Latest News

ഇന്ത്യൻ നിർമ്മിത കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഭാരത് ബയോടെക് നിർമ്മിച്ച വാക്‌സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ കോവാക്‌സിൻ സ്വീകരിച്ചവർക്ക് അന്താരാഷ്ട്ര യാത്രകൾക്ക് ഉൾപ്പെടെ നേരിട്ടിരുന്ന തടസം ഒഴിവാകും. കോവാക്‌സിന് വേണ്ട അംഗീകാരത്തിനായി കഴിഞ്ഞ ഏപ്രിലിൽ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു. വാക്‌സിൻ പരീക്ഷണത്തിന്റെയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങൾ ലോകാരോഗ്യ സംഘടന പരിശോധിക്കുകയും ചെയ്തിരുന്നു.

നേരത്തെ തന്നെ അനുമതി ലഭിക്കുമെന്ന് കരുതിയെങ്കിലും പല കാരണങ്ങളാൽ അനുമതി നീണ്ടുപോയത് കോവാക്‌സിൻ സ്വീകരിച്ചവരെ ആശങ്കയിലാക്കിയിരുന്നു. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിനായ കോവാക്‌സിന് 2021 ജനുവരിയിലാണ് അടിയന്തര ഉപയോഗത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.

തെക്കേ അമേരിക്കൻ രാജ്യമായ ഗയാന കഴിഞ്ഞ ദിവസം കോവാക്‌സിന് അംഗീകാരം നൽകിയിരുന്നു. ഓസ്‌ട്രേലിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ കോവാക്‌സിൻ അംഗീകരിച്ചതിനു പിന്നാലെയാണ് തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയും കോവിഡിനെതിരെ കോവാക്‌സിൻ ഫലപ്രദമെന്ന് പ്രഖ്യാപിച്ചത്.

മൗറീഷ്യസ്, ഫിലിപ്പൈൻസ്, നേപ്പാൾ, മെക്‌സികോ, ഇറാൻ, ശ്രീലങ്ക, ഗ്രീസ്, എസ്റ്റോണിയ, സിംബാവെ തുടങ്ങിയ രാജ്യങ്ങളും നേരത്തെ കോവാക്‌സിന് അനുമതി നൽകിയിരുന്നു.

തിരുവനന്തപുരം ചിറയന്‍കീഴില്‍ നവവരന് ഭാര്യാസഹോദരന്റെ ക്രൂരമര്‍ദനം. ആനത്തലവട്ടം സ്വദേശി മിഥുന്‍ കൃഷ്ണനാണ് മര്‍ദനമേറ്റത്. വ്യത്യസ്ത മത വിഭാഗങ്ങളില്‍ വിവാഹം കഴിച്ചതിന്റെ പേരിലാണ് മര്‍ദ്ദനം. മിഥുനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പെണ്‍കുട്ടിയുടെ സഹോദരനാണ് മിഥുനെ ക്രൂരമായി മര്‍ദിച്ചത്. മിഥുന്‍ കൃഷ്ണന്‍ ഹിന്ദു മതത്തിലും വിവാഹം ചെയ്ത ദീപ്തി ക്രിസ്ത്യന്‍ മതത്തിലുമായിരുന്നു. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹം ചെയ്തത്. 29-ാം തിയതിയായിരുന്നു ഇവരുടെ വിവാഹം.

വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. ദീപ്തിയുടെ വീട്ടില്‍ വിവാഹത്തോട് എതിര്‍പ്പുണ്ടായിരുന്നു. കുടുംബവുമായുള്ള പ്രശ്നങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മിഥുനെ ദീപ്തിയുടെ സഹോദരന്‍ വിളിച്ചുകൊണ്ട് പോകുന്നത്. തുടര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരനൊപ്പം മറ്റ് മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നു.

ആദ്യം കൈകൊണ്ടും, പിന്നീട് വടി ഉപയോഗിച്ചും ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മര്‍ദനത്തില്‍ മിഥുന്റെ തലയ്ക്കും, നട്ടെല്ലിനും കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ചിറയിന്‍കീഴ് പോലീസ് കേസെടുത്തു.

ബാഴ്‌സലോണയുടെ സൂപ്പർതാരം മെസി 21 വർഷങ്ങൾക്ക് ശേഷം ടീമിനോട് യാത്രപറഞ്ഞിറങ്ങിയത് ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. വൻ സാമ്പത്തിക പ്രതിസന്ധി കാരണമായിരുന്നു ബാഴ്‌സ മൈതാനം വിട്ട് മെസി ഇറങ്ങിയത്. സീസൺ തുടക്കത്തിൽ ക്ലബിന്റെ നന്മക്ക് വേണ്ടി പ്രതിഫലം പകുതിയായി കുറക്കാമെന്ന് മെസി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അതും മതിയാവില്ലെന്ന് വന്നതോടെയാണ് മെസിയെ ബാഴ്‌സ റിലീസ് ചെയ്തത്.

