Latest News

ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്തില്‍ നടന്നത് റെയ്ഡ് അല്ലെന്ന് വ്യക്തമാക്കി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേ.

മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്റെ കൈവശമുണ്ടായിരുന്ന കൂടുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈമാറണമെന്ന് നോട്ടീസ് നല്‍കാനും ചില രേഖകള്‍ നല്‍കാനുമാണ് മന്നത്തില്‍ പോയതെന്ന് സമീര്‍ വാങ്കഡെ അറിയിച്ചു.

എന്നാല്‍ അതേ സമയം നടി അനന്യ പാണ്ഡേയുടെ വീട്ടില്‍ പോയത് ചോദ്യം ചെയ്യലിന് എത്താന്‍ നോട്ടീസ് നല്‍കാനാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ന് രാവിലെയാണ് എന്‍സിബി സംഘം ഷാരുഖിന്റെ മുബൈയിലെ വസതിയിലെത്തിയത്. പരിശോധനയ്ക്ക് വേണ്ടിയാണ് സംഘമെത്തിയതെന്നാണ് ആദ്യം ലഭിച്ച വിവരം.

എന്നാല്‍ പരിശോധനയല്ല നോട്ടീസ് നല്‍കാനെത്തിയതെന്നാണ് എന്‍സിബി നല്‍കുന്ന വിശദീകരണം. ഇന്ന് രാവിലെ ഷാറൂഖ് മുംബൈ ആര്‍തര്‍ റോഡിലെ ജയിലിലെത്തി ആര്യന്‍ ഖാനെ സന്ദര്‍ശിച്ചിരുന്നു. ജയിലില്‍ നിന്നും ഷാറൂഖ് വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ മന്നത്തിലേക്ക് എത്തിയത്.

മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതിയും ജാമ്യം നിഷേധിച്ചതോടെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ആര്യന്‍ ഖാന്റെ അഭിഭാഷകര്‍. ആര്യനില്‍ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും തെളിവുപോലുമില്ലാതെയാണ് ജയിലിലിട്ടിരിക്കുന്നതെന്നും അഭിഭാഷകന്‍ സതീഷ് മാനേഷിന്‍ഡേ കോടതിയെ അറിയിച്ചത്.

കഞ്ചാവ് എണ്ണ ഉപയോഗിച്ചതോടെ ശ്വാസകോശ കാന്‍സറിന് ആശ്വാസമുണ്ടെന്ന അവകാശവാദവുമായി 80കാരി രംഗത്ത്. പരിശോധനയില്‍ ഇവരുടെ ശ്വാസകോശത്തിലെ ട്യൂമര്‍ ചുരുങ്ങിയതായി കണ്ടെത്തിയെന്നും ബിഎംജെ കേസ് റിപ്പോര്‍ട്ട്സ് എന്ന ജേര്‍ണലില്‍ പറയുന്നു. കഞ്ചാവുചെടിയില്‍ നിന്ന് നിര്‍മിക്കുന്ന എണ്ണ (സിബിഡി) ഉപയോഗിച്ചാണ് ഇവര്‍ സ്വയം ചികിത്സ നടത്തിയതെന്നാണ് അവകാശവാദം.

യുകെയിലെ വാറ്റ്ഫോഡ് ജനറല്‍ ആശുപത്രിയിലെ റെസ്പിരേറ്ററി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് 80കാരിയുടെ അനുഭവം ഗവേഷണ പ്രബദ്ധത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2018ല്‍ കാന്‍സര്‍ കണ്ടെത്തുമ്പോള്‍ ശ്വാസകോശത്തില്‍ 41 മില്ലീമീറ്റര്‍ വലിപ്പമുള്ള മുഴയായിരുന്നു. എന്നാല്‍ 2021 ഫെബ്രുവരി ആയപ്പോഴേക്കും 10 മില്ലീമീറ്റര്‍ ആയി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അവര്‍ സ്ഥിരമായി പുകവലിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു. നേരിയ തോതില്‍ ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പള്‍മോണറി ഡിസീസ് അഥവാ സിപിഓഡിയും, മുട്ടിന് തേയ്മാനവും, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും അവര്‍ക്ക് ഉണ്ടായിരുന്നു. പോരാത്തതിന് ഇവര്‍ പലതരത്തിലുള്ള മരുന്നുകളും കഴിക്കുന്നുണ്ടായിരുന്നു.

