Latest News

കേരള സർക്കാരിൻ്റെ ഓണം ബംബർ ലോട്ടറി നറുക്കെടുക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. വലിയ പ്രതീക്ഷയോടെയാണ് ഓരോരുത്തരും 500 രൂപ മുടക്കി ലോട്ടറി എടുത്തത്. ഒന്നിലധികം ലോട്ടറി എടുത്തവരും നിരവധിയാണ്.

നിയന്ത്രണങ്ങളില്ലാതെ ഓണം ആഘോഷിച്ച മലയാളികൾ ഓണം ബമ്പറിനെയും കൈവിട്ടില്ല. 500 രൂപയെന്ന ടിക്കറ്റ് വിലയും ആരെയും പിന്തിരിപ്പിച്ചില്ല. 25 കോടിയെന്ന സ്വപ്ന സമ്മാനത്തിനായി സാമ്പത്തിക സ്ഥിതി നോക്കാതെ ആളുകൾ ഭാഗ്യപരീക്ഷണത്തിനിറങ്ങി. അവസാന മണിക്കൂറുകളിൽ വൻ തിരക്കാണ് ലോട്ടറി കടകളിൽ കാണുന്നത്. ഓണം ബമ്പർ ചോദിച്ച് ആളുകൾ സമീപിക്കുന്നത് ചില്ലറ വിൽപനക്കാർക്കും ഊർജമായി.

ഇന്നലെ വൈകുന്നേരം വരെ അറുപത്തിമൂന്ന് ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബാക്കിയുള്ള നാലര ലക്ഷം ടിക്കറ്റുകളും ഇന്ന് വിറ്റ് പോകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. കഴിഞ്ഞ വർഷം 12 കോടി രൂപ ഒന്നാം സമ്മാനം നൽകിയ മൂന്നൂറ് രൂപയുടെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇക്കുറി ഓണം ബമ്പറിനുള്ളത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതിയും മറ്റും കഴിഞ്ഞ് 15.5 കോടിയാണ് ഭാഗ്യശാലിക്ക് ലഭിക്കുക.

ഒന്ന് മുതൽ മൂന്ന് വരെയുള്ള സമ്മാനങ്ങൾ വിൽക്കപ്പെട്ട ടിക്കറ്റുകളിൽ ഉറപ്പാക്കി നറുക്കെടുപ്പ് നടത്തും. ബാക്കി സമ്മാനങ്ങളുടെ എണ്ണം വിൽക്കപ്പെടുന്ന ടിക്കറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്പരകളിലുള്ള അതേ നമ്പർ ടിക്കറ്റുകൾക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.

സമ്മാനാർഹർ നറുക്കെടുപ്പ് തിയതി മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റുകൾ നേരിട്ടോ ദേശോത്കൃത /ഷെഡ്യൂൾഡ്/ കേരള ബാങ്ക് വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഓഫിസിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപറ്റണം.

ലോട്ടറിയിൽ നിന്നുള്ള 5,000 രൂപ വരെ സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലാണ് നിങ്ങൾ അടിച്ച സമ്മാനത്തുകയെങ്കിൽ ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.

വെമ്പായത്ത് കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വേറ്റിനാട് സ്റ്റീഫന്റെ ഉമസ്ഥതയിലുള്ളതാണ് പുരയിടം. പൂർണമായും അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  കഴിഞ്ഞ മാസം 30ന് കാണാതായ അനുജയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിനടുത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ അന്നുതന്നെ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു .

നെടുമങ്ങാട് ‍ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ അനുജയെ കണ്ടെത്താൻ ഉളള അന്വേഷണവും നടന്നുവരികയായിരുന്നു . ഇതിനിടയിലാണ് ഇന്നലെ വൈകുന്നേരത്തോടെ വീടിനടുത്തുള്ള കിണറിൽ അനുജയുടെ മൃതദേഹം കണ്ടെത്തിയത് . തുടർന്ന് ഇന്ന് രാവിലെ പൊലീസും ഫയ‍ർഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അനുജയ്ക്ക് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ചും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു . കാണാതാകുന്നതിന് മുമ്പ് ചില‍ർക്ക് കൊടുക്കാനുള്ള പണവുമായി ബന്ധപ്പെട്ട ചില ഇടപാടുകൾ അനുജ നടത്തിയെന്ന് കണ്ടെത്തിയിരുന്നു .

