Latest News

കോണ്‍ഗ്രസും നടന്‍ ജോജു ജോര്‍ജും തമ്മിലുണ്ടായ തര്‍ക്ക്തതിന് പിന്നാലെ പ്രശ്‌നത്തില്‍ ഇടപെട്ട് മുതിര്‍ന്ന നേതാക്കള്‍. പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോജുവിന്റെ സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതായി ഷിയാസ് വ്യക്തമാക്കി.

ജോജുവിന്റെ അടുത്ത സുഹൃത്തുക്കളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഹൈബി ഈഡന്‍ എന്നിവരുടെ നേത്യത്വത്തിലാണ് പ്രശ്‌ന പരിഹാര ചര്‍ച്ച നടന്നത്. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.

ഇന്ധന വില വര്‍ധനവിനെതിരെയാണ് കോണ്‍ഗ്രസ് സമരം ചെയ്തതെന്നും അത് ഒരിക്കലും നടന്‍ ജോജുവിന് എതിരെ അല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മനുഷ്യസഹജമായ പ്രശ്‌നങ്ങളാണ് ഉണ്ടായത്. സമരത്തിന്റെ ഉദ്ദേശശുദ്ധി മനസ്സിലായെന്ന് ജോജുവിന്റെ സുഹൃത്തുക്കള്‍ അറിയിച്ചതായി മുഹമ്മദ് ഷിയാസ് പറഞ്ഞു.

ബിനോയ് എം. ജെ.

ദുഃഖത്തിന്റെ മന:ശ്ശാസ്ത്രം നിങ്ങൾ പഠിച്ചിട്ടുണ്ടോ? അടുത്ത തവണ ഏതെങ്കിലും ദുഃഖമുണ്ടാകുമ്പോൾ അല്പം മാറി നിന്ന് അതിനെ നിരീക്ഷിക്കുവിൻ. എന്താണ് അവിടെ സംഭവിക്കുന്നത്? ഉള്ളിന്റെയുള്ളിൽ നിന്ന് ശക്തമായ ഒരുസ്വരം മന്ത്രിക്കുന്നു -യാതൊരു കാരണവശാലും ദുഃഖിക്കരുത് . ഇത് ആത്മാവിന്റെ സ്വരമാണ് . എന്നാൽ മനസ്സുണ്ടോ അതു വല്ലതും കേൾക്കുന്നു. മനസ്സ് ദുഃഖിച്ചു തുടങ്ങുന്നു. ദുഃഖിക്കാതിരിക്കുവാൻ അതിനാവില്ല. ദുഃഖം അതിന്റെ ശീലവും പ്രകൃതം ആയി പോയി. മനസ്സ് തന്നെ ദുഃഖമായി രൂപാന്തരപ്പെട്ട് കഴിഞ്ഞിരിക്കുന്നു.

ഇവിടെ ഒരു ആശയക്കുഴപ്പം രൂപമെടുക്കുകയാണ്. ദുഃഖിക്കണമോ അതോ ദു:ഖിക്കാതെയിരിക്കണമോ? ദു:ഖിക്കരുതെന്ന് ആത്മാവ് പറയുമ്പോൾ മനസ്സ് അതിനെ തള്ളിക്കളയുന്നു. മനസ്സ് അനുസരണക്കേട് കാണിക്കുന്നു. അനുസരണക്കേടിൽ നിന്നുമാണ് പാപം ഉണ്ടാകുന്നതെന്ന് ക്രിസ്തുമതക്കാർ പറയുന്നത് എത്രയോ ശരിയാണ്. അതിനാൽ തന്നെ ദുഃഖത്തിൽ നിന്ന് കരകയറുവാനുള്ള ഏകമാർഗ്ഗം മനസ്സിന്റെ അനുസരണയാണ്. ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാവാം . ശാരീരികമായ രോഗങ്ങളും മറ്റും പലരുടെയും -പ്രത്യേകിച്ച് യൗവ്വനം കടക്കുന്നവരുടെ- ഒരു പ്രധാന പ്രശ്നമാണ്. ദു:ഖം ശാരീരിക പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയേ ചെയ്യുന്നുള്ളൂ. ദു:ഖിക്കാതെയിരുന്നാൽ ശാരീരികപ്രശ്നങ്ങൾ തിരോഭവിക്കാനാണ് സാധ്യത കൂടുതൽ. അതുകൊണ്ടുതന്നെയാണ് ദുഃഖിക്കാതിരിക്കുവാനുള്ള ശാസന ആത്മാവിൽ നിന്നും വരുന്നത് . ശാരീരിക രോഗങ്ങൾ ഉണ്ടാകുമ്പോൾ ദു:ഖിക്കാതെ ഇരുന്നാൽ ആത്മാവിന്റെ ശക്തി ഉണരുകയും അത് മനസ്സിലൂടെ ശരീരത്തിൽ പ്രവൃത്തിക്കുകയും ചെയ്യുന്നു. ഉപബോധ മനസ്സാണ് ശരീരത്തെ വാസ്തവത്തിൽ നിയന്ത്രിക്കുന്നത് .എല്ലാ രോഗങ്ങളും ‘സൈക്കോ സൊമാറ്റിക്’ ആണെന്ന് പറയപ്പെടുന്നു .അവയുടെ കാരണം മാനസികമാണ്. നിങ്ങൾക്ക് എന്തെങ്കിലും രോഗം ഉണ്ടാകുമ്പോൾ നിങ്ങൾ ഒരു ഡോക്ടറെ സന്ദർശിക്കുന്നതായി കരുതുക. ഡോക്ടർ രോഗം കണ്ടെത്തുന്ന ഉടനെ അതിനുള്ള മരുന്നും നിർദ്ദേശിക്കുന്നു. ഇവിടെ മരുന്നിനേക്കാൾ ഉപരിയായി ഡോക്ടറിൽ നിന്ന് വരുന്ന ‘പോസിറ്റീവ് ടോക്ക്’ ആണ് രോഗം സുഖപ്പെടുത്തുന്നതെന്ന് ‘ഓഷോ ‘ ഒരിടത്ത് പറഞ്ഞു വയ്ക്കുന്നുണ്ട്.

