കുമളിക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുട്ടി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്നാട് ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ് (46), ദേവദാസ് (55), ശിവകുമാര്‍ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷണ്മുഖ സുന്ദര പുരം സ്വദേശി വിനോദ് കുമാര്‍ (43) തുടങ്ങിയവരാണ് മരിച്ചത്.
കേരള തമിഴ്നാട് അതിര്‍ത്തിയായ കുമളിയില്‍ നിന്നും മൂന്നുകിലോമീറ്റര്‍ അകലെ വാഹനത്തിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഹെയര്‍പിന്‍ വളവുകയറി വന്ന വാഹനം മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
വെള്ളം കൊണ്ടുപോകുന്ന പൈപ്പിന് മുകളിലേക്കായിരുന്നു വാഹനം വീണത്. കുമളി പൊലീസും നാട്ടുകാരുമാണ് സംഭവസ്ഥലത്ത് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കമ്പത്തുനിന്ന് പൊലീസും അഗ്‌നിരക്ഷാ സേനയും എത്തി.
ഒരു കുട്ടി അടക്കം 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മരത്തില്‍ ഇടിച്ചപ്പോള്‍ ഏഴു വയസുകാരന്‍ പുറത്തേക്ക് തെറിച്ചുവീണതിനാല്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുട്ടിയെ കുമളിയിലെ ആശുപത്രിയിലും ഒരാളെ കമ്പത്തെ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
നടന്‍ ശ്രീനിവാസനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. മലയാള സിനിമയില്‍ കണ്ട ചുരുക്കം ചില നല്ല മനുഷ്യരില്‍ ഒരാളാണ് ശ്രീനിവാസന്‍ എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
ശ്രീനിചേട്ടനൊക്കെ സ്വയം നശിപ്പിച്ചുവെന്ന് പറയും. സ്വയം പീഡിപ്പിച്ച് നശിപ്പിച്ചു.’ശ്രീനിചേട്ടനോട് നൂറ് പ്രാവശ്യം ഞാന്‍ പറഞ്ഞിട്ടുണ്ട് സിഗരറ്റ് വലി നിര്‍ത്തണമെന്ന്. സ്വയംവര പന്തലിന്റെ സ്‌ക്രിപ്റ്റ് വാങ്ങിക്കാന്‍ ഞാന്‍ അദ്ദേഹത്തിന്റെ എസി മുറിയില്‍ ചെന്നപ്പോള്‍ ശ്രീനി ചേട്ടനെ കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ആ മുറി മുഴുവന്‍ പുകയായിരുന്നു. ഒരു സിഗരറ്റില്‍ നിന്നും മറ്റൊരു സിഗരറ്റ് കത്തിക്കുകയാണ്.’ശാന്തിവിള ദിനേശ് പറയുന്നു.
‘പുകവലിയുടെ ഒപ്പം മദ്യപാനവുമുണ്ടായിരുന്നു. ചിലപ്പോള്‍ എഴുതുന്നതിന്റെ മാനസിക ടെന്‍ഷനായിരിക്കാം. വലിക്കുമ്പോള്‍ അതില്‍ നിന്ന് റിലീഫ് കിട്ടുമെന്നാണ് അദ്ദേഹം പറയാറുള്ളത്. മലയാള സിനിമയില്‍ കണ്ട ചുരുക്കം ചില നല്ല മനുഷ്യരില്‍ ഒരാളാണ് ശ്രീനിചേട്ടന്‍ എന്ന് ഞാന്‍ പറയും.’
‘ഇന്നലെകള്‍ മറക്കാത്ത മനുഷ്യനാണ് ശ്രീനിവാസന്‍. അദ്ദേഹം പൈസയ്ക്ക് വേണ്ടി കലഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പൈസയ്ക്ക് വേണ്ടി ആര്‍ത്തി കാണിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ ശ്രീനിചേട്ടനോട് പറയാറുണ്ട് അദ്ദേഹത്തിന്റെ അക്കൗണ്ടന്റ് വഴി. ജീനിയസാണ് അദ്ദേഹം.’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈവത്തിന്റെ സ്വന്തം നാട് കാണാൻ എത്തിയ സ്പാനിഷ് ദമ്പതിമാര്‍ തൃശ്ശൂരില്‍ അപകടത്തില്‍പ്പെട്ടു. സ്പാനിഷ് ദമ്പതിമാരായ ലൂയിസും മറിയയുമാണ് അപകടത്തില്‍പ്പെട്ടത്. ചാവക്കാട്ടുവെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍സൈക്കിളില്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മറിയയുടെ കാലൊടിയുകയും നട്ടെല്ലിന് പരിക്കേറ്റു.
മറിയയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ദമ്പതികൾ. ഭാഷ വശമില്ലാതെ, ആവശ്യത്തിന് പണമില്ലാതെ, നിയമത്തിന്റെ നൂലാമാലകള്‍ തീര്‍ക്കാനാകാതെ പകച്ചുനില്‍ക്കുകയാണ് ഭർത്താവ്.
കേരളം വഴി ഗോവയിലേക്ക് പുതുവര്‍ഷദിനത്തില്‍ എത്താനായിരുന്നു പദ്ധതി. കേരളത്തിലെ റോഡുകള്‍ സൈക്കിള്‍യാത്രയ്ക്ക് യോജിച്ചതല്ലാത്തതിനാലും യാത്ര വൈകുന്നതിനാലുമാണ് സൈക്കിള്‍ ഒഴിവാക്കി വാടകയ്‌ക്കെടുത്ത മോട്ടോര്‍ സൈക്കിളില്‍ ഇരുവരും യാത്ര തുടര്‍ന്നത്. കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. മൂന്നാം തവണയാണ് ഇവര്‍ ഇന്ത്യയിലെത്തുന്നത്.
യൂറോപ്പില്‍ കറങ്ങി ഫ്രാന്‍സ്, ഇറ്റലി, സ്ലോവാക്യ, ക്രോയേഷ്യ, തുര്‍ക്കി, ജോര്‍ജിയ, ഇറാന്‍, ദുബായ്, ഒമാന്‍ വഴിയാണ് ഇന്ത്യയിലെത്തിയത്. കൗച്ച്‌സര്‍ഫിങ്ങ് എന്ന യാത്രികരുടെ കൂട്ടായ്മയാണ് ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നത്. ഏപ്രില്‍ മൂന്നിനാണ് ഇവര്‍ നാട്ടില്‍നിന്ന് യാത്ര തുടങ്ങിയത്.
നിയമകുരുക്കുകളെതുടർന്ന് മൂന്ന് മാസത്തോളം അടിവാരത്ത് തടഞ്ഞിട്ട ഭീമൻ യന്ത്രങ്ങൾ കയറ്റിയ കൂറ്റൻ ട്രക്കുകൾ താമരശ്ശേരി ചുരം കയറി. വൻ സന്നാഹങ്ങളുടെ അകമ്പടിയിലാണ് നഞ്ചൻകോട് നെസ്ലെ ഫാക്ടറിയിലേക്കുള്ള ഭീമൻ യന്ത്രങ്ങങ്ങളുമായി ചുരംകയറിയത്. ഇതോടെ താമരശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത തടസങ്ങൾ ഒഴിവായി.
രാത്രി 10.50 നാണു ഭീമൻ യന്ത്രങ്ങളും വഹിച്ച് ട്രക്കുകൾ അടിവാരത്ത് നിന്ന് പുറപ്പെട്ടത് .ട്രക്കുകളെ അനുഗമിച്ച് പൊലീസ്, വനം, റവന്യൂ, മോട്ടോർവാഹന, കെ എസ് ഇബി അധികൃതരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഉണ്ടായിരുന്നു. അടിയന്തര സഹായത്തിന് ആംബുലൻസുകളും ഹിറ്റാച്ചിയും ക്രമീകരിച്ചിരുന്നു.
ചുരം വഴിയുള്ള മറ്റ് വാഹനങ്ങളുടെ യാത്ര വഴിതിരിച്ച് വിട്ടായിരുന്നു ട്രക്കുകൾക്ക് വഴിയൊരുക്കിയത്. മൂന്ന് മണിക്കൂറിനൊടുവിൽ മൂന്ന് മണിക്കൂർ പിന്നിട്ട് പുലർച്ചെ 2.10 ഓടെ
ട്രെയിലറുകൾ വയനാട് ലക്കിടിയിലെത്തി.
