ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ എടുത്ത മദ്യനയ അഴിമതിക്കേസില്‍ രണ്ട് മലയാളികളും പ്രതികള്‍. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 15 പേരില്‍ വിജയ് നായര്‍, അരുണ്‍ രാമചന്ദ്രപിള്ള എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വിജയ് നായര്‍ അഞ്ചാം പ്രതിയും അരുണ്‍ രാമചന്ദ്രപിള്ള പതിനാലാം പ്രതിയുമാണ്.
എ എ പിയില്‍ കെജ്രിവാള്‍ കഴിഞ്ഞാല്‍ രണ്ടാമനായി അറിയപ്പെടുന്ന മനീഷ് സിസോദിയ ആണ് കേസിലെ ഒന്നാംപ്രതി. എക്സൈസ് ഉദ്യോഗസ്ഥര്‍, മദ്യകമ്പനി എക്സിക്യുട്ടീവ്സ്, ഡീലര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുള്‍പ്പെടെയുള്ള 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
ഡല്‍ഹിയില്‍ 2021 നവംബറില്‍ നടപ്പാക്കിയ മദ്യനയത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നു എന്ന ലെഫ്റ്റ്നെന്റ് ഗവര്‍ണര്‍ വി.കെ സക്സേന ശുപാര്‍ശ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മനീഷ് സിസോദിയ അടക്കമുള്ളവര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ് ഇപ്പോഴും നടക്കുകയാണ്. പുതിയ മദ്യനയം സംബന്ധിച്ച രേഖകള്‍ പിടികൂടിയതായി സിബിഐ അറിയിച്ചു. മനീഷ് സിസോദിയയുടെ ഔദ്യോഗിക വസതി അടക്കം 7 സംസ്ഥാനങ്ങളിലായി 21 ഇടങ്ങളില്‍ സിബിഐ ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്.
ചങ്ങലയില്‍ പൂട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചിന്നക്കനാലില്‍ 301 കോളനയിലെ തരുണ്‍(21) ആണ് മരിച്ചത്.
ചങ്ങല ഉപയോഗിച്ച് ജനല്‍ കമ്പിയുമായി ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഇന്ന് വൈകീട്ട് തരുണിന്റെ വീടിന്റെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായ് ഒരു വടിയും കണ്ടെത്തിയിരുന്നു. ഇന്ധനം കൊണ്ടുവന്നതെന്ന് കരുതുന്ന ഒരു കുപ്പിയും ലൈറ്ററും സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ശാന്തന്‍പാറ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ശനിയാഴ്ച ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. സംഭവത്തില്‍ അസ്വാഭാവികത ഉള്ളതായതും ദുരൂഹത ഉണര്‍ത്തുന്നതായും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തരുണ്‍ മേഖലയിലൂടെ അമിതവേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം യുവാവിനെ കണ്ടിട്ടില്ലെന്നും പറയപ്പെടുന്നു.
ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ പൂഞ്ഞാർ പനിച്ചികപ്പാറയിൽ വിവിധ പ്രദേശങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷ ഭാഗമായി ശോഭായാത്രകൾ നടന്നു. പൂഞ്ഞാർ പഞ്ചായത്തിൽ തണ്ണിപ്പാറ, പുളിക്കൽപാലം,മണിയംകുന്ന്, പെരുനിലം എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച ശോഭായാത്രകൾ പടിക്കമുറ്റം അയ്യപ്പന്റെ അമ്പലത്തിൽ ക്ഷേത്രസന്നിധിയിലെത്തി.
ഉണ്ണിക്കണ്ണന്റെയും ഗോപികാമാരുടെയും വേഷമണിഞ്ഞ് ശോഭയാത്രയിൽ പങ്കെടുക്കുന്ന കുട്ടികൾ ക്ഷേത്രം മഠാധിപതിയിൽ നിന്ന് അനുഗ്രഹം ഏറ്റുവാങ്ങി അവിടെ നിന്നും സംഗമിച്ചു മഹാശോഭായാത്രയായി പനിച്ചികപ്പാറ കവലയിലൂടെ വലംവച്ചു മങ്കൊമ്പു കാവ് ക്ഷേത്ര സന്നിധിയിൽ എത്തി ഉറിയടിയും കുട്ടികളുടെ കലാപരിപാടികൾക്കും ശേഷം കൊട്ടാരം ശ്രീകൃഷ്ണ സാമി ക്ഷേത്രത്തിൽ സമാപിച്ചു.
