Latest News

രാജ്യത്ത് മതങ്ങളുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടി സായി പല്ലവി. കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുമാര്‍ കൊല്ലപ്പെട്ടതിന്റെ കാരണം കാണിക്കുന്നുണ്ട്.

പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയ സംഭവവും ഈ സിനിമയില്‍ ഉണ്ട്, രണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും സായി പല്ലവി പറഞ്ഞു. മതങ്ങളുടെ പേരില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും സായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുമാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവര്‍ കാണിച്ചു. നിങ്ങള്‍ അതിനെ മത സംഘര്‍ഷമായി കാണുന്നുവെങ്കില്‍, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരില്‍ ആരെയും വേദനിപ്പിക്കരുത്’ സായി പല്ലവി പറഞ്ഞു.

‘വിരാട പര്‍വ്വം’ എന്ന തെലുങ്ക് ചിത്രമാണ് സായി പല്ലവിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ‘വെന്നെല്ല’ എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്. പോലീസുകാരനെ പ്രണയിക്കുന്ന നക്‌സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി

സായ് പല്ലവിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നടിയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം.സായ് പല്ലവിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമാണ് തീവ്ര വലതുപക്ഷ അക്കൗണ്ടുകളില്‍ നിറയുന്നത്. നടിയ്ക്ക് നേരെ വിദ്വേഷ പ്രചരണങ്ങള്‍ വലിയ രീതിയിലാണ് നടക്കുന്നത്.

അതേസമയം സായ് പല്ലവിയെ അനുകൂലിച്ച് കൊണ്ട് നിരവധി പേരും രംഗത്ത് എത്തിയിട്ടുണ്ട്. നിലപാട് തുറന്ന് പറയാന്‍ കാണിച്ചതിന് അഭിനന്ദനങ്ങള്‍ എന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്. വിരാടപര്‍വ്വത്തെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ഇത്തരം വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും. 5ജി സ്‌പെക്ട്രം ലേലം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രംനല്‍കുന്നത്. ജൂലായ് അവസാനത്തോടെ ലേലം നടപടികള്‍ പൂര്‍ത്തിയാകും.

ലേലം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെലും, വോഡഫോണ്‍ ഐഡിയയും ആദ്യ ഘട്ട 5ജി വിന്യാസത്തിനായി തയ്യാറെടുത്തിട്ടുണ്ട്. നിലവിലുള്ള 4ജിയേക്കാള്‍ പത്തിരട്ടി വേഗമാണ് 5ജി വാഗ്ദാനം ചെയ്യുക.

വിദേശ രാജ്യങ്ങളില്‍ പലരും നേരത്തെ തന്നെ 5ജി ഉപയോഗത്തില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ലേലം നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്നതുകൊണ്ട് ഇന്ത്യയില്‍ 5ജി വിന്യസിക്കാന്‍ സാധിച്ചിരുന്നില്ല. ലേലം ഈ വര്‍ഷം നടക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലേല തീയ്യതി വ്യക്തമാക്കിയിരുന്നില്ല.

600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുക.

ഇതില്‍ മെഡി റേഞ്ച്, ഹൈ റേഞ്ച് ബാന്‍ഡ് സ്‌പെക്ട്രം ആയിരിക്കും ടെലികോം സേവനദാതാക്കള്‍ 5ജി വിന്യാസത്തിനായി ഉപയോഗിക്കുക. പത്ത് വർഷത്തിന് ശേഷം കമ്പനികൾക്ക് ആവശ്യമെങ്കിൽ സ്പെക്ട്രം സറണ്ടർ ചെയ്യാം.

5ജി പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കുമെന്നും സാങ്കേതികവിദ്യാ രംഗത്ത് പുതുവിപ്ലവത്തിന് വഴിവെക്കുമെന്നുമാണ് പ്രവചനങ്ങള്‍. മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഇതിനകം 5ജി ഫോണുകള്‍ സജീവമാണ്.

സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന പരാതിയില്‍ കുറ്റാരോപിതരായ സ്വപ്‌ന സുരേഷിനെയും പി.സി. ജോര്‍ജിനെയും ചോദ്യംചെയ്യുന്നതു സരിത എസ്‌. നായരുടെ രഹസ്യമൊഴിയെടുത്ത ശേഷം.