ഇനി പ്രശ്നം മാനസികമോ സാമൂഹികമോ ആണെന്ന് കരുതുക. നിങ്ങൾ ദു:ഖിക്കാതെയിരുന്നാൽ പ്രശ്നം സ്വയമേവ തിരോഭവിക്കുന്നതായി കാണുവാൻ സാധിക്കും. പണനഷ്ടമോ അധികാര സംബന്ധിയായ എന്തെങ്കിലും പ്രശ്നമോ ആണ് നിങ്ങളെ ദു:ഖിപ്പിക്കുന്നതെങ്കിൽ ആ ദു:ഖത്തെ ഒഴിവാക്കാൻ ശ്രമിക്കുക . ദു:ഖമില്ലാതെ ധീരമായി പ്രശ്നത്തിലൂടെ നടന്നു നീങ്ങുക. അപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന പണമോ അധികാരമോ നിങ്ങളെ തേടിയെത്തുന്നതായി കാണാം. കാരണം സാമൂഹികമായ പുരോഗതി ബലവാന്മാർക്കുള്ളതാണ്. ദുർബലർക്ക് അത് കിട്ടുകയില്ല. നിങ്ങൾ ദുഃഖത്തിന് വഴങ്ങി കൊടുക്കുകയാണെങ്കിൽ അതിന്റെയർത്ഥം നിങ്ങളുടെ മനസ്സ് ദുർബ്ബലമാണെന്നാണ്. പ്രശ്നങ്ങൾക്ക് തകർക്കുവാൻ ആകാത്തവിധം അത്രമാത്രം മന:ക്കരുത്തോടെ നിങ്ങൾ മുന്നോട്ട് നീങ്ങിയാൽ വിജയം നിങ്ങളെ തേടിയെത്തും.

ഇനി മരണം തന്നെയാണ് നിങ്ങളുടെ പ്രശ്നം എന്ന് കരുതുക. അവിടെയും ദുഖിക്കാതെയിരിക്കുവിൻ . നിങ്ങൾ ഒട്ടും തന്നെ ദുഃഖിക്കാതെയിരുന്നാൽ മരണം നിങ്ങളെ ബാധിക്കുകയില്ല . ഒരു പക്ഷേ നിങ്ങളുടെ ശരീരം മരിക്കുമായിരിക്കും. പക്ഷേ നിങ്ങൾ മരിക്കുകയില്ല. നിങ്ങൾ നിർവ്വാണത്തിലേക്ക് ചുവടു വയ്ക്കുന്നു. അവിടെ നിങ്ങൾ ആത്യന്തികമായ വിജയത്തിലെത്തുന്നു. ഇതിന്റെയർഥം നിങ്ങളെ തോൽപ്പിക്കുവാൻ ഈ പ്രകൃതിക്കോ പ്രപഞ്ചത്തിനോ കഴിയുകയില്ല എന്നാണ്. നിങ്ങൾ മന:പൂർവ്വം ദുഃഖിക്കാതിരുന്നാൽ നിങ്ങളെ ദു:ഖിപ്പിക്കുവാൻ ആർക്കും കഴിയുകയില്ല. നിങ്ങളുടെ രക്ഷ നിങ്ങളുടെ തന്നെ കരങ്ങളിലാണ് ഇരിക്കുന്നത്. നിങ്ങളുടെ മുന്നിൽ അനന്താനന്ദവും മരണവും വച്ചിരിക്കുന്നു . നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. നാളിതുവരെ നിങ്ങൾ ദുഃഖങ്ങളെയും മരണത്തെയും തിരഞ്ഞെടുത്തു കൊണ്ടിരുന്നു. അത് നിങ്ങളുടെ ഒരു ശീലം മാത്രം. ദുശ്ശീലങ്ങളെ മാറ്റി ആരോഗ്യകരമായ ശീലങ്ങളെ വളർത്തിയെടുക്കുക. ഇത് കരുതുന്നതു പോലെ അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ജോഷി മാത്യൂസ്‌ , നോര്‍ത്താപ്റ്റെൻ

എസ് എസ് എല്‍ സിയ്ക്ക് പാസാകുമെന്ന പ്രതീഷ ഉണ്ടായിരിന്നില്ല . പക്ഷെ റിസള്‍ട്ട്‌ വന്നപ്പോള്‍ സെക്കന്റ്‌ ക്ലാസ്സ്‌ !!. തീരെ പ്രതീഷിച്ചില്ല . എന്തായാലും കൈപ്പത്തിയിലും ചെരുപ്പേലും കുറിപ്പെഴുതി അല്‍പ്പം കോപ്പി അടിച്ചത് കാരണം ആയിരിക്കാം. റിസള്‍ട്ട്‌ അറിഞ്ഞു വീട്ടിലെത്തിയപ്പോള്‍ അമ്മ അടുക്കള മുറ്റത്തിരുന്നു കപ്പ നുറുക്കുകയായിരുന്നു. വാര്‍ത്ത ചുടോടെ വിളമ്പി . അമ്മയ്ക്ക് സന്തോഷായി . എന്താ പരിപാടി ??. അതുവരെ ഭാവി പരിപാടിയെക്കുറിച്ച് ഒന്നും ആലോചിക്കാതെ ഇരുന്ന ഞാന്‍ ഉത്തരം മുട്ടി . എന്തെങ്കിലും ചെയ്യണം എന്ന് പറഞ്ഞു തടി തപ്പി .

പലരും ഞാന്‍ ഇനി എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് അഭിപ്പ്രായങ്ങള്‍ പറഞ്ഞു. വല്യപ്പച്ചന്‍ പറഞ്ഞു പോലിസാകാന്‍. വല്യപ്പന്‍പറഞ്ഞു തൂമ്പയെടുക്കാന്‍. അങ്ങനെ പല അഭിപ്രായങ്ങള്‍. അമ്മ തന്ന അഭിപ്രായം കൊള്ളാമെന്നു തോന്നി . സെമിനാരിയില്‍ പോകുക . ആ സമയത്ത് എസ്.എസ് .എല്‍‍.സി കഴിഞ്ഞവരുടെ ഒരു ഫാഷനായിരുന്നു സെമിനാരിയില്‍ പോക്ക്. ഞാന്‍ വിചാരിച്ചപ്പോള്‍ അതുചിതം ആണെന്ന് തോന്നി. കാരണം പപ്പായുടെ സാമ്പത്തികം പൂജ്യം . പുള്ളിക്കാരന്‍ അതിനെപ്പറ്റി അതുവരെ ചിന്തിച്ചു കാണില്ല . അല്പം കള്ളുകുടി കൂടി ഉണ്ടായിരിന്നത് കൊണ്ട് ബാക്കിയിരിപ്പ് ഒന്നും ഉണ്ടായിരുന്നില്ല . പപ്പാ നന്നായി അധ്വാനിക്കുമായിരുന്നു പക്ഷെ അതിന്‍റെ ഫലം വല്ലവരും കൊണ്ടുപോകും.

എന്തായാലും സെമിനാരി തന്നെ രക്ഷ . അതിനൊരു ചെറിയ ടെസ്ട്ടുണ്ട്ട്ട് . അതിനുവേണ്ടി ദിവസം നിശ്ചയിച്ചു. അതിനായി വന്ന വൈദീകന്റെ മുൻപില്‍ ഒരു ചെറിയ വിറയലോടെ ഇരുന്നു. പേരും വിവരങ്ങളൊക്കെ അറിഞ്ഞ ശേഷം ചോദിച്ചു ഇഷ്ടമുള്ള നിറം ???. ഞാന് ‍ഒന്ന് ചിന്തിച്ചു. പെട്ടന്നു മനസിലേക്ക് വന്നു , വെളുപ്പ്‌ !! കാരണം വെളുപ്പ്‌ പരുശുദ്ധിയുടെ നിറം. തട്ടി . പാസ്‌ !!!

