പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മച്ചുനദിയിലെ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റ ചിലരെ മാത്രം മോബി സിവില്‍ ആശുപത്രിയുടെ സജ്ജീകരിച്ച വാര്‍ഡിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. മോദിയുമായി സംസാരിക്കാന്‍ ഇവരെ തയ്യാറാക്കി ആശുപത്രി കെട്ടിടത്തിന്റെ യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരിച്ച വാര്‍ഡിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. 135 പേര്‍ കൊല്ലപ്പെട്ട ഗുജറാത്തിലെ മച്ചുനദിയിലെ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടസ്ഥലം സന്ദര്‍ശിച്ച മോദി പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പെയിന്റ് അടിച്ച വാര്‍ഡില്‍ പുതിയ കിടക്കയും കിടക്ക വിരിയും സജ്ജമാക്കി തെരഞ്ഞെടുക്കപ്പെട്ട രോഗികളെ അവിടേക്ക് മാറ്റുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയുടെ ഒഴിഞ്ഞുകിടന്നിരുന്ന താഴത്തെ നിലയിലെ മുറിയാണ് ഇത്തരത്തില്‍ സജ്ജമാക്കിയത്. മുകളിലത്തെ നിലയിലായിരുന്നു രോഗികളെ പ്രവേശിപ്പിച്ചത്. പുതിയ കിടക്ക വിരികളില്‍ പലതിലും മോര്‍ബിയില്‍ നിന്നും 300 കിലോ മീറ്റര്‍ അകലെ ജാംനഗറിലുള്ള ഒരു ആശുപത്രിയുടെ അടയാളം പതിച്ചിട്ടുണ്ട്.
40 തൊഴിലാളികള്‍ രാത്രി മുഴുവന്‍ ജോലി ചെയ്താണ് ഒറ്റ ദിവസം കൊണ്ട് ആശുപത്രി പെയിന്റ് ചെയ്തത്. ശുചിമുറികളിലും പുതിയ ടൈലുകള്‍ പാകിയിട്ടുണ്ട്. ഇതിന് പുറമേ നാല് പുതിയ വാട്ടര്‍ കൂളറും സ്ഥാപിച്ചിട്ടുണ്ട്. ‘ശവത്തിന്മേലുള്ള ഇവന്റ് മാനേജ്‌മെന്റാ’ണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആരോപിച്ചു.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പാലത്തിന്റെ അറ്റകുറ്റപ്പണികളുടെയും നടത്തിപ്പിന്റെയും ചുമതല വഹിച്ച ഒറിവ ഗ്രൂപ്പിന്റെ പേര് പ്രദര്‍ശിപ്പിച്ചിരുന്ന ബോര്‍ഡ് വെള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചതിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത തല യോഗം ചേര്‍ന്നു.
സംഭവ സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒറിവ ഗ്രൂപ്പിനെതിരെ മനഃപൂര്‍വ്വമല്ലത്ത നരഹത്യാകുറ്റവും ചുമത്തി. തലസ്ഥാനമായ ഗാന്ധിനഗറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മോര്‍ബിയിലുള്ള പാലം ഞായറാഴ്ച വൈകിട്ട് 6.30 നാണ് തകര്‍ന്നത്. 1877 ല്‍ നിര്‍മിച്ച 233 മീറ്റര്‍ നീളമുള്ള പാലം 7 മാസത്തെ അറ്റകുറ്റപ്പണികള്‍ക്കു ശേഷം 26 നാണു തുറന്നത്. പാലത്തിന് മുനിസിപ്പാലിറ്റിയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ലെന്നു റിപ്പോര്‍ട്ടുണ്ട്.
