എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ പുഞ്ചിരിയോടെ വരവേൽക്കാൻ ഇനി കണ്ണൂർ സ്വദേശിനി ഗോപിക ഗോവിന്ദും. കേരളത്തിലെ പട്ടികവർഗ വിഭാഗത്തിൽ നിന്നുളള ആദ്യ എയർഹോസ്റ്റസായി ഗോപിക പറയുന്നരുമ്പോൾ ഒപ്പമുണ്ടാവുക ഒരു നാടിന്റെ സ്വപ്നം കൂടിയാണ്. സ്കൂൾ പഠനകാലത്ത് മനസിലേറ്റിയ സ്വപ്നത്തിലേക്ക് പറന്നടുക്കാൻ ഗോപികക്ക് ഇനി മുംബെെയിലെ എയർ ഇന്ത്യയിൽ ഒരു മാസത്തെ പരിശീലനം കൂടി പൂർത്തിയാക്കിയാൽ മതി.
കണ്ണൂർ ആലക്കോട് സ്വദേശിനിയാണ് ഗോപിക ഗോവിന്ദ്. കൂലിപ്പണിക്കാരനായ ഗോവിന്ദന്റെയും ബിജിയുടെയും മകൾ. ആലക്കോട്ടെ കണിയഞ്ചാൽ ഗവ. ഹൈസ്കൂളിൽ എട്ടിൽ പഠിക്കുമ്പോൾ ഗോപിക മനസിലേറ്റിയ സ്പനമാണ് ഈ ജോലി. പട്ടികവർഗ വിഭാഗക്കാർക്ക് അയാട്ട എയർലൈൻസ് കസ്റ്റമർ സർവീസ് കോഴ്‌സ് പഠിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ സഹായത്തോടെയാണ് ഗോപിക തന്റെ സ്വപ്നത്തിലേക്ക് പറന്നുയർന്നത്. വയനാട്ടിലെ ഡ്രീംസ്‌കൈ ഏവിയേഷൻ ട്രെയിനിങ് അക്കാദമിയിലായിരുന്നു പരിശീലനം. കോഴ്‌സ് പൂർത്തിയാകും മുമ്പേയാണ് ജോലി ലഭിച്ചത്.
സ്വപ്‌നം സാക്ഷാത്‌കരിച്ച സർക്കാരിനോട് സന്തോഷം പങ്കുവെക്കാൻ ഗോപിക ചൊവ്വാഴ്‌ച നിയമസഭയിലെത്തി. താനുൾപ്പെടെയുള്ള പിന്നാക്ക വിഭാഗക്കാർക്ക് കോഴ്സിന്റെ ഉയർന്ന ഫീസും മറ്റ് ചെലവുകളുമുൾപ്പെടെ താങ്ങാനായത് സർക്കാരിന്റെ സഹായം കൊണ്ടുമാത്രമാണെന്ന് ഗോപിക പറഞ്ഞു. ഒരുലക്ഷം രൂപയോളമുള്ള ഫീസും സ്റ്റൈപെൻഡും താമസസൗകര്യവുമെല്ലാം സർക്കാർ ഒരുക്കിത്തന്നു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വിദഗ്‌ധ പരിശീലനവും നൽകിയതായും ഗോപിക പറഞ്ഞു.
സർക്കാർ സഹായത്തോടെ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്ന വിദ്യാർത്ഥികൾ ചൊവ്വാഴ്ച നിയമസഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം ബി രാജേഷ്, മന്ത്രി കെ രാധാകൃഷ്‌ണൻ എന്നിവരെ കണ്ടു. വിവിധ ജില്ലക്കാരായ 60 വിദ്യാർഥികളാണ് നിയമസഭ സന്ദർശിച്ചത്. പട്ടികവർഗ വികസന വകുപ്പിന്റെ സ്കോളർഷിപ്പോടെ 160 പേരാണ് കോഴ്സിലുള്ളത്. ആറ് മാസ കോഴ്‌സ് പഠിച്ചിറങ്ങിയ 93 പേർക്കും ഒരു വർഷ കോഴ്‌സ് കഴിഞ്ഞ 11 പേർക്കും വിവിധ എയർലൈനുകളിൽ ജോലി ലഭിച്ചു. മുൻവർഷം പട്ടികജാതി വിഭാഗക്കാരായ 28 കുട്ടികൾക്കും ജോലി ലഭിച്ചിരുന്നു.
ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
യുകെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന യോര്‍ക്ഷയറിലെ കീത്തിലിയില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക് വുഡ് റൈസിലെ ബെന്റ്‌ലി കോര്‍ട്ട് ഫ്‌ലാറ്റ് സമുച്ചയത്തില്‍ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയില്‍ താമസിക്കുന്ന മലയാളി ഫാമിലിയുടെ ഫ്‌ലാറ്റില്‍ തീപിടുത്തമുണ്ടായത്. തീ പിടിക്കുന്ന സമയത്ത് വീട്ടുടമസ്ഥര്‍ പുറത്തായതു കൊണ്ട് വലിയൊരപകടം ഒഴിവായി. തീ പിടിച്ചപ്പോള്‍ തന്നെ അലാറം മുഴങ്ങിയതനുസരിച്ച് കീത്തിലിയിലെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുകയായിരുന്നു. നാല് ഫയര്‍ എന്‍ഞ്ചിനുകളിലായി സേനാംഗങ്ങളെത്തി ആളൊഴിഞ്ഞ ഫ്‌ലാറ്റിന്റെ വാതില്‍ കുത്തിതുറന്ന് തീയണയ്ക്കുകയായിരുന്നു. വീട്ട് ഉടമസ്ഥര്‍ പുറത്ത് പോകുന്നതിന് മുമ്പ് പ്രാര്‍ത്ഥിച്ച് രൂപത്തിന്റെ മുന്നില്‍ കത്തിച്ചു വെച്ചിരുന്ന മെഴുകുതിരിയില്‍ നിന്നാണ് തീ പടര്‍ന്ന് കയറിയതെന്നാണ് പ്രാഥമിക നിഗമനം. ലിവിംഗ് റൂം ഏരിയയുടെ ഭാഗം എതാണ്ട് കത്തിനശിച്ചിട്ടുണ്ട്. ഫ്‌ലാറ്റ് നിറയെ പുക കൊണ്ട് നിറഞ്ഞിരുന്നു. ഫ്രിഡ്ജിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറോളം അഗ്‌നി സേനാംഗങ്ങള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. വലിയ വാട്ടര്‍ ജെറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തീയണച്ചത്.
യുകെ മലയാളികള്‍ തിരിച്ചറിയേണ്ടത് ഇതാണ്.
ഭക്തിയാകാം..
അമിതഭക്തി അപകടമാണ്.
പ്രാര്‍ത്ഥിച്ചിട്ട് വീട്ടില്‍ നിന്ന് യാത്ര തുടങ്ങുന്നത് അനുഗ്രഹമാണ്.
പക്ഷേ, ഇലക്ട്രിക് ഉപകരണങ്ങള്‍, ഗ്യാസ്, തീയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഇതെല്ലാം പ്രവര്‍ത്തനസജ്ജമാക്കി യാത്ര തുടങ്ങുന്നത് വലിയ ആപത്താണ്. എല്ലാം ഓഫാക്കിയിട്ട് വേണം വീട് വിട്ടിറങ്ങാന്‍.
തീ പിടിക്കാന്‍ ഏറ്റവും അധികം സാധ്യതയുള്ള വസ്തുക്കള്‍ കൊണ്ടാണ് യുകെയിലെ വീട് നിര്‍മ്മാണം നടത്തിയിരിക്കുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഭക്തിയാകാം. അമിതഭക്കി നിര്‍ഭാഗ്യവശാല്‍ ജീവനെടുത്തേക്കാം.
എല്ലാക്കാലത്തും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു ഡയാന രാജകുമാരിയുടെത്. എന്തിനേറെ പറയുന്നു ഡയാനയുടെ സ്വകാര്യ ജീവിതം പോലും പാപ്പരാസികൾ വെറുതെ വിട്ടില്ല. ഇപ്പോൾ ഡയാനയെക്കുറിച്ച് പുറത്തു വരുന്ന ഒരു വാർത്ത അവർ പത്തു വർഷത്തോളം അവരെ പിന്തുടർന്ന ഒരു രോഗത്തെക്കുറിച്ചാണ്. ബുളീമിയ എന്ന ഈറ്റിംഗ് ഡിസോർഡർ ആണ് അവർക്ക് ഉണ്ടായിരുന്നത്. ഈ രോഗത്തെക്കുറിച്ച് ഡയാന തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു.