സ്വന്തമായി ഉണ്ടായിരുന്നതെല്ലാം പായ്ക്ക് ചെയ്തു .പോകാന്‍ ‍ റെഡി . അമ്മാവന്‍ ദുബായിൽ നിന്നു കൊണ്ട് വന്ന നല്ല മണമുള്ള ഒരു ഉടുപ്പും എടുത്തു .എല്ലാവരോടും യാത്ര പറഞ്ഞു. യാത്ര പറഞ്ഞ പ്രായം കൂടിയവര്‍ക്കെല്ലാം ഒത്തിരി സന്തോഷം.അവരുടെ പാപങ്ങള്‍ നേരിട്ട് ദൈവ സന്നിധിയില്‍ എത്തിച്ചു പാപപരിഹാരം നേടാന്‍ അച്ചനാകാന്‍ ‍ പോകുന്ന എനിക്ക് അവര്‍ ചില്ലറ കൈനീട്ടം തന്നു. ഒരുതരം കൈക്കൂലി !!.ഏതെങ്കിലും ഒരു അച്ചനാവും എന്നെല്ലാവര്‍ക്കും ഉറപ്പു നല്‍കി വണ്ടി കയറി.

ആകെ ഒരു വിറയല്‍ . ആദ്യം ആയിട്ടാണ് വീട്ടിന്നു അകന്നു നില്‍ക്കുന്നത് . തിരുവനന്തപുരം ആണ് സ്ഥലം . ഒത്തിരി നിലകളുള്ള സെമിനാരി . മൂന്ന് വര്‍ഷങ്ങള്‍ ആണ് അവിടെ . സീനിയേഴ്സ് ഞങ്ങളെ എല്ലയിടവും പരിചയപ്പെടുത്തി . മൂന്ന് നേരവും സമയത്ത് ഭക്ഷണം . അതേതായാലും എനിക്കിഷ്ടപ്പെട്ടു . ഇതുവരെ കഴിക്കാത്ത ഭക്ഷണങ്ങള്‍ !! ആദ്യ ദിവസങ്ങളില്‍ നല്ല പോളിങ്ങായിരുന്നു.പ്രാര്‍ത്ഥനയും പഠിത്തവും കളിയുമായി ദിവസങ്ങള്‍ . മെല്ലെ വീടും പപ്പയെയും അമ്മയെയും ഒക്കെ മിസ്സാകാന്‍ തുടങ്ങി .അടുക്കും ചിട്ടയും ഇല്ലാതിരുന്ന ജീവിതത്തിന്‍ പെട്ടെന്ന് അതല്ലാം വന്നപ്പോള്‍ ആകെ ഒരു ശ്വാസം മുട്ടല്‍ . വീട്ടില്‍ കയറാത്ത മരങ്ങളും എടുക്കാത്ത പക്ഷി കൂടുകളും ഇല്ലായിരുന്നു . ചാടാത്ത തോടുകളും വായിക്കാത്ത പൈങ്കിളി വീക്കലികളും ഇല്ലായിരുന്നു. കശുമാവിന്‍റെ പൂക്കള്‍ കടുത്ത വേനലില്‍ ഉണങ്ങിയപ്പോള്‍ അത് പേപ്പറില്‍ തെറുക്കി പുകവലിക്കാന്‍ ശ്രമിച്ചത് അന്നത്തെ എന്‍റെ വലിയൊരു കണ്ടുപിടുത്തമായിരുന്നു. അതിന്റെ തരിപ്പ് ഇപ്പോഴും മാറിയിട്ടില്ല . അടുത്ത അമ്പലത്തിലെ ഉത്സവം അടിപൊളിയയിട്ടാണ് നടത്തുന്നത് . അതിനു പോക്കറ്റ് മണി ഇല്ല .പപ്പാ കാണാതെ കുറച്ചു ഉണങ്ങിയ കുരുമുളക് അടിച്ചു മാറ്റി വിറ്റു. പക്ഷെ പിടിക്കപ്പെട്ടു . പപ്പയുടെ മുൻപില്‍ മുട്ടുകുത്തി നിര്‍ത്തി അമ്മ വിധി വാചകം ചൊല്ലി മാപ്പ് പറയിപ്പിച്ചു. സങ്കടം സഹിച്ചില്ല . കിണറ്റില്‍ ചാടാന്‍ തീരുമാനിച്ചു . പറമ്പില്‍ ഒരു പൊട്ട കിണറുണ്ട്. ആരും കാണാതെ അതിന്‍റെ വക്കില്‍ നിന്ന് കിണറ്റിലേക്ക് നോക്കി . കിണര്‍ നിറഞ്ഞു വെള്ളം . നിറയെ തേങ്ങയുടെ വലിപ്പമുള്ള പച്ച തവളകള്‍ . പേടിച്ച് ആ ശ്രമം ഉപേഷിച്ചു. വീട്ടില്‍ നല്ല പിള്ളയാവാന്‍ കുറെ ശ്രമിച്ചു . പക്ഷെ കഴിഞ്ഞില്ല . കശുവണ്ടി സീസണായാല്‍ പഴയ തകര പാത്രത്തില്‍ വറക്കും. ഒരിക്കല്‍ അതിന്‍റെ ചെന തെറിച്ചു മുഖം വസൂരി വന്നപോലെയായി .അമ്മ വടിയും ആയി പുറകെ .

ഞാന്‍ റബ്ബര്‍ മരത്തിന്‍റെ മണ്ടയ്ക്ക് കയറി . ഇനി അടിക്കില്ല എന്ന വാക്കില്‍ താഴെ ഇറങ്ങി . അമ്മ വാക്ക് തെറ്റിച്ചു പൊതിരെ കിട്ടി . അമ്മ അടിക്കുന്നത് ചെറിയ വണ്ണം കുറഞ്ഞ വടി കൊണ്ട് . പുളച്ചിൽ അല്പം കൂടും . പപ്പാ അങ്ങനെയല്ല കൈയ്യില്‍ കിട്ടുന്നത് കൊണ്ടടിക്കും .അത് ചിലപ്പോള്‍ കപ്പക്കോല്‍, തെങ്ങിന്‍റെ മടല്‍ ചിലപ്പോള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ കൈവച്ചടിക്കും . പപ്പയുടെ കൈ മരത്തടിയുടെ ഗുണം ചെയ്യും . കൃഷിപണിയെടുത്തു നല്ല കട്ടി . അതിന്‍റെ പാട് അഞ്ചു വിരലുകളുടെ രൂപത്തില്‍ പുറത്ത് ഉണ്ടാവും ഒരാഴ്ചത്തേക്ക് .