കർണാടകയിലെ നഞ്ചൻകോടുള്ള നെസ്ലെ ഫാക്ടറിയിലേക്ക് പാൽപ്പൊടി മിക്സിംഗ് യൂണിറ്റായിരുന്നു രണ്ട് ഭീമൻ യന്ത്രങ്ങൾ. കൊറിയയിൽ നിന്ന് ചെന്നെയിലെത്തിയ യന്ത്രങ്ങൾ നഞ്ചൻകോടെത്തിക്കേണ്ടതിൻറെ ഉത്തരവാദിത്വം അണ്ണാമലൈ ട്രാൻസ്പോർട്ടിനായിരുന്നു. ട്രക്കുകൾ കടന്നുപോകുമ്പോൾ നാശനഷ്ടങ്ങളുണ്ടാകുമെന്ന അടിസ്ഥാനത്തിൽ 20 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അണ്ണാമലൈ ട്രാൻസ്പോർട്ട് സർക്കാറിൽ കെട്ടിവച്ചതോടെയാണ് ചുരം കടക്കാൻ അനുമതിയായത്.
നാഗ്‌പൂരിൽ നടക്കുന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗമായ 10 വയസുകാരി നിദ ഫാത്തിമ മരിച്ചു. ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. . ആലപ്പുഴ സ്വദേശിയാണ് മരിച്ച നിദ. കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച നിദയ്ക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയധികൃതർ നൽകുന്ന വിവരം.
ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് വിവരം. സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിനെത്തുടർന്നാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ലായിരുന്നു. രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞിരുന്നത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു.
മോഹൻലാലും പ്രണവ് മോഹൻലാലും സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടവരാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. പ്രണവിനൊപ്പം ഭക്ഷണം പാകം ചെയ്യുകയും ഒന്നിച്ചിരുന്നു കഴിക്കുകയും ചെയ്യുന്ന മോഹൻലാലിന്റെ ചിത്രത്തെക്കുറിച്ചുള്ള തകർപ്പൻ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. 62 കാരൻ മോഹൻലാൽ വിഗ് വെച്ച് സുന്ദരനായെത്തിയപ്പോൾ 32കാരൻ മകൻ തലയിൽ കഷണ്ടിയായിട്ടാണിരിക്കുന്നതാണ് ചർച്ചക്ക് തുടക്കം. മോഹൻലാലിന്റെ പലരൂപത്തിലുള്ള വിഗ് വെക്കലുകൾ നേരത്തെയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
സുകുമാർ അഴീക്കോടിനെപ്പോലുള്ളവർ മോഹൻലാലിന്റെ വിഗിനെതിരെ നേരത്തെ വിമർശനമുന്നയിച്ചിരുന്നു, മോഹൻലാൽ വിഗ് മാറ്റിയാൽ സുന്ദരൻ ഞാനായിരിക്കുമെന്നാണ് അദ്ദേഹം അന്ന് പ്രസ്ഥാവന നടത്തിയത്. ഇതിനെതിരെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. മോഹൻലാലിന്റെയും പ്രണവിന്റെയും ചിത്രം അറിയാതെ പുറത്തായതാണോ.. അതോ അറിഞ്ഞുകൊണ്ട് വന്നതാണോയെന്നാണ് സോഷ്യൽ മീഡിയയും ചോദിക്കുന്നത്. എന്തായാലും മകൻ യാത്രകളെ സ്നേഹിച്ച് ലാളിത്യത്തോടെ ജീവിക്കുന്നതിനാൽ ഇതൊന്നും ശ്രദ്ധിക്കാറില്ലെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം, സൗന്ദര്യ സംരക്ഷണത്തിനു മാത്രം ലക്ഷങ്ങൾ ചിലവഴിക്കുന്ന മോഹൻലാൽ വിഗ് വെച്ചതിനെ ചിലർ പിന്തുണക്കുന്നുമുണ്ട്.
പണ്ട് മോഹൻലാലിന്റെ ഒരു സിനിമ വിടാത്ത ആളായിരുന്നു. ഇപ്പോൾ ഞാൻ മോഹൻലാലിന്റെ 25 സിനിമകളോളം കണ്ടിട്ടില്ല. അയ്യോ, സഹിക്കാൻ പറ്റില്ല, പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ പറഞ്ഞ് കുറേ കൂതറ സിനിമകൾ. നമ്മളുടെ പൈസയും കൊടുത്ത് ചീത്തയും വിളിച്ച് തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോവുന്നത് എന്തിനാണ്. റബ്ബറിന്റെ കറ വറ്റുമ്പോൾ അവസാനം ഒരു വെട്ട് വെട്ടും’
ഊറ്റിയെടുക്കും കറ. അത് പോലെ മോഹൻലാലിനെയും മമ്മൂട്ടിയെയും ഊറ്റി എടുക്കുകയാണ്. കാരണം അവരുടെ കാലഘട്ടം കഴിഞ്ഞില്ലേ. പത്ത് നാൽപത് വർഷം ആയില്ലേ. എത്ര വില കൂടിയ വിഗ് വെച്ചാലും മോഹൻലാൽ വിഗ് വെച്ചിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാംമെന്നും ശന്തിവിള ദിനേശ് പറഞ്ഞു.