പനിച്ചിപ്പാറ നടന്ന ശോഭായാത്ര….
പാർട്ടി അതീതമായി പങ്കെടുക്കുന്ന ഒന്നല്ല ശോഭയാത്രയെന്ന് വ്യക്തമാക്കി നടി അനുശ്രീ. ശോഭയാത്രയിൽ രാഷ്ട്രീയം കാണരുതെന്നും താരം കൂട്ടിച്ചേർത്തു. കുട്ടിക്കാലം മുതലേ അമ്പലത്തിലെ എന്തുപരിപാടിക്കും ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് താനെന്നും വിമർശനങ്ങളെ പേടിച്ചല്ല ഇത്തവണ ശോഭായാത്രയിൽ വേഷം അണിയാതിരുന്നതെന്നും അനുശ്രീ വ്യക്തമാക്കി. നടി ബിജെപി അനുഭാവിയാണെന്ന പ്രചരണം ശക്തമായതോടെയാണ് അനുശ്രീ തുറന്ന് പറഞ്ഞ് രംഗത്ത് വന്നത്.
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കമുകുംചേരിയിലെ ശോഭായാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ശ്രീകൃഷ്ണന്റെ വേഷത്തിയ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം പറയുന്ന ചിത്രങ്ങൾ ആരാധകരുടെ അഭിനന്ദനങ്ങൾ നേടിയെടുത്തു.
അനുശ്രീയുടെ വാക്കുകൾ;
”കൃഷ്ണനായും മുരുകനായും ഗണപതിയായും ഞാൻ വേഷമിട്ടിട്ടുണ്ട്. ശരീരം വളരുന്നതിനനുസരിച്ച് ആ സമയത്ത് നമുക്ക് ഏത് വേഷമാണോ കെട്ടാൻ പറ്റുന്നത് അത് ചെയ്യാറുണ്ട്. ഇത്തവണ ചേട്ടന്റെ കുഞ്ഞ് കൃഷ്ണനായി എത്തി. ആദ്യമായാണ് അവൻ കൃഷ്ണനായി ഒരുങ്ങുന്നത്. ഇത്തവണ അവനാണ് ഞങ്ങളുടെ താരം.
വിമർശനങ്ങളെ പേടിച്ചല്ല ഇത്തവണ ഞാൻ വേഷം അണിയാതിരുന്നത്. അങ്ങനെയെങ്കിൽ കാവി അണിഞ്ഞ് വരില്ലല്ലോ? ഇതൊന്നും പാർട്ടി അതീതമായി ചെയ്യുന്ന കാര്യങ്ങളല്ല. അമ്പലത്തിൽ എന്ത് പരിപാടിയുണ്ടോ അതിന് ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് ഞാൻ. ഒരിക്കലും അതിനെ രാഷ്ട്രീയവൽക്കരിക്കരുത്. ഓർമവച്ച കാലം മുതലേ ചെയ്യുന്ന കാര്യങ്ങളാണ്. ചെറുപ്പത്തിൽ നമ്മളൊക്കെ രാഷ്ട്രീയം അറിഞ്ഞിട്ടാണോ ഇതുപോലെ വേഷമിട്ടത്”
സംസ്ഥാനത്ത് ആശങ്കയുയർത്തി വീണ്ടും പേ വിഷബാധ മരണം. ഒരാഴ്ചക്കിടെ മൂന്നുപേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. തെരുവുനായ് വന്ധ്യംകരണവും പേ വിഷനിർമാർജനവും ഊർജിതമെന്ന് ആരോഗ്യ- മൃഗസംരക്ഷണ വകുപ്പുകൾ അവകാശപ്പെടുന്നതിനിടെ ഉണ്ടായ മരണങ്ങൾ ഞെട്ടിക്കുന്നത്.
