Latest News

മംഗളൂരു ∙ മലയാളി നഴ്‌സിങ് വിദ്യാർഥിനി മംഗളൂരുവിലെ കോളജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാവിലെ ആത്മഹത്യ ചെയ്തു. ചിറ്റാരിക്കൽ അരിമ്പയിലെ തൂമ്പുങ്കൽ ജാൻസിയുടെ മകൾ നിന സതീഷ് (19) ആണു മരിച്ചത്.

ചൊവ്വാഴ്ച രാവിലെ മുറിയിൽ താമസിക്കുന്ന മറ്റു വിദ്യാർഥികളാണ് വിദ്യാർഥിനിയെ ഹോസ്റ്റൽ ശുചിമുറിയുടെ വെന്റിലേഷനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. അമ്മ ജാൻസി ചെറുപുഴയിലെ കടയിൽ ജോലി ചെയ്താണു മകളെ പഠിപ്പിക്കുന്നതും കുടുംബം പുലർത്തുന്നതും.

സാമ്പത്തിക പ്രയാസം കാരണം നിനയുടെ ഫീസ് അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നു. ഫീസ് അടക്കാൻ കഴിയാത്തതിൽ ഉള്ള മനഃപ്രയാസമാണ് ജീവനൊടുക്കാൻ കാരണമെന്നാണു പൊലീസ് പറയുന്നത്. ഫീസ് വൈകിയതിനു കോളജ് അധികൃതരും അഡ്മിഷൻ ഏജന്റും മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്.

ഫീസ് അടയ്ക്കാൻ സാവകാശം ചോദിച്ചെങ്കിലും അഡ്മിഷൻ ഏജന്റ് അനുവദിച്ചില്ലെന്ന് വിദ്യാർഥിനിയുടെ അമ്മ പറഞ്ഞു. അലീന, ആൽഫ്രഡ് എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ഇന്നു 10.30ന് ആയന്നൂർ സെന്റ് ജോർജ് പള്ളിയിൽ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

ന്യൂഡൽഹി: ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ്റെ രാജീവ് ഗാന്ധി എക്സലൻസ് അവാർഡ് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് സമ്മാനിച്ചു.ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് രാജീവ് ജോസഫ് അവാർഡ് സമ്മാനിച്ചു.

നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ദേശിയ ന്യൂനപക്ഷ സമിതി അദ്ധ്യക്ഷ്യൻ,യു.ആർ.എഫ് വേൾഡ് റിക്കോർഡ്സ് ജൂറി,കേരള യുവജനക്ഷേമ ബോർഡ് യൂത്ത് അവാർഡീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി,ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ, സൗഹൃദ വേദി പ്രസിഡൻ്റ്, ജനകീയ സമിതി സംസ്ഥാന കോർഡിനേറ്റർ തുടങ്ങി വിവിധ സംഘടനകളുടെ ചുമതലകളും വഹിക്കുന്നു.

കഴിഞ്ഞ രണ്ടര ദശാംബ്ദമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ യൂത്ത് അവാർഡുകൾ, മദർ തെരേസ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ പീസ് അവാർഡ്, പലസ്തീൻ ആസ്ഥാനമായുള്ള എരാദാ ഇൻറർനാഷണൽ അക്കാഡമി ഏർപ്പെടുത്തിയ ഹ്യൂമാനിറ്റേറിയൻ ലീഡർഷിപ്പ് ഫെലോഷിപ്പ്,ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ടീയ സമാജ് സേവാ രത്ന പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.

സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ,ദാനിയേൽ എന്നിവർ മക്കളുമാണ്.

ക്വാറന്റീനിലിരിക്കെ അനുമതിയില്ലാതെ (മൂവിങ് പെർമിറ്റ്) പുറത്തുപോയ മലയാളിക്ക് 50,000 ദിർഹം (10 ലക്ഷം രൂപ) പിഴ. അബുദാബിയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് ലക്ഷങ്ങൾ പിഴ ലഭിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ സ്മാർട് വച്ച് ധരിച്ച് ഹോം ക്വാറന്റീനിൽ ആയിരുന്നു. 4, 8 ദിവസങ്ങളിൽ വീട്ടിലെത്തി പിസിആർ ടെസ്റ്റ് എടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.

