർ സഭ കാര്യാലയത്തിൽ പുതിയ നിയമനങ്ങൾ. സഭയുടെ പിആർയും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായി തലശേരി അതിരൂപതാംഗമായ ഫാ. ടോം ഓലിക്കരോട്ട് നിയമിതനായി. വൈദീകർക്ക് വേണ്ടിയുള്ള കമ്മീഷന്റെ ചുമതലകൂടി അദേഹത്തിന് ഉണ്ടായിരിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പാസ്റ്ററൽ കോഓർഡിനേറ്റർ, ബിഷപ്പിന്റെ സെക്രട്ടറി, പിആർഒ എന്നീ ശുശ്രൂഷകൾ ചെയ്തുവരുമ്പോഴാണ് ഫാ. ടോം സഭാകാര്യാലയത്തിൽ നിയമിക്കപ്പെടുന്നത്. റോമിലെ സെന്റ് തോമസ് അക്വിനാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി കമ്മിറ്റിയുടെ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങളിലേക്ക് പാലക്കാട് രൂപതാംഗമായ ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ നിയമിതനായി. പാലക്കാട് രൂപതയുടെ വൊക്കേഷൻ പ്രൊമോട്ടറായും മൈനർ സെമിനാരിയുടെ വൈസ് റെക്ടറായും സേവനം ചെയ്യുന്നതിനിടയിലാണ് ഫാ. ജോബിൻ സഭാകാര്യാലയത്തിൽ ശുശ്രൂഷയ്ക്കായി നിയമിക്കപ്പെടുന്നത്. റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്നും ദൈവശാസ്ത്രത്തിൽ അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

സഭയുടെ പി.ആർ.ഓ.യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായിരുന്ന വിൻസെൻഷ്യൻ സമർപ്പിത സമൂഹാംഗം റവ.ഫാ. ആന്റണി വടക്കേകര, എൽ.ആർ.സി. എക്സിക്യൂട്ടീവ് ഡയറക്ടർ, വൈദീകർക്കുവേണ്ടിയുള്ള കമ്മീഷൻ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി കമ്മിറ്റിയുടെ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിരുന്ന ഇരിങ്ങാലക്കുട രൂപതാംഗം റവ.ഫാ. ജോജി കല്ലിങ്ങൽ എന്നിവർ സേവന കാലാവധി പൂർത്തിയാക്കിയതിനെ  തുടർന്നാണ് പുതിയ നിയമനങ്ങൾ. മേജർ ആർച്ച് ബിഷപ്പും ബന്ധപ്പെട്ട കമ്മീഷൻ ചെയർമാന്മാരുമാണ് പെർമെനെന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. 2025 മെയ് പതിനഞ്ചിനാണ്‌ പുതിയ നിയമനങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

ഇന്ത്യ-പാക് അതിർത്തിയിൽ സമാധാനം പുലരുന്നു. വെടിനിർത്തൽ പ്രാബല്യത്തിലെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. കര-വ്യോമ-നാവിക മേഖലയിലെ എല്ലാ സൈനിക നീക്കങ്ങളും അവസാനിപ്പിച്ചതായി കേന്ദ്ര സർക്കാരും പാകിസ്ഥാനും അറിയിച്ചു. സൗദി അറേബ്യയും അമേരിക്കയും നടത്തിയ മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ പ്രഖ്യാപനം.

“പാകിസ്ഥാൻ സൈന്യത്തിന്റെ ഓപ്പറേഷൻ ഡിജിഎംഒയും ഇന്ത്യൻ സൈനിക ഓപ്പറേഷന്റെ ഡിജിഎംഒയും തമ്മിൽ വൈകുന്നേരം 3.35ന് ചർച്ച നടത്തിയിരുന്നു. പാക് ഡിജിഎംഒ ഇന്ത്യൻ സൈനിക ഡിജിഎംഒയെ വിളിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഈ ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്. പാക് വ്യോമത്താവളങ്ങൾ ആക്രമിച്ച് എട്ട് മണിക്കൂറിന് ശേഷമാണ് വെടിനിർത്തൽ ചർച്ച ആരംഭിച്ചത്. മെയ് 12ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് വീണ്ടും ഇന്ത്യ-പാക് ചർച്ച നടക്കും”- വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഇന്ത്യയുമായി വെടിനിർത്തലിന് ധാരണയായെന്ന് പാകിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. പാക് വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ധറാണ് എക്സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിനു തയ്യാറായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എക്സ് പോസ്റ്റിലൂടെ ഇഷാഖ് ധർ ഇക്കാര്യം സ്ഥിരീകരിച്ചത്.

“പാകിസ്ഥാനും ഇന്ത്യയും ഉടനടി പ്രാബല്യത്തിൽ വരുന്ന ഒരു വെടിനിർത്തലിനായി സമ്മതിച്ചു. തങ്ങളുടെ പരമാധികാരത്തിലും പ്രദേശിക സമഗ്രതയിലും വിട്ടുവീഴ്ച ചെയ്യാതെ, മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പാകിസ്ഥാൻ എപ്പോഴും പരിശ്രമിച്ചിട്ടുണ്ട്!”- ഇഷാഖ് ധർ എക്സില്‍ കുറിച്ചു.