കൂട്ടുകാരുമായി ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റിൽ തല കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം. മാൻഖുഡിൽ രേഷ്മ ഖരവി എന്ന പെൺകുട്ടിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു രേഷ്മ. കുട്ടികളുമായി ഒളിച്ചു കളിക്കുന്നതിനിടെ ഒളിച്ചിരിക്കുന്ന കുട്ടികളെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
ലിഫ്റ്റിന്റെ പുറത്തെ വാതിലിലെ പൊട്ടിപ്പോയ ചില്ലിലൂടെ നോക്കുന്നതിനിടെ ലിഫ്റ്റ് താഴേക്കു പതിക്കുകയും രേഷ്മയുടെ തല കുടുങ്ങുകയുമായിരുന്നു. അപ്പാർട്ട്മെന്റിലെ അഞ്ചാം നിലയിലായിരുന്നു മുത്തശ്ശി താമസിച്ചിരുന്നത്. ഇവിടെ കളിക്കുന്നതിനിടെയാണ് അപകടം. കരച്ചിൽ കേട്ട് മറ്റു കുട്ടികൾ ഓടിയെത്തി. കുട്ടിയുടെ അമ്മാവൻ എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹൗസിങ് സൊസൈറ്റിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് രേഷ്മയുടെ കുടുംബം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ഹൗസിങ് സൊസൈറ്റി ചെയർമാനെയും സെക്രട്ടറിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
സിനിമകളില്‍ ലോജിക്ക് ഇല്ല എന്ന വിമര്‍ശനങ്ങള്‍ക്ക് താന്‍ ചെവി കൊടുക്കാറില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. തിയേറ്ററില്‍ ചിലവഴിക്കുന്ന സമയം പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കുക മാത്രമാണ് ലക്ഷ്യം. തിയേറ്ററില്‍ കണ്ടിട്ട് മനസിലാകാതെ വീട്ടില്‍ ചെന്ന് ആലോചിച്ച് കണ്ടുപിടിക്കുന്നതിനോട് യോജിപ്പില്ല എന്നാണ് സംവിധായകന്‍ പറയുന്നത്.
വിമര്‍ശനങ്ങളെല്ലാം വെറുതെ ഓടിച്ച് നോക്കാറുണ്ട്. ചിലര്‍ പറയുന്ന ലോജിക്ക് ഒന്നും കാര്യമാക്കാറില്ല. മുമ്പ് ഒത്തിരി ലോജിക്ക് നോക്കാറുണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ കുറച്ചതാണ്. സിനിമക്ക് ലോജിക്ക് നോക്കണ്ട ആവശ്യം ഒന്നുമില്ല. ലോജിക്ക് വേണം എന്ന് ആളുകള്‍ക്ക് വാശിയാണ്.
സിനിമയെ സിനിമയായി കാണണം. തിയേറ്ററില്‍ ഇരിക്കുമ്പോള്‍ ആ സിനിമ എന്‍ഗേജ് ചെയ്തോ എന്ന് മാത്രം നോക്കിയാല്‍ മതി. തിയേറ്ററില്‍ ഇരിക്കുമ്പോള്‍ മനസിലാകാതെ വീട്ടില്‍ പോയി ആലോചിച്ചിട്ട് ഒരു കാര്യവും ഇല്ല. തിയേറ്ററില്‍ ഇരിക്കുമ്പോള്‍ ആളുകളെ എന്‍ഗേജ് ചെയ്യിക്കുക എന്ന ആങ്കിളിലാണ് താന്‍ പോകുന്നത്.
പറയുന്ന വിമര്‍ശനങ്ങളില്‍ എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ എടുക്കും ഇല്ലെങ്കില്‍ ശ്രദ്ധിക്കാന്‍ പോകാറില്ല. അങ്ങനെ നോക്കിയാല്‍ നൂറ് പേര്‍ സിനിമ കാണുമ്പോള്‍ നൂറ് അഭിപ്രായം പറയില്ലേ. അങ്ങനെ എല്ലാവരുടേയും അഭിപ്രായം നോക്കിയാല്‍ സിനിമ ചെയ്യാന്‍ പറ്റില്ല.