തുടർന്ന് ഒൻപതാം ദിവസം പിസിആർ ടെസ്റ്റ് എടുക്കാൻ പുറത്തുപോയതാണ് വിനയായത്. ഇതേസമയം ആരോഗ്യ വിഭാഗത്തിൽ നിന്ന് അനുമതി ലഭിച്ചതനുസരിച്ചാണു പോയതെന്ന് ഇദ്ദേഹം പറയുന്നു. തുടർന്ന് മഫ്റഖ് ആശുപത്രി, ഡ്രൈവ് ത്രൂ, മിനാ പോർട്ട് അസസ്മെന്റ് സെന്റർ എന്നിവിടങ്ങളിൽ എത്തിയെങ്കിലും അവിടെ പിസിആർ ടെസ്റ്റ് എടുക്കാനാവില്ലെന്ന് അറിയിച്ചതോടെ വീട്ടിൽ തിരിച്ചെത്തിയെന്ന് ഇദ്ദേഹം പറഞ്ഞു.

ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി ട്രാക്കർ അഴിച്ചതിനുശേഷം 2 ദിവസങ്ങളിൽ നടത്തിയ 2 പിസിആർ ടെസ്റ്റുകളിലും നെഗറ്റീവായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം എസ്എംഎസ് സന്ദേശം വന്നപ്പോഴാണ് വൻതുക പിഴ ഒടുക്കിയ വിവരം അറിയുന്നത്.

യുഎഇയിലെ നിയമം അനുസരിച്ച് ക്വാറന്റീൻ കാലയളവിൽ (ഇപ്പോൾ 10 ദിവസം) പരിധി വിട്ട് പുറത്തുപോകാൻ പാടില്ല. അടിയന്തര ഘട്ടങ്ങളിൽ പുറത്തുപോകാൻ ആരോഗ്യ വിഭാഗത്തിൽ നിന്ന് മൂവിങ് പെർമിറ്റ് എടുക്കണം. നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹമാണ് പിഴ.

ക്വാറന്റീൻ സ്ഥലത്തുനിന്ന് പുറപ്പെടുന്ന സമയം മുതൽ തിരിച്ചെത്തുന്ന സമയം വരെ കണക്കാക്കി അത്രയും നേരത്തേക്കാണ് മൂവിങ് പെർമിറ്റ് എടുക്കേണ്ടത്. അനുമതി കംപ്യൂട്ടർ ഫയലിൽ രേഖപ്പെടുത്തി എന്ന് ഉറപ്പാക്കണം. അടിയന്തര ഘട്ടത്തിൽ ആശുപത്രിയിലേക്കു പോകേണ്ടിവന്നാൽ വീട്ടിൽനിന്ന് ഇറങ്ങിയ സമയം മുതൽ മൂവിങ് പെർമിറ്റിൽ രേഖപ്പെടുത്താൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടണം.

സമരം ചെയ്യുന്ന കർഷകരുടെ പിന്നിലൂടെ എത്തി അവരുടെ ശരീരത്തിലൂടെ വണ്ടി അതിവേഗം ഓടിച്ച് കയറ്റുന്ന വിഡിയോയുടെ പൂർണരൂപം പുറത്തുവിട്ട് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ്. 46 സെക്കൻഡുകളുള്ള വിഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഇതിൽ വാഹനം സമാധാനമായി പ്രതിഷേധിച്ച് മുന്നോട്ടുപോകുന്ന കർഷകരുടെ പിന്നിലൂടെ പാഞ്ഞ് കയറുകയാണ്.നിലത്ത് വീണവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങി പോയ വാഹനം അൽപം മുന്നോട്ടുപോയി നിൽക്കുന്നതും കാണാം. പ്രതിഷേധക്കാർ ചിതറി ഓടുന്നതും വിഡിയോയിൽ കാണാം. അൽപം കഴിഞ്ഞ് വടികളുമായി വാഹനത്തിന് സമീപത്തേക്ക് കർഷകർ വരുന്നുണ്ട്.

