Latest News

കെട്ടിടവാടക നല്‍കാന്‍ മറന്നു പോയതിനെ തുടര്‍ന്ന് വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി യുവാവിന്റെ യാത്രമുടങ്ങി, നിശ്ചയിച്ചിരുന്ന കല്ല്യാണം തീരുമാനിച്ചിരുന്ന ദിവസം നടന്നില്ല.

കോഴിക്കോട് ഫറോക്ക് സ്വദേശി അരുണ്‍കുമാറിനാണ് വാടകയുടെ പേരില്‍ സ്വന്തം വിവാഹദിവസം നാട്ടിലെത്താന്‍ കഴിയാതിരുന്നത്. നിശ്ചയിച്ച ദിവസം നാട്ടിലെത്താന്‍ കഴിയാതിരുന്നതോടെ വിവാഹ തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റി.

ഈ മാസം 16നാണ് അരുണ്‍കുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനായി നാട്ടിലേക്ക് തിരിക്കുന്നതിന് 12ന് ടിക്കറ്റെടുത്ത് അരുണ്‍കുമാര്‍ വിമാനത്താവളത്തിലെത്തി. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ലഗേജ് വിട്ടു. എന്നാല്‍, എമിഗ്രേഷന്‍ വിഭാഗത്തിലെത്തിയതോടെയാണ് യാത്രാവിലക്കുണ്ടെന്ന് അറിയിച്ചത്.

കൊവിഡ് സമയത്ത് എട്ടുമാസം അരുണ്‍കുമാര്‍ നാട്ടിലായിരുന്നു. ഈ സമയം കെട്ടിടവാടക നല്‍കിയിരുന്നില്ല. പ്രശ്‌നങ്ങള്‍ അവസാനിച്ച് വീണ്ടും കുവൈറ്റില്‍ എത്തിയെങ്കിലും ആരും അത് അന്വേഷിക്കുകയോ ചോദിക്കുകയോ ഉണ്ടായില്ല. ഇതോടെ അത് ഒഴിവാക്കി എന്നായിരുന്നു അരുണ്‍കുമാറിന്റെ ധാരണ.

എന്നാല്‍, വിമാനത്താവളത്തിലെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. 1031 ദീനാറാണ് വാടകയായി അടക്കാനുണ്ടായിരുന്നത്. കോടതിയില്‍ സംഖ്യ കെട്ടിവെക്കാന്‍ വിമാനത്താവളത്തില്‍ നിന്ന് അറിയിച്ചതോടെ അരുണ്‍കുമാറിന് മടങ്ങേണ്ടിവന്നു. തുടര്‍ന്ന് വിഷയത്തില്‍, ലോയര്‍ ഓഫിസില്‍ ജോലിചെയ്യുന്ന കെകെഎംഎ കേന്ദ്ര മതകാര്യവകുപ്പ് വൈസ് പ്രസിഡന്റ് അബ്ദുല്‍ കലാം മൗലവി ഇടപെടുകയായിരുന്നു.

വെള്ളി, ശനി ദിവസങ്ങളില്‍ അവധിയായതിനാല്‍ തുക അടക്കാനായില്ല. ഞായറാഴ്ച തുക കെട്ടിവെക്കുകയും യാത്രാവിലക്ക് നീങ്ങുകയും ചെയ്തു. തിങ്കളാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ അരുണ്‍കുമാര്‍ നാട്ടിലേക്ക് തിരിക്കും. തിങ്കളാഴ്ച നടക്കാതെപോയ വിവാഹം ബുധനാഴ്ച നടക്കും. വര്‍ഷങ്ങളായി കുവൈറ്റിലുള്ള അരുണ്‍കുമാര്‍ ബോട്ടികാത്ത് കമ്പനി ജീവനക്കാരനാണ്.

തെങ്ങു ചെത്താൻ കയറിയ യുവാവിനെ യന്ത്രവാൾ ഉപയോഗിച്ച് തെങ്ങിന്റെ കട മുറിച്ചു കൊലപ്പെടുത്താൻ ശ്രമം. കള്ളു ചോദിച്ചതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു പ്രതികാരം. തെങ്ങുചെത്തു തൊഴിലാളിയായ വെള്ളിക്കുളങ്ങര കൈലാൻ ജയനെയാണ് (43) വെള്ളിക്കുളങ്ങര മങ്കൊമ്പിൽ ബിസ്മ (45) അപായപ്പെടുത്താൻ ശ്രമിച്ചത്.

