യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു. പുല്ലാളൂർ സ്വദേശിനി സെലീന (43) ന്റെ മൃതദേഹേമാണ് തലയാട് സെന്റ് ജോർജ് പള്ളിക്ക് സമീപമുള്ള റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് പ്രദേശ വാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുല്ലാളൂർ സ്വദേശിനിയായ സെലീനയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. സെലിന്റെ മകൻ സ്ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രജനികാന്തിനെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതായി മമ്മൂട്ടി. ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് താരം സംസാരിച്ചത്. ‘ദളപതി’ എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് സംവിധായകന്‍ ആകാന്‍ ആഗ്രഹം തോന്നിയതിനെ കുറിച്ചാണ് മമ്മൂട്ടി പറഞ്ഞത്.
‘ലോഹിതദാസ് ‘ഭൂതക്കണ്ണാടി’ എന്ന സിനിമ എഴുതിയ മമ്മൂക്കയ്ക്ക് സംവിധാനം ചെയ്യാന്‍ വേണ്ടി ആയിരുന്നില്ലേ’ എന്ന ചോദ്യത്തോടാണ് താരം പ്രതികരിച്ചത്. അത് തനിക്ക് വേണ്ടിയല്ല ലോഹിതദാസിന് സംവിധാനം ചെയ്യാന്‍ വേണ്ടി തന്നെ എഴുതിയതാണ് എന്ന് പറഞ്ഞ ശേഷമാണ് തന്റെ സംവിധാന മോഹത്തെ കുറിച്ച് താരം പറഞ്ഞത്.
”രജനികാന്തിനെ വച്ചൊരു പടം ചെയ്യണമെന്ന് ഉണ്ടായിരുന്നു. അത് നടന്നില്ല. അത് പഴയ കഥ. അന്ന് ഞാന്‍ രജനികാന്തിന്റെ കൂടെ ആ സിനിമയില്‍ അഭിനയച്ചതോടെ വലിയ സൗഹൃദമായി. അങ്ങനെയങ്ങ് തോന്നിയതാണ് ആ കാലത്ത്” എന്നാണ് മമ്മൂട്ടി പറയുന്നത്.
അതേസമയം, ജനുവരി 19ന് ആണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമ റിലീസിന് ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി കോംമ്പോയില്‍ എത്തുന്ന സിനിമ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിച്ചപ്പോള്‍ ഗംഭീര പ്രതികരണം നേടിയിരുന്നു. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
നേപ്പാളിലെ പൊഖ്റായിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച യാത്രക്കാരില്‍ കേരളത്തില്‍ നിന്ന് മടങ്ങിപോയ നേപ്പാള്‍ സ്വദേശികളും. പത്തനംതിട്ട ആനിക്കാട്ടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. നേപ്പാള്‍ സ്വദേശികളായ രാജു ടക്കൂരി, റബിൻ ഹമാൽ, അനിൽ ഷാഹി എന്നിരാണ് മരിച്ചത്.
കഴിഞ്ഞ 45 വര്‍ഷത്തോളം നേപ്പാളിൽ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോൻമാവ് സ്വാദേശി മാത്യു ഫിലിപ്പിൻ്റെ ശവ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ചയാണ് അഞ്ച് പേരടങ്ങുന്ന സംഘം കേരളത്തിലെത്തിയത്. ഇതില്‍ ദീപക്ക് തമാംഗ്, സരൺ ഷായി എന്നിവര്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പുറപ്പെട്ട വിമാനം ഞായറാഴ്ച രാവിലെയാണ് അപകടത്തില്‍പ്പെട്ടത്. പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് യെതി എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്നുവീണത്. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രികരും, രണ്ടു പൈലറ്റുമാരും രണ്ട് എയര്‍ഹോസ്റ്റസും ഉള്‍പ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 68 പേരുടെ മൃതദേഹം കണ്ടെത്തി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനദുരന്തത്തില്‍ പൈലറ്റായിരുന്ന ആദ്യ ഭര്‍ത്താവ് മരിച്ചതുപോലെ പൈലറ്റ് അഞ്ജുവിന്റെയും ജീവന്‍ കവര്‍ന്നെടുത്ത് മറ്റൊരു വിമാനാപാകടം. നേപ്പാള്‍ വിമാനാപകടത്തിലാണ് യതി എയര്‍ലൈന്‍സിലെ പൈലറ്റായ അഞ്ജു മരിച്ചത്.
