Latest News

നടന്‍ ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നൈറ്റ് ഡ്രൈവ്’. ഇപ്പോഴിതാ സഹോദരന്‍ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന സിനിമയുണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

തങ്ങള്‍ തമ്മില്‍ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ലെന്നും, താന്‍ ചാന്‍സ് ചോദിക്കാറില്ലെന്നുമാണ് ഇന്ദ്രജിത്ത് ഒരു അഭിമുഖത്തില്‍ പറയുന്നത്.

‘വല്ലപ്പോഴുമാണ് ഞങ്ങള്‍ തമ്മില്‍ കാണാറുള്ളത്. ഞങ്ങള്‍ കണ്ടുമുട്ടിയിട്ട് തന്നെ ആറു മാസത്തോളമായി. പക്ഷേ അവനുമായി ഫോണില്‍ സംസാരിക്കാറുണ്ട്. തമ്മില്‍ കണ്ടാലും സിനിമയെക്കുറിച്ച് അധികം സംസാരിക്കാറില്ല.

പേഴ്‌സണല്‍ കാര്യങ്ങളും ഫാമിലി കാര്യങ്ങളും മാത്രമാണ് സംസാരിക്കാറ്. ഞങ്ങള്‍ അങ്ങനെയാണ് സമയം ചിലവഴിക്കാറുള്ളത്. മാത്രമല്ല അവനോട് ഞാന്‍ ചാന്‍സ് ചോദിക്കാറില്ല. നിങ്ങള്‍ സ്വയം ഒരു വേഷം ആവശ്യപ്പെടുന്നതിന് പകരം, അവര്‍ക്ക് നിങ്ങളോട് ചോദിക്കാന്‍ തോന്നണം. അങ്ങനെയാണ് വേണ്ടത്.’ ഇന്ദ്രജിത്ത് പറഞ്ഞു.

ലോകമെമ്പാടും ജനങ്ങള്‍ പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശം. യുദ്ധത്തിന്റെ ഭീകരത അടയാളപ്പെടുത്തുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. സമാധാനത്തിന് വേണ്ടി നാം പ്രവര്‍ത്തിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഉക്രൈനിലെ യുദ്ധത്തെ അപലപിച്ച മാര്‍പ്പാപ്പ യുദ്ധത്തിന്റെ ഇരുട്ടില്‍ കഴിയുന്ന ഉക്രൈന്‍ ജനതയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രതിസന്ധിയുടെ ഈ നാളുകളില്‍ അവര്‍ക്കൊപ്പമുണ്ടെന്നും അറിയിച്ചു. ഉക്രൈനിയന്‍ ഭാഷയില്‍ ‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യ പാതിരാകുര്‍ബാനയിലും പ്രത്യേക പ്രാര്‍ത്ഥനകളിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാത്തത് കൊണ്ട് വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സാമൂഹ്യമാധ്യമത്തിലൂടെ ഈസ്റ്റര്‍ ദിനാശംസകള്‍ നേര്‍ന്നു.

ഈസ്റ്റര്‍ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണ്. സമൃദ്ധിയും സമാധാനവും പുലരുന്ന നാളെയിലേയ്ക്കുള്ള യാത്രയില്‍ ഈസ്റ്ററിന്റെ സന്ദേശം നമുക്ക് പ്രചോദനമാകട്ടെ. അനീതിയും അസമത്വവും ഇല്ലായ്മ ചെയ്യാനുള്ള പോരാട്ടങ്ങള്‍ക്ക് ക്രിസ്തുവിന്റെ സ്‌നേഹവും ത്യാഗവും ഊര്‍ജ്ജം പകരും. സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞതാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