‘ലൈഫ് ഓഫ് ജോസൂട്ടി’ ചെയ്തപ്പോള്‍ എല്ലാവരും പറഞ്ഞു അതില്‍ എന്തെങ്കിലും ത്രില്ലിങ് എലമെന്റ്സ് ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നു എന്ന്. ‘ചേട്ടന്‍ ഇനി അതുപോലുള്ള സിനിമകള്‍ ചെയ്യേണ്ട’ എന്നൊക്കെ. എന്നാല്‍ തനിക്ക് ത്രില്ലര്‍ അല്ലാത്ത ഇതുപോലുള്ള സിനിമകളാണ് ഇനി ചെയ്യണ്ടത് എന്നാണ് ജീത്തു പറയുന്നത്.
പാറശാല ഷാരോണ്‍ കൊലക്കേസിലെ പ്രതികളുടെ വീട് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലായതിനാല്‍ തുടരന്വേഷണത്തില്‍ ആശയക്കുഴപ്പം. അന്വേഷണം പുരോഗമിക്കുന്നതിനിടെ നിയമോപദേശം തേടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
പാറശാല സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തുന്നതിനായി വിഷം കഷായത്തില്‍ കലര്‍ത്തി നല്‍കിയത് തമിഴ്നാട്ടിലായതിനാല്‍ തുടരന്വേഷണം എത്തരത്തിലാവണെ എന്നാണ് ആശയക്കുഴപ്പം.
കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ വീട്ടില്‍വെച്ചാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തി ഷാരോണിന് നല്‍കിയത്. പിന്നാലെ ആശുപത്രിയിലായ യുവാവ് ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. പെണ്‍കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നത് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലാണ്. തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ സ്ഥലം.
അതേസമയം, ഷാരോണിന്റെ മരണത്തിലെ ദുരൂഹത ആരോപിച്ച് കുടുംബം പരാതി നല്‍കിയത് പാറശാല പോലീസിലാണ്. കേസ് അന്വേഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും കേരളാ പോലീസാണ്.
ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തില്‍ നിയമപ്രശ്നങ്ങളുണ്ടോ, കേസ് തമിഴ്നാട് പോലീസിന് കൈമാറേണ്ടതുണ്ടോ എന്നീ കാര്യങ്ങള്‍ അന്വേഷണസംഘം തേടുന്നത്. കേസില്‍ തമിഴ്നാട് പോലീസും കേരള പോലീസില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
കേസില്‍ പ്രതിചേര്‍ത്ത ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും ചൊവ്വാഴ്ച പോലീസ് തെളിവെടുപ്പിനെത്തിച്ചു. ഷാരോണിന് കഷായം നല്‍കിയ കുപ്പി ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ പോലീസ് കണ്ടെത്തി
പാറശ്ശാല സ്വദേശിയായ ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ്. മുഖ്യപ്രതിയായ ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഗ്രീഷ്മയുടെ അമ്മ സിന്ധു അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. പ്രതികളെത്തിയതോടെ വന്‍ജനക്കൂട്ടം വീടിനു ചുറ്റും തടിച്ചികൂടിയിരുന്നു.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് പോലീസം സംഘമെത്തിയത്.
മുഖ്യപ്രതി ഇല്ലാത്തതിനാല്‍ വീട്ടുവളപ്പിലാണ് തെളിവെടുപ്പ് നടത്തിയത്. വീടുപൂട്ടി സീല്‍ ചെയ്തിരിക്കുകയാണ് പോലീസ്. പ്രതിയായ നിര്‍മല്‍കുമാറുമായി ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുളത്തിന് സമീപത്തെത്തി കളനാശിനിയുടെ ഒഴിഞ്ഞ കുപ്പി കണ്ടെടുത്തു. ഈ കുപ്പിയിലെ കളനാശിനിയാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ കലര്‍ത്തിനല്‍കിയത്.
ഒഴിഞ്ഞ കുപ്പി ഉപേക്ഷിച്ച സ്ഥലവും ഉപേക്ഷിച്ച രീതിയും പ്രതി വിശദീകരിച്ചു. പിന്നീട് കുളത്തിന് സമീപത്തെ കാട്ടില്‍നിന്ന് കളനാശിനിയുടെ കുപ്പി പോലീസ് സംഘം കണ്ടെടുത്തു. വിഷക്കുപ്പി കണ്ടെടുത്തതിന് പിന്നാലെ ഗ്രീഷ്മയുടെ വീടിന്റെ പുറകുഭാഗത്തേക്കാണ് പ്രതികളെ കൊണ്ടുപോയത്. ഉപേക്ഷിച്ച കളനാശിനി കുപ്പിയുടെ ലേബല്‍ ഇവിടെനിന്ന് കണ്ടെത്തി. കുപ്പി ഉപേക്ഷിക്കുന്നതിന് മുമ്പ് കുപ്പിക്ക് പുറത്തെ ലേബല്‍ വലിച്ചുകീറി ഉപേക്ഷിച്ചെന്ന് പ്രതികള്‍ പറഞ്ഞിരുന്നു.
വീടിന് പുറകിലുള്ള ഷെഡ്ഡിലും തെളിവെടുപ്പ് നടന്നു. കളനാശിനി കുപ്പി നേരത്തെ സൂക്ഷിച്ചിരുന്ന സ്ഥലം പ്രതികള്‍ പോലീസിന് കാണിച്ചുനല്‍കി. ഇവിടെനിന്ന് മറ്റുചില പ്ലാസ്റ്റിക് കുപ്പികളും പച്ചനിറത്തിലുള്ള ദ്രാവകം നിറച്ച കുപ്പിയും പോലീസ് കണ്ടെത്തി. ഇതും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
തിരുവനന്തപുരത്തെ മ്യൂസിയം പരിസരത്ത് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ യുവതിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. സംസ്ഥാന മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഡ്രൈവറാണ് പോലീസ് കസ്റ്റഡിയിലെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ മലയന്‍കീഴ് സ്വദേശിയാണെന്നാണ് സൂചന. കന്റോണ്‍മെന്റ് പോലീസാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്ത് വെച്ച് യുവതിയ്ക്കെതിരേ അതിക്രമം ഉണ്ടാകുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിനെതിരെ വിമര്‍ശനങ്ങളുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് കുറവന്‍കോണത്ത് വീട്ടില്‍ ഒരാള്‍ അതിക്രമിച്ചു കയറി എന്ന വാര്‍ത്ത വന്നത്. ഇതേ ആള്‍ തന്നെയാണ് തന്നെ ആക്രമിച്ചതെന്ന് അതിക്രമത്തിന് ഇരയായ യുവതിയും പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിക്കുകയായിരുന്നു.
പിന്നീട് കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളും വാഹനങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ടും ഒരാള്‍ തന്നെയാണ് എന്ന് ഒടുവില്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ജോർജ് മാത്യു
ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ ഒവിബിസ് (ഓർത്തഡോക്സ് വൊക്കേഷൻ ബൈബിൾ സ്കൂൾ ) ഒക്‌ടോബർ 28.29,30 തീയതികളിൽ നടന്നു .ഒക്‌ടോബർ 28 ന് ഒവിബിസിന്റെ ഔപചാരികമായ ഉത്ഘാടനം ഇടവക വികാരി ഫാ മാത്യു എബ്രഹാം നിർവഹിച്ചു . ക്രിസ്തീയ സാക്ഷ്യവും,മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഒവിബിസിനുള്ള സ്വാധീനം വളരെ വലുതാണെന്ന് ഉത്ഘാടനപ്രസംഗത്തിൽ അച്ചൻ ചൂണ്ടികാട്ടി .”യേശൂ സൗഖ്യമാക്കുന്നു ” ((സെന്റ് ലൂക്ക് 4:40)എന്നതായിരുന്നു ചിന്താവിഷയം .പ്രസ്തുത വിഷയത്തെ ആസ്പദമാക്കി ഡോ:സാം ജോർജ് ക്ലാസ് നയിച്ചു .സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജസ്റ്റിൻ പോൾ സ്വാഗതവും ഇടവക സെക്രട്ടറി ലിജിയ തോമസ് നന്ദിയും പറഞ്ഞു .

രണ്ടാം ദിവസമായ 29ന് പ്രതിപാദ്യ വിഷയത്തെ അടിസ്ഥാനമാക്കി സിബി ജയ് പ്രഭാഷണം നടത്തി . പ്രശ്നോത്തരിക്കു അമിത് ഷിബു നേതൃത്വം നൽകി .തുടർന്ന് ഗാനപരിശീലനം ,ചർച്ച ക്ലാസുകൾ ,ഭക്ഷ്യ വസ്തുക്കളുടെ സമാഹാരം ,ചെടി നടൽ,സ്നേഹവിരുന്ന് എന്നിവ നടത്തി .

സമാപന ദിവസമായ 30ന് വി .കുർബാന ,ഒവിബിസ് റാലിയും നടത്തി .തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ഫാ :മാത്യു എബ്രഹാം അധ്യക്ഷത വഹിച്ചു .വിവിധ ഗ്രൂപ്പുകളിൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി .അധ്യാപകരും ,രക്ഷിതാക്കളും ഒവിബിസിനെ സംബന്ധിച്ചു അവലോകനം നടത്തി .

ഇടവക ട്രസ്റ്റി ഡെനിൻ തോമസ് സ്വാഗതവും ,ജെയ്സൺ തോമസ് നന്ദിയും പറഞ്ഞു. ഒവിബിസിന് പ്രോഗ്രാം കോഓർഡിനേറ്റർമാരായ റൂബി ഡെനിൻ ,ജെയ്സൺ തോമസ് ,മിഥുൻ തോമസ് ,ദീപക് തോമസ് എന്നിവരും ,മാനേജിങ് കമ്മിറ്റി അംഗങ്ങളും,ആധ്യാല്മിക സംഘടന പ്രതിനിധികളും നേതൃത്വം നൽകി .

ജോജി തോമസ്
അടുത്ത ദിവസങ്ങളിൽ കേരളം വളരെയധികം ചർച്ച ചെയ്തതും, അതിശയത്തോടെ കണ്ടതുമായ ഒരു വാർത്തയാണ് 22 വയസ്സ് മാത്രമുള്ള ബിരുദാനന്തര പഠനം നടത്തുന്ന, അക്കാദമിക് തലത്തിൽ മുന്നിട്ടു നിന്നിരുന്ന ഗ്രാമീണ പശ്ചാത്തലമുള്ള ഒരു പെൺകുട്ടി കൊലപാതക കുറ്റത്തിന് ഇരുമ്പഴിക്കുള്ളിൽ ആയത്. പക്ഷേ പ്രസ്തുത സംഭവം കേരള സമൂഹം പ്രത്യേകിച്ച് സ്ത്രീ സമൂഹം ഇന്ന് നേരിടുന്ന പല സാമൂഹിക പ്രശ്നങ്ങളിലേക്ക് ഉള്ള ചൂണ്ടുപലകയാണ് കാരണം ഗ്രീഷ്മ എന്ന പെൺകുട്ടിയെ ഒരു കൊലപാതകി ആക്കി മാറ്റിയതിൽ കേരളത്തിലെ സാമൂഹിക പാശ്ചാത്യ തലത്തിനും , അടുത്തകാലത്ത് നടന്ന പ്രണയ പകകൾ മൂലമുള്ള കൊലപാതകങ്ങൾക്കും വളരെ ശക്തമായ സ്വാധീനമുണ്ട്..
ഗ്രീഷ്മയെന്ന പെൺകുട്ടി സ്വന്തം കുടുംബത്തിനും കാമുകനും ഇടയിൽ ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജാതിയുടെയും , സമ്പത്തിന്റെയും അന്തരങ്ങൾ ചൂണ്ടിക്കാട്ടി പ്രണയത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുന്ന കുടുംബവും അതിൻറെ പേരിൽ ആത്മഹത്യാ ഭീഷണി മുഴക്കുന്ന അമ്മയും ഒരു വശത്ത് സ്ത്രീക്ക് ബന്ധത്തിന് ഇഷ്ടമല്ലെങ്കിൽ ” No” പറയാൻ ഉള്ള സ്വാതന്ത്ര്യത്തെ മാനിക്കാതെ കടിച്ചു തൂങ്ങി കിടക്കുകയും, സൗഹൃദത്തിലായിരുന്നപ്പോൾ എടുത്ത സ്വകാര്യ ചിത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്ന കാമുകൻ മറുവശത്ത് നിൽക്കുമ്പോൾ ഉള്ള ധർമ്മസങ്കടത്തിൽ നിന്ന് ഉണ്ടായ അപക്വതയാണ് ഗ്രീഷ്മയെന്ന 22 വയസ്സുകാരിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഒരുപക്ഷെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിക്കുമ്പോൾ അടുത്തകാലത്ത് പ്രണയപ്പകകൾ മൂലം ജീവൻ നഷ്ടപ്പെട്ട പല പെൺകുട്ടികളുടെയും കഥകൾ ഗ്രീഷ്മയുടെ മനസ്സിലൂടെയും കടന്നു പോയിരിക്കാൻ സാധ്യതയുണ്ട്.
ഇവിടെ കുറ്റവാളിയുടെ സ്ഥാനത്ത് നിൽക്കുന്നത് സമൂഹം തന്നെയാണ്. കാരണം ജാതീയമായ വിഭാഗീയതകൾക്കും , അന്ധവിശ്വാസങ്ങൾക്കും ഇന്നും വിലകൽപ്പിക്കുകയും, ബന്ധത്തോട് ഒരു പെൺകുട്ടിക്ക് എപ്പോഴെങ്കിലും അരുത് പറയുകയോ, പിന്മാറാമെന്ന് തോന്നുകയോ ചെയ്താൽ അതിന് വിലകൽപ്പിക്കാത്ത പുരുഷന്റെ മാനസികാവസ്ഥയുമാണ് ഗ്രീഷ്മയെന്ന കുറ്റവാളിയെ സൃഷ്ടിച്ചത്.
തെന്നിന്ത്യന്‍ നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. കാനഡയില്‍വച്ചാണ് സംഭവം. സ്‌കൂളില്‍ നിന്നും കുട്ടികളെ തിരിച്ചുകൊണ്ടുപോകുന്ന വഴി രംഭയുടെ കാറില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. രംഭയും കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂത്ത മകള്‍ സാഷയ്ക്ക് പരുക്കുണ്ട്. ആശുപത്രിയില്‍ കഴിയുന്ന സാഷയുടെ ചിത്രം പങ്കുവച്ചായിരുന്നു രംഭ ഈ വിവരം അറിയിച്ചത്.
”സ്‌കൂളില്‍ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്ന വഴിയില്‍ വച്ച് ഞങ്ങളുടെ കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഞങ്ങള്‍ എല്ലാവരും നിസ്സാര പരിക്കുകളോടെ സുരക്ഷിതരാണ്. എന്റെ കുഞ്ഞു സാഷ ഇപ്പോഴും ഹോസ്പിറ്റലിലാണെന്ന് രംഭ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വിവാഹശേഷം കാനഡയിലെ ടോറോന്റോയിലാണ് രംഭയും കുടുംബവും. ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തന്റെയും രംഭയുടെയും മൂന്നാമത്തെ കുട്ടിയാണ് സാഷ. സാംബ, ലാവണ്യ എന്നിവരാണ് മറ്റുമക്കൾ.