സെമിനാരിയില്‍ ജീവിതം ചിലപ്പോൾ ‍അല്പം ബുദ്ധിമുട്ടായിട്ടു തോന്നും പ്രത്യേകിച്ചു ഈ പ്രായത്തില്‍ . ആഴ്ചയില്‍ ഒരിക്കലേ പുറത്തു പോകാന്‍ പറ്റുകയുള്ളു . അച്ചന്മാരുടെ തുണിയലക്കാന്‍ ഇടയ്ക്കു ഒരു മുസ്ലിം സ്ത്രീയും മകളും വരും .മകള്‍ സുന്ദരിയാണ്‌ കാണാന്‍ . ഞങ്ങളുടെ കണ്ണുകള്‍ ഇടയ്ക്ക് അലക്ക് കല്ലേലും അലക്കുന്നവരിലും ആയിരിക്കും . മരുഭൂമിയില്‍ മഴ പെയ്യും പോലെ ആയിരുന്നു അത്. ഈ പ്രായമല്ലേ എന്ത് ചെയ്യാം . രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കാന്‍ മണിയടിക്കും . മണിയടിക്കുന്നവനെ പിരാകികൊണ്ടെണ്ണീക്കും ഒരുതരത്തില്‍ . പിന്നെ പ്രാര്‍ത്ഥനയും കുര്‍ബാനയും കഴിഞ്ഞു ഭക്ഷണവും കഴിഞ്ഞു അരമണിക്കൂര്‍ മോര്‍ണിംഗ് ഡ്യൂട്ടി . ആ സമയത്ത് ചെറിയൊരു ജനറല്‍ ക്ലീനിംഗ്. ‍ അന്നെനിക്ക് കിട്ടിയ പണി ഞങ്ങള്‍ ഉറങ്ങുന്ന ഹാള്‍ അടിച്ചു വാരുക. മൂന്നു വലിയ ഹാളുകള്‍. ഓരോ ഹാളിലും മത്തിയടുക്കും പോലെയാണ് എല്ലാവരും കിടക്കുന്നത്. ഹാള്‍ അടിച്ചുകൊണ്ടിരിക്കുമ്പോള്‍ ജനലില്‍ തൂങ്ങി കിടക്കുന്ന ഒരു കമ്പി . കര്‍ട്ടന്‍ തൂക്കാന്‍ വേണ്ടി . കര്‍ട്ടന്‍ ഊര്‍ന്നു താഴെ പോയി . നോക്കിയപ്പോള്‍ ആ കമ്പിയുടെ അറ്റം അല്പം വളഞ്ഞിരിക്കുന്നു . പെട്ടെന്ന് എന്‍റെ മനസിലേയ്ക്ക് വന്നത് അപ്പച്ചനും വല്യമ്മച്ചിയും ഉപയോഗിക്കുന്ന ചെവിതോണ്ടിയായിരുന്നു . അവരത് ഉപയോഗിക്കുമ്പോള്‍ അവരുടെ മുഖത്തെ പല ഭാവങ്ങളും എന്നെ രസിപ്പിച്ചിട്ടുണ്ട്. ഞാനും അരകൈ പരീഷിച്ചു അവര്‍ കാണാതെ . ഹാ..ഹാ നല്ല രസം ..പിന്നെ പലപ്പോഴും അത് പ്രയോഗിച്ചിട്ടുണ്ട് . ജനലില്‍ തൂങ്ങി കിടക്കുന്ന ആ കമ്പി കണ്ടപ്പോള്‍ എന്നെ പലപ്രാവിശം രസിപ്പിച്ച ആ ചെവിതോണ്ടിയായി തോന്നി . പിന്നെ ഒന്നും ആലോചിച്ചില്ല അത് പറിച്ചെടുത്തു ഇട്ടു വലതു ചെവിയില്‍ !! ആ കമ്പിക്കു ഏകദേശം ഒരു മുപ്പതു സെന്റീമീറ്റര്‍ നീളം കാണും . കമ്പി ചെവിയില്‍ ഇടാന്‍ എളുപ്പമായിരുന്നു പക്ഷെ സാധനം പുറത്തേക്കു വരുന്നില്ല .ചെവിക്കകത്ത്‌ കുടുങ്ങി . പിന്നെയും ശ്രമിച്ചു നോ രക്ഷ . ആരോടെങ്കിലും പറയാതെ വയ്യ . ആകെ ഒരു ചമ്മല്‍ . അത് പിന്നെ മെല്ലെ ഒരു വിറയലായി . എന്‍റെ കര്‍ത്താവേ പണിയായോ . വീട്ടില്‍ അമ്പും വില്ലും ഉണ്ടാക്കി അര്‍ജുനനായി വിലസിയ കാലം കോഴിയായിരുന്നു ഇര . പാവം കോഴി.. എയ്ത അമ്പ് കഴുത്തേലും തൂക്കിയിട്ടു നടക്കും . ദൈവമേ ആ കോഴിയുടെ എങ്ങാനും പ്രാക്കാണോ. മെല്ലെ ഒളിച്ചും പാത്തും ഒന്ന് രണ്ടു പേരെ വിവരം അറിയിച്ചു . അവരിത് കണ്ടതും പൊട്ടി ചിരിക്കാന്‍ തുടങ്ങി . ഞാന്‍ വേദന കൊണ്ട് പുളയുമ്പോള്‍ അവരുടെ അട്ടഹാസം. തിളച്ചു വന്നു എനിക്ക് . എന്ത് ചെയ്യാം സഹിക്കുകയേ രക്ഷ. അച്ചനെ അറിയിച്ചു ആദ്യം പുള്ളി ഒന്ന് ചിരിച്ചെങ്കിലും കാര്യത്തിന്‍റെ ഗൗരവം മനസിലായി . ഉടനെ വല്യച്ചനെ അറിയിച്ചു പെട്ടെന്നു ആശുപത്രിയില്‍ പോകാന്‍ തീരുമാനമായി .പോകുന്നത് വല്യച്ചന്റെ ബുള്ളറ്റേല്‍. വേദനയിലും സന്തോഷായി. വല്യച്ചന്‍ ബുള്ളറ്റേല്‍ കുടു കുടു വെച്ച് പോകുമ്പോൾ കൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്. അപ്പോള്‍ വിചാരിച്ചിട്ടുണ്ട് എത്രയും പെട്ടന്നു അച്ചനായിരുന്നെങ്കില്‍ എന്ന്. എല്ലാവരും പലവിധത്തില്‍ ശ്രമിച്ചു കമ്പി പുറത്തെടുക്കാന്‍ . റോക്കിയുടെ സഹായം വരെ തേടി . റോക്കി ..പൂന്തുറ സ്വദേശി . മുക്കുവ കുടുംബത്തില്‍ പെട്ട അവന്‍ മീന്‍ മാത്രം തിന്നു തടിച്ച ഒരു തടിമാടനായിരുന്നു . അവനും ശ്രമിച്ചിട്ട് പറ്റിയില്ല . പിന്നെ എല്ലാവരുടെയും ശ്രമം കമ്പിയുടെ നീളം കുറയ്ക്കാനായിരുന്നു . ആശുപത്രിയിലേക്ക് പോകുന്ന വഴി സൈഡ് കിട്ടണ്ടേ ?? എല്ലാവരുടെയും അമര്‍ത്തിയുള്ള ചിരിയിലും കമ്മന്റുകളിലും എന്‍റെ നെഞ്ച് നീറി . അങ്ങനെ ആശുപത്രിയിലെത്തി . ശ്രീ ചിത്തിര ഹോസ്പിറ്റല്‍ . ഓപ്പറേഷന്‍ തീയേറ്ററില്‍ കിടത്തിയ എന്‍റെ നെഞ്ച് പട പട അടിച്ചു. ഒരുപാടു മെഷിനുകള്‍ എനിക്ക് ചുറ്റും . ദൈവമേ വെറും ഒരു കമ്പി എന്നെ എത്തിച്ച സ്ഥലം !! ചെവി മരവിപ്പിച്ചു …ക്ടിന്‍ ഒരൊച്ച കേട്ട് മെല്ലെ തപ്പി നോക്കി . ഭാഗ്യം കമ്പി പോയി. പുറത്തിറങ്ങി ഒരു കസേരയിലിരുന്നു . സ്വയം ശപിച്ചു . ഏത് സമയത്ത് തോന്നി കര്‍ത്താവേ ഇങ്ങനെയൊക്കെ . വല്യച്ചന്‍ ഒരു ഡോക്ടറിന്റെ കൂടെ എന്‍റെ അരികില്‍ വന്നു. ഡോക്ടറിന്റെ കൈയില്‍ എന്‍റെ ചെവിയില്‍ നിന്നെടുത്ത കമ്പിയും ഉണ്ടായിരുന്നു . ഡോക്ടര്‍ കമ്പി എന്‍റെ നേരെ നീട്ടിയിട്ട് പറഞ്ഞു നാളെ മറ്റേ ചെവിയില്‍ ഇട്ടിട്ടു വാ !!!!. ചമ്മലും സങ്കടവും സഹിക്കാന്‍ പറ്റിയില്ല.