സരിതയുടെ രഹസ്യമൊഴി പരിശോധിച്ചശേഷം അതിന്റെ അടിസ്‌ഥാനത്തില്‍ തുടര്‍നടപടി മതിയെന്ന നിയമോപദേശം പരിഗണിച്ചാണു തീരുമാനം. സരിതയുടെ മൊഴിയില്‍ വസ്‌തുതകളുണ്ടെന്നു കണ്ടാലേ ഇരുവര്‍ക്കുമെതിരേ നടപടിയുമായി പോലീസ്‌ മുന്നോട്ടു നീങ്ങൂ. ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്താവുന്ന വകുപ്പുകളിലാണു ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്‌.

അറസ്‌റ്റിനു സാധ്യത കണ്ടാല്‍, പി.സി. ജോര്‍ജും ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയേറെയാണ്‌. തന്നെ പോലീസ്‌ മനഃപൂര്‍വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ജോര്‍ജ്‌ കോടതിയെ സമീപിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിശ്വാസ്യത ചോദ്യംചെയ്യപ്പെടാം.
കഴമ്പില്ലാത്ത കേസുമായി പോയാല്‍ രാഷ്‌ട്രീയ പകപോക്കലായി കണ്ടു കോടതിയില്‍നിന്നു തിരിച്ചടി ലഭിക്കാനും സാധ്യതയേറെ. നേരത്തെ രണ്ടു കേസില്‍ പി.സി. ജോര്‍ജിനു ജാമ്യം ലഭിച്ചിരുന്നു. അതിനാല്‍, പി.സി. ജോര്‍ജിനെതിരായ നടപടികള്‍ നല്ലപോലെ ആലോചിച്ചശേഷമേ തീരുമാനിക്കു.
അതിനാലാണു സരിതയുടെ രഹസ്യമൊഴിയില്‍ വസ്‌തുതകളുണ്ടെങ്കില്‍ മാത്രം ശക്‌തമായ നടപടികളുമായി പോകാനുള്ള തീരുമാനം. മുന്‍മന്ത്രി കെ.ടി. ജലീല്‍ കന്റോണ്‍മെന്റ്‌ സ്‌റ്റേഷനില്‍ പരാതിയിലാണു കലാപത്തിനു ശ്രമമെന്ന കുറ്റം ചുമത്തി കേസെടുത്തത്‌. ആരോപണത്തിനു പിന്നാലെ പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തിയ സമരം കലാപത്തിനു ശ്രമമെന്നായിരുന്നു പരാതി. പ്രത്യേകസംഘമാണു കേസന്വേഷിക്കുന്നത്‌. ഏതു വകുപ്പു ചുമത്തണമെന്ന കാര്യത്തില്‍ തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു.

തനിക്കെതിരായ കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്‌നയുടെ ഹര്‍ജിയില്‍ ജലീലിന്റെ പരാതി ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. പ്രതികള്‍ക്കു ഇതുവരെയും പരാതിയുടെ കോപ്പി കിട്ടിയിട്ടില്ല. ഈ കേസ്‌ ഉടനെ ഹൈക്കോടതി തീര്‍പ്പാക്കില്ലെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍. എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം തുടങ്ങുന്ന സാഹചര്യത്തില്‍ കോടതി ഇടപെടാന്‍ സാധ്യതയില്ല. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ടു പരിശോധിച്ചശേഷമേ സാധാരണഗതിയില്‍ ഹര്‍ജി തീര്‍പ്പാന്‍ ഹൈക്കോടതി തയാറാവൂ എന്നാണു പോലീസിന്റെ വിലയിരുത്തല്‍.