മൃഗങ്ങളുടെ ശബ്ദങ്ങള്‍ നിർമിത ബുദ്ധി (AI) ഉപയോഗിച്ച് മനുഷ്യഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള പദ്ധതിയുമായി ചൈനീസ് കമ്പനി. ബെയ്ജിംഗ് ആസ്ഥാനമായ സെര്‍ച്ച് എഞ്ചിന്‍ കമ്പനിയാണ് ഹൈ-ടെക് വിവര്‍ത്തന സംവിധാനത്തിനായി ചൈനയിലെ നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഡ്മിനിസ്‌ട്രേഷനില്‍ പേറ്റന്റ് ഫയല്‍ ചെയ്തത്. മൃഗങ്ങളുടെ ശബ്ദം, ശരീരഭാഷ, പെരുമാറ്റത്തിലെ മാറ്റങ്ങള്‍, മറ്റ് സൂചനകള്‍ എന്നിവയുള്‍പ്പെടെ ആദ്യം ശേഖരിക്കും. അതിനുശേഷം, AI-യുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ വിവരങ്ങള്‍ വിശകലനം ചെയ്യുകയും അത് മനുഷ്യ ഭാഷയിലേക്ക് മാറ്റുകയും ചെയ്യും. ഈ സംവിധാനം മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ ആഴത്തിലുള്ള ആശയവിനിമയവും ധാരണയും സാധ്യമാക്കുകയും വിവിധ ജീവിവര്‍ഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ബൈഡു എന്ന കമ്പനിയാണ് AI സംവിധാനം വികസിപ്പിക്കുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. പദ്ധതി വിജയിച്ചാല്‍ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ വളര്‍ത്തു നായയുടെ കുര മനുഷ്യഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഭാവിയില്‍ സാധിച്ചേക്കാം. പദ്ധതി നിലവില്‍ ഗവേഷണ ഘട്ടത്തിലാണെന്ന് ബൈഡു വക്താവ് പറയുന്നു. പേറ്റന്റ് അപേക്ഷ ഫയല്‍ ചെയ്യാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഒരു AI കമ്പനി എന്ന നിലയില്‍ വിവിധ സാഹചര്യങ്ങളില്‍ പുതിയ സാങ്കേതികവിദ്യകള്‍ പ്രയോഗിക്കാന്‍ ഞങ്ങള്‍ നിരന്തരം ശ്രമിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഡിസംബറിലാണ് കമ്പനി പേറ്റന്റിന് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഈ ആഴ്ച ആദ്യമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.

മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനസ്സിലാക്കാന്‍ ശാസ്ത്രലോകം ശ്രമിക്കുന്നത് ഇത് ആദ്യമായല്ല. വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുള്ള വിവര്‍ത്തനം വാഗ്ദാനം ചെയ്യുന്ന നിരവധി ആപ്പുകള്‍ ലഭ്യമാണ്. എന്നാല്‍ അവയില്‍ മിക്കതും മോശം റേറ്റിംഗ് ഉള്ളതും നല്ലനിലയില്‍ പ്രവര്‍ത്തിക്കാത്തതുമാണ്. 2014-ല്‍, ഒരു സ്‌കാന്‍ഡിനേവിയന്‍ ഗവേഷണ ലാബ് ‘നോ മോര്‍ വൂഫ്’ എന്ന ഉപകരണത്തിനായി 18.7 ലക്ഷം രൂപയിലധികം (22,000 ഡോളര്‍) സമാഹരിച്ചു. എന്നാല്‍, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പദ്ധതി തുടരാന്‍ കഴിയാത്തത്ര ചെലവേറിയതായി എന്നുപറഞ്ഞ് ടീം രംഗത്തെത്തിയിരുന്നു.

ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബികാസ്) ആണ് ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ദേഹപരിശോധനയും ഐഡി പരിശോധനയും കർശനമാക്കും.

നിലവിൽ പ്രവേശന സമയത്തും വിമാനത്താവളത്തിൽ കടന്നതിനുശേഷവുമുള്ള സുരക്ഷാ പരിശോധനകൾക്കു (സെക്യൂരിറ്റി ചെക്ക്) പുറമേ ‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക് (എസ്എൽപിസി)’ കൂടിയാണ് ഏർപ്പെടുത്തിയത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ രീതിയിൽ പരിശോധന ആരംഭിച്ചു.

ഇതു പ്രകാരം ബോർഡിങ് ഗേറ്റിനു സമീപം ഒരിക്കൽ കൂടി സുരക്ഷാ പരിശോധന നടത്തും. യാത്രക്കാരെയും അവരുടെ കയ്യിലുള്ള ക്യാബിൻ ബാഗും അടക്കം ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു വിശദമായി പരിശോധിക്കും. ഇതിനു ശേഷമേ വിമാനത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ.

എല്ലാ വിമാനത്താവളങ്ങളിലും 100% സിസിടിവി കവറേജ് ഉറപ്പാക്കും. വിമാനങ്ങളിലും കേറ്ററിങ് സംവിധാനങ്ങളിലും പരിശോധന വേണം. സുരക്ഷ വർധിപ്പിച്ച സാഹചര്യത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും 3 മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ എത്തണമെന്ന് എയർ ഇന്ത്യ ആവശ്യപ്പെട്ടു. മറ്റു വിമാനക്കമ്പനികളും സമാനമായ‌ അഭ്യർഥന മുന്നോട്ടുവച്ചിട്ടുണ്ട്.

സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയെന്നും രാജ്യാന്തര യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് 5 മണിക്കൂര്‍ മുൻപും ആഭ്യന്തര യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുൻപും വിമാനത്താവളത്തില്‍ എത്തണമെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Copyright © . All rights reserved