Latest News

മമ്മൂട്ടിയുടെ കരിയറിന്റെ തുടക്കകാലത്ത് നിരവധി കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. പ്രമുഖ ടെലിവിഷന്‍ ജേണലിസ്റ്റ് കരണ്‍ ഥാപ്പര്‍ ബിബിസിക്ക് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ അഭിമുഖത്തില്‍ വേദനിപ്പിച്ചവരെ കുറിച്ച് മമ്മൂട്ടി വികാരാധീനനായി സംസാരിക്കുന്നുണ്ട്.

അഭിനയ സപര്യയില്‍ മമ്മൂട്ടി അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ് മമ്മൂട്ടിയുടെ തുറന്നുപറച്ചില്‍. എണ്‍പതുകള്‍ എന്റെ കരിയറിലെ വളരെ മോശം കാലമായിരുന്നു. ഒരു തിരിച്ചുവരവ് ഞാന്‍ പ്രതീക്ഷിച്ചില്ല. ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ അതേക്കുറിച്ച് അല്പം സന്തോഷം തോന്നുന്നുണ്ടെങ്കിലും എന്റെ അനുഭവം വളരെ വേദനിപ്പിക്കുന്നതായിരുന്നു. ഒരു നടനെന്ന നിലയില്‍ ആളുകള്‍ എന്നെ തരംതാഴ്ത്തി. പക്ഷേ, എനിക്ക് പുനര്‍ജന്മം ഉണ്ടായി.എല്ലാം അവസാനിച്ചു എന്ന് കരുതിയ സമയത്ത് ചാരത്തില്‍ നിന്നുയര്‍ന്നു വന്നതുപോലെ റീ ബെര്‍ത്ത് സംഭവിച്ചു.

എല്ലാം നഷ്ടപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും ശ്രമിക്കും. എന്റെ ശ്രമം വിജയം കണ്ടു. എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിയ സമയത്ത് സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്താലോ എന്നുവരെ ചിന്തിച്ചിട്ടുണ്ട്.

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സണ്‍ മാവുങ്കലും പൊലീസും തമ്മില്‍ ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍. ഡിഐജിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു. മോന്‍സന്റെ വീട്ടില്‍ തേങ്ങയും മീനും കൊണ്ടുവന്നത് ഡിഐജിയുടെ വാഹനത്തിലാണ്. മോന്‍സന്റെ സഹോദരിയുടെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നാണ് ഇവ കൊണ്ടുവന്നത്. മദ്യക്കുപ്പി നല്‍കാനും ഈ വാഹനം ഉപയോഗിച്ചിരുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ ക്രൈബ്രാഞ്ചിന് നല്‍കിയെന്നും ജെയ്‌സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

അനിത പുല്ലയിലിന്റെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയത് വാഹനത്തില്‍ സൈറണ്‍ മുഴക്കിയാണെന്നും ഡ്രൈവര്‍ വെളിപ്പെടുത്തി. ഐ ജി ലക്ഷ്മണയ്ക്ക് എതിരെയും വെളിപ്പെടുത്തലുണ്ട്. കോവിഡ് കാലത്ത് ഐജിയുടെ സീലും ഒപ്പും അടങ്ങിയ യാത്രാ പാസ് ഉപയോഗിച്ചിരുന്നു. മോന്‍സണിന്റെ കൂട്ടുകാര്‍ക്കായി ഐജി വ്യാപകമായി വാഹന പാസുകള്‍ നല്‍കി. മോന്‍സന്റെ കലൂരിലെ വീട്ടില്‍ നിന്ന് ഐ ജി യുടെ പേരില്‍ ആണ് പാസ് നല്‍കിയത്. ഇത് സംബന്ധിച്ച വാട്‌സ് ആപ്പ ചാറ്റും ഫോണ്‍ സംഭാഷണവും പുറത്തു വന്നു.

അതേസമയം മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കികൊണ്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയത്.

ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തെളിവുകള്‍ പലതും അട്ടിമറിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ പ്രതികളാണെന്നും പരാതിയില്‍ പറയുന്നു. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കും. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥര്‍ മോന്‍സനില്‍ നിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമായിരുന്നു ദൃശ്യം. ആഗോള തലത്തിൽ വരെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ മൂന്നാം ഭാ​ഗവും വരുന്നു വെന്ന വാർത്തയാണ് പുറത്ത് വരുന്നത്. രണ്ടാം ഭാഗത്തിന്റെ റിലീസ് സമയത്തു തന്നെ ഇതിനൊരു മൂന്നാമത്തേയും അവസാനത്തേയും ഭാഗമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു.

അതിന്റെ ക്ളൈമാക്സ് തന്റെ കയ്യിലുണ്ടെന്നും മോഹൻലാലുൾപ്പെടെയുള്ളവർക്കു അതേറെ ഇഷ്ടപെട്ടെന്നുമാണ് അന്ന് ജീത്തു ജോസഫ് പറഞ്ഞത്. എന്നാൽ മൂന്നാം ഭാഗം എന്നുണ്ടാകുമെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടില്ല. ഇപ്പോഴിതാ മഴവിൽ മനോരമയുടെ അമ്മ ഷോ ടീസറിൽ, ദൃശ്യം 3 ഉണ്ടാകുമോ എന്നുള്ള ചോദ്യവുമായി താരങ്ങളെത്തുന്ന ഭാഗം പുറത്തു വന്നതോടെ, ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ അടക്കം നിറയുന്നത്.

മലയാള സിനിമയിൽ നിന്ന് ഏറ്റവും കൂടുതൽ പാൻ ഇന്ത്യ റീച് കിട്ടിയതും ഏറ്റവും കൂടുതൽ പാൻ ഇന്ത്യൻ പ്രേക്ഷകരുള്ളതുമായ ദൃശ്യത്തിന് മൂന്നാം ഭാഗം വരുന്നെന്ന സൂചന വന്നതോടെ, ദൃശ്യം 3 എന്ന ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്രെൻഡ് ചെയ്യുകയാണ്. അതോടൊപ്പം ദൃശ്യം 3 യുടെ ഒരു ഫാൻ മേഡ് പോസ്റ്ററും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

മഴവിൽ അവാർഡ് ഷോയിൽ വെച്ച് ഈ ചിത്രം ഒഫീഷ്യലായി തന്നെ പ്രഖ്യാപിക്കുമോ എന്നറിയാനുള്ള ആകാംഷയിലാണിപ്പോൾ പ്രേക്ഷകരും ആരാധകരും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം സീരിസ് നിർമ്മിച്ചത്

ജോണി ഡെപ്പിനെതിരായ മാനനഷ്ട കേസിൽ തെളിവുകൾ ശേഖരിക്കാൻ മുൻഭാര്യയും നടിയുമായ ആംബർ ഹേഡ് തന്നെ നിയോഗിച്ചുവെന്ന വെളിപ്പെടുത്തലുമായി പ്രൈവറ്റ് ഡിറ്റക്ടീവ് പോൾ ബരേസി. കേസിന്റെ വിധി വന്ന് മാസങ്ങൾക്ക് ശേഷമാണ് ‌ ലോ ക്രൈം നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ഇതെക്കുറിച്ച് പോൾ ബരേസി വെളിപ്പെടുത്തിയത്. താൻ ഡെപ്പിന്റെ ലഭ്യമായ എല്ലാ ചരിത്രവും അന്വേഷിച്ചു. അദ്ദേഹം എവിടെയാണ് ജീവിച്ചിരുന്നത്.

അദ്ദേഹത്തിന്റെ പിതാവ് ജോലി ചെയ്തത് എവിടെയാണ്. ഡെപ്പ് എന്തെല്ലാം ജോലികളാണ് ചെയ്തിരുന്നത്. ഡെപ്പിന്റെ പെരുമാറ്റം എങ്ങിനെയായിരുന്നു. അദ്ദേഹത്തിന്റെ പ്രണയബന്ധങ്ങൾ അങ്ങനെ എന്തെല്ലാം ലഭ്യമായിരുന്നോ അതെല്ലാം. എന്നാൽ കാര്യമായ കുറ്റങ്ങളും കുറവുകളുമൊന്നും തന്നെ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വെറും കൈകളുമായി ചെന്നപ്പോൾ ഹേർഡ് തങ്ങളെ പുറത്താക്കുകയാണിണ്ടായത്.

