Latest News

മദ്യപാന സദസ്സിലെ പാട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിൽ സുഹൃത്തുക്കൾ ഇരട്ടകൊലപാതക കേസിലെ പ്രതിയെ തലക്കടിച്ച് കൊലപ്പെടുത്തി.വഴയില ഇരട്ടകൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ് എന്ന മണിച്ചനെ (34) യാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

മദ്യപാനത്തിനിടെ പാടിയ പാട്ട് മണിച്ചന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനെ ചൊല്ലി തർക്കം ആരംഭിക്കുകയും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയും ആയിരുന്നു.സംഭവുമായി ബന്ധപ്പെട്ട് പ്രതികളായ ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്നു പോലീസ് പറഞ്ഞു. അരുൺ ക്ഷേത്രത്തിലെ പൂജാരിയാണ്. ഗുണ്ടാപകയല്ല കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. 31–ാം തീയതി മുതൽ മണിച്ചനും സുഹൃത്തുക്കളും മുറിയെടുത്ത് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ പാട്ടുപാടിയത് മണിച്ചന് ഇഷ്ടമായില്ലെന്ന് പറഞ്ഞ് വാക്കേറ്റമായി. മുൻപ് പ്രതികളെ മണിച്ചൻ മർദിച്ചിരുന്നു. ഇതെല്ലാം തർക്കത്തിന് വിഷയമായി. ഒടുവിൽ അടിപിടിയുണ്ടാകുകയും ചുറ്റിക കൊണ്ട് മണിച്ചൻ്റെ തലക്കടിച്ച് പ്രതികൾ കൃത്യം നടത്തുകയും ആയിരുന്നെന്ന് പോലീസ് പറയുന്നു.

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.പ്രതികളെ പിടികൂടിയത് പിന്നാലെ റൂറൽ എസ്പി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിഷ്ണുരൂപിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭൂമിയിലെ ഏറ്റവും വലിയ സസ്യത്തെ കണ്ടെത്തി ഗവേഷകര്‍. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ കടല്‍ത്തട്ടില്‍ കാണപ്പെടുന്ന റിബണ്‍ വീഡാണ് ഭൂമിയിലേക്കും വലിയ സസ്യമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പോസിഡോണിയ ഓസ്ട്രാലിസ് എന്നാണ് ചെടിയുടെ ശാസ്ത്രനാമം. കടല്‍പ്പുല്ല് വിഭാഗത്തിലുള്ള സസ്യമാണിത്.

200 സ്‌ക്വയര്‍ കിലോമീറ്ററോളം വിസ്തീര്‍ണത്തില്‍ പരന്ന് കിടക്കുന്ന കടല്‍പ്പുല്ല് ശേഖരം ഒരേ വിഭാഗത്തില്‍ പെടുന്നതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. നമ്മുടെ കൊച്ചിയുടെ രണ്ടിരട്ടിയിലധികം വരുമിത്. ദി യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ലോകപൈതൃക പട്ടികയിലിടം നേടിയ ഷാര്‍ക്ക് ബേ പ്രദേശത്ത് ആകസ്മികമായിട്ടായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍. ജനിതക പരിശോധനയിലൂടെയാണ് ഇവയെല്ലാം ഒരേ വിഭാഗത്തില്‍പ്പെടുന്ന ചെടികളാണെന്ന് തിരിച്ചറിഞ്ഞത്.

പത്ത് വ്യത്യസ്ത ലൊക്കേഷനുകളില്‍ നിന്നായി ചെടിയുടെ സാമ്പിളുകള്‍ ഗവേഷകര്‍ ശേഖരിച്ചിരുന്നു. പൂക്കളോ പഴങ്ങളോ ഉണ്ടാവാത്ത വെജിറ്റേറ്റീവ് ഗ്രോത്ത് ആണ് ചെടിയ്ക്കുള്ളത്. ഇലകളായും തണ്ടുകളായും ഇവ പരന്ന് കിടക്കും. ഓരോ വിത്തിലും പേരന്റ് ജീനോം നൂറ് ശതമാനവും കാണും. പൂക്കളോ പഴങ്ങളോ ഉത്പാദിപ്പിക്കാതെ തന്നെ പ്രതികൂല സാഹചര്യങ്ങളിലും വളരാനുള്ള ചെടിയുടെ കഴിവിനെപ്പറ്റി പഠിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍.