വിവാഹ മോചിതയായിരുന്ന അനുജയുടെ പുനർവിവാഹം ഈ മാസം 3ന് നിശ്ചയിച്ചിരുന്നു പോസ്റ്റുമോർട്ടത്തിന് ശേഷമേ മറ്റ് കാര്യങ്ങൾ പറയാനാകു എന്ന് പൊലീസ് വ്യക്തമാക്കി . തുടർ അന്വേഷണവും പോസ്റ്റുമോ‍ർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും

പത്തനംതിട്ടയിൽ ഭാര്യയുടെ കൈകൾ വെട്ടിയ കേസ് ആസൂത്രിതമെന്ന് പൊലീസ്.
വിദ്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ സന്തോഷ് വടിവാളുമായാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ കയറിയത് അടുക്കള വഴി. വിദ്യ ട്യൂഷനെടുത്ത് വരുന്ന വഴി കൊല്ലാനായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് വീട്ടിൽ കയറിയത്.

അഞ്ച് വയസുള്ള കുട്ടിയുടെ മുന്നിൽ വച്ചാണ് വിദ്യയെ വെട്ടിയത്. പ്രതി സന്തോഷ് സംശയ രോഗിയാണെന്ന് പൊലീസ് പറഞ്ഞു. മുൻപ് വിദ്യയുടെ വായ കുത്തി കീറിയതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. കൊലപ്പെടുത്താൻ തന്നെയാണ് എത്തിയതെന്നും പൊലീസ് വിശദീകരിച്ചു.

അതേസമയം വിദ്യയുടെ ശസ്ത്രക്രിയ പൂർത്തിയായി. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ശസ്ത്രക്രിയ നടന്നത്. അറ്റുപോയ കൈകൾ തന്നിച്ചേർത്തു. യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ അച്ഛൻ വിജയനും വെട്ടേറ്റിരുന്നു . കഴിഞ്ഞ കുറെ നാളുകളായി വിദ്യയും സന്തോഷും വേർപിരിഞ്ഞു കഴിയുകയാണ്. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിധിയിലാണ്. സംഭവത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ടി-20 ലോകകപ്പ് ടീമിൽ ഉൾപ്പെടാതിരുന്നതിൻ്റെ പേരിലുള്ള വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് മലയാളി താരം സഞ്ജു സാംസൺ. രാഹുലും പന്തുമൊക്കെ തൻ്റെ ടീമിനു വേണ്ടിയാണ് കളിക്കുന്നതെന്നും അവരോട് മത്സരിച്ചാൽ തൻ്റെ രാജ്യത്തെ താൻ കൈവിടുന്നതുപോലെയാണെന്നും സഞ്ജു പറഞ്ഞു. ഋഷഭ് പന്തിനും ലോകേഷ് രാഹുലിനും പകരം സഞ്ജു സാംസൺ ടീമിലെത്തണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സഞ്ജു.

ഇന്ത്യൻ ടീമിലേക്ക് തിരികെ എത്താനായത് സന്തോഷം നൽകുന്നതാണെന്ന് സഞ്ജു പറയുന്നു. അന്നും ഇന്നും ഇന്ത്യയാണ് ഒന്നാം നമ്പർ ടീം. ടീമിൽ മികച്ച താരങ്ങളുണ്ട്. ഒന്നാം നമ്പർ ടീമിൽ ഇടം കണ്ടെത്തുക എന്നത് എളുപ്പമല്ല. അതേസമയം, നമ്മൾ നമ്മളെപ്പറ്റിയും ചിന്തിക്കണം. വളരെ പോസിറ്റീവായി ചിന്തിക്കേണ്ടതുണ്ട്. കെഎൽ രാഹുലിനും ഋഷഭ് പന്തിനും പകരം സഞ്ജു ലോകകപ്പ് ടീമിലെത്തണമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾ നടക്കുന്നത് കണ്ടു. ഇക്കാര്യത്തിൽ തൻ്റെ നിലപാട് വ്യക്തമാണ്. രാഹുലും പന്തുമൊക്കെ തൻ്റെ ടീമിനു വേണ്ടിയാണ് കളിക്കുന്നത്. അവരോട് മത്സരിച്ചാൽ തൻ്റെ രാജ്യത്തെ താൻ കൈവിടുന്നതുപോലെയാകും. അതുകൊണ്ട് പോസിറ്റീവായിരിക്കാനാണ് ശ്രമം. അവസരം ലഭിക്കുമ്പോഴൊക്കെ നല്ല പ്രകടനം നടത്താൻ ശ്രമിക്കുമെന്നും സഞ്ജു പറഞ്ഞു.

