Latest News

പാമ്പാടി എട്ടാംമൈലിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണ മരണം. മീനടം ചകിരിപ്പാടം ഷൈനി സാം ആണ് മരിച്ചത്. 48 വയസായിരുന്നു. കെ.കെ. റോഡിൽ പാമ്പാടി എട്ടാംമൈൽ ജങ്ഷനിൽ ഉച്ചയ്ക്ക് 12.30-ഓടെ ആയിരുന്നു അപകടം നടന്നത്.

മകന്റെ വിവാഹാവശ്യവുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്കുശേഷം മകനൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴുണ്ടായ അപകടത്തിലാണ് ഷൈനി മരണപ്പെട്ടത്. രണ്ട് വർഷം മുൻപാണ് ഷൈനിയുടെ മൂത്ത മകൻ അനിൽ സാം ബംഗളൂരുവിൽ അപകടത്തിൽ മരിച്ചത്.

പിന്നിലൂടെ എത്തിയ ടോറസ് ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടോറസിനടിയിലേക്ക് വീണ ഷൈനിയുടെ ദേഹത്ത് വാഹനം കയറിയിറങ്ങി. തൽക്ഷണംതന്നെ മരണം സംഭവിച്ചു. മകൻ അഖിൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സ്വന്തം ലേഖകൻ

ഡെൽഹി : കേരളത്തിൽ ആം ആദ്മി പാർട്ടിയെ വിജയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി വളരെ നിർണ്ണായകമായ ഒരു യോഗം ഇന്നലെ ( 10/01 / 2023 ) ഡെൽഹിയിലെ ആം ആദ്മി പാർട്ടി ആസ്ഥാനത്ത്  നടന്നു. താഴെ തട്ട് മുതൽ സംഘടനയെ ശക്തമാക്കികൊണ്ട് 2026 ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ കേരളത്തിൽ വിജയിപ്പിക്കുവാനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുക എന്നതായിരുന്നു ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം.

ആം ആദ്മി പാർട്ടിയുടെ ഇന്ത്യ മുഴുവനുമുള്ള സംഘടന സംവിധാനത്തിന്റെ വിജയ ശില്പിയായ ആം ആദ്മി പാർട്ടി എംപിയും , ദേശീയ സംഘടന ജനറൽ സെക്രട്ടറിയുമായ ഡോ. സന്ദീപ് പഥക് ആയിരുന്നു ഈ യോഗം സംഘടിപ്പിച്ചത് . കേരളത്തിലെ ആം ആദ്മി പാർട്ടിയുടെ നേതാക്കളെയും പ്രവർത്തകരേയും ഡെൽഹിയിലേയ്ക്ക് വിളിച്ചു വരുത്തി ദേശീയ ജനറൽ സെക്രട്ടറി നേരിട്ട് തന്നെ ഇങ്ങനെ ഒരു ചർച്ച നടത്തുന്നത് ഒരു പക്ഷേ ആദ്യമായിട്ടാണെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ വളരെയധികം രാഷ്ട്രീയ പ്രാധാന്യമാണ് ഈ യോഗത്തിന് ഉണ്ടായിരിക്കുന്നത്. കേരളത്തെ ആം ആദ്മി പാർട്ടിക്ക് വളരെയധികം സാധ്യതയുള്ള ഒരു സംസ്ഥാനമായി കേന്ദ്ര നേതൃത്വം കണ്ടു കഴിഞ്ഞു എന്ന് തന്നെയാണ് ഈ നീക്കത്തിൽ നിന്നും മനസ്സിലാകുന്നത്.