അതേ സമയം സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ ഡിസംബർ 23 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ജോൺ മേരി ക്രിയേറ്റിവ് ലിമിറ്റടിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ റിലീസിനെക്കുറിച്ച് ശ്രീ. ഷിബു ബേബി ജോണിന്റെ പ്രൊഡക്ഷൻ കമ്പനി ആയ ജോൺ ആൻഡ് മേരി ക്രിയേറ്റിവിൽ ഒഫീഷ്യൽ സ്ഥിരീകരണം ഇപ്രകാരം ആണ്. ഇതിനോടകം തന്നെ സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ – ലിജോ ജോസ് പല്ലിശ്ശേരി ചിത്രം വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ദൃശ്യവിസ്മയം ആയിരിക്കുമെന്നുറപ്പാണ്.
ചിക്കന്‍ പ്രേമികളുടെ ഇഷ്ടവിഭവമായ ചിക്കന്‍ ടിക്ക മസാലയുടെ ഉപജ്ഞാതാവ് സ്‌കോട്ടിഷ് കറി കിങ് സൂപ്പര്‍ അലി അസ്ലം അന്തരിച്ചു. 77 വയസായിരുന്നു. കുറച്ച് നാളുകളായി അസുഖബാധിതനായിരുന്നു.
ഗ്ലാസ്‌ഗോയിലെ ഷിഷ് മഹല്‍ റെസ്റ്റോറന്റ് നടത്തി വന്നിരുന്ന കാലത്താണ് അപ്രതീക്ഷിതമായി അലി അഹമ്മദ് അസ്ലം ചിക്കന്‍ ടിക്ക മസാല ഉണ്ടാക്കിയത്. 1970ലാണ് അദ്ദേഹം ചിക്കന്‍ ടിക്ക മസാലക്കൂട്ട് കണ്ടെത്തുന്നത്. വിഭവം ഹിറ്റായതോടെ അലിയെ ആളുകള്‍ ആദരസൂചകമായി സൂപ്പര്‍ അലി എന്ന് വിളിക്കാന്‍ തുടങ്ങി.
1970കളിലാണ് അലി അഹമ്മദ് തക്കാളി സോസ് ചേര്‍ത്തുള്ള ചിക്കന്‍ ടിക്ക മസാലയുടെ കൂട്ട് വികസിപ്പിച്ചത്. ഏറെ അപ്രതീക്ഷിതമായാണ് അലി ചിക്കന്‍ ടിക്ക മസാല കണ്ടെത്തുന്നത്. തന്റെ ഹോട്ടലിലെത്തിയ ഒരാള്‍ ചിക്കന്‍ കറി ഡ്രൈ ആയിപ്പോയതിന് പരാതി പറഞ്ഞതിന് പിന്നാലെയായിരുന്നു ആ ഹിറ്റായ കണ്ടുപിടുത്തം.
തന്നെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്ന കസ്റ്റമറുടെ മനസ് കവരാന്‍ തൈര്, സോസ്, ക്രീം, മസാലകള്‍ എന്നിവ ചേര്‍ത്ത് അലി ചിക്കന്‍ ഗ്രേവി തയ്യാറാക്കി. ആ കറി കസ്റ്റമര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. കൊള്ളാമെന്ന് തോന്നിയതോടെ വിഭവം ഹോട്ടല്‍ മെനുവില്‍ ഉള്‍പ്പെടുത്തുകയും അലിയുടെ ചിക്കന്‍ ടിക്ക മസാല ലോകത്തിന്റെ ഒന്നാകെ രുചി കവരുകയും ചെയ്തു.
