ഫിഷ് കട് ലേറ്റിനക്കാളും രുചിയേറിയ സാൽമൺ ഫിഷ് കേക്കുമായി ബേസിൽ ജോസഫ് , കഴിച്ചു തുടങ്ങിയാൽ പിന്നെ നിർത്താനാവില്ലത്ത ടേസ്റ്റ് ഉള്ള ചിക്കൻ ചുക്കയുമായി ഷെഫ് ജോമോൻ കുര്യാക്കോസ് , ക്രിസ്തുമസിനു മോടികൂട്ടാൻ എളുപ്പമുള്ള ഒരടിപൊളി കാരമൽ പുഡ്ഡിംഗ് റെസിപ്പിയുമായി മിനു നെയ്‌സൺ പള്ളിവാതുക്കൽ , അടിപൊളി ക്രിസ്തുമസ് ഫ്രൂട്ട് കേക്കുമായി സുജിത് തോമസ് ഏവർക്കും ടീം വീക്ക് ഏൻഡ് കുക്കിംങ്തി സീസൺ 2 വിന്റെ തിരുപ്പിറവി ആശംസകൾ
സാൽമൺ ഫിഷ് കേക്ക്
ഫിഷ് കട്ലേറ്റിനക്കാളും രുചിയേറിയ ഫിഷ് കേക്കുമായി ബേസിൽ ജോസഫ്
ചേരുവകൾ
സാൽമൺ ഫിഷ് -400 ഗ്രാം (മുള്ള് കളഞ്ഞത് )
ഉരുളക്കിഴങ്ങ് – 1എണ്ണം
ചുവന്നമുളക് – 1 എണ്ണം
സ്പ്രിങ് ഒനിയൻ – 4 തണ്ട് ചെറുതായി അരിഞ്ഞത്
മല്ലിയില – പകുതി കെട്ട് ചെറുതായി അരിഞ്ഞത്
ബ്രഡ് ക്രമ്ബ്‌സ് – 100 ഗ്രാം
മുട്ട – 1എണ്ണം
വൂസ്‌സ്റ്റർ ഷെയര്‍ സോസ് – 1 ടീസ്പൂൺ
വെളുത്തുള്ളി – 4 അല്ലി പൊടിയായി അരിഞ്ഞത്
ഇഞ്ചി – 1 പീസ് പൊടിയായി അരിഞ്ഞത്
കുരുമുളക് – 2 ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നാരങ്ങ നീര് – ആവശ്യത്തിന്

തയാറാക്കുന്ന വിധം
തിളച്ച വെള്ളത്തിലേക്ക് ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവയിട്ട ശേഷം മീന്‍ കഷണങ്ങള്‍ വേവിക്കുക. വേവിച്ച കഷണങ്ങള്‍ നന്നായി പൊടിച്ചെടുക്കുക . വേവിച്ച ശേഷം ഉടച്ചെടുത്ത ഉരുളക്കിഴങ്ങ്, അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, ചുവന്നമുളക്, സ്പ്രിങ് ഒനിയൻ തണ്ട് , മല്ലിയില, ബ്രഡ്ക്രംസ്, മുട്ട, കുരുമുളകുപൊടി, ഉപ്പ്, വൂസ്‌കര്‍ഷെയര്‍ സോസ് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഇത് ചെറിയ വട്ടത്തില്‍ പരത്തിയെടുത്ത് ഒരു തവ ചൂടാക്കി ചെറു തീയിൽ രണ്ടു സൈഡും അല്പം എണ്ണയിൽ പൊരിച്ചെടുക്കുക. ടാർട്ടാർ സോസിനൊപ്പം വിളമ്പുക
ചിക്കൻ ചുക്കാ
ഇത്തവണ ക്രിസ്മസിന് അപ്പത്തിനൊപ്പം കഴിക്കാൻ പറ്റിയ ഒരു വിഭവം. ചിക്കൻ ചുക്കയുമായി ഷെഫ് ജോമോൻ കുര്യക്കോസ് . കഴിച്ചു തുടങ്ങിയാൽ പിന്നെ നിർത്താനാവില്ല, ഇതിന്റെ രുചി വേറെ ലെവൽ തന്നെ.
ചേരുവകൾ
1 ചിക്കൻ 1 കിലോ (ചെറിയ
കഷണങ്ങൾ)
2 മുളക് പൊടി 1 ടീസ്പൂൺ
3 മഞ്ഞൾപൊടി 1/4 ടീസ്പൂൺ
4 കുരുമുളകു പൊടി 2 ടീസ്പൂൺ
5 ഉപ്പ് 3/4 ടീസ്പൂൺ
ചിക്കനിൽ 2 മുതൽ 5 വരെയുള്ള ചേരുവകൾ ചേർത്ത മാഗ്‌നൈറ്റ് ചെയ്തു മാറ്റി വെക്കുക.