ടി-20 ലോകകപ്പ് ടീമിൽ ഉൾപ്പെടാതിരുന്നതിൻ്റെ പേരിലുള്ള വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് മലയാളി താരം സഞ്ജു സാംസൺ. രാഹുലും പന്തുമൊക്കെ തൻ്റെ ടീമിനു വേണ്ടിയാണ് കളിക്കുന്നതെന്നും അവരോട് മത്സരിച്ചാൽ തൻ്റെ രാജ്യത്തെ താൻ കൈവിടുന്നതുപോലെയാണെന്നും സഞ്ജു പറഞ്ഞു. ഋഷഭ് പന്തിനും ലോകേഷ് രാഹുലിനും പകരം സഞ്ജു സാംസൺ ടീമിലെത്തണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സഞ്ജു. (sanju samson social media)

5 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരികെ എത്താനായത് സന്തോഷം നൽകുന്നതാണെന്ന് സഞ്ജു പറയുന്നു. അന്നും ഇന്നും ഇന്ത്യയാണ് ഒന്നാം നമ്പർ ടീം. ടീമിൽ മികച്ച താരങ്ങളുണ്ട്. ഒന്നാം നമ്പർ ടീമിൽ ഇടം കണ്ടെത്തുക എന്നത് എളുപ്പമല്ല. അതേസമയം, നമ്മൾ നമ്മളെപ്പറ്റിയും ചിന്തിക്കണം. വളരെ പോസിറ്റീവായി ചിന്തിക്കേണ്ടതുണ്ട്. കെഎൽ രാഹുലിനും ഋഷഭ് പന്തിനും പകരം സഞ്ജു ലോകകപ്പ് ടീമിലെത്തണമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾ നടക്കുന്നത് കണ്ടു. ഇക്കാര്യത്തിൽ തൻ്റെ നിലപാട് വ്യക്തമാണ്. രാഹുലും പന്തുമൊക്കെ തൻ്റെ ടീമിനു വേണ്ടിയാണ് കളിക്കുന്നത്. അവരോട് മത്സരിച്ചാൽ തൻ്റെ രാജ്യത്തെ താൻ കൈവിടുന്നതുപോലെയാകും. അതുകൊണ്ട് പോസിറ്റീവായിരിക്കാനാണ് ശ്രമം. അവസരം ലഭിക്കുമ്പോഴൊക്കെ നല്ല പ്രകടനം നടത്താൻ ശ്രമിക്കുമെന്നും സഞ്ജു പറഞ്ഞു.

സമീപകാലത്ത് അയർലൻഡിനും സിംബാബ്വെയ്ക്കുമെതിരെ തകർപ്പൻ ഫോമിലാണ് സഞ്ജു. എന്നിട്ടും ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി പരിഗണിച്ചതിനെതിരെയാണ് ആരാധക രോഷം ഉയരുന്നത്. ഇതിനിടെ ന്യൂസീലൻഡ് എയ്ക്കെതിരായ ഇന്ത്യ എയുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെ ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഈ മാസം 22 മുതലാണ് പരമ്പര ആരംഭിക്കുക.

സെപ്തംബർ 22, 25, 27 തീയതികളിലാണ് മത്സരങ്ങൾ. സഞ്ജു നായകനാവുമ്പോൾ ആന്ധ്ര താരം കെ എസ് ഭരത് വിക്കറ്റ് കീപ്പറാവും. പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, കുൽദീപ് യാദവ്, ശാർദുൽ താക്കൂർ തുടങ്ങിയ താരങ്ങൾ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇന്ത്യ എ ടീം:

Prithvi Shaw, Abhimanyu Easwaran, Ruturaj Gaikwad, Rahul Tripathi, Rajat Patidar, Sanju Samson (Captain), KS Bharat (wicket-keeper), Kuldeep Yadav, Shabhaz Ahmed, Rahul Chahar, Tilak Varma, Kuldeep Sen, Shardul Thakur, Umran Malik, Navdeep Saini, Raj Angad Bawa