ഗാർഹിക പീഡനത്തെക്കുറിച്ച് ഹേർഡ് എഴുതിയ ലേഖനം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്പ് മാനനഷ്ടക്കേസ് നൽകിയത്. 2018-ൽ വാഷിങ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ ഗാർഹികപീഡനത്തെ അതിജീവിച്ച വ്യക്തിയായാണ് ഹേർഡ് സ്വയം അവതരിപ്പിച്ചത്. ലേഖനത്തിലെവിടെയും ഡെപ്പിന്റെ പേരോ വ്യക്തിയെ തിരിച്ചറിയുന്ന സൂചനകളോ ഉണ്ടായിരുന്നില്ല.

എന്നാൽ, തന്നെ വ്യക്തിഹത്യ ചെയ്യാനും സിനിമാ ജീവിതം തകർക്കാനും ഉദ്ദേശിച്ചുള്ളതാണ് ലേഖനമെന്ന് ആരോപിച്ച് 2019-ൽ ഡെപ്പ് കേസിനു പോയി. അഞ്ചു കോടി ഡോളറാണ് ആവശ്യപ്പെട്ടത്. ഇതിനെതിരേ 10 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഹേഡും നൽകുകയായിരുന്നു.ജൂൺ ഒന്നിന് ജൂറി ഡെപ്പിന് 10.35 മില്യൺ ഡോളർ നഷ്ടപരിഹാരം വിധിച്ചതോടെയാണ് കേസ് അവസാനിച്ചത്. ഹേർഡ് നൽകിയ കേസുകളിൽ ഒന്നിന് അവർക്ക് അനുകൂലമായും വിധിയെഴുതിരുന്നു.

ബഹ്റൈനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 48 പേര്‍ അറസ്റ്റിലായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായതെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

അറസ്റ്റിലായവരില്‍ ഒന്‍പത് പേര്‍ പുരുഷന്മാരും 39 പേര്‍ സ്‍ത്രീകളുമാണ്. അറസ്റ്റിലായ പുരുഷന്മാരെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും സ്‍ത്രീകളില്‍ വിവിധ രാജ്യക്കാരുണ്ടെന്നും മാത്രമാണ് അധികൃതര്‍ അറിയിച്ചത്. അറസ്റ്റിലായവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ബഹ്റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിന് കീഴിലുള്ള പബ്ലിക് മൊറാലിറ്റി ഡയറക്ടറേറ്റാണ് നടപടി സ്വീകരിച്ചത്.

അറസ്റ്റിലായ ഒരു സംഘത്തിന്റെ പക്കല്‍ നിന്ന് വലിയ അളവില്‍ മദ്യ ശേഖരവും കണ്ടെടുത്തു. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നുള്ള ഉത്തരവ് പ്രകാരം ഒരു കെട്ടിടം അടച്ചുപൂട്ടുകയും ചെയ്‍തതായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. അറസ്റ്റിലായവര്‍ക്കെതിരായ കേസുകള്‍ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ 11 കുറ്റവാളികളെയും വിട്ടയച്ചു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് വിട്ടയച്ചത്. 11 കുറ്റവാളികളും ഗോദ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷ ഇളവ് ചെയ്തുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. 2008ലാണ് കേസില്‍ 11 പേരും കുറ്റവാളികളെന്ന് മുംബൈ കോടതി വിധിച്ചത്.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചു. കൂട്ടബലാത്സംഗത്തിനും ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചു.

15 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പ്രതികളിലൊരാള്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി പാനലിന്റെ തലവനായ പഞ്ച്മഹല്‍സ് കളക്ടര്‍ സുജല്‍ മയ്ത്ര പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു കമ്മറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാന്‍ ഏകകണ്ഠമായി തീരുമാനിക്കുകയുമായിരുന്നു. ഈ ശുപാര്‍ശ സര്‍ക്കാറിന് അയച്ചിരുന്നു. ഇന്നലെയാണ് മുഴുവനാളുകളെയും വിട്ടയക്കാനുള്ള ഉത്തരവ് ലഭിച്ചത്- മയ്ത്ര പറഞ്ഞു.

ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച് മൂന്നിനായിരുന്നു ബില്‍ക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.

തുടര്‍ന്ന് ബില്‍ക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്ന് അവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.

തിരുവല്ലയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓക്സിജന്‍ കിട്ടാതെ രോഗി മരണപ്പെട്ടതായി പരാതി. പടിഞ്ഞാറെ വെണ്‍പാല സ്വദേശി രാജനാണ് മരിച്ചത്. സംഭവത്തില്‍ രാജന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.

രാജന്റെ മരണത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും തിരുവല്ല താലൂക്ക് ആശുപത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിച്ചിരിക്കുന്നത്. താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിലായിരുന്നു രാജനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. രാജന് കടുത്ത ശ്വാസം മുട്ടലുണ്ടായിരുന്നതിനാല്‍ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഓക്സിജന്‍ നല്‍കിയിരുന്നതായി മകന്‍ ഗിരീഷ് പറയുന്നു.

“മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ ആംബുലന്‍സ് ഡ്രൈവറും ആശുപത്രി ജീവനക്കാരനും ചേര്‍ന്ന് ഓക്സിജന്‍ സിലിണ്ടര്‍ മാറ്റി. എന്നാല്‍ ആംബുലന്‍സ് മൂന്ന് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഓക്സിജന്‍ തീര്‍ന്നു. അച്ഛന്‍ അവശനാകുന്നത് കണ്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു,” ഡ്രൈവര്‍ ഇതിന് തയാറായില്ല, ഗിരീഷ് കൂട്ടിച്ചേര്‍ത്തു.

“ഡ്രൈവര്‍ പറയുന്നത് കേള്‍ക്കാതെ നേരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്നു. എന്റെ മടിയില്‍ കിടന്നാണ് അച്ഛന്‍ മരിച്ചത്,” ഗിരീഷ് പറഞ്ഞു. ആശുപത്രിയിലെത്തിയതും ഡ്രൈവര്‍ കടന്നു കളഞ്ഞെന്നും ഗിരീഷ് ആരോപിക്കുന്നു. രാജന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ താലൂക്ക് ആശുപത്രി അധികൃതരും ആംബുലന്‍സ് ഡ്രൈവറും തള്ളി.

രാജന്റെ ബന്ധുക്കളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. “ആശുപത്രിയിലെത്തിക്കുമ്പോള്‍ രാജന്റെ ഓക്സിജന്‍ ലെവല്‍ 38 ശതമാനമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന രാജനെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വണ്ടാനത്തേക്ക് റഫര്‍ ചെയ്തത്,” ബിജു പറഞ്ഞു.

“ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്സിജൻ സൗകര്യം നൽകിയാണ് മെഡിക്കൽ കോളജിലേക്ക് അയച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചത്,” ബിജു കൂട്ടിച്ചേര്‍ത്തു. ഓക്സിജന്‍ കിട്ടാതെയല്ല രോഗി മരിച്ചതെന്നും ആംബുലന്‍സിലെ ഓക്സിജന്‍ തീര്‍ന്നിട്ടില്ലെന്നും ഡ്രൈവര്‍ ബിജോയ് അവകാശപ്പെട്ടു.

പാലക്കാട് മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളെന്ന് എഫ്.ഐ.ആര്‍. പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലയെന്നതിന് തെളിവുകളില്ല. സിപിഎമ്മിന്റെ ഭാഗമായിരുന്നു ഒരു സംഘം പ്രവര്‍ത്തകര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രാദേശികമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നത് കൊലയ്ക്ക് കാരണമായെന്നാണ് എഫ്.ഐ.ആറിലുള്ളത്.