വൻപ്രതിഷേധമാണ് രാജ്യത്ത് ഇതിനെതിരെ ഉയരുന്നത്. കോൺഗ്രസ് സംസ്ഥാന–ദേശീയ നേതൃത്വങ്ങൾ വിഷയത്തിൽ സജീവമായി ഇടപെടുകയാണ്. പ്രിയങ്കയും രാഹുലും കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ യാത്ര പുറപ്പെട്ടു കഴിഞ്ഞു.
യോഗി സര്‍ക്കാരിന്റെ വിലക്കുകള്‍ മറികടന്ന് ലഖിംപുരിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച യാത്രയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്

ലഖ്നൗ വിമാനത്താവളത്തില്‍ എത്തിയ രാഹുലിനോട് പൊലീസ് വാഹനത്തില്‍ ലഖിംപുരിലേക്ക് പോകാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി. വിമാനത്താവളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച രാഹുലിനെ പിന്നീട് സ്വകാര്യവാഹനത്തില്‍ പോകാന്‍ അനുവദിച്ചു. കര്‍ഷകരെ ആക്രമിക്കുന്നതും കുറ്റക്കാരെ സംരക്ഷിക്കുന്നതും ബിജെപി സര്‍ക്കാരുകള്‍ തുടരുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ലഖിംപുര്‍ സംഘര്‍ഷവും കേന്ദ്രമന്ത്രി അജയ് മിശ്രക്കും മകന്‍ ആശിഷ് മിശ്രക്കും എതിരായആരോപണങ്ങളും പരമാവധി ആയുധമാക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിന് പിന്നാലെ ലഖിംപുര്‍ സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനവും ഇതിന്റെ തുടര്‍ച്ചയായിരുന്നു. നിരോധനാജ്ഞയുടെ കാരണം പറഞ്ഞ് യുപി സര്‍ക്കാര്‍ വിലക്കുമെന്നറിഞ്ഞിട്ടും രാഹുല്‍ ഗാന്ധിയും പഞ്ചാബ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരും അടക്കം അഞ്ച് പേരടങ്ങുന്നസംഘം യാത്രാനുമതി തേടി. യുപി പൊലീസ് അനുമതി നിഷേധിച്ചിട്ടും യാത്ര ആരംഭിച്ചു. യാത്രക്ക് മുന്പായി രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി ബിജെപിയുടെ കര്‍ഷക വിരുദ്ധ നിലപാടിനെ വിമര്‍ശിച്ചത്.

വിഡിയോ കാണാം.

ഫൈസൽ നാലകത്ത്

മലയാളിയുടെ പ്രിയ നടൻ മനോജ്‌ കെ ജയൻ ആലപിച്ച ‘മക്ക മദീന മുത്തു നബീ’ എന്ന മാപ്പിളപ്പാട്ട് ജന ഹൃദയങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നു. വലിയ വീട്ടിൽ ക്രിയേഷൻസിന്റെ ബാനറിൽ വി . ഐ പോൾ നിർമ്മിച്ച “മക്കത്തെ ചന്ദ്രിക” എന്ന ആൽബത്തിന് വേണ്ടി മനോജ്‌ കെ ജയൻ പാടിയ മനോഹര ഗാനമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
video link
https://www.youtube.com/watch?v=EmdGW-uz7tw

സർഗ്ഗത്തിലെ കുട്ടൻ തമ്പുരാനായും, അനന്തഭദ്രത്തിലെ ദിഗംഭരനായും, കൂടാതെ ചമയം, വെങ്കലം, പഴശ്ശിരാജ, മധ്യവേനൽ,വെള്ളരിപ്രാവിന്റെ ചങ്ങാതി, അർദ്ധനാരീശ്വരി, കളിയച്ഛൻ, നേരം തുടങ്ങി ഒട്ടനവധി വേഷപ്പകർച്ചകളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ മനോജ്‌.കെ.ജയൻ നേരത്തെ ഹസ്ബീ റബ്ബീ എന്ന വൈറൽ ഗാനം ആലപിച്ച് തന്റെ സർഗ്ഗപ്രതിഭ തെളിയിച്ചിരുന്നു.

