Latest News

ലണ്ടൻ ബ്രിഡ്ജ് ഡൗൺ’ ഇനി നീണ്ട പത്ത് ദിനങ്ങൾ, രാജ്ഞിയുടെ ​ഭൗതികശരീരം അടക്കം ചെയ്യുന്നതിനുള്ള സംസ്കാര ചടങ്ങുകൾ ഓരോ ദിവസങ്ങളിലായിട്ടാണ് നടക്കുക. മരിച്ച ദിവസം മുതലായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിക്കേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണവാർത്ത പുറത്തു വന്നത് എന്നതിനാൽ ഇന്നു മുതലാണ് സംസ്കാര ചടങ്ങുകൾക്ക് തുടക്കമാകുക. ഡി – ഡേ/ ഡി -0 എന്ന കോഡിലാണ് മരണ ദിവസം അറിയപ്പെടുന്നത്.

മരണം സ്ഥിരീകരിച്ച ഉടൻ ‘ലണ്ടൻ ബ്രിഡ്ജ് ഡൗൺ’ എന്ന കോഡിലാണ് ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുന്നത്. ഇതോടെയാണ് സംസ്കാര ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ബ്രിട്ടനിലെ എല്ലായിടത്തും പതാകകൾ താഴ്ത്തിക്കെട്ടണം. ബെക്കിങ്ഹാം പാലസിന്റെ വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പും നൽകും. യു.കെയുടെ ഔദ്യോഗിക മാധ്യമമായ ബി.ബി.സി. (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ) വിവരങ്ങൾ പുറത്തുവിടും. ബക്കിങ്ഹാം കൊട്ടാരത്തിന് പുറത്തും മരണവിവരം അറിയിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രദർശിപ്പിക്കും. അതേസമയം, എത്ര ദിവസം ദുഃഖാചരണമായി ദിനമായി ആചരിക്കണം എന്നത് സംബന്ധിച്ച് ബെക്കിങ്ഹാം കൊട്ടാരത്തിൽനിന്ന് വരുന്നതേയുള്ളു.

1960 മുതലാണ് ഇത്തരത്തിൽ നീണ്ട സംസ്കാര ചടങ്ങുകൾക്ക് രൂപരേഖ തയ്യാറാക്കുന്നത്. എല്ലാ വർഷവും സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പുതുക്കുകയും ചെയ്യുന്നുണ്ട്. ഇതിനായുള്ള മുഴുവൻ പദ്ധതികളും ബെക്കിങ്ഹാം കൊട്ടാരമാണ് സ്ഥിരീകരിക്കുന്നത്. മരിച്ചു കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞായിരിക്കും കൊട്ടാരത്തിൽനിന്നു ​ഭൗതികശരീരം വെസ്റ്റ്മിൻസ്റ്റർ ഹാളിലെത്തിക്കുക. അനുശോചനം അറിയിച്ച ശേഷം ബ്രിട്ടന്റെ ഹൃദയഭാഗത്തുള്ള വെസ്റ്റ്മിൻസ്റ്റർ പള്ളിയിലെ ഗ്രാൻഡ് ഹാളിൽവെച്ച് ​ഭൗതികശരീരം അടക്കം ചെയ്യും. വിൻഡ്സർ കോട്ടയിലാണ് രാജ്ഞിയുടെ പിതാവ് ജോർജ് ആറാമനേയും ഭർത്താവ് ഫിലിപ്പ് രാജകുമാരനേയും അടക്കം ചെയ്തിരിക്കുന്നത്.

1953-ൽ രാജ്ഞിയുടെ കിരീടധാരണം ഉൾപ്പെടെ ബ്രിട്ടനിലെ പല രാജാക്കന്മാരും രാജ്ഞിമാരും കിരീടധാരണം നടത്തിയ ചരിത്രപ്രസിദ്ധമായ പള്ളിയാണ് വെസ്റ്റ്മിൻസ്റ്റർ. 1947-ൽ ഫിലിപ്പ് രാജകുമാരനെ വിവാഹം ചെയ്തതും ഈ പള്ളിയിൽ വെച്ചായിരുന്നു.

പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച, മരത്തടികൾകൊണ്ട് മേൽക്കൂരയുള്ള രാജകീയ വീട്ടുപകരണങ്ങളാൽ അലംകൃതമായ വെസ്റ്റ്മിൻസ്റ്റർ ഹാളിന്റെ മധ്യത്തിലായിട്ടായിരിക്കും രാജ്ഞിയുടെ ശവമഞ്ചം വെക്കുക. സൈനിക അകമ്പടിയോടെ ഘോഷയാത്രയായിട്ടായിരിക്കും ബെക്കിങ്ഹാമിൽ നിന്ന് രാജ്ഞിയുടെ മൃതദേഹം ഇവിടെ എത്തിക്കുക.