എന്നാൽ, ബാഴ്‌സ വിട്ട് പിഎസ്ജിയിലേക്ക് പോയ മെസി ഇപ്പോൾ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയത് ശ്രദ്ധേയമാവുകയാണ്. ബാഴ്‌സ പ്രസിഡന്റ് യുവാൻ ലെപോർട്ടയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് മെസി രംഗത്തെത്തിയത്. സൗജന്യമായി കളിക്കാൻ മെസ്സി ഒരുക്കമാണെങ്കിൽ ബാഴ്‌സയിൽ തന്നെ താരത്തിന് തുടരാമായിരുന്നുവെന്നാണ് ലെപോർട്ടയുടെ പ്രതികരണം.

എന്നാൽ, ഈ പ്രസ്താവനയോട് മെസി രൂക്ഷമായി പ്രതികരിച്ചു. പ്രസിഡന്റ് അങ്ങനെയാരു ആവശ്യം തന്റെ മുന്നിൽ വച്ചില്ലെന്നും ബാഴ്‌സക്ക് വേണ്ടി സൗജന്യമായി കളിക്കുമായിരുന്നുവെന്നും മെസി പറഞ്ഞു.

ജ​ഗതി ശ്രീകുമാറിന്റെ മകളായ പാർവതിയുടെയും ഷോണിന്റെയും വിവാഹം ലവ് ജിഹാദല്ലെന്ന് പറഞ്ഞ പിസി ജോർജിന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുന്നത്. സംഭവത്തെക്കുറിച്ച് ജ​ഗതി പറയുന്നതിങ്ങനെ, ഒരു ദിവസം വിളിച്ചിട്ട് ​ജ​ഗതി കാണണമെന്ന് പറഞ്ഞു. ആ സമയം ഞാൻ എം എൽ എ ആയിരുന്നു. കാണാം എന്നും പറഞ്ഞു. എന്റെ മകളും നിങ്ങളുടെ മകനും തമ്മിൽ പ്രേമമാണ് എന്ന് അവര് പറയുമ്പോഴാണ് അറിയുന്നത്. പ്രേമം ആണെങ്കിൽ ഒക്കെയാണ്. വിവാഹം കഴിക്കും എന്നുണ്ടെങ്കിൽ തർക്കം ഒന്നും ഇല്ല. അല്ലെങ്കിൽ ഇത് ഇവിടെ വച്ച് നിർത്തിക്കോണം എന്ന് മകനെ ഉപദേശിക്കണം എന്നും പറഞ്ഞു.

ചോദിച്ചപ്പോൾ രണ്ടുവർഷം കഴിഞ്ഞു വിവാഹം മതിയെന്ന് ഷോൺ പറഞ്ഞു. നിയമസഭയിൽ പോകാൻ വേണ്ടി ഒരു ദിവസം ഞാൻ കാന്റീനിൽ കയറി ചെന്നപ്പോൾ ആണ് പത്രക്കാർ എന്റെ ഒപ്പം ചേരുന്നത്. എന്റെ മകൻ ജഗതിയുടെ മകളുമായി ഒളിച്ചു പോയോ എന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്. നിങ്ങൾ വിവാഹം സമ്മതിക്കാതെ ഒളിച്ചു പോയി എന്നാണല്ലോ വാർത്ത കേൾക്കുന്നത് എന്നും അവർ ചോദിച്ചു. വന്ന വാർത്തയിൽ ഇരുവരുടെയും ഫോട്ടോയും ഉണ്ട്. ഇത് കേട്ടതോടെ ഞാൻ അപ്പോൾ തന്നെ ഷോണിനെ വിളിച്ചു അവർക്ക് നൽകി അവൻ വീട്ടിൽ ഉണ്ടെന്നു അവർക്ക് ബോധ്യപ്പെടുകയും ചെയ്തു.

കുട്ടികളെ ക്രിസ്ത്യാനികൾ ആയി വളർത്തിക്കൊള്ളാം എന്ന് ഷോൺ കത്ത് നൽകണം എന്ന് ആണ് അച്ചൻ പറഞ്ഞത്. അങ്ങനെ ഞങ്ങൾ തീരുമാനിച്ചിരക്കുന്ന സമയത്താണ് മാണിയച്ചൻ എന്നെ വിളിക്കുന്നത്. പാർവതിയെ മാമോദീസ മുക്കണം എന്ന് പറഞ്ഞു ജഗതി തന്റെ പക്കൽ വന്നിരുന്നു താമസിയാതെ ചെയ്യണം എന്ന് പറഞ്ഞേക്കുകയാണ് എന്ന് മാണിയച്ചൻ പറഞ്ഞു.

