നെഹ്‌റു ട്രോഫി വള്ളംകളി ആരവങ്ങൾക്കൊപ്പം യുകെയിലും ആവേശം ആകാശത്തോളം ഉയർത്തി യുക്മ കേരളപൂരം വള്ളംകളിയിൽ കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടൻ കിരീടം നേടി. ഇംഗ്ലണ്ടിലെ മാൻവേഴ്‌സ് തടാകത്തിൽ നടന്ന മത്സരത്തിലാണ് വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തി മോനിച്ചൻ കിഴേക്കേച്ചിറയുടെ നേതൃത്വത്തിൽ വിജയം ചൂടിയത്.

വാശിയേറിയ പോരാട്ടം നടത്തി ഈ അവിശ്വസനീയ വിജയം സ്വന്തമാക്കിയ കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടന്റെ മാനേജർ ജെയ്സൺ ജോസഫ് ആണ്. വാശിയേറിയ മത്സരത്തിൽ സാൽഫോർഡ് എസ് എം എ . ജവഹർ ബോട്ട് ക്ലബ് ലിവർപൂൾ ആണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.

ടോം ജോസ് തടിയംപാട്
വാഹനാപകടത്തിൽ പരിക്കേറ്റു കട്ടിലിൽ കിടക്കുന്ന ഇടുക്കി വിമലഗിരി സ്വദേശി ബിനോയ് സെബാസ്റ്റ്യനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിക്ക് ഇതുവരെ 2110 പൗണ്ട് (ഏകദേശം 2,49264 രൂപ )ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു .ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു. പണം അയച്ചിട്ടുണ്ട് എന്നറിയിച്ച എല്ലാവർക്കും ബാങ്കിന്റെ ഫുൾ സ്റ്റേറ്റ്മെൻറ് അയച്ചിട്ടുണ്ട് . സഹായിച്ച എല്ലാ യു കെ മലയാളികളെയും നന്ദിയോടെ ഓർക്കുന്നു . ലഭിച്ച പണം ഈ ഓണത്തിന് മുൻപ് ബിനോയ്ക്ക് കൈമാറും എന്നറിയിക്കുന്നു .
ഒരു ചെറിയ കടനടത്തി വികലാംഗയായ ഭാര്യയെയും ഓട്ടിസം ബാധിച്ച മകളെയും സംരക്ഷിച്ചു മറ്റൊരു മകളെ നേഴ്സിംഗ് പഠിപ്പിക്കാൻ സഹായിച്ചും ജീവിതം മുൻപോട്ടു കൊണ്ടു പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് വാഹനാപകടം ആ കുടുംബത്തെ തകർത്തെറിഞ്ഞത് .
ബിനോയിയുടെ കുടുബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് യു കെ യിലെ സുന്ദർലാണ്ടിൽ താമസിക്കുന്ന ഉപ്പുതോട് സ്വദേശി റെയ്‌മൻഡ് മാത്യു മുണ്ടക്കാട്ടാണ് , റെയ്‌മഡിനെ ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്.
ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,45,00000 (ഒരുകോടി നാൽപ്പത്തിഅഞ്ചു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു കേരള കമ്മ്യൂണിറ്റി വിറാൾ , UKKCA , മലയാളം യു കെ , പത്ര൦ , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, പടമുഖം സ്നേഹമന്ദിര൦, ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്‌കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് . ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് . ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.”

പതിനേഴു വയസ്സുള്ള വിദ്യാർഥിയെയും കൂട്ടി നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തേഴുകാരി അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശിനി സനൂഷയെയാണ് കർണാടകയിലെ കൊല്ലൂരിൽനിന്ന് ചേർത്തല പോലീസ് പിടികൂടിയത്. പോക്സോ പ്രകാരം യുവതിക്കെതിരേ കേസെടുത്തു.
കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണു നടപടി. 12 ദിവസം മുൻപാണ് സനൂഷ തന്റെ മക്കളുമായി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കുത്തിയതോട് പോലീസിൽ പരാതി നൽകി. ചേർത്തല പോലീസിൽ യുവതിയുടെ ബന്ധുക്കളും പരാതി നൽകി.