അഞ്ജുവിനെപ്പോലെ തന്നെ യതി എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്നു ആദ്യ ഭര്‍ത്താവ് ദീപക് പൊഖരേലും. 16 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു വിമാന ദുരന്തത്തിലാണ് ദീപക് മരിച്ചത്. ദീപക് പറത്തിയ യതി എയര്‍ലൈന്‍സ് വിമാനം 2006 ജൂണ്‍ 21ന് അപകടത്തില്‍പെട്ടത് ജുംലയില്‍വച്ചായിരുന്നു.
ആ ദുരന്തത്തില്‍ ദീപക് ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. ദീപക്കിന്റെ മരണശേഷം അഞ്ജു വീണ്ടും വിവാഹിതയായിരുന്നു. പൈലറ്റായി ജോലി തുടരുകയായിരുന്നു അഞ്ജു. നേപ്പാളിലെ വിവിധ വിമാനത്താവളങ്ങളില്‍ വിജയകരമായ ലാന്‍ഡിങ് നടത്തിയ അഞ്ജു പൈലറ്റ് എന്ന നിലയില്‍ പ്രശംസ നേടിയിരുന്നു.
കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ കമല്‍ കെസിക്കൊപ്പം സഹപൈലറ്റായി പറത്തിയ വിമാനമാണ് നേപ്പാളില്‍ തകര്‍ന്നുവീണത്. യതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72500 വിമാനം വിജയകരമായി നിലത്തിറക്കി ക്യാപ്റ്റന്‍ പദവി സ്വന്തമാക്കാനിരിക്കെയാണ് വിമാനാപകടത്തിന്റെ രൂപത്തില്‍ ദുരന്തം അഞ്ജുവിന്റെ ജീവന്‍ കവര്‍ന്നത്.
വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തി. അപകടത്തിൽ തകർന്ന യതി എയർലൈൻസിന്റെ എ ടി ആർ 72 വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോഡറും കോക്പിറ്റ് വോയ്‌സ് റെക്കോഡറും കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി സ്ഥിരീകരിച്ചു.
അതേസമയം അപകടത്തിൽ മരിച്ച ഉത്തർപ്രദേശുകാരായ ചെറുപ്പക്കാരുടെ മൊബൈൽ ഫോണിൽ നിന്ന് ദുരന്തത്തിന്റെ അവസാന നിമിഷ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് നാല് ചെറുപ്പക്കാർ വിനോദസഞ്ചാരത്തിനായി നേപ്പാളിൽ എത്തിയത്. കഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതി നാഥ് ക്ഷേത്രം സന്ദർശിച്ച ശേഷം പാരാ ഗ്ലൈഡിങ്ങിനായി പൊഖ്‌റയിലേക്ക് തിരിച്ചു. വിമാനം പൊഖ്‌റയിലേക്ക് താഴ്ന്നപ്പോൾ മൊബൈലിൽ ഫേസ്‌ബുക്ക് ലൈവ് നൽകുക ആയിരുന്നു ഇവർ. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞ ഇവരുടെ മൊബൈൽ അപകട സ്ഥലത്തുനിന്ന് കണ്ടെത്തി.
ആത്മവിശ്വാസം കൈവിടാതെ അര്‍ബുദത്തോട് പൊരുതി ജയിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ആളാണ് നടി മംമ്ത മോഹന്‍ദാസ്. പഴയ ജീവിതം വീണ്ടെടുക്കുന്നതിനിടെ ഇപ്പോള്‍ വീണ്ടും മറ്റൊരു രോഗത്തെ നേരിടുകയാണ് താനെന്ന് അറിയിച്ചിരിക്കുകയാണ് മംമ്ത.
ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച പുതിയ പോസ്റ്റിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഓട്ടോ ഇമ്യൂണല്‍ ഡിസീസ് എന്ന രോഗാവസ്ഥയിലാണ് താനെന്ന് മംമ്ത പറയുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് മംമ്തയുടേത്.
രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ വരും.