കടയില്‍ എത്തിയ 13 കാരിയെ ബേക്കറി ഉടമ കയറിപ്പിടിച്ചു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവെത്തി ബേക്കറിക്ക് തീകൊളുത്തി. കടയുടമയായ 57 വയസുകാരനാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. കേസുമായി ബന്ധപ്പെട്ട് ചേരാനെല്ലൂര്‍ സ്വദേശി ബാബുരാജ്(57), പെണ്‍കുട്ടിയുടെ പിതാവായ ചേരാനെല്ലൂര്‍ സ്വദേശി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ബേക്കറിയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. പിന്നാലെ രാത്രി പെണ്‍കുട്ടിയുടെ പിതാവ് പെട്രോള്‍ ഒഴിച്ച് ബേക്കറിയ്ക്ക് തീ കത്തിക്കുകയായിരുന്നു.
തേജസ് ക്രിയേഷൻസിന്റെ ബാനറിൽ ഷാജി തേജസ് കഥ,തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിച്ച് പ്രധാന വേഷത്തിൽ അഭിനയിച്ച രുദ്രന്റെ നീരാട്ട്… എന്ന സിനിമയ്ക്ക് 09-)മത് മീഡിയ സിറ്റി നെടുമുടി വേണു ഫിലിം & ടെലിവിഷൻ അവാർഡിൽ ഷോർട്ട് ഫിലിം ലോങ്ങ് വിഭാഗത്തിൽ പുരസ്‌കാരം.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി വി ചാനലായ മീഡിയ സിറ്റി, കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന തിന്റെ ഭാഗമായി സംഘടിപ്പിച്ച 09-)മത് ഫിലിം നൈറ്റ് 21.12.2022 വൈകിട്ട് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ (മുൻ VJT ഹാൾ ) പ്രൗഢഗംഭീരമായ സാംസ്‌കാരിക സമ്മേളനത്തിൽ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സന്നിഹിതരായിരുന്നു.

സിനിമയുടെ സമസ്ത മേഖകളിലും സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ച് സമാന രീതിയിൽ രണ്ടു സിനിമകൾ ചെയ്ത അപൂർവ്വ വ്യക്തിത്വത്തിനാണ് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ ഷാജി തേജസ് വേൾഡ് റെക്കോർഡിന് അർഹത നേടിയത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ആർ ബിന്ദു ഷാജി തേജസ്സിന് വേൾഡ് റെക്കോർഡ് നൽകി ആദരിച്ചു.
പ്രസ്തുത സിനിമയ്ക്ക് ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് ആക്ടർ പുരസ്‌കാരങ്ങളും ഷാജി തേജസ് കരസ്ഥമാക്കി.
മികച്ച ഛായാഗ്രഹണം :തേജസ് ഷാജി
മികച്ച ഗാനരചയിതാവ് :ബാബു എഴുമാവിൽ
മികച്ച സംഗീത സംവിധാനം:രാംകുമാർ മാരാർ
മികച്ച ഗായകൻ :ഷിനു വയനാട്.
മറ്റ് ജൂറി പുരസ്‌കാരങ്ങളും ഈ ചിത്രം കരസ്ഥമാക്കി.
ചിത്രം ഒ റ്റി റ്റി പ്ലാറ്റ് ഫോമിൽ ജനുവരിയിൽ റിലീസ്.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയായിരുന്നു യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ നടന്നത്.
ചടങ്ങില്‍ നടന്‍ കണ്ണന്‍ സാഗര്‍ പങ്കെടുത്തിരുന്നു. നടന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭാര്യയുടെ മൃതദേഹത്തിനരികില്‍ വിങ്ങിപ്പൊട്ടുന്ന ഉല്ലാസും, അമ്മയുടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്ന മക്കളും എല്ലാവരിലും നോവ് പടര്‍ത്തിയെന്ന് അദ്ദേഹം പറയുന്നു.