പി.സി. ജോര്‍ജ്‌ പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരേ പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണു സരിത പറയുന്നത്‌. സ്വപ്‌നയെ ജയിലില്‍ വച്ചു പരിചയമുണ്ട്‌. എന്നാല്‍ സ്വപ്‌നയുടെ കൈയില്‍ തെളിവുകളില്ലെന്ന്‌ അറിയാവുന്നതുകൊണ്ടു പിന്മാറിയെന്നാണു സരിതയുടെ മൊഴി. മുഖ്യമന്ത്രിക്കെതിരായ തെളിവു സ്വപ്‌നയുടെ കൈയില്‍ ഉണ്ടെന്നു പറയാന്‍ ജോര്‍ജ്‌ ആവശ്യപ്പെട്ടെന്നാണു സരിത നല്‍കിയ മൊഴി. ജോര്‍ജും സ്വപ്‌നയും ക്രൈം നന്ദകുമാറും എറണാകുളത്ത്‌ കൂടിക്കാഴ്‌ച നടത്തിയെന്നും സരിത പറയുന്നു. തിരുവനന്തപുരം ഗസ്‌റ്റ്‌ ഹൗസില്‍ വച്ചും ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ വീട്ടില്‍വച്ചും താനുമായി കൂടിക്കാഴ്‌ച നടത്തി. ജോര്‍ജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും അന്വേഷണസംഘത്തിനു സരിത കൈമാറിയിട്ടുണ്ട്‌.

ഇടുക്കി രാജകുമാരിയില്‍ ഏലക്കാട്ടില്‍ കാണാതായ നാലു വയസ്സുകാരിയെ ഇന്നു രാവിലെ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് ഇന്നലെ തോട്ടത്തില്‍ കാണാതായത്. സമീപത്തുള്ള ഒരു ഏലത്തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

മാതാപിതാക്കള്‍ ജോലി ചെയ്യുന്ന തോട്ടത്തില്‍ ഒപ്പമെത്തിയതായിരുന്നു കുട്ടി. ഇടയ്ക്ക് കുട്ടിയെ കാണാതാവുകയായിരുന്നു.

 

പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ നടനും സംവിധായകനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി തള്ളിയത്.

അതേസമയം ബലാത്സംഗ കേസില്‍ ഇന്നും വാദം തുടരും. ഇന്നലെ സര്‍ക്കാര്‍ വാദം പൂര്‍ത്തിയായിരുന്നു. സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായത്. വിജയ് ബാബുവിന്റെ അഭിഭാഷകന്റെ വാദമാണ് ഇന്ന് തുടരുക. കേസിലെ നടപടി ക്രമങ്ങള്‍ ഇന്നലെ രഹസ്യമായാണു നടത്തിയത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധിയും ഇന്നുവരെ നീട്ടിയിട്ടുണ്ട്.

ഏപ്രില്‍ 22നാണ് പീഡിപ്പിച്ചുവെന്നാരേപിച്ച് നടി പരാതി നല്‍കിയത്. മാര്‍ച്ച് 16ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. ഇതേ തുടര്‍ന്ന് സമൂഹമാധ്യമത്തിലൂടെ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു.

പരാതിക്കാരിക്ക് പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ലൈഗംക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നുമാണ് വിജയ് ബാബു പറയുന്നത്.

പാവോ നൂര്‍മി ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക്  വെള്ളി. ജാവലിന്‍ ത്രോയില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജിന്റെ നേട്ടം. ടോക്കിയോ ഒളിംപിക്‌സില്‍  ചരിത്രംകുറിച്ച സ്വര്‍ണമെഡല്‍ നേട്ടത്തിന് ശേഷം ആദ്യമായി മത്സരത്തിനിറങ്ങിയ നീരജ് ചോപ്ര നിരാശപ്പെടുത്തിയില്ല. 89.30 മീറ്റര്‍ ദൂരത്തോടെ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജ് വെള്ളിത്തിളക്കം സ്വന്തമാക്കിയത്.

ടോക്കിയോയില്‍ ജാവല്‍ പറത്തിയ 87.58 മീറ്ററിന്റെ റെക്കോര്‍ഡാണ് നീരജ് മെച്ചപ്പെടുത്തിയത്. ആദ്യ ഈഴത്തില്‍ 86.92 മീറ്റര്‍ കണ്ടെത്തിയ നീരജ് രണ്ടാം ശ്രമത്തിലാണ് ജാവലിന്‍ 89.30 മീറ്റര്‍ദൂരത്തേക്ക് പായിച്ചത്. ജാവലിന്‍ ത്രോയില്‍ ഈവര്‍ഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പ്രകടനമാണിത്.