ബ്രിട്ടന്റെ റോയൽ സ്റ്റാൻഡേർഡ് പതാകയിൽ പൊതിഞ്ഞ ശവമഞ്ചത്തിൽ രാജകിരീടം, ചെങ്കോൽ, ഓർബ് എന്നിവയും ഉണ്ടാകും. ശവമഞ്ചം ഹാളിൽവെച്ച് കഴിഞ്ഞാൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

170 കാരറ്റോളം വരുന്ന ബ്ലാക്ക് പ്രിൻസസ് റൂബി, സെന്റ് എഡ്വേർഡ്സ് സഫയർ നീലക്കല്ല്, കുള്ളിനൻ വജ്രം പതിപ്പിച്ച രാജകിരീടം 92 സെന്റീ മീറ്റർ നീളം വരുന്ന സ്വർണ്ണ ചെങ്കോൽ, ക്രിസ്തീയ ലോകത്തെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ഗ്ലോബ് (ഓർബ്) തുടങ്ങിയവയാണ് കിരീടത്തോടൊപ്പം തന്നെ ശവമഞ്ചത്തിൽ സ്ഥാപിക്കും.

ശവസംസ്കാര ശുശ്രൂഷകൾക്ക് ശേഷം വെസ്റ്റ്മിൻസ്റ്റർ പള്ളിക്കകത്തുള്ള സെന്റ് ജോർജ് ചാപ്പലിലേക്ക് ശവമഞ്ചം കൊണ്ടു പോകും. കൂടെ രാജകുടുംബങ്ങൾ അനുഗമിക്കും. രാജകുടുംബങ്ങളുടെ വിവാഹവും സംസ്കാരങ്ങളും നടക്കുന്നത് ഈ പള്ളിയിൽവെച്ചാണ്. രാജ്ഞിയുടെ ഭർത്താവിന്റെ സംസ്കാരവും ഹാരിയുടേയും മേഗന്റേയും വിവാഹവും കഴിഞ്ഞത് ഇതേയിടത്ത് തന്നെയാണ്.

രാജകുടുബത്തിന്റേയും അതിഥികളുടേയും ഇടയിൽ കൂടി അൾത്താരയിൽ എത്തിക്കുന്ന ശവഞ്ചം ഒടുവിൽ സെന്റ് ജോർജ് ചാപ്പലിനുള്ളിലെ രാജാക്കന്മാരെ അടക്കം ചെയ്യുന്ന കല്ലറയിലെത്തിക്കും.

മരണവിവരമറിഞ്ഞ് ബൽമോറയിൽ എത്തിയ ചാൾസ് രാജാവും രാജ്ഞിയും കഴിഞ്ഞ ദിവസം രാത്രി അവിടെ തങ്ങിയിരുന്നു. ഇന്ന് തിരിച്ച് ലണ്ടനിലെത്തുന്ന രാജാവ് അധികാരമേറ്റെടുക്കും. ലണ്ടൻ പ്രധാനമന്ത്രി ലിസ് ട്രസും പരിപാടിയിൽ പങ്കെടുത്തേക്കും. തുടർന്ന് ചാൾസ് രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്യും. തുടർന്ന് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ചുള്ള ഷെഡ്യൂളുകൾ തയ്യാറാക്കുന്നതിനായി രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന ഏൾ മാർഷലുമായി ചർച്ച നടത്തും. വരുംദിവസങ്ങളിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ബക്കിങ്ഹാം കൊട്ടാരം പുറത്തുവിടും. ആരൊക്കെ പങ്കെടുക്കണം, എത്ര നേരം നീളുന്ന സംസ്കാരചടങ്ങുകളാണ് വേണ്ടത്, എന്തൊക്കെ രാജകീയ വീട്ടുപകരണങ്ങളാണ് വേണ്ടത് തുടങ്ങിയ കാര്യങ്ങൾ രാജാവ് തീരുമാനിക്കും. രാജ്യത്ത് എത്ര ദിവസം ദുഃഖാചരണമായി ആചരിക്കണമെന്ന കാര്യം സർക്കാർ തീരുമാനിക്കും. സംസ്കാരദിവസം ദേശീയ അവധിയായിരിക്കും.

തുമ്പോളിയിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയ ചോരക്കുഞ്ഞ് ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയിൽ സുഖംപ്രാപിക്കുന്നു. പ്രസവിച്ചുവെന്നു സംശയിക്കുന്ന യുവതിയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. തുമ്പോളി വികസന ജങ്ഷനു സമീപം വെള്ളിയാഴ്ച രാവിലെ 11-ഓടെയാണ് ജനിച്ചയുടൻ ഉപേക്ഷിക്കപ്പെട്ട നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്.