മട്ടണ്‍ കുറുമ
ചേരുവകള്‍
മട്ടന്‍ 1 കിലോ
സബോള 5 എണ്ണം നീളത്തില്‍ അഞ്ഞത്
പ്ലം ടൊമാറ്റോ 1 ടിന്‍ (200 ഗ്രാം )
വെളുത്തുള്ളി / ഇഞ്ചി 2 ടി സ്പൂണ്‍ വീതം ചതച്ചത്
കുരുമുളകുപൊടി 2 ടി സ്പൂണ്‍
മുളകുപൊടി 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 2 ടി സ്പൂണ്‍
നാരങ്ങാ നീര് 1 നാരങ്ങയുടെ
ജീരക പ്പൊടി 1 ടി സ്പൂണ്‍
ഗ്രാമ്പൂ 3 എണ്ണം
കറുവാപട്ട 1 പീസ്
ഏലക്ക 2 എണ്ണം
ഓയില്‍ 50 എംല്‍
ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
മട്ടണ്‍ കഴുകി വൃത്തിയാക്കുക . ഉപ്പും പകുതി മസാലകളും നാരങ്ങാ നീരും ചേര്‍ത്ത് നന്നായി മാരിനേറ്റ് ചെയ്തു വയ്ക്കുക .ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി ചതച്ചത് വഴറ്റുക പച്ച മണം മാറിക്കഴിയുമ്പോള്‍ സബോളയും ചേര്‍ത്ത് വഴറ്റുക .സബോള നന്നായി വഴന്നു കഴിയുമ്പോള്‍ പ്ലം ടൊമാറ്റോയും കൂടി ചേര്‍ത്ത് നന്നായി പച്ചപ്പ് പോകുന്നത് വരെ കുക്ക് ചെയ്യുക .ഇതിലേയ്ക്ക് ബാക്കിയുള്ള മസാലകളും ചേര്‍ത്തു് വഴറ്റി എടുക്കുക .അതിലേയ്ക്ക് മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന മട്ടണ്‍ ചേര്‍ത്തിളക്കുക ആവശ്യം എങ്കില്‍ അല്പം വെള്ളം കൂടി ചേര്‍ക്കുക. മട്ടണ്‍ നന്നായി കുക്ക് ചെയ്‌തെടുക്കുക. മട്ടണ്‍ വേവ് കൂടുതല്‍ ആയതിനാല്‍ ഏകദേശം 30 40 മിനിറ്റ് എടുക്കും . 80 % വെന്തു കഴിയുമ്പോള്‍ മൂടി തുറന്നു വച്ച് ചാറു കുറുക്കിയെടുക്കുക .ഇതിലേയ്ക്ക് ജീരകം,ഗ്രാമ്പൂ,ഏലക്ക ,പട്ട എന്നിവ പൊടിച്ച് ചേര്‍ത്ത് കുറുകുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പുക .അപ്പം .പത്തിരി ,ഇടിയപ്പം ചപ്പാത്തി ഇവക്കൊക്കെ നല്ല ഒരു കോമ്പിനേഷന്‍ ആണ് ഈ മട്ടണ്‍ കുറുമ. .

 

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

 

റോസ ഷിബു
ദു:ഖ ശനിയാഴ്ചയായ ഇന്ന്
രാവിലെ 11:00 മണിക്ക് കീത്തിലിയിലെ സെന്റ് ആന്‍സ് കാത്തലിക് ചര്‍ച്ച് ഈസ്റ്റേണ്‍ യൂറോപ്യന്‍സിനെ കൊണ്ട് നിറഞ്ഞു. ഈസ്റ്റര്‍ ഭക്ഷണ കൊട്ടകളെ അനുഗ്രഹിക്കുന്ന പോളിഷ് പാരമ്പര്യമായ ‘സ്വികോങ്ക’ ഇടവക വികാരി കാനന്‍ മൈക്കിള്‍ മക്രീഡി ആശീര്‍വദിച്ചു.