സൂര്യനോട് സംസാരിക്കും പോലെയാണ് താനെന്നാണ് മംമ്ത പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പ്. ‘പ്രിയപ്പെട്ട സൂര്യന്‍, മുമ്പെങ്ങുമില്ലാത്ത വിധം ഞാന്‍ ഇപ്പോള്‍ നിന്നെ സ്വീകരിക്കുന്നു. എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. മൂടല്‍മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങള്‍ മിന്നിമറയുന്നത് കാണാന്‍ നിന്നേക്കാള്‍ നേരത്തെ എല്ലാ ദിവസവും ഞാന്‍ എഴുന്നേല്‍ക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താല്‍ ഇന്നുമുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും’ എന്ന് മംമ്ത പറയുന്നു.
മംമ്തയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ആത്മവിശ്വാസത്തോടെ എല്ലാ പ്രതിസന്ധികളേയും നേരിടണം എന്നാണ് ആരാധകര്‍ കമന്റുകളില്‍ കുറിക്കുന്നത്.
ഉറ്റബന്ധുവില്‍ നിന്ന് ഗര്‍ഭിണിയായതിന്റെ മാനഹാനി ഭയന്ന് ശുചിമുറിയില്‍ പ്രസവിച്ചതിന് പിന്നാലെ അമ്മ കുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നും താഴേക്കെറിഞ്ഞ് കൊന്നു. നവിമുംബൈയിലാണ് സംഭവം.
19കാരിയായ അമ്മ ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നും താഴേക്കെറിഞ്ഞ് കൊല്ലുകയായിരുന്നു. രണ്ടാം നിലയില്‍ നിന്ന് താഴെ വീണ കുഞ്ഞ് അപ്പോള്‍ തന്നെ മരിച്ചു. ഉറ്റബന്ധുവില്‍ നിന്ന് ഗര്‍ഭിണിയായതില്‍ മാനഹാനി ഭയന്നായിരുന്നു കൊലപാതകം.
ഉറ്റബന്ധുവില്‍ നിന്ന് ഗര്‍ഭിണിയായ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു പെണ്‍കുട്ടി. അമ്മയുടെ അമ്മായിയുടെ വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. വീട്ടുകാര്‍ക്കും പ്രസവം വരെ സംശയം തോന്നിയിരുന്നില്ല
ലണ്ടനിൽ നിന്നും കൊച്ചിയിലേയ്ക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ നിന്നും എയർ ഇൻഡ്യാ അധികൃതരെ പിന്തിരിപ്പിക്കുവാൻ കഴിഞ്ഞത് യുകെ മലയാളി സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്ന് യുകെയിൽ നിന്നുമുള്ള ലോക കേരള സഭാംഗങ്ങൾ അറിയിച്ചു.
2023 മാർച്ച് അവസാനത്തോടുകൂടി ലണ്ടനിൽനിന്നും കൊച്ചിയിലേക്കുള്ള എയർഇന്ത്യയുടെ വിമാനസർവീസ് റദ്ദാക്കുമെന്നും പിന്നീട് നടത്തുന്ന യാത്രകളിൽ ബോംബെയിലോ ഡൽഹിയിലോ വിമാനമിറങ്ങി മാത്രമേ യുകെ മലയാളികൾക്ക് ജന്മനാട്ടിൽ എത്തുവാൻ സാധിക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നതെന്നുമാണ് നേരത്തെ അറിയുവാൻ കഴിഞ്ഞത്. ലണ്ടൻ-കൊച്ചി വിമാന സർവീസ് നിർത്തലാക്കുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എയർ ഇന്ത്യ അധികൃതർക്ക് യുകെയിലെ ലോക കേരളസഭാംഗങ്ങൾ നിവേദനം നൽകിയിരുന്നു. ഇക്കാര്യം പുനപരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള മറുപടിയും എയർ ഇന്ത്യ അധികൃതരിൽ നിന്നും ലഭിച്ചിരുന്നു. കേരള മുഖ്യമന്ത്രിയുടെയും കേരളത്തിൽ നിന്നുമുള്ള എംപിമാരുടെയും നോർക്ക റൂട്ട്സ് അധികൃതരുടെ സഹായവും യുകെയിലെ ലോകകേരളസഭ അംഗങ്ങൾ ഇക്കാര്യത്തിൽ അഭ്യർത്ഥിച്ചിരുന്നു.