തിരിച്ചു സെമിനാരിയില്‍ എത്തിയ ഞാനൊരു അത്ഭുത വസ്തുവായി . പിന്നെ ഒരു മാസത്തേക്ക് ഇത് തന്നെ ആയിരുന്നു സംസാര വിഷയം . സെമിനാരിയില്‍ എല്ലാവര്‍ക്കും ഓരോ ഇരട്ട പേരുണ്ട് . എനിക്കൊരു ഇരട്ട പേരിനു അധികം തപ്പേണ്ടി വന്നില്ല …”കമ്പി” പിന്നീടുള്ള കാലം എന്‍റെ അപ്പനും അമ്മയും ഇട്ട പേര് എല്ലാവരും മറന്നു . ഞാന്‍ “കമ്പി” ആയി . കൂടെ ഉണ്ടായിരുന്നവര്‍ ചിലര്‍ അച്ചമ്മാരായി ബാക്കിയുള്ളവര്‍ അച്ഛന്മാരായി. ഇപ്പോഴും ഈ കഥ അറിയാവുന്ന എല്ലാവരും ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്ന് വിളിക്കുമ്പോള്‍ “ഡാ കമ്പി” എന്നാ തുടങ്ങാറ് .

യുകെയിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ എന്‍റെ കമ്പി കഥ എന്നെ പഴയ കാലങ്ങളിലേക്ക് കൊണ്ട് പോകും . എന്തായാലും ജനലില്‍ കമ്പി നിരോധിച്ചു . പാരമ്പര്യത്തെ അല്പം പേടി !!
എന്നാലും ആ കമ്പിയെ മറക്കാന്‍ പറ്റുമോ . എന്നെ “കമ്പി”യാക്കിയ ആ കമ്പിയെ !!!!

ദിർബ(പഞ്ചാബ്):വിദ്യാസമ്പന്നരായ ഒരു ജനത രാജ്യത്തിൻ്റെ മുതൽകൂട്ടാണെന്ന് ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുള പ്രസ്താവിച്ചു.
ബ്രില്യൻ്റ് മൈൻഡ്സ് ഇൻറർനാഷണൽ സ്കൂളിൽ നടന്ന ദീപാവലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തിന്മയായ അന്ധകാരത്തിന്മേൽ നന്മയുടെ ആത്മീയ ഉന്നമനം നേടിയ വിജയത്തിന്റെ ആഘോഷമാകണം ദീപാവലിയെന്നും സാക്ഷരത സാമ്പത്തികവും രാഷ്ടീയവും ശാസ്ത്രീയവും സംസ്ക്കാരികമായ വളർച്ചയ്ക്ക് അനിവാര്യമാണെന്നും വിദ്യാഭ്യാസ രംഗത്ത് ബ്രില്യൻ്റ് മൈൻഡ്സ് ഇൻറർനാഷണൽ സ്കൂൾ നല്കുന്ന സംഭാവനകൾ മഹത്തരമെന്നും അദ്ദേഹം പ്രസ്താതാവിച്ചു.
പ്രിൻസിപ്പാൾ ജെയിം ഫിലിപ്പ് തോമസ്സ് സ്കൂളിൻ്റെ ഉപഹാരമായി പഞ്ചാബിൻ്റെ പൈതൃക വാൾ സമ്മാനിച്ചു. പരംജിത്ത് സിംഗ് അധ്യക്ഷത വഹിച്ചു. ബെൽജിത്ത് കൗർ, എയ്ഞ്ചൽ എസ്, സന്ദീപ് കൗർ, മൻപ്രീത് കൗർ എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പാരമ്പര്യ കലാ രൂപങ്ങൾ പ്രദർശിപ്പിച്ചു.

ആര്യനാട് ചെറുമഞ്ചലിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊക്കോട്ടല ചെറുമഞ്ചൽ ചിത്തിരയിൽ സി സോമൻ നായർ (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വെയിറ്റിങ് ഷെഡ് പൂർണമായും തകർന്നു.