പ്രതീകാത്മക ഭക്ഷണങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കിഴക്കന്‍ യൂറോപ്യന്‍ ആചാരമാണ് സിങ്കോങ്ക (ടwiലconka). അത്
പോളണ്ടിന്റെ
ആദ്യകാല ചരിത്രത്തില്‍ നിന്നുള്ളതാണ്.പുരോഹിതന്മാര്‍ വീടുകളില്‍ ഈസ്റ്റര്‍
ഭക്ഷണം ആശീര്‍വദിക്കും. ഈ
പാരമ്പര്യം പിന്നീട് പള്ളികളില്‍
ആശീര്‍വദിക്കുന്ന ഭക്ഷണത്തിലേക്ക്
നീങ്ങി. പ്രിയപ്പെട്ട പോളിഷ്
പാരമ്പര്യങ്ങള്‍ വിശുദ്ധ
ശനിയാഴ്ചയാണ് സംഭവിക്കുന്നത്. അത് മുഴുവന്‍ കുടുംബത്തിനും
പങ്കെടുക്കാനും തയ്യാറാക്കാനും കഴിയുന്ന ഒന്നാണ്.

 

ഭക്ഷണം സാധാരണയായി ഒരു
കൊട്ടയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അത് പരമ്പരാഗതമായി വെളുത്ത
ലിനന്‍ അല്ലെങ്കില്‍ ലെയ്‌സ് തൂവാല കൊണ്ട് നിരത്തി സാധാരണ ഈസ്റ്റര്‍
നിത്യഹരിത ബോക്‌സ്വുഡ് (ബുക്‌സ്പാന്‍) തളിര്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

കൊട്ടയിലെ ഭക്ഷണങ്ങള്‍ക്ക്
പ്രതീകാത്മക അര്‍ത്ഥമുണ്ട്:

മുട്ടകള്‍ ജീവിതത്തെയും ക്രിസ്തുവിന്റെ പുനരുത്ഥാനത്തെയും പ്രതീകപ്പെടുത്തുന്നു

അപ്പം യേശുവിന്റെ പ്രതീകം

കുഞ്ഞാട് ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു

ഉപ്പ് ശുദ്ധീകരണത്തെ പ്രതിനിധീകരിക്കുന്നു

ഹോഴ്‌സ്‌റഡിഷ് ക്രിസ്തുവിന്റെ കയ്‌പേറിയ ത്യാഗത്തിന്റെ പ്രതീകം

ഹാം വലിയ സന്തോഷത്തിന്റെയും
സമൃദ്ധിയുടെയും പ്രതീകം.

ഭക്ഷണം പള്ളിയില്‍ കൊണ്ടുവന്നാണ് ആശീര്‍വദിച്ചനുഗ്രഹിക്കുന്നത്.
ഇതിനെ ‘Poswiecenie Pokarmow’ എന്ന് വിളിക്കുന്നു. മൂന്ന്
ഭാഗങ്ങളുള്ള പ്രാര്‍ത്ഥനകള്‍
കൊട്ടയിലെ വിവിധ ഉള്ളടക്കങ്ങളെ
അനുഗ്രഹിക്കുന്നു. മാംസങ്ങള്‍, മുട്ടകള്‍,ദോശകള്‍, റൊട്ടികള്‍ എന്നിവയ്ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍. പുരോഹിതന്‍ പിന്നീട് ഓരോ കൊട്ടകളിലും വിശുദ്ധ
ജലം തളിക്കുന്നു. ആശീര്‍വാദത്തിനു ശേഷം, കുടുംബനാഥന്‍ ജീവിതത്തിന്റെ പ്രതീകമായ വാഴ്ത്തപ്പെട്ട മുട്ട
കുടുംബാംഗങ്ങളോടും
സുഹൃത്തുക്കളോടുമൊപ്പം പങ്കുവയ്ക്കുന്നു.

കീത്തിലിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നൂറ് കണക്കിന് ഈസ്റ്റേണ്‍ യൂറോപ്പുകാരാണ് ആശീര്‍വാദ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. 2010ലാണ് ആദ്യമായി കീത്തിലി സെന്റ് ആന്‍സ് ചര്‍ച്ചില്‍ ഭക്ഷണ ആശീര്‍വാദ ചടങ്ങുകള്‍ ആരംഭിച്ചത്.