ആക്രിസാധനങ്ങൾ പെറുക്കുന്ന അതിഥിത്തൊഴിലാളികൾ കരച്ചിൽ കേട്ടാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്നു നാട്ടുകാരിടപെട്ട് ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തെരുവുനായ്ക്കളുടെ ശ്രദ്ധയിൽപ്പെടാതിരുന്നതിനാലാണ് കുഞ്ഞ് ഇപ്പോഴും ജീവനോടിരിക്കുന്നത്.

കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പാണ് യുവതി ഇതേ ആശുപത്രിയിൽ രക്തസ്രാവത്തിനു ചികിത്സയ്ക്കെത്തിയത്. ഇവർ പ്രസവിച്ചുവെന്ന് പരിശോധന നടത്തിയ ഡോക്ടർമാർക്കു മനസ്സിലായി. പ്രസവിച്ചയുടൻ കുട്ടിയെ ഉപേക്ഷിച്ചശേഷം ചികിത്സതേടി എത്തിയതാകാമെന്നാണ് സംശയം. എന്നാൽ, കുട്ടി അവരുടേതാണോയെന്ന കാര്യത്തിൽ യുവതി വ്യക്തമായ മറുപടി നൽകിയിട്ടില്ല.

സംഭവത്തിൽ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതി ലേബർ റൂമിലായതിനാൽ മൊഴിയെടുക്കാനായിട്ടില്ല. കുറ്റിക്കാട്ടിൽ കുട്ടിയെ കണ്ടതറിഞ്ഞ് നോർത്ത് പോലീസ് അമ്മയെ കണ്ടെത്താൻ ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. അതിനിടെയാണ് വനിത-ശിശു ആശുപത്രിയിൽ ഒരു യുവതി വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയതായും അവർക്കു പ്രസവിച്ച ലക്ഷണങ്ങളുണ്ടെന്നും അറിഞ്ഞത്. യുവതി താമസിക്കുന്ന വീടിന്‍റെ മതിലിനോടു ചേർന്നുള്ള കുറ്റിക്കാട്ടിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് മനസ്സിലാക്കി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മ, ചികിത്സയിലുള്ള യുവതി തന്നെയാണെന്നാണ് പോലീസ് നിഗമനം.

യുവതി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. രണ്ടരക്കിലോയുള്ള ‘സ്റ്റോൺ’ ഉണ്ടായിരുന്നുവെന്നാണ് യുവതി ഡോക്ടർമാരോടു പറഞ്ഞത്. അതിനു സാധ്യതയില്ലാത്തതിനാലാണ് ഡോക്ടർമാർക്ക് സംശയം തോന്നിയത്. രണ്ടു കാര്യങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തേണ്ടത്. യുവതി പ്രസവിച്ചെന്നു വ്യക്തമായതിനാൽ കുട്ടി അവരുടേതു തന്നെയാണോയെന്ന് അറിയണം. അല്ലെങ്കിൽ, പ്രസവിച്ച കുട്ടിയെവിടെ എന്ന ചോദ്യവുമുണ്ട്.

 

ഇസ്ലാമിക തീവ്രവാദികൾ പ്രവാചക നിന്ദ കുറ്റം ചുമത്തി എതിർ ദിശയിൽ കൈകാലുകൾ മുറിച്ചുകളഞ്ഞ പ്രൊഫസർ ജോസഫ് സാറിനു ഇംഗ്ലണ്ടിൽ നൽകുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്നതിനു വേണ്ടി അദ്ദേഹം ഇംഗ്ലണ്ടിലെ ഹോളി ഹെഡ് പോർട്ടിൽ എത്തിച്ചേർന്നു. അദ്ദേഹത്തിന്റെ ശിക്ഷ്യ സിനി മാത്യു ബൊക്ക നൽകി അദ്ദേഹത്തെ യു കെയിലേക്ക് സ്വാഗതം ചെയ്തു.

തന്റെ ജീവിതാനുഭവം അദ്ദേഹത്തിന്റെ തൂലികയിലൂടെ പുസ്തക രൂപത്തിൽ പുറത്തുവന്നപ്പോൾ അത് ലോകമെമ്പാടുമുള്ള മലയാളി മനസുകളെ നോവിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു.
അദ്ദേഹം എഴുതിയ അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സാഹചര്യത്തിൽ യു കെയുടെ വിവിധ ഭാഗങ്ങളിൽ നൽകുന്ന സ്വീകരണം ഏറ്റുവാങ്ങുന്നതിന് വേണ്ടിയാണു അദ്ദേഹം ഇംഗ്ലണ്ടിൽ എത്തിച്ചേർന്നിരിക്കുന്നത് . ആദ്യ സ്വീകരണം ലണ്ടനിൽ നടക്കും . ലിവർപൂളിൽ സെപ്റ്റംബർ 15 ന് സ്വീകരണം നൽകും. ലിവർപൂൾ സ്വീകരണത്തിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു. പിന്നീട് ഷെഫീൽഡിൽ നടക്കുന്ന സ്വീകരണത്തിന്റെ വിവരങ്ങൾ വിവരങ്ങൾ അറിയേണ്ടവർ വർഗീസ് ഡാനിയേലുമായി ബന്ധപ്പെടുക.
ലിവർപൂളിൽ സെപ്റ്റംബർ 15 വ്യാഴാഴ്ച ഹോട്ടൽ അക്ഷയിൽ വൈകുന്നേരം 5 മണിക്ക് സ്വീകരണ പരിപാടികൾക്ക് തുടക്കമാകും സാറുമായി സംസാരിക്കാനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം , ലിവർപൂളിലെ സ്വികരണ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ സംഘടകരുമായി ബന്ധപ്പെടണം എന്നറിയിക്കുന്നു .

