Latest News

കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കേസിലെ മൂന്നാംപ്രതി ലൈലയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്.

ഷാഫി തന്നോട് ഈ കൊലപാതകത്തെക്കുറിച്ച് പറഞ്ഞതായി ലൈല പൊലീസിനോട് പറഞ്ഞു. ഒരു വര്‍ഷം മുമ്പായിരുന്നു സംഭവമെന്നും ഇലന്തൂരിലെ വീട്ടില്‍വെച്ചാണ് കൊലപാതകത്തെ കുറിച്ച് ഷാഫി പറഞ്ഞതെന്നും ലൈല പറഞ്ഞു.

എറണാകുളത്താണ് കൊലപതാകം നടത്തിയത്, കൃത്യത്തിന് ശേഷം മനുഷ്യമാംസം വില്‍പ്പന നടത്തിയതായി ഷാഫി പറഞ്ഞുവെന്നും ആ സമയത്ത് തങ്ങള്‍ നരബലിയെപ്പറ്റി ആലോചിക്കുകയായിരുന്നുവെന്നും ലൈല പോലീസിനോട് പറഞ്ഞു.

ഇലന്തൂരിലെ വീടിന്റെ തിണ്ണിയിലിരുന്ന് സംസാരിക്കുമ്പോഴാണ് ഷാഫി ഇക്കാര്യം പറഞ്ഞതെന്നും ലൈല പറഞ്ഞു. അതേസമയം, ലൈലയേയും ഭഗവ്ത സിംഗിനേയും വിശ്വസിപ്പിക്കാന്‍ താന്‍ പറഞ്ഞ കളളമാണിതെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. കേസില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

പ്രസവ വേദനയ്ക്കിടയിലും തലകീഴായി മറിഞ്ഞ കാറിലെ ഡ്രൈവറെ രക്ഷിച്ച അമേരിക്കൻ സ്വദേശിനിയായ യുവതിയാണ് സോഷ്യൽമീഡിയയുടെ കൈയ്യടി നേടുന്നത്. മുപ്പതുകാരിയായ മേഗൻ വാർഫീൽഡ് ആണ് പ്രസവ വേദനയ്ക്കിടയിലും ഒരു ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയത്. മേഗനും അമ്മയും കാറിൽ സഞ്ചരിക്കുന്നതിനിടയിലാണ് അവരുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. കാര്യമായ അപകടമൊന്നും പറ്റിയില്ലെങ്കിലും ഇടിയുടെ ആഘാതത്തിൽ മേഗന് പ്രസവ വേദന അനുഭവപ്പെടാൻ തുടങ്ങി.

എന്നാൽ അതൊന്നും കാര്യമാക്കാതെ അപകടത്തെ തുടർന്നുണ്ടായ ട്രാഫിക് നിയന്ത്രിക്കാൻ ഇറങ്ങുകയായിരുന്നു അഗ്‌നിശമന സേനാംഗം കൂടിയായ മേഗൻ. ഇതിനിടയിലാണ് ഒരു കാർ തലകീഴായി മറിഞ്ഞു കിടക്കുന്നത് അവർ കണ്ടത്. കാറിലെ ഡ്രൈവറായ സ്ത്രീ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഉടനടി മറുത്ത് ചിന്തിക്കാതെ മേഗൻ അപകടത്തിൽപ്പെട്ട കാറിനരികിലേയ്ക്ക് എത്തി.

കാറിന്റെ ഗ്ലാസിനുള്ളിലൂടെ അകത്തുകയറാൻ ശ്രമിച്ചു. എന്നാൽ ആ ശ്രമം വിജയിച്ചില്ല. തുടർന്ന് കാറിന് പുറത്ത് മുട്ടുകുത്തി ഇരുന്ന് മേഗൻ കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ സുരക്ഷിതമായി ഇരുത്തി. പരിക്ക് കൂടുതൽ വഷളാകാതെ അവർക്ക് ആത്മവിശ്വാസം പകർന്ന് മേഗൻ കൂടെത്തന്നെ നിന്നു. അധികം വൈകാതെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഡ്രൈവറെ പുറത്തെടുത്തു. ഇതിന് പിന്നാലെ മേഗന് ശരീരം വിറയ്ക്കാൻ തുടങ്ങി.