6 സവാള 5_ 6 നീളത്തിൽ അരിഞ്ഞത്
7 ഇഞ്ചി നീളത്തിൽ അരിഞ്ഞത് 2ടേബിൾ സ്പൂൺ
8 വെളുത്തുളളി നീളത്തിലരിഞ്ഞത് 2 ടീസ്പൂൺ
9 പച്ചമുളക് 5 എണ്ണം പിളർന്നത്
10 വലിയ തക്കാളി 1
11 കറിവേപ്പില
12 മല്ലിയില
13 കസ്തൂരി മേത്തി 2ടേബിൾ സ്പൂൺ
14 മഞ്ഞൾപൊടി 1/2 ടീസ്പൂൺ
15 മുളകുപൊടി 1 1/2 ടീസ്പൂൺ
16 മല്ലിപൊടി 1 1/2 ടീസ്പൂൺ
17 ഗരം മസാല 2 ടീസ്പൂൺ
18 കുരുമുളക് പൊടി 2 ടീസ്പൂൺ
19 ഉപ്പ് ആവശ്യത്തിന്
20 എണ്ണ ആവശ്യത്തിന്
21 പെരുംജീരകം , കറുവപട്ട, ഏലക്ക , ഗ്രാംപു

പാചകം ചെയ്യുന്ന വിധം
പിരട്ടി വെച്ചിരിക്കുന്ന ചിക്കൻ മുക്കാല്‍ വേവാക്കി ശാലോ ഫ്രൈ ചെയ്തെടുക്കുക..
അതേ എണ്ണയില്‍ തന്നെ 1ടീസ്പൂൺ പെരുംജീരകവും 2_3വീതം പട്ട ഗ്രാംപു ഏലക്ക എന്നിവയിട്ട ഇഞ്ചിയും വെളുത്തുളളിയും കുറച്ചു കറിവേപ്പിലയുമിട്ട ഒന്നിളക്കിയിട്ട സവാള , പച്ചമുളക് ,ഇവയിട്ട സവാളയുടെ നിറം മാറാന്‍ തുടങ്ങുമ്പോള്‍ 14 to 19 വരെയുള്ളവ ക്രമമനുസരിച്ചിട്ടു വഴറ്റി പച്ച മണം മാറുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന ചിക്കൻ ഇട്ടുകൊടുക്കുക. അതിളക്കി നല്ലവെണ്ണം യോജിപ്പിച്ച് തക്കാളി അരിഞ്ഞത് ഇട്ടിളക്കി ചെറു തീയിൽ അടച്ചു വെച്ചു വേവിക്കുക .ഇടക്കിടക്കു ഇളക്കി കൊടുക്കണം….ഉപ്പാവശ്യമെങ്കില്‍ ചേര്‍ക്കുക . ഇറക്കുന്നതിനു മുന്‍പ് കസ്തൂരി മേത്തി കൈവെള്ളയില്‍ ഇട്ടു ഞെരടി പൊടിച്ച് അതില്‍ വിതറി നല്ലവെണ്ണം ഇളക്കി അടച്ചു 2_3 മിനിട്ട സിം ഫയറിൽ വെച്ചിട്ട മല്ലിയില ചേര്‍ത്ത് തീ ഓഫ് ആക്കുക
ക്രിസ്തുമസിനു മോടികൂട്ടാൻ എളുപ്പമുള്ള ഒരടിപൊളി കാരമൽ പുഡ്ഡിംഗ് റെസിപ്പിയുമായി മിനു നെയ്‌സൺ പള്ളിവാതുക്കൽ
ക്രിസ്തുമസ് സ്പെഷ്യൽ കാരമൽ പുഡ്ഡിംഗ്
ചേരുവകൾ
കാരമലിന്:-
1 . 4 ടീസ്പൂൺ പഞ്ചസാര
2 . 2 ടീസ്പൂൺ വെള്ളം
പുഡ്ഡിംഗ് മിശ്രിതത്തിന്:-
1. 400 ഗ്രാം കണ്ടൻസ്‌ഡ് മിൽക്ക്
2. 6 മുട്ട
3. 1/2 ലിറ്റർ പാൽ
4. 1 ടീസ്പൂൺ വാനില എസ്സൻസ്

കാരമൽ തയ്യാറാക്കുന്ന വിധം :-
ഒരു ചെറിയ പാനിൽ പഞ്ചസാരയും വെള്ളവും ചേർക്കുക. ഇടത്തരം തീയിൽ കാരാമൽ ആമ്പർ കളർ ആയി മാറാൻ തുടങ്ങുന്നത് വരെ ഇളക്കി തീ ഓഫ് ചെയ്യുക,.
പുഡ്ഡിംഗ് മോൾഡിലേക്ക് കാരമൽ വേഗത്തിൽ ഒഴിച്ചു മാറ്റി വയ്ക്കുക.
180 ഡിഗ്രി സെൽഷ്യസിൽ ഓവൻ പ്രീഹീറ്റ് ചെയ്യുക
പുഡ്ഡിംഗ് മിശ്രിതം തയ്യാറാക്കുന്ന വിധം :-
ഒരു ബൗളിൽ, മുട്ടയും വാനില എക്സ്ട്രാക്റ്റും ചേർത്തു ബീറ്റ് ചെയ്യുക.
അതിലേക്കു കണ്ടൻസ്‌ഡ് മിൽക്കും, പാലും ചേർത്തു വീണ്ടും ബീറ്റ് ചെയ്തതിനുശേഷം അരിച്ചെടുക്കുക
പുഡ്ഡിംഗ് മിശ്രിതം തയ്യാറാക്കിയ മോൾഡിലേക്ക് ഒഴിക്കുക.