കള്ളു ചോദിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. വൈകിട്ട് പോത്തഞ്ചിറ എന്ന സ്ഥലത്തു ജയൻ തെങ്ങു ചെത്താൻ കയറിയപ്പോൾ ബിസ്മ യന്ത്രവാൾ ഉപയോഗിച്ച് തെങ്ങിന്റെ അടിഭാഗം മുറിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ജയൻ തെങ്ങിന്റെ പകുതി വരെ ഇറങ്ങിയ ശേഷം താഴേക്കു ചാടി രക്ഷപ്പെട്ടു. അപ്പോഴേക്കും തെങ്ങു പൂർണമായും മുറിച്ചിട്ടിരുന്നു. വീഴ്ചയിൽ കാലിന്റെ എല്ലു പൊട്ടിയ ജയനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിസ്മയെ വെള്ളിക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.

തോമസ് ചാക്കോ  

ആലപ്പുഴ : കുട്ടനാട്ടിലെ എ സി റോഡിലെ മാമ്പുഴക്കരി എസ് എൻ ഡി പി ഹാളിൽ ആം ആദ്മി പാർട്ടി  സംഘടിപ്പിച്ച  ” കുട്ടനാടിനായി ഞാനും ” എന്ന ഏകദിന സെമിനാറിന്റെയും പരിശീലന ക്യാമ്പിന്റെയും വലിയ വിജയം കുട്ടനാട്ടിൽ ആം ആദ്മി പാർട്ടിക്ക് സ്വീകാര്യതയേറുന്നതിന് തെളിവായി മാറുന്നു. ജനപങ്കാളിത്തം കൊണ്ടും, നടത്തിപ്പിലെ വ്യത്യസ്തകൊണ്ടും കൈയ്യടി നേടിയ ഈ നേതൃത്വ പരിശീലന ക്യാമ്പിന്റെ വലിയ വിജയം ആം ആദ്മി പാർട്ടി ആലപ്പുഴ ജില്ലാ കൺവീനർ ശ്രീ. രമേശൻ പാണ്ടിശ്ശേരിയുടെ നേത്യത്വത്തിലുള്ള കമ്മിറ്റിയുടെയും , ശ്രീ സ്കറിയ മാത്യുവിന്റെ നേത്യത്വത്തിലുള്ള കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെയും ഐക്യത്തോടെയുള്ള പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണെന്ന് നിസംശയം പറയാം.

പതിവ് രാഷ്ട്രീയ കൺവെൻഷനുകളിലെ വാചക കസർത്തുകളിൽ നിന്ന് വ്യത്യസ്തമായി കുട്ടനാടൻ ജനതയുടെ  ജീവിത പ്രശ്നങ്ങളെ ആഴത്തിൽ പഠിച്ചുകൊണ്ട് അവയ്ക്ക് എങ്ങനെ ശരിയായ പരിഹാരം കാണാൻ കഴിയും , അതോടൊപ്പം കുട്ടനാട്ടിലും , കേരളത്തിലും ആം ആദ്മി പാർട്ടിയുടെ വളർച്ചയെ വേഗത്തിലാക്കി എങ്ങനെ വിജയം നേടാൻ കഴിയുമെന്നതായിരുന്നു ഈ സെമിനാറിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. ആധികാരികമായ ഡേറ്റകളെ ഉപയോഗപ്പെടുത്തി രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെ 8 മണിക്കൂർ നടന്ന ഈ പരിശീലന ക്യാമ്പിൽ പങ്കെടുത്ത ജനകൂട്ടം പ്രകടിപ്പിച്ച ആത്മാർത്ഥതയും, ആവേശവും കുട്ടനാട്ടിൽ ആം ആദ്മി പാർട്ടിക്കുള്ള വലിയ സാധ്യതയെയാണ് ചൂണ്ടി കാട്ടുന്നത് . പതിവ് രാഷ്ട്രീയ കൺവെൻഷനുകളിൽ നിന്ന് വ്യത്യസ്തമായി ഇന്നിന്റെ എല്ലാ നവീന സാങ്കേതിക വിദ്യകളെയും ഉപയോഗപ്പെടുത്തി സംഘടിപ്പിക്കപ്പെട്ട ഈ പരിശീലന രീതി കേരളത്തിലെ ആം ആദ്മി പാർട്ടിയുടെ വിജയ മോഡലാക്കി മാറ്റണമെന്ന് ആം ആദ്മി പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി നേതാക്കൾ അഭിപ്രായപ്പെട്ടു.