കൊലപാതകം നടത്തിയ എട്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഷാജഹാന്റെ മൃതദേഹം പത്ത് മണിയോടെ പോസ്റ്റുമോര്‍ട്ടം ചെയ്യും. തുടര്‍ന്ന് വിലാപയാത്രയായി കൊട്ടേക്കാട്ടില്‍ എത്തിക്കും. പൊതുദര്‍ശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാവിലെ തീരുമാനമെടുക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്ത് പരിധിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

ഇന്ത്യയുടെ ദേശീയ പതാകയെ ഒരിക്കലും അംഗീകരിക്കില്ലെന്നു വാശിപിടിച്ച ആർഎസ്എസ് ഇപ്പോൾ സംഘർഷം സൃഷ്ടിക്കാൻ വേണ്ടി ആ പതാകയെ ഉപയോഗിക്കുകയാണ്. ദേശീയ പതാകയ്ക്കും അതിലെ മൂവര്‍ണത്തിനുമെതിരെ തരംതാണ അധിക്ഷേപവര്‍ഷം നടത്തിയ ചരിത്രം ആര്‍എസ്എസിനുണ്ട്.

1947 ആഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യലബ്ധിയില്‍ മതിമറക്കുമ്പോള്‍ ഹിന്ദുക്കള്‍ ദേശീയ പതാകയെ ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യില്ലെന്ന വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. അവിടം കൊണ്ടും അവര്‍ നിര്‍ത്തിയില്ല. മൂന്ന് എന്ന വാക്കുപോലും തിന്മയാണെന്നും മൂന്നു നിറമുള്ള കൊടി ഇന്ത്യാക്കാര്‍ക്കു മാനസികവിഭ്രാന്തികളുണ്ടാക്കുമെന്നും രാഷ്ട്രത്തിനതു ഹാനികരമാകുമെന്നുമൊക്കെ ആര്‍എസ്എസ് മുഖപത്രം തട്ടിവിട്ടു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കും ആര്‍എസ്എസിനുണ്ടായിരുന്നില്ല. പക്ഷേ, സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അവരുടെ കാവിക്കൊടി ഇന്ത്യയുടെ ദേശീയപതാകയാക്കണമെന്നായി വാശി. പതാകയിലെ മൂവ‍ര്‍ണം മൂന്നു മതങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്ന വ്യാഖ്യാനമാണ് എതിർപ്പിനു കാരണമായി അവർ പ്രചരിപ്പിക്കുന്നത്.

ദേശീയ പതാകയില്‍ ഓറഞ്ചു നിറം ധൈര്യത്തേയും ത്യാഗത്തെയും സൂചിപ്പിക്കുന്നുവെന്നും വെള്ള സമാധാനത്തിന്റെയും സത്യത്തിന്റെയും നിറമെന്നും പച്ച വിശ്വാസത്തിന്റെയും വീര്യത്തിന്‍റെയും നിറമെന്നുമൊക്കെയാണ് നമ്മുടെ കുട്ടികള്‍ പഠിക്കുക. എന്നാല്‍ ആര്‍എസ്എസിന്‍റെ ശാഖയില്‍ പഠിപ്പിക്കുന്നത് ഓറഞ്ചു നിറം ഹിന്ദുവിനെയും വെള്ള ക്രിസ്ത്യാനിയെയും പച്ച മുസ്ലിമിനെയും പ്രതിനിധീകരിക്കുന്നുവെന്നുമാണ്. സ്പർദ്ധയും വിദ്വേഷവും വളർത്താൻ എത്ര തരംതാണ ന്യായങ്ങളാണ് സംഘപരിവാർ നിരത്തുന്നതെന്നു നോക്കൂ.

2005ല്‍ ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും ഈ അല്‍പ്പത്തരം വിളമ്പിയിട്ടുണ്ട്. മൂവര്‍ണം ജനസംഖ്യാപരമായ അസംബന്ധമാണത്രേ. കാരണമെന്തെന്നോ? പതാകയില്‍ നിറങ്ങള്‍ മൂന്നാണല്ലോ. ആര്‍എസ്എസുകാരുടെ വ്യാഖ്യാനമനുസരിച്ച് മൂന്നും മൂന്നു മതത്തെയാണ് പ്രതിനിധീകരിക്കുന്നത്. അപ്പോല്‍ മൂന്നു നിറവും പതാകയില്‍ ഒരേ അളവാകുമ്പോള്‍ ജനസംഖ്യാപരമായി മൂന്നു മതത്തിന്‍റെയും ആള്‍ബലം തുല്യമാണ് എന്നാണത്രേ അർത്ഥം.