ബസ് വളവ് തിരിഞ്ഞു വരുന്നതിനിടെയാണ് അപകടമുണ്ടായത്.ബസ് വളവ് തിരിയുന്നതിനിടെ ബസിന്ടെ മധ്യഭാഗം വെയ്റ്റിംഗ് ഷെഡ്ഡിൽ തട്ടുകയും വളരെ ജീർണ അവസ്ഥയിൽ ഇരുന്ന വെയിറ്റിംഗ് ഷെഡ് തകർന്നുവീഴുകയുമായിരുന്നു..അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് ആണ് പരിക്കേറ്റത്. അതിൽ ഒരാളാണ് മരണപ്പെട്ട സോമൻ നായർ. വിദ്യ (13), ഗൗരി (18), വൈശാഖ് (14), വൃന്ദ (15), മിഥുൻ (13) എന്നിവരാണ് പരിക്കേറ്റ വിദ്യാർത്ഥികൾ.പത്തോളം കുട്ടികൾ ഓടിരക്ഷപ്പെട്ടു.വെയിറ്റിംഗ് ഷെഡ്ഡിൽ ഉണ്ടായിരുന്ന ഒരു വിദ്യാർഥിയെയും സോമൻ നായരും വെയ്റ്റിംഗ് ഷെഡിന് അകത്ത് അകപ്പെട്ടു.

നാട്ടുകാരുടെ ശ്രമഫലമായ ഇരുവരെയും പുറത്തെടുത്തത്. ഷെഡിന് ഉള്ളിൽ ടിവി കയയോസ്ക് ഉണ്ടായിരുന്നതിനാൽ ഒരു ഭാഗം അതിൻറെ മുകളിൽ തട്ടി നിന്നു. ഗുരുതരമായി പരിക്കേറ്റ സോമൻ നായരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കുട്ടികളെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

വിഷാദരോ​ഗത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞ് പ്രിയ താരം അർച്ചന കവി. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ഒരിക്കൽ പള്ളിയിൽ വച്ച് തകർന്നു പോകുമെന്ന് തോന്നി, പക്ഷെ ഒരു സീൻ ആക്കണ്ട എന്ന് കരുതി സ്വയം നിയന്ത്രിച്ചു. വീട്ടിലെത്തിയ ശേഷം രണ്ട് ദിവസം ഞാൻ കരച്ചിലായിരുന്നു. ഒടുവിൽ എനിക്ക് സഹായം വേണമെന്ന് അമ്മയോട് പറയുകയായിരുന്നു. ഡോക്ടറെ സമീപിക്കുകയും മരുന്നുകൾ നൽകുകയും ചെയ്തു. തുടക്കത്തിൽ എനിക്ക് ദേഷ്യം വന്നു. മാനസിക ആരോഗ്യം എന്നത് വളരെ സങ്കീർണമായ കാര്യമാണ്. അതേചുറ്റിപ്പറ്റി ഒരുപാട് തെറ്റായ ധാരണകളുണ്ട്. ഇന്ന് എനിക്ക് എന്റെ അവസ്ഥയെക്കുറിച്ച് ബോധ്യമുണ്ട്. ഇതിനെ നേരിടാൻ സാധിക്കും

തന്റെ വിഷാദരോഗമല്ല വിവാഹ മോചനത്തിന് കാരണം. ഞങ്ങൾക്ക് ജീവിതത്തിൽ വേണ്ടത് വ്യത്യസ്തമായ കാര്യങ്ങളാണെന്ന തിരിച്ചറിവാണ് പിരിയാൻ കാരണം. ഞാൻ പരുഷമായി പെരുമാറുന്ന ആളല്ല, ഇപ്പോഴും അവന്റെ കുടുംബവുമായി വളരെ അടുപ്പമുണ്ട്. അവൻ വളരെ സെൻസിറ്റീവായ വ്യക്തിയാണ്.

ഞാൻ ഡിവോഴ്‌സ്ഡ് ആണെന്ന് പറയാൻ പോലും ബുദ്ധിമുട്ടായിരുന്നു. പക്ഷെ വഞ്ചിയിൽ വേറെയും ആളുകളുണ്ട്. ഇപ്പോൾ ആളുകൾ കൂറേക്കൂടി മനസിലാക്കുന്നുണ്ട്. ഞാൻ സോഷ്യൽ മീഡിയയിൽ അതേക്കുറിച്ച് എഴുതുമ്പോൾ അമ്മ ചോദിക്കുമായിരുന്നു ഇതൊക്കെ ഇങ്ങനെ തുറന്നു പറയണമോ എന്ന്. എന്നാൽ പ്രതികരണങ്ങൾ ഊഷ്മളമായിരുന്നു. പിന്തുണയ്ക്കാൻ ആരുമില്ലാത്ത സ്ത്രീകളെ ഓർത്ത് ഞാൻ സങ്കടപ്പെട്ടിരുന്നു. അവർക്ക് ചെവി കൊടുക്കാൻ സന്തോഷമേയുള്ളൂ. എന്റെ കഥ ഒരാളെയെങ്കിലും സഹായിക്കുന്നതാണെങ്കിൽ ഞാൻ അതിൽ ഒരുപാട് സന്തോഷിക്കുകയും ചെയ്യുന്നു

ലാൽജോസ് ചിത്രം നീലത്താമരയിലൂടെയായിരുന്നു അർച്ചന കവിയുടെ ആദ്യ സിനിമാ അരങ്ങേറ്റം. തുടർന്ന് , ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ, മമ്മി മി, ബെസ്റ്റ് ഓഫ് ലക്ക്, സാൾട്ട് ആൻഡ് പെപ്പർ,സ്പാനിഷ് മസാല, അഭിയും ഞാനും,പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അർച്ചന കവി. ഏറെ നാളുകളായി ചലച്ചിത്രലോകത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്ന നടി അർച്ചന കവി ഒരു കിടിലൻ വെബ് സീരീസുമായി തിരിച്ചെത്തിയിരുന്നു. അബീഷ് മാത്യുവിനെ വിവാഹം ചെയ്തതിന് ശേഷം അർച്ചന അഭിനയത്തിൽ സജീവമായിരുന്നില്ല. 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതർ ആകുന്നത് അടുത്തിടെ താരം വിവാഹബന്ധം വേർപെടുത്തിയിരുന്നു.

കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്ത എണ്ണൂറോളം ജീവനക്കാരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് എയർ കാനഡ. ഏറ്റവും വലിയ കനേഡിയൻ എയർലൈനാണ് എയർ കാനഡ. എയർ കാനഡയുടെ എല്ലാ ജീവനക്കാരും സർക്കാരിന്റെ കൊറോണ മാർഗനിർദ്ദേശമനുസരിച്ച് പൂർണമായും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മൈക്കൽ റസ്സോ പറഞ്ഞു.