കുട്ടനാട് മണ്ഡലം കൺവീനർ ശ്രീ. സ്‌കറിയ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീ. പദ്മനാഭൻ ഭാസ്കരൻ ക്യാമ്പിന്റെ ഉത്‌ഘാടനം നിർവ്വഹിക്കുകയും , സംസ്ഥാന അഡീഷണൽ സെക്രട്ടറി ശ്രീ എം എസ് വേണുഗോപാൽ കുട്ടനാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന പ്രോജക്റ്റ് അവതരിപ്പിക്കുകയും , സംസ്ഥാന വക്താവായ അഡ്വ വിനോദ് മാത്യു വിൽസൻ കുട്ടനാട്ടിലും കേരളത്തിലും ആം ആദ്മി പാർട്ടിക്ക് ഉള്ള സാധ്യതയെപ്പറ്റി മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. കുട്ടനാട് മണ്ഡലം സെക്രട്ടറി ശ്രീ. ആന്റണി എം വി ഉദ്ഘാടന സമ്മേളനത്തിൽ ഏവരെയും സ്വാഗതം ചെയ്യുകയും , ജില്ല സെക്രട്ടറി ശ്രീ. ഷിനു ജോർജ്ജ് സമാപന സമ്മേളനം സ്വാഗതം ചെയ്യുകയും ,  ജില്ല ട്രഷറർ ശ്രീ. ജോർജ്ജ് വള്ളപ്പുര കൃതജ്ഞത അറിയിക്കുകയും ചെയ്തു. സംസ്ഥാന ട്രെയിനിംഗ് ഡിവിഷൻ കൺവീനർ ജോർജ്ജ് ജോസഫ് പകലോമറ്റം , ഷൈജുമോൻ ചാക്കോയും , സജി കെ  സി തുടങ്ങിയവർ  സെമിനാർ അവലോകനവും നടത്തി. അപ്രതീക്ഷിതമായി ഉണ്ടായ വ്യക്തിപരമായ യാത്ര കാരണം പങ്കെടുക്കാൻ കഴിയാതെ വന്ന സംസ്ഥാന കൺവീനർ പി സി  സിറിയക് അദ്ദേഹത്തിന്റെ ആശംസ ശബ്ദരേഖയായി പ്രവർത്തകർക്ക് നല്കിയിരുന്നു.


ആലപ്പുഴ ജില്ല അഡീഷണൽ കൺവീനർ ശ്രീ. നവീൻജി , സൗത്ത് സോൺ Z-PoC ശ്രീ. ജീജോ ജേക്കബ്, സംസ്ഥാന OBT അംഗം ശ്രീ. ശരൺദേവ് , സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗം ശ്രീ. ഷാജഹാൻ, സോഷ്യൽ മീഡിയ കോഡിനേറ്റർ ശ്രീ. സുജിത്ത് സുകുമാരൻ എന്നിവർ വ്യത്യസ്ത വിഷയങ്ങളെ പറ്റിയുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.  ആലപ്പുഴ ജില്ല ജോയിന്റ് കൺവീനർ ഡോ. സോമൻ , ജില്ല ജോയിന്റ് സെക്രട്ടറി ത്രിവിക്രമൻ പിള്ള , കിസാൻ ആം ആദ്മി കൺവീനർ ശ്രീ. മാർട്ടിൻ തോമസ് , സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ ജാക്സൺ പൊള്ളയിൽ , സംസ്ഥാന വനിതാ വിംഗ് അംഗങ്ങളായ ഡോ. സെലിൻ ഫിലിപ്പ്, ഡോ. സബിനാ എബ്രഹാം,  മറ്റ് മണ്ഡലം കൺവീനർമാർ എന്നിവർ ക്യാമ്പിന്റെ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിച്ചു.

സംഘാടക മികവുകൊണ്ടും , പരിശീലന രീതിയിലെ വ്യത്യസ്ഥതകൊണ്ടും അംഗീകാരം നേടിയ ഈ നവീന പരിശീലന ക്യാമ്പ് ആലപ്പുഴ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നടത്തുവാനുള്ള ശ്രമത്തിലാണ് ജില്ലാ ആം ആദ്മി പാർട്ടി നേതൃത്യം. ഇതേ പരിശീലന മോഡൽ ക്യാമ്പ് തങ്ങളുടെ മണ്ഡലങ്ങളിലും നടത്തി തരണമെന്ന് ആവശ്യപ്പെട്ട് മറ്റ് പല ജില്ലകളിൽ നിന്നുള്ള നേതാക്കളും , സംസ്ഥാനം മുഴുവനിലും വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കളും ആലപ്പുഴ ജില്ലാ നേതൃത്വത്തെ ഇതിനോടകം സമീപിച്ചു കഴിഞ്ഞു.