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. തൃശൂർ പെരിഞ്ഞനം കപ്പൽപള്ളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസർ (58) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുന്ന നാസർ, താമസസ്ഥലത്തേക്കുള്ള യാത്രക്കിടയിലാണ് അൽ വക്റയിൽ വെച്ച് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ മുഹമ്മദ് നാസർ സഞ്ചരിച്ച വാഹനം പൂർണമായും കത്തിനശിച്ചതിനാൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹം വക്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഖത്തറിൽ തന്നെ ഖബറടക്കം നടത്തും. മുഹമ്മദ് നാസറിന്റെ പിതാവ്; പുല്ലറക്കത്ത് മുഹമ്മദ്. സഹോദരങ്ങൾ: അബ്ബാസ്, ഷൗക്കത്ത് അലി, ജമാൽ, നിയാസ്, റംല, ആസിയ.

 

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന ദിവസം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് റദ്ദാക്കിയത് നൂറിലധികം വിമാനങ്ങൾ. ശവസംസ്‌കാര ചടങ്ങുകൾക്കിടെ അനാവശ്യമായ ശബ്ദം ഒഴിവാക്കുന്നതിന് വേണ്ടിയാണ് വിമാനങ്ങൾ റദ്ദ് ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു. തിങ്കളാഴ്ചയാണ് എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. ഇതോടെ അന്നേ ദിവസം ഷെഡ്യൂൾ ചെയ്തിരിക്കുന്ന 12,000 വിമാനങ്ങളിൽ 15 ശതമാനം വിമാനങ്ങളെ തീരുമാനം ബാധിക്കുമെന്ന് വെസ്റ്റ് ലണ്ടൻ എയർപോർട്ട് അധികൃതർ പറഞ്ഞു. വിമാനങ്ങൾ ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും നിയന്ത്രണം ബാധകമാണ്.

ഇതോടെയാണ് ഹീത്രു വിമാനത്താവളത്തിൽ നിന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നു 100 ആഭ്യന്തര സർവീസുകൾ റദ്ദാക്കാൻ തീരുമാനിച്ചത്. രാജ്ഞിയുടെ ശവസംസ്‌കാരം അവസാനിക്കുന്ന സമയത്ത് രണ്ട് മിനിട്ട് സമയം പൂർണമായും നിശബ്ദത പാലിക്കുമെന്ന് ഹീത്രു നേരത്തേയും പ്രഖ്യാപിച്ചിരുന്നു. ചടങ്ങിന് 15 മിനിട്ട് മുതൽ ചടങ്ങ് അവസാനിച്ച് 15 മിനിട്ട് വരെയും ഒരു വിമാനവും ടേക്ക് ഓഫ് ചെയ്യാനോ ലാൻഡ് ചെയ്യാനോ അനുവദിക്കില്ല. അതേസമയം ചില വിമാനങ്ങൾ വഴി തിരിച്ച് വിടാനും തീരുമാനമായിട്ടുണ്ട്.

രാജ്ഞിയോടുള്ള ആദര സൂചകമായിട്ടാണ് ശബ്ദ തടസ്സം ഉണ്ടാകാതിരിക്കുന്ന ശ്രമങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഇവർ പറയുന്നു. 2,500 അടി താഴെ പറക്കുന്ന ഡ്രോണുകൾക്ക് ഉൾപ്പെടെ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പൃഥ്വിരാജിന് തന്നോടുള്ള ദേഷ്യം മാറില്ലെന്ന് സംവിധായകന്‍ സിബി മലയില്‍. താന്‍ നൂറ് ശതമാനവും തെറ്റ് ചെയ്തിട്ടില്ല എന്നാല്‍ പൃഥ്വിരാജ് ഇപ്പോഴും ധരിച്ചു വച്ചിരിക്കുന്നത് താനാണ് അദ്ദേഹത്തെ ഒരു സിനിമയില്‍ നിന്നും മാറ്റിയത് എന്നാണ് സംവിധായകന്‍ പറയുന്നത്. അമൃതം എന്ന സിനിമയില്‍ നിന്നും പൃഥ്വിരാജിനെ മാറ്റിയതിനെ കുറിച്ചാണ് സിബി മലയില്‍ സംസാരിച്ചത്. നന്ദനം സിനിമയില്‍ ഒരു പാട്ട് ഷൂട്ട് ചെയ്ത ബന്ധമാണ് ഞാനും പൃഥ്വിരാജും തമ്മിലുള്ളത്. ആ റിലേഷന്‍ഷിപ്പില്‍ ഒരു പ്രശ്‌നങ്ങള്‍ ഉണ്ടായി. അത് 100 ശതമാനവും എന്റെ കുറ്റമല്ല. അദ്ദേഹം ധരിച്ച് വച്ചിരിക്കുന്നത് അങ്ങനെയാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അമൃതം എന്ന സിനിമയില്‍ പൃഥ്വിരാജിനെ ജയറാമിന്റെ അനുജന്‍ ആയിട്ട് കാസ്റ്റ് ചെയ്തിരുന്നു.