അഴിമതി വിരുദ്ധത കൊണ്ടു മാത്രം കേരളത്തില്‍ വോട്ടർമാരുടെ പിന്തുണ നേടിയെടുക്കാനാകുമോ ?, സംഘടനയെ എങ്ങനെ ശക്തിപ്പെടുത്താം ?, താഴെ തട്ടിൽ സ്വാധീനം വർദ്ധിപ്പിയ്ക്കാൻ വേണ്ട വിവിധ പദ്ധതികളും തന്ത്രങ്ങളും എന്തൊക്കെ ?, ബഹുജന അടിത്തറ വിപുലീകരിക്കുവാൻ കേരളത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങൾ എന്തൊക്കെയാണ് ? തുടങ്ങുന്ന വിഷയങ്ങളിൽ യോഗത്തിൽ പങ്കെടുത്ത ഓരോ വ്യക്തികളിൽ നിന്നും സന്ദീപ് പഥക്കും , കേരളത്തിന്റെ ചുമതലയുള്ള ശ്രീ എൻ രാജയും നിദ്ദേശങ്ങൾ സ്വീകരിച്ചു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ, ജയിക്കുകയോ, തോൽക്കുകയോ അല്ല പ്രധാനം , എന്നാൽ അത്  പ്രാവർത്തികമാക്കണമെങ്കിൽ അതിനായി സംഘടനയെ ശക്തിപ്പെടുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത് എന്നും , ശക്തമായ ഒരു സംഘടന താഴേ തട്ടിൽ ഉണ്ടെങ്കിൽ മാത്രമേ സംസ്ഥാനത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാൻ സഹായിക്കൂ എന്നും , എല്ലാവരും ഒരുമിച്ചു നിന്ന് കഴിയുന്നത്ര ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവരണമെന്നും , സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന സജീവ പ്രവർത്തകർക്ക് എല്ലാ സഹായവും നൽകണമെന്നും യോഗത്തെ അഭിസംബോധന ചെയ്ത ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപിയും ദേശീയ ജനറൽ സെക്രട്ടറിയുമായ ഡോ. സന്ദീപ് പഥക് പറഞ്ഞു.

സ്ഥാനമോഹമുള്ള ഒരാൾ ഒരിക്കലും സംഘടനയുമായി ചേർന്ന് പ്രവർത്തിക്കില്ലെന്നും , അവർ തെരഞ്ഞെടുപ്പിൽ വിജയിച്ച് സ്ഥാനം നേടുന്നതിലാണ് ശ്രദ്ധയും കേന്ദ്രീകരിക്കുകയെന്നും , അതുകൊണ്ട് എല്ലാവരും ഒരുമിച്ച് നിന്ന് സന്തോഷത്തോടെ പ്രവർത്തിച്ച് കേരളത്തിലെ പാർട്ടിയും സംഘടനയും തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിക്കണമെന്നും, അതിനായി എല്ലാ സഹപ്രവർത്തകരും നിർദ്ദേശങ്ങളുമായി മുന്നോട്ട് വരണമെന്നും, ആ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ കേരളത്തിനായും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തയ്യാറാക്കി നിങ്ങൾ പോരാട്ടം നടത്തണമെന്നും, സംഘടനയെ ശക്തമാക്കിയാൽ ഈ പോരാട്ടത്തിൽ നിങ്ങൾക്ക് വിജയം സാധ്യമാണെന്നും ഡോ. സന്ദീപ് പഥക് പറഞ്ഞു.

ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ ശ്രീ. PC സിറിയക്കിന്റെ നേതൃത്വത്തിൽ ഡെൽഹി ഗതാഗത മന്ത്രി ശ്രീ. കൈലാഷ് ഗെലോട്ട്, ഭക്ഷ്യ വിതരണ മന്ത്രി ശ്രീ. ഇമ്രാൻ ഹുസൈൻ എന്നിവരുമായിയും കൂടിക്കാഴ്ച നടത്തി. ആം ആദ്മി പാർട്ടിയുടെ സംഘടനാപരമായ വിജയത്തിന്റെ കാരണകാരനായ ദേശീയ ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പഥക് 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കുവാനുള്ള പദ്ധതികൾ തയ്യാറാക്കുവാൻ ഉടൻ കേരളത്തിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കേരളത്തെ ആം ആദ്മി പാർട്ടിക്ക് സാധ്യതയുള്ള സംസ്ഥാനമായി കേന്ദ്ര നേത്യത്വം കണ്ടതോട് കൂടി വലിയ ആവേശത്തിലാണ് കേരളത്തിലെ നേതൃത്വവും സജീവ പ്രവർത്തകരും. വരും ദിവസങ്ങളിൽ കേരളത്തിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്ന് ആം ആദ്മി പാർട്ടിയുടെ മന്ത്രിമാരും അറിയിച്ചിട്ടുണ്ട്. ഇത് കേരളത്തിലെ ആം ആദ്മി പാർട്ടിയുടെ വളർച്ചയെ വേഗത്തിലാക്കുമെന്നും , വരുന്ന മൂന്ന് വർഷത്തെ പ്രവർത്തനം കൊണ്ട് കേരളത്തിൽ വിജയം നേടാൻ കഴിയുമെന്നുമാണ് ആം ആദ്മി പാർട്ടിയുടെ കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.

ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ അച്ഛൻ. ആരായിരിക്കും അച്ഛന്റെ കസേരയുടെ അനന്തരാവകാശി അഥവാ വാരിസ് എന്ന വാശിയോടെ നടക്കുന്ന രണ്ടുമക്കൾ. ബിസിനസല്ല, കുടുംബവും ജീവിതവും സന്തോഷവുമാണ് വലുത് എന്നുകരുതുന്ന ഇളയ മകൻ.

170 മിനിറ്റിലധികം ദൈർഘ്യമുള്ള സിനിമയിൽ വിജയ് നിറഞ്ഞു നിൽക്കുന്നു. ഒപ്പം രശ്മിക മന്ദാനയുണ്ട്, എസ്.തമന്റെ ഗംഭീര ഗാനങ്ങളുണ്ട്, അച്ഛനായി ശരത്കുമാറുണ്ട്, പ്രധാനവില്ലനായി പ്രകാശ് രാജും പിന്നണിയായി സുമനുമുണ്ട്. വിജയ് ആരാധകന് ആഘോഷിക്കാനുള്ള വകയുമായാണ് വാരിസിന്റെ വരവ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കുടുംബപ്രേക്ഷകരെ കൂടി ലക്ഷ്യം വച്ചാണ് ഇത്തവണ ദളപതിയുടെ വരവ്.

ചിത്രത്തിന്റെ രണ്ടാംപകുതിയിൽ വിജയ് തന്റെ ഈ യാത്രയെക്കുറിച്ച് കൃത്യമായി ഒറ്റവാക്കിൽ പറയുന്നുണ്ട്..‘ ധർമയുദ്ധം’! തൊണ്ണൂറുകളിലെ വിന്റേജ് വിജയ് ആണ് വാരിസിലുണ്ടാവുകയെന്ന വാക്കു പാലിക്കാനാണ് ശ്രമമെന്ന് സംവിധായകൻ വംശി മുൻപ് പറഞ്ഞിട്ടുണ്ട്. ആ അർഥത്തിൽ, ദ് ബോസ് റിട്ടേൺസ് എന്ന പഞ്ച് ഡയലോഗും ചിത്രത്തിനു ചേരും.

ബിസിനസ് ശത്രുക്കൾ ഒരുക്കുന്ന ചതിക്കുഴികളിൽ പെട്ടുഴലുന്ന കുടുംബം. പാതിവഴിയിൽ കുടുംബത്തിന്റെ രക്ഷകനായി ചുമതലയേൽക്കേണ്ടി വരുന്ന ഇളയമകൻ. ഈ ഒരു സെറ്റപ്പിൽ അതിവിദഗ്ധമായി തൊണ്ണൂറുകളിലെ ‘വിന്റേജ്’ വിജയ് അവതരിപ്പിക്കപ്പെടുന്നുവെന്നതാണ് വാരിസിന്റെ പ്രത്യേകത.