പക്ഷേ, ഹിന്ദുക്കള്‍ 89 ശതമാനമാണെന്നും ദേശീയപതാകയില്‍ വെള്ളയും പച്ചയും ചേരുമ്പോള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാകുമെന്നുമൊക്കെ ഓർഗനൈസർ ലേഖനം തട്ടിവിടുന്നു. ക്രിസ്ത്യാനിയും മുസ്ലിമും ചേര്‍ന്നാല്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടാകുമെന്നാണത്രേ പതാക സൂചിപ്പിക്കുന്നത്…. ഇത്തരത്തിലുള്ള ജല്‍പനങ്ങളാണ് ദേശീയ പതാകയെ സംബന്ധിച്ച് ആര്‍എസ്എസ് സ്വാതന്ത്ര്യസമരകാലം മുതല്‍ പ്രചരിപ്പിച്ചു വരുന്നത്.

ആര്‍എസ്എസിനെ സംബന്ധിച്ച് കാവിക്കൊടിയാണ് ദേശീയപതാകയാകേണ്ടത്. കാവിക്കൊടിയ്ക്കു മുമ്പില്‍ രാജ്യം തലകുനിക്കേണ്ടി വരുമെന്നായിരുന്നു സ്വാതന്ത്ര്യം പടിവാതിലെത്തി നിന്നസമയത്ത് നാഗ്പ്പൂരിലെ ഗുരുപൂര്‍ണിമാ കൂട്ടായ്മയില്‍ പ്രസംഗിക്കവെ എംഎസ് ഗോല്‍വാള്‍ക്കര്‍ ഇന്ത്യയ്ക്കു നല്‍കിയ മുന്നറിയിപ്പ്.

ഇത്തരത്തില്‍ ദേശീയപതാകയെയും മൂവര്‍ണങ്ങളെയും വല്ലാതെ അധിക്ഷേപിച്ചുവന്ന ആര്‍എസ്എസിന്റെ തലവനാണ്  മൂന്ന് നാലുവർഷം മുൻപ്  സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയത്. പൊതുവേദിയില്‍ സ്വകാര്യവ്യക്തികളോ സംഘടനാനേതാക്കളോ ദേശീയപതാക ഉയര്‍ത്തുന്ന പതിവില്ല.

1947 ഓഗസ്റ്റ് 14ന് പുറത്തിറങ്ങിയ ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസർ എഡിറ്റോറിയൽ പ്രതിപാദിച്ചത് വിധിയുടെ പിൻബലത്തിൽ മാത്രം അധികാരത്തിൽ വന്നവർ അടിച്ചേൽപ്പിക്കുന്ന ത്രിവർണ്ണ പതാക ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
ത്രിവർണ്ണത്തിലെ മൂന്ന് എന്ന് പറയുന്ന വാക്ക് തന്നെ തിന്മയാണ് മൂന്നു നിറത്തിലുള്ള പതാക ദേശീയ ദുരന്തമാണ്.

” ദേശീയ പതാക” എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് ഇത് പ്രതിപാദിച്ചത്.
ആർഎസ്എസ് നിരോധനം പിൻവലിക്കുന്നതിന് വേണ്ടി സർദാർ പട്ടേലുമായി നടത്തിയ ചർച്ചയുടെ ഉടമ്പടികളിൽ ഒന്നായി ഉയർന്ന നിബന്ധനയുടെ അടിസ്ഥാനത്തിൽ 1950 ജനുവരി 26 നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയിട്ടുണ്ട് .