ചലനമറ്റ ഭാര്യയുടെ സമീപം ഒരു കസേരയില്‍ കരഞ്ഞു വീര്‍ത്തുകെട്ടിയ നനവ് പൊടിയുന്ന ഒന്ന് വിങ്ങിപൊട്ടാന്‍ ഉറക്കെ കരയാന്‍ വെമ്പിനില്‍ക്കുന്ന കണ്ണുകളാല്‍ നിസഹായാവസ്ഥയില്‍ മറ്റൊന്നും ശ്രദ്ധയില്‍ പെടാതെ, പെടുത്താന്‍ ശ്രെമിക്കാതെ തന്റെ പ്രിയതമയുടെ വിയോഗം വിശ്വസിക്കാനാകാതെ എന്തക്കെയോ ആലോചനയുടെ, ചിന്തകളുടെ, ഓര്‍മ്മകളുടെ വലയത്തില്‍ കുടുങ്ങിയ മനസ്സുമായി ആ സഹപ്രവത്തകന്‍ ഇരിക്കുന്നു,തങ്ങളുടെ സ്‌നേഹനിധിയോ, പ്രിയപ്പെട്ടതോ ആയ സഹോദരിയെ, സുഹൃത്തിനെ, അയല്‍വക്കം കാരിയെ ഒരു നോക്ക് കാണുവാന്‍ നിശബ്ദതയുടെ അകമ്പടിയാല്‍ അടക്കി പിടിച്ച വിതുമ്പലോടെ നിരനിരയായി വന്നുപോകുന്ന സ്‌നേഹിതര്‍,ചിലരുടെ കണ്ണുകള്‍ നിറയുന്നു, ചിലര്‍ സാരിതലപ്പുകൊണ്ടു, മറ്റ് ചിലര്‍ കയ്യില്‍ കരുതിയ തുണ്ടം തുണികൊണ്ടും കണ്ണുകള്‍ തുടച്ചും, ആ കൂട്ടുകാരിക്കൊപ്പമോ, സഹോദരിക്കൊപ്പമോ, ആ അയല്‍ക്കാരിക്കൊപ്പമോ പങ്കുവെച്ച നിമിഷങ്ങളെ ഓര്‍ത്തു ഒന്ന് വിങ്ങിപൊട്ടുന്നു,
ചുറ്റുമിരിക്കുന്ന പ്രിയപ്പെട്ട ബന്ധുജനങ്ങളുടെ ഇടയില്‍ തന്റേതായ രണ്ട് ആണ്‍മക്കള്‍ കസേരയില്‍ ഇരുന്നു അടുത്ത നിമിഷം ആ വീട്ടില്‍ നിന്നും തങ്ങളെ പോറ്റി വളര്‍ത്തിയ അമ്മ യാത്രയാകുന്നതും ആ ഇറക്കം ഒരിക്കലും തിരിച്ചു വരാത്ത യാത്രയാകുമെന്നും ഇടക്ക് ഓര്‍ത്തു ഓര്‍ത്തു കരയുന്ന മക്കള്‍,പുറത്തു ആ സഹോദരിയെ യാത്രയാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു,തളര്‍ന്നിരിക്കുന്ന സഹപ്രവര്‍ത്തകന്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നു പെട്ടന്ന് വണ്ടി തയ്യാറായി അദ്ദേഹം ആശുപത്രിയിലേക്ക്,ദുഃഖത്തിന്റെ ഭാരത്താല്‍ മനസ്സിനും തലക്കും ശരീരത്തിനും താങ്ങാവുന്നതിലും വേദന നിറയുന്നു നിയന്ത്രണം ലക്ഷ്യമില്ലാതെ ആകുന്ന തോന്നലുകള്‍,നോവിന്റെ കൂടെ സൂചികൊണ്ടുള്ള കുത്തുകള്‍ വേദനകള്‍ അല്ലേയെന്നുള്ള മുഖഭാവത്താല്‍ ട്രിപ്പിട്ടു, മരുന്നുവെള്ളം ഒരാശ്വാസം കിട്ടുന്നെങ്കില്‍ നല്ലതല്ലേ എന്നു കൊണ്ടുവന്ന സഹപ്രവര്‍ത്തകര്‍..