 

ജേക്കബ് മാളിയേക്കൽ

സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ജൂൺ നാല്, അഞ്ച് (ശനി, ഞായർ) തീയതികളിൽ ഒരുക്കുന്ന യുവജനോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്‍റ് ടോമി വിരുത്തിയേൽ അറിയിച്ചു.

ഭാരതത്തിന്‍റെ സമ്പന്നമായ കലാ – സാഹിത്യ – സാംസ്‌കാരിക പാരമ്പര്യത്തിന്‍റെ മഹനീയവും ഊർജസ്വലവുമായ വർത്തമാന കാലാവിഷ്ക്കാരങ്ങൾക്ക് ആഗോളതലത്തിൽ അംഗീകാരം നേടിയെടുക്കുക എന്ന ഉദ്ദേശത്തോടെ മുന്പോട്ടുവന്ന കേളി ഇന്‍റർനാഷണൽ കലാമേള സൂറിച്ചിലാണ് കൊടിയേറുന്നത്.‌

ഇന്ത്യൻ അംബാസഡർ സഞ്ജയ് ഭട്ടാചാര്യ മുഖ്യാതിഥിയായെത്തുന്ന ചടങ്ങിൽ പ്രശസ്ത കൊറിയോഗ്രാഫർ ജോർജ് ജേക്കബ് 50 തിലേറെ കലാപ്രതിഭകളുമായി അണിയിച്ചൊരുക്കുന്ന മെഗാ ഷോയും ഭരതനാട്യം ഫ്യൂഷൻ, ലൈവ് മ്യൂസിക്, സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറും.

മഹാമാരിക്കിടയിലും 300 ലതികം റജിസ്ട്രേഷനുമായി വീണ്ടും പുനരാരംഭിക്കുന്ന 17-ാ മത് ഇന്റർനാഷണൽ കലാമേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുന്നു.കലാമേളയുടെ പര്യാവസാനത്തിനായി സമ്പന്നമായ ഒരു സമാപന ചടങ്ങും തയ്യാറാക്കിയിട്ടുണ്ട്.

നിരവധി പ്രോഗ്രാമുകൾ കൂട്ടിയിണക്കി, ഭാരതീയരാണെന്നതിൽ അഭിമാനം കൊള്ളുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന കേളി ഇന്റർനാഷണൽ കലാമേളയിലേക്ക് എല്ലാവരെയും കേളി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

എൻഫീൽഡ്: പാചകത്തിനിടയിൽ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ചു മരണപ്പെട്ട നിഷാ ശാന്തിന്‌ എൻഫീൽഡിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. അകാലത്തിൽ വിടപറഞ്ഞ തങ്ങളുടെ പ്രിയ സോദരിയെ അവസാനമായി ഒരു നോക്ക് കാണുവാനും കുടുംബത്തെ ആശ്വസിപ്പിക്കുവാനും, അന്ത്യാഞ്ജലി അർപ്പിക്കുവാനുമായി ബന്ധുക്കളും സുഹൃത്തുക്കളും വിവിധ സംഘടനകളുടെ പ്രതിനിധികളുമായി നൂറുകണക്കിന് ആളുകൾ എൻഫീൽഡിൽ വന്നെത്തിയിരുന്നു.

