Latest News

ലൂക്കോസ്  അലക്സ്

ഉഴവിന്റെ നാടായ ഉഴവൂരിൽ നിന്നും ഉന്നത പഠനത്തിനും ഉന്നത ജീവിത നിലവാരത്തിനുമായി യുകെയുടെ നാനാഭാഗങ്ങളിൽ പതിറ്റാണ്ടുകളായി കുടിയേറിയ വരും. ഇന്നലെകളിൽ കുടിയേറിയവരുമായ ഉഴവൂർകാരുടെ സ്നേഹ സംഗമത്തിന്റെ മാമാങ്കമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കെറ്ററിങ്ങിൽ അരങ്ങേറിയത്.

2019- കൊവൻറി ഉഴവൂർ സംഗമത്തിനുശേഷം കോവിഡ് മഹാമാരി മൂലം പലതവണ മാറ്റിവെച്ച് ഏകദേശം 40,000 പൗണ്ട് ചെലവിൽ കെറ്ററിങ്ങിൽ അരങ്ങേറിയപ്പോൾ ഉഴവൂർ സംഗമത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും പ്രൗഢഗംഭീരമായ ഒരു സംഗമ വേദിയായിരുന്നു ഈ വർഷത്തെ ഉഴവൂർ സംഗമം.

പഴയ കളിക്കൂട്ടുകാരെയും സഹപാഠികളെയും അയൽക്കാരെയും വളരെ നാൾ കൂടി ഒരുമിച്ച് കണ്ടപ്പോളുള്ള കൗതുകവും സ്നേഹവും പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു. ശൈശവത്തിൽ നിന്നും കൗമാരത്തിലേക്കും കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കും, യൗവനത്തിൽ നിന്ന് വാർദ്ധക്യത്തിലേക്കുമുള്ള പലരുടെയും പരിണാമം കൗതുകപൂർവ്വം വീക്ഷിക്കാനും ഈ സംഗമം വേദിയായി.

വെള്ളിയാഴ്ച്ച വൈകിട്ട് ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണിസ് സ്റ്റീഫൻ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു.

ശനിയാഴ്ച രാവിലെ വടംവലി മത്സരത്തിനുശേഷം ഉഴവൂരിൽ നിന്നുള്ള മാതാപിതാക്കൾ ഭദ്രദീപം തെളിച്ച് പൊതുസമ്മേളനവും കലാപരിപാടികളും ഉദ്ഘാടനം ചെയ്തു. ഉഴവൂർ ഗ്രാമത്തിൻറെ തിളങ്ങുന്ന ഓർമ്മകൾ അയവിറക്കി കുട്ടികളും മുതിർന്നവരും അണിയിച്ചൊരുക്കിയ കലാകായിക മത്സരങ്ങൾ ഏവർക്കും ആവേശവും ആനന്ദവും പകർന്നു. കലാഭവൻ നൈസിന്റെ ശിക്ഷണത്തിനുള്ള വെൽക്കം ഡാൻസും, പ്രോഗ്രാം അവതാരകരായി എത്തിയ മനോജും ഷിൻസനും അരങ്ങ് തകർത്തു. ഹൈടെക് ദൃശ്യ മാധ്യമവും ഹൈടെക് സൗണ്ട് സിസ്റ്റവും ഡിജെ നൈറ്റിനും ഗാനമേളക്കും എല്ലാ പ്രോഗ്രാമുകൾക്കും മികവേകി.


കേരളക്കരയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണീസ് പി സ്റ്റീഫൻ, ഉഴവൂർ പഞ്ചായത്ത് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീമാൻ തങ്കച്ചൻ കെ എം, ഫാദർ മനു കോന്തനാനിക്കൽ എന്നിവർ യുകെ ഉഴവൂർ സംഗമത്തിന് അണിനിരന്നപ്പോൾ ഉഴവൂർ സംഗമത്തിന് വീണ്ടും ഉണർവ് പകർന്നു. അളിയൻമാരുടെ പ്രതിനിധിയായി ശ്രീ ബെന്നി മാവേലിൽ തദവസരത്തിൽ ഏവർക്കും ആശംസകൾ നേർന്നു.