നല്ലചൂടില്‍ തകരം കൊണ്ടുള്ള താത്കാലിക പന്തലില്‍ ഒരു നോക്ക് കാണുവാനും, സംസ്‌കാര ചടങ്ങില്‍ പങ്കുകൊള്ളാനുമായി, നാട്ടുകാരും ബന്ധുജനങ്ങളും, കലാസാംസ്‌കാരിക രാഷ്ട്രീയരംഗത്തുള്ള ഉന്നതരും, കൂട്ടുകാരും സഹപ്രവര്‍ത്തകരും നിറഞ്ഞു നില്‍ക്കുന്നു,കര്‍മ്മങ്ങള്‍ തുടങ്ങി പരേതാത്മാവിന് ശാന്തിക്കായി പ്രാര്‍ത്ഥനകളാല്‍ അന്തരീക്ഷം ശബ്ദമുഖരിതം, ഇനിയും കാണാത്തവര്‍ക്ക് കാണാം എന്നാരോ വിളിച്ചു പറഞ്ഞു, നിശബ്ദം,നിന്നവരുടെ ചങ്കുതകരുന്ന ഒരു കാഴ്ച പഠിച്ചും കളിച്ചും നടക്കുന്ന പ്രായത്തിലുള്ള രണ്ട് ആണ്‍മക്കള്‍ തങ്ങളുടെ ചലനമറ്റ അമ്മയെ കെട്ടിപിടിച്ചു പൊട്ടികരയുന്ന ആ നിമിഷം കണ്ടുനിന്നവരുടെ കണ്ണുകള്‍ ഈറനണിയിച്ചു, കൂടെ സഹപ്രവര്‍ത്തകന്‍ കുഞ്ഞുങ്ങളെ കെട്ടിപിടിച്ചു വാവിട്ടകരച്ചിലും,ഭാര്യയുമായി, അമ്മയുമായിയുള്ള ആ ബന്ധത്തിന്റെ ആഴവും, സ്‌നേഹവും ആത്മാര്‍ത്ഥതയും ജീവനായികണ്ടതും വിട്ടുപിരിയാന്‍ വയ്യാത്തത്ര മനസ്സും ഇനിയില്ല എന്ന തോന്നലുകളും എന്തിന് നീയിതു ചെയ്തു എന്ന പദംപറച്ചിലും ആ ഹൃദയം തകരുന്ന രംഗവും കാഴ്ചക്കാര്‍ക്ക് നല്ല നോവുള്ള മനസ് തകരുന്ന അനുഭവമായിരുന്നു,..
അവസാനയാത്രയുടെ പരിയവസാനം സംസ്‌കാരചടങ്ങുകളിലേക്ക്,ഇത് കഴിയലും വീണ്ടും സഹപ്രവര്‍ത്തകന്‍ ബാക്കിയിരിക്കുന്ന മരുന്നുവെള്ളം വീണ്ടും ശരീരത്തില്‍ നിറക്കാന്‍ ഉറക്കമില്ലാത്ത രാവുകളും ഭക്ഷണം കഴിപ്പ് തീരെയില്ലാത്ത ദിനങ്ങളും ശരീരത്തിന് ഊര്‍ജ്ജം ഇല്ലായിമയും അദ്ദേഹത്തെ അവശനാക്കിയിരിക്കുന്നു, സ്വാന്തനപ്പെടുത്തി, വിധിയെ പഴിച്ചും ഇടക്ക് ഇനിയും വരാം നമുക്ക് ഒന്നിച്ച് പൊട്ടിച്ചിരിപ്പിക്കുന്ന തമാശകള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് വിളമ്പി ദുഃഖങ്ങള്‍ മറക്കാമെന്നു ഒന്ന് തലയില്‍ തലോടി ഞാനും തിരിച്ചു എന്റെ വീട്ടിലേക്ക്…മനസ് മരവിച്ചു നല്ല വേദനയാല്‍ തകര്‍ന്നിരിക്കുന്നു എന്റേയും സഹപ്രവര്‍ത്തകന്‍ കൂടിയായ ഉല്ലാസ് പന്തളം, സംഭവിക്കാനുള്ളത് സംഭവിച്ചു, കെട്ടിചമച്ചതും, കെട്ടാതെ ചമച്ചതും ഊഹാപോഹങ്ങള്‍ കുത്തിനിറച്ചും വല്ലായ്മകളും ഇല്ലായ്മകളും പറഞ്ഞു പരത്തിയും വാര്‍ത്തകള്‍ ആഘോഷമാക്കുന്നവര്‍ ധര്‍മ്മവും മനസാക്ഷിയും കൈവിടാതെ മാദ്ധ്യമസത്യം പുലര്‍ത്തുക, അല്‍പ്പം കാറ്റും വെളിച്ചവും അദ്ദേഹത്തിന് നല്‍കാം ഒരു കലാകാരന്‍ എന്ന പരിഗണന നല്‍കി, തകരുന്ന മനസുകള്‍ക്ക് ഒരു സ്വാന്തനമാകാം…പ്രിയ സോദരിക്ക് കണ്ണീര്‍ പ്രണാമം.