പ്രസവ വേദന നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഇതോടെ അവരെ ആശുപത്രിയിലേക്ക് മാറ്റി, മണിക്കൂറുകൾക്കുള്ളിൽ മേഗൻ പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഷാർലെറ്റ് എന്നാണ് മകൾക്ക് പേര് നൽകിയത്. ‘ഞാൻ പ്രസവവുമായി ബന്ധപ്പെട്ട് അവധിയിൽ ആയിരുന്നു. ആ സമയത്ത് ഒരു ജീവൻ രക്ഷിക്കുക എന്നത് മാത്രമാണ് ആലോചിച്ചത്. ആ വേദനയ്ക്കിടയിലും അതെല്ലാം എങ്ങനെയാണ് ചെയ്തതെന്ന് എനിക്കറിയില്ല.’ മേഗൻ പറയുന്നു

സഹപാഠി നല്‍കിയ ശീതള പാനീയം കുടിച്ചതിന് പിന്നാലെ പതിനൊന്നുകാരന്‍ മരിച്ച സംഭവം കേരളക്കരയെ ഞെട്ടിച്ചിരുന്നു. കളിയിക്കാവിള മൊതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനില്‍- സോഫിയ ദമ്പതികളുടെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്.

ആസിഡ് അടങ്ങിയ ശീതളപാനീയമാണ് കുട്ടി കുടിച്ചതെന്ന് കണ്ടെത്തിയിരുന്നു. ചികിത്സയില്‍ കഴിയവെയാണ് 11കാരന്‍ മരിച്ചത്. അതേസമയം, കുട്ടിക്ക് ആരാണ് പാനീയം നല്‍കിയതെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ മൂന്നാഴ്ചയായി ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു അശ്വിന്‍. കൊല്ലങ്കോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അശ്വിന്‍. കഴിഞ്ഞ മാസം 24നാണ് സംഭവം. പരീക്ഷ കഴിഞ്ഞ് ശുചിമുറിയില്‍ പോയി മടങ്ങവെയാണ് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി അശ്വിന് പാനീയം കുടിക്കാന്‍ കൊടുത്തത്.

‘കോള’ എന്ന പേരിലാണ് പാനീയം കുടിക്കാന്‍ നല്‍കിയെന്നായിരുന്നു ആശുപത്രിയില്‍ കഴിയവെ കുട്ടി നല്‍കിയ മൊഴി. പാനീയം കുടിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതയുണ്ടാകുകയായിരുന്നു. ജ്വരബാധിതനായി അവശനിലയിലായ കുട്ടിയെ പിറ്റേന്നു നന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഛര്‍ദ്ദിയും കടുത്ത ശ്വാസം മുട്ടലിനെയും തുടര്‍ന്ന് 27ന് മറ്റൊരാശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആസിഡ് ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. അന്നനാളത്തിനും കുടലിനും പൊള്ളലേറ്റതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്.

ബലാല്‍സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രം കണ്ടെടുത്തു. ഇതിനിടെ പരാതിക്കാരിയുമായി പീഡനം നടന്ന സ്ഥലങ്ങളിലെത്തി പോലീസ് തെളിവെടുപ്പ് തുടരുകയാണ്. ഏഴ് സ്ഥലങ്ങളില്‍വച്ച് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരി പോലീസിന് നല്‍കിയ മൊഴി. അതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.

തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടന്നത്. കോവളത്തെ ഗസ്റ്റ് ഹൗസിലും ഹോട്ടലുകളിലും തെളിവെടുപ്പ് നടത്തിയിരുന്നു. തിങ്കളാഴ്ച തിരുവനന്തുപുരം പേട്ടയിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തു. അവിടെ നിന്ന് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഒരു ടീ ഷര്‍ട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബലാത്സംഗം നടന്നതായി പറയുന്ന ദിവസം പേട്ടയിലെ വീട്ടിലെത്തിയപ്പോള്‍ ഉപയോഗിച്ച വസ്ത്രമെന്ന നിലയിലാണ് ടീ ഷര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

ഇന്ന് പെരുമ്പാവൂരിലെ എംഎല്‍എയുടെ വീട്ടിലും തെളിവെടുപ്പ് നടക്കും. വീട്ടില്‍വച്ചും പീഡനത്തിന് ഇരയായതായി പരാതിയില്‍ പറയുന്നുണ്ട്. ബലാത്സംഗക്കേസിലെ പരാതിക്കാരിയുമായി തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് പെരുമ്പാവൂരിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്. ബലാത്സംഗം നടന്നുവെന്ന് പറയുന്ന സ്ഥലങ്ങളിലെല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തും. അതിന്റെ ഭാഗമായാണ് പെരുമ്പാവൂരില്‍ എത്തിക്കുന്നത്.

ഇതിനിടെ എട്ടാം ദിനവും ഒളിവില്‍ കഴിയുന്ന എല്‍ദോസിന്റെ ഒളിസ്ഥലം അന്വേഷണം സംഘത്തിന് കണ്ടെത്താനായിട്ടില്ല. എംഎല്‍എ ഒളിവിലാണെന്നും വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെന്നും മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനിടെ, തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും എല്‍ദോസ് കുന്നപ്പിള്ളി എത്തിയില്ല.