തോമസുകുട്ടി ഫ്രാൻസിസ് 07882193199
ടോം ജോസ് തടിയംപാട് 07859060320
സാബു ഫിലിപ്പ് 07708181997
ലാലു തോമസ് 07872612685

പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രസ്സ്

.286 Kensington ,Liverpool .L72RN.

 

മഴവില്‍ മനോരമ നടത്തിയ ഷോയുടെ വേദിയില്‍ നടന്‍ ശ്രീനിവാസനെത്തിയിരുന്നു. ശ്രീനിയെ ചേര്‍ത്തുപിടിച്ച് കവിളില്‍ ഉമ്മ വെക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ ആ രൂപത്തില്‍ കണ്ടപ്പോള്‍ ഇമോഷണലായിപ്പോയെന്ന് മോഹന്‍ലാല്‍ പറയുന്നു.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാല്‍ മനസുതുറന്നത്.

ശ്രീനിവാസന്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്നുള്ള, നമുക്ക് അറിഞ്ഞൂടാതെ സംഭവിക്കുന്നൊരു കെമിസ്ട്രിയാണ് അത്. എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് ഇടയ്ക്ക് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് സുഖമില്ലെന്നറിഞ്ഞപ്പോള്‍ ഭാര്യയേയും മക്കളേയും വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. പെട്ടെന്ന് ശ്രീനിവാസനെ കണ്ടപ്പോള്‍ ഇമോഷണലായിപ്പോയി, അതാണ് സംഭവം. അദ്ദേഹം അവിടെ വന്നു എന്നുള്ളത് തന്നെ വലിയ കാര്യമാണ്.

അദ്ദേഹത്തിന്റെ മനസിലെ നന്മ കൂടിയുണ്ട്. ഇങ്ങനെയൊരു കാര്യം നടക്കുമ്പോള്‍ അവിടെ വരാനും സംസാരിക്കാനും തയ്യാറാവുകയെന്നത്. ഒരുപാട് കാലത്തിന് ശേഷമായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെയായിരുന്നില്ല കണ്ടത്. പെട്ടെന്ന് മനസിലൂടെ ഒത്തിരി കാര്യങ്ങള്‍ കടന്ന് പോയി. ഞങ്ങള്‍ ചെയ്ത സിനിമകളൊക്കെ. അതല്ലാതെ എനിക്ക് ആ സമയത്ത് വേറൊന്നും ചെയ്യാന്‍ തോന്നിയില്ല. അത്രയും സങ്കടമായിരുന്നു എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടാമൂഴം ഇനി സംഭവിക്കുമെന്ന് തോന്നുന്നില്ലെന്ന് മോഹൻലാൽ. അന്ന് ഒരുപാട് കൊട്ടിഘോഷിക്കപ്പെട്ടതാണ് രണ്ടാമൂഴം. ആ സിനിമ നടക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. രണ്ടാമൂഴം നടക്കുമെന്ന ഘട്ടം വരെ എത്തിയതാണ്. എന്നാൽ നടന്നില്ല.