യോഗി ബാബു–വിജയ് കോമഡി ട്രാക്ക് കൃത്യമായി വർക്കൗട്ട് ആവുന്നുണ്ട്. മനോഹരമായ ഇമോഷനൽ ഡയലോഗുകൾ കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കും. എന്നാൽ ഇതൊന്നുമല്ല ചിത്രത്തിന്റെ ഹൈലൈറ്റ്. പൊടിപാറുന്ന നാല് ആക്‌ഷൻ സീൻസിൽ മികച്ച പ്രകടനം നടത്തുന്നുണ്ട് വിജയ്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഡാൻസ് സ്റ്റെപ്പുകളുമായി വിജയ് ഇളകി മറിയുന്നു. നായകനു പ്രേമിക്കാൻ വന്നുപോവുന്ന നായികയായാണ് രശ്മികയുടെ വരവെങ്കിലും ‘രഞ്ജിതമേ…’ എന്ന പാട്ട് തിയറ്ററിനെ ഇളക്കിമറയ്ക്കാൻ കെൽപ്പുള്ളതാണ്.

പുതുമയുള്ള കഥയൊന്നുമല്ല വാരിസിന്റേത്. എന്നിരുന്നാലും വംശിയുടെ പുതുമ നിറഞ്ഞ ട്രീറ്റ്മെന്റ് ആണ് വാരിസിനെ വേറിട്ടതാക്കുന്നത്. തെലുങ്ക് സംവിധായകനായ വംശി ‘തോഴാ’ എന്ന ചിത്രത്തിനുശേഷം ചെയ്യുന്ന രണ്ടാമത്തെ തമിഴ് സിനിമയാണ് വാരിസ്. തെലുങ്കിലെ സമീപകാല ഹിറ്റുകളായ ‘ശ്രീമന്തുഡു’, ‘അലാ വൈകുണ്ഠാപുരമുലൂ’, ‘മഹർഷി’ തുടങ്ങിയ സിനിമകളുടെ അതേ കഥാഗതികൾ ചേർത്തുവച്ചാണ് വാരിസും തയാറാക്കിയിരിക്കുന്നത്. സംവിധായകനും നിർമാതാവ് ദിൽ‌രാജുവും വാരിസിനെ ഫാമിലി ഡ്രാമ എന്ന രീതിയിലാണ് റിലീസിനുമുന്നേതന്നെ വിശേഷിപ്പിച്ചത്. ആ ജോണറിനോട് തികച്ചും നീതിപുലർത്തി തന്നെയാണ് വംശി വാരസിനെ ഒരുക്കിയിരിക്കുന്നതും.

ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു മികച്ച ഫാമിലി എന്റർടെയ്നർ എന്ന് തന്നെ ഈ സിനിമയെ വിശേഷിപ്പിക്കാം.കൂടാതെ ഏതൊരു ആസ്വാദകനെയും നിരാശരാക്കാത്ത വിധം റൊമാൻസ്, കോമഡി, ഫൈറ്റ് എല്ലാം പാകം പോലെ ചേർത്തിട്ടുമുണ്ട്. തമന്റെ പശ്ചാത്തലസംഗീതവും വിജയ്‍യുടെ സ്റ്റൈലിഷ് സ്വാഗ് കൂടെ ചേരുമ്പോൾ വാരിസ് തിയറ്ററുകളിൽ ആഘോഷമാകും.

ഈ പൊങ്കലിന് തമിഴ് സിനിമാആസ്വാദകരെ പുളകം കൊള്ളിച്ചുകൊണ്ടാണ് വിജയ്‌യുടെ വാരിസും അജിത്തിന്റെ തുനിവും തിയറ്റററുകളിലെത്തിയിരിക്കുന്നത്. പതിനാറാം തവണയാണ് അജിത്തിന്റെയും വിജയ്‌യുടെയും സിനിമകൾ ഒരേ ദിവസം തിയറ്ററിലെത്തുന്നത്. ജില്ലയും വീരവുമാണ് ഏറ്റവുമൊടുവിൽ ഒരേദിവസം റിലീസ് ചെയ്തത്. വാരിസും തുനിവും ആദ്യദിനം തമിഴ്നാട്ടിൽനിന്നു മാത്രം 40–45 കോടി കലക്റ്റു ചെയ്യുമെന്നാണ് വിദദ്ധാഭിപ്രായം. കേരളത്തിലും രാത്രി പന്ത്രണ്ടുമണിക്കും രാവിലെ നാലുമണിക്കും ആറുമണിക്കുമുള്ള ഷോകൾ നിറഞ്ഞ സദസ്സിലാണ് നടന്നത്.