 

സിബിഐ സീരീസിലെ പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ സിബിഐ 5 ദി ബ്രെയിന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ഇപ്പോഴിത ഈ ചിത്രത്തിന് സിബിഐ 5 ദി ബ്രെയിന്‍ എന്ന പേര് വന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍.

‘സിബിഐ 5 എന്ന പേര് എസ്എന്‍ സ്വാമി കഥ എഴുതുമ്പോള്‍ തന്നെ ഉണ്ടായിരുന്നു. ആ പേര് സംവിധായകന്‍ മധു സാറിനും എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. മമ്മൂക്കയും ദുല്‍ഖറും പറഞ്ഞ് കൊണ്ടിരുന്നത് ഈ ചിത്രത്തിന് സിബിഐ 5 എന്ന ടൈറ്റില്‍ മാത്രം മതി എന്നായിരുന്നു. എനിക്കും സിബിഐ 5 ന്റെ കൂടി എന്തെങ്കിലും വേണമെന്ന് തന്നെയായിരുന്നു. എന്നാലല്ലേ ഒരു ഐഡന്റിറ്റി കിട്ടുള്ളു.’

‘സേതുരാമയ്യറുടെ ഒരു ആയുധം അദ്ദേഹത്തിന്റെ ബ്രെയ്‌നാണ്. ആ കഥാപാത്രത്തിന് അടിയും ഇടിയും, തോക്കും, ഒരു പേന കത്തി പോലും ആയുധമായി ഇല്ലല്ലോ. അങ്ങനെ ദി ബ്രെയ്ന്‍ എന്ന പേരും കൂടി വെക്കണം എന്ന് ഞാന്‍ പറഞ്ഞു. ആ ആലോചന നീണ്ട് പോയി. ഈ പേര് മധു സാറിനും, സ്വാമിക്കും, മമ്മൂക്കയ്ക്കും ഇഷ്ടപ്പെടണമല്ലോ. മമ്മൂക്കയാണ് മെയ്ന്‍.’

‘അപ്പച്ചന് ഫസ്റ്റ് ഡേ നല്ല ആളുകള്‍ വരുകയും, ലാഭം കിട്ടുകയും അല്ലെ വേണ്ടത്, അതിന് സി.ബി.ഐ 5 എന്ന പേര് മതി എന്നായിരുന്നു മമ്മൂക്ക എന്നോട് പറഞ്ഞത്. അത് ശരിയാണ്, പക്ഷേ എന്റെ ഒരു ആഗ്രഹമാണ് എന്ന് ഞാന്‍ പറഞ്ഞു. അവസാനം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം സിബിഐ 5 ദി ബ്രെയ്ന്‍ എന്ന പേര് എഴുതി കാണിക്കാന്‍ എന്നോട് മമ്മൂക്ക പറഞ്ഞു. ആദ്യം അദ്ദേഹം കണ്ടിട്ട് ആ പേര് വേണ്ട, അത് ശരിയാവില്ല എന്ന് പറഞ്ഞു. രണ്ടാമത് വേറെ ഡിസൈനില്‍ എഴുതി കാണിച്ചപ്പോള്‍ മമ്മൂക്ക രണ്‍ജി പണിക്കരെ വിളിച്ച് കാണിച്ച് കൊടുത്തു. രണ്‍ജി പണിക്കര്‍ കണ്ടിട്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞു.’

‘അത് പറയാന്‍ വേണ്ടി ചെറിയ രീതിയില്‍ രണ്‍ജിയെ സ്വാധീനിച്ചു എന്ന് വേണമെങ്കില്‍ പറയാം. ഈ കാര്യം മമ്മൂക്ക അറിഞ്ഞാല്‍ എനിക്ക് ഭ്രാന്താണെന്ന് വിചാരിക്കും. അവസാനം അപ്പച്ചന് ഇഷ്ടമുള്ളത് പോലെ ചെയ്യാം എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെയാണ് സി.ബി.ഐ 5: ദി ബ്രെയ്ന്‍ എന്ന പേര് ചിത്രത്തിന് വന്നത്.’ ബൈജു നായരുമായുള്ള അഭിമുഖത്തില്‍ അപ്പച്ചന്‍ പറഞ്ഞു.

പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. കൊലപാതകം ആസൂത്രിതമാണ്. എഫ്‌ഐആറില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. കൊല്ലപ്പെട്ട സുബൈറിന്റെ പിതാവ് അബൂബക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൊല നടത്തിയ ശേഷം സംഘം കാറുമായി തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് സൂചന ലഭിക്കുന്ന സിസിടിവി ദൃശ്യങ്ങളും, ദൃക്‌സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചംഗ സംഘമാണ് കടന്നത് എന്നാണ് വിവരം.

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നാണ് എസ്ഡിപിഐയുടെ ആരോപണം. അക്രമി സംഘം എത്തിയ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നേരത്തെ എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിന്റെ പേരിലുള്ളതാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രണ്ട് കാറുകളിലായാണ് അക്രമി സംഘം എത്തിയത്.

കൊലപാതകത്തിന് ശേഷം സഞ്ജിത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഇയോണ്‍ കാര്‍ ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാറിന്റെ നമ്പര്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ എന്ന് ഉറപ്പുവരുത്താന്‍ പരിശോധന നടത്തും.സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാവിലെ നടക്കും.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് എലപ്പുള്ളി കുത്തിയതോട് സ്വദേശിയായ സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയില്‍ നിന്ന് പിതാവിനോടൊപ്പം ഇറങ്ങിവരുമ്പോഴായിരുന്നു സുബൈറിനെ സംഘം ആക്രമിച്ചത്. ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ സുബൈറിനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുബൈറിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും.

റഷ്യുമായുള്ള യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഉക്രൈന്‍ സൈനികരുടെ കണക്കുകള്‍ വെളിപ്പെടുത്തി പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. യുദ്ധത്തില്‍ ഇതുവരെ 3,000 സൈനികര്‍ മരിച്ചു. 10,000 പേര്‍ക്ക് പരിക്കേറ്റു. എത്രപേര്‍ അതിജീവിക്കുമെന്ന് പറയാന്‍ പ്രയാസമാണെന്ന് സെലന്‍സ്‌കി പറഞ്ഞു.

റഷ്യന്‍ സൈന്യം പിന്മാറിയ ഉക്രൈന്‍ തലസ്ഥാനമായ കീവിന് ചുറ്റുമുള്ള മേഖലയില്‍ നിന്ന് 900 ലധികം സാധാരണക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഭൂരിഭാഗം പേരും മാരകമായി വെടിയേറ്റാണ് മരിച്ചിരിക്കുന്നത്. ആളുകളെ റഷ്യന്‍ സൈന്യം വെറുടെ വെടിവച്ചു കൊന്നതിന് തെളിവാണിതെന്ന് പൊലീസ് പറയുന്നു.

റഷ്യന്‍ പ്രദേശത്ത് ഉക്രൈന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി കീവില്‍ മിസൈലാക്രമണം ശക്തമാക്കുമെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് സെലന്‍സ്‌കി കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

കിഴക്കന്‍ ഉക്രൈനില്‍ പുതിയ ആക്രമണങ്ങള്‍ക്കുള്ള തയ്യാറടുപ്പുകള്‍ നടത്തുകയാണ് റഷ്യ. തെക്കന്‍ തുറമുഖ നഗരമായ മരിയുപോളിലും പോരാട്ടം നടക്കുകയാണ്.