തുടര്‍ന്നുള്ള മൂന്ന് അവസരവും ഫൗളായി. ഫിന്‍ലന്‍ഡ് താരം ഒലിവിയര്‍ ഹെലാന്‍ഡര്‍ 89.83 മീറ്റര്‍ ദൂരത്തോടെ ഒന്നാമതെത്തി. 86.60 മീറ്റര്‍ ദൂരംകണ്ടെത്തിയ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സനാണ് വെങ്കലം. അടുത്തമാസം ലോക ചാംപ്യന്‍ഷിപ്പും പിന്നാലെ കോമണ്‍വെല്‍ത്തും ഗെയിംസും നടക്കാനിരിക്കെ ഇന്ത്യക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പാവോ നൂര്‍മി ഗെയിംസിലെ നീരജിന്റെ പ്രകടനം.

ജൂണ്‍ 22 വരെയാകും നീരജ് ഫിന്‍ലന്‍ഡില്‍ തുടരും. കൂര്‍ട്ടെന്‍ ഗെയിംസ്, സ്റ്റോക്ക് ഹോമിലെ ഡയമണ്ട് ലീഗ് എന്നിവിടങ്ങളിലും നീരജ് മത്സരിക്കും. നേരത്തെ, കേന്ദ്രസര്‍ക്കാര്‍ പരിശീലനത്തിനായി 9.8 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒളിംപിക്സ് നിലവാരത്തിലുള്ള ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഫിന്‍ലന്‍ഡിലെ കൂര്‍ട്ടെന്‍ ഒളിംപിക് സെന്ററിലുണ്ട്.

സ്പോര്‍ട്സ് അതോറിറ്റിയുടെ ആവശ്യപ്രകാരം നീരജിന് സൗകര്യങ്ങളൊരുക്കാന്‍ ഹെല്‍സിങ്കിയിലെ ഇന്ത്യന്‍ എംബസിക്കും നിര്‍ദേശം നല്‍കി. ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചെങ്കിലും അടുത്ത രണ്ട് വര്‍ഷത്തിനിടെ ഒളിംപിക്സ് ഉള്‍പ്പെടെ നാലോളം പ്രധാന ഗെയിംസുകളിലാണ് നീരജ് മത്സരിക്കേണ്ടത്.

ഒളിംപിക്സ് അത്ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണ് നീരജ് ചോപ്ര ടോക്കിയോയില്‍ നേടിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി.

ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തിൽ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയായിരുന്നു നായകൻ. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതുകയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രകാശന്‍ പറക്കട്ടെ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വെച്ച് ധ്യാന്‍ ശ്രീനിവാസനോട് നയന്‍താര കല്യാണമൊന്നും വിളിച്ചില്ലേ എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചു, ഇതിനു മറുപടിയായി ധ്യാൻ നൽകിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

വിളിച്ചു. പക്ഷെ, ഞാന്‍ പോയില്ല, വേണ്ടെന്ന് വെച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ട്,ധ്യാന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ കോണ്‍ഗ്രസ് പ്രതിനിധി ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. അന്ത്രിച്ച മുന്‍ എം എല്‍ എ പി ടി തോമസിന്റെ ഭാര്യയാണ് ഉമ തോമസ്.

ഇന്നലെ രാത്രിയോടെ ഉമ തോമസ് തിരുവനന്തപുരത്ത് എത്തി. പി ടി തോമസിന്റെ ഓര്‍മകളുമായാണ് സത്യപ്രതിജ്ഞക്ക് പോകുന്നത്. വോട്ടര്‍മാര്‍ക്ക് നല്‍കിയ എല്ലാ ഉറപ്പുകളും പാലിക്കുമെന്നും ഉമ തോമസ് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക്് ശേഷം ഈ മാസം 27 മുതല്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തിലും ഉമാതോമസ് പങ്കെടുക്കും.

പിടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉമ തോമസിലൂടെ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. 72767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്. മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടന്നു. ജോ ജോസഫ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എ എന്‍ രാധാകൃഷ്ണന്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.