യുവനിര നേതാക്കളായ ഷിനു ജോർജ്ജും, നവീൻ ജിയും , ആന്റണി എം വിയും , ജിജോയും , ശരൺദേവും , ഷാജഹാനും , സുജിത് സുകുമാരനും ആലപ്പുഴ ജില്ലാ കൺവീനർ ശ്രീ. രമേശൻ പാണ്ടിശ്ശേരിയുടെയും , കുട്ടനാട് മണ്ഡലം കൺവീനർ ശ്രീ. സ്‌കറിയ മാത്യുവിന്റെയും നേതൃത്വത്തിലുള്ള മുതിർന്ന നേതാക്കൾക്കൊപ്പം ഒരേ മനസ്സോടെ കൈകോർത്തപ്പോൾ മനോഹരമായ ഒരു പരിശീലന മാതൃകയയ്ക്കാണ് കുട്ടനാട്ടിലെ മാമ്പുഴക്കരിയിൽ ഇന്നലെ തിരി തെളിഞ്ഞിരിക്കുന്നത്. നേതാക്കളുടെ ഐക്യത്തോടെയുള്ള പ്രവർത്തനം ഉണ്ടായാൽ എത്ര വലിയ പരിപാടികളും സംഘടിപ്പിക്കാൻ കഴിയുമെന്നും, അതിലൂടെ കുട്ടനാട്ടിൽ വിജയം അനായാസം സാധ്യമാക്കാൻ കഴിയുമെന്നുമാണ് ” കുട്ടനാടിനായി ഞാനും ” എന്ന സെമിനാറിന്റെ വിജയം നൽകുന്ന ഏറ്റവും വലിയ പാഠമെന്ന് പ്രവർത്തകർ അഭിപ്രായപ്പെട്ടു. ഇതുപോലെയുള്ള പരിശീലന ക്യാമ്പ് കേരളം മുഴുവനിലും സംഘടിപ്പിച്ചാൽ ആം ആദ്മി പാർട്ടിയിലെ സംഘടന പോരായ്‌മകൾ ഇല്ലാതാക്കാമെന്നും അതിലൂടെ പാർട്ടിയെ വേഗത്തിൽ ശക്തിപ്പെടുത്താമെന്നും ഭൂരിഭാഗം പ്രവർത്തകരും വിലയിരുത്തി.

കുട്ടനാട് മണ്ഡലം കമ്മിറ്റിയും , ജില്ലാ ട്രഷറർ ശ്രീ. ജോർജ്ജ് വള്ളപ്പുരയും ഒന്നിച്ച് നിന്ന് ക്യാമ്പിന്റെ ചിലവുകൾക്കുള്ള പണം കണ്ടെത്തി ക്യാമ്പിൽ പങ്കെടുത്തവർക്ക് രുചികരമായ ഭക്ഷണവും , യാത്ര സൗകര്യങ്ങളും ഉൾപ്പെടെ ഒരുക്കിയപ്പോൾ സാഹോദര്യത്തിന്റെയും , ഒത്തുരുമയുടെയും , പങ്കുവയ്ക്കലിന്റെയും ഒരു കൂടിചേരലിന് കൂടിയാണ് ഇന്നലെ മാമ്പുഴക്കരി സാക്ഷ്യം വഹിച്ചത്. കുട്ടനാട്ടിലെ സെമിനാറിൽ ആം ആദ്മി പാർട്ടിക്ക് ലഭിച്ച വൻ സ്വീകാര്യത മറ്റ് മണ്ഡലങ്ങളിലും ഉണ്ടാക്കിയെടുത്ത് ജില്ലയിൽ വിജയം നേടുവാനുള്ള പ്രവർത്തനങ്ങൾക്ക് ആലപ്പുഴ ജില്ല കമ്മിറ്റി ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞു.

യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു. പുല്ലാളൂർ സ്വദേശിനി സെലീന (43) ന്റെ മൃതദേഹേമാണ് തലയാട് സെന്റ് ജോർജ് പള്ളിക്ക് സമീപമുള്ള റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് പ്രദേശ വാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുല്ലാളൂർ സ്വദേശിനിയായ സെലീനയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. സെലിന്റെ മകൻ സ്ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രജനികാന്തിനെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതായി മമ്മൂട്ടി. ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് താരം സംസാരിച്ചത്. ‘ദളപതി’ എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് സംവിധായകന്‍ ആകാന്‍ ആഗ്രഹം തോന്നിയതിനെ കുറിച്ചാണ് മമ്മൂട്ടി പറഞ്ഞത്.