19 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഡയാനയ്ക്ക് ഈ രോഗം സ്ഥിരീകരിച്ചത്. വയറുനിറയെ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ വല്ലാത്ത കുറ്റബോധം ഉണ്ടാകും. പിന്നീട് എങ്ങനെയെങ്കിലും ഉള്ളിൽ ചെന്ന ഭക്ഷണം ശർദ്ദിച്ചു കളയുക എന്നതാണ് പ്രധാന ചിന്ത. ഈ രോഗമുള്ളവരുടെ ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുകയില്ല. എപ്പോഴും ഒരേ പോലെ ആയിരിക്കും. ആഹാരം കഴിക്കുന്നതിലുള്ള ക്രമക്കേടുകൾ ആണ് മിക്കപ്പോഴും ഈ അസുഖത്തിലേക്ക് നയിക്കുന്നത്. സ്വയം വെറുപ്പ് തോന്നുന്നതും ഈ രോഗത്തിന് പ്രത്യേകതയാണ്.
ഗൗരവതരമായ ഒരു ഈറ്റിംഗ് ഡിസോഡർ ആണ് ബുളീമിയ. ഈ രോഗമുള്ളവർ ഒരു ദിവസം അഞ്ചോ ആറോ തവണ ഭക്ഷണം കഴിക്കും. പിന്നീട് അത്രയും ഭക്ഷണം കഴിച്ചല്ലോ എന്ന കുറ്റബോധം ഇവരെ വേട്ടയാടും. ഇതോടെ കഴിച്ച ഭക്ഷണം മുഴുവൻ ഇവർ സ്വയം ശർദ്ദിച്ചു കളയും. എന്തുകൊണ്ടാണ് ഈ രോഗം വരുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ കാരണങ്ങളൊന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ഈ അസുഖമുള്ളവർ പൊതുവായി പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്.
ഇവർക്ക് എല്ലായിപ്പോഴും ശരീര ഭാരത്തെയും ആകാര വടിവിനെയും കുറിച്ച് വലിയ ആശങ്കയാണ് ഉള്ളത്. ശരീരത്തിന്റെ ഭാരം വർദ്ധിക്കുമോ എന്ന ഭയം എല്ലായിപ്പോഴും ഇവർക്ക് ഉണ്ടായിരിക്കും. ഇത്തരക്കാർ കടുത്ത ഡയറ്റുകളും വ്യായാമ രീതികളും പിന്തുടരും. ശരീരത്തിലെ കലോറി കുറയ്ക്കുന്നതിനാണ് ഇവര്‍ കഴിച്ച ഭക്ഷണം ശർദ്ദിച്ചു കളയുന്നത്.
പ്രശസ്‌ത ഗായിക വൈശാലി ബൽസാരയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ പർദി താലൂക്കിലെ പർ നദിയുടെ തീരത്ത് കാറിൽ മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഏറെ നേരം കാർ പുഴയോരത്ത് സംശയാസ്‌പദമായ രീതിയിൽ കിടക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയാലാണ് കാറിന്‍റെ പുറകുവശത്തെ ഫൂട്ട് റാക്കിൽ മൃതദേഹം കണ്ടെത്തിയത്.
മരണം കൊലപതാകാമെന്ന് പോലീസ്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ശനിയാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിയ വൈശാലി വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ഭർത്താവ് ഹരേഷ് മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
ഇതിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹരേഷ് ബൽസാര വൈശാലിയെ കാണാനില്ലെന്ന് വൽസാദ് സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് അടുത്ത ദിവസം വൽസാദിലെ പാർഡിയിലെ നദിയുടെ തീരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ വൈശാലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണത്തെക്കുറിച്ച് പോലീസിന് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. വൈശാലിയുടെ കൊലപാതകം അന്വേഷിക്കാൻ പോലീസ് എട്ട് സംഘങ്ങളെ രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്. 2021 ഡിസംബർ 31-ന് നടന്ന പാർട്ടിക്കിടെ പോലീസ് വൈശാലിയുടെ വീട് റെയ്ഡ് ചെയ്യുകയും സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച നിലയിൽ ഗായികയെ പിടികൂടുകയും ചെയ്തിരുന്നു.