തൃക്കാക്കരയില്‍ യുഡിഎഫിന് 2021നെക്കാള്‍ 12,928 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചു. 2021ല്‍ 59,839 വോട്ടുകളായിരുന്നു പി.ടി തോമസ് നേടിയത്. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി ജോ ജോസഫ് 47,752 വോട്ട് നേടി. 2021 ല്‍ എല്‍.ഡി.എഫിന് ലഭിച്ചത് 45510 വോട്ടായിരുന്നു. ഇത്തവണ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. എ.എന്‍ രാധാകൃഷ്ണന്‍ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി 15483 വോട്ടുകള്‍ നേടിയിരുന്നു.

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ഫൈവ് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  ജൂൺ 18  ശനിയാഴ്ച ഹൈ വൈകോമ്പില്‍ നടക്കും. ഫുട്ബോള്‍ മത്സരങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പങ്കെടുത്ത് ആസ്വദിക്കാവുന്ന ഫാമിലി ഫണ്‍ ഡേയും അന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ഫുട്ബോൾ മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് 250 പൗണ്ടിന്റെ ക്യാഷ് അവാർഡ് ആണ്. കൂടാതെ ഫാമിലി ഫൺ ഡേയോട് അനുബന്ധിച്ച് നടത്തുന്ന റാഫിൾ പ്രൈസിലും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ട്. ഇന്ത്യയിലേക്കുള്ള രണ്ടു വിമാന ടിക്കറ്റുകളും രണ്ടു പേർക്ക് രണ്ട് ദിവസത്തെ താമസവുമാണ് റാഫിൾ വിജയികളെ കാത്തിരിക്കുന്നത്.

ഫുട്ബോള്‍ മത്സരത്തിലൂടെയും ഫാമിലി ഫണ്‍ ഡേയിലൂടെയും ലഭ്യമാകുന്ന തുക റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റി നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ആയിരിക്കും ഉപയോഗിക്കുക. ബ്രെയിന്‍ ട്യൂമര്‍ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കും കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന റയന്‍ നൈനാന്‍ ക്യാന്‍സര്‍ പ്രൊജക്റ്റിനുമായിരിക്കും ഈ പ്രോഗ്രാം വഴി ലഭിക്കുന്ന തുക നല്‍കുന്നത്. കൂടാതെ ഹെലൻ ആന്റ് ഡഗ്ലസ് ഹൌസ്, പെപ്പർ നഴ്‌സിംഗ് എന്നീ ചാരിറ്റി സംഘടനകളും ഈ പരിപാടിയുടെ ഗുണഭോക്താക്കളാണ്

ഏഴാം വയസ്സില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിതനായി ഈ ലോകത്തോട്‌ യാത്ര പറഞ്ഞ് സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് യാത്രയായ റയന്‍ നൈനാന്‍ എന്ന കിത്തു മോന്‍റെ ഓര്‍മ്മയ്ക്കായി ആരംഭിച്ചതാണ് റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റി. ഫുട്ബോള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചെല്‍സി ടീമിന്‍റെ ആരാധകനായിരുന്ന റയന്‍ നൈനാന്‍ എന്ന കൊച്ചു മിടുക്കന്റെ അകാല വേര്‍പാടിനെ തുടര്‍ന്ന് റയന്‍റെ മാതാപിതാക്കളായ സജി ജോണ്‍ നൈനാനും ആഷ മാത്യുവും ചേര്‍ന്ന് ആണ് റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റിക്ക് തുടക്കം കുറിച്ചത്. തങ്ങളുടെ മകന്‍റെ ജീവിതം തട്ടിയെടുത്ത ബ്രെയിന്‍ ട്യൂമര്‍ രോഗത്തിനെതിരെ പോരാടുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍എന്‍സിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ ചുക്കാന്‍ പിടിക്കുന്നത്.