പ്രദേശത്ത് റഷ്യന്‍ സൈന്യം മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടതായി പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടക്കുകിഴക്കന്‍ നഗരമായ ഖാര്‍കിവില്‍, ജനവാസ മേഖലയിലുണ്ടായ ഷെല്ലാക്രമണത്തില്‍ 7 മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റീജിയണല്‍ ഗവര്‍ണര്‍ ഒലെഹ് സിനെഹുബോവ് പറഞ്ഞു.

വിവാദപ്രസ്താവനകൾ നിറഞ്ഞ എഴുത്തുകളിൽ കൂടി ശ്രദ്ധ നേടിയ മുതിര്‍ന്ന സിനിമ ലേഖകകനാണ്  പല്ലിശ്ശേരി. നടിയെ ആക്രമിച്ച കേസ് വന്നപ്പോൾ മുതൽ തന്നെ ദിലീപിന്റെ മഞ്ജുവിന്റെയും കാവ്യയുടേയുമൊക്കെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചതൊക്കെ വള്ളിപുള്ളി വിടാതെ പല്ലിശ്ശേരി തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും വിവാദ പ്രസ്താവനകളിലേക്ക് നിറയുകയാണ് പെല്ലിശ്ശേരിയുടെ വാക്കുകൾ. നടിയെ ആക്രമിച്ച കേസ് നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കാവ്യയെയും ചോദ്യം ചെയ്യുന്ന ഘട്ടത്തിലാണ് ഇപ്പോൾ. എന്നാൽ കാവ്യയുടെയും ദിലീപിന്റെയും കുടുംബം അടിച്ച് പിരിയുന്നുവെന്നാണ് പല്ലിശ്ശേരി തന്റെ യുട്യൂബ് ചാനലിലൂടെ പറയുന്നത്.

ദിലീപിന്റെ സഹോദരി ഭർത്താവ് പുറത്ത് വിട്ട തെളിവുകൾ കാവ്യക്കെതിരെ നിർണായകമായിരുന്നു. അതുകൊണ്ട് തന്നെ തന്റെ മകളെ ദിലീപിന്റെ കുടുംബം ഒറ്റപ്പെടുത്തി എന്ന തിരിച്ചറിവാണ് കാവ്യയും കുടുംബവും ദിലീപിന്റെ കുടുംബവും തമ്മിൽ തെറ്റിയതെന്നാണ് പല്ലിശ്ശേരി പറയുന്നത്. കാവ്യയെ വിളിച്ചിട്ട് പോകാൻ വീട്ടുകാർ തയ്യാറാണ്. പക്ഷെ ദിലീപിന്റെ കുടുംബം വെയിറ്റ് ചെയ്യാൻ പറഞ്ഞിരിക്കുകയാണ്. കാര്യങ്ങൾ ഇത്രയും എത്തുമെന്ന് ആരും കരുതിയില്ല. നന്ദികേട് കാണിച്ചാൽ അതിന്റെ പത്ത് മടങ്ങ് കാവ്യയും കുടുംബവും കാണിക്കാനാണ് സാധ്യത.

അതിനിപ്പോൾ കാവ്യയുടെ കുടുംബവും തുടക്കമിട്ടിരിക്കുകയാണ്. ബന്ധുക്കൾ തമ്മിൽ ശത്രുക്കൾ ആകുമ്പോൾ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്ത് തൊടുത്ത് വിടും. അതായത് മലർന്ന് കിടന്ന് തുപ്പുന്നതുപോലെ തന്നെ.. എന്നാൽ അങ്ങനെ തുപ്പിയാൽ ആർക്കാണ് നഷ്ടം. അത് ഇരുകുടുംബങ്ങൾക്കും തന്നെയായിരിക്കും. അങ്ങനെ വരുമ്പോൾ ഇരുകൂട്ടരും പരസ്പരം പല കഥകളും പുറത്ത് വിടും. അപ്പോൾ നമ്മൾ ഇനി കേൾക്കാൻ പോകുന്നത് ഇരുകുടുംബങ്ങളിലെയും രഹസ്യങ്ങൾ തന്നെയായിരിക്കും.