ഫോൺ ഉപയോഗിക്കാതെയായിരുന്നു ഇവരുടെ യാത്ര. ബെംഗളൂരുവിൽ ഉണ്ടെന്നറിഞ്ഞ് പോലീസ് അവിടെ ചെന്നെങ്കിലും കണ്ടെത്താനായില്ല. യുവതി പിന്നീട് ഫോൺ സ്വിച്ച് ഓൺചെയ്ത് ബന്ധുവിന് വാട്സാപ്പ് സന്ദേശമയച്ചതാണ് പിടിവള്ളിയായത്. ഇതു പിന്തുടർന്ന് ചേർത്തല പോലീസ് കൊല്ലൂരിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു.
കുട്ടികൾക്കൊപ്പം ഇരുവരെയും നാട്ടിലെത്തിച്ച പോലീസ് വിദ്യാർഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭർത്താവിനെ ഏൽപ്പിച്ചു. ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ (ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്ത് കൊട്ടാരക്കര ജയിലിലാക്കി.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം നാളെ മുതല്‍ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മ്യാന്മാറിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ മഴ ശക്തമാകാൻ കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇത് പ്രകാരം നാളെ ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 800 കടന്നു. കുനാര്‍, നംഗര്‍ഹാര്‍ പ്രവിശ്യകളിലായി ഇതുവരെ 812 പേര്‍ മരിച്ചതായി താലിബാന്‍ ഭരണകൂട വക്താവ് സബീഹുള്ള മുജാഹിദ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 2800 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അതേസമയം, പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ പ്രദേശങ്ങളുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ അഫ്ഗാനിസ്താനിലുണ്ടായതിൽ ഏറ്റവുംവലിയ ഭൂകമ്പങ്ങളിലൊന്നാണ് കഴിഞ്ഞദിവസമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കുനാര്‍ ഗ്രാമത്തിലെ മൂന്ന് ഗ്രാമങ്ങള്‍ അപ്പാടെ ഇല്ലാതായെന്നാണ് റിപ്പോര്‍ട്ട്. വിദൂരങ്ങളിലുള്ള ഒറ്റപ്പെട്ടുകിടക്കുന്ന മലമ്പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ഈ മേഖലകളില്‍ നിരവധി വീടുകള്‍ നിലംപൊത്തിയെന്നാണ് വിവരം.
ഭൂകമ്പത്തിന് പിന്നാലെ ഈ മേഖലകളില്‍ കനത്ത മഴയുണ്ടായതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. മണ്ണിടിച്ചില്‍ ഭീഷണിയും നേരിടുന്നതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പലയിടങ്ങളില്‍നിന്നും സൈനിക വിമാനങ്ങളില്‍ ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 40 വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായി പരിക്കേറ്റവരും മരിച്ചവരും ഉള്‍പ്പെടെ 420 പേരെ ദുരന്തബാധിത മേഖലകളില്‍നിന്ന് കൊണ്ടുവന്നതായി പ്രതിരോധ മന്ത്രാലയവും അറിയിച്ചു.
അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ മൂന്നാമത്തെ വലിയ ഭൂകമ്പമാണിത്. ആയിരത്തോളം പേര്‍ മരിച്ച 2022-ലെ ഭൂകമ്പമായിരുന്നു വീണ്ടും അധികാരത്തിലെത്തിയ താലിബാന്‍ ഭരണകൂടം നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തം. വിദേശസഹായങ്ങളടക്കം കുറഞ്ഞതോടെ വന്‍ പ്രതിസന്ധി നേരിടുന്ന താലിബാന്‍ ഭരണകൂടത്തെ കഴിഞ്ഞദിവസത്തെ ഭൂകമ്പം കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അതിനിടെ, ഭൂകമ്പത്തില്‍ വിറങ്ങലിച്ച അഫ്ഗാനിസ്താന് സഹായംതേടി താലിബാന്‍ ഭരണകൂടം അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. നിരവധിപേര്‍ക്കാണ് ജീവനും വീടുകളും നഷ്ടപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ അന്താരാഷ്ട്രതലത്തില്‍ സഹായം ആവശ്യമാണെന്നും കാബൂളിലെ ആരോഗ്യമന്ത്രാലയ വക്താവ് ഷറഫാത്ത് സമാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
അഫ്ഗാനിലെ ഭൂകമ്പബാധിത മേഖലകളില്‍ സഹായം വാഗ്ദാനംചെയ്ത് ഇന്ത്യയും ചൈനയും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. കാബൂളിലേക്ക് ഇതിനകം ആയിരം ടെന്റുകള്‍ അയച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. 15 ടണ്‍ ഭക്ഷ്യവസ്തുക്കളും ഇന്ത്യയില്‍നിന്ന് അഫ്ഗാനിലേക്ക് എത്തിച്ചു. ചൊവ്വാഴ്ച മുതല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍സഹായം ഇന്ത്യയില്‍നിന്ന് അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഫ്ഗാനിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് സഹായം എത്തിക്കാന്‍ തയ്യാറാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് അറിയിച്ചു. അഫ്ഗാനില്‍ സഹായദൗത്യത്തിനായി തയ്യാറെടുക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസും വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതിക്കാരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ തുടങ്ങി. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തെന്ന കേസിലാണ് നടപടി. പരാതിക്കാരിൽ ഒരാളായ അഡ്വക്കേറ്റ് ഷിന്റോയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നത്. നിലവിൽ ആറു പരാതികളാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്.
രാഹുലിനെതിരായ ആരോപണങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവർത്തകരുടെയും മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതുവരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല. പരാതിക്കാർ ഇരയെ കുറിച്ച് തെളിവുകൾ കൈമാറിയാൽ അവരുടെ മൊഴിയെടുക്കും. രാഹുലിനെതിരെ കേസെടുത്ത കാര്യം ക്രൈം ബ്രാഞ്ച് നിയമസഭ സ്പീക്കറുടെ ഓഫീസിനെ അറിയിച്ചു.
ഡോക്ടർ എ. സി. രാജീവ് കുമാർ
കർക്കിടകത്തിലെ തിരുവോണ നാളിൽ പരിപ്പും പപ്പടവും ഓണ വിഭവങ്ങളുമായി ഊണൊരുക്കുന്നതു മുതൽ ഓണം മനസ്സിൽ കുടിയേറും. പുത്തനുടുപ്പും ഓണ വിരുന്നും ഓണക്കളികളും നൽകുന്ന ഉൾ പുളകം കുട്ടി മനസ്സിൽ ഉത്സവമേളം ഒരുക്കും.അത്തം മുതൽ ഗ്രാമ പ്രദേശത്ത് ലഭിക്കുന്ന സാധാരണ പൂക്കൾ കൊണ്ട് പൂക്കളം തീർക്കുന്നത് തന്നെ തുടക്കം.
ബന്ധുക്കൾ എല്ലാം എത്തുന്ന ഓണ അവധി.
ഊഞ്ഞാൽ തന്നെ ആദ്യം. ഇന്നത്തെ പോലെ കയറോ വടമോ ഒന്നും ഇല്ല. മരത്തിൽ പടർന്നു കയറിയിട്ടുള്ള ഊഞ്ഞാൽ വള്ളി കൊണ്ടാണ് ഊഞ്ഞാൽ കെട്ടുക.
പകിട കളി, തായം കളി,
ഒന്ന് നാല് ആറ് പന്ത്രണ്ടു എന്നിങ്ങനെ അടയാളം ഉള്ള തടി കൊണ്ടോ ഓട് കൊണ്ടോ ഉള്ള രണ്ട് പകിടകൾ. കളം വരച്ചത്. പകിട ഉരുട്ടി നിലത്തു ഉരുളൽ നിൽക്കുമ്പോൾ കിട്ടുന്ന സംഖ്യ, രണ്ട് പകിടയിലും ഒന്ന് വീതം എങ്കിൽ രണ്ട് ചൂത് ആദ്യ കളത്തിൽ കയറാം. ഒന്നിൽ മൂന്നും മറ്റതിൽ ഒന്നും എങ്കിൽ ഒരു ചൂത് കയറി മൂന്ന് കളം വെയ്ക്കാം. ഇങ്ങനെ നാലു ചൂതും കയറി ഇറങ്ങുക. ഏറെ നേരം നാലു പേർക്ക് കളിക്കാൻ ഉള്ള അവസരം.