ഞാന്‍ പൃഥ്വിരാജിനെ പോയി കണ്ടിട്ടില്ലായിരുന്നു. പ്രൊഡ്യൂസര്‍ ആണ് പോയി കഥയൊക്കെ പറഞ്ഞത്. പിന്നീട് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞു, ‘അദ്ദേഹം ചോദിക്കുന്ന എമൗണ്ട് കുറച്ച് കൂടുതലാണ്’ എന്ന്. അത് നിങ്ങള്‍ തന്നെ തീരുമാനിക്കുക, അതില്‍ എനിക്ക് റോളില്ലെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് ആ ക്യാരക്ടറിന് എന്താണോ ബജറ്റ് ഉള്ളത് അത് പറയുക. ബജറ്റില്‍ പറ്റില്ലെങ്കില്‍ വേറെ ഓപ്ഷന്‍ നോക്കാമെന്നും ഞാന്‍ പറഞ്ഞു. പൃഥ്വിരാജുമായി ഇവര്‍ സംസാരിച്ചപ്പോള്‍ അത് തമ്മില്‍ ധാരണയില്‍ എത്തിയില്ല. ജയറാമാണ് ഹീറോ, അനുജനായി വേറെ ആളെ കണ്ടെത്താമെന്ന് ഞാന്‍ പറഞ്ഞു.

അങ്ങനെയാണ് ആ സിനിമയില്‍ അരുണ്‍ എന്ന നടന്‍ ആ സിനിമയില്‍ അഭിനയിക്കുന്നത്. അന്ന് പൃഥ്വിരാജും പ്രൊഡ്യൂസറും തമ്മില്‍ ഇതിനെ കുറിച്ച് എന്താ സംസാരിച്ചതെന്ന് എനിക്ക് അറിയുകയുമില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മനസിലാക്കുന്നത് ഇദ്ദേഹം ധരിച്ചു വച്ചിരിക്കുന്നത് ഞാന്‍ അദ്ദേഹത്തെ സിനിമയില്‍ നിന്നും ഒഴിവാക്കിയതാണ് എന്ന്. എനിക്ക് ഇപ്പോഴും ക്ലാരിറ്റി ഇല്ല. പക്ഷെ അതൊരു അകല്‍ച്ചയായി മാറിയിട്ടുണ്ട്. അത് മാറണ്ട ഘട്ടങ്ങള്‍ കഴിഞ്ഞു എന്നാണ് സിബി മലയില്‍ റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മധ്യ ഇറ്റലിയില്‍ കനത്ത പ്രളയം. പത്ത് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി. വീടുകളും വാഹനങ്ങളുമടക്കം പ്രളയത്തില്‍ അകപ്പെട്ടതോടെ ആശങ്കയിലാണ് ഇറ്റാലിയന്‍ ജനത. നാല് മണിക്കൂറുകളോളം നീണ്ട കനത്ത മഴയില്‍ വെള്ളത്തിനടിയിലായിരിക്കുകയാണ് മധ്യ ഇറ്റലിയിലെ പല പ്രദേശങ്ങളും. മൂന്നു മണിക്കൂറില്‍ 400 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. പ്രതിവര്‍ഷം സാധാരണ ലഭിക്കുന്ന മഴയുടെ മൂന്നിലൊന്നാണ് ഏതാനും മണിക്കൂറുകളില്‍ പെയ്തിറങ്ങിയത്.