അന്നാണെങ്കില്‍ തീര്‍ച്ചയായും അത് സിനിമയായെനെ ഇപ്പോള്‍ അത് പറയാന്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാമൂഴത്തിൻ്റെ ചർച്ചയ്ക്ക് ശേഷം ഇപ്പോൾ താൻ എംടി സാറിന്റെ ഓളവും തീരവും ചെയ്തു. അതു വളരെ സന്തോഷം തരുന്നൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അന്ന് മലയാള സിനിമയിൽ ഒരുപാടു മാറ്റമുണ്ടാക്കിയ സിനിമയായിരുന്നു അത്. സെറ്റുകളിൽ നിന്നു പുറത്തേക്കു വന്ന സിനിമയാണ് ഓളവും തീരവും. ഇപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് തങ്ങൾ ഷൂട്ട് ചെയ്തത്. പ്രിയദർശനാണ് സംവിധാനം. ക്യാമറ സന്തോഷ് ശിവൻ. അന്നത്തെ ലെൻസിങ് ഉപയോഗിച്ചായിരുന്നു ചിത്രീകരണം. പഴയ സിനിമ കാണുന്ന പോലെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയ്ക്കപ്പുറം രാഷ്ട്രീയ മേഖയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സുരേഷ് ഗോപി. ക്വീന്‍ എലിസബത്തിന്റെ വേര്‍പ്പാടില്‍ രാജ്ഞിയെ നേരിട്ടു കാണാന്‍ അവസരം ലഭിച്ചതു ഓര്‍ക്കുകയാണ് സൂരേഷ് ഗോപി ഇപ്പോള്‍. ‘ ക്വീന്‍ എലിസബത്ത് നാടു നീങ്ങിയ വാര്‍ത്ത കേട്ടതില്‍ ദുഖമുണ്ട്. ഒരിക്കല്‍ അവരെ ബക്കിങ്ഹാം കൊട്ടാരത്തില്‍ വച്ചു കാണാനുളള അവസരം എനിക്കു ലഭിച്ചിരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് രാജ്ഞിക്കൊപ്പമുളള ചിത്രം സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്നത്.

2017 ലാണ് അന്നത്തെ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിക്കൊപ്പം സൂരേഷ് ഗോപി ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നത്. ക്വീന്‍ എലിസബത്തിനൊപ്പമുളള സുരോഷ് ഗോപിയുടെ ചിത്രം അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇന്ത്യന്‍ പ്രതിനിധി സംഘത്തിനൊപ്പം എത്തിയ സുരേഷ് ഗോപിയ്ക്ക് രാജ്ഞിയോടൊപ്പമുളള ചെറു സംഭാഷണത്തിനും അവസരം ലഭിച്ചു. സംഭാഷണത്തിനിടെ അദ്ദേഹം പാര്‍ലമെന്റ് അംഗമാണെന്നറിഞ്ഞ രാജ്ഞി പ്രസ്തുത മണ്ഡലത്തെപ്പറ്റി ആരായുകയും ചെയ്തിരുന്നു.

“എഴുപത് വർഷമായി ഇംഗ്ലണ്ടിലെ രാജ്ഞിയായി തുടരുന്ന ക്വീൻ എലിസബത്തിന്റെ മരണവാർത്ത എന്നെ ദുഖത്തിലാഴ്ത്തുന്നു. ബ്രിട്ടീഷുകാർ മാത്രമല്ല, ലോകം മുഴുവൻ അവരെ സ്നേഹിച്ചു. 25 വർഷം മുമ്പ് ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് അവർ മരുതനായകത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒരുപക്ഷേ ക്വീൻ എലിസബത്ത് പങ്കെടുത്ത ഒരേയൊരു സിനിമാ ഷൂട്ട് അതായിരിക്കാം. 5 വർഷം മുമ്പ് ലണ്ടനിലെ ഒരു സാംസ്കാരിക പരിപാടിയിൽ വച്ച്, ക്വീൻ എലിസബത്തിന്റെ കൊട്ടാരത്തിൽ വെച്ചും അവരെ കണ്ടുമുട്ടാനായത് ഞാനിപ്പോഴും ഓർക്കുന്നു. പ്രിയപ്പെട്ട രാജ്ഞിയുടെ വേർപാടിൽ ഇംഗ്ലണ്ടിലെ ജനങ്ങൾക്കും രാജകുടുംബത്തിനും എന്റെ അഗാധമായ അനുശോചനം,” കമൽഹാസൻ കുറിച്ചു.

ഓണാസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയതിനെ തുടര്‍ന്ന് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാര്‍ട്ടി നയമല്ലന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ കൂടുതല്‍ പ്രതികരിക്കാനാകുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടി പിന്‍വലിക്കണമെന്ന് സിഐടിയുവും ഐഎന്‍ടിയുസിയും ആവശ്യപ്പെട്ടിരുന്നു.

ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് ഉപേക്ഷിച്ചത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീര്‍ന്നിട്ടും പണി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.

ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏഴ് സ്ഥിരം തൊഴിലാളികളെ മേയര്‍ ആര്യാ രാജേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തു. നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു.

എലിസബത്ത് രാഞ്ജിയുടെ മരണത്തോടെ രാജപദവിയിലേക്ക് എത്തിച്ചേരുന്ന ചാൾസിന് ലഭിക്കുക ലോകത്ത് മറ്റാർക്കുമില്ലാത്ത ചില പ്രത്യേക സൗജന്യങ്ങൾ കൂടിയാണ്. ഇംഗ്ലണ്ടിലെ രാജകുടുംബത്തിന്റെ സമ്പത്ത് മാത്രമല്ല, വിചിത്രമായ പല നേട്ടങ്ങളും അവകാശങ്ങളുമെല്ലാം ബ്രിട്ടണിലെ അടുത്ത രാജാവാകുന്ന ചാൾസിന് വന്നുചേരും.