ഇതേ പോലെ ഓല മടൽ ചെത്തി ഉണ്ടാക്കുന്ന തായം എണ്ണം കുറവുള്ള കളം വരച്ചുള്ള കളിയും ഉണ്ട്.
കുടു കുടു കളി, തുമ്പി തുള്ളൽ, ഏത് കയ്യിൽ പഴുക്ക എന്ന പാസിങ് ദി പാർസൽ പോലുള്ള കളി ഒക്കെ ആയിരുന്നു ഞങ്ങളുടെ ഒക്കെ കാലത്തെ ഓണക്കളികൾ.
മുതിർന്നവർ ചതുരംഗം കളിക്കുമായിരുന്നു. വാഴത്തട പല വലിപ്പത്തിൽ കനത്തിൽ മുറിച്ചതാണ് ചൂത്.
കടുവാ കളിയും കുതിരകളിയും ആയി ചെണ്ട മേളങ്ങളോടെ ചിലർ വീടുകളിൽ കയറി ഇറങ്ങും.
നാലാം ഓണം വരെ നാടാകെ ആരവം, ആർപ്പ് വിളികൾ കൊണ്ട് മുഖരിതമാകും.
ഡോക്ടർ എ. സി. രാജീവ് കുമാർ : – ആയുർവേദ ചികിത്സാ രംഗത്ത് അമ്പത് വർഷം. മഹാത്മാഗാന്ധി സർവകലാശാലാ സെനറ്റ്, ഫാക്കൽറ്റി, എക്സ്പെർട്ട് കമ്മിറ്റി അംഗം, ജെ സി ഐ സോൺ ട്രൈനർ, കനിവ് പാലിയേറ്റീവ് കെയർ ഡയറക്ടർ ബോർഡ് അംഗം, പുഷ്പഗിരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ അംഗം, അശ്വതിഭവൻ ചികിത്സനിലയം ഡയറക്ടർ.
വിശാഖ് എസ് രാജ്
യുദ്ധങ്ങളുടെ നടത്തിപ്പിന് മാത്രമായി
കുറച്ചു ദ്വീപുകൾ വേണം.
എത്ര വലിയ പട്ടാളത്തെയും
ഒന്നിലധികം യുദ്ധങ്ങളെയും
താങ്ങാൻ കെൽപ്പുള്ളവ.
രാഷ്ട്രത്തലവന്മാർ
സൈന്യങ്ങളുമായി
ദ്വീപുകളിലേക്ക് പുറപ്പെടണം.
അവിടുന്നൊരു ബോംബിട്ടാൽ
ഞങ്ങളുടെ ആശുപത്രികളിൽ,
സ്‌കൂളുകളിൽ, അടുക്കളകളിൽ
വന്നു വീഴരുത്.
വെടിയുതിർത്താൽ
ഞങ്ങളുടെ നെറ്റി
തുളയ്ക്കുകയുമരുത്.
നിങ്ങൾ സമയമെടുത്ത്
പോരടിച്ചുകൊള്ളുക.
കാലിയായ ആയുധങ്ങൾ
കടലിലെറിഞ്ഞ ശേഷം മാത്രം
മടങ്ങി വരുക.
വിശാഖ് എസ് രാജ് : – കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് താമസിക്കുന്നു. സ്‌കൂൾകാലം മുതൽ കഥകളും കവിതകളും എഴുതുന്നു. മാതൃഭൂമി, സമകാലിക മലയാളം, മൂല്യശ്രുതി, കലാപൂർണ്ണ തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്പരം മാസികയുടെ ആറാമത് കരുണാകരൻകുട്ടി സ്മാരക കഥാ പുരസ്കാരം , മൺസൂൺ കഥാ പുരസ്‌കാരം (2022) എന്നിവയ്ക്ക് അർഹനായി.