നോർക്ക റൂറ്റ്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണനും സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരിയും യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയെ പ്രതികൂലമായി ബാധിക്കുന്ന ഈ വിഷയത്തിൽ സജീവമായ ഇടപെടലുകളും നടത്തിയിരുന്നു. എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാംബെൽ വിൽത്സന് നോർക്ക റൂട്ട്സ് സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി അയച്ച ഇമെയിലിന് എയർ ഇന്ത്യ അധികൃതർ നൽകിയ മറുപടിയിൽ ലണ്ടൻ-. കൊച്ചി സർവീസ് അനുവദിക്കുന്ന കാര്യം പുനഃപരിശോധിക്കുമെന്നും സർവീസ് സംബന്ധമായ നെറ്റ്‌വർക്ക് പ്ലാനിംഗ് ടീമുമായി ചർച്ച ചെയ്യാമെന്നും അറിയിച്ചിരുന്നു.

യുകെയിലെ ലോക കേരള സഭാ അംഗങ്ങൾക്ക് പുറമേ യുകെയിലെ ട്രാവൽ- ടുറിസം ബിസിനിസ് രംഗത്തു പ്രവത്തിക്കുന്ന ആളുകളും ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാന സർവ്വീസ് നഷ്ടപ്പെടാതെയിരിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഈ വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി യുകെയിലെ മലയാള മാധ്യമ പ്രവർത്തകർ നൽകിയ വിലപ്പെട്ട പങ്കും വിസ്മരിക്കാനാവാത്തതാണ് .
ലണ്ടൻ ഹീത്രൂ-കൊച്ചി ഡയറക്ട് സർവീസിന് പകരം ലണ്ടൻ ഗാറ്റ്‌വിക്ക്- കൊച്ചി സർവീസ് മാർച്ച് 26 മുതൽ ആഴ്ചയിൽ മൂന്നു ദിവസമായി നടത്തുന്നതിനാണ് എയർഇന്ത്യ ഇപ്പോൾ ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് തിങ്കൾ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലും കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലും ഡയറക്റ്റ് സർവീസ് നടത്തുമെന്നാണ് എയർ ഇന്ത്യ അധികൃതർ ഇപ്പോൾ അറിയിച്ചിട്ടുള്ളത്. നേരത്തെ ലണ്ടൻ ഹീത്രൂവിൽ നിന്നും നേരിട്ട് നടത്തിയിരുന്ന അമൃതസർ,അഹമ്മദാബാദ്, ഗോവ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ലണ്ടൻ ഗാറ്റ് വിക്കിൽ നിന്നുമാണ് പുതിയതായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൂടാതെ ഹീത്രൂവിൽ നിന്നും ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുവാനും എയർഇന്ത്യ അധികൃതർ തീരുമാനിച്ചിട്ടുള്ളതായും അറിയുവാൻ കഴിഞ്ഞു.
ലണ്ടൻ ഗാറ്റ് വിക്കിൽ നിന്നും കൊച്ചിയിലേക്ക് എയർ ഇന്ത്യ പുതിയ സമയക്രമമനുസരിച്ച് കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നതിനായുള്ള ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ അത്ഭുതപൂർവ്വമായ പ്രതികരണമാണ് യുകെ മലയാളികളിൽ നിന്നും ഉണ്ടായിട്ടുള്ളത്. ഇതിനോടകം തന്നെ നിരവധി യാത്രക്കാർ ടിക്കറ്റുകൾ ബുക്ക് ചെയ്തു കഴിഞ്ഞു. എയർ ഇന്ത്യ കൊച്ചിയിലേക്കുള്ള യാത്രക്കാർക്ക് കുറഞ്ഞ യാത്രാ നിരക്ക് നൽകുന്നതുകൊണ്ട് മറ്റ് അന്താരാഷ്ട്ര വിമാന കമ്പനികളുടെ സർവീസുകളും കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് യുകെയിലെ മലയാളികൾ.