രാവിലെ പതിനൊന്നരയോടെ എൻഫീൽഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ & സെന്റ് ജോജ്ജ് ദേവാലയത്തിൽ കൊണ്ടുവന്ന മൃതദേഹം ഭർത്താവ് ശാന്തും, മക്കളായ സ്നേഹയും ഇഗ്ഗിയും, കുടുംബാംഗങ്ങളും,ബന്ധുമിത്രാദികളും ചേർന്ന് സ്വീകരിച്ചു.

മൃതദേഹം ഏറ്റുവാങ്ങിയ ഭർത്താവ് ശാന്ത്‌ തന്റെ പ്രിയതമയയുടെ നിശ്ചലമായ വദനത്തിലെ മങ്ങാത്ത പുഞ്ചിരിയും, മക്കൾ തങ്ങളുടെ പ്രിയമാതാവിന്റെ കണ്ണടച്ചുള്ള വിടപറയലും വിങ്ങലോടെ നോക്കി നിൽക്കുമ്പോൾ, നിശ്ചലയായി കിടക്കുന്ന തന്റെ പ്രിയമോളെ അവസാനമായി ഒരുനോക്കു കാണുവാൻ നാട്ടിൽ നിന്നുമെത്തിയ നിഷയുടെ അമ്മ സുലോചന വടക്കയിൽ, സഹോദരൻ ജ്യോജി ആലുമ്മൂട്ടിൽ, വിദേശത്തുനിന്നും എത്തിയ ശാന്തിന്റെ സഹോദരരായ സ്റ്റാൻലിയും, ഡേവിഡും അവരിലെല്ലാം പൊഴിഞ്ഞ കണ്ണീർ കണങ്ങൾ കണ്ടു നിന്നവരുടെ ഹൃദയം പിളർത്തി.

ദേവാലയത്തിൽ മൃതദേഹം എത്തിച്ച ശേഷം നടത്തിയ അന്ത്യോപചാര തിരുക്കർമ്മങ്ങളിൽ പള്ളി വികാരി റെവ. ഫാ.ഡാനിയേൽ ഹംഫ്രേയ്‌സ്‌ മുഖ്യകാർമ്മികത്വം വഹിക്കുകയും പ്രിയ ഇടവകാംഗത്തിനെ അനുസ്മരിച്ചു സന്ദേശം നൽകുകയും ചെയ്തു. കൂടാതെ സിമിത്തേരിയിൽ നടത്തിയ അന്ത്യോപചാര ശുശ്രുഷകൾക്കും ഫാ.ഡാനിയേൽ നേതൃത്വം നൽകി.

ദേവാലയത്തിൽ വെച്ച് നടത്തിയ മലയാളത്തിലുള്ള ഒപ്പീസ്സ് ഫാ. ജോസഫ് മുക്കാട്ടും, സിമിത്തേരിയിൽ നടത്തിയ അവസാന പ്രാർത്ഥനകൾ ഫാ. ജോസ് അന്ത്യാംകുളവും ചൊല്ലി.

ലിൻ, ജൊഹാൻ, എഡ്രിക് എന്നിവർ അൾത്താര ശുശ്രുഷയിലും, വായനകൾക്കു മകൻ ഇഗ്ഗിയും, റേമൾ എന്നിവരും, കാറോസൂസാ പ്രാർത്ഥനകളിൽ ഡാനി, ആൽബിൻ,ആൽഫി, സച്ചിൻ എന്നിവരും പങ്കുചേർന്നു.

ദേവാലയത്തിലെ അന്ത്യോപചാര ശുശ്രുഷകൾക്കു ശേഷം പൊതുദർശനത്തിനും, അനുസ്മരണത്തിനും അവസരം ഒരുക്കിയിരുന്നു. കുടുംബത്തെ പ്രതിനിധീകരിച്ചു മകൾ സ്നേഹയും, എൻഫീൽഡ് മലയാളി സമൂഹത്തിനു വേണ്ടി സൻജോയിയും അനുസ്മരണം നടത്തി. മകൾ സ്നേഹ, പ്രിയ മാതാവിനെ തേങ്ങലോടെ അനുസ്മരിക്കുമ്പോൾ വാക്കുകൾ പൂർണ്ണതയിലായില്ലെങ്കിലും ഒരിക്കലും തിരിച്ചു വരാത്ത കരുതലിന്റെയും, സ്നേഹത്തിന്റെയും ആ വലിയ നഷ്‌ടം വാക്കുകളിലൂടെ ഒഴുക്കിയ വിങ്ങലുകളിലും വേദനകളിലും നിഴലിക്കുന്നുണ്ടായിരുന്നു.