നല്ല താമസസൗകര്യവും, വിഭവസമൃദ്ധമായ ഭക്ഷണവും, കലാകായിക മേളയും, എല്ലാം ഒത്തുചേർന്നപ്പോൾ ഈ വർഷത്തെ ഉഴവൂർ സംഗമം മറക്കാനാവാത്ത ഒരു അനുഭവമായി പങ്കെടുത്ത എല്ലാവരുടെയും ഓർമ്മയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.

പ്രവാസി സംഗമങ്ങളുടെ സംഗമം എന്ന് വിശേഷിപ്പിക്കുന്ന ഉഴവൂർ സംഗമത്തിന്റെ ഈ വർഷത്തെ ചീഫ് കോഡിനേറ്റർ ശ്രീ.ബിജു തോമസ് കൊച്ചികുന്നേലിന്റേയും, ചെയർമാൻ ജോസ് വടക്കേക്കരയുടെയും, കോഡിനേറ്റേഴ്സ് ആയ ബിനു മുടീക്കുന്നേൽ, സ്റ്റീഫൻ തറയ്ക്കനാൽ, ഷിൻസൺ വഞ്ചിത്താനം, ജോമി കിഴക്കേപുറം, അജോ ജോസഫ് കാട്ടിൽ എന്നിവരും ഏരിയ കോഡിനേറ്റേഴ്സ് ആയ മനോജ് ആലക്കൽ, ലൂക്കോസ് താഴത്തുകണ്ടത്തിൽ, ലോബോ വെട്ടുകല്ലേൽ, ജോണി മലേമുണ്ടക്കൽ, സ്റ്റീഫൻ തെരുവത്ത്, ഷിൻസൺ കവുങ്ങുംപാറയിൽ, സ്റ്റീഫൻ കല്ലടയിൽ, സിബു കളരിക്കൽ, മാത്യു സ്റ്റീഫൻ കുന്നപള്ളിയിൽ, സോണിസ് അനാലിപാറ എന്നിവരുടെയും മൂന്നുവർഷത്തെ പ്രയത്നത്തിന്റെ സാക്ഷാത്കാരമാണ് ഈ വർഷത്തെ കെറ്ററിംഗിലെ ഉഴവൂർ സംഗമം.

2023ലെ ഉഴവൂർ സംഗമം ഇതിലും കെങ്കേമമായി കൊണ്ടാടുവാൻ ഷെഫീൽഡിലെ ഉഴവൂർ കൂട്ടുകാർക്ക് കഴിയട്ടെ എന്ന് ആശംസിച്ച് കൊണ്ട് ഞായറാഴ്ച ഉച്ചയോടെ എല്ലാവരും പിരിഞ്ഞു.

 

യുഎഇയിലെ ഫുജൈറയിലുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ രാമന്തളി സ്വദേശി എം.എന്‍.പി. ജലീല്‍ (43), പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്.

ദുബായ് റോഡില്‍ മലീഹ ഹൈവേയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിനിടയാക്കിയത്. ഫുജൈറ കേന്ദ്രീകരിച്ച് ഫാന്‍സി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ജലീലും സുബൈറും. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നു.

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് പതിനയ്യായിരത്തോളം താറാവുകളെ കൊന്നു. ഇനിയും പതിനായിരത്തോളം താറാവുകളെ കൊല്ലാനുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് അടങ്ങുന്ന അപ്പര്‍ കുട്ടനാട് മേഖലയിലാണ് താറാവുകളെ കൂട്ടത്തോടെ കൊന്ന് കത്തിച്ചത്.