സെനിഗലിയ, മാര്‍ഷെ തുടങ്ങിയ മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നത്. വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്നും അത് പ്രവചിക്കുക ദുഷ്കരമാണെന്നും ഭൗമശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

ആഡ്രിയാറ്റിക് സമുദ്രത്തോട് ചേർന്നു കിടക്കുന്ന മാർഷെ മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ സംഭവിച്ച മേഘസ്ഫോടനത്തിനു സമാനമായ മഴയാണ് അപ്രതീക്ഷിത പ്രളയത്തിനു പിന്നിലെന്ന് മേയർ റിക്കാർഡോ പാസ്ക്വാലിനി വ്യക്തമാക്കി. പ്രളയജലം ഇരച്ചെത്തിയതോടെ ആളുകൾ കെട്ടിടങ്ങളുടെ മുകളിലും വലിയ മരങ്ങളുടെ മുകളിലുമാണ് അഭയം തേടിയത്. രക്ഷാപ്രവർത്തകർ എത്തുന്നതുവരെ അവിടെത്തന്നെ തുടരേണ്ടി വന്നു. ഇതിനു പിന്നാലെ കുടിവെള്ള വിതരണവും ഗതാഗതവും ടെലിഫോൺ സംവിധാനവും താറുമാറായി. നഗരത്തിലാകെ പാതിയോളം ചെളിയിൽ മുങ്ങിക്കിടക്കുന്ന കാറുകൾ കാണാൻ കഴിയും.

മലയാള സിനിമയ്ക്ക് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിദ്ദിഖ്. സിദ്ദിഖിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ക്രോണിക് ബാച്ചിലർ. മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിൽ നായികയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ പറ്റി സിദ്ദിഖ് തുറന്ന് പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്.

മമ്മൂട്ടിയെ നായകനാക്കി, ഫാസിൽ സാറിന്റെ സഹോദരനായ ഖയസ് നിർമ്മിക്കാനിരുന്ന ചിത്രമായിരുന്നു ക്രോണിക്ക് ബാച്ചിലർ. ചിത്രത്തിന് കഥയുണ്ടാക്കാൻ വേണ്ടി താൻ ഖയസിനൊപ്പം ഖത്തറിലേക്ക് പോയിരുന്നു.’ആ വർഷം സെപ്റ്റംബർ 11 നാണ് ന്യൂയോർക്ക് ട്വിൻ ടവറും പെന്റ​ഗണും ആക്രമിക്കപ്പെടുന്നത്.

പിന്നീട് തിരിച്ച് നാട്ടിൽ വന്ന് കഴിഞ്ഞാണ് ക്രോണിക് ബാച്ചിലറിന്റെ സ്പാർക്ക് വരുന്നത്. പക്ഷേ ഖയസിന് ആ സിനിമ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയില്ല. ലാലിന് ആ സമയത്ത് ഈ പടം ഡിസ്ട്രിബ്യൂഷനും ചെയ്യാൻ പറ്റിയില്ല .വേറൊരു ഡിസ്ട്രിബ്യൂട്ടർ ആ പടം ഏറ്റെടുക്കാൻ തയ്യാറായി. എല്ലാ സിനിമയിലും തനിക്ക് സംഭവിക്കുന്നത് പോലെ തന്നെ ഹീറോയിന്റെ പ്രശ്നം വന്നു. അന്നും ഹീറോയിന്റെ ഡേറ്റ് കറക്ടായി കിട്ടിയില്ല. ഷൂട്ട് തുടങ്ങുകയും വേണം. മമ്മൂക്കയുടെ ഡേറ്റിനനുസരിച്ച് ഹീറോയിന്റെ ഡേറ്റ് കിട്ടണം.