ഹരേഷിന്റെ രണ്ടാം ഭാര്യയാണ് വൈശാലി. 2011-ലാണ് വൈശാലി ഹരേഷുമായി വിവാഹിതയായത്. ഇരുവർക്കും ഒരു മകളുണ്ട്. അതേ സമയം ഹരേഷ് ബൽസാരയ്ക്ക് ആദ്യ ഭാര്യയിൽ നിന്ന് ഒരു മകളും ഉണ്ടായിരുന്നു. രണ്ട് പെൺമക്കൾക്കും മാതാപിതാക്കൾക്കുമൊപ്പമാണ് ഹരേഷും വൈശാലിയും താമസിച്ചിരുന്നത്.
ഭർത്താവിനൊപ്പം ഗുജറാത്തിലും സമീപ നഗരങ്ങളിലും വൈശാലി ഷോകൾ ചെയ്യാറുണ്ടായിരുന്നു. വൽസദിൽ നിന്ന് 12 കിലോമീറ്റർ അകലെ പാർ നദിക്കരയിൽ കാറിന്റെ പിൻസീറ്റിൽ മരിച്ച നിലയിൽ വൈശാലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ശനിയാഴ്‌ച രാത്രി രണ്ട് മണിയോടെ വൈശാലി വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായി ഹിതേഷ് ബൽസാര പൊലീസിൽ പരാതി നൽകിയിരുന്നു.
ലോകത്ത് ഈ വർഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റ് കിഴക്കന്‍ ചൈനാ കടലിൽ ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ട്. ഇത് ജപ്പാനെയും ചൈനയേയും ഫിലിപ്പീന്‍സിനേയും സാരമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഹിന്നനോര്‍ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന് മണിക്കൂറില്‍ 257 കിലോമീറ്റര്‍ മുതല്‍ 314 കിലോമീറ്റര്‍ (160 മൈല്‍ മുതല്‍ 195 മൈല്‍ വരെ) വേഗം കൈവരിക്കാന്‍ സാധിക്കും. ചൈനയുടെ കിഴക്കൻ തീരങ്ങൾ, ജപ്പാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളെ ചുഴലിക്കാറ്റ് സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.
യു.എസ്.എയുടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാൻ കാലാവസ്ഥാ വിഭാഗവും ചേർന്നാണ് ഹിന്നനോർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 15 മീറ്ററിലേറെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
നിലവിൽ ജപ്പാനിലെ ഒകിനാവയിൽ നിന്ന് 230 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതെന്ന് ജപ്പാൻ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇത് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കുമെന്നാണ് കരുതുന്നതെന്ന് മുന്നറിയിപ്പ് വിഭാഗം അറിയിച്ചു.
അതേസമയം അറ്റ്ലാന്റിക്ക് സമുദ്രത്തിലെ സ്ഥിതി വളരെ ശാന്തമാണണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 25 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഓഗസ്റ്റിൽ കൊടുങ്കാറ്റ് ഇല്ലാത്ത സാഹചര്യം ഉണ്ടാകുന്നത്. വരും ദിവസങ്ങളിൽ കാറ്റ് ശക്തി കുറഞ്ഞ് ക്ഷയിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