എന്നാൽ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ 52 വർഷങ്ങൾക്ക് ശേഷം ആർഎസ്എസ് ദേശീയ പതാക ഉയർത്തുന്നത് 2022 ജനുവരി 26 ന് മാത്രമാണ് അതിന് തക്കതായ കാരണവുമുണ്ട്.
ആർഎസ്എസ് തലവൻ സുദർശൻ്റെ കാലഘട്ടത്തിൽ 2001 ഓഗസ്റ്റ് 15ന് ദേശീയ പതാക ഉയർത്താത്തതിൻ്റെ പേരിൽ രാഷ്ട്ര പ്രേമിയുവദൾ പ്രവർത്തകർ ആർഎസ്എസ് ആസ്ഥാനത്ത് കടന്നുകയറി ദേശീയ പതാക ഉയർത്തുകയുണ്ടായി. ദേശീയ പതാകയെ അംഗീകരിക്കാത്ത ആർഎസ്എസ് നടപടിയിൽ പ്രതിഷേധിക്കാൻ വേണ്ടിയാണ് ഇവർ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

ബാബേ മെൻദേ, രമേഷ് കലമ്പെ , ദിലീപ് ചേതാനി എന്നിവരാണ് ഇത് ചെയ്തത്.
ഇവർക്കെതിരെ നാഗ്പൂർ കോടതിയിൽ ആർഎസ്എസ് കേസ് കൊടുത്തു
ആ കേസ് 2012 വരെ തുടരുകയും ചെയ്തു.

ഇപ്പോൾ ആവേശത്തോടുകൂടി 75 സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ രംഗത്തിറങ്ങുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യമാണുള്ളത് ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ഗാന്ധിജിയുടെ കണ്ണടയും, ഖാദിയും, ത്രിവർണ്ണ പതാകയും സ്വന്തമാക്കുക അതിലൂടെ ജന മനസ്സിലേക്ക് കടക്കാനാകുമോയെന്ന പരീക്ഷണം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലാതിരുന്നവർ ഭാരതത്തിലെ ജനകോടികളുടെ മനസ്സിലേക്ക് കടന്നു കയറാൻ നടത്തുന്ന ആത്മാർത്ഥതയില്ലാത്ത ഒരു വ്യായാമം മാത്രമാണ് ഇപ്പോഴത്തെ കലാപരിപാടികൾ

76 -ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. രാജ്യത്തിന് ഇന്ന് ഐതിഹാസിക ദിനമാണ്. പുതിയ ദിശയിലേക്ക് നീങ്ങാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ച പ്രധാനമന്ത്രി എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം മീ17 ഹെലിക്കോപ്റ്ററുകള്‍ ആകാശത്ത് നിന്ന് പുഷ്പ വൃഷ്ടി നടത്തി.7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. കോവിഡ് മുന്നണി പോരാളികളും, മോര്‍ച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉള്‍പ്പെടുന്നു. സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്തുള്‍പ്പെടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഡല്‍ഹിയില്‍ മാത്രം 10,000 ത്തിലധികം പൊലീസുകാരെ വിന്യസിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്യാമറകള്‍ നിരീക്ഷണത്തിന് സ്ഥാപിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.അതേസമയം രാഷ്ട്രപതി ദ്രൗപദി മുര്‍മുവും എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.

രാജ്യത്ത് ജനാധിപത്യം കൂടുതല്‍ ശക്തമായി. ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയായി മാറി. ജനാധിപത്യത്തിന്റെ ശക്തി നാം തെളിയിച്ചു. കോവിഡ് കാലത്തടക്കം രാജ്യം സ്വയം പര്യാപ്തത നേടി. സാങ്കേതിക രംഗത്തും വലിയ നേട്ടങ്ങള്‍ കൈവരിച്ചു. രാജ്യത്തിന്റെ സാമ്പത്തികരംഗവും മെച്ചപ്പെടുകയാണെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.വെല്ലുവിളികളെ രാജ്യം വിജയകരമായി അതിജീവിക്കുന്നു. ലിംഗ വിവേചനം കുറഞ്ഞു.

ആഗോള കായിക രംഗത്തടക്കം പെണ്‍കുട്ടികള്‍ മുന്നേറുകയാണ്. വിദേശികള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച രാജ്യത്തെ നാം തിരിച്ചുപിടിച്ചു. ഇന്ന് രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ പതാക പാറുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷം നീളുന്ന വിവിധ ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു. ഏറ്റവുമൊടുവില്‍ എല്ലാ വീടുകളിലും മൂന്ന് ദിവസം ത്രിവര്‍ണ പതാക പാറിച്ച് ‘ഹര്‍ ഘര്‍ തിരങ്ക’ ആചരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

RECENT POSTS
Copyright © . All rights reserved