യുകെ മലയാളികളുടെ ജന്മനാട്ടിലേക്കുള്ള വിമാനയാത്രയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്നും എയർ ഇന്ത്യ അധികൃതർ പിൻമാറിയതിനും ആഴ്ചയിൽ മൂന്നുദിവസം കൊച്ചിയിലേക്ക് നേരിട്ട് സർവീസ് നടത്തുവാൻ തീരുമാനിച്ചതിനും എയർ ഇന്ത്യ അധികൃതരെ യുകെയിൽ നിന്നുമുള്ള ലോക കേരള സഭാംഗങ്ങളായ എസ് ശ്രീകുമാർ, സി എ ജോസഫ്, നിധിൻ ചന്ദ്, ആഷിക് മുഹമ്മദ് നാസർ, ജയപ്രകാശ് സുകുമാരൻ, സുനിൽ മലയിൽ, അഡ്വ.ദിലീപ് കുമാർ, ഷാഫി റഹ്മാൻ, ലജീവ് കെ രാജൻ, ജയൻ ഇടപ്പാൾ എന്നിവർ സംയുക്തമായി നന്ദി അറിയിച്ചു. ഇപ്പോൾ ലണ്ടനിൽ നിന്നും ആഴ്ചയിൽ മൂന്നു ദിവസമായി നടത്തുന്ന കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് ആഴ്ചയിൽ അഞ്ച് ദിവസമായി വർദ്ധിപ്പിക്കുവാനുള്ള കൂട്ടായ ശ്രമങ്ങൾ ഉണ്ടാവേണ്ടതാണെന്നും അതിനു വേണ്ടി യുകെയിൽ നിന്നുമുള്ള ലോക കേരളസഭാഅംഗങ്ങൾ മുൻകൈയെടുത്തു പ്രവർത്തിക്കുന്നതാണെന്നും അറിയിച്ചു.
ബേസിൽ ജോസഫ്
മുട്ട – 4 എണ്ണം
സബോള -2 എണ്ണം ഫൈൻ ആയി ചോപ്പ് ചെയ്തത്
തക്കാളി -1 എണ്ണം ഫൈൻ ആയി ചോപ്പ് ചെയ്തത്
ഇഞ്ചി – 1 ടീസ്പൂണ്‍ (വളരെ ചെറുതായി അരിഞ്ഞത് )
വെളുത്തുള്ളി 1 ടീസ്പൂണ്‍ (വളരെ ചെറുതായി അരിഞ്ഞത് )
പച്ചമുളക് – 2 എണ്ണം (നടുവേ മുറിച്ചത് )
കറിവേപ്പില – 1 തണ്ട്
മഞ്ഞൾപൊടി -1 / 2 ടീസ്പൂണ്‍
ചില്ലിപൗഡർ -1 ടീസ്പൂണ്‍
ഗരം മസാല – 1 / 2 ടീസ്പൂണ്‍
മല്ലിപൊടി -2 ടീസ്പൂണ്‍
കുരുമുളകുപൊടി -1/2 ടീസ്പൂണ്‍
വെള്ളം – 50 മില്ലി
തേങ്ങാപ്പാൽ – (150 ml )

പാചകം ചെയ്യുന്ന വിധം
മുട്ട പുഴുങ്ങി തോട് മാറ്റി ചെറുതായി വരഞ്ഞു വയ്ക്കുക .ഒരു പാനിൽ ഓയിൽ ചൂടാക്കി ഇതിലേയ്ക്ക് ഇഞ്ചി , വെളുത്തുള്ളി ,പച്ചമുളക് എന്നിവ ചേർത്ത് 2 മിനിറ്റ് വഴറ്റുക .ഇതിലേയ്ക്ക് കറിവേപ്പില ചേർത്ത് 1 മിനിറ്റ് കൂടി വഴറ്റുക .സബോള അരിഞ്ഞു വച്ചതും ഉപ്പും കൂടി ചേർത്ത് വഴറ്റുക . സബോള കുക്ക് ആയി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ തക്കാളിയും കൂടി ചേർത്ത് 2-3 മിനിറ്റ് കൂടി വഴറ്റുക .എല്ലാ മസാലകളും ചേർത്ത് മസാലയുടെ പച്ച മണം പോകുന്നത് വരെ കുക്ക് ചെയ്യുക .ഇതിലേയ്ക്ക് വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിൽ ആക്കി എടുക്കുക . ആവശ്യം എങ്കിൽ ഉപ്പ് വീണ്ടും ചേർത്ത് തിളപ്പിച്ച് എടുക്കുക . തിളച്ചു കഴിയുമ്പോൾ തേങ്ങാപ്പാൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക .തേങ്ങാപ്പാൽ ചെറുതായി തിളച്ചുവരുമ്പോൾ ഇതിലേയ്ക്ക് തയ്യാറാക്കി വച്ച മുട്ട ചേർക്കുക .മുട്ടയും മസാലയും കൂടിച്ചേരാൻ സാവധാനം 1 മിനിറ്റ് കൂടി ഇളക്കി ചൂടോടെ സെർവ് ചെയ്യുക.