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഹണി റോസ്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ നായകനായെത്തിയ ‘മോണ്‍സ്റ്റ’റിലെ ഭാമിനി എന്ന കഥാപാത്രം ഹണി റോസിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയതും ഹണി റോസായിരുന്നു.

താരം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തെലുങ്ക് സിനിമയായ വീര സിംഹ റെഡി. ചിത്രത്തില്‍ തെലുങ്ക് നായകന്‍ നന്ദമൂരി ബാലകൃഷ്ണയുടെ നായികയായിട്ടാണ് താരം അവതരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ റിലീസ് ചടങ്ങ് നടന്നത്. ചടങ്ങില്‍ ഹണി റോസ് പങ്കെടുത്തിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ഹണി റോസ് തന്നെ സിനിമയിലേക്ക് ക്ഷണിച്ചതിന് സംവിധായകനോടും അണിയറ പ്രവര്‍ത്തകരോടും നന്ദി പറഞ്ഞു. നന്ദൂരി ബാലകൃഷ്ണ കേന്ദ്ര കഥാപാത്രമായി എത്തുന്ന ആക്ഷന്‍ സിനിമയാണ് ഇത്. എന്നാല്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു വീഡിയോ ആണ്. വേദിയിലേക്ക് ഹണി റോസിനെ അവതാരിക ക്ഷണിച്ചു. സിനിമയെക്കുറിച്ച് സംസാരിക്കാനാണ് ഹണി റോസിനെ വേദിയിലേക്ക് ക്ഷണിച്ചത്.

തുടര്‍ന്ന് ഹണി റോസ് തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് വേദിയിലേക്ക് നടന്നുപോയി. നടക്കുന്നതിനിടയിലാണ് വിവാ ദപരമായ കാര്യം സംഭവിച്ചത്. ഹണി റോസിനെ നോക്കി അശ്ലീല ആഗ്യം ബാലകൃഷ്ണ കാണിച്ചു. താരം നടന്നുപോകുമ്പോള്‍ താരത്തിന്റെ പുറകിലോട്ട് നോക്കി ചുണ്ട് കടിക്കുകയാണ് ബാലയ്യ ചെയ്തത്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍. ബാലയ്യ പോലത്തെ ഒരു വലിയ ഇതിഹാസ നടനില്‍ നിന്നും ഇത്തരം കാര്യം ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്. വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് ഇത് വഴി വച്ചിരിക്കുന്നത്. അതേസമയം ബാലയ്യ ഇതല്ല ഇതിനപ്പുറം ചെയ്യും എന്നാണ് സിനിമ പ്രേക്ഷകര്‍ പറയുന്നത്. ഇതിന് മുന്‍പും ഇത്തരത്തില്‍ ഇയാളുടെ ഭാഗത്തുനിന്നും പല കാര്യങ്ങളും ഇതേ രീതിയില്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം എന്തോ വലിയ സംഭവമാണെന്നും ഹീറോയിസം ആയിട്ടുമാണ് ആരാധകര്‍ ഇത് കണക്കാക്കുന്നത്.

എറണാകുളം കലക്ടര്‍ രേണു രാജിനെപ്പറ്റി മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. രേണുരാജ് വളരെ മനോഹരമായാണ് മലയാളത്തില്‍ സംസാരിച്ചതെന്നും മലയാളിയാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും മമ്മൂട്ടി പറയുന്നു.

‘കലക്ടര്‍ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാന്‍ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കലക്ടര്‍. വളരെ മനോഹരമായാണ് അവര്‍ സംസാരിച്ചത്. ഇങ്ങനെ ഒരാള്‍ കലക്ടറായി വന്നതില്‍ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതല്‍ കൂട്ടാകട്ടെ.