ദോഹയിൽ പ്രവാസിയായ ഒട്ടേറെ ഹിറ്റ്‌ ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള അൻഷാദ് തൃശ്ശൂരാണ് “മക്കത്തെ ചന്ദ്രിക” ഒരുക്കി യിട്ടുള്ളത്. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളിലൂടെ സുപരിചിതനായ ഫൈസൽ പൊന്നാനിയുടേതാണ് വരികൾ.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ആൽബം നടൻ സിദ്ധിക്ക്, നടനും സംവിധായകനുമായ രമേഷ് പിഷാരടി തുടങ്ങി നിരവധി പ്രമുഖരാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്.

മോഹൻലാലും മമ്മൂട്ടിയുമടക്കം നിരവധി ആളുകളാണ് ‘മക്ക മദീന മുത്തു നബീ’ എന്ന പാട്ടു കേട്ടു മനോജ്‌ കെ ജയനെ വിളിച്ചു അഭിനന്ദിച്ചത്. മക്കത്തെ ചന്ദ്രിക എന്ന ഈ ആൽബം മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു മാപ്പിളപാട്ട് ആൽബം ആയിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

കൊല്ലം ആലപ്പാട് അഴീക്കലിനു തെക്കുപടിഞ്ഞാറ് കടലില്‍ മീന്‍പിടിത്തവലയില്‍ തിമിംഗലം കുടുങ്ങി. ആലപ്പാട്ട് നിന്ന് മീന്‍പിടിത്തത്തിനുപോയ ഓംകാരം ലൈലാന്‍ഡ് വള്ളത്തിന്റെ വലയിലാണ് തിമിംഗിലം ഇടിച്ചുകയറിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. 40 തൊഴിലാളികളുമായി പോയ വള്ളം കരയില്‍നിന്ന് എട്ട് നോട്ടിക്കല്‍ മൈലോളം അകലെ വെള്ളത്തില്‍ വലയിട്ടിരിക്കുകയായിരുന്നു. 71 അടി നീളമുള്ളതാണ് വള്ളം.

ഇതിനിടെയാണ് അമ്പതടിയോളം വരുന്ന തിമിംഗിലം വരുന്നതായി കണ്ടത്. ഇതോടെ വള്ളക്കാര്‍ അടുത്ത ചെറുവള്ളക്കാരുമായി ചേര്‍ന്ന് വടികൊണ്ട് വള്ളത്തിലും കടലിലും അടിച്ച് ശബ്ദമുണ്ടാക്കി തിമിംഗിലത്തെ തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ വലയിലേക്ക് തിമിംഗിലം ഇടിച്ചുകയറി. പരിഭ്രാന്തരായ മത്സ്യത്തൊഴിലാളികള്‍ തിമിംഗലത്തെ വലയില്‍ നിന്നും ഒഴിവാക്കാന്‍ ഏറെ പണിപ്പെട്ടു.

മൂന്നുമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തിമിംഗിലത്തിന് കടലിലേക്ക് കടക്കാനായത്. വല തകര്‍ത്താണ് തിമിംഗിലം രക്ഷപ്പെട്ടത്. ഇതോടെ വലയിലുണ്ടായിരുന്ന മത്സ്യം മുഴുവനും നഷ്ടപ്പെട്ടു. 25 ലക്ഷത്തോളം വിലവരുന്ന വലയുടെ ഏറിയഭാഗവും നശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

മംഗളുറു: (www.kvartha.com 06.10.2021) നഗരത്തിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന വെടിവെപ്പിൽ തലക്ക് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്ന മകന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വൈഷ്ണവി എക്സ്പ്രസ് കാർഗോ പ്രൈവറ്റ് ലിമിറ്റഡ് ഉടമ രാജേഷ് പ്രഭുവിന്റെ മകൻ സുധീന്ദ്ര പ്രഭു (15) ആണ് മരിച്ചത്. വിവരമറിഞ്ഞ് ഹൃദയാഘാതമുണ്ടായ രാജേഷിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ രക്ഷിതാക്കളും ആശുപത്രി അധികൃതരും തമ്മിൽ ധാരണയായിട്ടുണ്ട്.