സാന്ത്വനവും സഹായവും,താങ്ങും തണലുമായി കുടുംബത്തിന് വേണ്ടി ഒപ്പം നിന്ന ഏവർക്കും കുടുംബത്തിന് വേണ്ടി ജോൺ രവി നന്ദി പ്രകാശിപ്പിച്ചു.

പൊതുദർശനത്തിനു ശേഷം എൻഫീൽഡ് സിമിത്തേരിയിലേക്കുള്ള നിഷയുടെ അന്ത്യമയാത്രയെ അനുഗമിച്ച ജനാവലി സംസ്കാര ശുശ്രുഷകൾക്കു വേദനയോടെ സാക്ഷ്യം വഹിച്ചു.

കണ്ണീരിൽ കുതിർന്ന യാത്രാമൊഴികൾ സ്വീകരിച്ച നിഷാ ശാന്തിന് തന്റെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടു പ്രിയ കുടുംബാംഗങ്ങൾക്കൊപ്പം ജീവിച്ചു കൊതിതീരാത്ത എൻഫീൽഡിൽ തന്നെ അന്ത്യ വിശ്രമം ഒരുക്കുകയായിരുന്നു.

 

ബിനോയ് എം. ജെ.

ഒരർത്ഥത്തിൽ ചിന്തിച്ചാൽ ഭൂമിയിലെ ജീവിതം സ്വർഗ്ഗത്തിലേതിനേക്കാൾ ആനന്ദപ്രദമാകേണ്ടതാണ്. കാരണം സ്വർഗ്ഗത്തിലേതിനേക്കാൾ വൈജാത്യങ്ങൾ ഈ ഭൂമിയിലുണ്ട്. ഭൂമിയിലെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കൂ. ഇവിടെ എന്താണില്ലാത്തത്? ഭൂമിയിൽ ഇല്ലാത്തതായി യാതൊന്നുമില്ല. നമുക്കറിയാവുന്നതുപോലെ സമ്പത്ത് മാത്രമല്ല ഭൂമിയിലുള്ളത്; ഇവിടെ ദാരിദ്ര്യവുമുണ്ട്. അതുപോലെ പ്രകാശവും അന്ധകാരവും ഇവിടെയുണ്ട്. ജനനവും മരണവുമുണ്ട്. മൂല്യവും മൂല്യച്യുതികളുമുണ്ട്. അറിവും അജ്ഞാനവും ഉണ്ട്. സാമൂഹിക ജീവിതവും ഏകാന്തതയും ,ആരോഗ്യവും രോഗവും, ആശയും നിരാശയും, പുരോഗതിയും അധോഗതിയും, വിജയവും പരാജയവും, ശരിയും തെറ്റും, പ്രശസ്തിയും ദുഷ്കീർത്തിയും , കരച്ചിലും പുഞ്ചിരിയും ഇങ്ങനെ അനന്തമായി നീളുന്നു ഭൂമിയിലെ വൈജാത്യങ്ങൾ. ആ അർത്ഥത്തിൽ ഭൂമിയിലെ ജീവിതം പരിപൂർണ്ണമാണ്.