“ഞങ്ങളുടെ ജീവനക്കാർ കൊറോണയ്‌ക്കെതിരായ പ്രതിരോധത്തിൽ അവരുടെ പങ്ക് കൃത്യമായി നിർവഹിച്ചിരിക്കുകയാണ്. എയർ കാനഡയിലെ 96 ശതമാനത്തിലധികം പേരും പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ചു. ഏതെങ്കിലും കാരണത്താൽ വാക്‌സിൻ എടുക്കാത്ത ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്,“ റസ്സോ പറഞ്ഞു.

വാക്‌സിൻ എടുത്തതിന് ശേഷം മാത്രമേ ഇവർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. അലർജി പോലുള്ള ആരോഗ്യപരമായ കാരണങ്ങളാൽ വാക്‌സിൻ എടുക്കാത്തവർ കമ്പനിയെ കൃത്യമായി കാരണം ബോധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. എയർ, റെയിൽ, ഷിപ്പിംഗ് കമ്പനികൾ അവരുടെ ജീവനക്കാർക്ക് വാക്‌സിനേഷൻ ഉറപ്പാക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

വ്യോമയാന മേഖലയിലാണ് നിയമം കർശനമാക്കിയത്. എയർപോർട്ടുകളിലെ നിയന്ത്രിത മേഖലകളിലേക്ക് പ്രവേശിക്കുന്ന ജീവനക്കാർ വാക്‌സിനേഷൻ സ്വീകരിക്കണമെന്നത് നിർബന്ധമായിരുന്നു. കാനഡയിൽ ഇതുവരെ 1,720,355 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 29,056 മരണങ്ങളും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 2,283 പുതിയ കേസുകളാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത്. ജനസംഖ്യയുടെ 78 ശതമാനവും വാക്‌സിനേഷൻ സ്വീകരിച്ചതായാണ് കണക്ക്.

സ്‌കോട്‌ലന്‍ഡില്‍ തന്നെ യാത്രയാക്കാന്‍ എത്തിയവര്‍ക്കൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോവിൽ നടന്ന ഐക്യരാഷ്​ട്രസഭ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്ന മോദിയെ യാത്രയാക്കാന്‍ നിരവധി ഇന്ത്യക്കാരാണ് വിമാനത്താവളത്തില്‍ ഒത്തുകൂടിയത്.

വിമാനത്താവളത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ചെത്തിയവര്‍ മോദിയെ സ്വീകരിച്ചു. നിരവധി പേരുമായി മോദി സംവദിച്ചു. പലരുടെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് വാദ്യ സംഘത്തിനൊപ്പം ഡ്രം കൊട്ടാന്‍ മോദിയും ചേര്‍ന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് അഞ്ഞൂറ് കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാകുമെന്ന് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

2070 ഓടെ കാർബണ്‍ പുറന്തള്ളൽ നെറ്റ് സീറോയിൽ എത്തിക്കുമെന്നും ഉച്ചകോടിയില്‍ മോദി ഉറപ്പ് നൽകി. 2030 ഓടുകൂടി ഇന്ത്യയിലെ വൈദ്യുതിയുടെ 50 ശതമാനം പുനരുപയോഗ ഊർജമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരുമായി മോദി ചർച്ച നടത്തി.

കാലാവസ്​ഥാ വ്യതിയാനം തടയാനുള്ള പരിശ്രമങ്ങൾ സജീവമാക്കുന്നതിന്‍റെ ഭാഗമായാണ്​ ലോകരാജ്യങ്ങളുടെ സമ്മേളനം നടക്കുന്നത്​. നവംബർ 12 വരെ നടക്കുന്ന രാജ്യാന്തര ഉച്ചകോടിയിൽ 120 രാഷ്​ട്ര നേതാക്കളാണ്​ പ​ങ്കെടുക്കുന്നത്​. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന കാലാവസ്​ഥാ വ്യതിയാന സമ്മേളനം കോവിഡിനെ തുടർന്ന്​ ഈ വർഷത്തേക്ക്​ മാറ്റിവെക്കുകയായിരുന്നു.

യുകെയിൽ പുതിയ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം അതിവേഗമെന്ന് ആരോഗ്യ വിദഗ്ധര്‍. കോവിഡ് ട്രാക്കിംഗ് വിദഗ്ധരാണ് വൈറസിന്റെ പുതിയ രൂപമാറ്റം തിരിച്ചറിഞ്ഞ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഡെല്‍റ്റയുടെ സബ്‌വേരിയന്റ് പടരുന്നത് നേരത്തെ തന്നെ രാജ്യത്തിന് ആശങ്കയായിരുന്നു. പുതിയ സബ് സ്‌ട്രെയിന്‍ എവൈ.43 ഇംഗ്ലണ്ടില്‍ 8138 തവണ കണ്ടെത്തിയിട്ടുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

ജൂലൈ മധ്യത്തോടെ കണ്ടെത്തിയ ഈ രൂപമാറ്റം രാജ്യത്ത് 24 കേസുകളില്‍ ഒന്നിന് മാത്രമാണ് കാരണമാകുന്നത്. ഇതിന് ശേഷം ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം വകഭേദത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ശാസ്ത്രജ്ഞര്‍ ആവര്‍ത്തിക്കുന്നു. എന്നാൽ ഇതിന് കൂടുതല്‍ വ്യാപന ശേഷിയും, വാക്‌സിനുകളെ മറികടക്കാനും സാധിക്കുമെന്ന് ഉറപ്പാക്കുന്ന തെളിവുകളൊന്നും തല്‍ക്കാലം ലഭിച്ചിട്ടില്ല.

ഡെല്‍റ്റയുടെ മറ്റൊരു രൂപമാറ്റമായ എവൈ.4.2 കേസുകള്‍ അതിവേഗത്തില്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ബ്രിട്ടീഷ്, അന്താരാഷ്ട്ര ശാസ്ത്രജ്ഞര്‍ വൈറസിനെ സജീവമായി നിരീക്ഷിക്കുന്നുണ്ട്. എവൈ. 4.2 സബ് വേരിയന്റ് ഇംഗ്ലണ്ടിലെ ആകെ കേസുകളില്‍ 11 ശതമാനത്തിന് കാരണമാകുന്നുണ്ട്. ക്രാവെന്‍, ബേണ്‍ലി, ഹിന്‍ഡ്‌ബേണ്‍, മെല്‍ട്ടണ്‍, ഓഡ്ബി & വിംഗ്‌സ്റ്റണ്‍ എന്നിവിടങ്ങളില്‍ ഒഴികെ മറ്റെല്ലാ ഇടത്തും ഈ വേരിയന്റ് സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.