അതൊരു സ്ത്രീ ശാക്തീകരണമാണ്. നമ്മള്‍ അറിയാത്ത സിനിമയില്‍ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന് ഞാന്‍ ഇവിടെ ചോദിക്കുക ആയിരുന്നു. മനോജ് കെ. ജയന്‍ പറഞ്ഞപ്പോഴാണ് കലക്ടര്‍ ആണെന്ന് അറിയുന്നത്.”-മമ്മൂട്ടി പറഞ്ഞു. പ്രസംഗം നിര്‍ത്തിയപ്പോള്‍ തന്നെ രേണുരാജിനോട് സോറി പറയുകയും പക്ഷേ സത്യസന്ധമായ കാര്യമാണ് വേദിയില്‍ പറഞ്ഞതെന്ന് പറയുകയും ചെയ്തു.

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ 83-ാം പിറന്നാളിനോടനുബന്ധിച്ച് യേശുദാസ് അക്കാദമി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. കൊച്ചി പാടിവട്ടം അസീസിയ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഗായകരായ എം.ജി. ശ്രീകുമാര്‍, ഉണ്ണി മേനോന്‍, ബിജു നാരായണന്‍, സംഗീതസംവിധായകരായ വിദ്യാധരന്‍ മാസ്റ്റര്‍, ശരത്, നടന്മാരായ മമ്മൂട്ടി, സിദ്ദിഖ്, മനോജ് കെ. ജയന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. അമേരിക്കയിലെ വസതിയിലിരുന്ന് യേശുദാസും ഭാര്യ പ്രഭയും ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു.

കലോത്സവ സ്വാഗതഗാനം വിവാദമാക്കിയത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ്. കലോത്സവം അവസാനിച്ചശേഷം മന്ത്രി റിയാസ് സംഭവം വിവാദം ആക്കി. ഇതേത്തുടര്‍ന്ന് തന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും കനകദാസ് പറഞ്ഞു.

കലോത്സവത്തിന് ശേഷം സംഭവം വിവാദമാക്കിയത് ബോധപൂര്‍വ്വമാണ്. ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. ഭയം തോന്നുന്നുണ്ട്. ഞാന്‍ സംഘിയല്ല കൂടുതല്‍ അടുപ്പം സിപിഎം നേതാക്കളുമായാണ്. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അടക്കം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തില്‍ ഭയമില്ലെന്നും എല്ലാം പരിശോധിക്കട്ടെയെന്നും കനകദാസ് പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ ആവശ്യം.

കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണം. സംഘപരിവാര്‍ ബന്ധം അന്വേഷിക്കണം. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

സാഹോദര്യവും മതമൈത്രിയും ദേശസ്നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെ ലീഗ് നേരത്തെ രംഗത്ത് വന്നിരുന്നു.

റബ്ബർ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാനായി പോയ ഗൃഹനാഥൻ തീയലകപ്പെട്ട് മരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി വരടിമൂലയിലെ പുൽപ്പറമ്പിൽ തോമസ് ആണ് മരിച്ചത്. 77 വയസായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വീടിനു സമീപത്തു തന്നെയുള്ള തോട്ടത്തിൽ വെച്ചായിരുന്നു അപകടം നടന്നത്. തോട്ടത്തിലെ കാട് കത്തിക്കാൻ പോകുന്നെന്ന് മകളോട് പറഞ്ഞാണ് തോമസ് ഇറങ്ങിയത്.

എന്നാൽ, തോട്ടത്തിൽനിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപവാസികൾ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. സാധാരണ തീപ്പിടിത്തമാണെന്ന് കരുതിയെത്തിയ അഗ്നിരക്ഷാസംഘം ആംബുലൻസ് സന്നാഹമൊന്നുമില്ലാതെയാണ് എത്തിയത്. ശേഷം, തീയണയ്ക്കുമ്പോഴാണ് തീയിൽ അകപ്പെട്ട തോമസിനെയും കണ്ടെത്തിയത്.