സോമർസെറ്റ്: യുകെ സോമർസെറ്റ് ടോണ്ടനിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ആദ്യ വിശുദ്ധ കുർബാന യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.

നൂറിൽപ്പരം വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് ടോണ്ടനിലെ സെന്റ് മൈക്കിൾസ് ചർച്ചിൽ വച്ചു വിശുദ്ധ കുർബാന നടന്നത്. നവംബർ 5 ന് പരുമല പെരുന്നാളിനോട് അനുബന്ധിച്ചുള്ള വിശുദ്ധ കുർബാന രാവിലെ 10 ന് ആരംഭിക്കുന്നതാണ്.

Church Address & Post Code:-

St Thomas IOC,
St Michaels Church, Pitts Close, Taunton, Somerset, TA1 4TP
Email: [email protected]

കൂടുതൽ വിവരങ്ങൾക്ക്:-

•ഫാ ഗീവർഗീസ് ജേക്കബ് തരകൻ(വികാരി)
+447469601922

•റോയി കോശി(ട്രസ്റ്റി)
+447931446215

•ബിജു കുളങ്ങര(സെക്രട്ടറി)
+447825925893

ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ വന്‍ വഴിത്തിരിവ്. ഇരകളുടെ അവയവങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചതായി സംശയം. മൃതദേഹത്തില്‍ വൃക്കയും കരളും ഉണ്ടായിരുന്നില്ല എന്ന കണ്ടെത്തലാണ് ഈ സംശയത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട റോസ്‌ലിയുടെ ശരീരത്തിലാണ് വൃക്കയും കരഴിം ഇല്ലാത്തത്. മസ്തിഷ്‌കം രണ്ടായി മുറിച്ചെന്നും കണ്ടെത്തി. കൊലയ്ക്ക് ശേഷം ഏറെ നേരം വൈകിയാണ് മൃതദേഹം മറവ് ചെയ്തത്.

പ്രതികള്‍നരഭോജനം നടത്തിയെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു. ലൈല ഒഴികെ രണ്ടു പ്രതികളും മനുഷ്യമാംസം കഴിച്ചു. അന്വേഷണ സംഘത്തോട് പ്രതികള്‍ ഇക്കാര്യം സമ്മതിച്ചു. പ്രഷര്‍ കുക്കറിലാണ് പാചകം ചെയ്ത് കഴിച്ചത്.

10 കിലോഗ്രാം മനുഷ്യ മാംസം പ്രതികള്‍ ഫ്രീസറില്‍ സൂക്ഷിച്ചു. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. ഫ്രിഡ്ജിലെ ഫ്രീസറില്‍ സൂക്ഷിച്ച മാംസം പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റി.

ഇരട്ട നരബലി നടന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. ഫ്രിഡ്ജിനുള്ളില്‍ രക്തകറയുണ്ട്. ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും കണ്ടെത്തി.തിരുമ്മല്‍ കേന്ദ്രത്തില്‍വച്ചാണു മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയത്. കൊലയ്ക്ക് ശേഷം മുഹമ്മദ് ഷാഫി പുറത്തുപോയിരുന്നു. മാംസം വേവിച്ച പാത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കിടെ പ്രതികള്‍ പൊലീസിനു ചൂണ്ടിക്കാട്ടി.

തെന്നിന്ത്യന്‍ താരദമ്പതികളായ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റേയും ഇരട്ടകുട്ടികളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കുഞ്ഞുങ്ങളെ പ്രസവിച്ചത് മലയാളിയായ നയന്‍സിന്റെ ബന്ധുവാണെന്നാണ് സൂചന.

താരത്തിന്റെ ദുബായിലെ ബിസിനസ് നോക്കി നടത്തുന്ന ഇവര്‍ വാടക ഗര്‍ഭധാരണത്തിനു തയാറായെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ, വാടകഗര്‍ഭധാരണം സംബന്ധിച്ച വിവാദങ്ങള്‍ക്കു മറുപടിയായി ഇരുവരും തമിഴ്‌നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നല്‍കിയിരുന്നു.

തങ്ങളിരുവരും ആറ് വര്‍ഷം മുന്‍പേ വിവാഹിതരായതാണെന്നും കഴിഞ്ഞ ഡിസംബറില്‍ തന്നെ വാടകഗര്‍ഭധാരണ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നുമാണ് നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും തമിഴ്‌നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നല്‍കിയത്.

അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ 9നു നടന്ന വിപുലമായ ചടങ്ങില്‍ താരങ്ങള്‍ വിവാഹിതരായത് വാര്‍ത്തയായിരുന്നു, എന്നാല്‍, 2016ല്‍ തന്നെ കല്യാണം കഴിഞ്ഞിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഇക്കൊല്ലം നിലവില്‍ വന്ന നിയമഭേദഗതി ജൂണ്‍ 22നാണു വിജ്ഞാപനം ചെയ്തതും പ്രാബല്യത്തിലായതും. അതിനു മുന്‍പേ വാടകഗര്‍ഭധാരണ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഇതു ബാധകമാകില്ലെന്നാണ് ഇവരുടെവാദം.

വിശ്വാസത്തിന്റെ പേരില്‍ ആളുകളെ കബളിപ്പിച്ച് പണം തട്ടിയ മന്ത്രവാദി പോലീസ് പിടിയില്‍. പത്തനംതിട്ട ജില്ലയിലെ ഐരവണിലാണ് സംഭവം. മാടത്തേത്ത് വീട്ടില്‍ ബാലനെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കുടുംബശ്രീ പ്രവര്‍ത്തകരുടെ പരാതിയിലാണ് അറസ്റ്റ്. പൊലീസ് ഇന്‍സ്പെക്ടര്‍ ആര്‍ രതീഷിന്റെ നേതൃത്വത്തിലാണ് മന്ത്രവാദിയെ പിടികൂടിയത്.നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെ നാട്ടുകാരില്‍ നിന്നും ഉയര്‍ന്നത്. കാന്‍സര്‍ രോഗിയില്‍ നിന്ന് പൂജയുടെ പേരില്‍ നാല് ലക്ഷം രൂപ തട്ടിയെന്ന പരാതിയുണ്ട്.

ഇയാളുടെ വീട്ടില്‍ രാത്രിയിലും പകലുമായി അപരിചിതര്‍ വന്നു പോകുന്ന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പരാതി നല്‍കിയത്. കൂടാതെ രണ്ടാഴ്ച മുന്‍പ് പ്രദേശവാസിയായ സ്ത്രീയെകുറിച്ച് അപവാദം പറഞ്ഞ സംഭവുമായി ബന്ധപ്പെട്ട് കുടുംബശ്രീയും പഞ്ചായത്തംഗവും ഇടപ്പെട്ടിരുന്നു.

 

 

ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതികള്‍ കൂടുതല്‍ പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ജോലിക്കെന്ന പേരില്‍ ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ച യുവതി തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്. ഭയന്ന് വിറച്ച നിലയിലാണ് യുവതി തന്നെ വിളിച്ചതെന്ന് രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ പറയുന്നു. എത്രയും പെട്ടെന്ന് വന്ന് രക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അവര്‍ ആകെ ഭയന്ന് വിറച്ച നിലയിലായിരുന്നുവെന്നും വലംചൂഴി സ്വദേശിയായ ഓട്ടോഡ്രൈവര്‍ പറഞ്ഞു.

സംഭവദിവസം ഓട്ടത്തിനായി സ്റ്റാന്‍ഡില്‍ കിടക്കുമ്പോഴാണ് യുവതി തന്നെ ഫോണില്‍ വിളിച്ചത്. ഇലന്തൂരിലെ ഒരു വീട്ടില്‍ നില്‍ക്കുകയാണ് എത്രയും പെട്ടെന്ന് വന്ന് രക്ഷിക്കണമെന്നും പറഞ്ഞു. ഇലന്തൂരില്‍ അവര്‍ നില്‍ക്കുന്ന കൃത്യമായ സ്ഥലം പറഞ്ഞ് തരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ സ്ഥലം പറഞ്ഞു തന്നു. അങ്ങനെ അവിടെ പോയി അവരെ ഓട്ടോയില്‍ കയറ്റുകയായിരുന്നു. ഓട്ടോ കുറച്ചുദൂരം മുന്നോട്ട് പോയി കഴിഞ്ഞാണ് അവര്‍ കാര്യം പറഞ്ഞത്. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചെന്നും കൈകാലുകള്‍ കെട്ടിയിട്ടെന്നുമെല്ലാം പറഞ്ഞു. അത് കേട്ടപ്പോള്‍ പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ മാനം പോകുന്ന സംഭവമാകുമെന്ന് പറഞ്ഞ് കേസ് കൊടുക്കണ്ടെന്നാണ് അവര്‍ പറഞ്ഞത്. എത്രയും പെട്ടെന്ന് താമസിക്കുന്ന സ്ഥലത്ത് കൊണ്ടുപോയാക്കാനും ആവശ്യപ്പെട്ടുവെന്നും ഓട്ടോ ഡ്രൈവര്‍ പ്രതികരിച്ചു.