അവരില്‍ കണ്ടെത്തിയ അര്‍ബുദ മുഴ മറ്റ് സ്ഥലങ്ങളിലേക്ക് ഒട്ടും വ്യാപിച്ചിരുന്നില്ല. അതിനാല്‍ തന്നെ ശസ്ത്രക്രിയയോ കീമോതെറാപ്പി, റേഡിയോതെറാപ്പി തുടങ്ങിയ ചികിത്സകളോ ചെയ്യുന്നതിന് തടസമുണ്ടായിരുന്നില്ല. എന്നാല്‍, തന്റെ യഥാര്‍ത്ഥ രോഗാവസ്ഥ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് മുത്തശ്ശി ഈ ചികിത്സകളെല്ലാം നിരാകരിച്ചു.

തുടര്‍ന്ന് സിബിഡി എണ്ണ ഉപയോഗിച്ച് സ്വയം ചികിത്സ ആരംഭിച്ചു ആദ്യമൊക്കെ ദിവസം മൂന്നു നേരം 0.5 മില്ലി ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2018 ഓഗസ്റ്റില്‍ ഒരു ബന്ധുവിന്റെ ഉപദേശത്തെ തുടര്‍ന്ന് ചില ദിവസങ്ങളില്‍ രണ്ട് നേരം വീതവും ഉപയോഗിച്ച് തുടങ്ങി.

സിബിഡി എണ്ണ കഴിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി ചൂടുള്ള ഭക്ഷണവും പാനീയങ്ങളും കഴിക്കരുതെന്ന് എണ്ണയുടെ വിതരണക്കാരന്‍ നിര്‍ദ്ദേശിച്ചിരുന്നു എന്ന് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. എണ്ണ കഴിച്ച് തുടങ്ങിയപ്പോള്‍ തനിക്ക് വിശപ്പ് കുറഞ്ഞതായി ചൂണ്ടിക്കാട്ടിയ ഇവര്‍ മറ്റ് ‘പാര്‍ശ്വഫലങ്ങള്‍’ ഒന്നും ഉണ്ടായിരുന്നില്ല എന്നും വ്യക്തമാക്കി. അവര്‍ക്കായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്ന മരുന്നുകളിലും, ഭക്ഷണശൈലിയിലും, ജീവിതശൈലിയിലും മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ അവര്‍ വരുത്തിയിരുന്നില്ല. അവര്‍ തന്റെ പുകവലി തുടരുകയും ചെയ്തു.

ഇതുവരെ ഇതിന് സമാനമായ ഒരു കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു എന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ സിബിഡി എണ്ണയിലെ ഏത് ചേരുവയാണ് അര്‍ബുദം കുറയ്ക്കാന്‍ സഹായകമായതെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ‘സിബിഡി എണ്ണ മൂലമാണ് അര്‍ബുദത്തിന് കുറവ് വന്നതെന്ന് തോന്നാന്‍ കാരണങ്ങളുണ്ടെങ്കിലും അതു തന്നെയാണ് യഥാര്‍ത്ഥ കാരണമെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല’ എന്നും അവര്‍ ചൂണ്ടിക്കാട്ടി.അതേസമയം ഇതേ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ പറയുന്നു.

കെപിസിസി ഭാരവാഹികളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. എന്‍ ശക്തന്‍, വിടി ബല്‍റാം, വിജെ പൗലോസ്, വിപി സജീന്ദ്രന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും. ട്രഷററായി അഡ്വ.: പ്രതാപചന്ദ്രനെ തെരഞ്ഞെടുത്തു.