കഴിഞ്ഞ ഏഴര മാസത്തിനിടെ 17 ജീവനാണ് തെരുവുനായ്ക്കൾ കാരണം നഷ്ടപ്പെട്ടത്. ഇത് ഏതാണ്ട് സംസ്ഥാനത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഡെങ്കിപ്പനി മരണങ്ങളുടെ കണക്കിനൊപ്പം വരും .പേവിഷബാധയേറ്റ് 2021ൽ ആകെ മരണം 11 ആയിരുന്നു. 2020ൽ അഞ്ചും. സാധാരണ വർഷത്തിൽ ശരാശരി രണ്ട് ഡസനോളം പേവിഷമരണങ്ങളാണ് റിപ്പോർട്ട് ചെയ്യാറ്. അതിപ്പോൾ ഏഴരമാസം പിന്നിടുമ്പോൾ ഒന്നര ഡസനോളമെത്തി.
പേവിഷ ബാധയേറ്റ് മരിച്ചവരിൽ വാക്‌സിൻ സ്വീകരിച്ചവരും ഉൾപ്പെടുന്നു. പാലക്കാട്, മങ്കരയിൽ ബിരുദ വിദ്യാർഥിനി വാക്‌സിനെടുത്തിട്ടും മരിച്ച സംഭവം ഏറെ വിവാദമായിരുന്നു. അതിനു ശേഷം ഊർജിതമായ നടപടികളിലേക്കാണ് ആരോഗ്യ- മൃഗസംരക്ഷണ വകുപ്പുകൾ കടന്നത്. വാക്‌സിനുകളുടെ ഗുണമേന്മ പരിശോധനയടക്കം പ്രഖ്യാപിച്ചു.
വാക്‌സിൻ നൽകുന്ന നഴ്‌സുമാർക്ക് കൂടുതൽ പരിശീലനവും വാക്‌സിൻ സൂക്ഷിക്കുന്ന കോൾഡ് സ്റ്റോറേജ് സംവിധാനം കാര്യക്ഷമമാക്കാൻ നടപടികളും പ്രഖ്യാപിച്ചു. എന്നിട്ടും കാര്യമായ നേട്ടം ഉണ്ടാകുന്നില്ലെന്നാണ് തുടർച്ചയായ പേവിഷമരണങ്ങൾ നൽകുന്ന സൂചന.
വറ്റാത്ത മനുഷ്യത്വത്തിന് ഉദാഹരണമായി ഒട്ടേറെ സംഭവങ്ങൾ ദിവസേനെ വാർത്തകളാകാറുണ്ട്. ഇത്തരത്തിൽ മോശം വാർത്തകൾക്കിടയിലും മനുഷ്യത്വം കൈവിടാത്ത രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. കോയമ്പത്തൂർ സ്വദേശികളായ രണ്ട് വനിതാ പോലീസുകാരാണ് ഈ സംഭവത്തിലെ നായികമാർ.
അവകാശികളില്ലാത്ത 700ലധികം മൃതദേഹങ്ങൾക്ക് അർഹിച്ച അന്ത്യകർമ്മം നടത്തിയാണ് ഇവർ ശ്രദ്ധ നേടിയിരിക്കുന്നത്. കെ പ്രവീണ, എം ആമിന എന്നീ തമിഴ്‌നാട് പോലീസിലെ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി തങ്ങളുടെ ജോലിക്ക് പുറമെയയുള്ള സാമൂഹികമായ ഒരു സേവനം ചെയ്യുന്നത്. കോയമ്പത്തൂർ ജില്ലയിലെ അവകാശികളില്ലാത്തതും അജ്ഞാത ശവശരീരങ്ങളുമടക്കം 700-ലധികം മൃതദേഹങ്ങൾാണ് ഈ പോലീസുകാർ അന്തസുള്ള യാത്രയയപ്പ് നൽകിയിരിക്കുന്നത്.
33കാരിയായ പ്രവീണ പേരൂർ ഓൾ വുമൺ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ്. ആമിന (38) മേട്ടുപ്പാളയം സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഉപേക്ഷിക്കപ്പെട്ടതും അവകാശികളില്ലാത്തതുമായ മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ ചെയ്യുന്നതിന് പുറമെ മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്. തെരുവിൽ കഴിയുന്ന നിരാലംബരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും രക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സേവനങ്ങൾ ചെയ്യുന്ന ജീവശാന്തി ട്രസ്റ്റുമായി സഹകരിച്ചാണ് ഇരുവരും പ്രവർത്തിക്കുന്നത്.