കഴിഞ്ഞ നാല് തവണയും നടത്തിയ ഫൈവ് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും ഫാമിലി ഫണ്‍ ഡേയും നിരവധി ആളുകളെ ആകര്‍ഷിച്ചിരുന്നു. ഏകദേശം അഞ്ഞൂറോളം ആളുകള്‍ ഓരോ വര്‍ഷവും ഈ പ്രോഗ്രാമിനായി ഒത്ത് കൂടുന്നുണ്ട്. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, ലേഡീസ് കാറ്റഗറികളില്‍ ആണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കായി മറ്റ് നിരവധി വിനോദ പരിപാടികളും അന്ന് തന്നെ സംഘടിപ്പിക്കുന്നതിനാല്‍ ഓരോ വര്‍ഷവും നിരവധി കുട്ടികള്‍ ആണ് ഈ പരിപാടിക്കായി കാത്തിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഫുഡ് സ്റ്റാള്‍, രുചികരമായ കേക്കുകള്‍, ഫേസ് പെയിന്‍റിംഗ്, മെഹന്ദി, നെക്ക് ആന്‍ഡ്‌ ഷോള്‍ഡര്‍ മസ്സാജ്, നെയില്‍ ആര്‍ട്ട്, തംബോല തുടങ്ങി നിരവധി കാര്യങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ശനിയാഴ്ച കാലത്ത് ഒന്‍പത് മണി മുതല്‍ ആരംഭിക്കുന്ന ഫുട്ബോള്‍ മത്സരങ്ങളും മറ്റ് വിനോദങ്ങളും വൈകിട്ട് അഞ്ച് മണിയോടെ ആയിരിക്കും സമാപിക്കുന്നത്. എട്ടു വര്‍ഷം കൊണ്ട് അന്‍പതിനായിരം പൌണ്ടോളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ടെത്തി കഴിഞ്ഞ ആര്‍എന്‍സിസിക്ക് കൂട്ടായി നില്‍ക്കുന്ന സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മികച്ച പിന്തുണയാണ് ഇവര്‍ക്ക് നല്‍കുന്നത്. ആര്‍എന്‍സിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ www.rncc.org.uk എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ https://www.facebook.com/RNCCUK/ എന്ന ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ ചെയ്യാവുന്നതാണ്.

മദ്യപിച്ചെത്തുന്ന പിതാവിന്റെ മർദ്ദനത്തെ ഭയന്ന് റബ്ബർ തോട്ടത്തിൽ അമ്മയും മക്കളും ഒളിച്ചിരിക്കെ പാമ്പ് കടിയേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. വീടിനു സമീപത്തുള്ള റബ്ബർ തോട്ടത്തിൽ ഒളിച്ചിരിക്കെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. സംഭവത്തിന് മുൻപ് കുട്ടികൾ കണ്ണീരൊഴുക്കി കൊണ്ട് പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ കുട്ടയ്ക്കാട്ടിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്.

നിത്യവും രാത്രിയായാൽ ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ചു വരാറുള്ള ഭർത്താവ് സുരേന്ദ്രൻ ദിവസവും ഭാര്യ സിജി മോളെയും മക്കളായ സുഷ്ക മോൾ (4), സുഷിൻ സിജോ (12 ), സുജിലിൻ ജോ (9) എന്നിവരെയും പതിവായി മർദിക്കുമായിരുന്നു. കഴിഞ്ഞ ദിവസവും രാത്രിയിൽ മദ്യപിച്ച് എത്തി സുരേന്ദ്രൻ ബഹളം തുടങ്ങിയതോടെ അമ്മയും കുട്ടികളും ഭയന്ന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ ഓടി ഒളിക്കുകയായിരുന്നു. അവിടെ വെച്ചാണ് നാലു വയസ്സുകാരി സുഷ്ക മോളെ പാമ്പുകടിക്കുന്നത്.

കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് കുട്ടികളെയും കൂട്ടി സിജി സമീപത്തെ വീട്ടിൽ അഭയം തേടി. അപ്പോഴേക്കും കുഞ്ഞ് അബോധസ്ഥയിലായിരുന്നു. കുട്ടിയെ തുടർന്ന് നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരണപ്പെട്ടു കഴിഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് തിരുവട്ടാർ പോലീസ് സുരേന്ദ്രനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. കഴിഞ്ഞ ആഴ്ചയിൽ സുരേന്ദ്രൻ മദ്യപിച്ചു എത്തി രാത്രി കുട്ടികളെ മർദിക്കുകയും, മക്കൾ മൂവരും കരഞ്ഞു വിഷമങ്ങൾ പറയുന്നതുമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു വരുന്നത്.

Copyright © . All rights reserved