എന്നാൽ ഈ പരിപൂർണ്ണതയുമായി നാമെത്രമാത്രം പൊരുത്തപ്പെടുന്നു? അതാണിവിടുത്തെ ചോദ്യം. നാമതിലമ്പേ പരാജയപ്പെട്ടുപോകുന്നു. അതാണ് നമ്മുടെ പ്രശ്നം. നാം ജീവിതം ആസ്വദിക്കുവാൻ വേണ്ടി വന്നു; എന്നാൽ നാം ജീവിതം ആസ്വദിക്കുന്നില്ല. നാം വാക്ക് മാറുവാൻ പാടില്ല. സമ്പത്തിനെ ആസ്വദിക്കുന്നവൻ ദാരിദ്ര്യത്തെയും ആസ്വദിച്ചേ തീരൂ. അത് പ്രകൃതിയുടെ നിയമമാണ്.

നമുക്ക് പൊരുത്തപ്പെടുവാൻ ആകുന്ന കാര്യങ്ങളെ മാത്രം കൂട്ടിയിണക്കി നാമൊരു ലോകം സൃഷ്ടിക്കുന്നു. അതാണ് സ്വർഗ്ഗം. അങ്ങനെ ഒന്നുണ്ടോയെന്ന് ദൈവത്തിന് മാത്രമേയറിയൂ. ഉണ്ടെങ്കിൽ തന്നെ അത് പരിപൂർണ്ണമാവില്ലെന്ന് ഞാൻ ശക്തമായി വാദിക്കുന്നു. കാരണം വൈജാത്യങ്ങൾ ഉള്ളിടത്തേ പൂർണ്ണതയും ഉള്ളൂ. ജനനവും മരണവുമുണ്ടെങ്കിലേ ജീവിതത്തിന് പൂർണ്ണതയുള്ളൂ. ഭൂമിയിൽ കൊതി തീരുവോളം ഒരാൾക്ക് ജനിക്കുകയും മരിക്കുകയും ചെയ്യാം. അതിന്റെ മധുരിമ ഒന്നു വേറേതന്നെയാണ്. സ്വർഗ്ഗത്തിൽ അതിന് സാധ്യതയില്ല. അതുപോലെ തന്നെയാണ് മറ്റു കാര്യങ്ങളും. രണ്ട് വശങ്ങൾ ഇല്ലാത്ത ഒരു നാണയം നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

ആനന്ദത്തെയും സന്തോഷത്തെയും മറ്റും നാം നിർവ്വചിക്കുവാൻ ശ്രമിക്കുന്നു. ഉദാഹരണമായി സമ്പത്ത് ആനന്ദം തരുന്നു എന്ന് നാം നിർവ്വചിച്ചാൽ ദാരിദ്ര്യത്തിൽ ആനന്ദം കണ്ടെത്തുവാൻ നമുക്ക് കഴിയാതെ പോകുന്നു. ഇത്തരം നിർവചനങ്ങൾ അനന്താനന്ദത്തെ നമ്മിൽ നിന്നകറ്റുന്നു. ഏത് സാഹചര്യത്തിലും ആനന്ദം കണ്ടെത്തുവാൻ നമുക്ക് കഴിയേണ്ടതാണ് . ദാരിദ്ര്യത്തിൽ ആനന്ദം കണ്ടെത്തുന്നതിൽ വിജയിച്ചവരാണ് ഫ്രാൻസിസ് അസ്സീസ്സിയും മഹാത്മാഗാന്ധിയും മറ്റും. വിശാലമനസ്കതയാണ് ഇവിടെ ആവശ്യം. നമുക്കൊരു ജീവിതം കിട്ടിയിട്ടുണ്ടെങ്കിൽ അതിനെ പൂർണ്ണമായും ആസ്വദിക്കുക എന്നതാണ് നമ്മുടെ കടമ. അത് സാധ്യവുമാണ്. ടോട്ടാലിറ്റിയും പെർഫെക്ഷനും മറ്റും ഇവിടെത്തന്നെയുണ്ട്. കണ്ണ് തുറന്നു നോക്കുവിൻ! ജീവിത യാഥാർഥ്യങ്ങളിലല്ല പ്രശ്നം കിടക്കുന്നത്; നമ്മുടെ മനസ്സിൽ ആണ് പ്രശ്നം കിടക്കുന്നത്.