പക്ഷിപ്പനി പകരുന്നത് പഠിക്കാനായി വിദഗ്ധ സംഘം ഉടന്‍ ആലപ്പുഴയിലെത്തും . ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബര്‍കുലോസിസ് ആന്‍ഡ് റെസ്പിറേറ്ററി ഡിസീസസ്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങുന്നതാണ് സംഘം. ബാംഗ്‌ളൂരിലെ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ റീജിയണല്‍ ഓഫീസിലെ സീനിയര്‍ ആര്‍ഡി ഡോ. രാജേഷ് കെദാമണിയാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞവര്‍ഷവും ഇതേ സമയത്ത് ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥീരീകരിച്ചിരുന്നു. ക്രിസ്തുമസ് കാലമടുത്തതോടെ താറാവുകളെ കൂട്ടത്തോടെ കൊല്ലേണ്ട സ്ഥിതിവിശേഷമുണ്ടായത് കര്‍ഷകരെ ആശങ്കയിലാഴ്തിയുട്ടുണ്ട്.

റോഡില്‍ പരുക്കേറ്റ് കിടന്നയാളെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം ചാക്കയില്‍ വെച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് അതുവഴിയെത്തിയ മന്ത്രി അടിയന്തിര സഹായം ലഭ്യമാക്കിയത്.

വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.ദേശീയപാതയില്‍ ചാക്കയില്‍ അജ്ഞാത വാഹനം തട്ടി റോഡില്‍ കിടന്ന മധ്യവയസ്‌കനാണ് മന്ത്രി രക്ഷകനായത്. അപകടം കണ്ട് മന്ത്രിയുടെ വാഹന വ്യൂഹം നിര്‍ത്തി.

ആക്കുളം ടൂറിസ്റ്റ് വില്ലേജ് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് മന്ത്രി ഈ കാഴ്ച കണ്ടത്. സാരമായ പരുക്കേറ്റ് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന അവസ്ഥയിലായിരുന്നു മധ്യവയസ്‌കന്‍. ഉടന്‍ വാഹനം നിര്‍ത്തി ഒപ്പം ഉണ്ടായിരുന്ന പോലീസ് കാറില്‍ പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിക്ക് എസ്‌കോര്‍ട്ട് വന്ന വാഹനത്തിലാണ് പരിക്കേറ്റയാളെ കൊണ്ടുപോയത്.

ഇയാളെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. മന്ത്രിയുടെ രക്ഷാ പ്രവര്‍ത്തന വീഡിയോയില്‍ ‘നീല ബലേനോ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയി’ എന്ന് പറയുന്നത് കേള്‍ക്കാം. പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തിടുക്കത്തില്‍ മന്ത്രി സ്റ്റാഫിനോട് ദേഷ്യപ്പെടുകയും ചെയ്തു.

‘വണ്ടി വേഗം എടുക്കാന്‍ പറ, അയാളെന്താ കളിക്കുന്നേ. വണ്ടി റിവേഴ്സെടുക്കാന്‍ പറ.’ പരുക്കേറ്റ ആളുടെ സമീപത്ത് ചെന്ന് ആശ്വസിപ്പിക്കാനും മന്ത്രി ശ്രമിച്ചു, ‘ഒന്നും പേടിക്കേണ്ട. സെയ്ഫാണ്. കണ്ണാടിയൊന്നും നോക്കണ്ടാ,’ മന്ത്രി റിയാസ് പറഞ്ഞു. പരുക്കേറ്റയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.

കാഴ്ച എന്ന് പേരിട്ടിരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് മലയാള മനോരമ വിക്ടർ ജോർജ് ഫോട്ടോഗ്രാഫി മത്സരത്തിൽ സമ്മാന ജേതാവും മലയാള സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറുമായ ജെറിൻ ഡാനിയേൽ ആണ് . ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും ഫോട്ടോഗ്രാഫി ഒരു തപസ്യയായി കൊണ്ട് നടക്കുന്ന ജെറിനെ തേടി വന്നിട്ടുണ്ട് .