അങ്ങനെ ഷൂട്ടിം​ഗ് തുടങ്ങി. മലബാറിലുള്ളൊരു ഡിസ്ട്രിബ്യൂട്ടർ ആയിരുന്നു’ഷൂട്ടിം​ഗിനിടയ്ക്കൊല്ലാം ഹീറോയിനെ തപ്പിക്കൊണ്ടിരിക്കുന്നു. ഒരുപാട് അന്വേഷണത്തിനാെടുവിലാണ് രംഭയെ കണ്ടെത്തുന്നത്. രംഭ ആ സമയത്ത് തമിഴിൽ സ്റ്റാർ ആയി നിൽക്കുകയാണ്. അങ്ങനെ രംഭ ആ സിനിമയിൽ വന്നു. രംഭ വന്നതോടെ ഡിസ്ട്രിബ്യൂട്ടർ പിൻമാറി. ഇതൊരു കുടുംബ ചിത്രമാണ് രംഭയൊന്നും ശരിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ സിനിമയിൽ രംഭയുടെ ക്യാരക്ടർ കറക്ട് ആണെന്ന് തങ്ങൾ പറഞ്ഞു. രംഭയെ മാറ്റാൻ പറ്റില്ല. മാത്രമല്ല അത്രയും വാല്യുവുള്ള വേറൊരു ഹീറോയിനെ കിട്ടിയിട്ടുമില്ല. അങ്ങനെ ആ ഡിസ്ട്രിബ്യൂട്ടർ മാറി. പത്ത് ദിവസത്തോളം ഷൂട്ട് നടന്നിരുന്നു. പിന്നീട് ഷൂട്ടിം​ഗ് നിർത്തി, ഈ ഡിസ്ട്രീബ്യൂട്ടർ അതുവരെ മുടക്കിയ പൈസ തിരിച്ചു കൊടുത്തിട്ടേ രണ്ടാമത് ഷൂട്ടിം​ഗ് തുടങ്ങാൻ പറ്റുള്ളൂ’

ആ സമയത്ത് ഫാസിൽ സർ ഡിസ്ട്രിബ്യൂഷൻ കമ്പനി തുടങ്ങിയിട്ടുണ്ട്. ഫാസിൽ സാർ ആ സിനിമയുടെ പ്രൊഡ്യസറും ഡിസ്ട്രിബ്യൂട്ടറും ആയി. കൊടുക്കാനുള്ള പണം കൊടുത്ത് സെറ്റിൽ ചെയ്ത് പത്ത് ദിവസത്തിന് ശേഷമാണ് രണ്ടാമത് ഷൂട്ടിം​ഗ് തുടങ്ങിയതെന്നും. പിന്നീട് ചിത്രം സൂപ്പർ ഹിറ്റായി മാറിയെന്നും സിദ്ദിഖ് പറഞ്ഞു.

പട്ടാപ്പകൽ നടുറോഡിൽ ഭാര്യയെ ദാരുണമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കി. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കിണറ്റിൽ ചാടിയാണ് ജീവിതം അവസാനിപ്പിച്ചത്. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് സെൽവരാജ് ആണ് മരിച്ചത്. 46 വയസായിരുന്നു.

കഴിഞ്ഞവർഷം ഓഗസ്റ്റ് 31നാണ് സെൽവരാജ് തന്റെ രണ്ടാം ഭാര്യയെ കൊലപെടുത്തിയത്.ശാസ്തവട്ടം ജംഗ്ഷനിൽ നടുറോഡിൽ സെൽവരാജിൻറെ ഭാര്യയായിരുന്ന 37കാരി പ്രഭയെ കഴുത്തറുത്ത് കൊലപെടുത്തുകയായിരുന്നു. ഈ കേസിൽ കഴിഞ്ഞ ദിവസമാണ് സെൽവരാജ് ജാമ്യത്തിൽ ഇറങ്ങിയത്.

വൈകീട്ടോടെ വീട്ടുവളപ്പിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. നേരത്തെ കുടുംബപ്രശ്‌നത്തെ തുടർന്ന് പ്രഭയും സെൽവരാജും പിരിഞ്ഞു താമസിക്കുകയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സെൽവരാജ് അവിടെയെത്തുകയും ഇരുവരും സംസാരിച്ചു നടക്കുന്നതിനിടയിൽ കത്തി കൊണ്ട് കഴുത്തറുക്കുകയുമായിരുന്നു.

രക്തം വാർന്നാണ് പ്രഭ മരണത്തിന് കീഴടങ്ങിയത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ഭാര്യയെ ഒപ്പം താമസിക്കാൻ വിളിച്ചിട്ടും വരാത്തതിലുള്ള വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. 10 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. സെൽവരാജിന്റെ രണ്ടാമത്തേയും പ്രഭയുടെ മൂന്നാമത്തെയും വിവാഹവുമായിരുന്നു.

Copyright © . All rights reserved