‘ലോഹിതദാസ് ‘ഭൂതക്കണ്ണാടി’ എന്ന സിനിമ എഴുതിയ മമ്മൂക്കയ്ക്ക് സംവിധാനം ചെയ്യാന്‍ വേണ്ടി ആയിരുന്നില്ലേ’ എന്ന ചോദ്യത്തോടാണ് താരം പ്രതികരിച്ചത്. അത് തനിക്ക് വേണ്ടിയല്ല ലോഹിതദാസിന് സംവിധാനം ചെയ്യാന്‍ വേണ്ടി തന്നെ എഴുതിയതാണ് എന്ന് പറഞ്ഞ ശേഷമാണ് തന്റെ സംവിധാന മോഹത്തെ കുറിച്ച് താരം പറഞ്ഞത്.

”രജനികാന്തിനെ വച്ചൊരു പടം ചെയ്യണമെന്ന് ഉണ്ടായിരുന്നു. അത് നടന്നില്ല. അത് പഴയ കഥ. അന്ന് ഞാന്‍ രജനികാന്തിന്റെ കൂടെ ആ സിനിമയില്‍ അഭിനയച്ചതോടെ വലിയ സൗഹൃദമായി. അങ്ങനെയങ്ങ് തോന്നിയതാണ് ആ കാലത്ത്” എന്നാണ് മമ്മൂട്ടി പറയുന്നത്.

അതേസമയം, ജനുവരി 19ന് ആണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമ റിലീസിന് ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി കോംമ്പോയില്‍ എത്തുന്ന സിനിമ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിച്ചപ്പോള്‍ ഗംഭീര പ്രതികരണം നേടിയിരുന്നു. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

നേപ്പാളിലെ പൊഖ്റായിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച യാത്രക്കാരില്‍ കേരളത്തില്‍ നിന്ന് മടങ്ങിപോയ നേപ്പാള്‍ സ്വദേശികളും. പത്തനംതിട്ട ആനിക്കാട്ടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. നേപ്പാള്‍ സ്വദേശികളായ രാജു ടക്കൂരി, റബിൻ ഹമാൽ, അനിൽ ഷാഹി എന്നിരാണ് മരിച്ചത്.

കഴിഞ്ഞ 45 വര്‍ഷത്തോളം നേപ്പാളിൽ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോൻമാവ് സ്വാദേശി മാത്യു ഫിലിപ്പിൻ്റെ ശവ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ചയാണ് അഞ്ച് പേരടങ്ങുന്ന സംഘം കേരളത്തിലെത്തിയത്. ഇതില്‍ ദീപക്ക് തമാംഗ്, സരൺ ഷായി എന്നിവര്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പുറപ്പെട്ട വിമാനം ഞായറാഴ്ച രാവിലെയാണ് അപകടത്തില്‍പ്പെട്ടത്. പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് യെതി എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്നുവീണത്. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രികരും, രണ്ടു പൈലറ്റുമാരും രണ്ട് എയര്‍ഹോസ്റ്റസും ഉള്‍പ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 68 പേരുടെ മൃതദേഹം കണ്ടെത്തി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനദുരന്തത്തില്‍ പൈലറ്റായിരുന്ന ആദ്യ ഭര്‍ത്താവ് മരിച്ചതുപോലെ പൈലറ്റ് അഞ്ജുവിന്റെയും ജീവന്‍ കവര്‍ന്നെടുത്ത് മറ്റൊരു വിമാനാപാകടം. നേപ്പാള്‍ വിമാനാപകടത്തിലാണ് യതി എയര്‍ലൈന്‍സിലെ പൈലറ്റായ അഞ്ജു മരിച്ചത്.

അഞ്ജുവിനെപ്പോലെ തന്നെ യതി എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്നു ആദ്യ ഭര്‍ത്താവ് ദീപക് പൊഖരേലും. 16 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു വിമാന ദുരന്തത്തിലാണ് ദീപക് മരിച്ചത്. ദീപക് പറത്തിയ യതി എയര്‍ലൈന്‍സ് വിമാനം 2006 ജൂണ്‍ 21ന് അപകടത്തില്‍പെട്ടത് ജുംലയില്‍വച്ചായിരുന്നു.