ജെറിൻറെ ക്യാമറ ഒപ്പിയെടുത്ത അസുലഭ മുഹൂർത്തങ്ങളാണ് കാഴ്ചയ്ക്ക് നിദാനം. എല്ലാ ശനിയാഴ്ചയുമാണ് കാഴ്ച വായനക്കാരിലേയ്ക്കെത്തുന്നത്.

തന്റെ പേരില്‍ വരുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് നടി ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ തന്റെത് എന്ന പേരില്‍ കറങ്ങി നടക്കുന്ന പ്രസ്താവന കണ്ടപ്പോള്‍ ഷോക്ക് ആയിപ്പോയി എന്നാണ് ഹണി റോസ് പറയുന്നത്. ലാല്‍ സാറിന് ഇതുകൊണ്ട് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാകും എന്നാണ് താന്‍ ചിന്തിച്ചിരുന്നത് എന്നാണ് ഹണി പറയുന്നത്.

”ലാല്‍ സാര്‍ എന്റെ ജീവിതത്തില്‍ പല ഘട്ടങ്ങളിലും ഒരു കൈതാങ്ങ് ആയിരുന്നു” എന്ന് താന്‍ പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടു. ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ ആരൊക്കെയോ തനിക്ക് ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അയയ്ക്കുകയാണ്. ഇത് കണ്ട് ഷോക്കില്‍ ആയിപ്പോയി.

ഇങ്ങനെ ഒരു സ്റ്റേറ്റ്‌മെന്റ് താന്‍ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു സാഹചര്യവും തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഇതൊക്കെ ആര് ഉണ്ടാക്കി വിടുന്നു എന്നറിയില്ല. ഒരുപാടു കഷ്ടപ്പെട്ടും പ്രയത്‌നിച്ചുമാണ് ഇവിടെ വരെ എത്തി സ്വന്തം കാലില്‍ നില്‍ക്കുന്നത്.

അതുപോലെ തന്നെ താന്‍ ഏറെ ബഹുമാനിക്കുന്ന ലാല്‍ സാറിനെ പോലെ ഒരാളിന് ഈ പ്രസ്താവന കൊണ്ട് എന്തുമാത്രം ബുദ്ധിമുട്ട് ഉണ്ടാകും എന്ന ചിന്തയും തന്നെ വിഷമിപ്പിച്ചു. ഈ കുട്ടി എന്താണ് പറയുന്നതെന്ന്, ഈ വാര്‍ത്ത കാണുമ്പോള്‍ അദ്ദേഹം കരുതില്ലേ. ഇതിനെതിരെ പരാതി കൊടുക്കാം എന്നാണ് ആദ്യം കരുതിയത്.

പിന്നെ ലാല്‍ സര്‍ കൂടി ഉള്‍പ്പെടുന്ന കാര്യമായത് കൊണ്ട് ആ ചിന്ത ഉപേക്ഷിച്ചു. അദ്ദേഹത്തിന് ഒരു മെസ്സേജ് അയച്ചു, ”സര്‍ ഇങ്ങനെ ഒരു വാര്‍ത്ത വരുന്നുണ്ട്. പക്ഷേ ഞാന്‍ അങ്ങനെ പറഞ്ഞിട്ടേ ഇല്ല, ഞാന്‍ അറിഞ്ഞിട്ടുകൂടി ഇല്ല” എന്ന്. ‘അത് വിട്ടേക്കൂ കുട്ടി, ഇതൊക്കെ പാര്‍ട്ട് ഓഫ് ദ് ഗെയിം ആണ്, ഇതൊന്നും ശ്രദ്ധിക്കാന്‍ പോകേണ്ട” എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതുപോലെ എത്ര വാര്‍ത്തകള്‍ കണ്ടു മടുത്ത വ്യക്തിയായിരിക്കും അദ്ദേഹം. എന്നെ ഒരുപാടു വിഷമിപ്പിച്ച ഒരു കാര്യമാണ് അത്. സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ പോലും അതിനടിയില്‍ വന്നു ഈ കമന്റ് ഇടുന്ന ആളുകളുണ്ട് എന്നും ഹണി റോസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചങ്ങനാശേരി കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു. കറുകച്ചാൽ പൊലീസ് സ്റ്റേഷന്‌ മുന്നിലാണ് സംഭവം. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയ്ക്കാണ് കുത്തേറ്റത്. പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിറ്റിലെടുത്തു.

സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിലെത്തിയതായിരുന്നു പെൺകുട്ടി. ഇതിനിടയിൽ കയ്യിൽ കരുതിയ കത്തിയുമായെത്തിയ അഖിൽ പെൺകുട്ടിയെ കുത്തി. ഇടത് കൈ തണ്ടയിലാണ് കുത്തേറ്റത്. തുടർന്ന് പെൺകുട്ടി പ്രാണരക്ഷാർത്ഥം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഓടി കയറിയാണ് ജീവൻ രക്ഷിച്ചത്.

തുടർന്ന് പൊലീസ് തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കണ്ണൂര്‍ പാനൂരില്‍ കാമുകന്‍ കൊല്ലപ്പെടുത്തിയ വിഷ്ണുപ്രിയയുടെ അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. കുസാറ്റ് പോളിമര്‍ ആന്റ് റബ്ബര്‍ ടെക്‌നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് വിവാദത്തിലായത്.

‘അവള്‍ തേച്ചു അവന്‍ ഒട്ടിച്ചു’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. അധ്യാപകന്റേത് ലജ്ജാവഹമായ സമീപനമെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അധ്യാപകന്‍ മാപ്പ് പറയണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

ഇതിനിടെ വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാം ജിത്തിനെ നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായിട്ടാണ് പോലീസിന്റെ ഈ ആവശ്യം. പ്രതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് നടത്തും.

അതിനായിട്ടാണ് പോലീസ് കസ്റ്റഡി അപേക്ഷ കൊടുത്തിട്ടുള്ളത്. ഇന്ന് അപേക്ഷ പരിഗണിക്കും.ഇവര്‍ തമ്മില്‍ എത്ര വര്‍ഷത്തെ പരിചയമുണ്ടായിരുന്നു, എപ്പോള്‍ മുതലാണ് ശ്യാംജിത്തിന്റെ മനസ്സില്‍ പക തോന്നിത്തുടങ്ങിയത്, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്തും. ഒപ്പം മറ്റ് ശാസ്ത്രീയ തെളിവുകളെല്ലാം ശേഖരിക്കും. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ സാക്ഷിയാക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. അയാളെ ഇവിടെക്ക് എത്തിക്കാനുള്ള നടപടികളെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്.

അയല്‍വാസികളെയും സാക്ഷിയാക്കാനാണ് ആലോചന. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. മാതൃകപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്ന രീതിയിലേക്ക് എത്താനാണ് പോലീസ് നീക്കം.

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ വേര്‍പാടില്‍ വിവിധ നേതാക്കള്‍ അനുശോചിച്ചു. ഊര്‍ജസ്വലനായ നേതാവിനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നഷ്ടമായത് ഭാവി വാഗ്ദാനത്തെയാണെന്ന് എ കെ ആന്റണി പ്രതികരിച്ചു.

നിസ്വാര്‍ഥമായ പ്രവര്‍ത്തന ശൈലിയായിരുന്നു സതീശന്‍ പാച്ചേനിയുടെതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അനുസ്മരിച്ചു. ഏറെ അടുപ്പമുണ്ടായിരുന്ന നേതാവെന്ന് പി ജയരാജന്‍. പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ള നേതാവായിരുന്നു പാച്ചേനിയെന്ന് വി ടി ബല്‍റാം പറഞ്ഞു.

