സ്വന്തം ലേഖകൻ

ഡെൽഹി : കേരളത്തിൽ ആം ആദ്മി പാർട്ടിയെ വിജയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി വളരെ നിർണ്ണായകമായ ഒരു യോഗം ഇന്നലെ ( 10/01 / 2023 ) ഡെൽഹിയിലെ ആം ആദ്മി പാർട്ടി ആസ്ഥാനത്ത്  നടന്നു. താഴെ തട്ട് മുതൽ സംഘടനയെ ശക്തമാക്കികൊണ്ട് 2026 ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ കേരളത്തിൽ വിജയിപ്പിക്കുവാനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുക എന്നതായിരുന്നു ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം.

ആം ആദ്മി പാർട്ടിയുടെ ഇന്ത്യ മുഴുവനുമുള്ള സംഘടന സംവിധാനത്തിന്റെ വിജയ ശില്പിയായ ആം ആദ്മി പാർട്ടി എംപിയും , ദേശീയ സംഘടന ജനറൽ സെക്രട്ടറിയുമായ ഡോ. സന്ദീപ് പഥക് ആയിരുന്നു ഈ യോഗം സംഘടിപ്പിച്ചത് . കേരളത്തിലെ ആം ആദ്മി പാർട്ടിയുടെ നേതാക്കളെയും പ്രവർത്തകരേയും ഡെൽഹിയിലേയ്ക്ക് വിളിച്ചു വരുത്തി ദേശീയ ജനറൽ സെക്രട്ടറി നേരിട്ട് തന്നെ ഇങ്ങനെ ഒരു ചർച്ച നടത്തുന്നത് ഒരു പക്ഷേ ആദ്യമായിട്ടാണെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ വളരെയധികം രാഷ്ട്രീയ പ്രാധാന്യമാണ് ഈ യോഗത്തിന് ഉണ്ടായിരിക്കുന്നത്. കേരളത്തെ ആം ആദ്മി പാർട്ടിക്ക് വളരെയധികം സാധ്യതയുള്ള ഒരു സംസ്ഥാനമായി കേന്ദ്ര നേതൃത്വം കണ്ടു കഴിഞ്ഞു എന്ന് തന്നെയാണ് ഈ നീക്കത്തിൽ നിന്നും മനസ്സിലാകുന്നത്.

അഴിമതി വിരുദ്ധത കൊണ്ടു മാത്രം കേരളത്തില്‍ വോട്ടർമാരുടെ പിന്തുണ നേടിയെടുക്കാനാകുമോ ?, സംഘടനയെ എങ്ങനെ ശക്തിപ്പെടുത്താം ?, താഴെ തട്ടിൽ സ്വാധീനം വർദ്ധിപ്പിയ്ക്കാൻ വേണ്ട വിവിധ പദ്ധതികളും തന്ത്രങ്ങളും എന്തൊക്കെ ?, ബഹുജന അടിത്തറ വിപുലീകരിക്കുവാൻ കേരളത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങൾ എന്തൊക്കെയാണ് ? തുടങ്ങുന്ന വിഷയങ്ങളിൽ യോഗത്തിൽ പങ്കെടുത്ത ഓരോ വ്യക്തികളിൽ നിന്നും സന്ദീപ് പഥക്കും , കേരളത്തിന്റെ ചുമതലയുള്ള ശ്രീ എൻ രാജയും നിദ്ദേശങ്ങൾ സ്വീകരിച്ചു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ, ജയിക്കുകയോ, തോൽക്കുകയോ അല്ല പ്രധാനം , എന്നാൽ അത്  പ്രാവർത്തികമാക്കണമെങ്കിൽ അതിനായി സംഘടനയെ ശക്തിപ്പെടുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത് എന്നും , ശക്തമായ ഒരു സംഘടന താഴേ തട്ടിൽ ഉണ്ടെങ്കിൽ മാത്രമേ സംസ്ഥാനത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാൻ സഹായിക്കൂ എന്നും , എല്ലാവരും ഒരുമിച്ചു നിന്ന് കഴിയുന്നത്ര ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവരണമെന്നും , സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന സജീവ പ്രവർത്തകർക്ക് എല്ലാ സഹായവും നൽകണമെന്നും യോഗത്തെ അഭിസംബോധന ചെയ്ത ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപിയും ദേശീയ ജനറൽ സെക്രട്ടറിയുമായ ഡോ. സന്ദീപ് പഥക് പറഞ്ഞു.

സ്ഥാനമോഹമുള്ള ഒരാൾ ഒരിക്കലും സംഘടനയുമായി ചേർന്ന് പ്രവർത്തിക്കില്ലെന്നും , അവർ തെരഞ്ഞെടുപ്പിൽ വിജയിച്ച് സ്ഥാനം നേടുന്നതിലാണ് ശ്രദ്ധയും കേന്ദ്രീകരിക്കുകയെന്നും , അതുകൊണ്ട് എല്ലാവരും ഒരുമിച്ച് നിന്ന് സന്തോഷത്തോടെ പ്രവർത്തിച്ച് കേരളത്തിലെ പാർട്ടിയും സംഘടനയും തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിക്കണമെന്നും, അതിനായി എല്ലാ സഹപ്രവർത്തകരും നിർദ്ദേശങ്ങളുമായി മുന്നോട്ട് വരണമെന്നും, ആ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ കേരളത്തിനായും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തയ്യാറാക്കി നിങ്ങൾ പോരാട്ടം നടത്തണമെന്നും, സംഘടനയെ ശക്തമാക്കിയാൽ ഈ പോരാട്ടത്തിൽ നിങ്ങൾക്ക് വിജയം സാധ്യമാണെന്നും ഡോ. സന്ദീപ് പഥക് പറഞ്ഞു.

ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ ശ്രീ. PC സിറിയക്കിന്റെ നേതൃത്വത്തിൽ ഡെൽഹി ഗതാഗത മന്ത്രി ശ്രീ. കൈലാഷ് ഗെലോട്ട്, ഭക്ഷ്യ വിതരണ മന്ത്രി ശ്രീ. ഇമ്രാൻ ഹുസൈൻ എന്നിവരുമായിയും കൂടിക്കാഴ്ച നടത്തി. ആം ആദ്മി പാർട്ടിയുടെ സംഘടനാപരമായ വിജയത്തിന്റെ കാരണകാരനായ ദേശീയ ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പഥക് 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കുവാനുള്ള പദ്ധതികൾ തയ്യാറാക്കുവാൻ ഉടൻ കേരളത്തിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കേരളത്തെ ആം ആദ്മി പാർട്ടിക്ക് സാധ്യതയുള്ള സംസ്ഥാനമായി കേന്ദ്ര നേത്യത്വം കണ്ടതോട് കൂടി വലിയ ആവേശത്തിലാണ് കേരളത്തിലെ നേതൃത്വവും സജീവ പ്രവർത്തകരും. വരും ദിവസങ്ങളിൽ കേരളത്തിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്ന് ആം ആദ്മി പാർട്ടിയുടെ മന്ത്രിമാരും അറിയിച്ചിട്ടുണ്ട്. ഇത് കേരളത്തിലെ ആം ആദ്മി പാർട്ടിയുടെ വളർച്ചയെ വേഗത്തിലാക്കുമെന്നും , വരുന്ന മൂന്ന് വർഷത്തെ പ്രവർത്തനം കൊണ്ട് കേരളത്തിൽ വിജയം നേടാൻ കഴിയുമെന്നുമാണ് ആം ആദ്മി പാർട്ടിയുടെ കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.