ആ ദുരന്തത്തില്‍ ദീപക് ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. ദീപക്കിന്റെ മരണശേഷം അഞ്ജു വീണ്ടും വിവാഹിതയായിരുന്നു. പൈലറ്റായി ജോലി തുടരുകയായിരുന്നു അഞ്ജു. നേപ്പാളിലെ വിവിധ വിമാനത്താവളങ്ങളില്‍ വിജയകരമായ ലാന്‍ഡിങ് നടത്തിയ അഞ്ജു പൈലറ്റ് എന്ന നിലയില്‍ പ്രശംസ നേടിയിരുന്നു.

കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ കമല്‍ കെസിക്കൊപ്പം സഹപൈലറ്റായി പറത്തിയ വിമാനമാണ് നേപ്പാളില്‍ തകര്‍ന്നുവീണത്. യതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72500 വിമാനം വിജയകരമായി നിലത്തിറക്കി ക്യാപ്റ്റന്‍ പദവി സ്വന്തമാക്കാനിരിക്കെയാണ് വിമാനാപകടത്തിന്റെ രൂപത്തില്‍ ദുരന്തം അഞ്ജുവിന്റെ ജീവന്‍ കവര്‍ന്നത്.

വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തി. അപകടത്തിൽ തകർന്ന യതി എയർലൈൻസിന്റെ എ ടി ആർ 72 വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോഡറും കോക്പിറ്റ് വോയ്‌സ് റെക്കോഡറും കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി സ്ഥിരീകരിച്ചു.

അതേസമയം അപകടത്തിൽ മരിച്ച ഉത്തർപ്രദേശുകാരായ ചെറുപ്പക്കാരുടെ മൊബൈൽ ഫോണിൽ നിന്ന് ദുരന്തത്തിന്റെ അവസാന നിമിഷ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് നാല് ചെറുപ്പക്കാർ വിനോദസഞ്ചാരത്തിനായി നേപ്പാളിൽ എത്തിയത്. കഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതി നാഥ്‌ ക്ഷേത്രം സന്ദർശിച്ച ശേഷം പാരാ ഗ്ലൈഡിങ്ങിനായി പൊഖ്‌റയിലേക്ക് തിരിച്ചു. വിമാനം പൊഖ്‌റയിലേക്ക് താഴ്ന്നപ്പോൾ മൊബൈലിൽ ഫേസ്‌ബുക്ക് ലൈവ് നൽകുക ആയിരുന്നു ഇവർ. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞ ഇവരുടെ മൊബൈൽ അപകട സ്ഥലത്തുനിന്ന് കണ്ടെത്തി.

ആത്മവിശ്വാസം കൈവിടാതെ അര്‍ബുദത്തോട് പൊരുതി ജയിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ആളാണ് നടി മംമ്ത മോഹന്‍ദാസ്. പഴയ ജീവിതം വീണ്ടെടുക്കുന്നതിനിടെ ഇപ്പോള്‍ വീണ്ടും മറ്റൊരു രോഗത്തെ നേരിടുകയാണ് താനെന്ന് അറിയിച്ചിരിക്കുകയാണ് മംമ്ത.

ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച പുതിയ പോസ്റ്റിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഓട്ടോ ഇമ്യൂണല്‍ ഡിസീസ് എന്ന രോഗാവസ്ഥയിലാണ് താനെന്ന് മംമ്ത പറയുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് മംമ്തയുടേത്.

രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ വരും.

സൂര്യനോട് സംസാരിക്കും പോലെയാണ് താനെന്നാണ് മംമ്ത പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പ്. ‘പ്രിയപ്പെട്ട സൂര്യന്‍, മുമ്പെങ്ങുമില്ലാത്ത വിധം ഞാന്‍ ഇപ്പോള്‍ നിന്നെ സ്വീകരിക്കുന്നു. എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. മൂടല്‍മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങള്‍ മിന്നിമറയുന്നത് കാണാന്‍ നിന്നേക്കാള്‍ നേരത്തെ എല്ലാ ദിവസവും ഞാന്‍ എഴുന്നേല്‍ക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താല്‍ ഇന്നുമുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും’ എന്ന് മംമ്ത പറയുന്നു.

മംമ്തയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ആത്മവിശ്വാസത്തോടെ എല്ലാ പ്രതിസന്ധികളേയും നേരിടണം എന്നാണ് ആരാധകര്‍ കമന്റുകളില്‍ കുറിക്കുന്നത്.