ഇംഗ്ലണ്ടിലെ രാജാവിന് പൊതുവെ വർഷത്തിൽ രണ്ട് പിറന്നാൾ ആഘോഷമുണ്ട് എന്നതാണ് ഏറ്റവും വലിയ സവിശേഷത. മറ്റ് രാജ്യങ്ങളിൽ സഞ്ചരിക്കാൻ പാസ്പോർട്ടും വേണ്ട. വാഹനമോടിക്കാൻ ലൈസൻസും ആവശ്യമില്ല. മാത്രമല്ല, ഇംഗ്ലണ്ടിലെ എല്ലാ അരയന്നങ്ങളുടെയും ഉടമ രാജാവാണെന്നതും പ്രത്യേകതയാണ്.

ചാൾസ് രാജകുമാരൻ ഇനി ചാൾസ് മൂന്നാമൻ രാജാവ് എന്ന പേരിൽ അധികാരമേൽക്കും. ലോകത്തെവിടെയും സഞ്ചരിക്കാൻ ലൈസൻസോ, പാസ്പോർട്ടോ വേണ്ട. രാജാവിന്റെ പേരിലാണ് ഈ രേഖകൾ നൽകുന്നത് എന്നതുകൊണ്ടാണിത്. രാജാവിന്റെ പേരിൽ ആവശ്യമായ സംരക്ഷണങ്ങളോടെ തടസമില്ലാതെ യാത്രചെയ്യാൻ ആവശ്യപ്പെടുകയും അഭ്യർത്ഥിക്കുകയും ചെയ്യുന്നു എന്നാണ് ലൈസൻസിലും പാസ്പോർട്ടിലുമുളള ആമുഖത്തിൽ രേഖപ്പെടുത്തന്നത്. അതുകൊണ്ടുതന്നെ അതിന് അധികാരപ്പെട്ട രാജാവിന് സ്വയം ഈ രേഖകൾ കൈവശം വെയ്‌ക്കേണ്ടതില്ല.

ചാൾസിന്റെ അമ്മ എലിസബത്ത് രാജ്ഞിയ്ക്ക് രണ്ട് പിറന്നാളാണ് ഉണ്ടായിരുന്നത്. യഥാർത്ഥ ജന്മദിനമായ ഏപ്രിൽ 21ന് പുറമെ, പൊതു ആഘോഷത്തിനായി ജൂൺ മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയിലെ ആഘോഷവും അവർ ആഘോഷിച്ചിരുന്നു. ആദ്യ ജന്മദിനം സ്വകാര്യമായേ ആഘോഷിക്കൂ. പൊതു ഇടങ്ങളിൽ ആഘോഷിക്കാൻ പറ്റുന്ന കാലാവസ്ഥ ജൂൺ മാസത്തിലായതിനാലാണ് ഈ രീതി.

രാജാവാകുന്ന ചാൾസിനാകട്ടെ പിറന്നാൾ നവംബർ 14നാണ്. അതിനാൽ തന്നെ ചൂടുകാലത്ത് മറ്റൊരു ഔദ്യോഗിക പിറന്നാളുണ്ടാകും. 250 വർഷത്തിലേറെ പഴക്കമുളള ട്രൂപ്പിംഗ് ദി കളർ എന്ന പൊതുചടങ്ങ് നടക്കാറുണ്ട്. 1400ലധികം സൈനികർ, 200 കുതിരകൾ, 400 സംഗീതജ്ഞർ എന്നിങ്ങനെ പങ്കെടുക്കുന്ന കൃത്യതയാർന്ന ഒരാഘോഷവുമുണ്ട്.

രാജ്യത്തിന്റെ ഭരണവിഭാഗ തലവൻ എന്ന നിലയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ വോട്ട് രേഖപ്പെടുത്തുകയോ ചെയ്യില്ല. രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും കൃത്യമായി അകന്നുനിൽക്കും. പാർലമെന്റ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനത്തിനും പാർലമെന്റിലെ നിയമനിർമ്മാണത്തിന് അംഗീകാരം നൽകുന്നതിനും പ്രധാനമന്ത്രിയുമായി പ്രതിവാര യോഗം ചേരാനും രാജാവിന് സാധിക്കും. ഇംഗ്ലണ്ട് ആന്റ് വെയിൽസ് എന്ന പ്രദേശത്തെ വസ്തുവകകളുടെ ഉടമസ്ഥാവകാശവും രാജാവിൽ നിക്ഷ്പിതമാണ്.

മൃഗങ്ങളെയും രാജാവ് സംരക്ഷിക്കുന്നു എന്ന സങ്കൽപമുള്ളതിനാൽ, അരയന്നങ്ങളുടെ മാത്രമല്ല ഡോൾഫിൻ, സ്റ്റർജൻ മത്സ്യങ്ങൾ, തിമിംഗലങ്ങൾ എന്നിവയുടെയും ഉടമസ്ഥാവകാശം രാജാവിനാണ്.

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തുന്ന താരങ്ങളെ കുറിച്ച് എക്കാലത്തും വാര്‍ത്തകളെത്താറുണ്ട്. ഇതുപോലെ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപ്രവേശനം നടത്തുമെന്ന് ഏറെ തവണ അഭ്യൂഹങ്ങള്‍ ഉയര്‍ന്ന താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ രാഷ്ട്രീയം തന്റെ മേഖലയല്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും രാഷ്ട്രീയത്തോട് ഒരിക്കലും താല്‍പ്പര്യം തോന്നിയിട്ടില്ലെന്നും കക്ഷി രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നുമാണ് താരം പറയുന്നത്. ഏത് പാര്‍ട്ടിയായാലും അതിന്റെ നല്ല ആശയങ്ങളോട് സഹകരിക്കുമെന്നും അവയിലൂടെ സഞ്ചരിക്കുമെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

‘എനിക്ക് രാഷ്ട്രീയം ഒരിക്കലും എക്‌സൈന്റ്‌മെന്റായി എനിക്ക് തോന്നിയിട്ടില്ല. എന്റെ ഒരു കപ്പ് ഓഫ് ടീ അല്ല അത്. ഒരു കക്ഷി രാഷ്ട്രീയത്തിലേക്കും പോകാന്‍ എനിക്ക് താല്പര്യമില്ല. കാര്യം എനിക്കത് അറിയില്ല. ഞാനൊരു പാര്‍ട്ടിയുമായി ബന്ധപ്പെടുക ആണെങ്കില്‍, ഒരുപാട് ആശയങ്ങളോട് നമുക്ക് താല്പര്യം തോന്നാം. ഏത് പാര്‍ട്ടിയുടെയും നല്ല ആശയങ്ങളോട് സഹകരിക്കാം അവയിലൂടെ സഞ്ചരിക്കാം. പക്ഷേ കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോള്‍, അതിനെ കുറിച്ചൊരു ധാരണ വേണം. ഒരുപാട് പേര്‍ ആ ധാരണകള്‍ ഇല്ലാതെയാണ് സംസാരിക്കുന്നത്.’ ഒരു പാര്‍ട്ടിയെ കുറിച്ച് പഠിച്ച് കഴിഞ്ഞിട്ടെ നമുക്കൊരു അഭിപ്രായം പറയാന്‍ സാധിക്കൂവെന്നും മോഹന്‍ലാല്‍ പറയുന്നു.

അതേസമയം, നടന്‍ മോഹന്‍ലാല്‍ ബിജെപിയുമായി അടുക്കുകയാണെന്നും വൈകാതെ രാഷ്ട്രീയത്തിലേക്ക് എത്തുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ താരങ്ങള്‍ മത്സരിക്കുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മോഹന്‍ലാലിന്റെ പേരും കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് താരം തന്റെ രാഷ്ട്രീയ നിലപാട് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

സോഷ്യല്‍മീഡിയയിലടക്കം തനിക്ക് എതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും താരം പ്രതികരിച്ചു. തന്റെ ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞു. ഇനി മറ്റുള്ളവരെ പേടിച്ചോ അവരുടെ വിമര്‍ശനങ്ങളെ പേടിച്ചോ ജീവിക്കാന്‍ പറ്റില്ല. നമ്മള്‍ ഒരു തെറ്റ് ചെയ്താല്‍ അത് അക്‌സപ്റ്റ് ചെയ്യാന്‍ തയ്യാറാണ്. പക്ഷേ അത് തെറ്റാണെന്ന് എനിക്ക് തോന്നണമെന്നും വിമര്‍ശനങ്ങളെ ഞാന്‍ ഗൗരവമായി എടുക്കാറില്ലെന്നും താരം പറയുന്നു.

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് പത്തുദിവസത്തേക്ക് യുകെയില്‍ ഔദ്യോഗിക ദുഃഖാചരണ പ്രഖ്യാപിച്ചു. പാര്‍ലമെന്റിന്റേത് അടക്കം ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു. സംസ്‌കാരം പിന്നീട്.

വസ്റ്റ്മിനിസ്റ്റര്‍ ഹാളിലായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. മരണശേഷം നാലു ദിവസം കഴിഞ്ഞായിരിക്കും ബക്കിങ്ങാം കൊട്ടാരത്തില്‍നിന്നു ഭൗതിക ശരീരം വെസ്റ്റ് മിനിസ്റ്റര്‍ ഹാളിലെത്തിക്കുന്നത്. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി നാലു ദിവസം ഇവിടെ ഭൗതിക ശരീരം സൂക്ഷിക്കും.

വിന്‍ഡ്‌സര്‍ കോട്ടയില്‍ ഭര്‍ത്താവ് ഫിലിപ് രാജകുമാരനെയും പിതാവ് ജോര്‍ജ് ആറാമനെയും അടക്കം ചെയ്തിരിക്കുന്നതിനു സമീപത്തായിരിക്കും എലിസബത്ത് രാജ്ഞിയെയും അടക്കം ചെയ്യുക.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അവരെ അലട്ടിയിരുന്നു. വ്യാഴാഴ്ച രാവിലെയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം അവരുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മലയാളി അല്ലെങ്കിലും മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി മാറിയ നടനാണ് ബാല. തമിഴും മലയാളവും കൂട്ടി കലർത്തി സംസാരിക്കുന്ന ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി വെെറലായതോടെ കഴിഞ്ഞ കുറച്ച് നാളുകളായി ബാല ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിതാ മറ്റുള്ളവരെ വേദനിപ്പിച്ച്, കളിയാക്കി സന്തോഷിക്കരുതെന്ന് ജനങ്ങളോട് പറയുകയാണ് ബാല. ഓണാശംസകൾ അറിയിച്ച് കൊണ്ട് നടൻ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

തനിക്ക് തിരുവോണത്തിന് കേരളത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ചില കാരണങ്ങളാൽ ചെന്നൈയിലായി പോയെന്നും അദ്ദേഹം പറയുന്നുണ്ട്. ഈ ഓണത്തിന് തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി താൻ ഫോളോ ചെയ്യുന്ന നാല് പോയിന്റുകളും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. സ്നേഹത്തിന് വില സ്നേഹം മാത്രമാണ്. നമുക്ക് സ്നേഹം നേടണമെങ്കിൽ അത് കൊടുക്കണം. ലോകത്ത് പൈസ കൊടുത്തോ പേടിപ്പിച്ചോ സ്നേഹം ഒരിക്കലും നേടാൻ കഴിയില്ലെന്നാണ് ഒന്നാമത്തെ പോയിൻ്‍റായി അദ്ദേഹം പറയുന്നത്.

സെക്കന്റ് പോയിന്റ്, താൻ അടുത്ത കാലത്ത് വായിച്ച ഒരു കാര്യാണ്, നമ്മൾ സ്വന്തം ബോട്ടിൽ ഉറങ്ങി കൊണ്ടിരിക്കുകയാണ്. അപ്പുറത്ത് നിന്ന് വലിയൊരു കാറ്റടിക്കുമ്പോൾ മറ്റൊരു ബോട്ട് വന്നു നമ്മുടെ ബോട്ടിൽ തട്ടി. നമ്മൾ ഉറങ്ങുകയായിരുന്നു. അപ്പുറത്തെയാളും. നമ്മുടെ ദേഷ്യം മുഴുവൻ അപ്പുറത്തെ ആളോട് കാണിക്കും. ഇതേ പോലെ ഒരു ബോട്ട് വന്നു തട്ടുമ്പോൾ ബോട്ടിൽ ആളില്ലെങ്കിൽ ബോട്ടിനോട് ദേഷ്യപ്പെടുമോ?, അപ്പോൾ ദേഷ്യമെന്നത് ആപേക്ഷികമാണെന്നും അദ്ദേഹം പറയുന്നു.

പിന്നെ താൻ പഠിച്ച മറ്റൊരു നല്ല കാര്യം മൊതലാളി-തൊഴിലാളി, അച്ഛൻ-മകൻ, അമ്മ-മകൾ ഏത് റിലേഷൻഷിപ്പ് ആകട്ടെ എല്ലാവരും കുറ്റം ചെയ്യുന്നുണ്ട്. എന്നാൽ ഉള്ളതിൽ നല്ലത് പറയാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് പോസിറ്റീവ് എനർജി കൊടുക്കുക. അതിനേക്കാൾ വലിയ കാര്യം വേറെ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. നാലമത്തെ പോയിന്റ് എല്ലാ മനുഷ്യനുള്ളിലും ഒരു ചെകുത്താനുണ്ട് എന്നതാണ്.

അത് മാറ്റണം, നമ്മുടെ അകത്ത് ഇരിക്കുന്ന ദൈവം പുറത്തുവരണം. മറ്റുള്ളവരെ വേദനിപ്പിച്ച്, മറ്റുള്ളവരെ കളിയാക്കി നമ്മൾ സന്തോഷിക്കുന്നത് മൃഗത്തനമാണോന്നും. നമുക്ക് വിഷമം ഉണ്ടായാലും അത് മറന്നു മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്നത് ദൈവത്തനമാണെന്നും അദ്ദേഹം പറയുന്നു.

Copyright © . All rights reserved