പാലക്കാട്ടെ ഹണിട്രാപ്പ് കേസില്‍ അറസ്റ്റിലായ ദമ്പതിമാര്‍ക്ക് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി ആരാധകര്‍. ഫിനിക്‌സ് കപ്പിള്‍ എന്ന പേരിലാണ് കൊല്ലം സ്വദേശി ദേവു(24) ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍ദീപ്(29) എന്നിവര്‍ സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഇവര്‍ക്ക് അറുപതിനായിരത്തിലേറെ ഫോളോവേഴ്‌സുണ്ട്. യൂട്യൂബില്‍ നാലായിരത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും. ദമ്പതിമാര്‍ ഹണിട്രാപ്പ് കേസില്‍ പിടിയിലായെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപേരാണ് ഇവരുടെ പോസ്റ്റുകളില്‍ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് ദമ്പതിമാരടക്കം ആറുപേരെ ഹണിട്രാപ്പ് കേസില്‍ പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി സ്വര്‍ണവും പണവും കാറും ഉള്‍പ്പെടെ തട്ടിയെടുത്തെന്നാണ് കേസ്. ദമ്പതിമാര്‍ക്ക് പുറമേ കോട്ടയം പാലാ സ്വദേശി ശരത്(24) ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത്(20) വിനയ്(24) ജിഷ്ണു(20) എന്നിവരാണ് കേസില്‍ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ കാലടിയില്‍ ലോഡ്ജില്‍നിന്നാണ് ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
പാലാ സ്വദേശിയായ ശരത്താണ് ഹണിട്രാപ്പിന്റെ മുഖ്യ സൂത്രധാരനെന്നാണ് പോലീസ് പറയുന്നത്. സാമൂഹികമാധ്യമത്തില്‍ സ്ത്രീയുടെ പേരില്‍ വ്യാജ ഐ.ഡി. നിര്‍മിച്ച ഇയാള്‍ രണ്ടാഴ്ച മുമ്പാണ് ഇരിങ്ങാലക്കുടയിലെ വ്യവസായിയെ പരിചയപ്പെട്ടത്. നിരന്തരം സന്ദേശങ്ങള്‍ അയച്ച് പരിചയം സ്ഥാപിച്ച ഇയാള്‍ താന്‍ പാലക്കാട് സ്വദേശിനിയാണെന്നും ഭര്‍ത്താവ് ഗള്‍ഫിലാണെന്നും വീട്ടില്‍ അമ്മ മാത്രമേയുള്ളൂവെന്നും പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്‍ ഫോണ്‍ ചെയ്ത തുടങ്ങിയതോടെയാണ് ശരത് ദേവുവിന്റെയും ഗോകുലിന്റെയും സഹായം തേടിയത്. പിന്നീട് ദേവുവാണ് പരാതിക്കാരനുമായി സംസാരിച്ച് അടുപ്പം തുടര്‍ന്നത്. തുടര്‍ന്ന് സംഘം നേരത്തെ ആസൂത്രണം ചെയ്തത് പ്രകാരം വ്യവസായിയെ പാലക്കാട്ടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പാലക്കാട് വന്നാല്‍ നേരിട്ട് കാണാമെന്നാണ് പരാതിക്കാരനോട് പറഞ്ഞിരുന്നത്. ഇതനുസരിച്ച് വ്യവസായി ഓഗസ്റ്റ് 28-ാം തീയതി പാലക്കാട് എത്തി. ആദ്യം ഒലവക്കോട്ട് വെച്ച് ഇയാളെ കണ്ട ദേവു, പിന്നീട് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് യാക്കരയിലെ വാടക വീട്ടിലെത്തിച്ചു. പരാതിക്കാരനും യുവതിയും ഇവിടെ എത്തിയതിന് പിന്നാലെ തട്ടിപ്പുസംഘത്തിലെ യുവാക്കള്‍ വീട്ടിലേക്ക് ഇരച്ചെത്തുകയായിരുന്നു. ബന്ധുക്കളാണെന്ന് പറഞ്ഞ് യുവതിയെ മര്‍ദിക്കുന്നതായി അഭിനയിച്ച യുവാക്കള്‍, സംഭവം ഒതുക്കിതീര്‍ക്കാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ടു.
തുടര്‍ന്ന് വ്യവസായിയുടെ കൈയിലുണ്ടായിരുന്ന സ്വര്‍ണമാല, മൊബൈല്‍ഫോണ്‍, പണം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, കാര്‍ എന്നിവ തട്ടിയെടുത്തു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ പരാതിക്കാരനെ കൈയും കാലും കെട്ടിയിട്ട് കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. യാത്രയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് കാറില്‍നിന്ന് പുറത്തിറങ്ങിയാണ് വ്യവസായി ഒടുവില്‍ രക്ഷപ്പെട്ടത്.