ഈ വർഷത്തെ ഏറ്റവും പുതിയ ഓണപാട്ട് ചെസ്റ്റർ ഫീൽഡിൽ റിലീസ് ചെയ്തു. ഓർമ്മയിൽ നിറയും ഓണക്കാലം, മനസ്സിൽ നിറയും നല്ലൊരു കാലം. ഗൃഹാതുരത്വം തുളുമ്പുന്ന ഷിജോ സെബാസ്റ്റ്യന്റെ വരികൾക്ക് ഈണം നൽകിയത് ഷാൻ ആന്റണി യും പാടി മനോഹര മാക്കിയത് രമേശ് മുരളിയും ആണ്.ക്യാമറ ജെയ്ബിൻ തോളത്തും എഡിറ്റിംഗ് സൂര്യ ദേവയും റെക്കോർഡിങ് മരിയൻ ഡിജിറ്റൽ സ്റ്റുഡിയോയും നിർവഹിച്ചു. മ്യൂസിക് ഷാക്ക് ചാനലിൽ റിലീസ് ചെയ്ത ഈ ഗാനം ഇതിനോടകം തന്നെ ജന ഹൃദയങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. ഷൈൻ മാത്യു,സ്റ്റാൻലി ജോസഫ്,പോൾസൺ പള്ളത്തുകുഴി,ജിയോ ജോസഫ്,ഏബിൾ എൽദോസ്, ജെസ് തോമസ്,സ്വരൂപ് കൃഷ്ണൻ,ഹർഷ റോയ്, ഇന്ദു സന്തോഷ്,ഐറിൻ പീറ്റർ,നൃത്ത ചുവടുകളുമായി നമ്മുടെ കുട്ടികളും ദൃശ്യാവിഷ്കരണത്തെ കൂടുതൽ മനോഹരമാക്കി. ജാതിമതഭേദമെന്യേ മലയാളികൾ ഒരുമയോടെ ഓണം ആഘോഷിക്കുമ്പോൾ നല്ല നാളുകളുടെ ഓർമ്മ പുതുക്കുന്ന തിരുവോണ നാളിന്റെ മംഗളങ്ങൾ ഏവർക്കും സ്നേഹത്തോടെ നേരുന്നു..
2001ന് ശേഷം ആദ്യമായി യുഎസ് സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2025 ജൂണിൽ 2.1 ലക്ഷം ഇന്ത്യക്കാരാണ് യുഎസിലേക്ക് യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേസമയം ഇത് 2.3 ലക്ഷമായിരുന്നു. യുഎസ് വാണിജ്യ വകുപ്പിന്റെ നാഷനൽ ട്രാവൽ ആൻഡ് ടൂറിസം ഓഫിസ് (എൻടിടിഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 8 ശതമാനം കുറവാണ് കാണിക്കുന്നത് .
മറ്റു രാജ്യങ്ങളിൽ നിന്ന് യുഎസിലേക്കു വരുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
2024 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം 5.5 ശതമാനം ഇടിവാണ് കാണിക്കുന്നത്. എന്നാൽ ഈ മാന്ദ്യം ആഗോള പ്രവണതയുടെ ഭാഗമാണെന്നാണ് റിപ്പോർട്ടിലുള്ളത്.
യുഎസിലേക്കുള്ള മൊത്തത്തിലുള്ള രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തിലും ജൂണിൽ 6.2 ശതമാനം, മേയിൽ 7 ശതമാനം, മാർച്ചിൽ 8 ശതമാനം, ഫെബ്രുവരിയിൽ 1.9 ശതമാനം എന്നിങ്ങനെ കുറവുണ്ടായതായി എൻടിടിഒ ഡേറ്റ കാണിക്കുന്നു.
അതേസമയം, ജനുവരിയിലും ഏപ്രിലിലും മാത്രമാണ് യഥാക്രമം 4.7 ശതമാനത്തിന്റെയും 1.3 ശതമാനത്തിന്റെയും വർധനവ് ഉണ്ടായത്. യുഎസിലേക്കുള്ള രാജ്യാന്തര സന്ദർശകരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. യുഎസിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ, അതിർത്തി പങ്കിടുന്ന മെക്സിക്കോയും കാനഡയും ഒഴിച്ചുനിർത്തി, യുകെ കഴിഞ്ഞാൽ രണ്ടാമത് ഇന്ത്യയാണ്. തൊട്ടുപിന്നിൽ ബ്രസീൽ.