പൂർണ്ണതയാണ് മനുഷ്യന് വേണ്ടത്. അതാണ് അവൻ അന്വേഷിക്കുന്നതും. ആ പൂർണ്ണത ഇവിടെ, ഈ ഭൂമിയിൽ തന്നെയുണ്ട്. വേറെ ഒരിടത്തും അത് ലഭ്യമല്ല. മോക്ഷം പൂർണ്ണതയാകുന്നു. ദേവന്മാർക്കു പോലും പൂർണ്ണതയും മോക്ഷവും വേണമെങ്കിൽ ഈ ഭൂമിയിൽ മനുഷ്യനായി ജനിക്കേണ്ടിയിരിക്കുന്നു. പൂർണ്ണതയുടെ സ്ഥാനത്ത് അപൂർണ്ണതയെ സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്താൽ അത് പ്രശ്നത്തിലേക്കേ നയിക്കൂ. മനുഷ്യൻ ഒരു കാലത്തും അപൂർണ്ണതയെ തേടുവാൻ പാടില്ല. എന്നാൽ നാം അപൂർണ്ണതയെ തന്നെ തേടുന്നു! ജീവിതത്തിൽ ഒരു ലക്ഷ്യമോ ആഗ്രഹമോ ഉണ്ടായാൽ നമ്മുടെ ജീവിതം അപൂർണ്ണമാകുന്നു. അത് പരിമിതമാകുന്നു. പൂർണ്ണതയെ സ്നേഹിക്കുന്നവന് ലക്ഷ്യമുണ്ടാകൂവാൻ പാടില്ല. കാരണം ലക്ഷ്യം പരിമിതിയെ സൂചിപ്പിക്കുന്നു. അതിനാൽ ഭൂമിയിൽ ജീവിക്കുമ്പോൾ പൂർണ്ണതയെ അന്വേഷിക്കുവിൻ. നിങ്ങൾ അതിൽ തീർച്ചയായും വിജയിക്കും. അതിന് വേണ്ടിയാണല്ലോ നാം ഭൂമിയിൽ ജനിച്ചു വീണിരിക്കുന്നത്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി കായലിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിൽ. ഹൈദരാബാദിലെ സോഫ്റ്റ് വെയർ എൻജിനീയർ തിരുപ്പതി സ്വദേശി കംസലി വേണുഗോപാലിനെയാണ് പോലീസ് പിടികൂടിയത്. സ്ത്രീധനത്തെചൊല്ലിയുള്ള പ്രശനമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി വേണുഗോപാൽ സമ്മതിച്ചു. മൃതദേഹം സ്യൂട്ട്‌കേസിലാക്കി കായലിൽ തള്ളിയെന്നും പ്രതി വെളിപ്പെടുത്തി. പ്രതിയുടെ മൊഴിയനുസരിച്ച് കഴിഞ്ഞദിവസം കായലിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

അഞ്ചുമാസം മുമ്പാണ് വേണുഗോപാൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയത്. 2019-ലാണ് വേണുഗോപാലും പദ്മാവതിയും വിവാഹിതരായത്. തുടർന്നുണ്ടായ ദാമ്പത്യപ്രശ്‌നങ്ങൾ കാരണം ഏറെക്കാലമായി പദ്മാവതി സ്വന്തം വീട്ടിലായിരുന്നു താമസം.

അഞ്ച് മാസം മുൻപ് വേണുഗോപാലും സുഹൃത്തും പദ്മാവതിയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് പദ്മാവതിയെ ഹൈദരാബാദിലെ വീട്ടിലേക്ക് എന്ന് തെറ്റിധരിപ്പിച്ച് തിരുപ്പതിയിലെ വീട്ടിലേക്ക് കൊണ്ടു പോകുകയും ഇവിടെവെച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പദ്മാവതി മരിച്ചതോടെ വേണുഗോപാലും മറ്റുള്ളവരും ചേർന്ന് മൃതദേഹം വലിയ സ്യൂട്ട്‌കേസിലാക്കി. തുടർന്ന് വെങ്കിടാപുരത്ത് എത്തിച്ച് മൃതദേഹം കായലിൽ തള്ളുകയും ചെയ്തു എന്ന് പ്രതി പൊലീസിനു മൊഴി നൽകി.