ഒരു വലിയ ബേക്കിംഗ് ട്രേയിലേക്ക് മോൾഡുകൾ നിരത്തുക, ബേക്കിംഗ് ട്രേയിലേക്ക് തിളച്ച വെള്ളം ഒഴിക്കുക ( മോൾഡുകളുടെ പകുതി വരെ)
അതിനുശേഷം 30 മിനിറ്റ് ബേക്ക് ചെയ്യുക .
കാരമൽ പുഡ്ഡിംഗ് റൂം ടെമ്പറേച്ചർ ആയ ശേഷം ഏകദേശം 2 മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ റഫ്രിജറേറ്ററിൽ തണുപ്പിക്കുക.
ഒരു കത്തി ഉപയോഗിച്ച് ചുറ്റും ഒന്ന് വരഞ്ഞു കൊടുക്കുക. ഒരു പാത്രത്തിലേക്കു കമഴ്ത്തി ഇടുക.
സ്വാദിഷ്ടമായ ക്രിസ്തുമസ് സ്പെഷ്യൽ കാരമൽ പുഡ്ഡിംഗ് ആസ്വദിക്കുക
ക്രിസ്തുമസ് ഫ്രൂട്ട് കേക്ക്
ക്രിസ്തുമസ് എന്നാല്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കേക്കും വൈനുമാണ്. കേക്കും വൈനും ഇല്ലാതെ എന്ത് ക്രിസ്തുമസ് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. ഇതാ രുചികരമായ കേക്ക് റെസിപ്പിയുമായി സുജിത് തോമസ്
പാര്‍ട്ട് 1
മൈദ ഒന്നര കപ്പ്
കറുവ, ഗ്രാമ്പൂ, ഏലക്ക, ജാതിപത്രി ഇവ പൊടിച്ചത് – 2 ടീസ്പൂണ്‍
ചുക്ക് പൊടിച്ചത് 1/4 ടീ സ്പൂണ്‍
സോഡാ പൊടി1/2 ടീ സ്പൂണ്‍
ബേക്കിംങ് പൗഡര്‍- 1 ടീസ്പൂണ്‍
ഉപ്പ്-1/4 ടീ സ്പൂണ്‍
ഇവ എല്ലാം ഒരുമിച്ച് തെള്ളിയെടുത്ത് മാറ്റിവക്കുക.
പാര്‍ട്ട് 2
ടുട്ടി ഫ്രൂട്ടി-1 1/2 കപ്പ്( റം അല്ലെങ്കില്‍ ബ്രാണ്ടിയില്‍ കുതിര്‍ത്തത്)
കശുവണ്ടി- 1/2 കപ്പ് ചെറുതായി ചതച്ചത്. ഇതിലേക്ക് നാല് ടീസ്പൂണ്‍ മൈദ ചേര്‍ത്ത് കോട്ട് ചെയ്ത് മാറ്റിവക്കുക
മുട്ട -3
വെജിറ്റബിള്‍ ഓയില്‍ 3/4 കപ്പ്
1/2 കപ്പ് പഞ്ചസാര 3 ഏലക്കാ ചേര്‍ത്ത് പൊടിച്ചത്
വാനില എസന്‍സ്- 1 ടീസ്പൂണ്‍
പാര്‍ട്ട്3
കാരമൽ സിറപ്പ്- തയ്യാറാക്കുന്ന വിധം
1/2 കപ്പ് പഞ്ചസാര, 3 ടേബിള്‍ സ്പൂണ്‍ വെളളം ചേര്‍ത്ത് ഇടത്തരം ചൂടില്‍ അലിയിക്കുക. ഉരുകി പത വന്ന് ഗോള്‍ഡന്‍ ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ തീ ഓഫ് ചെയ്ത് ഉടനെ 4/3 കപ്പ് തിളച്ച വെള്ളം ഒഴിച്ച് ഇളക്കി തണുക്കാന്‍ വെക്കുക.

കേക്ക് തയ്യാറാക്കുന്ന വിധം
1 മൂന്നു മുട്ട വെള്ളയും മഞ്ഞയുമായി തിരിക്കുക
2. മുട്ട വെള്ള നന്നായി കട്ടിയായി അടിച്ചുമാറ്റി വക്കുക
3 മുട്ടയുടെ മഞ്ഞ നന്നായി അടിക്കുക ഇതിലേക്ക് 3/4 കപ്പ് വെജിറ്റബിള്‍ ഓയില്‍ കൂടി ചേര്‍ത്ത് വീണ്ടും നന്നായി അടിക്കുക
4 ഈ മിശ്രിതത്തിലേക്ക് പൊടിച്ച പഞ്ചസാര, പല തവണയായി ചേര്‍ത്ത് വീണ്ടും അടിച്ച് യോജിപ്പിക്കുക
5 ഈ ചേരുവയിലേക്ക് തയ്യാറാക്കിവച്ചിരിക്കുന്ന കാരവന്‍ സിറപ്പും വാനില എസന്‍സും കൂടി ചേര്‍ത്ത് യോജിപ്പിക്കുക
6 ഇനി പാര്‍ട്ട് ഒന്നിലെ ചേരുവകള്‍ കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക
7 പാര്‍ട്ട് രണ്ടിലെ ചേരുവകള്‍ ചേര്‍ത്ത് നന്നായി ഫോള്‍ഡ് ചെയ്ത് എടുക്കുക
8 മുട്ടയുടെ വെള്ള പതപ്പിച്ചതും കൂടി ചേര്‍ത്ത് സാവധാനം ഫോള്‍ഡ് ചെയ്ത് എടുക്കുക.