എന്നാല്‍ ഇതിനുശേഷവും വ്യവസായിയെ വിടാന്‍ തട്ടിപ്പുസംഘം തയ്യാറായില്ല. ഇയാളുടെ ഭാര്യയുടെ വീട്ടിലേക്ക് വിളിച്ച് വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെയാണ് വ്യവസായി പോലീസില്‍ പരാതി നല്‍കിയത്. ഹണിട്രാപ്പ് തട്ടിപ്പിനായി പാലക്കാട് യാക്കരയിലെ വീട് സംഘം വാടകയ്‌ക്കെടുത്തതാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഓണ്‍ലൈന്‍ വഴി ശരത്താണ് യാക്കരയിലെ വീട് വാടകയ്‌ക്കെടുത്തിരുന്നത്. മുപ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി 11 മാസത്തേക്കായിരുന്നു കരാര്‍ എഴുതിയിരുന്നത്.
സ്ത്രീകളുടെ പേരില്‍ വ്യാജ ഐ.ഡി.കളുണ്ടാക്കി ശരത്താണ് തട്ടിപ്പിന് തുടക്കമിടുന്നത്. കെണിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നവര്‍ക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ച് പരിചയം സ്ഥാപിക്കുകയാണ് രീതി. ഇരിങ്ങാലക്കുടയിലെ വ്യവസായി ഈ കെണിയില്‍ വീണതോടെയാണ് ഇയാള്‍ ദേവുവിന്റെ സഹായം തേടിയത്. ഇതിനായി നല്ലൊരു തുകയും ദമ്പതിമാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ദേവുവാണ് തട്ടിപ്പ് മുന്നോട്ടുകൊണ്ടുപോയത്. ഫോണില്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചും യുവതി വ്യവസായിയെ വരുതിയിലാക്കി. ഭര്‍ത്താവ് ഗള്‍ഫിലാണെന്നും നേരില്‍കാണാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചതോടെ പരാതിക്കാരന്‍ കെണിയില്‍ വീഴുകയായിരുന്നു.
ഇന്‍സ്റ്റഗ്രാം റീല്‍സിലെ താരങ്ങള്‍ തട്ടിപ്പ് കേസിലും പീഡനക്കേസിലുമെല്ലാം പിടിയിലായ സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ‘മീശക്കാരന്‍’ എന്നപേരിലറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശി വിനീത് പീഡനക്കേസില്‍ പിടിയിലായത്. നിരവധി ആരാധികമാരുണ്ടായിരുന്ന യുവാവ് പീഡനക്കേസില്‍ പിടിയിലായത് സാമൂഹികമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് റീല്‍സില്‍ വൈറലായ ദമ്പതിമാരും ഹണിട്രാപ്പ് കേസില്‍ പിടിയിലായിരിക്കുന്നത്.
ഒരുവര്‍ഷം മുമ്പാണ് കൊല്ലം സ്വദേശിയായ ദേവുവും കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപും വിവാഹതിരായത്. വീട്ടമ്മയാണെന്നും നേരത്തെ ഏവിയേഷന്‍ കോഴ്‌സ് പഠിച്ചിട്ടുണ്ടെന്നുമാണ് ദേവു സാമൂഹികമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലും നാല് കോളേജുകളിലും ജോലിചെയ്തിട്ടുണ്ടെന്നും നിലവില്‍ എം.ബി.എയ്ക്ക് പഠിക്കുകയാണെന്നും യുവതി പറഞ്ഞിരുന്നു. പലവിധ ജോലികള്‍ ചെയ്തശേഷം ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസാണെന്നാണ് ഗോകുല്‍ അവകാശപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ കണ്ണൂരില്‍നിന്ന് കൊച്ചിയില്‍ എത്തി താമസമാക്കിയതാണെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും വിവാഹശേഷം ജീവിതം അടിപൊളിയാണെന്നുമാണ് ദേവു മറ്റൊരു വീഡിയോയില്‍ പ്രേക്ഷകരോട് പറഞ്ഞിരുന്നത്. 23-ാം വയസ്സിലായിരുന്നു തന്റെ വിവാഹം. സ്വന്തമായി ജോലിയുണ്ടായിട്ട് കല്യാണം കഴിക്കുന്നതാകും നല്ലത്. ഇവനെപ്പോലെ ഒരു ഭര്‍ത്താവിനെ കിട്ടിയതിനാല്‍ എന്റെ കാര്യം ഓക്കെയാണ്. ആളുടെ വരുമാനം എന്റെ അക്കൗണ്ടിലാണ് വരുന്നത്. എന്റെ ആവശ്യത്തിന് ഉപയോഗിക്കാം. പക്ഷേ, എല്ലാവരുടെയും കാര്യം അങ്ങനെയാവില്ല. എംബിഎ ചെയ്തുകൊണ്ടിരിക്കുകയാണ്. കാനഡയില്‍ പോയി എംബിഎ ചെയ്യണമെന്നായിരുന്നു ആഗ്രഹം. ചേട്ടന് താത്പര്യമില്ലാത്തതിനാല്‍ അത് നടന്നില്ലെന്നും എന്നാലും വിവാഹശേഷം ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു.