തൊഴിലാളിക്ക് നേരെ ഉതിർത്ത വെടിയുണ്ട അബദ്ധത്തിൽ മകൻ സുധീന്ദ്രയുടെ തലക്ക് കൊള്ളുകയായിരുന്നു എന്ന് മംഗളുറു സൗത് പൊലീസ് പറഞ്ഞു. പ്രഭുവിന്റെ സ്ഥാപനത്തിന്റെ ലഗേജ് കൊണ്ടുപോവുന്ന വാഹന ഡ്രൈവർ ചന്ദ്രു, ക്ലീനർ അശ്‌റഫ് എന്നീ ചെറുപ്പക്കാർ അവർക്ക് ലഭിക്കേണ്ട 4000 രൂപ കൂലിക്കായി രണ്ടു ദിവസമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ഇരുവരും എത്തിയപ്പോൾ രാജേഷിന്റെ ഭാര്യയാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. അവർ വിളിച്ചതനുസരിച്ച് തൊട്ടടുത്ത വീട്ടിൽ നിന്ന് മകനോടൊപ്പം എത്തിയ പ്രഭു തന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് രണ്ടു തവണ വെടിവെച്ചതായും ഇതിലൊന്ന് മകന്റെ തലക്കാണ് കൊണ്ടതെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ രാജേഷിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. മകൻ മരിച്ചതിനാൽ കേസിന്റെ വകുപ്പുകൾ മാറ്റും.

2022ൽ ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യയും പുരുഷ, വനിതാ ഹോക്കി ടീമുകൾ പിന്മാറി. ചൊവ്വാഴ്ച ഹോക്കി ഇന്ത്യയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്.

യുകെ സർക്കാരിന്റെ 10 ദിന നിർബന്ധിത ക്വാറന്റീനടക്കമുള്ള മാനദണ്ഡങ്ങൾ കാരണമാണ് ഇന്ത്യൻ ടീം പിന്മാറിയതെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റുകൾക്ക് യുകെ അംഗീകാരം നൽകാത്തത് നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇതോടെയാണ് രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കും 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്ന് യുകെ അറിയിച്ചത്. 2022 ജൂലായിൽ ബർമിങ്ങാമിൽ വെച്ചാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക.

അതേസമയം വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യൻ ടീമിന്റെ പിന്മാറ്റമെന്നും സൂചനയുണ്ട്. ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് 2024ലെ പാരിസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.

ബിജെപി വിട്ട തൃണമൂല്‍ എംഎല്‍എ ആശിഷ് ദാസ് തലമുണ്ഡനം ചെയ്തു. ‘ദുഷ്പ്രവര്‍ത്തികള്‍ക്കുള്ള പ്രായശ്ചിത്തം’ എന്നായിരുന്നു തലമുണ്ഡനം ചെയ്തതിനുള്ള കാരണമെന്ന് ആശിഷ് ദാസ് പറഞ്ഞു. കൊല്‍ക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തില്‍ വെച്ചായിരുന്നു ആശിഷ് ദാസ് തലമുടി വടിച്ചത്.

ഏറെ കാലമായി ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവും സുര്‍മ മണ്ഡലത്തിലെ എംഎല്‍എയുമാണ് ആശിഷ് ദാസ്. ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് രാഷ്ട്രീയ അരാജകത്വമാണ്. സര്‍ക്കാരിന്റെ പ്രകടനത്തില്‍ ജനങ്ങള്‍ വളരെ അധികം അസ്വസ്ഥരാണ്. ഇതുകൊണ്ടൊക്കെയാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നാണ് എംഎല്‍എ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്ജിയെ ആശിഷ് ദാസ് പ്രശംസിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമത എത്തണമെന്നാണ് ആഗ്രഹം എന്ന് പറഞ്ഞു. ആശിഷ് ദാസിന്റെ വാക്കുകള്‍ ഇങ്ങനെ;

‘ബിജെപി സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ പ്രായശ്ചിത്തമായി ഞാന്‍ ഇന്ന് എന്റെ തലമുണ്ഡനം ചെയ്യുകയാണ്. ഞാന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചു, എന്റെ അടുത്ത നടപടി ഉടന്‍ തീരുമാനിക്കും. പക്ഷേ, ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനു കീഴില്‍ അരാജകത്വവും ദുര്‍ഭരണവുമാണ് ത്രിപുരയില്‍ നടക്കുന്നത്. അതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ഈ തെറ്റായ പ്രവര്‍ത്തനങ്ങളുടെ വിമര്‍ശകനായിരുന്നു. ഞാന്‍ പാര്‍ട്ടിക്കും രാഷ്ട്രീയത്തിനും അതീതമായി ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നയാളാണ്’. ആശിഷ് ദാസ് പറഞ്ഞു.