9 വെണ്ണ പുരട്ടി തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഈ മിശ്രിതം ഒഴിച്ച് പ്രീഹീറ്റ് ചെയ്ത് ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 45 മുതല്‍ 55 മിനിറ്റ് വരെ ബേക്ക് ചെയ്‌തെടുക്കുക.
ഫ്രൂട്ട്‌സ് റമ്മില്‍ സോക്ക് ചെയ്യാന്‍- 3 ടേബിള്‍സ്പൂണ്‍ ബ്രാണ്ടി അല്ലെങ്കില്‍ റം ടൂട്ടിഫ്രൂട്ടില്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് ചില്ലുഭരണിയില്‍ 2 ആഴ്ചയെങ്കിലും വെച്ച ശേഷം ഉപയോഗിച്ചാല്‍ വളരെ നന്നായിരിക്കും. കേക്ക് ക്രിസ്തുമസിന് രണ്ടു ദിവസം മുന്‍പേ തയ്യാറാക്കി അല്പം ആപ്രിക്കോട്ട് ജാം മുകളില്‍ തേച്ചാല്‍ കേക്കിന് നല്ല മണവും തിളക്കവും ലഭിക്കും.

കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് യാത്രചെയ്ത വളര്‍ത്തുനായയെ വിമാനകമ്പനി അയച്ചത് സൗദിയിലേക്ക്. പൊന്നോമനയെ കിട്ടാതെ വിമാനത്താവളം വിട്ടുപോകില്ലെന്ന് ഉറച്ച കുടുംബത്തിന് സ്വന്തം നായയ്ക്കായി എയര്‍പോര്‍ട്ടില്‍ കാത്തിരിക്കേണ്ടി വന്നത് മൂന്നുദിവസം. സിനിമയെ പോലും വെല്ലുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറാന്‍ ഇടയായ സംഭവം ഇങ്ങനെ..
വളര്‍ത്തുനായയായ ബ്ലൂബെല്ലിനൊപ്പം ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. ബ്രിട്ടീഷ് എയര്‍വേസിലായിരുന്നു യാത്ര. യാത്രാവിമാനത്തില്‍ നായയെ ഒപ്പം കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ ഇതിനായുള്ള മറ്റൊരുവിമാനത്തിലായിരുന്നു ബ്ലൂബെല്ലിനെ കയറ്റിയിരുന്നത്. ലക്ഷ്യസ്ഥാനത്തെത്തിയ കുടുംബത്തിന് അല്പം കഴിഞ്ഞപ്പോള്‍ നായയെ ലഭിച്ചു.
പക്ഷേ കൂട് പരിശോധിച്ചപ്പോഴാണ് അത് ബ്ലൂബെല്‍ അല്ല എന്നറിയുന്നത്. ഇതോടെ ആകെ പ്രശ്‌നമായി. തങ്ങളുടെ എല്ലാമെല്ലാമായ ബ്ലൂബെല്ലിനെ കിട്ടാതെ വിമാനത്താവളം വിട്ടുപോകില്ലെന്ന് കുടുംബം ഉറപ്പിച്ചു പറഞ്ഞു. പരാതിപ്പെട്ടാല്‍ കാര്യങ്ങള്‍ പ്രശ്‌നമാകുമെന്ന് മനസിലാക്കിയ വിമാനക്കമ്പനി നായയെ അന്വേഷിച്ച് കണ്ടെത്തി.
ഒരുമണിക്കൂറിന് ശേഷം ബ്ലൂബെല്‍ സൗദി അറേബ്യയിലാണെന്ന് അറിഞ്ഞു. അവിടെ നിന്നുള്ള നായയുടെ ചിത്രം കുടുംബത്തെ കാണിച്ച് അത് ബ്ലൂബെല്‍ ആണെന്ന് ഉറപ്പിക്കുകയും ചെയ്തു. എങ്ങനെയോ അബദ്ധം പറ്റി മാറി അയച്ചതാണെന്നാണ് കമ്പനിക്കാര്‍ പറയുന്നത്.
നായയെ കിട്ടിയിട്ടേ വിമാനത്താവളം വിടൂ എന്ന് വാശിപിടിച്ച കുടുംബം മൂന്നുദിവസം നായയ്ക്കായി കാത്തിരുന്നു. ഒടുവില്‍ കിട്ടിയപ്പോഴോ ആകെ അവശയായ അവസ്ഥയിലും. ആഹാരവും വ്യായാമവും ഇല്ലാത്തതിനാലാണ് നായ ഇങ്ങനെയായതെന്നും എല്ലാത്തിനും കാരണം വിമാനകമ്പനിയാണെന്നുമാണ് കുടുംബം പറയുന്നത്.
സിക്കിമിൽ വാഹനാപകടത്തിൽ വീരമൃത്യു വരിച്ച 16 സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ സ്വദേശിയായ 26കാരൻ വൈശാഖ് ആണ് വിടപറഞ്ഞത്. വൈശാഖിന്റെ മരണ വിവരം സൈനികവൃത്തങ്ങൾ ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചു. എട്ട് വർഷത്തോളമായി വൈശാഖ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.