സോണിയ ഗാന്ധിയുടെ അമ്മ പാവോളോ മയ്‌നോ അന്തരിച്ചു. ഇറ്റലിയിലെ വസതിയില്‍ ഓഗസ്റ്റ് 27നായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച നടന്നു. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശാണ് സോണിയയുടെ അമ്മയുടെ മരണവാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ചികിത്സക്ക് വേണ്ടി വിദേശത്തുള്ള സോണിയ ഗാന്ധി, രോഗബാധിതയായ അമ്മയെ സന്ദര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്കൊപ്പം വിദേശത്താണ്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ദേവി ചന്ദന. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അവര്‍. തന്റെ അച്ഛനോട് ദേഷ്യം തോന്നാനിടയായ ഒരു സംഭവമാണ് ദേവി പങ്കുവെച്ചിരിക്കുന്നത്.
അമ്മ അസോസിയേഷന്റെ പരിപാടിയുടെ റിഹേഴ്സല്‍ നടക്കുകയാണ്. എനിക്കൊപ്പം വന്നത് അച്ഛനാണ്. റിഹേഴ്സല്‍ നടന്നുകൊണ്ടിരിക്കെ അച്ഛന്‍ എന്നോട് പറഞ്ഞു, അത്യാവശ്യമായി വീട്ടിലേക്ക് ഒന്ന് പോകുകയാണ്.. നിനക്ക് ഇവിടെ കിഷോറിന്റെ അമ്മയും അച്ഛനും വരും എന്ന്.
അതെന്തിനാണ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, കൊച്ചച്ഛന് സുഖമില്ല, ഡോക്ടറെ കാണാന്‍ കൂടെ പോകണം എന്ന് പറഞ്ഞു. അച്ഛന് സഹോദരങ്ങളായി ഏഴ് പേരുണ്ട്. എല്ലാവരും തമ്മില്‍ നല്ല ബന്ധമാണ്. അവര്‍ക്കാര്‍ക്കെങ്കിലും ഒപ്പം പോയാല്‍ പോരെ എന്നൊക്കെ ഞാന്‍ ചിന്തിച്ചു. പക്ഷെ അച്ഛന്‍ പോയി. പ്രോഗ്രാമിന്റെ ദിവസം അമ്മ വന്നു.
അത് കഴിഞ്ഞ് പിറ്റേ ദിവസം എനിക്ക് പ്രസാദേട്ടന്റെ പ്രോഗ്രാമുണ്ട്. എന്നെ അവിടേക്കും കൊണ്ടു പോയി. ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോളാണ് കൊച്ചച്ഛന്‍ മരിച്ചു എന്ന് അറിയുന്നത്. ആ മരണ വിവരം ഞാന്‍ അറിയുമ്പോഴേക്കും നാല് ദിവസമായി. എനിക്ക് അപ്പോള്‍ അച്ഛനോട് ദേഷ്യമാണ് വന്നത്. എന്നോട് എന്തുകൊണ്ട് ഇതൊന്നും പറഞ്ഞില്ല. ഞാന്‍ ഇത്രയും ദിവസം ചിരിച്ച് ഉല്ലസിക്കുകയായിരുന്നില്ലേ.
ഒരുപക്ഷെ എന്നോട് പറഞ്ഞാല്‍ ഞാന്‍ പ്രോഗ്രാം ചെയ്യാതെ ആവുമോ, അത് മൊത്തം ടീമിനെയും ബാധിയ്ക്കുമോ എന്നൊക്കെ അറിയാവുന്നത് കൊണ്ടാവാം അച്ഛന്‍ പറയാതിരുന്നത്. പക്ഷെ എനിക്ക് അപ്പോള്‍ അച്ഛനോട് ദേഷ്യമാണ് തോന്നിയത്.
അപകടത്തിൽപ്പെട്ട് വഴിയോരത്ത് കിടന്ന് യുവാവിന് ദാരുണാന്ത്യം. ഷെഡ്ഡിൻകുന്ന് ടെലിഫോൺ എക്സ്ചേഞ്ചിനുസമീപം ചൊവ്വാഴ്ച രാത്രിയുണ്ടായ ബൈക്ക് അപകടത്തിൽ കാഞ്ഞിരപ്പുഴ ചെമ്പൻകുഴി വീട്ടിൽ അബ്ദുൾ ലത്തീഫിന്റെ മകൻ മുഹമ്മദ് ഷെബീറാണ് മരിച്ചത്. 20 വയസായിരുന്നു. സഹായത്തിനായി ഒരുപാട് പേരോട് കേണപേക്ഷിച്ചും ആരും തിരിഞ്ഞു പോലും നോക്കാൻ തയ്യാറായില്ല.
ഇതാണ് വിലപ്പെട്ട ഒരു ജീവൻ നടുറോഡിൽ പൊലിയാൻ ഇടയാക്കിയത്. വൈകീട്ട് ഏഴുമണിയോടെയാണ് മുഹമ്മദ് ഷെബീർ ഗുരുതരമായി പരിക്കേറ്റനിലയിൽ റോഡിൽ കിടക്കുന്നത് അതുവഴി ബൈക്കിൽ പോവുകയായിരുന്ന ആംബുലൻസ് ഡ്രൈവർ പ്രഭുവാണ് ആദ്യം കണ്ടത്. ഈ സമയം, നല്ല മഴ കൂടിയായിരുന്നു.
അതുവഴി വാഹനങ്ങളിൽ വന്ന പലരോടും സഹായം അഭ്യർഥിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആരും തയ്യാറായില്ല. ഏറെനേരം കഴിഞ്ഞ് കിട്ടിയ ഓട്ടോറിക്ഷയിൽ കയറ്റി ശ്രീകൃഷ്ണപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
മുഹമ്മദ് ഷെബീർ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനമിടിച്ചാണ് അപകടം സംഭവിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അതേസമയം, ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റിട്ടയാള്‍ക്ക് വായയടപ്പിക്കുന്ന മറുപടി നല്‍കി മാളവിക ജയറാം. ജയറാം മക്കളായ മാളവികയ്ക്കും കാളിദാസ് ജയറാമിനും ഒപ്പമുള്ള ചെറുപ്പകാല ചിത്രത്തിനാണ് ഫേക്ക് ഐഡിയില്‍ നിന്നും ഒരാള്‍ മോശമായി കമന്റ് ചെയ്തത്.
മാളവികയെയും കാളിദാസിനെയും പുറത്തിരുത്തി ആനകളിയ്ക്കുന്ന ചിത്രമാണ്
മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മാളവികയുടെയും കാളിദാസിന്റെയും ചെറുപ്പകാലത്തെ ഫോട്ടോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെയായിരുന്നു ഞെരമ്പ് രോഗിയുടെ കമന്റ്.
‘ഇതേ വസ്ത്രത്തില്‍ ചിത്രം റിക്രിയേറ്റ് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്നു’ എന്നായിരുന്നു കമന്റ്.
‘ഒരു കള്ളപ്പേരിന് പിന്നില്‍ ഒളിച്ചിരുന്ന് അസ്വസ്ഥപ്പെടുത്തുന്ന കമന്റുകള്‍ പറയാന്‍ എളുപ്പമാണ്. ഐഡന്റിറ്റി വെളിപ്പെടുത്തി ഇതെന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യപ്പെടുമോ,’എന്നായിരുന്നു മാളവികയുടെ പ്രതികരണം. അശ്ലീല കമന്റിന് ചുട്ട മറുപടി കൊടുത്ത മാളവിക ജയറാമിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍.
അടുത്തിടെ ജയറാമിന്റെ മകള്‍ മാളവികയും സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ‘മായം സെയ്തായ് പൂവെ’ എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് ‘മായം സെയ്തായ് പൂവെ’ പാട്ടിന്റെ സംഗീത സംവിധായകന്‍.