തന്റെ മകളെ ഒറ്റപ്പെടുത്തിയെന്ന ധാരണ കാവ്യയുടെ കുടുംബത്തിന് വല്ലാത്ത പകയാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. എന്റെ മകളെ ഇനിയും ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ അല്ലെങ്കിൽ കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ ഒരുത്തനെയും ഞങ്ങൾ വെറുതെ വിടില്ല. എല്ലാം മറക്കും എല്ലാ ബന്ധങ്ങളും ഞങ്ങൾ വിഛേദിക്കും. പറയാനുള്ള കാര്യങ്ങൾ കൃത്യമായ തെളിവോടുകൂടെ അന്വേഷണ ഉദ്യഗസ്ഥരെ അറിയിക്കും എന്ന് തന്നെയാണ് കാവ്യയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്നുള്ള അവസാനത്തെ അസ്ത്രം. ഈ അസ്ത്രം മറുഭാഗത്ത് പാലിച്ചിട്ടുണ്ട്.

കാരണം ദിലീപിന് കാര്യങ്ങളെല്ലാം അറിയാം. കാവ്യക്കും കാര്യങ്ങളെല്ലാം അറിയാം. കാരണം ദിലീപ് ഇപ്പോൾ ആകെ സമർദ്ദത്തിലാണ്. കാവ്യയെ തനിക്ക് ഉപേക്ഷിക്കാനും വയ്യ. തനിക് ഏറ്റവും വേണ്ടപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു അനുഭവം ഉണ്ടായപ്പോൾ ‘നോ’ എന്ന് പറയാനും പറ്റാത്ത അവസ്ഥ. ഇത്രയും നാൾ ഒരുമിച്ച് നിന്നവർ ഇനി പിരിയാൻ പോകുമ്പോൾ ആരുമറിയാത്ത പല രഹസ്യങ്ങളും പുറത്ത് വരാൻ പോകുന്നു. അതായത് നമ്മൾ ഇനിയും ഞെട്ടാൻ പോകുകയാണ്.

കാവ്യയുടെയും അച്ഛനും അമ്മയും ബന്ധുക്കളും പറയുകയാണ് ഞങ്ങളുടെ മകളല്ല കുറ്റക്കാരി. കാരണം അവളെ ഇതിലേക്ക് പ്രരിപ്പിച്ചതാണ്. നല്ലൊരു വിവാഹ ജീവിതം കണ്ടുകൊണ്ട് നല്ലൊരു വിവാഹം അവളെ കഴിച്ച് കൊടുത്തവരാണ് ഞങ്ങൾ. എന്നിട്ടും ആ കല്യാണം തകർത്തുകൊണ്ടാണ് ദിലീപ് അവളെ വീണ്ടും കൂട്ടിക്കൊണ്ടുപോയത്. എന്റെ മകളെ വെറുതെ വിടാമായിരുന്നു. എന്നിട്ടും പ്രലോഭനങ്ങൾ കൊടുത്തു.സ്വത്തുക്കൾ കൊടുക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും ആ പ്രശ്നങ്ങൾ നിലനിൽക്കുന്നു. അതൊക്കെ ഇനി പുറത്ത് വരാനിരിക്കുന്ന തെളിവുകളാണ്. അതുകൊണ്ട് തന്നെ രണ്ടുകൂട്ടരും പരസ്പരം മല്ലടിച്ച് രഹസ്യങ്ങളൊക്കെ പുറത്ത് വിടട്ടെയെന്ന് പറയുകയാണ് പല്ലിശ്ശേരി.

ഫുഡ് ഡെലിവറി ബോയിയെ ചെരുപ്പ് ഊരി അടിച്ച് യുവതി. വ്യാഴാഴ്ച വൈകുന്നേരം ജബൽപൂർ ജില്ലയിലെ റസൽ ചൗക്കിന് സമീപമാണ് സംഭവം നടന്നത്. പെൺകുട്ടി മർദിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതേസമയം, പെൺകുട്ടി ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പെൺകുട്ടി തന്റെ സ്‌കൂട്ടറിൽ ചൗക്കിൽ നിന്ന് കടന്നുപോകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ സമയം, ഡെലിവറി ബോയ് റോംഗ് സൈഡിൽ നിന്നുമെത്തി പെൺകുട്ടിയുടെ സ്‌കൂട്ടിയിൽ ഇടിച്ചു.

ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി നിലത്ത് വീണു, അതിനുശേഷം അവൾ എഴുന്നേറ്റ് ബൈക്ക് യാത്രികനെ ചെരുപ്പുകൊണ്ട് അടിക്കുകയായിരുന്നു. സമീപവാസികൾ പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ ആരെയും കൂട്ടാക്കാതെ അടി തുടരുകയായിരുന്നു.

എന്നാൽ സംഭവം നടക്കുമ്പോൾ പെൺകുട്ടി ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് നാട്ടുകാരുടെ പക്ഷം. വിഷയത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് ഓംതി പോലീസ് സ്റ്റേഷൻ ഇൻ ചാർജ് എസ്പിഎസ് ബാഗേൽ പറഞ്ഞു.

35 വര്‍ഷത്തെ സര്‍വീസിനിടെ 48 വനിതാ രോഗികളെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി സ്‌കോട്‌ലന്‍ഡ് കോടതി. എഴുപത്തിരണ്ടുകാരനായ ഡോ.കൃഷ്ണ സിങ് ആണ് പ്രതി.

ഫെബ്രുവരി 1983 മുതല്‍ മെയ് 2018 വരെയുള്ള കാലയളവിലായിരുന്നു പീഡനം. ജനറല്‍ പ്രാക്ടീഷ്ണര്‍ ആയ ഇയാള്‍ ചികിത്സയ്ക്കിടെ സ്ത്രീകളെ ചുംബിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നുവെന്നാണ് കോടതി കണ്ടത്തിയിരിക്കുന്നത്. ഇത് ചോദ്യം ചെയ്തവരോടെല്ലാം ഇന്ത്യയിലെ മെഡിക്കല്‍ പരിശീലന സമയത്ത് താന്‍ പഠിച്ച ചികിത്സാ രീതികളാണിതെന്നായിരുന്നു ഇയാളുടെ ന്യായീകരണം.

നോര്‍ത്ത് ലാനാര്‍ക്‌ഷെയറിലെ മെഡിക്കല്‍ പ്രാക്ടീസിനിടെയാണ് ഇയാള്‍ക്കെതിരെ ആദ്യമായി ആരോപണമുയര്‍ന്നത്. ജോലി ചെയ്ത വിവിധ ആശുപത്രികളിലും രോഗികളുടെ വീട്ടിലും വെച്ച് വരെ കൃഷ്ണ സിങ് രോഗികളെ ദുരുപയോഗം ചെയ്തിരുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്നത് ഇയാളുടെ ചികിത്സയില്‍ സ്ഥിരമായിരുന്നുവെന്നാണ് പ്രോസിക്യൂട്ടര്‍ ആഞ്ചല കോടതിയെ അറിയിച്ചിരിക്കുന്നത്.

2018ല്‍ ഇയാളുടെ ചികിത്സയ്ക്ക് വിധേയയായ ഒരു സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നാലെ നിരവധി സ്ത്രീകള്‍ പരാതിയുമായെത്തിയതോടെ 54 കേസുകള്‍ കൃഷ്ണയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്കുള്ള ശിക്ഷ അടുത്ത മാസം വിധിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കോടതിയില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടു. മെഡിക്കല്‍ രംഗത്തെ സംഭാവനകള്‍ക്ക് റോയല്‍ മെംബര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ ബഹുമതി ലഭിച്ചയാളാണ് കൃഷ്ണ സിങ്.

RECENT POSTS
Copyright © . All rights reserved