അതേസമയം, അപകടത്തിൽ സാരമായി പരിക്കേറ്റ 4 സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വടക്കൻ സിക്കിമിലെ സേമയിൽ സൈനികരുമായി പോയ വാഹനം കൊക്കയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. താങ്ങുവിലേക്കു പോയ 3 സൈനിക വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്.
അടുത്തതവണ വരുമ്പോൾ അച്ഛൻ സമ്മാനം കൊണ്ടുവരാട്ടോ’ ഒന്നാം പിറന്നാളും ഓണാഘോഷവും കഴിഞ്ഞ് മടങ്ങി പോകുമ്പോൾ ഒന്നരവയസുകാരൻ മകനെ ചേർത്ത് പിടിച്ച് മുത്തം നൽകി കൊടുത്ത വാക്കാണ് ഇത്. എന്നാൽ, പ്രതീക്ഷകളെ തകിടം മറിച്ച് തൻവികിനെ അടുത്തേയ്ക്ക് പ്രിയപ്പെട്ട അച്ഛൻ എത്തിയത് ചേതനയറ്റ ശരീരവുമായാണ്. അച്ഛന്റെ വിയോഗം അറിയാതെ അടുത്ത പിറന്നാളിന് സമ്മാനവുമായി എത്തുന്നത് കാത്ത് കളിചിരിയിലാണ് ഈ കുരുന്ന്.
വീട്ടുകാർ കണ്ണീർ വാർക്കുന്നത് എന്തിനെന്ന് പോലും അറിയാതെ കളിക്കുന്ന ഈ കുഞ്ഞിന്റെ മുഖവും നോവ് കാഴ്ചയാവുകയാണ്. പാലക്കാട് മാത്തൂർ സ്വദേശിയായ 26കാരൻ വൈശാഖ് ആണ് സിക്കിമിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. വൈശാഖ് ഉൾപ്പടെ 16 സൈനികരാണ് വീരമൃത്യു വരിച്ചത്. വൈശാഖിന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു മകൻ തൻവിക്കിന്റെ ഒന്നാംപിറന്നാൾ ആഘോഷമാക്കണമെന്നത്.
സുഹൃത്തുക്കളോടും വീട്ടുകാരോടും ഇക്കാര്യം ഫോൺ വിളിക്കുമ്പോൾ ഇടയ്ക്കിടെ പറയുമായിരുന്നു. അങ്ങനെ തന്റെ മകനുള്ള പിറന്നാൾസമ്മാനങ്ങളുമായി ജൂലായ് 24-ന് വൈശാഖ് നാട്ടിലെത്തി. 25-ന് നടന്ന മകന്റെ പിറന്നാളാഘോഷം മധുരംനൽകിയും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സദ്യ നൽകിയും ആഘോഷിച്ചു.
ഈ സന്തോഷങ്ങളെല്ലാം മനസിൽ നിറച്ചാണ് വൈശാഖ് വീണ്ടും മടങ്ങിയത്. ഈ മടക്കം ഒരിക്കലും തിരിച്ചു വരാത്ത മടക്കമായിരുന്നുവെന്ന് വിശ്വസിക്കാൻ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സാധിച്ചിട്ടില്ല. എട്ട് വർഷത്തോളമായി വൈശാഖ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. വടക്കൻ സിക്കിമിലെ സേമയിൽ സൈനികരുമായി പോയ വാഹനം കൊക്കയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്.
താങ്ങുവിലേക്കു പോയ 3 സൈനിക വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി. മലയിടുക്കിലെ ചെരിവിൽ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് സൈനികവൃത്തങ്ങൾ നൽകുന്ന വിവരം.
കാസര്‍ഗോഡ് മുളിയാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച പുല്‍ക്കൂട് നശിപ്പിച്ച സംഭവത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മതസൗഹാര്‍ദം തകര്‍ക്കാനുള്ള മതമൗലികവാദികളുടെ ബോധപൂര്‍വ്വമായ നീക്കത്തെ തടയിടേണ്ടതുണ്ട്.
ഉണ്ണിയേശുവിന്റെ പ്രതിമ ഉള്‍പ്പെടെ നശിപ്പിച്ച പ്രതി മുസ്തഫ അബ്ദുള്ളയ്ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണം. ഇയാളുടെ വാട്‌സാപ്പ് ഡിപി ഐഎസ്‌ഐഎസിന്റെ പതാകയാണെന്ന ആരോപണം ഗൗരവതരമാണ്. അനിസ്ലാമികമായതൊന്നും കേരളത്തില്‍ നടക്കില്ലെന്ന ഭീഷണിയാണ് പുല്‍ക്കൂട് നശിപ്പിക്കലിലൂടെ വ്യക്തമാകുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ഈ സംഭവത്തില്‍ പുലര്‍ത്തുന്ന മൗനം മതമൗലികവാദികള്‍ക്കുള്ള പിന്തുണയാണ്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മുള്ളേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച പുല്‍ക്കൂട് തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുള്ളേരിയ സി എച്ച് സിയില്‍ ജീവനക്കാര്‍ ഒരുക്കിയ പുല്‍കൂട് നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ്. മൂളിയാര്‍ സ്വദേശി മുസ്തഫ അബ്ദുള്ളയാണ് പുല്‍ക്കൂട് നശിപ്പിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രിയില്‍ ക്രിസ്മസ് പുല്‍ക്കൂട് സ്ഥാപിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ നശിപ്പിച്ചത്. കൈയ്യില്‍ പ്ലാസ്റ്റിക് കവറുമായി എത്തിയ ഇയാള്‍ ഉണ്ണിയേശുവിനെയുള്‍പ്പെടെ അതിലിട്ട് പുറത്തുകൊണ്ടുപോയി കളയുകയായിരുന്നു. സംഭവം ചോദ്യം ചെയ്തയാളോട് മുസ്തഫ തട്ടിക്കയറുകയും പരാതി ഉണ്ടെങ്കില്‍ യേശുക്രിസ്തുവിനോട് പറയാനാണ് ഇയാള്‍ വെല്ലുവിളിക്കുന്നത്. ചോദ്യം ചെയ്ത ആളോട് ഇയാള്‍ ഫോണ്‍ നമ്പറും മേല്‍വിലാസവും പറയുന്നതും പുറത്തുവന്ന വീഡിയോയില്‍ ഉണ്ട്.
മുസ്തഫയുടെ നടപടി ശരിയായില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. മതസൗഹാര്‍ദ്ദാന്തരീക്ഷത്തിന് വിള്ളലുണ്ടാക്കുന്ന ഇത്തരം നടപടികള്‍ ആരുടെ ഭാഗത്തുനിന്നായാലും അപലപിക്കണമെന്ന ആവശ്യം ശക്തമാണ്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തി. ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയ ശേഷമാണ് കേസ് എടുത്തത്. അക്രമിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കുമളിക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുട്ടി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്നാട് ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ് (46), ദേവദാസ് (55), ശിവകുമാര്‍ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷണ്മുഖ സുന്ദര പുരം സ്വദേശി വിനോദ് കുമാര്‍ (43) തുടങ്ങിയവരാണ് മരിച്ചത്.
കേരള തമിഴ്നാട് അതിര്‍ത്തിയായ കുമളിയില്‍ നിന്നും മൂന്നുകിലോമീറ്റര്‍ അകലെ വാഹനത്തിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഹെയര്‍പിന്‍ വളവുകയറി വന്ന വാഹനം മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
വെള്ളം കൊണ്ടുപോകുന്ന പൈപ്പിന് മുകളിലേക്കായിരുന്നു വാഹനം വീണത്. കുമളി പൊലീസും നാട്ടുകാരുമാണ് സംഭവസ്ഥലത്ത് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കമ്പത്തുനിന്ന് പൊലീസും അഗ്‌നിരക്ഷാ സേനയും എത്തി.
ഒരു കുട്ടി അടക്കം 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മരത്തില്‍ ഇടിച്ചപ്പോള്‍ ഏഴു വയസുകാരന്‍ പുറത്തേക്ക് തെറിച്ചുവീണതിനാല്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുട്ടിയെ കുമളിയിലെ ആശുപത്രിയിലും ഒരാളെ കമ്പത്തെ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
നടന്‍ ശ്രീനിവാസനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. മലയാള സിനിമയില്‍ കണ്ട ചുരുക്കം ചില നല്ല മനുഷ്യരില്‍ ഒരാളാണ് ശ്രീനിവാസന്‍ എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
ശ്രീനിചേട്ടനൊക്കെ സ്വയം നശിപ്പിച്ചുവെന്ന് പറയും. സ്വയം പീഡിപ്പിച്ച് നശിപ്പിച്ചു.’ശ്രീനിചേട്ടനോട് നൂറ് പ്രാവശ്യം ഞാന്‍ പറഞ്ഞിട്ടുണ്ട് സിഗരറ്റ് വലി നിര്‍ത്തണമെന്ന്. സ്വയംവര പന്തലിന്റെ സ്‌ക്രിപ്റ്റ് വാങ്ങിക്കാന്‍ ഞാന്‍ അദ്ദേഹത്തിന്റെ എസി മുറിയില്‍ ചെന്നപ്പോള്‍ ശ്രീനി ചേട്ടനെ കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ആ മുറി മുഴുവന്‍ പുകയായിരുന്നു. ഒരു സിഗരറ്റില്‍ നിന്നും മറ്റൊരു സിഗരറ്റ് കത്തിക്കുകയാണ്.’ശാന്തിവിള ദിനേശ് പറയുന്നു.
‘പുകവലിയുടെ ഒപ്പം മദ്യപാനവുമുണ്ടായിരുന്നു. ചിലപ്പോള്‍ എഴുതുന്നതിന്റെ മാനസിക ടെന്‍ഷനായിരിക്കാം. വലിക്കുമ്പോള്‍ അതില്‍ നിന്ന് റിലീഫ് കിട്ടുമെന്നാണ് അദ്ദേഹം പറയാറുള്ളത്. മലയാള സിനിമയില്‍ കണ്ട ചുരുക്കം ചില നല്ല മനുഷ്യരില്‍ ഒരാളാണ് ശ്രീനിചേട്ടന്‍ എന്ന് ഞാന്‍ പറയും.’
‘ഇന്നലെകള്‍ മറക്കാത്ത മനുഷ്യനാണ് ശ്രീനിവാസന്‍. അദ്ദേഹം പൈസയ്ക്ക് വേണ്ടി കലഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പൈസയ്ക്ക് വേണ്ടി ആര്‍ത്തി കാണിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ ശ്രീനിചേട്ടനോട് പറയാറുണ്ട് അദ്ദേഹത്തിന്റെ അക്കൗണ്ടന്റ് വഴി. ജീനിയസാണ് അദ്ദേഹം.’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈവത്തിന്റെ സ്വന്തം നാട് കാണാൻ എത്തിയ സ്പാനിഷ് ദമ്പതിമാര്‍ തൃശ്ശൂരില്‍ അപകടത്തില്‍പ്പെട്ടു. സ്പാനിഷ് ദമ്പതിമാരായ ലൂയിസും മറിയയുമാണ് അപകടത്തില്‍പ്പെട്ടത്. ചാവക്കാട്ടുവെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍സൈക്കിളില്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മറിയയുടെ കാലൊടിയുകയും നട്ടെല്ലിന് പരിക്കേറ്റു.
മറിയയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ദമ്പതികൾ. ഭാഷ വശമില്ലാതെ, ആവശ്യത്തിന് പണമില്ലാതെ, നിയമത്തിന്റെ നൂലാമാലകള്‍ തീര്‍ക്കാനാകാതെ പകച്ചുനില്‍ക്കുകയാണ് ഭർത്താവ്.
കേരളം വഴി ഗോവയിലേക്ക് പുതുവര്‍ഷദിനത്തില്‍ എത്താനായിരുന്നു പദ്ധതി. കേരളത്തിലെ റോഡുകള്‍ സൈക്കിള്‍യാത്രയ്ക്ക് യോജിച്ചതല്ലാത്തതിനാലും യാത്ര വൈകുന്നതിനാലുമാണ് സൈക്കിള്‍ ഒഴിവാക്കി വാടകയ്‌ക്കെടുത്ത മോട്ടോര്‍ സൈക്കിളില്‍ ഇരുവരും യാത്ര തുടര്‍ന്നത്. കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. മൂന്നാം തവണയാണ് ഇവര്‍ ഇന്ത്യയിലെത്തുന്നത്.
യൂറോപ്പില്‍ കറങ്ങി ഫ്രാന്‍സ്, ഇറ്റലി, സ്ലോവാക്യ, ക്രോയേഷ്യ, തുര്‍ക്കി, ജോര്‍ജിയ, ഇറാന്‍, ദുബായ്, ഒമാന്‍ വഴിയാണ് ഇന്ത്യയിലെത്തിയത്. കൗച്ച്‌സര്‍ഫിങ്ങ് എന്ന യാത്രികരുടെ കൂട്ടായ്മയാണ് ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നത്. ഏപ്രില്‍ മൂന്നിനാണ് ഇവര്‍ നാട്ടില്‍നിന്ന് യാത്ര തുടങ്ങിയത്.
നിയമകുരുക്കുകളെതുടർന്ന് മൂന്ന് മാസത്തോളം അടിവാരത്ത് തടഞ്ഞിട്ട ഭീമൻ യന്ത്രങ്ങൾ കയറ്റിയ കൂറ്റൻ ട്രക്കുകൾ താമരശ്ശേരി ചുരം കയറി. വൻ സന്നാഹങ്ങളുടെ അകമ്പടിയിലാണ് നഞ്ചൻകോട് നെസ്ലെ ഫാക്ടറിയിലേക്കുള്ള ഭീമൻ യന്ത്രങ്ങങ്ങളുമായി ചുരംകയറിയത്. ഇതോടെ താമരശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത തടസങ്ങൾ ഒഴിവായി.
രാത്രി 10.50 നാണു ഭീമൻ യന്ത്രങ്ങളും വഹിച്ച് ട്രക്കുകൾ അടിവാരത്ത് നിന്ന് പുറപ്പെട്ടത് .ട്രക്കുകളെ അനുഗമിച്ച് പൊലീസ്, വനം, റവന്യൂ, മോട്ടോർവാഹന, കെ എസ് ഇബി അധികൃതരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഉണ്ടായിരുന്നു. അടിയന്തര സഹായത്തിന് ആംബുലൻസുകളും ഹിറ്റാച്ചിയും ക്രമീകരിച്ചിരുന്നു.
ചുരം വഴിയുള്ള മറ്റ് വാഹനങ്ങളുടെ യാത്ര വഴിതിരിച്ച് വിട്ടായിരുന്നു ട്രക്കുകൾക്ക് വഴിയൊരുക്കിയത്. മൂന്ന് മണിക്കൂറിനൊടുവിൽ മൂന്ന് മണിക്കൂർ പിന്നിട്ട് പുലർച്ചെ 2.10 ഓടെ
ട്രെയിലറുകൾ വയനാട് ലക്കിടിയിലെത്തി.
കർണാടകയിലെ നഞ്ചൻകോടുള്ള നെസ്ലെ ഫാക്ടറിയിലേക്ക് പാൽപ്പൊടി മിക്സിംഗ് യൂണിറ്റായിരുന്നു രണ്ട് ഭീമൻ യന്ത്രങ്ങൾ. കൊറിയയിൽ നിന്ന് ചെന്നെയിലെത്തിയ യന്ത്രങ്ങൾ നഞ്ചൻകോടെത്തിക്കേണ്ടതിൻറെ ഉത്തരവാദിത്വം അണ്ണാമലൈ ട്രാൻസ്പോർട്ടിനായിരുന്നു. ട്രക്കുകൾ കടന്നുപോകുമ്പോൾ നാശനഷ്ടങ്ങളുണ്ടാകുമെന്ന അടിസ്ഥാനത്തിൽ 20 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അണ്ണാമലൈ ട്രാൻസ്പോർട്ട് സർക്കാറിൽ കെട്ടിവച്ചതോടെയാണ് ചുരം കടക്കാൻ അനുമതിയായത്.
നാഗ്‌പൂരിൽ നടക്കുന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗമായ 10 വയസുകാരി നിദ ഫാത്തിമ മരിച്ചു. ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. . ആലപ്പുഴ സ്വദേശിയാണ് മരിച്ച നിദ. കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച നിദയ്ക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയധികൃതർ നൽകുന്ന വിവരം.
ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് വിവരം. സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിനെത്തുടർന്നാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ലായിരുന്നു. രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞിരുന്നത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു.
മോഹൻലാലും പ്രണവ് മോഹൻലാലും സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടവരാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. പ്രണവിനൊപ്പം ഭക്ഷണം പാകം ചെയ്യുകയും ഒന്നിച്ചിരുന്നു കഴിക്കുകയും ചെയ്യുന്ന മോഹൻലാലിന്റെ ചിത്രത്തെക്കുറിച്ചുള്ള തകർപ്പൻ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. 62 കാരൻ മോഹൻലാൽ വിഗ് വെച്ച് സുന്ദരനായെത്തിയപ്പോൾ 32കാരൻ മകൻ തലയിൽ കഷണ്ടിയായിട്ടാണിരിക്കുന്നതാണ് ചർച്ചക്ക് തുടക്കം. മോഹൻലാലിന്റെ പലരൂപത്തിലുള്ള വിഗ് വെക്കലുകൾ നേരത്തെയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
സുകുമാർ അഴീക്കോടിനെപ്പോലുള്ളവർ മോഹൻലാലിന്റെ വിഗിനെതിരെ നേരത്തെ വിമർശനമുന്നയിച്ചിരുന്നു, മോഹൻലാൽ വിഗ് മാറ്റിയാൽ സുന്ദരൻ ഞാനായിരിക്കുമെന്നാണ് അദ്ദേഹം അന്ന് പ്രസ്ഥാവന നടത്തിയത്. ഇതിനെതിരെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. മോഹൻലാലിന്റെയും പ്രണവിന്റെയും ചിത്രം അറിയാതെ പുറത്തായതാണോ.. അതോ അറിഞ്ഞുകൊണ്ട് വന്നതാണോയെന്നാണ് സോഷ്യൽ മീഡിയയും ചോദിക്കുന്നത്. എന്തായാലും മകൻ യാത്രകളെ സ്നേഹിച്ച് ലാളിത്യത്തോടെ ജീവിക്കുന്നതിനാൽ ഇതൊന്നും ശ്രദ്ധിക്കാറില്ലെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം, സൗന്ദര്യ സംരക്ഷണത്തിനു മാത്രം ലക്ഷങ്ങൾ ചിലവഴിക്കുന്ന മോഹൻലാൽ വിഗ് വെച്ചതിനെ ചിലർ പിന്തുണക്കുന്നുമുണ്ട്.
പണ്ട് മോഹൻലാലിന്റെ ഒരു സിനിമ വിടാത്ത ആളായിരുന്നു. ഇപ്പോൾ ഞാൻ മോഹൻലാലിന്റെ 25 സിനിമകളോളം കണ്ടിട്ടില്ല. അയ്യോ, സഹിക്കാൻ പറ്റില്ല, പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ പറഞ്ഞ് കുറേ കൂതറ സിനിമകൾ. നമ്മളുടെ പൈസയും കൊടുത്ത് ചീത്തയും വിളിച്ച് തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോവുന്നത് എന്തിനാണ്. റബ്ബറിന്റെ കറ വറ്റുമ്പോൾ അവസാനം ഒരു വെട്ട് വെട്ടും’
ഊറ്റിയെടുക്കും കറ. അത് പോലെ മോഹൻലാലിനെയും മമ്മൂട്ടിയെയും ഊറ്റി എടുക്കുകയാണ്. കാരണം അവരുടെ കാലഘട്ടം കഴിഞ്ഞില്ലേ. പത്ത് നാൽപത് വർഷം ആയില്ലേ. എത്ര വില കൂടിയ വിഗ് വെച്ചാലും മോഹൻലാൽ വിഗ് വെച്ചിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാംമെന്നും ശന്തിവിള ദിനേശ് പറഞ്ഞു.
അതേ സമയം സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ ഡിസംബർ 23 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ജോൺ മേരി ക്രിയേറ്റിവ് ലിമിറ്റടിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ റിലീസിനെക്കുറിച്ച് ശ്രീ. ഷിബു ബേബി ജോണിന്റെ പ്രൊഡക്ഷൻ കമ്പനി ആയ ജോൺ ആൻഡ് മേരി ക്രിയേറ്റിവിൽ ഒഫീഷ്യൽ സ്ഥിരീകരണം ഇപ്രകാരം ആണ്. ഇതിനോടകം തന്നെ സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ – ലിജോ ജോസ് പല്ലിശ്ശേരി ചിത്രം വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ദൃശ്യവിസ്മയം ആയിരിക്കുമെന്നുറപ്പാണ്.