കൊൽക്കത്തയിലെ നസ്രുൽ മഞ്ചിൽ നടന്ന സംഗീതനിശയിൽ പാടിക്കൊണ്ടിരിക്കെയാണ് ബോളിവുഡ് ഗായകൻ കെകെ അസ്വസ്ഥത ആദ്യം കാണിച്ചത്. വിയർത്തുകുളിച്ച ഗായകൻ എസി പ്രവർത്തിക്കുന്നില്ലേ എന്ന് പലതവണ സംഘാടകരോട് ചോദിച്ചിരുന്നു. ഒടുവിൽ അസ്വസ്ഥത കൂടിയതോടെ ഹോട്ടലിലേക്ക് തിരികെ പോയ കെകെ തളർന്നുവീഴുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയുമായിരുന്നു.

ഇനിയും ആരാധകർക്ക് തങ്ങളുടെ പ്രിയഗായകൻ മടങ്ങിവരാത്ത യാത്ര പോയെന്ന് വിശ്വസിക്കാനാകുന്നില്ല. മരണത്തിൽ അസ്വഭാവികതയുണ്ടെന്നാണ് ആരാധകരുൾപ്പടെ ഉന്നയിക്കുന്നത്. സംഭവത്തിൽ ന്യൂമാർക്കറ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുമുണ്ട്.

സൗത്ത് കൊൽക്കത്തയിലെ നസ്രുൽ മഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിക്ക് ശേഷം അവശനായി മടങ്ങുന്ന കെകെയുടെ വീഡിയോ പുറത്തുവന്നതോടെയാണ് പലവിധത്തിലുള്ള ആരോപണങ്ങൾ കളം നിറഞ്ഞത്.

അതേസമയം കെകെയുടെ മരണം പശ്ചിമ ബംഗാളിൽ പുതിയൊരു രാഷ്ട്രീയ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. മരണത്തിലെ ദുരൂഹത ചൂണ്ടിക്കാണിച്ച് മമത സർക്കാരിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സംഗീത പരിപാടി നടന്ന ഓഡിറ്റോറിയത്തിലെ മോശം ക്രമീകരണത്തിന്റെ പേരിലും അനുവദിക്കാവുന്നതിലും കൂടുതല്‍ കാണികളെ പ്രവേശിപ്പിച്ചതിന്റെ പേരിലുമാണ് വിമര്‍ശനമുയരുന്നത്. കെകെ യുടെ മരണത്തില്‍ പ്രത്യേക അന്വേഷണം നടത്തണമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.

പരിപാടിയിൽ അനുവദനീയമായതിനേക്കാൾ അധികം ആൾക്കൂട്ടം ഉണ്ടായിരുന്നുവെന്നാണ് ആരോപണം. 2400 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ ഇരട്ടിയോളം ആളുകളെ ഉൾക്കൊള്ളിച്ചതായാണ് വിവരം. അയ്യായിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ഓഡിറ്റോറിയത്തിലെ എസി പ്രവർത്തിച്ചിരുന്നില്ലെന്നും ഇതുമൂലം കടുത്ത ചൂടായിരുന്നു പരിപാടിയിലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കടുത്ത ചൂട് കാരണം പാടുന്നതിനിടെ കെകെ മുഖം തുടക്കുന്നത് കാണികൾ പകർത്തിയ ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘വല്ലാതെ ചൂടെടുക്കുന്നു’ എന്ന് കെകെ പറയുന്നതും, വേദിയിലുള്ള ഒരാളെ വിളിച്ച് എസി പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഗീത പരിപാടി കഴിഞ്ഞ് ആൾക്കൂട്ടത്തിനിടയിലൂടെ വിയർത്ത് കുളിച്ച് അവശനായി കെകെ നടന്നുനീങ്ങുന്നതും ബോഡിഗാർഡ് ആളുകളെ നിയന്ത്രിക്കുന്നതും പുറ്തതുവന്ന ദൃശ്യങ്ങളിലുണ്ട്.