വിജയലക്ഷ്മി യീദി എന്ന രംഭ തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട നടിമാരിൽ ഒരാളായിരുന്നു. മലയാളത്തിൽ ‘സർഗം’ എന്ന ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സിൽ അഭിനയം തുടങ്ങിയ രംഭ തമിഴിൽ രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയിൽ സൽമാൻ ഖാനോടൊപ്പവും മലയാളത്തിൽ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പവും രംഭ അഭിനയിച്ചിട്ടുണ്ട്. 2010ലാണ് ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തനെ വിവാഹം കഴിച്ച് രംഭ ടോറോന്റോയിലേക്ക് താമസം മാറിയത്.
ഇറാനിൽ വീണ്ടും കസ്റ്റഡി മരണം. സെലിബ്രിറ്റി ഷെഫ് ആയ മെഹർഷാദ് ശാഹിദിയെ ഇറാൻ പൊലീസ് അടിച്ചു കൊന്നു. ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത ശാഹിദിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കസ്റ്റഡിയിലിരിക്കെ തലക്ക് ക്ഷതമേറ്റാണ് ശാഹിദി മരിച്ചതെന്ന് ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ശാഹിദിയുടെ മരണത്തിൽ ഉത്തരവാദികളല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഹൃദയാഘാതം മൂലമാണ് ശാഹിദി മരിച്ചതെന്ന് പറയാൻ പൊലീസ് സമ്മർദം ചെലുത്തുന്നതായി ശാഹിദിയുടെ മാതാപിതാക്കളും പറഞ്ഞു.
മർദനമേറ്റതിന്റെ പാടുകളോ ക്ഷതങ്ങളോ ഒന്നും ശാഹിദിയുടെ ശരീരത്തിലുണ്ടായിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അബ്ദുൽ മെഹ്ദി മൂസഫി പറഞ്ഞു. ശനിയാഴ്ച ശാഹിദിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പതിനായിരക്കണക്കിന് പേർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.
ഇറാനിലെ ജാമി ഒലിവർ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മെഹർഷാദ് ശാഹിദിയുടെ ഇരുപതാം പിറന്നാളിന്റെ തലേ ദിവസമായിരുന്നു പൊലീസിന്റെ ക്രൂരത.
ഹിജാബിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിനു പിന്നാലെയാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായത്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായാണ് ഇറാൻ ഇത്തരമൊരു പ്രതിഷേധത്തിന് സാക്ഷിയാവുന്നത്.
സെപ്റ്റംബർ 13 നാണ് കുർദിസ്താനിൽനിന്ന് കുടുംബത്തോടൊപ്പം ടെഹ്‌റാനിലേക്ക് പോവുകയായിരുന്ന മഹ്‌സ അമിനിയെ ഇറാനിലെ സദാചാര പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്സയെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത് മൂന്ന് ദിവസത്തിന് ശേഷം അവളുടെ ജീവനറ്റ ശരീരമാണ് കുടുംബത്തിന് ലഭിച്ചത്.
ഹൃദയാഘാതം മൂലമാണ് മഹ്സ മരിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ, കസ്റ്റഡിയിൽ മഹ്സ അതിക്രൂരതകൾ നേരിട്ടെന്ന് കുടുംബം പറയുന്നു. അവളെ തെരുവിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. വാഹനത്തിൽ വെച്ചും റോഡിൽ വെച്ചും മഹ്സയയെ പൊലീസ് മർദിച്ചുവന്ന് കുടുംബം പറഞ്ഞു. അവൾക്ക് ഹൃദയ സംബന്ധമായ യാതൊരു അസുഖങ്ങളുമില്ലെന്നും പൊലീസ് മഹ്സിയയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കുടുംബത്തിന്റെ ആരോപണം.