ആകെ ഭയന്ന് വിറച്ച നിലയിലായിരുന്നു അവര്‍. താന്‍ നടന്നാണ് വന്നിരുന്നതെങ്കില്‍ വെള്ള സ്‌കോര്‍പ്പിയോ വണ്ടിയിടിച്ച് അവര്‍ കൊല്ലുമായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. യുവതിയെ കൂട്ടാന്‍ അവിടെയെത്തിയപ്പോള്‍ ഒരു സ്ത്രീയെ കണ്ടിരുന്നു. അത് ലൈലയാണെന്നാണ് തോന്നുന്നത്. സംഭവത്തെ കുറിച്ച് ആരോടും പറയണ്ടെന്ന് യുവതി ആവശ്യപ്പെട്ടു. അതുകൊണ്ട് ആരോടും പറഞ്ഞില്ല. അവരുടെ കുടുംബപശ്ചാത്തലത്തെ കുറിച്ച് ഒന്നും അറിയില്ല. ലോട്ടറി കച്ചവടം കഴിഞ്ഞ് തന്റെ ഓട്ടോയിലാണ് അവര്‍ താമസസ്ഥലത്തേക്ക് പോകുന്നത്. ആ ഒരു പരിചയമേ യുവതിയുമായി തനിക്കുള്ളൂ എന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

പത്തനംതിട്ട സ്വദേശിനിയായ യുവതി ആഴ്ചകള്‍ക്ക് മുമ്പാണ് ജോലിക്കായി വിദേശത്തേക്ക് പോയത്. പത്തനംതിട്ടയില്‍ വെച്ചാണ് ഷാഫി യുവതിയെ പരിചയപ്പെട്ടത്. ഇവരുടെ കൈവശമുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകള്‍ മുഴുവന്‍ ഒരുമിച്ച വാങ്ങിയായിരുന്നു സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് തിരുമ്മല്‍ കേന്ദ്രത്തില്‍ ജോലിക്ക് അവസമുണ്ടെന്ന് ബോധ്യപ്പെടുത്തി ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും വീട്ടിലെത്തിച്ചു. മാസം 18,000 രൂപ ശമ്പളമുണ്ടെന്നായിരുന്നു പറഞ്ഞത്. ആദ്യദിവസം 1000 രൂപ പ്രതിഫലമായി നല്‍കി.

രണ്ടാം ദിവസം ജോലി കഴിഞ്ഞ് പോകാനൊരുങ്ങവെ ലൈലയും ഭര്‍ത്താവും ചേര്‍ന്ന് യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചു. അകത്ത് കയറിയപ്പോള്‍ ബലം പ്രയോഗിച്ച് കട്ടിലില്‍ കെട്ടിയിടാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യ കൈകള്‍ കെട്ടിയിട്ടു. തുടര്‍ന്ന കാലുകള്‍ കെട്ടാന്‍ ശ്രമിക്കവെ കയ്യിലെ കെട്ടഴിച്ച യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ യുവതിയെ ഷാഫി മര്‍ദ്ദിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരന്നു. രക്ഷപ്പെട്ട് വീടിന് പുറത്തിറങ്ങിയ യുവതിയെ ലൈല അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ യുവതി പരിചയക്കാരനായ ഒട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

എറണാകുളം അങ്കമാലിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു.മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ് മരിച്ചത്. 38 വയസായിരുന്നു.

രാവിലെ 5.45 ഓടെ അങ്കമാലി കെഎസ്ആ‍ര്‍ടിസി ബസ് സ്റ്റാൻഡിന് മുൻ വശത്തായിരുന്നു അപകടം. സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ചില്ല് തകര്‍ന്ന് പിൻവശത്തിരുന്ന യാത്രക്കാരിയായ സെലീന ഷാഫി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സെലീനയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗദിയിൽ നിന്നും ഇന്നലെ രാത്രിയോടെ മടങ്ങിയെത്തിയ സെലീന ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് അപകടത്തിനിരയായി മരിച്ചത്.

ബെംഗളൂരുവിൽ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസും കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോ ഫ്ളോര്‍ ബസുമാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിൽ മലപ്പുറത്തേക്കുള്ള യാത്രയിലേക്കായിരുന്നു സെലീന. ബസിൽ ഒപ്പമുണ്ടായിരുന്ന സെലീനയുടെ ബന്ധുവിന് അപകടം നേരിൽ കണ്ടതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

RECENT POSTS
Copyright © . All rights reserved