ഇതിനൊക്കെ മുൻപ് കല്യാണം കഴിഞ്ഞാൽ എവിടെയാ താമസിക്കുന്നത് എന്ന് പുള്ളി എന്നോട് ചോദിച്ചിരുന്നു. ഈരാറ്റുപേട്ടയിൽ ആണ് എങ്കിൽ പെണ്ണിനെ ക്രിസ്ത്യാനിയാക്കണം. ഇവിടെ ആണ് എങ്കിൽ മതം മാറണ്ടായിരുന്നു എന്ന് അല്ലെങ്കിൽ തെമ്മാടിക്കുഴിയിൽ എന്റെ കൊച്ചിനെ അടക്കേണ്ടി വരും എന്ന് പുള്ളിയാണ് എന്നോട് പറയുന്നത്. ആരും അറിയാതെയാണ് പുള്ളി മാമോദീസ ചടങ്ങുകൾനടത്തിയത്.

മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. 1995 ല്‍ മോഹന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു വെളളിത്തിരയിലേക്ക് കടന്നുവരുന്നത്. ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് മഞ്ജു. അസുരന്‍ എന്ന തമിഴ് സിനിമയിലൂടെ തമിഴിലും തന്റെ കഴിവ് തെളിയിച്ചു മഞ്ജു. ഈ സിനിമയില്‍ രണ്ട് മക്കളുടെ അമ്മയായി ആണ് മഞ്ജു അഭിനയിച്ചത്. ഇപ്പോഴും ആ സിനിമയുമായി ബന്ധപ്പെട്ട് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

താരത്തിന് തമിഴ് സിനിമയില്‍ കിട്ടിയ ഏറ്റവും നല്ല തുടക്കം തന്നെയായിരുന്നു അസുരന്‍ എന്ന സിനിമയിലെ കഥാപാത്രം. രണ്ട് മക്കളില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിനുളള മറുപടി ഏറെ ചര്‍ച്ചയായിരുന്നു. ”രണ്ടുപേരോടും ഇഷ്ടമാണ്. ഒരിക്കലും ഒരമ്മയോട് ചോദിക്കാന്‍ പാടില്ലാത്താരു ചോദ്യമാണിത്” എന്നായിരുന്നു താരത്തിന്റെ മറുപടി.അസുരന്‍ വലിയ വിജയം കൈവരിച്ചതോടെ ഇനിയും നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് മഞ്ജു പറയുന്നത്. ഇപ്പോഴിതാ താരം ബോളിവുഡിലും അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ്.

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പോസിറ്റീവിറ്റി നിരക്കും ഏറ്റവും താഴ്ന്ന നിലകളിലാണ്. ജനജീവിതം പലയിടങ്ങളിലും സാധാരണ നിലയിലായി. കേരളത്തിലടക്കം സ്കൂളുകള്‍ വരെ തുറന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചു. എന്നാല്‍ കോവിഡിന്‍റെ ഒരു മൂന്നാം തരംഗം ഇന്ത്യയില്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഡെല്‍റ്റ വകഭേദത്തിന്‍റെ ഉള്‍പിരിവായ ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള കേസുകള്‍ ഉയരുന്നതാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നില്‍. AY4.2 എന്നറിയപ്പെടുന്ന ഡെല്‍റ്റ പ്ലസ് വകഭേദം മൂലം 26,000 കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡബ്യുഎച്ച്ഒ വൃത്തങ്ങള്‍ പറയുന്നു. യഥാര്‍ഥ ഡെല്‍റ്റ വകഭേദത്തേക്കാള്‍ 15 ശതമാനമെങ്കിലും വ്യാപനശക്തി കൂടിയതാണ് AY4.2.

ഇന്ത്യയടക്കം 40ലധികം രാജ്യങ്ങളില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ 17 കേസുകളാണ് ഡെല്‍റ്റ പ്ലസ് മൂലം ഉണ്ടായിട്ടുള്ളത്. ആന്ധ്രാ പ്രദേശ്, കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം AY4.2 വകഭേദം റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് വകഭേദം യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം പടരുന്ന സാഹചര്യത്തില്‍ കോവിഡ് ഭീഷണി പൂര്‍ണമായും അവസാനിച്ചെന്ന് പറയാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് പറയുന്നു. നാളിതു വരെ റഷ്യ, ചൈന, ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഭൂരിപക്ഷം AY 4.2 കേസുകളും കണ്ടെത്തിയത്. റഷ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 41,000 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ വര്‍ഷം തുടങ്ങിയത് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിലവില്‍ രാജ്യത്തെ കോവിഡ് കണക്കുകളെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ അധികൃതരും വ്യക്തമാക്കുന്നു.