ഉടൻതന്നെ ഫയർസ്റ്റേഷന്റെ വാഹനത്തിൽ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. തോമസിന് ഭാഗികമായി പൊള്ളലേറ്റിരുന്നു. പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി എസ്.ഐ. കെ.കെ. സോബിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പൊന്നമ്മയാണ് ഭാര്യ. മക്കൾ: ഷീജ, ജിനീഷ്, പരേതയായ ഷീബ. മരുമക്കൾ: ബിനു, ജോസ്, ലുധിയ.

തമിഴ്നാട് കന്യാകുമാരി നാഗര്‍കോവിലില്‍ നടന്ന ഇരട്ടക്കൊലക്കേസില്‍ മുങ്ങിയ പ്രതി 17 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.കേസില്‍ ജാമ്യത്തില്‍ പുറത്തിങ്ങി മുങ്ങിയ തമിഴ്നാട് തിരുനെല്‍വേലി അഴകിയപാണ്ടിപുരം സ്വദേശി റഷീദിനെ(48)യാണു മലപ്പുറം പൂക്കോട്ടുംപാടം ചുള്ളിയോടുനിന്നും പോലീസ് പിടികൂടിയത്.

2005 ല്‍ തമിഴ്നാട് കന്യാകുമാരി നാഗര്‍കോവിലില്‍ ഭൂത പാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ഇരു മുതലാളിമാര്‍ തമ്മിലുള്ള ബിസിനസ് തര്‍ക്കത്തിന്റെ പേരില്‍ നടന്ന അടിപിടിയില്‍ ഉണ്ടായ വൈരം തീര്‍ക്കാന്‍ ഒരു വിഭാഗം എതിര്‍ ടീമിലെ രണ്ട് പേരെ ഒരേ ദിവസം രണ്ട് സ്ഥലത്തായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ രണ്ട് കൊലപാത കേസുകള്‍ ദൂതപാണ്ടി പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലൊന്നില്‍ മൂന്നാം പ്രതിയും മറ്റൊന്നില്‍ ആറാം പ്രതിയുമായാണ് റഷീദ് പിടിയിലായത്. തുടര്‍ന്ന് നാഗര്‍ കോവില്‍ ജയിലില്‍ കഴിയവേ ജാമ്യത്തില്‍ പുറത്തിങ്ങി മുങ്ങുകയായിരുന്നു. തുടര്‍ന്നു പ്രതി വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറം ചുള്ളിയോട് നിന്ന് വിവാഹം കഴിച്ച് ടാപ്പിംഗ് ജോലി ചെയ്ത് കുടുംബ സമേതം ഇവിടെ രഹസ്യമായി കഴിഞ്ഞുവരികയായിരുന്നു.

ശേഷം വിദേശത്തേക്കും ജോലി തേടി പോയിരുന്നു. തുടര്‍ന്നു അടുത്തിടെയാണ് തിരിച്ച് നാട്ടിലെത്തിയത്. പ്രതിയുടെ മുന്‍കാല കിമിനല്‍ പാശ്ചാതലത്തെ കുറിച്ച് പൂക്കോട്ടു പാടം സി.ഐ സുകുമാരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.ഐമാരായ എം. അസ്സൈനാര്‍ , ശശികുമാര്‍ , എസ്.സി.പി.ഒ മാരായ ശ്യാംകുമാര്‍ സൂര്യകുമാര്‍ , അജീഷ്, ലിജിഷ് , നൗഷാദ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കമാണ് പ്രതിയെ പിടികൂടാനായത്.

വിവരമറിഞ്ഞ് പൂക്കോട്ടുംപാടത്ത് എത്തിയ ഭൂതപാണ്ടി പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നാഗര്‍ കോവില്‍ കോടതിയില്‍ ഹാജരാക്കാനായി പ്രതിയെ ഏറ്റ് വാങ്ങി നാഗര്‍കോവിലിലേക്ക് തിരിച്ചു.