നേപ്പാളില്‍ യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണ് മരണസംഖ്യ 45 ആയി. വിമാനയാത്രക്കാരില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരാണ്. കഠ്മണ്ഡുവില്‍ നിന്നും 72 പേരുമായി പൊഖറയിലേക്ക് എത്തിയ ANC ATR72 വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് സേതി നദീ തീരത്ത് തകര്‍ന്ന് വീഴുകയായിരുന്നു.
വിമാനത്തില്‍ 10 വിദേശികള്‍ ഉള്‍പ്പടെ 68 യാത്രക്കാരും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് യതി എയര്‍ലൈന്‍സ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്താവളം അടച്ചു.
പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 72 സീറ്റുള്ള വിമാനം തകര്‍ന്നുവീണത്. ആകെ 68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. പഴയ എയര്‍പോര്‍ട്ടിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേയാണ് യതി എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
വിമാനം പൂര്‍ണമായും കത്തിനശിച്ചു. റണ്‍വേയില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. എടിആര്‍ 72 ഇനത്തില്‍പ്പെട്ട വിമാനമാണ് തകര്‍ന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
എട്ടുമാസത്തിനിടെ പൊഖറ വിമാനത്താവളത്തിലുണ്ടാകുന്ന രണ്ടാമത്തെ വിമാനാപകടമാണ് ഇത്. 2022 മെയ് മാസമുണ്ടായ അപകടത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന കുറഞ്ഞുവെന്ന് സമ്മതിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. 40000 സീറ്റുകള്‍ ഉള്ള സ്‌റ്റേഡിയത്തിലെ ആറായിരത്തിലധികം ടിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ വിറ്റത്. ഗാലറി നിറയ്ക്കാന്‍ ജനങ്ങളെ വെളിയില്‍ നിന്നു കൊണ്ടു വരേണ്ട അവസ്ഥയിലാണ് കെസിഎ.
ഇതുപോലൊരു മത്സരം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. സംഘാടകര്‍ എന്ന നിലയില്‍ വിഷമം ഉണ്ട്. കാണികള്‍ കുറവാണെന്നുളള്ള ആശങ്ക ബിസിസിഐയും അറിയിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി. കാണികള്‍ കുറയുന്നത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് ആശങ്കയുള്ളതായും കെസിഎ പ്രസിഡന്റ് വ്യക്തമാക്കി.
കാര്യവട്ടത്ത് കളി കാണാന്‍ ബി സി സി ഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമാണ്. 18 ശതമാനം ജി എസ് ടിയും കോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയായും ഉയരും. കഴിഞ്ഞ തവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, പട്ടിണി കിടക്കുന്നവര്‍ കളികാണാന്‍ വരേണ്ടെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഇതിനു മറുപടി നല്‍കിയത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
പണം ഉള്ളവര്‍ മാത്രം കളി കണ്ടാല്‍ മതിയോ എന്നും മറ്റ് പല സംസ്ഥാനങ്ങളിലെ കാര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്രയധികം തുക ഈടാക്കുന്നത് ശരിയല്ലെന്നും ചിലര്‍ പറഞ്ഞിരുന്നു. വലിയ ആരാധക പിന്തുണ പ്രതീക്ഷിച്ച അവസ്ഥയില്‍ നിന്ന് സ്റ്റേഡിയത്തിന്റെ പകുതി നിറയാന്‍ പോലും ആള്‍ എത്തില്ല അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ജനപങ്കാളിത്തം കുറഞ്ഞാല്‍ കേരളത്തില്‍ ലോകകപ്പ് മത്സരം നടക്കാനുള്ള സാധ്യതയും കുറയും.