മസ്തിഷ്‌കാഘാതം സംഭവിച്ച് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍ കുഴഞ്ഞുവീണ സതീശന്‍ പാച്ചേനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

കെഎസ്‌യുവിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്. സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പാച്ചേനി 1999 ല്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷനായിരുന്നു. പിന്നീട് കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

എന്നാല്‍ സതീശന്‍ പാച്ചേനിക്ക് പക്ഷേ തിരഞ്ഞെടുപ്പുകളിലെ വിജയം അന്യമായിരുന്നു. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുള്ള അദ്ദേഹം നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്.

ഉണ്ണി മുകുന്ദന്‍ ചിത്രം തിയേറ്ററുകളില്‍ മികച്ച വിജയം നേടുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത സിനിമയാണ് നിര്‍മിച്ച മേപ്പടിയാന്‍. ഈ സിനിമ പുറത്തിറങ്ങി ഒരു വര്‍ഷത്തോട് അടുക്കുമ്പോള്‍ തനിക്കൊപ്പം ഈ വിജയത്തിനായി പ്രവര്‍ത്തിച്ച സംവിധായകന്‍ വിഷ്ണു മോഹന് ഏറ്റവും മികച്ച സമ്മാനം നല്‍കി ആദരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

ഇന്ത്യയിലെ ആഡംബര വാഹനങ്ങളില്‍ മുന്‍നിര മോഡലായ മെര്‍സിഡസ് ബെന്‍സ് ജിഎല്‍എ 200 ആണ് ഉണ്ണി മുകുന്ദന്‍ തന്റെ വിജയ സംവിധായകന് സമ്മാനമായി നല്‍കിയിരിക്കുന്നത്. ബെന്‍സിന്റെ എസ് യു വി നിരയിലെ കുഞ്ഞന്‍ മോഡലാണ് ജിഎല്‍എ 200. കേരളത്തിലെ മുന്‍നിര പ്രീഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ റോയല്‍ ഡ്രൈവില്‍ നിന്നാണ് ഉണ്ണി മുകുന്ദന്‍ ഈ വാഹനം വിഷ്ണു മോഹനായി തെരഞ്ഞെടുത്തത്. സുഹൃത്തുകള്‍ക്കൊപ്പം എത്തിയാണ് വാഹനം ഏറ്റുവാങ്ങിയത്.

ഉണ്ണി മുകുന്ദന്‍- വിഷ്ണു മോഹന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സിനിമയ്ക്ക് ഇന്ത്യക്ക് അകത്തും പുറത്തുമായി ലഭിച്ച നേട്ടങ്ങള്‍ ഒരോന്നായി കുറിച്ചതിനൊപ്പമാണ് വാഹനം കൈമാറുന്നതിന്റെ ചിത്രവും പങ്കുവെച്ചിരിക്കുന്നത്. ഇത് വളരെ വൈകിയാണ് നിങ്ങളുടെ കൈയില്‍ എത്തുന്നത്. ഇത് കേവലം എന്റെ സമ്മാനമല്ല, നിങ്ങള്‍ ഇത് അര്‍ഹിക്കുന്നു. എന്നിങ്ങനെയുള്ള അഭിനന്ദന കുറിപ്പോടെയാണ് ഉണ്ണി മുകുന്ദന്‍ വാഹനത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പെട്രോള്‍-ഡീസല്‍ എഞ്ചിനുകളില്‍ എത്തുന്ന വാഹനമാണ് മെഴ്സിഡീസ് ബെന്‍സ് ജി.എല്‍.എ. 200. 2.1 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്നീ എഞ്ചിനുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിരുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിരുന്നത്. ഡീസല്‍ എന്‍ജിന്‍ മോഡലിന് 30 ലക്ഷം രൂപ മുതല്‍ 38.50 ലക്ഷം രൂപ വരെയും പെട്രോള്‍ മോഡലിന് 34.20 ലക്ഷം രൂപ മുതല്‍ 36 ലക്ഷം രൂപ വരെയുമായിരുന്നു എക്സ്ഷോറൂം വില.

RECENT POSTS
Copyright © . All rights reserved