രണ്ട് സബ് സ്‌ട്രെയിനുകള്‍ക്കും ഇതുവരെ പേരിട്ടിട്ടില്ല. ലോകാരോഗ്യ സംഘടന ഇവയെ ഭീഷണിയായി പരിഗണിച്ചാല്‍ എവൈ.4.2വിന് ‘നൂ’ എന്ന് പേരുവരുമെന്നണ് കരുതുന്നത്. ഇതിന് കേസുകള്‍ ശക്തമായി ഉയരുകയും വേണം. ഡെല്‍റ്റാ വേരിയന്റില്‍ നിന്നും നൂറുകണക്കിന് എവൈ രൂപമാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ഭീഷണി ഉയര്‍ത്തുന്നവയല്ല എന്നാണു ഇപ്പോഴത്തെ വിലയിരുത്തല്‍ .

ഡെല്‍റ്റ ലോകത്തില്‍ മുഴുവന്‍ പടരുകയും, 108 രാജ്യങ്ങളില്‍ 84000 കേസുകളും സൃഷ്ടിക്കുകയും ചെയ്ത ശേഷമാണ് എവൈ.43 ജൂലൈയില്‍ കണ്ടെത്തിയത്. ഇത് കൂടുതലും യൂറോപ്പിലാണ് കാണപ്പെടുന്നത്. ഫ്രാന്‍സില്‍ സെപ്റ്റംബര്‍ മുതല്‍ പകുതി കേസുകള്‍ക്കും ഈ വേരിയന്റാണ് കാരണമാകുന്നത്. യുകെയിലാകട്ടെ നിയന്ത്രണങ്ങള്‍ എടുത്തുകളയുകയും ആള്‍ക്കൂട്ടങ്ങള്‍ സജീവമാകുകയും ശൈത്യകാലം അടുത്തെത്തുകയും ചെയ്ത സാഹചര്യം ആശങ്ക വർധിപ്പിക്കുന്നു.

അതിനിടെ കെയര്‍ ഹോം ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച സമയം കഴിയാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ വാക്‌സിന്‍ എടുക്കുന്നതില്‍ തണുപ്പന്‍ സമീപനമെന്ന് റിപ്പോർട്ട്. വാക്സിനേഷനില്‍ വര്‍ദ്ധനവ് വന്നിട്ടില്ലെന്ന് മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ വ്യക്തമാക്കി. നവംബര്‍ 11-നകം എല്ലാ കെയര്‍ ഹോം ജീവനക്കാരും രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നത് നിയമപരമായ നിബന്ധനയാക്കിയാണ് മന്ത്രിമാര്‍ മാറ്റിയത്.

ഇതിന് തയ്യാറായില്ലെങ്കില്‍ ജോലി നഷ്ടപ്പെടാന്‍ ഒരുങ്ങാനും മുന്നറിയിപ്പ് നല്‍കിയിരുന്നു . അതുവഴി വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും, പ്രായമായ രോഗികളെ സംരക്ഷിക്കാനും സാധിക്കുമെന്നായിരുന്നു മന്ത്രിമാരുടെ പ്രതീക്ഷ. എന്നാല്‍ ഈ നയം കൊണ്ട് വാക്‌സിന്‍ സ്വീകരിക്കുന്ന രീതിയില്‍ മാറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കെയര്‍ ഹോം മേധാവിമാര്‍ മെയിലിനോട് പ്രതികരിച്ചത്. നയം നടപ്പാക്കുമ്പോള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. ജീവനക്കാരുടെ ക്ഷാമം കൂടുതല്‍ കടുപ്പമാക്കാനാണ് ഇത് ഉപകരിക്കുകയെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തി.

അതേസമയം ബ്രിട്ടീഷ് സർക്കാരിൻ്റെ കോവിഡ് പ്രതിരോധത്തിൽ പാളിച്ച പറ്റിയതായി ആരോപിച്ച് പ്രമുഖ ശാസ്ത്രജ്ഞനും വെൽകം ട്രസ്റ്റിന്റെ ഡയറക്ടറുമായ സർ ജെറമി ഫരാർ പാൻഡെമിക് ഉപദേശക സമിതിയിൽ നിന്ന് രാജിവച്ചു. യുകെയിൽ കാണപ്പെടുന്ന ഉയർന്ന തോതിലുള്ള വ്യാപനം തടയുന്നതിനുള്ള “വാക്സിൻ പ്ലസ്” തന്ത്രത്തിനായി സർ ജെറമി വാദിച്ചിരുന്നു. എന്നാൽ സർക്കാരും സേജ് കമ്മിറ്റിയും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനങ്ങൾ എടുത്തിരുന്നില്ല.

ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള വിമാനത്തിന് തങ്ങളുടെ വ്യോമപാത നിഷേധിച്ച് പാകിസ്താന്‍. ഇതോടെ ഒരു മണിക്കൂര്‍ അധികദൂരം പറക്കേണ്ടി വരുന്ന വിമാനയാത്രയ്ക്ക് ചിലവുമേറും.

ഒക്ടോബര്‍ 23ന് കേന്ദ്രമന്ത്രി അമിത് ഷായാണ് ശ്രീനര്‍-ഷാര്‍ജ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ആഴ്ചയില്‍ നാല് ദിവസം സര്‍വീസ് എന്ന രീതിയിലായിരുന്നു തീരുമാനം. എന്നാലിപ്പോള്‍ പാക് വ്യോമപാതയിലൂടെ സര്‍വീസ് സാധ്യമല്ലെന്ന അവസ്ഥയായതിനാല്‍ വിമാനത്തിന് ഉദയ്പൂര്‍, അഹമ്മദാബാദ്, ഒമാന്‍ വഴി ഷാര്‍ജയിലേക്ക് പറക്കേണ്ടി വരും. ഇത് ഒരു മണിക്കൂറോളം അധിക യാത്രയാണ്.

പാകിസ്താന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള വിശേഷിപ്പിച്ചു. 2009-10 കാലയളവില്‍ ശ്രീനഗര്‍-ദുബായ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസിനോടും പാകിസ്താന്‍ ഇതേ രീതിയിലാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പാകിസ്താനോട് അനുമതി തേടാതെ കൊട്ടിഘോഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി വിമര്‍ശിച്ചു. വ്യോമാര്‍ത്തി ഉപയോഗിക്കുന്നതിന് പാകിസ്താനോട് അനുമതി തേടാത്തത് അമ്പരപ്പിക്കുന്നുവെന്നും വെറും പിആര്‍ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയതെന്നും അവര്‍ പറഞ്ഞു.

പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ശ്രീനഗറില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാരംഭിച്ചത്. അടുത്തിടെ ജി20 ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇറ്റലിയിലേക്ക് പോയതും തിരിച്ചെത്തിയതും പാക് വ്യോമപാതയിലൂടെയായിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ശ്രീലങ്ക സന്ദര്‍ശിക്കുന്നതിന് ഇന്ത്യയും വ്യോമാതിര്‍ത്തി തുറന്ന് നല്‍കിയിരുന്നു.

RECENT POSTS
Copyright © . All rights reserved