23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിവരെയും പ്രഖ്യാപിച്ചു. മൂന്ന് വനിത ജനറല്‍ സെക്രട്ടറിമാര്‍. ദീപ്തി മേരി വര്‍ഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവര്‍ ജനറല്‍ സെക്രട്ടറിമാര്‍.

അതേസമയം, പാര്‍ട്ടിയില്‍ അസംതൃപ്തിയുള്ളവര്‍ ഉണ്ടാകാമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം കൊടുത്തിട്ടുണ്ട്. സമര്‍ത്ഥരായ നേതാക്കളാണ് എല്ലാവരും. ഭാരവാഹിത്വം കുറച്ചതില്‍ ആരും തെരുവില്‍ ഇറങ്ങില്ല. അവരെ പാര്‍ട്ടിയില്‍ മറ്റ് ഉത്തരവാദിത്വങ്ങള്‍ നല്‍കി സക്രിയമാക്കും. ഗ്രൂപ്പിലുള്ളവര്‍ തന്നെയാണ് പട്ടികയിലുള്ളതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാതാപിതാക്കള്‍ തന്റെ കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിക്കൊണ്ടുപോയെന്ന എസ്എഫ്‌ഐ മുന്‍ നേതാവ് അനുപമയുടെ പരാതിയിൽ വനിതാ കമ്മീഷന്‍ കേസെടുത്തു. വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി അടിയന്തര റിപ്പോര്‍ട്ട് തേടി.

കുഞ്ഞിനെ അമ്മയുടെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ അനുപമ പരാതി ഉന്നയിച്ചിരുന്നത്. വനിതാ കമ്മീഷന്‍റെ അടുത്ത മാസം നടക്കുന്ന സിറ്റിങ്ങില്‍ പരാതിക്കാരിയായ അനുപമയേയും ഭര്‍ത്താവ് അജിത്തിനേയും വിളിച്ചുവരുത്തുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു.

ഈ വർഷം ഏപ്രിലിൽ പൊലീസിൽ പരാതി നൽകിയിരുന്നതായി അനുപമ അറിയിച്ചിരുന്നു. എന്നാൽ ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. പരാതിയിൽ അനുപമയുടെ പിതാവ് ജയചന്ദ്രനടക്കം ആറുപേർക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.

സിപിഎം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസ് അന്വേഷണം തടസപ്പെടുത്തുന്നതായി അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് പ്രസവിച്ച തന്റെ കുഞ്ഞിനെ മൂന്ന് ദിവസത്തിനു ശേഷം പിതാവ് എടുത്തുകൊണ്ടുപോയെന്നാണ് അനുപമ പരാതിപ്പെട്ടത്. ശിശുക്ഷേമ സമിതി വഴി ഈ കുട്ടിയെ ആന്ധ്രാ സ്വദേശികളായ ദമ്പതിമാർക്ക് ദത്തെടുക്കാൻ നൽകിയെന്ന് സംശയിക്കുന്നതായും അനുപമ പറഞ്ഞിരുന്നു.

അജിത്തുമായുള്ള ബന്ധം ഇഷ്ടമല്ലാത്തതിനാലാണ് മാതാപിതാക്കൾ തന്റെ കുഞ്ഞിനെ തന്നിൽ നിന്ന് മാറ്റിയതെന്നും അനുപമ പറയുന്നു.

പാട്ടിലൂടെ എല്ലാവരെയും കൈയിലെടുത്ത പാട്ടുക്കാരിയാണ് സിതാര. മനോഹരമായ ഒരുപാട് ഗാനങ്ങളാണ് സിതാര ഇതുവരെ ആസ്വാദകർക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ ഇതാ കിടിലൻ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഗംഭീരം നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി കൊണ്ടിരിക്കുന്നത്. ക്ലാസ്സിക്കൽ നൃത്തത്തിലാണ് ഇത്തവണ പ്രെത്യക്ഷപെട്ടിരിക്കുന്നത്. ഗാനത്തിനു തരുണിയെന്നാണ് പേര് നൽകിയിരിക്കുന്നത്.