പാന്‍ഡോറ രേഖകള്‍ പുറത്തായതോടെ ലോകമെമ്പാടുമുള്ള പ്രമുഖരുടെ രഹസ്യനിക്ഷേപങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് പുറംലോകമറിഞ്ഞിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ എന്നിവരുള്‍പ്പടെയുള്ള ലോകനേതാക്കള്‍ കൂടാതെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയ ഇന്ത്യക്കാരുടെ പേരുകളും പാന്‍ഡോറ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഈ പ്രമുഖരുടെ എല്ലാവരുടെയും കൂടെ ചേര്‍ത്ത് വായിക്കാവുന്ന മറ്റൊരു പേരാണ് ലണ്ടന്‍. രഹസ്യ സമ്പാദ്യങ്ങള്‍ക്കായി ലോകമെമ്പാടുമുള്ള പ്രമുഖര്‍ നോട്ടമിടുന്ന സ്ഥലങ്ങളില്‍ ഏറ്റവും മതിപ്പുള്ള സ്ഥലമാണ് ലണ്ടന്‍. ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവിനും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനും പാക്കിസ്ഥാനിലെ ചില മന്ത്രിമാര്‍ക്കും വന്‍തോതില്‍ രഹസ്യസമ്പാദ്യങ്ങളുള്ളത് ലണ്ടനിലാണെന്നാണ് പാന്‍ഡോറ രേഖകള്‍ വ്യക്തമാക്കുന്നത്.

2019ല്‍ ഗ്ലോബല്‍ വിറ്റ്‌നസ്സ് എന്ന സംഘടന നടത്തിയ സര്‍വേ് പ്രകാരം ഇംഗ്ലണ്ടിലും വെയില്‍സിലുമായി 87,000 വസ്തുവകകളുടെ ഉടമസ്ഥാവകാശം കടലാസുകമ്പനികളുടെ ഇടപാടുകാര്‍ക്കാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ അജ്ഞാതരായ ഉടമകളുള്ള വസ്തുവകകളില്‍ 40 ശതമാനവും ലണ്ടനിലാണ്.ഇവയ്‌ക്കെല്ലാം കൂടി 10,000 കോടി പൗണ്ടാണ് വിലമതിക്കുന്നത്.

ജോര്‍ദാന്റെ സാമ്പത്തികനില പരുങ്ങലിലാണെന്ന് പറഞ്ഞ് ലോകബാങ്കിനോട് അബ്ദുല്ല രണ്ടാമന്‍ ധനസഹായം ചോദിച്ചതിന് പിന്നാലെയാണ് യുഎസിലും ബ്രിട്ടനിലുമായി 10 കോടി ഡോളറിന്റെ ആഡംബരവസതികള്‍ അദ്ദേഹം സ്വന്തമാക്കിയെന്നതിന്റെ രേഖകള്‍ പുറത്തുവന്നത്. ബ്രിട്ടീഷ് നിയമപ്രകാരം ഇത്തരം ഇടപാടുകള്‍ അനധികൃതമല്ല.

വിദേശനിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ ഇത്തരം ഇടപാടുകള്‍ക്കെതിരെ ബ്രിട്ടീഷ് അധികൃതര്‍ കണ്ണടച്ചിട്ട് കാലങ്ങളായി. എങ്കിലും പാന്‍ഡോറ രേഖകളിലൂടെ ഇത്തരം നിക്ഷേപങ്ങള്‍ ധാരാളമായി പുറത്തുവന്നതിനാല്‍ വെളിപ്പെടുത്തലുകളില്‍ നികുതിവകുപ്പ് അധികൃതര്‍ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനുക് അറിയിച്ചിട്ടുണ്ട്. പുതിയ നിയമ നിര്‍മാണത്തിന് ശുപാര്‍ശ നല്‍കുമെന്നാണ് യൂറോപ്യന്‍ കമ്മിഷന്റെ അറിയിപ്പ്.

RECENT POSTS
Copyright © . All rights reserved