പ്രവീണ കഴിഞ്ഞ ഏഴു വർഷമായി ഈ സേവന രംഗത്തുണ്ട്. ട്രസ്റ്റിനും സന്നദ്ധപ്രവർത്തകർക്കുമൊപ്പം 600ലധികം മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾക്കായി താൻ സഹായിച്ചിട്ടുണ്ടെന്ന് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ പ്രവീണ പറയുന്നു. ഇത്തരത്തിലൊരു സാമൂഹ്യ സേവനം ചെയ്യാൻ മേലുദ്യോഗസ്ഥരിൽ നിന്നും ഭർത്താവ് യു യുവരാജിൽ നിന്നും തനിയ്ക്ക് ഏറെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് പ്രവീണയുടെ വാക്കുകൾ.
കൂടാതെ, കോവിഡ് ലോക്ക്ഡൗൺ സമയത്ത് പ്രവീണ പേരൂരിലെ പോലീസ് ക്വാർട്ടേഴ്‌സിൽ ഭക്ഷണം പാകം ചെയ്യുകയും പ്രദേശത്തെ ഭവനരഹിതർക്കും പാവപ്പെട്ടവർക്കും എത്തിച്ചു നൽകുകയും ചെയ്തിരുന്നു. മൂന്ന് മാസക്കാലം ഇത്തരത്തിൽ പാഴ്‌സലുകൾ നൽകിയാണ് സേവനം നടത്തിയിരുന്നത്.
നാല് വർഷത്തിനിടെ 100-ലധികം മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ നടത്തുന്നതിന് ആമിനയും ട്രസ്റ്റിനെ സഹായിച്ചിട്ടുണ്ട്. രണ്ട് കുട്ടികളുടെ അമ്മയായ ആമിനയ്ക്ക് ഇക്കാര്യത്തിൽ പൂർണ പിന്തുണ നൽകുന്നത് ഭർത്താവ് എ അൻവർദീനും സ്റ്റേഷനിലെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരുമാണ്. ആമിനയുടെ സന്നദ്ധ പ്രവർത്തനത്തിന് സേനാമേധാവിയിൽ നിന്ന് പ്രശംസാപത്രവും 5000 രൂപയും സമ്മാനമായി ലഭിക്കുകയും ചെയ്തു.
ബേക്കറിയിൽ കയറിയ കള്ളൻ കാശൊന്നും കിട്ടാത്തതിന്റെ നിരാശയിൽ കൊണ്ടുപോയത് 35,000 രൂപയുടെ പലഹാരം. 6 ചാക്കുകളിലായാണ് പലഹാരങ്ങൾ കുത്തിനിറച്ച് കൊണ്ടുപോയത്. സംഭവത്തിൽ കള്ളനെ പിടികൂടി. ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ 24കാരനായ അഹമ്മദ് അസ്ലമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12നും പുലർച്ചെ 1.30നും ഇടയ്ക്കു കടയുടെ ഗ്രിൽ തകർത്താണ് ഇയാൾ അകത്തു കയറിയത്.
പണം കിട്ടാതെ വന്നപ്പോൾ നിരാശനായി, എന്നാൽ വെറുതെ പോകാൻ പ്രതിക്കും മനസ് അനുവദിച്ചില്ല. ഇതോടെ ഹൽവ, ബിസ്‌കറ്റ്, ഈത്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റും തിരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നുകളയുകയായിരുന്നു. പ്രതിയെ 24 മണിക്കൂറിനകം വേങ്ങരയിൽവച്ച് പോലീസ് സംഘം പിടികൂടി.
ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തിയിരുന്നു. നമ്പർ വ്യക്തമല്ലെങ്കിലും അന്വേഷണ സംഘം മേഖലയിലെ ഇരുനൂറോളം ഓട്ടോകൾ പരിശോധിച്ചു. ഓട്ടോ ഡ്രൈവറായ പ്രതി മുഖം മറച്ചാണ് കടയുടെ അകത്ത് പ്രവേശിച്ചത്. മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങളാണ് ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്. മിക്ക പലഹാരങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അച്ഛനെന്ന നിലയില്‍ മകള്‍ വിസ്മയയെ പറ്റി ഏറെ അഭിമാനം തോന്നുന്നെന്ന് നടന്‍ മോഹന്‍ലാല്‍. മകള്‍ വിസ്മയയുടെ കവിതാ സമാഹാരത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് നടന്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
‘കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്, അച്ഛനെന്ന നിലയില്‍ മകള്‍ വിസ്മയയെ പറ്റി ഏറെ അഭിമാനം തോന്നുന്നു’ – മോഹന്‍ലാല്‍ കുറിച്ചു.
ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന കവിതാ സമാഹാരത്തിന്റെ മലയാള പരിഭാഷയായ ‘നക്ഷത്രധൂളികള്‍’ പ്രകാശനം ചെയ്യുന്നു. അച്ഛനെന്ന നിലയില്‍ തനിക്ക് ഏറെ അഭിമാന നിമിഷമാണ് ഇതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഓഗസ്റ്റ് 19നാണ് നക്ഷത്രധൂളികളുടെ പ്രകാശനം. സംവിധായകരായ സത്യന്‍ അന്തിക്കാടും, പ്രിയദര്‍ശനും ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു.
എന്റെ മകള്‍ വിസ്മയ എഴുതി പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ‘Grains of Stardust’ എന്ന കവിതാസമാഹാരത്തിന്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികള്‍’ ഓഗസ്റ്റ് 19 ന് തൃശ്ശൂരില്‍ പ്രകാശനം ചെയ്യപ്പെടുകയാണ്.
കവയിത്രി റോസ്‌മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്‌സ് പുറത്തിറക്കുന്ന ഈ സമാഹാരം, എന്റെ ആത്മ മിത്രങ്ങളും എന്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ചേര്‍ന്ന് മാതൃഭൂമി ബുക്ക്സ്റ്റാളില്‍ വെച്ചാണ് പ്രകാശനം ചെയ്യുന്നത്.
യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്!
ഇരുന്നൂറോളം ഉദ്യോഗാർത്ഥികളിൽ നിന്നായി കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി മൂവാറ്റുപുഴയിൽ പിടിയിൽ. കാനഡയിൽ ജോലി വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത് . മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പെന്റ ഓവർസീസ് കൺസൽട്ടന്റ് എന്ന സ്ഥാപനത്തിന്റെയും ബ്രിട്ടീഷ് അക്കാദമി എന്ന സ്ഥാപനത്തിന്റെയും പേരിൽ ഐ.ഇ.എൽ.ടി എസ് പാസ്സ് ആകാതെ കാനഡയിൽ ജോലിക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കോട്ടയം കുറവിലങ്ങാട് കരയിൽ നസ്രത്ത് ഹിൽ ഭാഗത്ത് കരിക്കുളം വീട്ടിൽ ഡിനോ ബാബു സെബാസ്റ്റ്യൻ ( 31 ) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാർത്ഥികളിൽ നിന്നായി 5 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്.
2019 മുതൽ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചു വന്നിരുന്ന സ്ഥാപനത്തെപറ്റി വ്യാപകമായി പരാതി ഉയർന്നിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ഉടനെ ഒളിവിൽ പോയ പ്രതിയെ എറണാകുളത്തെ ഒളിസങ്കേതത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്. വിദേശത്തേക്ക് കടക്കുകയും ഒളിവിൽ പോവുകയും ചെയ്ത മറ്റു പ്രതികൾക്കെതിരെ പോലീസ് അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
എബ്രഹാം വടക്കെ വെളിയിൽ (83) നിര്യാതനായി. പരേതയായ അന്നമ്മ എബ്രഹാമാണ് ഭാര്യ. മൃതസംസ്കാര ശുശ്രൂഷകൾ ആഗസ്റ്റ് 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കണ്ണങ്കര സെൻറ് സേവിയേഴ്സ് ക്നാനായ പള്ളിയിൽ വെച്ച് നടത്തപ്പെടും. പരേതന് അഞ്ച് മക്കളും പതിനൊന്ന് പേരക്കുട്ടികളുമുണ്ട്.
മക്കൾ : മേഴ്‌സി, എൽസി, ജോമോൻ, ടെസ്സി, ജോസഫ് മരുമക്കൾ : ജേക്കബ് വട്ടകനായിൽ, ടോം സാജൻ പൂഴിക്കുന്നേൽ, ജെസ് വടക്കേവേലിയിൽ, സജി പറണിമാലിയിൽ, പരേതയായ ശുഭ വടക്കേവേലിയിൽ
എബ്രഹാം വടക്കെ വെളിയിലിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.