സിതാര തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഗാനം പാടി നൃത്തം ചെയുന്നത്. അത് നടപ്പിലാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് സിതാര ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. തരുണി എനിക്കിത് തികച്ചും വൈകാരികമായ ഒരു അനുഭവമായിരുന്നു!! അവനവനുവേണ്ടി സ്വപ്നം കാണുന്നത് നമുക്ക് പരിചയമുള്ള തോന്നലാണ്!! എന്നാൽ എന്റെ വീട്ടുകാർക്കും പഴയ കൂട്ടുകാർക്കും പ്രിയ ഗുരുക്കന്മാർക്കും എല്ലാം വേണ്ടി, എന്റെ ഉള്ളിൽ മിഥുൻ ജയരാജ്‌ നിർബന്ധപൂർവം കൊണ്ടുവന്നു നട്ട സ്വപ്നമാണ് “തരുണി” !!

കാരണം അവനോളം എന്നെ അറിയുന്നവർ കുറവാണ്!! വയ്യെന്നു തോന്നുന്ന നേരം ഇല്ലാത്ത ശക്തി തന്ന് നിവർന്നു നിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്ന ശക്തിയാണ് അവൻ!! ഇതൊരു സമർപ്പണമാണ്, കരുതലും, തിരുത്തലുകളും, കൊണ്ട് കാവലായി ഇന്നോളം കൈവിടാതെ കൂടെ നിന്ന ഗുരുക്കന്മാർക്കും , സ്വന്തം സ്വപ്നങ്ങളിലും ആഗ്രഹങ്ങളിലും പലതും മകൾക്കായി മാറ്റിവച്ച എന്റെ പൊന്നച്ഛനും പൊന്നമ്മയ്ക്കും!!! നമ്മുടെ ഏത് കുഞ്ഞു തോന്നലിനെയും കവിതയായി മാറ്റുന്ന ശ്രീ.ഹരിനാരായണൻ ഞാനേറെ ഇഷ്ടപ്പെടുന്ന കലാകാരൻ ബിജു ധ്വനിതരംഗ് ഏത് സ്വപ്നത്തിനും ചിറകു തുന്നിപ്പിടിപ്പിക്കാൻ കൂടെ നിൽക്കുന്ന സുമേഷ് സർ ,വണ്ടർവാൾ ഫാമിലി പിന്നെ ആവശ്യത്തിലേറെ ഊർജവുമായി കൂടെ നിന്ന എന്റെ സ്വന്തം ആളുകൾ ഏട്ടൻ, ലച്ചു, ഇന്ദുമണി, സുജിത്തേട്ട, ശ്രീജേഷേട്ടൻ” അങ്ങനെ ആയിരുന്നു സിതാരയുടെ വാക്കുകൾ. വീഡിയോ കാണാം

ന്യൂസിലൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നൽകി യുകെ. രാജ്യത്തെ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും പ്രയോജനം ചെയ്യുന്നതാണ് സ്വതന്ത്ര വ്യാപാര കരാറെന്നും അതിനാൽ കയറ്റുമതി ചെലവ് കുറയുമെന്നും കരാറിന് അംഗീകാരം നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കരാർ ന്യൂസിലൻഡിലെ തൊഴിൽ വിപണി യുകെ പ്രൊഫഷണലുകൾക്ക് തുറന്നുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയും ജപ്പാനും ന്യൂസിലൻഡും ഉൾപ്പെടുന്ന ത്രിരാഷ്ട്ര വ്യാപാര കരാറിലേക്കുള്ള ചുവടുവെപ്പായാണ് ഈ കരാറിനെ സർക്കാർ വിശേഷിപ്പിക്കുന്നത്. എന്നാൽ സർക്കാരിന്റെ തന്നെ കണക്കനുസരിച്ച് ന്യൂസിലൻഡുമായുള്ള വ്യാപാര കരാർ ബ്രിട്ടീഷ് വ്യാപാര രംഗത്ത് വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യത കുറവാണ്. യുകെയുടെ ആകെ വ്യാപാരത്തിന്റെ ഒരു ചെറിയ അനുപാതം മാത്രമാണ് ന്യൂസിലൻഡുമായി നടക്കുന്നത്, 0.2%ൽ താഴെ.