ഈ മാസങ്ങളിലെ ഉത്സവാഘോഷ സീസണ്‍ വീണ്ടുമൊരു കോവിഡ് തരംഗത്തിലേക്ക് ഇന്ത്യയെ നയിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് വിവിധ സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും ഇത് എത്ര മാത്രം പ്രായോഗികമാകുമെന്ന് സംശയമുണ്ട്.

ആലപ്പുഴ കുട്ടനാട്ടില്‍ ഗുഡ്‌സ് ഓട്ടോ വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. വെളിയനാട് സ്വദേശി ബിനു, ചങ്ങനാശ്ശേരി സ്വദേശി രതീഷ് എന്നിവരാണ് മരിച്ചത്.

ശക്തമായ മഴ കാരണം അപകടം നടന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. പടിഞ്ഞാറേ കൂര്‍ക്കാങ്കേരി പാടത്തെ വെള്ളക്കെട്ടിനടിയില്‍ വാഹനത്തിന്റെ ഇന്‍ഡിക്കേറ്റര്‍ മിന്നുന്നത് കണ്ട് നടത്തിയ തിരച്ചിലിലാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടത്.

മരിച്ച രണ്ട് പേരും മത്സ്യ വില്‍പ്പനക്കാരാണ്. ഇന്നലെ രാത്രി 8.30 ഓടെ മത്സ്യവില്‍പ്പന കഴിഞ്ഞ് വെളിയനാട് ചന്തയില്‍ നിന്ന് ബിനുവിന്റെ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. എന്നാല്‍ ഓട്ടോ വെള്ളക്കെട്ടില്‍ വീണ വിവരം ആരും അറിഞ്ഞിരുന്നില്ല. ഇന്‍ഡിക്കേറ്റര്‍ മിന്നുന്നത് കണ്ട പ്രദേശവാസികള്‍ വെള്ളക്കെട്ടില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

നടന്‍ ജോജു ജോര്‍ജുവിനെ വീണ്ടും കടന്നാക്രമിച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് രൂക്ഷമായ വിമര്‍ശനം തൊടുത്തത്. ഒരു മണിക്കൂര്‍ ബ്ലോക്കില്‍ കിടന്നാല്‍ മരിച്ചുപോകുമോ എന്നും എന്നും പി.സി ജോര്‍ജ്ജ്. ജോജു മാനസിക രോഗിയാണെന്നും ഗോഡ്‌സെയ്ക്ക് തുല്യമാണെന്നും കേസെടുക്കണമെന്നും പിസി ആവശ്യപ്പെട്ടു.

പിസി ജോര്‍ജിന്റെ വാക്കുകളിലേയ്ക്ക്;

”എന്തിനും ഏതിനും സമരം ചെയ്യുന്ന ഡിവൈഎഫ്ഐയ്ക്കാര്‍ ഇപ്പോള്‍ ഒന്നിനും ഇറങ്ങുന്നില്ല. പിണറായി കണ്ണുരുട്ടിയാല്‍ ഭയപ്പെടുന്നത് കൊണ്ടാണിത്. ആ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങിയത്. അപ്പോഴാണ് പണ്ട് സിനിമയില്‍ അഭിനയിച്ച് അവാര്‍ഡ് വാങ്ങിയെന്ന് പറഞ്ഞ് ഒരു മാനസിക രോഗി തെരുവിലേക്ക് ഇറങ്ങുകയാണ്. അയാളെ ശക്തമായി നേരിടുക തന്നെയാണ് വേണ്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്ഥാനത്ത് സിപിഎം കാരുടെ സമരമായിരുന്നുവെങ്കില്‍ കാണാമായിരുന്നു.