വർഷങ്ങൾക്ക് മുൻപ് ‘മ’ അക്ഷരം പറഞ്ഞ് കളിക്കുന്നതിനിടയിലുണ്ടായ പകയാണ് 15 വർഷങ്ങൾക്ക് ശേഷം സുഹൃത്തിനെ കൊലപ്പെടുത്താൻ കാരണമെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ ജയറാഴ്ച കണ്ണനല്ലൂർ സ്വദേശി സന്തോഷ് (41) നെ സുഹൃത്ത് ചന്ദനത്തോപ്പ് സ്വദേശി പ്രകാശ് കുത്തി കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് പിന്നിൽ 15 വർഷം മുൻപുണ്ടായ പകയാണെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

വർഷങ്ങൾക്ക് മുൻപ് സുഹൃത്തുക്കളായ സന്തോഷും, പ്രകാശും ‘മ’ അക്ഷരം വരാതെ സംസാരിക്കുന്ന കളി കളിച്ചു. എന്നാൽ സംസാരിക്കുന്നതിനിടയിൽ ‘മ’ ഉച്ചരിച്ച പ്രകാശിന്റെ നട്ടെലിന് സന്തോഷ് ഇടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രകാശിന് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ഇതിനെല്ലാം കാരണം നട്ടെല്ലിനേറ്റ ഇടിയാണ് എന്ന് പ്രകാശ് വിശ്വസിച്ചിരുന്നത്. കൂടാതെ വിവാഹം കഴിച്ച് കുട്ടികൾ ഉണ്ടാവാത്തതും നട്ടെല്ലിന് ഏറ്റ ഇടിയാണെന്നാണ് പ്രകാശ് കരുതിയിരുന്നത്. ഇതാണ് പകയ്ക്ക് കാരണമായതെന്നും പോലീസ് പറയുന്നു.

അതേസമയം രണ്ട്‍ വർഷം മുൻപ് ഭാര്യ മരിച്ചതോടെ പ്രകാശൻ തീർത്തും ഒറ്റപ്പെടുകയും സന്തോഷിനോടുള്ള വൈരാഗ്യം വർദ്ധിക്കുകയുമായിരുന്നു. ഒരു വർഷത്തോളമായി സന്തോഷിനെ കൊലപ്പെടുത്തുന്നതിനായി പ്രകാശൻ കത്തി വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഇരുവരും തമ്മിൽ കാണുകയും ഉച്ചയോടെ പ്രകാശ് സന്തോഷിന്റെ വീട്ടിൽ കയറി കുത്തികൊലപ്പെടുത്തുകയുമായിരുന്നു. ഇരുപത്തിമൂന്നോളം കുത്തുകളാണ് സന്തോഷിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നത്. ആന്തരികാവയവങ്ങൾ പുറത്ത് വന്ന നിലയിലാണ് നാട്ടുകാർ സന്തോഷിനെ ആശുപത്രിയിലെത്തിച്ചത്.

 

ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന മെട്രോയുടെ തൂണ് തകർന്ന് വീണ് അപകടം. അപകടത്തിൽ സ്ത്രീയും രണ്ടര വയസ്സുള്ള മകനും മരിച്ചു. റോഡിലൂടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തിന് മുകളിലൂടെയാണ് തൂൺ തകർന്നു വീണത്.

യുവതിയുടെ ഭർത്താവിന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കുടുംബത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാനായില്ല.

നാഗവര മേഖലയിലെ മെട്രോ പില്ലറാണ് തകർന്നു വീണത്. കല്യാൺ നഗറിൽ നിന്ന് എച്ച്ആർബിആർ ലേ ഔട്ടിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. 25കാരിയായ തേജസ്വിയും മകൻ വിഹാനും ആണ് മരിച്ചത്.

അപകടത്തിന് പിന്നാലെ മേഖലയിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ബെംഗളുരു മെട്രോയുടെ ഫേസ് 2 ബി പണികൾ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

Copyright © . All rights reserved