ഉറ്റബന്ധുവില്‍ നിന്ന് ഗര്‍ഭിണിയായതിന്റെ മാനഹാനി ഭയന്ന് ശുചിമുറിയില്‍ പ്രസവിച്ചതിന് പിന്നാലെ അമ്മ കുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നും താഴേക്കെറിഞ്ഞ് കൊന്നു. നവിമുംബൈയിലാണ് സംഭവം.

19കാരിയായ അമ്മ ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നും താഴേക്കെറിഞ്ഞ് കൊല്ലുകയായിരുന്നു. രണ്ടാം നിലയില്‍ നിന്ന് താഴെ വീണ കുഞ്ഞ് അപ്പോള്‍ തന്നെ മരിച്ചു. ഉറ്റബന്ധുവില്‍ നിന്ന് ഗര്‍ഭിണിയായതില്‍ മാനഹാനി ഭയന്നായിരുന്നു കൊലപാതകം.

ഉറ്റബന്ധുവില്‍ നിന്ന് ഗര്‍ഭിണിയായ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു പെണ്‍കുട്ടി. അമ്മയുടെ അമ്മായിയുടെ വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. വീട്ടുകാര്‍ക്കും പ്രസവം വരെ സംശയം തോന്നിയിരുന്നില്ല

ലണ്ടനിൽ നിന്നും കൊച്ചിയിലേയ്ക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ നിന്നും എയർ ഇൻഡ്യാ അധികൃതരെ പിന്തിരിപ്പിക്കുവാൻ കഴിഞ്ഞത് യുകെ മലയാളി സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്ന് യുകെയിൽ നിന്നുമുള്ള ലോക കേരള സഭാംഗങ്ങൾ അറിയിച്ചു.

2023 മാർച്ച് അവസാനത്തോടുകൂടി ലണ്ടനിൽനിന്നും കൊച്ചിയിലേക്കുള്ള എയർഇന്ത്യയുടെ വിമാനസർവീസ് റദ്ദാക്കുമെന്നും പിന്നീട് നടത്തുന്ന യാത്രകളിൽ ബോംബെയിലോ ഡൽഹിയിലോ വിമാനമിറങ്ങി മാത്രമേ യുകെ മലയാളികൾക്ക് ജന്മനാട്ടിൽ എത്തുവാൻ സാധിക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നതെന്നുമാണ് നേരത്തെ അറിയുവാൻ കഴിഞ്ഞത്. ലണ്ടൻ-കൊച്ചി വിമാന സർവീസ് നിർത്തലാക്കുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എയർ ഇന്ത്യ അധികൃതർക്ക് യുകെയിലെ ലോക കേരളസഭാംഗങ്ങൾ നിവേദനം നൽകിയിരുന്നു. ഇക്കാര്യം പുനപരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള മറുപടിയും എയർ ഇന്ത്യ അധികൃതരിൽ നിന്നും ലഭിച്ചിരുന്നു. കേരള മുഖ്യമന്ത്രിയുടെയും കേരളത്തിൽ നിന്നുമുള്ള എംപിമാരുടെയും നോർക്ക റൂട്ട്സ് അധികൃതരുടെ സഹായവും യുകെയിലെ ലോകകേരളസഭ അംഗങ്ങൾ ഇക്കാര്യത്തിൽ അഭ്യർത്ഥിച്ചിരുന്നു.

നോർക്ക റൂറ്റ്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണനും സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരിയും യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയെ പ്രതികൂലമായി ബാധിക്കുന്ന ഈ വിഷയത്തിൽ സജീവമായ ഇടപെടലുകളും നടത്തിയിരുന്നു. എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാംബെൽ വിൽത്സന് നോർക്ക റൂട്ട്സ് സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി അയച്ച ഇമെയിലിന് എയർ ഇന്ത്യ അധികൃതർ നൽകിയ മറുപടിയിൽ ലണ്ടൻ-. കൊച്ചി സർവീസ് അനുവദിക്കുന്ന കാര്യം പുനഃപരിശോധിക്കുമെന്നും സർവീസ് സംബന്ധമായ നെറ്റ്‌വർക്ക് പ്ലാനിംഗ് ടീമുമായി ചർച്ച ചെയ്യാമെന്നും അറിയിച്ചിരുന്നു.

യുകെയിലെ ലോക കേരള സഭാ അംഗങ്ങൾക്ക് പുറമേ യുകെയിലെ ട്രാവൽ- ടുറിസം ബിസിനിസ് രംഗത്തു പ്രവത്തിക്കുന്ന ആളുകളും ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാന സർവ്വീസ് നഷ്ടപ്പെടാതെയിരിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഈ വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി യുകെയിലെ മലയാള മാധ്യമ പ്രവർത്തകർ നൽകിയ വിലപ്പെട്ട പങ്കും വിസ്മരിക്കാനാവാത്തതാണ് .

ലണ്ടൻ ഹീത്രൂ-കൊച്ചി ഡയറക്ട് സർവീസിന് പകരം ലണ്ടൻ ഗാറ്റ്‌വിക്ക്- കൊച്ചി സർവീസ് മാർച്ച് 26 മുതൽ ആഴ്ചയിൽ മൂന്നു ദിവസമായി നടത്തുന്നതിനാണ് എയർഇന്ത്യ ഇപ്പോൾ ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് തിങ്കൾ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലും കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലും ഡയറക്റ്റ് സർവീസ് നടത്തുമെന്നാണ് എയർ ഇന്ത്യ അധികൃതർ ഇപ്പോൾ അറിയിച്ചിട്ടുള്ളത്. നേരത്തെ ലണ്ടൻ ഹീത്രൂവിൽ നിന്നും നേരിട്ട് നടത്തിയിരുന്ന അമൃതസർ,അഹമ്മദാബാദ്, ഗോവ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ലണ്ടൻ ഗാറ്റ് വിക്കിൽ നിന്നുമാണ് പുതിയതായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൂടാതെ ഹീത്രൂവിൽ നിന്നും ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുവാനും എയർഇന്ത്യ അധികൃതർ തീരുമാനിച്ചിട്ടുള്ളതായും അറിയുവാൻ കഴിഞ്ഞു.

ലണ്ടൻ ഗാറ്റ് വിക്കിൽ നിന്നും കൊച്ചിയിലേക്ക് എയർ ഇന്ത്യ പുതിയ സമയക്രമമനുസരിച്ച് കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നതിനായുള്ള ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ അത്ഭുതപൂർവ്വമായ പ്രതികരണമാണ് യുകെ മലയാളികളിൽ നിന്നും ഉണ്ടായിട്ടുള്ളത്. ഇതിനോടകം തന്നെ നിരവധി യാത്രക്കാർ ടിക്കറ്റുകൾ ബുക്ക് ചെയ്തു കഴിഞ്ഞു. എയർ ഇന്ത്യ കൊച്ചിയിലേക്കുള്ള യാത്രക്കാർക്ക് കുറഞ്ഞ യാത്രാ നിരക്ക് നൽകുന്നതുകൊണ്ട് മറ്റ് അന്താരാഷ്ട്ര വിമാന കമ്പനികളുടെ സർവീസുകളും കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് യുകെയിലെ മലയാളികൾ.

യുകെ മലയാളികളുടെ ജന്മനാട്ടിലേക്കുള്ള വിമാനയാത്രയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്നും എയർ ഇന്ത്യ അധികൃതർ പിൻമാറിയതിനും ആഴ്ചയിൽ മൂന്നുദിവസം കൊച്ചിയിലേക്ക് നേരിട്ട് സർവീസ് നടത്തുവാൻ തീരുമാനിച്ചതിനും എയർ ഇന്ത്യ അധികൃതരെ യുകെയിൽ നിന്നുമുള്ള ലോക കേരള സഭാംഗങ്ങളായ എസ് ശ്രീകുമാർ, സി എ ജോസഫ്, നിധിൻ ചന്ദ്, ആഷിക് മുഹമ്മദ് നാസർ, ജയപ്രകാശ് സുകുമാരൻ, സുനിൽ മലയിൽ, അഡ്വ.ദിലീപ് കുമാർ, ഷാഫി റഹ്മാൻ, ലജീവ് കെ രാജൻ, ജയൻ ഇടപ്പാൾ എന്നിവർ സംയുക്തമായി നന്ദി അറിയിച്ചു. ഇപ്പോൾ ലണ്ടനിൽ നിന്നും ആഴ്ചയിൽ മൂന്നു ദിവസമായി നടത്തുന്ന കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് ആഴ്ചയിൽ അഞ്ച് ദിവസമായി വർദ്ധിപ്പിക്കുവാനുള്ള കൂട്ടായ ശ്രമങ്ങൾ ഉണ്ടാവേണ്ടതാണെന്നും അതിനു വേണ്ടി യുകെയിൽ നിന്നുമുള്ള ലോക കേരളസഭാഅംഗങ്ങൾ മുൻകൈയെടുത്തു പ്രവർത്തിക്കുന്നതാണെന്നും അറിയിച്ചു.

 

RECENT POSTS
Copyright © . All rights reserved
➤