അസ്വസ്ഥത അനുഭവപ്പെട്ട താരം പെട്ടെന്ന് തന്നെ ഹോട്ടലിലേക്ക് എത്തിയെങ്കിലും ഗോവണിപ്പടിയിൽ നിന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ ഉറപ്പാക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെകെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മരണത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

കൊൽക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടൽ ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തുന്നുമുണ്ട്. ആശുപത്രിയിലേയും മറ്റും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.

കൊച്ചിയിലെ ഫ്‌ലാറ്റിലും ആഡംബര ഹോട്ടലിലും വെച്ച് യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പോലീസ് ചോദ്യം ചെയ്യുന്നു. പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് ഉണ്ടായതെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും എറണാകുളം സൗത്ത് സ്റ്റേഷനിൽ നടക്കുന്ന ചോദ്യം ചെയ്യലിൽ വിജയ് ബാബു അറിയിച്ചു.

തന്റെ വരാനിരിക്കുന്ന സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പോലീസിനോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവുള്ളതിനാൽ പോലീസ് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യില്ല.

അതേസമയം, വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതിയിൽ എതിർക്കാനുള്ള തെളിവ് സമാഹരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. നേരത്തെ, കേസിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് വിജയ്ബാബു പറഞ്ഞിരുന്നു. ദുബായിയിൽനിന്ന് ബുധനാഴ്ച രാവിലെ ഒമ്പതരയോടെ കൊച്ചിയിലെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഞാൻ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു, ഞാൻ ഇന്ന് വന്നു. ബഹുമാനപ്പെട്ട കോടതിയിൽ പൂർണവിശ്വാസമുണ്ട്. പോലീസുമായി പൂർണമായും സഹകരിക്കും. സത്യം പുറത്തുകൊണ്ടുവരും. എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി’, വിജയ്ബാബു പ്രതികരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അലൈനിലെ തവാം ഹോസ്പിറ്റലിൽ, സ്റ്റാഫ് നഴ്സായ ഷാലി (52 )വയസ്സ് അന്തരിച്ചു. തൊടുപുഴ നാഗപ്പുഴ കാരക്കുന്നേൽ ടോം ജേക്കബിന്റെ ഭാര്യയാണ്. മക്കൾ: അനീഷ , ആൻ മരിയ.

ഷാലി ടോമിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഗോപി സുന്ദറും അമൃതയും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് മുതല്‍ ഇവര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും തുടങ്ങിയിരുന്നു. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പറഞ്ഞ് പലരും ഇവരെ വിമര്‍ശിക്കുകയായിരുന്നു.

മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുന്ന ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദര്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. അമൃതയും പോസ്റ്റ് പങ്കുവെച്ചിരുന്നു.

വിവാഹം കഴിഞ്ഞുവെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായാണ് ക്യാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലുണ്ടാവും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായായാണ് ക്യാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിലെ വിശേഷങ്ങള്‍ക്കൊപ്പമായാണ് ഗോപി സുന്ദറിന്റെ പ്രതികരണവും പ്രചരിക്കുന്നത്.

പിറന്നാള്‍ ദിനത്തില്‍ ഗോപി സുന്ദര്‍ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയിരുന്നു. അമൃതയും മകള്‍ അവന്തികയും ഗോപി സുന്ദറിനൊപ്പമുണ്ടായിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിന്റെ ചിത്രം ഇരുവരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved