Latest News

യുവതിയായ വനിതാ ഡോക്ടറെ നടുറോഡിൽ നട്ടുച്ചയ്ക്ക് കഴുത്ത് ഞെരിച്ചു കെ‍ാലപ്പെടുത്താനുള്ള പരിചിതനായ യുവാവിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. ഉദിയൻകുളങ്ങരയ്ക്കു സമീപം കോളജ് റോഡിൽ ആണ് സാക്ഷികളായവരെ നടുക്കിയ നാടകീയ സംഭവം നടന്നത്. റോഡരിൽ കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങിയ യുവതിയെ പിന്നിൽ നിന്ന് പാഞ്ഞെത്തിയ യുവാവ് എടുത്തുയർത്തി എതിർവശത്തുള്ള കടയുടെ പടിയിലേക്ക് തള്ളി വീഴ്ത്തി കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ വലിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും യുവാവ് കഴുത്തിലെ പിടിത്തം വിട്ടില്ല.

കണ്ണുകൾ തുറിച്ച് ശ്വാസം നിലച്ച് നില ഗുരുതരമായതോടെ സ്ത്രീകൾ അടക്കം കൂടുതൽ പേരെത്തി യുവതിയെ മോചിപ്പിച്ചു യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ടു. ‘യുവാവ് ഗുളിക കഴിച്ചെന്നും ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും ’ ഇതിനിടെ യുവതി വിളിച്ച് പറയുന്നുണ്ടായിരുന്നു. പാറശാല പെ‍ാലീസെത്തി യുവാവിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. തേങ്ങാപട്ടണം സ്വദേശിയായ ഡോക്ടർ സമീപത്തെ ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്യുകയാണ്.

യുവതിക്ക് പരിചയമുള്ള ആളാണ് അക്രമം നടത്തിയ കോട്ടുകാൽ സ്വദേശിയായ യുവാവ് എന്നാണ് പെ‍ാലീസ് നൽകുന്ന വിവരം. സംഭവത്തിന് അൽപം മുൻപ് ഇരുവരും കാറിൽ ഇരുന്ന് സംസാരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഭിന്നതയെത്തുടർന്ന്, യുവതി കാറുമായി പോകാൻ ശ്രമിക്കവേ യുവാവ് അക്രമത്തിന് ശ്രമിച്ചെന്നാണ് സൂചന. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണെന്നും പരാതി നൽകാൻ താൽപര്യം ഇല്ലെന്നുമാണ് യുവതിയുടെ നിലപാട്. പെ‍ാലീസ് കേസ് എടുത്തിട്ടില്ല.

മാധ്യമങ്ങളിലൂടെ ലൈംഗിക പീഡനമാരോപണമുന്നയിച്ച മോഡല്‍ ഷെര്‍ലിന്‍ ചോപ്രക്കെതിരെ മാനനഷ്ടക്കേസ് നല്‍കി നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും. 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു.

അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഷെര്‍ലിന്‍ വ്യാജ പരാതി നല്‍കിയത്. രാജ് കുന്ദ്രയുടെ ബിസിനസുമായി ബന്ധമില്ലാത്ത ശില്‍പയെ കേസിലേക്ക് വലിച്ചിഴച്ചെന്നും ദമ്പതികളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. കുന്ദ്രക്കെതിരെ നേരത്തെ ഉന്നയിച്ച ലൈംഗിക ആരോപണം വ്യാജമായിരുന്നെന്ന് ഷെര്‍ലില്‍ ശില്‍പയോട് നേരത്തെ സമ്മതിച്ചിരുന്നതായി അഭിഭാഷകന്‍ പറഞ്ഞു.

2019 മര്‍ച്ച് 27ന് രാത്രി രാജ് കുന്ദ്ര വീട്ടില്‍ എത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് ഷെര്‍ലിന്റെ പരാതി. കഴിഞ്ഞ വര്‍ഷം ഇതിനെപ്പറ്റി പരാതി നല്‍കിയപ്പോള്‍ കുന്ദ്ര ഭീഷണിപ്പെടത്തിയതിനാല്‍ പരാതി പിന്‍വലിച്ചിരുന്നു. ജുഹു പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ഷെര്‍ലിന്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.

അഫ്ഗാനിസ്ഥാനില്‍ (Afghanistan) വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ ടീമിലെ താരത്തെ താലിബാന്‍ (Taliban) കഴുത്തറുത്ത് കൊന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്‍ഡന്റാണ് വാർത്ത പുറത്തുവിട്ടത്. പേർഷ്യൻ ഇൻഡിപെൻഡന്റിന് നൽകിയ അഭിമുഖത്തിൽ ടീമിന്റെ പരിശീലകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മഹ്ജബിന്‍ ഹക്കീമി (Mahjabin Hakimi) എന്ന യുവതാരമാണ് താലിബാന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത്. ഈ മാസം ആദ്യമായിരുന്നു സംഭവം. കൊലപാതക വിവരം പുറത്തുപറയരുതെന്ന് താരത്തിന്റെ കുടുംബത്തെ താലിബാൻ ഭീഷണിപ്പെടുത്തിയെന്നും പരിശീലകൻ വ്യക്തമാക്കി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് കഴുത്തറുത്ത് കൊല്ലപ്പെട്ട മഹ്ജബിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകൻ ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.

1978-ലാണ് അഫ്ഗാനിസ്ഥാൻ ദേശീയ വനിതാ വോളിബോള്‍ ടീം (Women’s National Volleyball Team) നിലവില്‍ വന്നത്. അഷറഫ് ഗനി (Ashraf Ghani) അധികാരത്തിലിരിക്കെ കാബൂള്‍ (Kabul) മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിലെ മികച്ച താരമായിരുന്നു മഹ്ജബിന്‍. താലിബാന്‍ അഫ്ഗാനിസ്ഥാൻ കയ്യേറിയതോടെ വോളിബോള്‍ താരങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു എങ്കിലും രണ്ട് താരങ്ങള്‍ക്ക് മാത്രമെ രാജ്യം വിടാന്‍ സാധിച്ചിരുന്നുള്ളു. അവശേഷിച്ചിരുന്ന താരങ്ങള്‍ ഒളിവിലായിരുന്നുവെന്നും പരിശീലകന്‍ പറഞ്ഞു. താരങ്ങള്‍ ആഭ്യന്തര, വിദേശ ടൂര്‍ണമെന്റുകളില്‍ മത്സരിച്ചതും ചാനല്‍ പരിപാടികളില്‍ പങ്കെടുത്തതുമാണ് താലിബാനെ ചൊടിപ്പിച്ചതെന്നും ഇതിന് പിന്നാലെയാണ് മഹ്ജബിന്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിൽ ഭരണം പിടിച്ചതിന് ശേഷം സ്ത്രീ വിഭാഗത്തെ അടിച്ചമർത്തുകയാണ് താലിബാൻ. പൊതു ഇടങ്ങളിൽ നിന്ന് അവരെ പൂർണമായി വിലക്കുകയും, പഠിക്കാനും ജോലി ചെയ്യാനും അവർക്കുണ്ടായിരുന്ന സ്വാതന്ത്ര്യം വിലക്കുകയും ചെയ്തു. കായിക ഇനങ്ങളിൽ ഫുട്ബോൾ, ക്രിക്കറ്റ്, എന്നിങ്ങനെയുള്ള കളികളിൽ നിന്നെല്ലാം സ്ത്രീകളെ വിലക്കുകയും ചെയ്തു. ഇതിന് പുറമെ, ഐപിഎൽ സംപ്രേക്ഷണത്തിനും താലിബാൻ രാജ്യത്ത് വിലക്ക് കൊണ്ടുവന്നു. മതവിരുദ്ധമായ ഘടകങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐപിഎൽ സംപ്രേക്ഷണത്തിന് താലിബാൻ വിലക്കേർപ്പെടുത്തിയത്. ഐപിഎല്ലിനിടെ വനിതകൾ നൃത്തം ചെയ്യുന്നതും പൊതു സ്ഥലമായ സ്റ്റേഡിയങ്ങളിൽ മുടി മറയ്ക്കുന്നില്ലെന്നത് ഉൾപ്പെടെയുള്ള മത വിരുദ്ധമായ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് താലിബാൻ ടൂർണമെന്റ് സംപ്രേക്ഷണത്തിന് വിലക്ക് കൊണ്ടുവന്നത്.

 

വളര്‍ത്തുനായയെ ക്രൂരമായി ഓട്ടോറിക്ഷ കയറ്റി കൊന്നയാള്‍ അറസ്റ്റില്‍. സന്തോഷ് കുമാറിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഈമാസം പതിമൂന്നാം തീയതി കോഴിക്കോട് നഗരത്തിനടുത്തുള്ള പറയഞ്ചേരി എന്ന സ്ഥലത്തെ ബസ് സ്റ്റോപ്പിനു പിന്നിലുള്ള വഴിയില്‍ വച്ച് രാവിലെ 9.20 ന് നായയെ ഇടിച്ചിട്ടതിന് ശേഷം ഓട്ടോറിക്ഷ ദേഹത്തൂടെ കയറ്റുകയായിരുന്നു. നായ വണ്ടിക്കടിയില്‍ നിന്ന് രക്ഷപെട്ട് ഓടിയെങ്കിലും 25 മിനിറ്റിന് ശേഷം ചത്തു.

ജാക്കി എന്ന് പേരുള്ള നായ പറയഞ്ചേരി സ്വദേശിയായ മറ്റൊരു സന്തോഷിന്റേതാണ്. ഓട്ടോറിക്ഷയേയും ഡ്രൈവര്‍ സന്തോഷ്‌കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തത് സിസിടിവി ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ക്രൂരതക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല.

തെക്കൻജില്ലകളിൽ പേമാരി വരുത്തിവെച്ചത് ജീവഹാനിക്ക് പുറമെ കോടികളുടെ നാശനഷ്ടവും. ശക്തമായ വെള്ളമൊഴുക്കിലും ഉരുൾപൊട്ടലിലും കാഞ്ഞിരപ്പള്ളി താലൂക്കിൽ വ്യാപകനാശം. 184 വീടുകൾ പൂർണമായും 455 വീടുകൾ ഭാഗികമായും 646 വീടുകളിൽ വെള്ളംകയറിയും നശിച്ചതായിട്ടാണ് കണക്കാക്കുന്നത്.

കൂട്ടിക്കൽ വില്ലേജിൽ 50 വീടുകൾ പൂർണമായും 150 വീടുകൾ ഭാഗികമായും തകർന്നു. ഇടക്കുന്നം വില്ലേജിൽ 55 വീടുകൾ പൂർണമായും 45 വീടുകൾ ഭാഗികമായും തകർന്നു. മുണ്ടക്കയം വില്ലേജിൽ 39 വീടുകൾ പൂർണമായും, 82 വീടുകൾ ഭാഗികമായും തകർന്നു.

കാഞ്ഞിരപ്പള്ളി വില്ലേജിൽ ഏഴ് വീടുകൾ പൂർണമായും 78 വീടുകൾ ഭാഗികമായും തകർന്നു. കൂവപ്പള്ളി വില്ലേജിൽ 14 വീടുകൾ പൂർണമായും ഏഴ് വീടുകൾ ഭാഗികമായും തകർന്നു, എരുമേലി വടക്ക് വില്ലേജിൽ 14 വീടുകൾ പൂർണമായും, 15 വീടുകൾക്ക് ഭാഗികനാശമുണ്ടായി. എരുമേലി തെക്ക് വില്ലേജിൽ രണ്ട് വീടുകൾ പൂർണമായും 10 വീടുകൾ ഭാഗികമായും നശിച്ചു.

മണിമല, ചിറക്കടവ്, ചെറുവള്ളി വില്ലേജുകളിൽ ഓരോ വീടുകളാണ് പൂർണമായി തകർന്നത്. ചെറുവള്ളിയിൽ 45, മണിമലയിൽ ഏഴ്, ചിറക്കടവിൽ രണ്ട്, കോരൂത്തോട് വില്ലേജിൽ 14 വീടുകളും ഭാഗികമായി തകർന്നു. ബുധനാഴ്ച വരെയുള്ള കണക്കുപ്രകാരമാണിത്. വരും ദിവസങ്ങളിലെ കണക്കുകൾ ഇനിയും ഉയരാനാണ് സാധ്യത.

കാഞ്ഞിരപ്പള്ളിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തിയ കണക്കെടുപ്പിൽ 6.75 കോടി രൂപയുടെ നാശനഷ്ടമാണ് ഇതുവരെ വിലയിരുത്തിയത്. മേഖലയിലെ 120 കടകളിൽനിന്നുള്ള വിവര ശേഖരണത്തിലാണ് കോടികളുടെ നഷ്ടം കണക്കാക്കിയത്. കടയിലെ സാധനങ്ങളും ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ പൂർണമായും നശിച്ചു. കാഞ്ഞിരപ്പള്ളി മേഖലയിൽ ആദ്യമായിട്ടുണ്ടാകുന്ന വെള്ളപ്പൊക്കമായതിനാൽ മുൻകരുതലുകൾ എടുത്തിരുന്നില്ലെന്നതും നഷ്ടങ്ങളുടെ ആക്കം വർധിപ്പിച്ചു.

കാഞ്ഞിരപ്പള്ളി താലൂക്കിൽ 13.99 കോടി രൂപയുടെ കൃഷി നാശമുണ്ടായതായാണു പ്രാഥമിക കണക്കുകൾ. കൂട്ടിക്കൽ-12.33 കോടി, കാഞ്ഞിരപ്പള്ളി-65 ലക്ഷം, പാറത്തോട്-58.6 ലക്ഷം, എരുമേലി-18 ലക്ഷം, മുണ്ടക്കയം-15.6 ലക്ഷം, മണിമല-7.5 ലക്ഷം, കോരൂത്തോട്-5.46 ലക്ഷം. വാഴ, കപ്പ, ജാതി, കൊക്കോ, തെങ്ങ്, കമുക്, കുരുമുളക്, പൈനാപ്പിൾ, പച്ചക്കറി, റബ്ബർ തുടങ്ങിയ കൃഷികളാണ് നശിച്ചത്.

കാരൂർ സോമൻ

പ്രതിഭാശാലികളായ ഭരണാധിപനോ സാഹിത്യകാരനോ അവരെ സമൂഹം തിരിച്ചറിയുന്നത് അവരുടെ സത്യസന്ധമായ സൃഷ്ടിയുടെ ശക്തികൊണ്ടാണ്. നെപ്പോളിയൻ ലോകം കണ്ട നല്ലൊരു ഭരണാധിപനായിരിന്നു. തന്റെ പടയാളികൾ ധരിച്ചിരുന്ന വസ്ത്രത്തിലെ ബട്ടണുകൾപോലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കോവിഡ് മനുഷ്യരെ നാശത്തിലേക്ക് നയിക്കുമ്പോഴാണ് പ്രളയ ദുരന്തം ഭീകരമായി കേരളത്തിൽ നടമാടിയത്. കേരളത്തിൽ കുറെ വാലാട്ടികളായ സാഹിത്യകാരന്മാർ, കവികളുടെയിടയിൽ നിന്ന് ഇതൊന്നുമല്ലാത്ത ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് ഒരു സത്യം തുറന്നുപറഞ്ഞു. “ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പും, കണ്ണീർപൊഴിച്ചും, വിലാപകാവ്യം രചിച്ചിട്ടും കാര്യമില്ല. അത് ജനവഞ്ചനയാണ്”. ഈ സുപ്രധാന വാക്കുകൾ കണ്ണുതുറന്ന് സങ്കുചിത ചിന്തകളുള്ള രാഷ്ട്രീയക്കാർ കാണണം. ഇതിനൊപ്പം 2018 ൽ കേരളത്തിൽ വലിയൊരു പ്രളയം വന്നപ്പോൾ ഞാൻ “കാലപ്രളയം” എന്നൊരു നാടകമെഴുതി. പ്രഭാത് ബുക്ക്സ് അത് പ്രസിദ്ധികരിച്ചു. അതെങ്കിലും ഒന്ന് വായിക്കണം. നമ്മുടെ ഭരണരംഗത്തുള്ളവർ ഇടത്തോ വലത്തോ ആരായാലും സൃഷ്ടിച്ചെടുക്കുന്ന പ്രളയം ഉല്പാദന൦ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒന്നുമറിയാത്ത പാവങ്ങൾ ദേവാലയ ദർശനങ്ങൾ കൊണ്ട് തൃപ്തിയടയുന്നത്. കർഷകർക്കായി പശ്ചിമ ഘട്ട റിപ്പോർട്ട് മാധവ് ഗാഡ്‌ഗിൽ നമുക്കായി നൽകിയത് കർഷകവിരുദ്ധമെന്ന് പ്രചരിപ്പിച്ചത് ആരാണ്?

കേരളത്തെ ചുഴറ്റിയെറിയുന്ന പേമാരിയും ഉരുൾപൊട്ടലും, പുഴയിൽ ഒലിച്ചുപോകുന്നതും, മണ്ണിടിച്ചിലും മലനിരകളും നദികളും അഗാധമായ ഗർത്തങ്ങളിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്നതും ഒരു തുടർക്കഥയാകുന്നു. സ്‌നേഹ സഹോദര്യത്തിന്റെ മടിത്തട്ടിൽ മുത്തംകൊടുത്തു വളർന്നവർ ഈ ദുരിതക്കയങ്ങളിൽ വീടും നാടും വിട്ടിറങ്ങി പിടഞ്ഞുമരിക്കുന്നത് കാണുമ്പോൾ കണ്ണീരും സങ്കടവും മാത്രമല്ല ശക്തമായ ഒരു വികാരം അലയടിച്ചുണരുന്നു. മനുഷ്യജീവനെ പിഴുതെറിയുന്ന ഈ ദുരവസ്ഥയ്ക്ക് സുരക്ഷിതത്വം നൽകേണ്ടത് ആരാണ്? തുടർച്ചയായി പ്രകൃതി ദുരന്തങ്ങളുടെ നടുവിൽ പാവപ്പെട്ട ജനവിഭാഗം നിലയില്ലാക്കയങ്ങളിൽ നീന്തിക്കയറാൻ നിർവ്വാഹമില്ലാതെ ശ്വാസംമുട്ടി മരിക്കുമ്പോൾ സംസ്ഥാനത്തെ ദുരന്തനിവാരണ സേനകൾ എന്തുകൊണ്ട് ഉണർന്നു പ്രവർത്തിക്കുന്നില്ല? ഇവരുടെ തൊഴിൽ രക്ഷപ്പെടുത്തലും ക്യാമ്പുകളിൽ എത്തിക്കുന്നതുമാണോ? മരണപ്പെട്ടവരുടെ ജീവന് ആരാണ് ഉത്തരം പറയേണ്ടത്?

ഓരോ പ്രളയത്തിലും വീട് നഷ്ടപ്പെട്ടവർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ടിവരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച് മുതൽ ഞായറാഴ്ച വരെ 35 പേർ മഴക്കെടുതിയിൽ മരിച്ചതായി സർക്കാർ കണക്കുകൾ പുറത്തുവരുമ്പോൾ അതിനിരട്ടി മരിച്ചവർ കണക്കിൽപ്പെടാതെ കിടക്കുന്നു. കാവലിയിലെ ഉരുൾ പൊട്ടലിൽ വീടടക്കം ഒരു കുടുംബത്തിലെ ആറുപേരുടെ ജീവനാണ് കവർന്നെടുത്തത്. അവരെ അടക്കം ചെയ്യാൻ വെട്ടിത്തിളങ്ങുന്ന ആടയാഭരണങ്ങളാൽ അണിഞ്ഞൊരുങ്ങി വന്നവർ സംസ്ക്കാര ശുശ്രുഷകൾക്ക്‌ നേതൃത്വം നൽകി. വോട്ടുവാങ്ങിയവരും വോട്ടിനായി കാത്തിരിക്കുന്നവരും റീത്തുകൾ സമർപ്പിച്ചു മടങ്ങി. അവർ ജീവിച്ചിരുന്നപ്പോൾ ഭ്രാന്തമായ ഭക്തിയുടെ ലഹരിയിൽ ദേവാലയ ഭിത്തിക്കുള്ളിലും അമ്പലമുറ്റത്തും അവരുടെ പ്രാത്ഥനകൾ, മന്ത്രധ്വനികൾ മുഴങ്ങി കേട്ടു. ദൈവത്തെ സ്വന്തമാക്കാൻ വിലപിടിപ്പുള്ളതൊക്കെ സമർപ്പിച്ചവർ, പൂജാദ്രവ്യങ്ങൾ കാഴ്ചവെച്ചവർ കുഴിമാടങ്ങളിലും തീകുണ്ഡത്തിലുമെരിയുന്നു. അധികാരവും മണ്ണിലെ ദൈവങ്ങളും രൂപപ്പെടുത്തിയെടുത്ത ഉല്പാദനക്ഷമതകൊണ്ടാണ് ഓരോ ജീവൻ പൊലിഞ്ഞുപോയത്. പ്രളയം വന്നാൽ രക്ഷാപ്രവർത്തനത്തിനും ആ പേരിൽ പണം സമാഹരിക്കാനും മടിയില്ലാത്തവർ പ്രളയത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സുരക്ഷിത പ്രദേശങ്ങളിലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ? 2018-19 ലെ പ്രളയം ഈ കൂട്ടരേ എന്തെങ്കിലും പഠിപ്പിച്ചോ?

അധികാരികളുടെ ഒത്താശയോടെ ഓരോ ദേശങ്ങളിലും പാറമലകൾ മുളച്ചുപൊന്തുന്നു. മലകൾ വെട്ടിനിരത്തി 5920 ത്തിലധികം പാറമലകളാണ് അറിവിലുള്ളത്. മരങ്ങൾ വെട്ടിനിരത്തുന്നു, അശാസ്ത്രീയമായി കുന്നുകൾ നികത്തി ഹോട്ടലുകൾ പണിയുന്നു. വയലുകൾ നിരത്തി മണിമാളികകളും ഹോട്ടലുകളും പണിയുന്നു. മണൽ മാഫിയകൾ പോലീസിന്റെ സഹായത്തോടെ പുഴകളിലെ മണൽ കടത്തുന്നു, ഇങ്ങനെ എണ്ണിയാൽ തീരാത്തവിധം ആഡംബരങ്ങളും ഐശ്വര്യങ്ങളും നേടിയെടുക്കാൻ പ്രകൃതിയുടെ പച്ചപ്പ് തകർക്കുന്ന ഉല്പാദന കേന്ദ്രങ്ങൾ. തണുത്ത കാറ്റ് ശക്തിയായി വീശിയടിക്കുന്നതുപോലെ ഈ പ്രപഞ്ച ശക്തി മനുഷ്യനെ പ്രളയത്തിൽ മൂടിപുതപ്പിക്കുന്നു. പ്രവചനാതീതമായ കാലാവസ്ഥ വ്യതിയാനങ്ങൾ കണ്ടിട്ടും അതിനെതിരെ ഒന്നും ചെയ്യാതെ നമ്മുടെ ദുരന്തനിവാരണ വകുപ്പ്, ഇറിഗേഷൻ, ജിയോളജി വകുപ്പ്, വൈദ്യതി വകുപ്പ്, കാലാവസ്ഥ നീരിക്ഷണ വകുപ്പ്, ഫയർഫോഴ്‌സ് ഇങ്ങനെ ധാരാളം വകുപ്പുകൾ കേരളത്തിൽ വെള്ളാനകളെപോലെ രംഗത്തുണ്ട്. ഒടുവിൽ കൊച്ചി ശാസ്ത സാങ്കേതിക സർവകലാശാല ഗവേഷണ കേന്ദ്രം ശാസ്ത്രജൻ ഡോ.എം.ജി.മനോജ് അറിയിക്കുന്നത് കേരളത്തിലെ കാലാവസ്ഥ വ്യതിയാനം മുൻകൂട്ടി കണ്ടുപിടിച്ചു് പ്രവചിക്കുക അസാധ്യമാണ്. അവർ അങ്ങുദൂരെ ചക്രവാളത്തിലേക്ക് നോക്കിയിരിക്കുന്നു. ഒടുവിൽ ജനങ്ങളെ തൃപ്തിപ്പെടുത്താൻ ആകാശത്തൂടെ ഹെലികോപ്റ്റർ പറക്കുന്നു, ദേശീയ ദുരന്ത സേന, പട്ടാളം എല്ലാവരുമെത്തുന്നു. ഇവരൊക്കെ വരുന്നതോ ദിവസങ്ങൾ കഴിഞ്ഞാണ്. ഓരോ ദേശത്തുള്ള പാവപ്പെട്ട ജനങ്ങളാണ് ആദ്യം രക്ഷകരായിട്ടെത്തുന്നത്. അവരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. അവർക്കും സർക്കാർ ധനസഹായം നൽകണം.

മലയോര-കടൽ -നദിതീരങ്ങളിൽ പാർക്കുന്നവർക്ക് മതിയായ സംരക്ഷണം നൽകാനും അവരെ സുരക്ഷിത മേഖലകളിൽ പുനരധിവസിപ്പിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം. നെതർലാൻഡ്‌ മാതൃക നമ്മുടെ ജനത്തിന് എന്തെങ്കിലും ഗുണമുണ്ടോ? ജീവൻ പൊലിയുക മാത്രമല്ല കൃഷിനാശം 200 കോടിയിൽ അധികമെന്നാണ് മന്ത്രി പറഞ്ഞത്. കേന്ദ്രത്തോട് കാർഷിക പാക്കേജ് ചോദിച്ചപ്പോൾ അവിടുന്ന് കിട്ടുന്ന തുകയും സർക്കാർ തുകയും പാവങ്ങളുടെ അക്കൗണ്ടിൽ എത്തണം. ഇടക്ക് നിന്ന് കമ്മീഷൻ അടിച്ചുമാറ്റരുത്. പശ്ചിമ ഘട്ടത്തിൽ നടക്കുന്ന ചുഷണം അവസാനിപ്പിക്കണം. ഇനിയുമൊരു ദുരന്തം വരാതിരിക്കാൻ സർക്കാർ മുന്നൊരുക്കങ്ങളും ദീർഘകാല പദ്ധതികളും ആവിഷ്കരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ അവരെ ആകുലരും അസ്വസ്ഥരുമാക്കരുത്. പ്രകൃതി നൽകുന്ന അനുഗ്രങ്ങൾ അധികാരത്തിൽ വരുന്നവർ ഒരു ശാപമായി മാറ്റാതിരിക്കട്ടെ.

ഖാദി ബോർഡ്  വൈസ് ചെയർമാനായി ചെറിയാൻ ഫിലിപ്പിനെ നിയമിച്ചുള്ള ഉത്തരവ് സർക്കാർ റദ്ദാക്കി. പദവി ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ് നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ചെറിയാനെ അനുനയിപ്പിക്കാനുള്ള ശ്രമം ഇടത് കേന്ദ്രങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഇന്നലെ ദുരന്തനിവാരണത്തിലെ വീഴ്ചയിൽ മുഖ്യമന്ത്രിയെ വിമർശിച്ചതാണ് നിയമനം റദ്ദാക്കിയുള്ള ഉത്തരവിന് പിന്നിലെന്നാണ് സൂചന.

ഭരണകൂടം നടത്തുന്ന മഴക്കെടുതി ദുരന്ത നിവാരണത്തെ വിമര്‍ശിച്ച് ഇന്നലെയാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന് ചെറിയാൽ ഫിലിപ്പ് കുറ്റപ്പെടുത്തി. ഭരണാധികാരികൾ ദുരന്ത നിവാരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്ന ശേഷം ക്യാമ്പിൽ പോയി കണ്ണീർ പൊഴിക്കുന്നത് ജനവഞ്ചനയാണെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ്സിലേക്ക് ചെറിയാൻ മടങ്ങിയേക്കുമെന്ന സൂചനകൾക്കിടെ തിങ്കളാഴ്ച ഉമ്മൻചാണ്ടിക്കും പികെ കുഞ്ഞാലിക്കുട്ടിക്കുമൊപ്പം ഒരു അവാർഡ് ദാന ചടങ്ങിൽ ചെറിയാൻ ഫിലിപ്പ് പങ്കെടുക്കുന്നുണ്ട് എന്നാണ് വിവരം.

പുസ്തക രചനയുടെ തിരക്കിലായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്നാണ് ചെറിയാൻ ഫിലിപ്പ് നേരത്തെ അറിയിച്ചിരുന്നത്. അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നാണ് ചെറിയാൻ ഫിലിപ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഖാദി വില്‍പ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ലഹരി കൈവശം വെച്ചു,മലേഷ്യയിൽ ഒരു സ്ത്രീക്ക് വിധിച്ചത് വധശിക്ഷ. 55–കാരിയായ മല്‍സ്യക്കച്ചവടക്കാരിയാണ് കുറ്റക്കാരി. ഹൈറൂൺ ജൽമാനി എന്നാണ് ഇവരുടെ പേര്. അവർക്ക് ഒമ്പത് മക്കളാണ്. ഭർത്താവില്ലാത്ത ജൽമാനി ഒമ്പത് മക്കളെ തനിച്ചാണ് വളർത്തിയത്. വധശിക്ഷയെന്നുള്ള വിധി കേട്ട് പൊട്ടിക്കരയുന്ന ജൽമാനിയുടെ വിഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

45 സെക്കന്റ് മാത്രമുള്ള വിഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇതിൽ കോടതിയിൽ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങുന്ന ജൽമാനിയെ കാണാം. അവർ അവിടെ കൂടി നിന്നവരോട് സഹായത്തിനായി അപേക്ഷിക്കുന്നു. 2018 ജനുവരയിലാണ് 113.9 ഗ്രാം ലഹരിവസ്തു കൈവശം വെച്ചതിന് ഇവർ പിടിക്കപ്പെട്ടത്. മെത്ത് എന്ന ലഹരിയാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്. സംഭവത്തിൽ വലിയ തരത്തിലുള്ള ചർച്ചകളാണ് രാജ്യത്ത് ഉയരുന്നത്.

മലേഷ്യൻ നിയമപ്രകാരം 50 ഗ്രാമിൽ കൂടുതൽ മെത്ത് ലഹരി മരുന്ന് കൈവശം വെച്ചാൽ വധശിക്ഷയാണ് വിധിക്കുക. ലഹരി ക്കേസുകളിൽ വധശിക്ഷ വിധിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് മലേഷ്യ. കഛിനമായ ഇത്തരം ശിക്ഷകൾ രാജ്യത്തെ പാർശ്വവൽക്കരിപ്പപ്പെട്ട, ദുർബലരായ സ്ത്രീകൾക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന തരത്തിൽ വിമർശനങ്ങൾ ഉയരുന്നു.

മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റ് കഥാപാത്രമായ സേതുരാമയ്യർ സിബിഐ അഞ്ചാം സിനിമയിലൂടെ പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്നു. ഏറെക്കാലമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഈ അഞ്ചാം പതിപ്പിന്റെ സ്ഥിരീകരണം സംവിധായകൻ കെ. മധു തന്നെയാണ് നൽകിയത്. തിരക്കഥാകൃത്ത് എസ്.എൻ സ്വാമിക്കൊപ്പമുള്ള അനുഭവം പങ്കു വയ്ക്കുന്ന കുറിപ്പിലാണ് മധുവിന്റെ വെളിപ്പെടുത്തൽ.

എന്റെ ഗുരുനാഥൻ എം. കൃഷ്ണൻ നായർ സാറിന്റെ അനുഗ്രഹാശിസ്സുകളോടു കൂടി സംവിധായകൻ ജേസി സാറിനോടൊപ്പം ഞാൻ വർക്ക് ചെയ്യുന്ന കാലം. ജേസി സാറിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിൻറെ പുതിയ ചിത്രത്തിന്റെ കഥ കേൾക്കാനായി എറണാകുളത്ത് എയർലൈൻസ് ഹോട്ടലിൽ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയുടെ മുറിയിൽ ഞാൻ എത്തി. ചിത്രം അകലത്തെ അമ്പിളി. ഇന്നു കാണുന്ന അതേ സ്വാമി തന്നെയാണ് അന്നും. അങ്ങനെയായിരുന്നു ഞങ്ങൾ ആദ്യം കണ്ടുമുട്ടുന്നത്.

പിന്നീട് ഞാൻ സംവിധായകനായി. മോഹൻലാലിനെ നായകനായി അരോമ മണി സാറിന് വേണ്ടി ഒരു ചിത്രം ചെയ്യാൻ ആലോചിച്ചപ്പോൾ തിരക്കഥാകൃത്തായി ആദ്യം സമീപിച്ചത് ഡെന്നിസ് ജോസഫിനെ ആയിരുന്നു. ഡെന്നീസ് എഴുത്തിൽ താരമായി നിൽക്കുന്ന കാലമാണ്. തിരക്കുണ്ടെങ്കിലും എന്നോടുള്ള അടുപ്പം മൂലം എഴുതാനാവില്ല എന്ന് പറയാൻ ഡെന്നീസ് മടിച്ചു. ഒരു പോംവഴിയായി ഡെന്നീസ് ആണ് എസ്.എൻ.സ്വാമിയുടെ പേര് നിർദേശിക്കുന്നത്.

എറണാകുളത്ത് എസ്.ആർ.എം. റോഡിലെ ഡെന്നീസിന്റെ ഓഫീസിലായിരുന്നു പിന്നീട് ചരിത്രമുഹൂർത്തം എന്ന് സ്വാമി ഇടയ്ക്കിടെ വിശേഷിപ്പിക്കുന്ന ഞങ്ങളുടെ ആ സംഗമം നടന്നത്. ഡെന്നീസ് ഒരു കുഞ്ഞു ചിന്ത മാത്രം പറഞ്ഞു. അത് കേട്ട ശേഷം സ്വാമി മൂകാംബികയിൽ പോയി മടങ്ങി വന്ന് എഴുത്തു തുടങ്ങി. കുടുംബചിത്രങ്ങൾ മാത്രം ചെയ്തിരുന്ന എൻറെയും സ്വാമിയുടെയും ചുവടുമാറ്റം ആയിരുന്നു ആ ചിത്രം. അങ്ങനെ ഇരുപതാംനൂറ്റാണ്ട് പിറന്നു.

പിന്നീട് സ്വാമി എനിക്കുവേണ്ടി ഹൃദയംകൊണ്ട് എഴുതുകയായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ സ്വാമിയുടെ ഹൃദയത്തിൽ നിന്നും പിറന്ന, കൈകൾ പിന്നിൽ കെട്ടി, കുങ്കുമ കുറിയണിഞ്ഞ സേതുരാമയ്യർ എന്ന കുറ്റാന്വേഷകനെ അളന്നു തിട്ടപ്പെടുത്തി ചുവടുവച്ച് മലയാളസിനിമയിലേക്ക് ശ്രീ. മമ്മൂട്ടി എന്ന മഹാനടൻ മനസിൽ ആവാഹിച്ച് കടന്നു വന്നപ്പോൾ ഒരു പുതു ചരിത്രം കൂടി രചിക്കപ്പെട്ടു. ലോക സിനിമയിൽ ആദ്യമായി ഒരേ നായകനും, എഴുത്തുകാരനും, സംവിധായകനുമായി ചേർന്ന് ഒരു സിനിമയ്ക്ക് നാല് ഭാഗങ്ങൾ.

മമ്മൂട്ടിയും ഞാനും സ്വാമിയും ഒരുമിച്ചുള്ള ആ മുന്നേറ്റം തുടരുകയാണ്. സി.ബി.ഐ.ക്ക് ഒരു അഞ്ചാം ഭാഗം എന്ന സ്വപ്നം പൂവണിയാൻ പോകുന്നു. ഒപ്പം ഞാൻ നിർമ്മിച്ച 2 സി.ബി.ഐ. ചിത്രങ്ങളുടെയും വിതരണം നിർവ്വഹിച്ച സ്വർഗ്ഗചിത്ര അപ്പച്ചനും നിർമ്മാതാവായി ഞങ്ങളോടൊപ്പമുണ്ട്. ഡെന്നീസ് ജോസഫിന്റെ മുന്നിൽ വച്ച് ഞങ്ങൾ കണ്ടുമുട്ടിയ നിമിഷത്തെ ചരിത്രമുഹൂർത്തം എന്ന് സ്വാമി വിശേഷിപ്പിക്കുന്നത് പോലെ, ഞങ്ങൾക്കെല്ലാം ഇത് ചരിത്ര മുഹൂർത്തമാണ്. ഞങ്ങളെ സ്വീകരിച്ച് പ്രോത്സാഹിപ്പിച്ച പ്രേക്ഷകരാണ് ഇനി ഇതിനെ ചരിത്രമാക്കി മാറ്റേണ്ടത്. അതും സാധിക്കുമാറാകട്ടെ.

യുകെയിൽ കോവിഡ് കേസുകൾ ഏകദേശം മൂന്ന് മാസത്തേതിൽ നിന്നുള്ള ഏറ്റവും ഉയർന്ന നിലയിൽ.അതേസമയം പുതിയ കേസുകളുടെ എണ്ണം ഏഴ് ദിവസത്തെ ശരാശരിയിൽ പ്രതിദിനം 44,145 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ശൈത്യകാല പ്രതിസന്ധി ഒഴിവാക്കാൻ നിർബന്ധിത ഫെയ്സ് മാസ്കുകളും വീട്ടിൽ നിന്ന് കൂടുതൽ ജോലി ചെയ്യുന്നതുൾപ്പെടെ തിരികെ കൊണ്ടുവരുന്ന ഒരു ‘പ്ലാൻ ബി’ ഉടൻ നടപ്പാക്കണമെന്ന്, മുതിർന്ന എൻഎച്ച്എസ് വിദഗ്ദർ മുന്നറിയിപ്പ് നൽകി.

എൻ‌എച്ച്‌എസ് കോൺഫെഡറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് മാത്യു ടെയ്‌ലർ, കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ ബാക്കപ്പ് തന്ത്രം നടപ്പിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. എൻഎച്ച്എസ് കോൺഫെഡറേഷൻ ഇംഗ്ലണ്ട്, വെയിൽസ്, എന്നിവിടങ്ങളിലെ മുഴുവൻ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും ഒന്നിച്ചു ചേർന്നുള്ള സംഘടനയാണ്.

വെല്ലുവിളി നിറഞ്ഞ ശൈത്യകാലത്തിന് എൻഎച്ച്എസ് തയ്യാറെടുക്കുകയാണെന്നും, വർദ്ധിച്ചു വരുന്ന കേസുകളിൽ ഒരു പിടി കിട്ടാൻ സർക്കാർ പരാജയപ്പെട്ടാൽ, പകർച്ച വ്യാധികളിൽ നിന്ന് രാജ്യം വീണ്ടെടുക്കുന്നത് അപകടത്തിലാക്കുമെന്നും ടെയ്‌ലർ പറഞ്ഞു. മാർച്ചിന് ശേഷം യുകെയിലെ കൊറോണ വൈറസ് മരണങ്ങൾ ഏറ്റവും ഉയർന്ന ദൈനംദിന തലത്തിലേക്ക് ഉയരുമ്പോഴാണ് കർശനമായ മുന്നറിയിപ്പ്.

ചൊവ്വാഴ്ച, കോവിഡ് -19 പോസിറ്റീവ് പരീക്ഷിച്ച് 28 ദിവസത്തിനുള്ളിൽ 223 പേർ കൂടി മരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ യുകെയിലെ മൊത്തം മരണസംഖ്യ 138,852 ആയി. വാരാന്ത്യത്തിൽ മരണങ്ങളും കേസുകളും റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസം കാരണം ചൊവ്വാഴ്ചകളിൽ ഈ സംഖ്യ പലപ്പോഴും കൂടുതലാണെങ്കിലും, മാർച്ച് 9 ന് ശേഷം പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.

തങ്ങളെയും മറ്റുള്ളവരെയും സുരക്ഷിതരാക്കുന്ന വിധത്തിൽ പെരുമാറുന്നതിലൂടെ’ എൻഎച്ച്എസിന് അധിക പിന്തുണ നൽകാൻ ടെയ്‌ലർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഗവൺമെന്റ് പ്ലാൻ ബി കാലതാമസം കൂടാതെ നടപ്പാക്കേണ്ട സമയമാണിതെന്നും, മുൻകരുതൽ നടപടികളില്ലാതെ, ഒരു ശൈത്യകാല പ്രതിസന്ധിയിലേക്ക് വീഴാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർദ്ധിച്ചുവരുന്ന കേസ് നിരക്കുകൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന്’ ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. എന്നാൽ നൈറ്റ്ക്ലബ് പ്രവേശനത്തിനായി വാക്സിൻ പാസ്പോർട്ടുകൾ അവതരിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്ലാൻ ബി അവതരിപ്പിക്കാനുള്ള പദ്ധതി നിലവിൽ പ്രധാനമന്ത്രിയുടെ പരിഗണനയിൽ ഇല്ലെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ നൽകുന്ന സൂചന.

RECENT POSTS
Copyright © . All rights reserved