16 മാസത്തെ ചർച്ചകൾക്ക് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ജോൺസണും ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡറും ബുധനാഴ്ച വീഡിയോ കോളിലൂടെ കരാറിന് അംഗീകാരം നൽകിയത്. വസ്ത്രങ്ങൾ, കപ്പലുകൾ, ബുൾഡോസറുകൾ എന്നിവ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഉത്പന്നങ്ങൾക്കും ന്യൂസിലൻഡിന്റെ വൈൻ, ഹണി, കിവി ഫ്രൂട്ട് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്കും ഇതോടെ നികുതി ഇല്ലാതാകും.

അതേസമയം കരാർ യുകെ കർഷകരെ ദോഷകരമായി ബാധിക്കുകയും ഭക്ഷ്യ നിലവാരം കുറയ്ക്കുകയും ചെയ്യുമെന്ന് ലേബറും നാഷണൽ ഫാർമേഴ്സ് യൂണിയനും (എൻഎഫ് യു) ആരോപിച്ചു. എന്നാൽ, ഉൽപന്നങ്ങൾ മികച്ച രീതിയിൽ പങ്കിടുന്നതിലൂരെ രണ്ട് രാജ്യങ്ങൾക്കും പുതിയ അവസരങ്ങൾ കരാർ നൽകുമെന്നും ബ്രിട്ടീഷ് കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആനി-മേരി ട്രെവലിയൻ പറഞ്ഞു.

അഭിഭാഷകർ, ആർക്കിടെക്റ്റുകൾ തുടങ്ങിയ യുകെ പ്രൊഫഷണലുകൾക്ക് ന്യൂസിലാൻഡിൽ കൂടുതൽ എളുപ്പത്തിൽ ജോലി നേടാനാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഹോട്ടൽ ഉടമ സരിൻ മോഹൻ ആത്മഹത്യ ചെയ്തത് സ്വകാര്യ പണമിടപാടുകാരുടെ ഭീഷണി മൂലമാണെന്ന് ഭാര്യ രാധു. കോവിഡ് മൂലമുണ്ടായ കടക്കെണിയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതായും തന്റെ മരണത്തിന് സർക്കാരാണ് ഉത്തരവാദിയെന്നും സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ശേഷമാണ് കോട്ടയം കുറിച്ചി ഔട്ട്പോസ്റ്റിലെ വിനായക ഹോട്ടലിന്റെ ഉടമ സരിൻ മോഹൻ (42) ജീവനൊടുക്കിയത്.

ചൊവ്വാഴ്ച രാവിലെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ‘മരിക്കുന്നതിന്റെ തലേദിവസവും പലിശക്കാർ വന്നു ഭീഷണിപ്പെടുത്തി. മൂന്നു മാസമായി പണം അടയ്ക്കാൻ കഴിഞ്ഞില്ല. തലേന്ന് പലിശക്കാർ വീട്ടിലെത്തി 50,000 രൂപ ആവശ്യപ്പെട്ടു. അതു കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. സരിന്റെ സുഹൃത്ത് സ്വർണം പണയംവച്ച് ഉച്ചയോടെ പണം നൽകാമെന്ന് പറഞ്ഞിരുന്നു. കുറച്ച് സമയം നീട്ടി ചോദിച്ചെങ്കിലും പലിശക്കാർ സമ്മതിച്ചില്ല’– രാധു പറ‍ഞ്ഞു.

ഫരീദാബാദിലെ ജവഹർ കോളനിക്കടുത്താണ് സംഭവം. മൊബൈലിൽ ഫോണിൽ ശ്രദ്ധിച്ച് റോഡിലൂടെ നടന്ന സ്ത്രീ കൈക്കുഞ്ഞുമായി മാൻഹോളിൽ വീണു. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞാണ് യുവതിയുടെ കൈയ്യിൽ ഉണ്ടായിരുന്നത്. മൊബൈലിൽ ആരെയോ വിളിക്കാൻ യുവതി ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

തുറന്നിരുന്ന മാൻഹോളിന് മുമ്പിൽ പരസ്യ ബോർഡും കൂടി ഉണ്ടായിരുന്നത് കൊണ്ടാണ് യുവതി കുഴി കാണാതെ പോയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വീഴ്ചയില്‍ ഇരുവര്‍ക്കും പരുക്കുകളൊന്നുമില്ലെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതി കുഞ്ഞുമായി വീഴുന്നത് കണ്ട് ആളുകൾ ഓടിയെത്തി. ആദ്യം കുഞ്ഞിനെയാണ് പുറത്തെടുത്തത്. ശേഷം കുഞ്ഞിനു പരുക്കൊന്നുമില്ലെന്നും അവര്‍ ഉറപ്പു വരുത്തി. പിന്നാലെ യുവതിയെയും രക്ഷപെടുത്തി. വിഡിയോ കാണാം.

 

അനിത പുല്ലയലിനെ കുരുക്കി മോന്‍സന്റെ ഫോണ്‍ സംഭാഷണം പുറത്ത്. അനിതയുടെ അനിയത്തിയുടെ കല്യാണം നടത്തിയത് താനാണെന്ന് പുറത്തുവന്ന സംഭാഷണത്തില്‍ മോന്‍സന്‍ പറയുന്നു. 18ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ഒരുമാസത്തിനകം പണം തിരികെ നല്‍കുമെന്നും അനിത പറഞ്ഞിരുന്നു. ഇത് തിരിച്ച് ചോദിച്ചതിന് പിന്നാലെയാണ് അനിത തന്നോട് പിണങ്ങിയതെന്നും മോന്‍സന്‍ പറയുന്നു. അറസ്റ്റിലാകുന്നതിന് മുന്‍പ് പരാതിക്കാരുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം

അനിതയുടെ അനിയത്തിയുടെ കല്യാണത്തിന് 18 ലക്ഷം രൂപ മുടക്കിയിരുന്നു. അന്ന് തന്റെ കൈവശം പണം ഉണ്ടായിരുന്നു. അതാണ് താന്‍ നല്‍കിയത്. തനിക്ക് ബുദ്ധിമുട്ട് വന്നപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് അനിത തനിക്കെതിരെ രംഗത്തുവന്നതെന്ന് മോന്‍സന്‍ പുറത്തുവന്ന സംഭാഷണത്തില്‍ പറയുന്നു.

മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വീഡിയോ കോള്‍ വഴിയാണ് ഇറ്റലിയിലുള്ള അനിതയുടെ മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോന്‍സന്റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.

മോന്‍സന്റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തിയിരുന്നു. മോന്‍സന്റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോന്‍സന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നല്‍കിയിരുന്നു. 2019 മെയ്മാസം അനിത പ്രവാസിമലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പം മോന്‍സന്റെ വീട്ടില്‍ എത്തിയിരുന്നു. ഒരാഴ്ച കലൂരിലെ വീട്ടില്‍ താമസിച്ച അനിതയോട് അന്നത്തെ മാനേജര്‍ തട്ടിപ്പിനെക്കുറിച്ച് എല്ലാം പറഞ്ഞതായാണ് അജി വെളിപ്പെടുത്തുന്നത്.

എന്നാല്‍ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും അനിത പുല്ലയില്‍ ഇതുവരെ എവിടെയും പരാതി നല്‍കിയിട്ടില്ല. മോന്‍സന്റെ തട്ടിപ്പ് മനസ്സിലായിട്ടും അനിത സൗഹൃദം തുടര്‍ന്നിരുന്നു. ഈ കാലയളവിലാണ് അനിത മുന്‍ ഡിജിപിയെ മ്യൂസിയത്തിന്റെ പൊലിമ വിവരിച്ച് കലൂരിലെ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റില്‍ മോന്‍സന്റെ പിറന്നാള്‍ ആഘോഷത്തില്‍ അനിത സജീവമായിരുന്നു. മോന്‍സനുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം മോന്‍സന്റെ അടുത്ത സുഹൃത്തായ ഐജി ലക്ഷണണയുമായി അനിത നടത്തിയ ചാറ്റും പുറത്ത് വന്നിരുന്നു. മോന്‍സനെ സൂക്ഷിക്കണമെന്ന് ലോക്‌നാഥ് ബഹ്‌റ തന്നോട് പറഞ്ഞിരുന്നതായും അനിത പുല്ലയില്‍ ഐജി ലക്ഷമണയോട് സംസാരിക്കുന്നുണ്ട്.

തിരുവനന്തപുരം: സിപിഎമ്മിനോട് ഇടഞ്ഞുനില്‍ക്കുന്ന ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിനോട് അടുക്കുന്നതായി സൂചന. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ ചെറിയാന്‍ ഫിലിപ്പിന്റെ പരസ്യ വിമര്‍ശനങ്ങള്‍ പുതിയ ചുവടു മാറ്റത്തിന്റെ സൂചനകളായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. നേരത്തെ സിപിഎം രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോള്‍, വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ലെന്നായിരുന്നു ഇടതു സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.

സിപിഎമ്മില്‍ നിന്ന് തുടര്‍ച്ചയായി അവഗണന നേരിടുന്നെന്ന വികാരത്തിലാണ് ചെറിയാന്‍ ഫിലിപ്പ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തഴയുകയും പ്രതീക്ഷ പുലര്‍ത്തിയ രാജ്യസഭാ സീറ്റ് ലഭിക്കാതെ വരികയും ചെയ്തതോടെയാണ് ചെറിയാന്‍ ഫിലിപ്പ് ഇടതുമുന്നണിയോട് ഇടഞ്ഞത്. കഴിഞ്ഞദിവസം ഖാദി ബോര്‍ഡിലെ സ്ഥാനം നല്‍കിയെങ്കിലും ചെറിയാന്‍ ഫിലിപ്പ് പരസ്യമായി നിരസിച്ചിരുന്നു. സിപിഎം വിട്ടേക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് സൂചന നല്‍കിയ ചെറിയാന്‍ ഫിലിപ്പ്, കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

പരസ്യമായി ഇടതുചേരിയെ തളളിപ്പറഞ്ഞ് പഴയ കൂടാരത്തിലേക്ക് ചേക്കേറാനുളള തയ്യാറെടുപ്പിലാണ് ചെറിയാന്‍ ഫിലിപ്പെന്നാണ് സൂചന. ഇരുകൈയും നീട്ടി ചെറിയാന്‍ ഫിലിപ്പിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സും തയ്യാറാണ്. ചര്‍ച്ചകള്‍ക്ക് ബലംപകരുന്ന തരത്തില്‍ കേരള സഹൃദയവേദിയുടെ അവുക്കാദര്‍കുട്ടി നഹ പുരസ്‌കാരം തിങ്കളാഴ്ച ചെറിയാന് സമ്മാനിക്കുന്നത് ഉമ്മന്‍ ചാണ്ടിയാണെന്ന പ്രഖ്യാപനം ബുധനാഴ്ച പുറത്തുവന്നു. കോണ്‍ഗ്രസ് വിട്ടശേഷം ഇരുവരും പല വേദികളിലും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ചെറിയാന് അവാര്‍ഡ് നല്‍കി ആദരിക്കുന്ന റോളില്‍ ഉമ്മന്‍ ചാണ്ടി എത്തുന്നത് ആദ്യം.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിലേക്ക് മടങ്ങിയെത്തുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് പോകുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ ലഭിക്കുന്ന സ്വീകാര്യത ഭാവിയില്‍ ലഭിക്കില്ലെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ചെറിയാന്‍ ഫിലിപ്പിന്റെ മടങ്ങിവരവ് ഉപകരിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം കണക്കു കൂട്ടുന്നു. എന്നാല്‍ കെപിസിസി ഭാരവാഹിപ്പട്ടിക പുറത്തുവന്ന ശേഷം മതി പരസ്യനീക്കങ്ങളെന്നാണ് ധാരണ. പദവികള്‍ പ്രതീക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിലെത്തിയെന്ന ആക്ഷേപം ഒഴിവാക്കാനാണിത്.

നവകേരളമിഷന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനമായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ചെറിയാന്‍ ഫിലിപ്പിന്. ഇതിനിടെ പ്രതീക്ഷ നല്‍കി രണ്ട് രാജ്യസഭാ സീറ്റുകള്‍ വന്നെങ്കിലും സിപിഎം പരിഗണിച്ചില്ല. രാജ്യസഭയിലേക്കു വന്ന ആദ്യ അവസരം എളമരം കരീമിനായി കൈവിട്ടെങ്കിലും ചെറിയാന് പ്രതീക്ഷയുണ്ടായിരുന്നു. രണ്ടാം അവസരം ജോണ്‍ ബ്രിട്ടാസിനു നല്‍കിയത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനായില്ല. ഇടക്കാലത്ത് സിപിഎമ്മിലേക്കു വന്ന കെടി ജലീലും അബ്ദുറഹ്മാനും വീണാ ജോര്‍ജും വരെ മന്ത്രിയായതും താന്‍ തഴയപ്പെടുന്നുവെന്ന വിശ്വാസത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. കഴിഞ്ഞദിവസം ഖാദി ബോര്‍ഡിലെ സ്ഥാനം നല്‍കിയെങ്കിലും ഖാദിവില്‍പനയും ചരിത്രരചനയും ഒന്നിച്ചു നടക്കില്ലെന്ന് പരിഹസിച്ച് ചെറിയാന്‍ ഫിലിപ്പ് പരസ്യമായി നിരസിച്ചു.

വിഡി സതീശനുമായി ചെറിയാന്‍ ഏറെനാളായി അടുപ്പത്തിലാണ്. നിയമസഭ, രാജ്യസഭ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാതെ ചെറിയാന്‍ സിപിഎമ്മില്‍ തഴയപ്പെട്ടപ്പോള്‍ത്തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചെറിയാനെ പഴയ തട്ടകത്തിലെത്തിക്കാനുള്ള ആലോചനകളിലേക്കു കടന്നിരുന്നു. എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ സുധാകരനും അടക്കമുള്ള നേതാക്കളൊക്കെ ചെറിയാനെ മടക്കിക്കൊണ്ടുവരണമെന്ന താത്പര്യക്കാരാണ്. ഇതോടെയാണ് നീക്കങ്ങള്‍ സജീവമായത്..സമീപസമയത്ത് ചില നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോയതിനെക്കുറിച്ച് വിഡി സതീശന്‍ പ്രതികരിച്ചത് ഇങ്ങനെ- ‘കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും.’ ഇത് ചെറിയാനെ ഉദ്ദേശിച്ചായിരുന്നുവെന്നാണ് വിലയിരുത്തല്‍. ചെറിയാന് മാന്യമായ ഒരു സ്‌ഥാനം നല്കാൻ കോണ്‍ഗ്രസിൽ ആർക്കും എതിരഭിപ്രായമില്ല .
ഭാവിയിൽ ആൻറണി ഒഴിയുന്ന രാജ്യസഭാ സീറ്റൂൾപ്പെടെ ചെറിയാൻ ഫിലിപ്പിന് നലകിയാലും അത്ഭുതപ്പെടാനില്ല .

Copyright © . All rights reserved