ഓട്ടോയില്‍ സ്ത്രീയും കുട്ടിയും കാത്ത് നില്‍ക്കുകയാണെന്ന് അയാള്‍ നുണ പറഞ്ഞു. അതെന്താ സ്ത്രീയും കുട്ടിയും ഉണ്ടെങ്കില്‍ കോണ്‍ഗ്രസുകാര്‍ കടത്തി വിടുമായിരുന്നുവല്ലോ. അവിടെ ഒരു ആംബുലന്‍സും പോലും ആ സമയത്ത് ഉണ്ടായിരുന്നില്ല. തലേ ദിവസം തന്നെ പരസ്യപ്രസ്താവന നല്‍കിയാണ് സമരം ചെയ്തത്. പിന്നെ എന്തിനാണ് അങ്ങോട്ടു പോയത്. ഒരു മണിക്കൂര്‍ കാത്തിരുന്നാല്‍ ചത്തുപോകുമോ. ഇതെല്ലാം ചുമ്മാ ഷൈന്‍ ചെയ്യാനാണ്. ഈ ജോജു എന്ന മാന്യന്‍ ഇന്നലെ കാണിച്ചത് ശരിയാണെങ്കില്‍ മഹാത്മാഗാന്ധിയെ വെടിവെച്ചതും ശരിയാണെന്ന് പറയാന്‍ സാധ്യതയുണ്ട്. ഗോഡ്സെയ്ക്ക് തുല്യമാണ് ജോജു. അയാള്‍ക്കെതിരേ കേസെടുക്കണം”

വാക്‌സിനെടുക്കാത്ത 9000 ജീവനക്കാരെ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് ന്യൂയോര്‍ക്ക് മുനിസിപ്പാലിറ്റി. വാക്‌സിനേറ്റ് ചെയ്യാന്‍ നല്‍കിയിരുന്ന സമയപരിധി തിങ്കളാഴ്ച അവസാനിച്ചതിനെത്തുടര്‍ന്നാണ് നടപടി.

സിറ്റിയുടെ പേറോളില്‍ ആകെ 37000 ജീവനക്കാരാണുള്ളത്. ഇതില്‍ 12000 പേര്‍ മതപരമായ കാരണങ്ങളാലും വിവിധ അസുഖങ്ങള്‍ മൂലവും തങ്ങളെ വാക്‌സിനേഷനില്‍ നിന്നൊഴിവാക്കണമെന്നുമാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്.

എന്നാല്‍ വാക്‌സീന്‍ സ്വീകരിക്കാത്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇവര്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണെന്നും 9000 ജീവനക്കാര്‍ ഇതേ കാരണത്താല്‍ ശമ്പളമില്ലാത്ത അവധിയില്‍ വീട്ടിലിരിക്കുകയാണെന്നും മേയര്‍ ഡി ബ്ലാഡിയോ പ്രസ്താവനയില്‍ പറഞ്ഞു.പന്ത്രണ്ട് ദിവസം മുമ്പാണ് ജീവനക്കാര്‍ക്ക് വാക്‌സീന്‍ മാന്‍ഡേറ്റിന് നോട്ടീസ് നല്‍കിയതെന്നും തിങ്കളാഴ്ച സമയപരിധി അവസാനിച്ചുവെന്നും വാക്‌സിനേറ്റ് ചെയ്തവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ചയിലെ സമയപരിധി മുനിസിപ്പല്‍ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, അഗ്നിശമന സേനാംഗങ്ങള്‍ എന്നിവര്‍ക്കും ബാധകമായിരുന്നു.

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും മുഖ്യപ്രതി സ്വപ്‌ന സുരേഷിനും കൂട്ടുപ്രതി സരിത്തിനും ജാമ്യം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യു.എ.പി.എ ചുമത്തിയ കേസിലാണ് സ്വപ്‌നയ്ക്ക് ഒടുവില്‍ ജാമ്യം ലഭിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരുക്കുന്നത്. കസ്റ്റംസ് കേസില്‍ അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നതിനാല്‍ ഇനി സ്വപ്‌നയ്ക്ക് പുറത്തിറങ്ങാം.

സ്വപ്‌ന സുരേഷിനൊപ്പം കേസിലെ മുഖ്യപ്രതികളായ പി.എസ് സരിത്ത്, കെ.ടി റമീസ്, ജലാല്‍ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ വാദിച്ചുവെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു.നിലവില്‍ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാക്കിയ സ്വപ്‌നയ്ക്കും സരിത്തിനും ഉപാധികള്‍ പാലിച്ചാല്‍ ഉടന്‍ ജയില്‍ മോചിതരാകാം. എന്നാല്‍ റമീസ്, ജലീല്‍ എന്നിവരുടെ കരുതല്‍ തടങ്കല്‍ ഈ മാസം അവസാനമായിരിക്കും അവസാനിക്കുക.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയെന്നതാണ് പ്രതികള്‍ക്കെതിരായ ആരോപണം. എന്‍.ഐ.എ രാജ്യത്ത് രജിസ്്റ്റര്‍ ചെയ്ത ആദ്യത്തെ സ്വര്‍ണക്കടത്ത് കേസായിരുന്നു ഇത്. കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത്.

RECENT POSTS
Copyright © . All rights reserved